Saturday, 23 February 2013

അയാള്‍ തന്നെ ഇയാള്‍


     കുട്ടിപ്പേരപ്പന്‍ വന്നു . വലിയതോവാളയില്‍നിന്ന് അമ്മച്ചിക്കുള്ള രണ്ട് കാഴ്ചക്കുലകളും തോളില്‍ ചുമന്ന് എഴുകുംമൈല്‍ വരെ നടന്നുവന്നു . പിന്നെ പള്ളിയില്‍ കയറി കണ്ണടച്ച് കൈ കൂപ്പി പ്രാര്‍ത്ഥിച്ച് തൃപ്തിയായപ്പോള്‍ കണ്ണു തുറന്ന് ,കണ്ണ് തുടച്ച് ,പൌര്‍ണ്ണമി ബസ്സില്‍ കയറി ഏലപ്പാറയിലിറങ്ങി . PTMS - ല്‍ വാഗമണ്ണിലിറങ്ങി , ആ മഹത്തായ മല നടന്നു കീഴടക്കി, മലമേല്‍ മലയിറങ്ങി, ഇടക്കര വഴി കുട്ടിപ്പേരപ്പന്‍ വന്നു. വഴിയിലെല്ലാം വളരെ ഉറക്കെ കുശലങ്ങള്‍ ഘോഷിച്ചും... ഓഹ്ഹ്ഹ്... എന്ന സ്വരം പുറപ്പെടുവിക്കുന്ന ചിരിചിരിച്ച്... ഊം.. എന്ന ബ്രേക്കിലവസാനിപ്പിച്ച് ,എല്ലാ വഴിപോക്കരെയും സ്നേഹിച്ച് രസിപ്പിച്ച് അന്നും കുട്ടിപ്പേരപ്പന്‍ വന്നു. അതോടൊപ്പം എന്‍റെ മനസ്സില്‍ ഒരു തത്വശാസ്ത്രവും വിരിഞ്ഞു. ഭൂമിയിലുള്ള വസ്തുക്കളെ രണ്ടായി തിരിക്കാം. കരിങ്കല്ല് ,കട്ടിയിരുമ്പ് , കുപ്പിച്ചില്ല് , ജ്യോമട്രി , പൂഞ്ഞാറ്റിലെ ഹെഡ്മാസ്റ്റര്‍ എന്നിങ്ങനെയുള്ള കഠോരന്മാര്‍ ഒരു വിഭാഗം. പഞ്ഞി, പക്ഷിക്കുഞ്ഞ്, വെള്ളയപ്പം , ചുണ്ടില്ലാന്‍പഴം, അവധിക്കാലം, കുട്ടിപ്പേരപ്പന്‍ തുടങ്ങിയ രസികന്മാരുടെ രണ്ടാം വിഭാഗവും .

      വരുന്നത് കാണാന്‍ മാത്രമാണ്. അമ്മച്ചിയെ. വിശ്വാസികള്‍ക്കുള്ള ചെറിയ കുര്‍ബാനപ്പുസ്തകം തുറന്ന് വിശ്രമമില്ലാതെ കുര്‍ബാന ചൊല്ലിചൊല്ലിയിരിക്കുന്ന അമ്മച്ചിയെ മുറിക്കകത്ത് ചെന്ന് കാണും. സ്വരം താഴ്ത്തിയാണ് സംസാരമെല്ലാം. എനിക്കറിയാം, എഴുകുംമൈല്‍പള്ളിയില്‍ പറഞ്ഞതിന്‍റെ ബാക്കി സങ്കടങ്ങളാണ്. പിന്നെ എന്നെയാണ് പേരപ്പന്‍ കാണുന്നത്. വന്നയാളുടെ ഫ്രീക്വന്‍സി നന്നായറിയാവുന്ന ഞാന്‍ കൈയില്‍ പിടിച്ച് മുറ്റത്തിന് താഴെ കാപ്പിത്തോട്ടത്തിലെ ഇലകള്‍ക്കിടയില്‍ വളരെ വിദഗ്ധമായി ഒളിച്ചിരിക്കുന്ന ചുണ്ടങ്ങാപക്ഷിക്കൂട്, ചാച്ചന്‍ എലികത്രികയില്‍ ഓലേഞ്ഞാലിയെ പിടിച്ച സ്ഥലം, അതിന്‍റെ ഭാര്യ മുറ്റത്തിനു താഴെയുള്ള കടപ്ളാവില്‍ വന്നിരുന്ന് കരഞ്ഞതിന്‍റെ കഥ, തേങ്ങയിടാന്‍ വന്ന ദേവസ്യാമൂപ്പന്‍ അവസാനത്തെ തെങ്ങില്‍നിന്ന് എനിക്ക് കരിക്കിട്ട് തന്നത്, അതിന് ചാച്ചന്‍ ദേഷ്യപ്പെട്ടത്, മറുപടിയായി ഇടതുതോളിന് മുകളിലൂടെ ഒരു കണ്ണടച്ച് ദേവസ്യാമൂപ്പന്‍ എനിക്ക് തന്ന രഹസ്യചിരി. ഒക്കെ കേട്ടിരിക്കുന്നതിനിടയില്‍ പേരപ്പന്‍ കുനിഞ്ഞ് ഒരു കല്ലിനടിയില്‍ നോക്കുന്നു. എടാ..ഈ കല്ലിനടിയില്‍ അന്ന് ഒരു പാറപ്പല്ലിയുണ്ടായിരുന്നു. അന്ന് എന്ന് പറഞ്ഞാല്‍ ഇരുപത്തഞ്ച് കൊല്ലം മുന്‍പാണ്. അതിന്‍റെ മക്കളുടെ മക്കളുടെ പല തലമുറ കഴിഞ്ഞുള്ള മകള്‍ ആ കല്ലിനടിയില്‍ തന്നെയുണ്ടെന്നും കഴിഞ്ഞാഴ്ച പല്ലിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞ് മുട്ടക്കഷ്ണങ്ങള്‍ കല്ലിന്‍ചുവട്ടില്‍ കണ്ടതും ഞാന്‍ പറഞ്ഞു. തെളിവിനായി വലതുകൈചൂണ്ടുവിരലിന് കരിയില കിള്ളിമാറ്റി ഒരു മുട്ടത്തോടും കാണിച്ചുകൊടുത്തു. പേരപ്പന് ഒരു ഇഷ്ടം വന്നു എന്നോട്. എടുത്ത് തോളില്‍ വച്ചു. നമുക്ക് തോട്ടത്തില്‍ പോകാം എന്ന് എന്‍റെ അതിമോദത്തിന് ഇങ്ങോട്ട് പറഞ്ഞു. തറവാട്ടുപറമ്പില്‍ നിന്ന് രണ്ടു പറമ്പ് അകലെയുള്ള താഴത്തുപറമ്പില്‍ സ്ഥലമാണ് തോട്ടം. പാറയും വരക്കെട്ടും മണ്ണും വലിയ കല്ലുകളും. കല്ലുകളുടെ കണക്കെടുപ്പ് സാദ്ധ്യമല്ല. അത്രക്കുണ്ട് . എല്ലാ കല്ലുകള്‍ക്കടിയിലും പൊത്തുണ്ട്. പാറകളും അതിനടിയില്‍ ഗുഹകളും മഹാരഹസ്യങ്ങളുമുണ്ട്. ഞാന്‍ കണ്ടിട്ടില്ലാത്ത തരം എലികള്‍, കീരി, കൂരന്‍, മലയണ്ണാന്‍ , മരപ്പട്ടി, രണ്ടുമൂന്ന് തുലാം ഭാരമുള്ള പാമ്പുകള്‍ , ഏറ്റവും മുകളിലെ വരക്കെട്ടിനോട് ചേര്‍ന്ന ഉള്‍ക്കാട്ടിനുള്ളില്‍ വേറൊരു സാധനവും ഉണ്ട്. അത് പേരപ്പനോട് പറയണ്ട. രാത്രിയില്‍ വെളുത്ത സാരി ചുറ്റി ചാട്ടക്കല്ലില്‍ കുളിക്കാന്‍ പോകും ആ സാധനം. പകല്‍ നനഞ്ഞ സാരി മരങ്ങളുടെ മുകളില്‍ ഉണങ്ങാനിട്ട് , മറുസാരി ഇല്ലാത്തതിനാല്‍ പകല്‍ മുഴുവന്‍ ആ കാട്ടില്‍ നാണിച്ച് ഒളിച്ചിരിക്കുന്ന ഒരു സാധനം. പിന്നെ മൂന്ന് വരിക്കപ്ളാവുകളുണ്ട്. ഒരെണ്ണത്തിന്‍റെ പഴത്തിന് തീചുവപ്പാണ് നിറം.

              തോട്ടത്തിന്‍റെ ചുവട്ടില്‍ വരെ ചെന്ന കുട്ടിപേരപ്പന്‍ അവിടെത്തന്നെ നിന്ന് ആ പറമ്പ് മുഴുവന്‍ മനസ്സു കൊണ്ട് അളന്നു.
കാലുകള്‍ പിറകോട്ട് നടന്നതിനാല്‍ മുന്‍പോട്ട് പോകാനാവാതെ , തോട്ടത്തില്‍ കയറാനാകാതെ പേരപ്പന്‍ തിരികെ നടന്നു. മനസ്സൊരു വഴി, കാല് വേറൊരു വഴി എന്നത് എന്‍റെ ജീവിതത്തിലും ഇങ്ങനെ തന്നെയാണ് പേരപ്പാ. കുറെയേറെ വിസ്മയങ്ങള്‍ കൂടെ കാണിക്കാനുണ്ടായിരുന്നെങ്കിലും അതിന് അവസരം കിട്ടാത്തതിനാല്‍ ഞാനും കൂടെ തിരികെ പോന്നു. പോരും വഴി എന്നെ വീണ്ടും തോളിലെടുത്തു. മാവ്,കമുക്,റബ്ബര്‍ എന്നീ മരങ്ങളില്‍ ഡിമ്മന്ന് കയറിയിറങ്ങുന്ന എന്നെ എന്തിനാണ് തോളിലെടുത്തത് എന്ന് എനിക്ക് മനസ്സിലായില്ല.കുരിശുമലയുടെ അപ്പുറെയുള്ള രാജ്യങ്ങളില്‍ നോവറുതിക്ക് ഇടങ്ങളുണ്ടെന്ന് സ്വപ്നങ്ങളിലൂടെ അറിഞ്ഞ് ,ഇടമലയില്‍നിന്ന് കുരിശുമലയിലേക്ക് വീശുന്ന കാറ്റിനൊപ്പം പോയ മനസ്സിന് പിറകേ ഒരിക്കല്‍ എന്നെപ്പോലെ നീയും പോകും എന്ന് പുറപ്പാട് ദിനാശംസകള്‍ പറയാനാണ് തോളിലെടുത്തത് എന്ന് വളരെ കാലങ്ങള്‍ക്കു ശേഷമാണ് മനസ്സിലായത് പേരപ്പാ...


            അന്ന് താങ്കള്‍ കണ്ട പാറപ്പല്ലികളെ എന്നേ ഞാനും കണ്ടുകഴിഞ്ഞു. നോവറുതിക്കുള്ള ഇടങ്ങള്‍ തേടിയുള്ള നോവുന്ന യാത്രകളോടൊപ്പം ജന്മത്തിന്‍റെ പാതിമിച്ചവും കഴിഞ്ഞു പോയി . ഇതിനിടയില്‍ ഒരു സൂത്രം ഞാന്‍ കണ്ടുപിടിച്ചു.  അയാള്‍ തന്നെ ഇയാള്‍..എന്ന ഞാന്‍..



                         xxxxxxxxxoooooxxxxxxxxoooooxxxxxxxxxx















Like · · · Promote ·

3 comments:

  1. കാലത്തിനു പിന്നില്‍ നടക്കുമ്പോള്‍ ... മുന്നിലെ താവളങ്ങള്‍ക്ക് മറയുണ്ട്‌... ഓരോ താവളങ്ങളില്‍ എത്തി തിരിഞ്ഞു നോക്കുമ്പോഴോ പിന്നിട്ട വഴികള്‍ക്ക് കണ്ണെത്താത്ത ദൂരവും.....

    ReplyDelete
  2. വരവിന്, വായനക്ക്, വാക്കിന്, സ്നേഹത്തിന് ഇഷ്ടം

    ReplyDelete
  3. ഹൃദ്യമായ എഴുത്ത്. സ്മരണകല്‍ കുത്തിയൊഴുകുകയാണ്..

    ReplyDelete