വെറുതെ വെളുപ്പു ചുറ്റി , കൂര്‍ത്ത പല്ലും നീണ്ട നഖവും ഒതുക്കി ,
തറവാട്ടുപാലയില്‍നിന്ന് നാലു പൂക്കള്‍ പറിച്ച് മുടിയില്‍ തിരുകി,
അലസഗമനത്തിനിറങ്ങവേ മനസ്സില്‍ ആരോ തടഞ്ഞു ,വേണ്ട !
ഇലനിഴലുകള്‍ക്കും നറുനിലാവിനുമിടയില്‍ പരന്നൊഴുകുന്ന
പുഴയുടെ രാത്രിശാന്തതയ്ക്കു മേല്‍ ,
മോങ്ങിമയങ്ങിപ്പോയ തെരുവുനായ്ക്കളുടെ നിഷ്കളങ്കരൂപങ്ങള്‍ക്കും ,
നിലാപെരുമയുടെ തങ്കക്കാഴ്ചകള്‍ക്കും ഇടയിലൂടെ
നീന്തി രസിക്കവേ...താഴെ , ഇരുനിലമാളികയില്‍
പൊള്ളുന്ന കിടക്കയില്‍ തനിയെ കിടക്കുന്ന പനിക്കുരുന്നിനെ കണ്ട് താഴ്ന്ന്
അടഞ്ഞ ജനാലയിലൂടെ കൈ കടത്തി നിറുകയില്‍ തലോടി തണുപ്പിച്ച്
കുഞ്ഞുവിരലുകള്‍ക്കിടയില്‍ ഒരു തറവാട്ടുപൂവ് തിരുകി വച്ച്
അടുത്തമുറിയില്‍ ഭര്‍ത്തൃനെഞ്ചില്‍ മോദമുറങ്ങുന്ന
യുവമാതാവിന്‍റെ സ്വപ്നങ്ങളില്‍ വിഹ്വലതകള്‍ നിറച്ച് ,
പേക്കിനാവിന്‍റെ നഖം കൊണ്ടു വരഞ്ഞ് മടങ്ങവേ
ഓലപ്പെരുമയില്‍ തലയെടുത്തുനിന്ന ചെന്തെങ്ങിന്‍ മുകളില്‍ ഒരിളയിരുപ്പ് .
ചെമചെമന്ന കരിക്കുകുട്ടന്മാരുടെ ഉദരത്തില്‍ ചെവി ചേര്‍ത്ത്
ഉള്ളില്‍ ഡിം...ഡിം...ഡിം...മധുരം വീണു നിറയുന്നതറിഞ്ഞ് ,
നോക്കിയും നിന്നും നേരം പോയത് വൈകിയറിഞ്ഞപ്പോള്‍ , അയ്യോ...
ഗുരുക്കള്‍ ഒഴിവു പറഞ്ഞ പള്ളിക്കുരിശും നിഴല്‍ദൂരവും ഒഴിഞ്ഞ്
മാടന്‍തറ , അമ്പലത്തറ ചാത്തന്‍തറ ഒഴിഞ്ഞ്
പാര്‍ട്ടിയാപ്പീസ് പഞ്ചായത്താഫിസ് എന്നീ മഹാമാരണങ്ങള്‍ ഒഴിഞ്ഞ്
പനനീരിന്‍റെ പുകിലുകള്‍ക്കു ശേഷം വൈകി ഉറങ്ങിയ കുടിലോരങ്ങളിലൂടെ
ഒരു നിലവിളിയുടെ വേഗത്തില്‍ പാഞ്ഞു...പാഞ്ഞു വന്നപ്പോള്‍
പാലപ്പൂ പോലെ വിളര്‍ത്ത്, മീനസന്ധ്യ പോലെ വിയര്‍ത്ത് , നിന്നപ്പോള്‍
പുലര്‍ന്നില്ല . പുലരാറായിരുന്നു .
വെളുത്ത സാരി അഴിച്ചുവച്ച് കേറിക്കിടക്കാന്‍ ഈശ്വ..അല്ല അയ്യോ..
എന്‍റെ പാലയെവിടെ !!......
അതാരാണ് വെട്ടിയത് ?
ദൂരെ...മല കയറുന്ന ഭാരവണ്ടിയുടെ ഇരമ്പും പരിഹാസം .
പിറകേ ഒരു വിലാപത്തേരില്‍ പിന്തുടര്‍ന്ന് പോകവേ..
കൊടും വളവിനപ്പുറം പെട്ടെന്നങ്ങു തെളിഞ്ഞുവന്ന ചുവന്ന സൂര്യന്‍റെ
മനസ്സറിയാത്ത രശ്മിയേറ്റ് പൊലിഞ്ഞ്..പൊലിഞ്ഞ്......
താഴേ മൂന്നേ മൂന്ന് തറവാട്ട് പൂക്കള്‍....
നിറം നിര്‍മ്മലവെള്ള .
(പാലപ്പൂ പോലെ നിര്‍മ്മലയായ എന്‍റെ യക്ഷിക്ക് സമര്‍പണം , ഈ വാക്കുകള്‍ )
No comments:
Post a Comment