എന്‍പിതാമഹന്‍ കാറ്റുകൊണ്ട മണ്ണിലേക്ക് ഒരു കാറ്റിനൊപ്പം ഞങ്ങള്‍ കടന്നുകയറി. ആശ്രമം ഉടമസ്ഥര്‍ കെട്ടിയുയര്‍ത്തിയ എലുകക്കയ്യാല കവച്ച് കടന്നു. ആരാ ചോദിക്കാന്‍ , ഇതെന്‍റെ അപ്പന്‍റെ അപ്പന്‍റെ സഹോദരന്‍റെ സ്ഥലം . വഴിപോക്കര്‍ക്ക് എല്ലാം ഭക്ഷണവും മോരുംവെള്ളവും നല്‍കിയോന്‍റെ മണ്ണ്. അനേകം പശുക്കള്‍ക്ക് ആല പണിതവന്‍റെ ആലയം. അടി മൂവായിരത്തിനും മേലെ, ഭൂമിയുടെ ആരും കണ്ടിട്ടില്ലാത്ത കന്യാമേഖലകളിലിരുന്നും, കിടന്നും, ആരും കണ്ടിട്ടില്ലാത്ത പുലരിക്കാഴ്ചകളും ആരും കണ്ടിട്ടില്ലാത്ത രക്തസന്ധ്യകളും കണ്ട പാതിമൌനിയായ എളിയവന്‍റെ മണ്ണ്. എല്ലാ പ്രഭാതത്തിലും പ്രകൃതിയുടെ അതിവിശുദ്ധമായ കുര്‍ബാനക്കു കൂടിയവന്‍. കിഴക്കിന്‍റെ കൂദാശമേശക്കു മേല്‍ വലിയൊരു അപ്പം ഉയര്‍ന്നു വരുന്നു. മേശക്കുതാഴെ പന്തീരായിരം മലമടക്കുകളില്‍നിന്ന് കോടമഞ്ഞിന്‍ പുതപ്പഴിച്ച് കുന്തിരിക്കപ്പുക ഉയര്‍ന്നുയര്‍ന്ന്....., കിഴക്കന്‍, വടക്കന്‍, പടിഞ്ഞാറന്‍, തെക്കന്‍ കാറ്റുകള്‍ നാടുനോക്കന്‍മലയില്‍ ഒന്നിച്ച് സമ്മേളിക്കുന്പോള്‍ കാറ്റാടിമരങ്ങളും കോതപ്പുല്‍തലപ്പുകളും തലകുനിച്ച് ജഗത്പൊരുളിന് സ്വസ്തി ചൊല്ലി നിന്നു.. വെള്ളതലപ്പാവിട്ട കാറ്റാടികന്യാസ്ത്രികള്‍ നിരന്ന് നിന്ന് ഒരായിരം ആമേന്‍ മൂളുന്നു. വരുംനാളെകളിലും മൂളാനായി ചില്ലകളില്‍ ആമേന്‍ കരുതിവയ്ക്കുന്നു. കൂദാശമേശക്കുതാഴെ പരന്നുപരന്നേ കിടക്കുന്ന പച്ചപ്പുല്‍മൊട്ടക്കുന്നുകളിലൊന്നിന്‍റെ ചെരിവില്‍ ഒന്നാം പശു എഴുന്നേറ്റ് പുല്ലെടുത്തു. പിന്നെ അവ കൂട്ടംകൂട്ടമായി എഴുന്നേറ്റ്, പുല്‍മേടുകളില്‍ നിഴലും വെളിച്ചവും ചെലുത്തികളിക്കുന്ന പെരിയോര്‍ കലാകാരന്‍റെ ബ്ളാക്ക് ആന്‍റ് വൈറ്റ് ഭംഗികളാകുന്നു. ആമേന്‍ ഇന്നും എന്നേക്കും...
നിങ്ങളുടെ വീട്ടിലെ നാടന്‍ മീന്‍കറി പോലെ രുചികരം . ധൈര്യമായി കഴിച്ചു നോക്കുക.
ReplyDeleteനന്ദി അജ്ഞാതസുഹൃത്തേ....
ReplyDelete