Friday, 1 March 2013

അമ്മച്ചിപ്ളാവുകള്‍


            നിന്‍റെ പിതാവായ ഉണ്ണൂണ്ണി മത്തായിയുടെ ദൈവമാണ്  ഞാന്‍.
...................!!..............! .എന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന എന്‍റെ ദാസനാകയാല്‍ അവനെ ഞാന്‍ ധാരാളമായി അനുഗ്രഹിച്ചു. മക്കളെയും മലകളെയും ആടുമാടുകളെയും നല്‍കി. അവന്‍റെ കിണറുകളില്‍ വറ്റാത്ത വെള്ളവും  അവന്‍റെ വൃക്ഷങ്ങളില്‍ നിറയെ ഫലങ്ങളും നല്‍കി. അവന്‍റെ മക്കളെയും ഞാന്‍ അനുഗ്രഹിക്കും. അവരുടെ വൃക്ഷങ്ങളെയും ആടുമാടുകളെയും ഞാന്‍ ഫലം കൊണ്ടു മൂടും.

          ഇപ്രകാരം നിറയെ ഫലം ചൂടിനില്ക്കാന്‍ അനുഗ്രഹിക്കപ്പെട്ട ഒരു വൃക്ഷത്തിന്‍റെ ചുവട്ടിലേയ്ക്ക് തോളില്‍ ചുരുളുകളായി മടക്കിയ ചക്കകയറും എളിയില്‍ പിച്ചാത്തിയുമായി ഞാന് നടന്നടുത്തു. സന്തതി പരമ്പരകളിലേക്ക് നീട്ടിയെറിഞ്ഞ ആ അനുഗ്രഹത്തിന്‍റെ അകമേ പെട്ടവനാണ് ഞാനും.

          മധുരം കൊണ്ടും വശ്യഗന്ധം കൊണ്ടും മാലോകരെയും, മൃഗം, പകല്‍പക്ഷികള്‍ , രാപ്പുള്ളുകള്‍ , കടവാതിലുകള്‍ ,നീറ് , ചോണനുറുമ്പ് ആദിയായവരെയും വശീകരിച്ച് വീഴിക്കുന്ന കടവുകര വരിക്കപ്ളാവിന്‍റെ ചുവട്ടിലാണ് ഞാന്‍ നില്ക്കുന്നത്. രാജരാജചോളന്‍ , ഗംഗൈക്കൊണ്ടചോളന്‍ തുടങ്ങിയ അധിരാജപദവിക്കാരെപ്പോലെയാണ് വരിക്കപ്ളാവും. തൊട്ടിടത്തുവശത്ത്  വേരുറപ്പിച്ചിരിക്കുന്ന കോണേപ്ളാവ്, 30 അടി മാറി  മനുഷ്യരെന്നാ ഓര്‍ക്കും എന്നു കരുതി കൊച്ചു കൊച്ച് ഉണ്ടചക്കകള്‍ മാത്രം വിരിയിക്കുന്ന മുണ്ടപ്ളാവ്, വലതുവശത്ത് കടിച്ചോളൂ.. മുറിയില്ല എന്ന മട്ടില്‍ ബലവത്തായ ചുളകളുള്ള വിറകന്‍ പ്ളാവ്. ഈ നാല് പ്ളാപ്പുള്ളികള്‍ക്കുതാഴെ തറവാട്ടുമുറ്റത്തിനടിയില്‍ മിറ്റത്തടിപ്ളാവ്, ... ശ്ശോ എന്‍റെ കുരു കണ്ടോന്നേ .. എനിക്കു തന്നെ നാണമാകുന്നു.. എന്നു പറഞ്ഞുപോകുന്ന നീണ്ടുമെലിഞ്ഞ കുഞ്ഞിക്കുരുവും അങ്ങനെ തന്നെ മെലിഞ്ഞ ചുളകളുമുള്ള കുരുവന്‍പ്ളാവ്. ഈ പ്ളാവുകളുടെയെല്ലാം രാജാവും സ്വയം മഹാരാജാവുമാണ് പ്ളാവ് വരിക്കന്‍ അഥവാ പി. വരിക്കന്‍.

        ഇവര്‍ക്ക് അസോസിയേഷനുണ്ട്. കൈകള്‍ കോര്‍ത്തുപിടിക്കാന്‍ പറ്റാത്തതുകൊണ്ട് ഭൂമിക്കടിയില്‍ വേരുകള്‍ കോര്‍ത്തു കെട്ടിപിടിച്ചിട്ടുണ്ട്. തറവാട്ടുവീടിന്‍റെ അടിഭാഗത്താണ് ഈ അപൂര്‍വ ജോയിന്‍റ്. കൂടാതെ ഇവര്‍ക്ക് രാത്രിരാത്രി സംസാരവുമുണ്ട്. ഏറ്റവും മുകളില്‍ നിന്ന് വരിക്കന്‍ സംസാരമാരംഭിക്കും. ..എടാ മന്ദബുദ്ധികളേ ... ഡിസംബര്‍ ആദ്യം ഡല്‍ഹീന്ന് മറിയാമ്മ വരും . ചക്കയാകുമോടാ അപ്പളത്തേക്ക് ?  ആരും മിണ്ടുന്നില്ല. നാളെയാണ് ഓണം. ഇപ്പോള്‍ കായ്ചാലേ അപ്പോള്‍ പറിക്കാനാവൂ. ഏതായാലും ഡിസംബറില്‍ പഴം തിന്നാവുന്നതുപോലെ ഞാന്‍ രണ്ടെണ്ണം പൊട്ടിച്ചിട്ടുണ്ട്. പി . വരിക്കന്‍ വെളിപ്പെടുത്തി. രണ്ടെണ്ണം നാളെ അക പൊട്ടുന്ന ലക്ഷണമാണെന്ന് കുരുവനും പറഞ്ഞു. ഉപ്പൂറ്റിവേരിന് ഒരു ചൊറിച്ചില് തുടങ്ങിയിട്ടുണ്ട്. തെക്കോട്ട് വീശിയ ഏരത്തിന് ഒരു നിഗളോം നിറവ്യത്യാസോം കാണുന്നുണ്ട്, അക പൊട്ടാനായിരിക്കും , കുരുവന്‍ ലക്ഷണം പറഞ്ഞു. മിറ്റത്തടിയന്‍ സ്വരം താഴ്ത്തി പറഞ്ഞു, ഇന്നലെ ഒറ്റ രാത്രി കൊണ്ട് അറുപതെണ്ണമാണ് എന്‍റെ വയറ്റടീതന്നെ പൊട്ടിയിരിക്കുന്നത്. മനുഷേര് കാണുമല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് തല ചുറ്റുവാ... അതെങ്ങനാ അടിച്ചുവാരുന്നതും, അടുപ്പിലെ ചാരവും ,വെട്ടിക്കൂട്ടുന്നതും , സര്‍വാണിവേസ്റ്റും എല്ലാം എന്‍റെ ചോട്ടിലല്ലേ നിക്ഷേപിക്കുന്നത് ... പിടിച്ചാല്‍ കിട്ടാത്ത അക പൊട്ടലാണേ എനിക്കുവയ്യ..

        ഞാനും രണ്ടെണ്ണം നാളെ കായ്പിക്കും. ഒരു വല്ലാത്ത ആത്മ വിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടെ മുണ്ടപ്ളാവ് പറഞ്ഞത് കേട്ട് രാത്രിയാണെന്ന് പോലും ഓര്‍ക്കാതെ പ്ളാപ്പുള്ളികള്‍ പൊട്ടിച്ചിരിച്ചു. ...അതെന്തിനാടേ.. മറിയാമ്മേടെ ബ്രൌണ്‍ കോട്ടിന് ബട്ടണ്‍സ് ഇടാനാണോ...മുണ്ടമ്മ അതിന് കൃത്യമായ മറുപടി കൊടുത്തു.  മിസ്റ്റര്‍ പി വരിക്കന്‍ നിന്‍റെ പഴത്തിന് പൌരുഷവും മധുരവും ആണെങ്കില്‍ , സ്ത്രീയായ എന്‍റെ പഴത്തിന് മൃദുലതയും ആര്‍ദ്രതയും അതിമധുരവുമാണ്. small is beautiful..ചെക്കന്മാരുടെ കണ്ണ് തെറ്റി എത്താ തുഞ്ചത്ത് ഒരെണ്ണം പഴുത്തു കിടന്നാല്‍ ഈ നാട്ടിലെയും ഇടമലക്കപ്പുറത്തെയും കിളികളും അണ്ണാന്‍ കുട്ടികളും എന്‍റെ കൊമ്പത്ത് ആനിവേഴ്സറി കളിക്കും. നിങ്ങളുടെയോ ?

       മുണ്ടമ്മ പറഞ്ഞത് ശരിയാണ്. മധുരത്തില്‍ പി. വരിക്കനെ തോല്പിക്കും അവള്‍.   തോട്ടത്തിലെ  വരക്കെട്ടുകള്‍ക്കുള്ളില്‍ ആരംഭിച്ച്, കിഴക്കോട്ടൊന്ന് ചരിഞ്ഞ് ഭൂമിക്കടിയിലെ ഉള്‍പ്പാറച്ചാലുകളിലൂടെ ഒഴുകി, ചാട്ടക്കല്ലിനും ചക്കനാകടവിനുമിടയില്‍ മുട്ടന്‍ തോട്ടില്‍ ചെന്നു വീഴുന്ന ഒരു അന്തര്‍ധാരയുണ്ട് ആ മലയില്‍ . പുറമേ കാണാന്‍ പറ്റില്ല. ധാതുസമൃദ്ധമാണ് വെള്ളം. ചെമ്പിന്‍റെ നിറമാണ്. ലോഹാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ ഖനിയുറവയിലേക്ക് വേരിറക്കി അമൂല്യ ധാതുക്കളെ വലിച്ചെടുക്കാന്‍ പറ്റിയ സ്ഥാനത്താണ് വരിക്കന്‍റെയും മുണ്ടപളാവിന്‍റെയും നില്പ്. അതാണ് അവയുടെ ചക്കകള്‍ക്ക് മാത്രം ഇത്ര മധുരം.

       നോക്കുക,നില്ക്കുക, നോക്കിനില്ക്കുക, ആലോചിക്കുക, പുറം ചൊറിയുക, വീണ്ടും ആലോചിക്കുക,തല ചൊറിയുക എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്തു വരുമ്പോഴേക്കും മൈലാടൂര്‍ക്ക് പുറപ്പെട്ടത് എന്തിനാണെന്ന് മിക്കവാറും ഞാന്‍ മറന്ന് പോകാറാണ് പതിവ്. പക്ഷേ ഇക്കുറി കുഞ്ഞമ്മന്‍ ആന്റ് കോ. കമ്പനിയുടെ കയറും കുട്ടിപ്പണിക്കന്‍സ് പിച്ചാത്തിയും മുഖ്യ സംഗതി എന്നെ ഓര്‍മിപ്പിച്ചു. വരിക്കന്‍ മൂത്തു പഴുത്തു നില്ക്കുന്നു. രണ്ട് പഴങ്ങള്‍ എന്നു കരുതിയാണ് വന്നതെങ്കിലും വിശദമായ പഠനത്തില്‍ പഴം ആറ് എന്ന് തിട്ടപ്പെടുത്തി. നീറ് കടിച്ചാല്‍ അതിന്‍റെ പേരില്‍ സ്കൂളില്‍ പോകാതെ ഇരുന്ന് കളയുന്ന സഹോദരന്മാരുടെയിടയില്‍ മരംകയറ്റവരം ചുമ്മാ കിട്ടിയിട്ടുള്ളത് എനിക്കാണ്. കടിക്കുന്നവരെല്ലാം കടിച്ചോട്ടെ.. മുകളിലേക്കുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത് എന്ന് ചിന്തിച്ച് ഞാന്‍ വരിക്കന്‍റെ മേല്‍ കയറിത്തുടങ്ങി. കാണാപാഠം ആണ് വരിക്കന്‍റെ തടിയിലെ മുഴകള്‍ , മുട്ടുകള്‍ , കവലകള്‍. വേണമെങ്കില്‍ കണ്ണു കെട്ടിയും കയറാം. ഇടതുകാലും വലതുകാലും അതാതുവശങ്ങളിലെ മുഴകളില്‍ ചവിട്ടി ഏണിസുഖത്തില്‍ ആറ് കൊതകള്‍ കയറിപ്പോകാം  ഏഴാം ചവിട്ടിന് അല്പം സന്നിഗ്ധാവസ്ഥയുണ്ട്. ഇടതുകാലിന്‍റെ മുകളില്‍ ഇടതുവശത്തുതന്നെ വലതുകാല്‍ ചവിട്ടണം. അവിടെയേ ഒരു മുഴയുള്ളൂ. തീര്‍ന്നു പ്രശ്നം. ആദ്യത്തെ കവലയിലെത്തി. ദ ഫസ്റ്റ് ഹണി പോയിന്‍റ് ഓണ്‍ മി.  പി വരിക്കന്‍. ആ കവലയിലിരുന്ന് നാലുവശത്തുനിന്നുമായി അഞ്ച് മധുരപഴങ്ങള്‍ താഴെ സേഫ് ആയി ലാന്‍റ് ചെയ്യിച്ചു. ഈ സേഫ് ലാന്‍റിംഗിന് ഗ്രൌണ്ട് ഡ്യൂട്ടി ചെയ്തത് അനീത്തി മോളിക്കൊച്ചാണ്.

      ആറാം പഴം അപാരതുഞ്ചത്താണ്. വിട്ടുകള കുഞ്ഞപ്പച്ചാ എന്നു ഞാന്‍ പറഞ്ഞു. പക്ഷേ വായ് തുറന്ന് കിടന്ന് ഉറങ്ങുമ്പോള്‍ അകത്തു കയറിക്കൂടുന്ന കുട്ടിച്ചൈത്താന്മാര്‍ , ഈനാംപേച്ചിബോള് പോലെയുള്ള പാവം ചൈത്താന്മാര്‍ എന്നിവര്‍ എന്നോട് ലെഗിയോനായി പറഞ്ഞു. കയറ് കുഞ്ഞപ്പച്ചാ.. കയറ്.. കുരിശുമലക്ക് പടിഞ്ഞാറ് നിന്നെപ്പോലെ ഉശിരന്‍ പിള്ളാരില്ല. ഞാനങ്ങ് കയറിപ്പോയി. വയര്‍, നെഞ്ച്, താടിയെല്ല്, കൈകള്‍ എന്നിവയാണ് ഇത്തരം അവസരത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. മുഴയോ കൈകമ്പോ ഇല്ലാതെ, പാറേല്‍ കുട്ടിച്ചേട്ടന്‍റെ ശരീരം പോലെ മിനുസമുള്ള തടിയിലൂടെ ഇഞ്ച് കണക്കിന് മുകളിലേക്ക്. താഴെ നില്ക്കുന്ന ബോധക്കേട് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

       ചങ്കിലെന്തോ ഒന്ന് തടഞ്ഞു. വായുവാണ്...  കണ്ണിലെന്തോ ഒന്ന് മങ്ങി, പൊടി കയറിയതാണ്..... തല ഒന്നു ചുറ്റിയോ... ഇല്ല പേടി കയറിയതാണ്...

       ഈ ചെറുക്കന്‍ അപ്പുറം ചെല്ലില്ല എന്ന് കണ്ട് വിറകന്‍ ആക്രാന്തപ്പെട്ട് വിളിച്ചു.. വരിക്കാ....
       മുണ്ടമ്മയ്ക്ക് കണ്ണീര്‍ വന്നു...വരിക്കാ എന്തെങ്കിലും ചെയ്യ്....
       കോണേപ്ളാവും കുരുവനും മിണ്ടാന്‍ വയ്യാതെ അന്തിച്ചുനിന്നു. ഇടമലയില്‍നിന്ന് കുരിശുമലയിലേക്ക് പോയ കാറ്റ് പാതി വഴി പോയി തിരിച്ച് വന്ന് മൂവാണ്ടന്‍ മാവിന്‍റെയും ഈന്തിന്‍റെയും മുകളില്‍ തത്തി നിന്ന് കാര്യങ്ങള്‍ ഗൌരവമാക്കി.

        ചെക്കന്‍ വീണ്ടും കയറുകയാണ്. ഇതിനിടയില്‍ പിച്ചാത്തി താഴെ വീണു. അവസാനം വരിക്കന്‍ പറഞ്ഞു, ഞാന്‍ അതങ്ങു ചെയ്യാം.അങ്ങേര് ചെയ്തു... അങ്ങനെ ഇരുപത്തെട്ടു ശിഖരങ്ങളിലെ 84 പോര്‍മുഖങ്ങളില്‍ നിന്ന് ചുവന്ന നീറന്മാരുടെ പട ഒരേ സമയം പുറപ്പെട്ടു. വേഗം ശരവേഗം.... ആയുധം വയറ്റിലെ ബാഗില്‍ സൂക്ഷിച്ച തീത്തൈലം.

         പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വലതുമുഴ, ഇടതുമുഴ, ആറാം കാല് വയ്ക്കേണ്ട വിശേഷാല്‍ മുഴ ,ഹണിപോയിന്‍റ് ഒന്നും കാണാതറിയാതെ , പാറേല്‍ കുട്ടിച്ചേട്ടന്‍റെ ദേഹത്തൂടെ ശടേന്ന് താഴേക്ക് ഒഴുകിച്ചാടിയ വിയര്‍പ്പുതുള്ളി പോലെ ചെക്കന്‍ ദാ വരിക്കന്‍റെ ചുവട്ടില്‍...  അസോസിയേഷന്‍ പ്ളാവുകള്‍ രഹസ്യമായി വേര് കോര്‍ത്തിട്ടുള്ള അടുക്കളക്കടിയില്‍നിന്ന് ചില തരിപ്പുകള്‍ കേട്ട് ഓടി വന്ന മറിയക്കുട്ടിക്കു മുന്പില്‍ അരയില്‍ മാത്രം വസ്ത്രം, കൈകള്‍ ഇരുവശങ്ങളിലേക്കും വിരിച്ച് , തല വലതുതോളിലേക്ക് ചായ്ച് കിടക്കുന്നു...സ്ത്രീയേ .. ഇതാ നിന്‍റെ മകന്‍.  വ്യാകുലമാതാവിന്‍റെ സിമന്‍റ് പ്രതിമ പോലെ മോളിക്കൊച്ച് കുറ്റിയടിച്ച് നില്ക്കു്ന്നു , സമീപേ.

         ദേഹമാസകലം നീര്‍പടയാളികള്‍ വിളയാടിയ തടിപ്പുകള്‍. ചെവിയില്‍നിന്നും മൂക്കില്‍ നിന്നും അവന്മാര്‍ ഇറങ്ങി വരുന്നു. രണ്ടു കണ്ണ്ിലുമായി കടിച്ചുതൂങ്ങിക്കിടന്ന നാലെണ്ണത്തിനെ മറിയക്കുട്ടി പറിച്ചുമാററി കണ്ണ് തുറന്നു. സഹായത്തിന് വാവല്ലൂര്‍ അമ്മായിയും ഓടി വന്നു. അങ്ങനെ ഒരു ചക്കക്കാലത്ത് , ഉണ്ണൂണ്ണി മത്തായിയെ അനുഗ്രഹിച്ച ദൈവം പിന്‍തലമുറകളിലേക്ക് വീശിയറിഞ്ഞ അനുഗ്രഹത്തിന്‍റെ കയറ് പിടിച്ച് ഒടിയാതെ ,നുറുങ്ങാതെ ഞാന്‍ എഴുന്നേറ്റ് നിന്നു.

        18 വര്‍ഷങ്ങള്‍ക്കുശേഷം വടക്കേ ഇന്ത്യയിലെ ഒരു ധനികനായ വ്യവസായി ടെറസ്സിന് മുകളില് ധാന്യം വിതറി പക്ഷികളെ ക്ഷണിക്കുന്നതു കണ്ടപ്പോള്‍ എനിക്കുമനസ്സിലായി, എത്താകൊമ്പത്തെ പഴങ്ങള്‍ നമുക്കുള്ളതല്ല. അത് ഭൂമിയുടെ മറ്റ് അവകാശികള്‍ക്കുള്ളതാണ്...ഓലേഞ്ഞാലികള്‍ , മൈനകള്‍ , പച്ചിലക്കുടുക്കകള്‍ , മാടത്തകള്‍ , കാക്കകള്‍ , അണ്ണാന്‍കുട്ടികള്‍ , പേരറിയാപ്പറവകള്‍..അങ്ങനെ....


                     ................................പ്ളാവ്...................................

Like · · · Promote ·

No comments:

Post a Comment