Thursday, 24 January 2013

ഫോര്‍ ദ പീപ്പിള്‍


           ഇരുവശത്തുമായി വളഞ്ഞുനിന്നിരുന്ന മാലാഖാമാരോട് ദൂരെ  മാറി നില്ക്കാന്‍ ആവശ്യപ്പെട്ട് ദൈവം അല്പം അസ്വസ്ഥതയോടെ ഭൂമിയവലോകനം നടത്തുകയായിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തിയത് മലബാര്‍ കുടിയേറ്റം പോലെ ഒരു സംഭവമായിട്ടേ  കാണുന്നുള്ളൂ.അമേരിക്കന്‍സൃഷ്ടിയായ ഹിപ്പിയിസം, അമേരിക്കയുടെ തന്നെ വിയറ്റ്നാമിലെ അതിക്രൂരതകള്‍, ലിബിയന്‍ ഗദ്ദാഫി ഭരണം എന്നിവ മുഖ്യദൂതന്മാര്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതാxxണ്. എന്നാല്‍ മനുഷ്യ,മൃഗ,സസ്യ,ജലാദികളുടെയും ധര്‍മ്മാധര്‍മ്മ,നീതി ശാസ്ത്രങ്ങളുടെയും മര്‍മ്മമറിയാവുന്നതിനാല്‍ എവിടെയും അടിക്കാന്‍ സാധിക്കുന്നില്ല.

          അപ്പോഴാണ് ഭൂമിയില്‍ നിന്ന് ഒരു വിളി വന്നത്. വിളി അറ്റന്‍ഡ് ചെയ്ത മാലാഖ പറന്നു നിന്ന് ദൈവത്തിന്‍റെ ചെവിയില്‍ എന്തോ പറയുകയും ദൈവം തല കുലുക്കുകയും ചെയ്തു. സെക്കന്‍റുകള്‍ക്കകം മുഖ്യദൂതന്‍ മിഖായേല്‍ പാഞ്ഞുവന്നു തടസ്സം പറഞ്ഞു. ഇത്രയും ഘനപ്പെട്ട ഒരു ജന്മം ഒറ്റക്കു താങ്ങാന്‍ താഴത്തുപറമ്പന്‍റെ ഒരു കുടുംബത്തിന് സാധിക്കില്ല. ഭൂമിയിലെ കുരുത്തക്കേടുകളുടെ  അതിപ്രസരം അവലോകനം ചെയ്തു വല്ലായ്മപ്പെട്ടിരുന്ന ദൈവം' ഹോമോസാപ്പിയേ കോണ്‍സ്റ്റാബ്ളിസ് ' എന്ന ഇന്‍സ്റ്റന്‍റ് ഡിക്രിയിലൂടെ ഇപ്രകാരം കല്പിച്ചു. നാലായി ഭാഗിക്കുക. താഴത്തുപറമ്പന്‍റെ നാലു മക്കളുടെ കുടുംബങ്ങളില്‍ മൂന്നു മാസത്തെ ഇടവേളകളില്‍ നാല് ആണ്‍മക്കള്‍ ജനിക്കട്ടെ. അങ്ങനെ ഒന്നും രണ്ടും മൂന്നും ഒക്കെ കൂട്ടിപിടിപ്പിച്ച് സയാമീസ് നിര്‍മ്മിതികള്‍ നടത്തിയിരുന്ന സ്വര്‍ഗ്ഗീയഫാക്ടറിയില്‍ ആദ്യത്തെ വിഭജനപ്രക്രിയ നടന്നു.

            അപ്രകാരം താഴത്തുപറമ്പില്‍ സ്കറിയയുടെ മകനായിജോണിയും, മത്തായിയുടെ മകനായി സാബുവും, കുഞ്ഞേപ്പിന്‍റെ മകനായി ടോമിയും,  മാമ്മീപുത്രനായി ജോസുകുട്ടിയും ജനിച്ചിട്ടുള്ളതാകുന്നു. ഈ ചതുരവീരന്മാര്‍ ഒന്നിച്ച് ഒരിടത്ത് കണ്ടുമുട്ടാതിരിപ്പാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുക.

                കപ്പക്കാല ഒരുക്കി തീയിട്ട് ചുടുമ്പോള്‍ അതില്‍ എടുത്തുചാടി കാലു വെന്ത നായുടെ ഓട്ടപ്പാച്ചിലുകള്‍ സ്വന്തജീവിതത്തില്‍ നോക്കിപകര്‍ത്തിയിട്ടുള്ള ആളാണ് താഴത്തുപറമ്പില്‍ സ്കറിയ. കാലേല്‍ നില്ക്കാന്‍ വയ്യ എന്ന് സ്ഥിരമായി പറയാറുള്ള ടിയാന്‍ മേരിഗിരി ആശുപത്രി വരാന്തയില്‍ കാലും നീട്ടി ഇരുന്നുപോയി. അത്രമാത്രം പെടാപ്പാടുകളും O -ve രക്തം അന്വേഷിച്ചുള്ള പരക്കം പാച്ചിലും കഴിഞ്ഞ് തോറ്റിരുന്നതാണ്.കോണ്സ്റ്റാബ്ളിസ് ഡിക്രിയില്‍ പറഞ്ഞ ഒന്നാമന്‍ ജനിച്ചുകഴിഞ്ഞു. അതിന്‍റെ അമ്മ അപ്പോള്‍ തന്നെ ഓഫാകുന്ന ലക്ഷണമാണ് കാണിക്കുന്നത്.

             രണ്ടു കുംഭക്കപ്പക്കാലങ്ങള്‍ക്കിടയില്‍ നാലു പേരും ജനിച്ചു.കണ്ണിറുക്കിയടച്ച്, കൈകള്‍ ചുരുട്ടിപ്പിടിച്ച്, പഞ്ഞിയോ തുണിയോ കണ്ടാല്‍ അവിടെ മുഖം ചേര്‍ത്ത് പൂണ്ടുറക്കം നടത്തുന്ന മക്കളാണ് താഴത്തുപറമ്പന് മുമ്പ് ഉണ്ടായതെല്ലാം. എന്നാല്‍ ഈ നാല്‍വര്‍ രണ്ട് കണ്ണുകളും തുറന്നുരുട്ടിപ്പിടിച്ച്, ഒരേ സമയം എട്ടു ദിശകളിലേക്കും വട്ടം കറങ്ങി നോക്കുക, ചുമ്മാ ചിരിക്കുക, തുട്ട്,നോട്ട് എന്നിവ കാണുന്ന ദിശയിലേക്ക് ഉരുണ്ട് നീങ്ങുക എന്നീ ലക്ഷണങ്ങള്‍, പൊക്കിള്‍ കരിയുന്നതിനു മുമ്പേ കാണിച്ചുതുടങ്ങിയതിനാല്‍,  വിഭ്രമിച്ചുപോയ അമ്മമാര്‍ കൈകള്‍ കൂട്ടി എന്തൊക്കെയോ പറഞ്ഞൊപ്പിക്കുകയും തത്ഫലമായി അരുവിത്തുറ പള്ളിയില്‍ കോഴിനേര്‍ച്ചയില്‍ വര്‍ദ്ധനവുണ്ടാവുകയും ചെയ്തു.

           പതിനെട്ടന്മാരില്‍നിന്ന് അടിതട പഠിച്ചു എന്നഹങ്കരിച്ചിരുന്ന തന്തമാര്‍ ഈ മക്കളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തലചുറ്റി വീണുപോയിട്ടുണ്ട്. ഏതോ അത്ഭുതം കണ്ടതുപോലെ വായ തുറന്ന മത്തായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായടക്കാന്‍ കൂട്ടാക്കാത്ത വിവരം അറിഞ്ഞ് സഹോദരന്‍ തോമസ് ഒരു വടിയുമായും മറ്റുള്ളവര്‍ അല്ലാതെയും ഓടി എത്തി പല സാഹസപ്രവൃത്തികള്‍ക്കും സാന്ത്വനങ്ങള്‍ക്കും ശേഷം വായ് ചേര്‍ത്തടച്ചതും നിങ്ങള്‍ക്കറിവുള്ളതാണ്.

           സ്കൂളില്‍ ചേര്‍ക്കാന്‍ മക്കളുടെ കൈ പിടിച്ച് വരുന്ന അപ്പന്മാരുടെ ഇടയിലൂടെ,  ഒരപ്പനെ കൈയില്‍പിടിച്ച് സ്കൂളില്‍ ചേരാന്‍ വന്ന കുട്ടിയെ കണ്ട്, കോട്ടയം ജില്ലയിലെ നാലു സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ എഴുന്നേറ്റു നിന്നതായും പിന്നീട് സ്കൂള്‍പഠനം പൂര്‍ത്തിയാക്കി ഇവര്‍ പുറത്താകുന്നതുവരെ ടി അ ദ്ധ്യാപകര്‍ ഇരുന്നിട്ടേ ഇല്ലെന്നും ജില്ലാ സ്കൂള്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

          ഇവര്‍ കോളേജില്‍ പഠിച്ചുതുടങ്ങിയതോടെ അപ്പന്മാരും കോളേജില്‍ പഠിച്ചുതുടങ്ങി.
നിസ്സഹായരായ ഈ പിതൃരൂപങ്ങളെ പ്രിന്‍സിപ്പല്‍മുറി, ഓഫീസ്, കാന്‍റീന്‍, കോളജിന് പുറത്തെ കൊച്ചേട്ടന്‍കട എന്നിവിടങ്ങളില്‍ നോട്ടുകെട്ടുളുമായി വിവിധ പോസുകളില്‍ ലോകം ദര്‍ശിച്ചിട്ടുണ്ട്. താലി ഒഴികെയുള്ള ഭാഗങ്ങള്‍ പണയം വച്ച പണവുമായി കോളജില്‍ ചെന്ന് ജോണി ടി.എസ് എന്ന പേര് പറഞ്ഞ ഉടനെ ഓഫീസ് സ്റ്റാഫ് മുഴുവന്‍ ബഹുമാനത്തോടെ എഴുന്നേറ്റ് സ്കറിയയെ ആദരിച്ചിട്ടുണ്ട്. പ്യൂണ്‍ കുഞ്ഞാപ്പന്‍ചേട്ടന്‍റെ ഉത്സാഹത്തില്‍ ലാബ്, കാന്‍റീന്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ ഓടിക്കൂടുകയും എല്ലാവര്‍ക്കും പണം നല്‍കി തൃപ്തരാക്കി തിരിച്ച് നിര്‍വൃതിയോടെ വീടണയുകയും ചെയ്തിട്ടുണ്ടേ.

          മുന്‍പോട്ടോ വശങ്ങളിലേക്കോ ഉള്ള ചെരിവ്, ദൈവഭയം, ആശയടക്കം, ഗൌരവം, ലാളിത്യം,  റേഷന്‍തോതില്‍ പുഞ്ചിരി എന്നിവയാണ് താഴത്തുപറമ്പന്മാരെ ഏത് പെരുനാള്‍ തിക്കിലും കണ്ടുപിടിക്കാനുള്ള  ദൈവാനുഗ്രഹങ്ങള്‍. ഇതിന് ഓരോന്നിനും വിപരീതമായ പുണ്യങ്ങളോടെയാണ് ഫോര്‍ ദ പീപ്പിള്‍ പിച്ച വച്ചത്. വാ നിറയെ ചിരി, കണ്‍നിറയെ ഒരു ഗൂഢവെളിച്ചം, കണ്ട മാത്രയില്‍ സ്നേഹം, വാക്ചാതുരി, ഭാവിയിലേക്ക് അറുനൂറിലധികം നൂതനപദ്ധതികള്‍ അങ്ങനെ...അങ്ങനെ...

         സംക്രമം എന്നാല്‍ ഒരു കാലത്തില്‍നിന്നും അടുത്തതിലേക്കുള്ള ചുവട് മാറ്റമാണ്. സൂര്യന്‍
ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് കടക്കുമ്പോഴാണ് സംക്രാന്തി സംഭവിക്കുന്നത്.
വായനാരസത്തിനായി ഈ സംക്രാന്തിയെ അല്പം വീര്‍പ്പിച്ചവതരിപ്പിച്ചെങ്കിലും, എല്ലാ   കുടുംബത്തിലും ഗുണപരമായ മാറ്റം കുറിച്ചുകൊണ്ട് പുതുതലമുറയില്‍ ഉശിരന്‍ extroverts
(പുറത്തോട്ട് കണ്ണന്മാര്‍) ഉണ്ടായി. ലജ്ജ, പുജ്ഞം,ജലദോഷം എന്നീ ലക്ഷണങ്ങളുള്ള അകത്തോട്ട് കണ്ണന്മാരില്‍ നിന്ന് വ്യത്യസ്തരായി പെടപെടപ്പും ചുറുചുറുക്കും ബഹളങ്ങളുമായി പിറന്ന പിന്‍തലമുറക്കാരിലെ അദ്യ നാലാളുകളായി ജാതരായ ഫോര്‍ ദ പീപ്പിളിന് a green salute. ലണ്ടനിലും, ഹൈദരാബാദിലും, ഡല്‍ഹിയിലും മുംബൈയിലുമായി സര്‍വ്വാണിവിദഗ്ധരായി കുടുംബജീവിതം നയിക്കുന്ന  ടി ശ്രേഷ്ഠന്മാര്‍ക്ക് ആദരങ്ങള്‍.


    xxxxxxxxxxxxxxxxFOUR THE PEOPLEXXXXXXXXXXFOUR THE PEOPLEXXXXXXXXXXXFOUR THE PEOPLEXXXXX
2Like · · · Promote ·

No comments:

Post a Comment