Western Ghats എന്ന സഹ്യപര്‍വത നിരകളുടെ മടിയില്‍ തിടനാട്ടു ജനിച്ചു.
പിച്ച വയ്ക്കാന്‍ പഠിച്ചുകഴിഞ്ഞപ്പോള്‍ അമ്മച്ചി കാണാതെ കൊന്നക്കമലയ്ക്ക് കയറിപ്പോയി.സമീപമലകളും വിട്ടില്ല.പിന്നീട് പിതാവായ പാപ്പന്‍ പെരിങ്ങുളത്ത് ന്യായമായ ഒരു മലയില്‍ അഴിച്ചുവിട്ടെങ്കിലും നിന്നില്ല.
കിഴക്കന്‍ കുരിശുമലയുടെ അടിഭാഗത്തു നിന്ന് മുകളിലേക്ക് കയറി എല്ലാ സ്ഥലവും കപ്പയിട്ടു.മണ്ണ് അവസാനിച്ച് പാറ ആരംഭിക്കുന്ന നാടുനോക്കന്‍ വെള്ളമുണ്ട മലയില്‍ ചേട്ടായിമാരോടൊപ്പം കല്ലു പൊടിച്ച് മണ്ണുണ്ടാക്കാനുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടു.
ഇടയ്ക്കെങ്ങോ കുരിശുമല കയറി മുന്‍പേ പോയ കുട്ടിചേട്ടായി, ചാക്കോചേട്ടായി എന്നിവരെ അന്വേഷിക്കാനെന്ന മട്ടില്‍ നല്ലപച്ചയായ കാടിന്‍റെ മണം പിടിച്ചും, കുനിഞ്ഞ് അല്പം മണ്ണ് എടുത്ത് നോക്കി മണ്‍മഹത്വം പറഞ്ഞും, വാഗമണ്ണിനും ഉപ്പുതറക്കുമിടയില്‍ കോതപാറയിലെത്തി.കൃഷി ചെയ്തു.
ഇടക്കിടെയുണ്ടായ മക്കളെയോര്‍ത്തു തിരികെ വന്നു. കണ്ടാലും കണ്ടാലും കൊതി തീരാത്ത വണ്ണം നല്ല മെലിഞ്ഞുനീണ്ട കുടുംബടച്ചുള്ള പിള്ളേര്‍.. ........
അങ്ങനെ വീട്ടില്‍തന്നെ നില്ക്കുന്പോഴാണ് ഒരു ടീഫാക്ടറി ഉദ്യമം ഉപേക്ഷിച്ച് മത്തായിചേട്ടായി കോതമംഗലത്തിന് കിഴക്ക്‍ പെരിയാറില്‍നിന്നും അല്‍പം ഉള്ളില്‍ നീണ്ടപാറ എന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ പോയത്.
പിറ്റേന്ന് തന്നെ സഹ്യപുത്രന്‍ അവിടെയെത്തി.നല്ലപഷ്ട് സ്ഥലം വെട്ടി തീയിട്ട്, മാന്തികിളച്ച്, ഒരുക്കി, നെല്ല്,കപ്പ,കുറുംപുല്ല്,ചേന,ചേമ്പ്,മുളക് എന്നുവേണ്ട സര്‍വ്വ ദേഹണ്ടങ്ങളും ഉണ്ടാക്കി തൃപ്തനായി.എന്നാലിനി രാവിലെ രാവിലെ പള്ളിയില്‍ പോകാം,ബാക്കി സമയം തറവാട്ടുപറമ്പില്‍ കൃഷി ചെയ്യാം എന്നു കരുതി തിരികെ വീട്ടില്‍വന്നു കുടുംബസ്ഥനായി.
അപ്പോഴാണ് നാത്തനാല്‍പാലം ഗുണം നാത്തനാല്‍പാലം സമം കാട്ടറാത്തുപാലം എന്ന ഫോര്‍മുല പോലെ, ഇടമല ഗുണം ഇടക്കരമല സമം ചെപ്പുകുളംമല, എന്നൊരു കണക്ക്, ആദിയില്‍ ഈ കുടുംബത്തിന്‍റെ വേരിലെവിടെയോ ദൈവം ഒളിപ്പിച്ചിരുന്ന ജീന്‍സവിശേഷത കൊണ്ട് കണ്ടുപിടിച്ച് അടിവരയിട്ട്,കമ്പികള്‍,തൂമ്പകള്‍,കോടാലിവാക്കത്തികള്‍,കലം,അടച്ചോറ്റി,കാന്താരിമുളക്,വിത്തുകള്‍, തിരുക്കടുംബചിത്രം എന്നിത്യാദികളേടെ ഏറെ ഏറെ ഉന്മേഷത്തോടെ ആ മല കയറിപ്പോയത്. ..
പൂഹോയ്... എന്നു വിളിച്ചാല്‍ കേള്‍ക്കാന്‍ വയ്യാത്തത്ര വിസ്തൃതിയില്‍ മണ്ണും കല്ലും വാങ്ങി. ആ നാട്ടിലുള്ള എല്ലാ കൃഷിക്കാരെയും വിസ്മയിപ്പിച്ചുകൊണ്ട് മുളക്,റബ്ബര്‍ കാപ്പി എന്നിവയുടെ ഉംകന്‍ കൃഷി നടത്തി പൂഞ്ഞാര്‍ചേട്ടന്‍ എന്നു പേരെടുത്തു. മലകളില്‍ നിന്ന് മലകളിലേക്കുള്ള യാത്രകളില്‍ അറിയാതെ സ്പര്‍ശിച്ചിട്ടുള്ള ഒരു നഗരത്തിന്‍റെയും വക്രത ഉള്ളിലേല്ക്കാതെ ഒരു ദിവസം ..പൂഹോയ്..വിളിച്ചാല്‍ കേള്‍ക്കാത്ത ദൂരേക്കും പോയി.
മക്കളോ ദൈവകൃപയാല്‍ സഹ്യനും കടന്ന് വിന്ധ്യഹിമാലയങ്ങളും കടന്ന് നാഗന്‍കാടുകളും താണ്ടി സിലോണ്‍ , അഫ്ഗാന്‍,മലേഷ്യന്‍ കുന്നുകളില്‍ ..പൂഹോയ്..
.
കുറിപ്പ്
(നാത്തനാല്‍ പാലം X നാത്തനാല്‍ പാലം = കാട്ടറാത്ത്പാലം. ഇത് പൂഞ്ഞാറ്റില്‍ സ്ഥിരമായി കാണാറുണ്ടായിരുന്ന ആശാന്‍ എന്ന ഭ്രാന്തന്‍റെ ഒരു കണക്കാണ്. പണ്ട് കുട്ടികളെ പഠിപ്പിച്ചിരുന്നു. ബുദ്ധികൂടി പിന്നീട് നൊസ്സായപ്പോള്‍ ഇമ്മാതിരി കണക്കുകള്‍ പഠിപ്പിച്ചുതുടങ്ങി. പാലങ്ങള്‍ രണ്ടും ഇപ്പോഴും പൂഞ്ഞാറ്റില്‍ ഉണ്ട്. ആശാനോ ഇപ്പോള്‍ ഇല്ല.)
ഇയാള്‍ സ്കറിയ. സഹ്യന്‍റെ മകന്‍ , എന്‍റെ അപ്പന്‍ , മലകളെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചു.
good one....
ReplyDelete