നാളെയാണ്
പുരകെട്ട്. പുരപ്പുറത്തെ പഴകി ദ്രവിച്ച ഓലമേച്ചില്‍ മാറ്റി പുതിയ
പച്ചപ്പനയോല കൊണ്ട് മേയുന്ന പരിപാടിയാണ് പുരകട്ട് . കുഞ്ഞുങ്ങളോട് ഇതൊന്നും
മുന്‍കൂട്ടി പറയുന്ന ഇടപാട് ഇല്ല. എന്നാല്‍ പച്ചക്കറികടയില്‍ നിന്ന്
കാബേജ്പന്തും മീന്‍കടയില്‍ നിന്ന് തിരണ്ടിമീനും വാങ്ങിയാല്‍ പിറ്റേന്ന്
പുരകെട്ടാണെന്ന് ഏത് പിള്ളേര്‍ക്കാണ് അറിയില്ലാത്തത് ?
തോളിലൊരു തോര്‍ത്ത് മടക്കിയിട്ട് ചാച്ചന്‍ വീണ്ടും പെരിങ്ങുളം സിറ്റിക്ക് പോയത് പുരകെട്ട് വിരുതന്മാരായ ദേവസ്യാമൂപ്പന്‍, മത്തായിമൂപ്പന്‍ , യോഹന്നാന്‍മൂപ്പന്‍ എന്നിവരെ ക്ഷണിക്കാനാണ് എന്ന് കൂട്ടിവായിക്കാനും എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല.
വലിയവരെപ്പോലെ തന്നെ മുന്നൊരുക്കങ്ങള്‍ കുട്ടികള്‍ക്കുമുണ്ട്. ഒന്നാമത്തേത് നിശ്ചയമാണ്. പുരകെട്ട് ദിനമായ നാളെ സ്കൂളില്‍ പോകുന്നില്ല എന്ന് നിശ്ചയിച്ചു. ഈ നിശ്ചയം അറിഞ്ഞ് അയല്‍ക്കാരനും സഹപാഠിയുമായ വാവല്ലൂര്‍ ജോസും അതേ പോലെ നിശ്ചയിച്ചു.പുര പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പൊടിയും അഴുക്കും ഏല്ക്കാതെ പുസ്തകങ്ങളെല്ലാം അടുക്കി പത്രക്കടലാസിട്ട് മൂടി മേശക്കടിയില്‍ വച്ചു. സ്കൂള്‍ നിക്കറും ഷര്‍ട്ടും രാവിലെ എഴുന്നേല്ക്കുമ്പോള്‍ കിടക്കപ്പായോടൊപ്പം ചുരുട്ടിവയ്ക്കുന്നതിനും തീരുമാനിച്ചു. ആദ്യന്തം അഹോരാത്രം പുരകെട്ടിന് പുരക്ക് ചുറ്റും ഓടിനടന്നും, തട്ടിന്‍പുറത്തും പുരപ്പുറത്തും വലിഞ്ഞുകയറിയും സഹകരിക്കുന്നതിന് നിശ്ചയിച്ചുറച്ച് ഉറങ്ങാന്‍ കിടന്നു.
പക്ഷേ പുള്ളാരെ ആര് കണക്കിലെടുക്കുന്നു ? പുരകെട്ടാരംഭിച്ചത് ഞാനറിഞ്ഞില്ല. നേരം വെളുക്കുന്നതിനു മുമ്പേ പുരയെല്ലാം വലിച്ചു പൊളിക്കുമെന്ന് തീരെ കരുതിയിരുന്നില്ല. ഭൂമി തകര്‍ന്നു വീഴുന്നതുപോലെയുള്ള ബഹളങ്ങള്‍ കേട്ട് രാവിലെ ഞെട്ടി ഉണരുകയായിരുന്നു. വിരുതന്മാരായ രണ്ട് മൂപ്പന്മാര്‍ പുരപ്പുറത്ത് ,ദൈവമേ , എപ്പോള്‍ വലിഞ്ഞുകയറി ? മൂന്നാം വിരുതനെവിടെ... ഓടി മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ , അമ്മോ , വീട് ഒരു വഷളന്‍ കോമാളിയെപ്പോലെ നില്ക്കുന്നു. മൂടിഅടച്ചിരുന്ന ഉത്തരങ്ങള്‍ , കഴുക്കോലുകള്‍ , പട്ടികകള്‍ എല്ലാം നാണമില്ലാതെ പുറത്ത്... സൂര്യന്‍ ഒരു ലജ്ജയും മറയുമില്ലാതെ താഴത്തുപറമ്പന്‍റെ വീടിനകത്തേയ്ക്ക് നിര്‍ബാധം ഉണ്ടക്കണ്ണെറിഞ്ഞു നോക്കുന്നു....
സമയമില്ല. തീരെ സമയമില്ല... ഓടിയകത്തു കയറി. കൂത്തു തുടങ്ങിയതറിയാതെ , അന്യഗൃഹജീവികള്‍ പുരപ്പുറത്ത് വലിഞ്ഞു കയറിയതറിയാതെ , വീടിന്‍റെ ഉടുതുണി പാതിയും വലിച്ചു മാറ്റിയതറിയാതെ വളഞ്ഞും ഒടിഞ്ഞും കമിഴ്ന്നും കിടന്നുറങ്ങുന്ന അനിയാനിയത്തിമാരെ 1,2,3,4 എന്ന് എണ്ണി ലഘുവായി തൊഴിച്ച് എഴുന്നേല്പിച്ചു. എടായെടീ...പുരകെട്ട്... എന്നു പറഞ്ഞുതീരും മുമ്പ് എല്ലാവരും ഓടിപുറത്ത് ചാടി.
ഇല്ലാ, സമയമില്ല . പുരക്ക് ചുറ്റും ആഘോഷങ്ങളാണ്. സൂക്ഷിച്ച് നടന്നില്ലെങ്കില്‍ മുകളില്‍ നിന്ന് ആഘോഷങ്ങള്‍ തലയില്‍തന്നെ വന്ന് വീഴും. മുകളിലിരിക്കുന്നവര്‍ പഴയോല ചെത്തിയഴിച്ച് പിറകിലേക്കാണ് വീശിയെറിയുന്നത്. പിറകില്‍ കണ്ണില്ലാത്തതിനാല്‍ അതെവിടെ വീഴുന്നു എന്ന് നോക്കേണ്ട ബാദ്ധ്യത അവര്‍ക്കില്ല. കൂര്‍മ്പിച്ച അലകിനെക്കാള്‍ മുനയുള്ള പനയീര്‍ക്കിലി കാലില്‍ തുളച്ചു കയറാതെ നോക്കണം. അങ്ങനെ നാലുപാടുനിന്നുമുള്ള അപകടങ്ങളെ തരണം ചെയ്ത് മുറ്റത്തെല്ലാം തിരഞ്ഞെങ്കിലും ചാച്ചനെ അവിടെങ്ങും കണ്ടില്ല. കൈകള്‍ പിറകോട്ട് പിണച്ചുകെട്ടി ആ കെട്ടിനിടയില്‍ ഒരു വാക്കത്തിയും പിടിച്ച് ഇവിടെ തീര്‍ച്ചയായും കാണേണ്ടതാണ്.
അപ്പോള്‍ ഇതിലെന്തോ കുഴപ്പമുണ്ട്. ചികഞ്ഞു കണ്ടുപിടിക്കാന്‍ തന്നെ തീരുമാനിച്ച് നില്ക്കുന്പോഴാണ് വീടിന് പിറകിലെ മലയില്‍ നിന്ന് ഓല വെട്ടിയിടുന്ന ഒച്ച കേട്ടത്. ഇതാണ് കുഴപ്പം. പുര കെട്ടണമെങ്കില്‍ പുതിയ ഓല വേണമെന്നും അത് വെട്ടിയിടണമെന്നും ആരെങ്കിലും പറയണോ ?പിന്നെ ഒരോട്ടമായിരുന്നു. കുത്തനെ മലമുകളിലേക്കുള്ള ഓട്ടമായതിനാലും വാവല്ലൂര്‍ ജോസിനൊപ്പം മത്സരിച്ച് ഓടിയതിനാലും തെല്ലും കിതപ്പ് തോന്നിയില്ല. അവിടെയുണ്ട് ചാച്ചന്‍, പേപ്പ് ചേട്ടന്‍, വേറെ കുറേ പേര്‍.
അതൊരു കലയാണ് , ഓലവെട്ട് . ശരിക്കറിയാത്തവന്‍ വെട്ടിയാല്‍ ഓലഭാഗം നിലത്തടിച്ചുവീഴും. ഓലമുഴുവന്‍ അടിച്ച് ചിതറി കീറിപ്പോകും. ഇത് വേറൊരു വെട്ടാണ്. പനയോലകാല് പോലും അറിയാതെ ഒരൊറ്റ വെട്ട്. ഓല മുകളിലും കാല് താഴെയുമായി നിലത്ത് കാലു കുത്തിയിറങ്ങും. ഓലയ്ക്ക് ചെറിയ പരിക്ക് പോലുമില്ല. പിന്നെ അത് കീറി ഫസ്റ്റ് ക്വാളിറ്റി കോടിയോല, നെടിയ പീസ് , കുറിയ പീസ് ഇങ്ങനെ തിരിച്ച് ഉരുട്ടിക്കെട്ടി ചുമന്നു കൊണ്ടുവരണം. ഓലക്കെട്ടുകള്‍ ആരുടെയൊക്കെയോ ചുമലിലേറി താഴേക്ക് നടന്നു തുടങ്ങി.പനയോലയുടെ രസ്യന്‍ മണം പറമ്പില്‍ നിറഞ്ഞു.
ഇല്ല ... സമയമില്ല. തിരികെ ഓടി വീട്ടിലെത്തി. കുരുത്തം , അടുക്കള ഭാഗം പൊളിച്ചിട്ടില്ല. അവിടം പൊളിക്കുമ്പോള്‍ ചില കാഴ്ചകളുണ്ട്. നല്ല ചെമ്പിന്‍റെ നിറമുള്ള ചെമ്പു പാളികള്‍ പോലുള്ള പഴയോല കിട്ടും. മൂന്നാലു കൊല്ലം തീയും പുകയും അടിച്ച് ആ ജൈവപദാര്‍ത്ഥം ഒരു ലോഹമായി മാറിയതാണോ എന്ന് ഞാന്‍ സംശയിക്കുന്നു.
പഴയോലകള്‍ തരം തിരിക്കണം. ഒരു കേടുപാടുമില്ലാത്ത ഓലകള്‍ മാറ്റിയടുക്കണം. പച്ചയോലയോടൊപ്പം വീണ്ടും പുരപ്പുറത്ത് കയറാനുള്ള യോഗം അവര്‍ക്കാണ്. തോമസുകുട്ടിയും ഞാനും കുടെ തെക്കുവശത്തെ പഴയോലയുടെ ക്വട്ടേഷന്‍ പിടിച്ചു. നല്ലതെല്ലാം പേരച്ചുവട്ടില്‍ അടുക്കി. പൊടിഞ്ഞതും പൊട്ടിയതും പുരക്ക് താഴേക്ക് എറിഞ്ഞടുക്കി. മൂപ്പന്മാര്‍ താഴെയിറങ്ങിയില്ല. സൈക്കിള്‍ യഞ്ജം പോലെയാണ്. എല്ലാം കഴിഞ്ഞേ താഴെയിറങ്ങൂ. കപ്പ, മീന്‍, കട്ടന്‍കാപ്പി എന്നിവ മുകളിലെത്തി. അവിടെത്തന്നെ ഇരുന്ന് അവര്‍ യഞ്ജം ആരംഭിച്ചു. പുരക്കകത്ത് ആര്‍ക്കും പ്രവേശനമില്ല. പിള്ളേര്‍ക്കുള്ള ഭക്ഷണം ഇലുമ്പിച്ചുവട്ടിലാണ് വിളമ്പിയത്. പച്ചപ്പനയോല വിരിച്ച് അതിലിരുന്ന് അപാരസുഖത്തോടെ കഴിച്ചു. വാവല്ലൂര്‍ ജോസും ഞാനും ഒന്നിച്ചിരുന്ന് അങ്ങനെ, പിന്നീട് ജീവിതത്തില്‍ നടത്താനിരുന്ന പല ഔട്ടിംഗുകളുടെയും പിക്നികുകളുടെയും ഉദ്ഘാടനം അവിടെ കുറിച്ചു.താമസിയാതെ തന്നെ
തട്ടിന്‍പുറത്ത് കയറി. അപ്പോഴാണ് അമ്മയുടെ അരക്കത്തരം കണ്ടത്. പുരകെട്ട് വിരുതന്മാരായ മൂന്ന് മൂപ്പന്മാര്‍ക്കും ചാച്ചനും അമ്മ കുടിക്കാന്‍ കൊടുത്തത് കഞ്ഞിവെള്ളം. കട്ടന്‍ കാപ്പി കൊടുത്താല്‍ എന്തു നഷ്ടം വരാനാണ്... കഷ്ടം . തട്ടിന്‍പുറത്ത് മണ്‍കലത്തില്‍ സൂക്ഷിച്ചിരിക്കുന്ന കഞ്ഞിവെള്ളം മൂപ്പന്മാര്‍ ഉത്സാഹത്തോടെയാണ് കുടിക്കുന്നത് എന്നു കണ്ടപ്പോള്‍ എനിക്കും ഉത്സാഹമായി.
കോടീ... കോടിയോല... കോടിയോലേ.... ഒരു പാട്ടുപോലെയാണ് ദേവസ്യാമൂപ്പന്‍ ആവശ്യങ്ങള്‍ വിളിച്ചുപറയുന്നത്. കോടിയോല കോടിയിലും ബാക്കിയുള്ളവ നിരന്ന പ്രദേശത്തുമാണ് നിരത്തുന്നത്. എല്ലാവരുടെയും കൈയില്‍ ഓല കുത്തിതുളക്കാനുള്ള കൂര്‍മ്പിച്ച അലകായുധം തൂക്കിയിട്ടുണ്ട്.ഓല തുളച്ച് പട്ടികയോട് ചേര്‍ത്ത് നിരത്തികെട്ടണം. ഏറ്റവും അടിഭാഗം മുതലാണ് കെട്ടിത്തുടങ്ങുന്നത്. നാലു പന്തികള്‍ കഴിഞ്ഞാല്‍ ഓല സാധാരണക്കാര്‍ക്ക് സപ്ളൈ ചെയ്യാന്‍ കഴിയില്ല. ഓല ചാണ്ടണം. ഓലേ.. എന്ന വിളി വരുമ്പോള്‍ വിശേഷാല്‍ സ്റ്റൈലില്‍ കെട്ടുകാരന്‍റെ നേര്‍ക്ക് എറിയണം. ഓല പോകുന്നത് കണ്ടാല്‍ മൂപ്പരുടെ മൂക്കിന് നേരെയാണെന്നേ തോന്നൂ. ശരിക്കും ഓല വലതുവശത്തുകൂടെയാണ് പറന്ന് ചെല്ലുന്നത്. അത് പിടിച്ചെടുക്കുന്നത് കാണുന്നതും മോശമല്ലാത്ത ഒരു കാഴ്ചയാണ്. ഓലേ ... വിളികള്‍ക്കിടയില്‍ കഞ്ഞിവെള്ളം ധാരാളമായി മൂപ്പന്മാര്‍ കുടിക്കുന്നുണ്ട്.അത് കഴിഞ്ഞാല്‍ വര്‍ധ്ധിച്ച ഉത്സാഹത്തോടെ കെട്ടും നടത്തുന്നുണ്ട്. ദേവസ്യാമൂപ്പന്‍ ഒരു കാരണവും കൂടാതെ പുഞ്ചിരിച്ചു തുടങ്ങിയിട്ടുണ്ട്. ഓലേ... എന്നു വിളിച്ചുവരുത്തിയ ഓലയെ എടാ ഓലേ.. എന്നു വിളിച്ചാണ് ഇപ്പോള്‍ പുരപ്പുറത്ത് നിരത്തുന്നത്.
എട്ടാം നിര കഴിഞ്ഞാല്‍ പിന്നെ ഓല എറിഞ്ഞുകൊടുക്കുക സാദ്ധ്യമല്ല. പിന്നീടുള്ള ഓലകള്‍ തട്ടിന്‍പുറത്തുനിന്ന് എടുത്തുകൊടുക്കണം. അതിനുള്ള ഓലകള്‍ തട്ടിന്‍പുറത്തേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു. ഇനിയത്തെ അങ്കം തട്ടിന്‍പുറത്താണ് എന്നറിഞ്ഞ് ഞാനും സഹപാഠി ജോസും അവിടെ വലിഞ്ഞുകയറി. അപ്പോഴാണ് തോമസുകുട്ടി ദാഹിച്ച് പരവശനായി ചാച്ചനോട് കഞ്ഞിവെള്ളം വാങ്ങി കുടിക്കുന്നത് കണ്ടത്. കുടി കഴിഞ്ഞ തോമസ് ദേവസ്യാമൂപ്പനെപ്പോലെ ചിരിക്കാനും തുടങ്ങി. ഓലേ... ഓലേ.. എന്നു വിളിച്ച് കൂവാതിരുന്നാല്‍ മതിയായിരുന്നു.
പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്. രാവിലെ 1,2,3,4 എന്ന് എഴുന്നേല്പിച്ച് വിട്ടതില്‍ 1 . തോമസ്, 3. ലില്ലി , 4. മോളിക്കൊച്ച്. രണ്ടാമന്‍ എവിടെ... 3,4 എന്നിവര്‍ ടെമ്പററി അടുക്കളയായ വിറകുപുരയിലുണ്ടെന്ന് എനിക്കറിയാം. മറ്റവന്‍ ഉരുണ്ടുരുണ്ട് കുറെ നടക്കുകയും പിന്നെ ഓടുകയും പിന്നെ വീഴുകയും പിന്നെ മുട്ടില്‍ ഇഴഞ്ഞോടുകയും ചെയ്യുന്ന പ്രായത്തിലുള്ള ഒരു വസ്തുവാണ്. പേര് ജോണി എന്ന ജോണിപാപ്പന്‍. വിറകുപുരയിലില്ല. ബോളുപോലെ ഉരുണ്ട് വല്ല ഓലക്കെട്ടിനടിയിലും പെട്ടുപോയോ..ഏതായാലും പിറകോട്ട് കെട്ടിയ കൈയില്‍ വാക്കത്തിയുമായി നില്ക്കുന്ന ചാച്ചനോട് തന്നെ പറയാം എന്നു കരുതി തട്ടിന്‍പുറത്തേക്ക് കയറിയ ഞാന്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ ആദ്യത്തെ അത്ഭുതം കണ്ടു. തട്ടിന്‍പുറത്ത് കയറിയരിക്കുന്നു ബോള്‍. എങ്ങനെ കയറി എന്നത് ഇന്നും എനിക്ക് അറിയില്ല. കഞ്ഞിവെള്ളക്കലത്തെ ലാക്കാക്കി ഉരുണ്ട് നീ്ങ്ങുന്ന അവനെ ചാച്ചന്‍ പിടിച്ച് തോളിലെടുത്ത് വായില്‍ കഞ്ഞിവെള്ളം ഒഴിച്ച് കൊടുത്ത് സന്തോഷിപ്പിച്ചു. എനിക്കും കിട്ടി മുക്കാല്‍ ഗ്ളാസ് . ഓല...ഓലേ.. എന്ന് വായില്‍ വരെ വന്നത് വിഴുങ്ങി. ലവന്‍ കഞ്ഞിവെള്ളം അല്ലാ മറ്റവനാണ് എന്ന് അറിഞ്ഞത് അപ്പോഴാണ്. ഓരോ ബോധങ്ങളേ....
അന്ന് പച്ചോലയുടെ നല്ല മണവും പുത്തന്‍ ഓലമേലാപ്പിന്‍റെ തണുപ്പും ക്ഷീണവും കാരണം നേരത്തെ കീടന്നു. ഭാവിയില്‍ പുരപ്പുറങ്ങളില്‍ ഇരുവശത്തേക്കും കാല്‍ കവച്ചിരുന്ന് പുര കെട്ടുന്ന ഒരു കെട്ടുവിരുതനാവണനെന്ന് സ്വപ്നം കണ്ട്..... കൂട്ടിപേരപ്പന്‍റെ വലിയതോവാള പോലെയുള്ള ഒരു സ്വപ്ന താവളത്തിലേക്ക് മെല്ലെ വീണുപോയി.
------പച്ചോല--------പനയോല-------പഴയോല-------പുരകെട്ട്------അവധി-----പച്ചോല----

No comments:
Post a Comment