Sunday, 24 March 2013

നഗരത്തിന് പുറത്തെ കഴുതക്കുട്ടി


  നിങ്ങള്‍ നഗരത്തിന് പുറത്ത് ചെല്ലുക ,
ഒരു കഴുതയെയും അതിന്‍റെ കുട്ടിയെയും കാണുക ,
കൂട്ടിവരിക ,
ആരെങ്കിലും ചോദിച്ചാല്‍ , കഴുതക്കിടാവിനെ
യജമാനന് ആവശ്യമുണ്ടെന്ന് പറയുക



നന്ദി യജമാനനേ....
നഗരത്തിന് പുറത്തെ കഴുതയുടെ
മകന്‍കഴുതയെ നിനക്ക് ആവശ്യമുണ്ടല്ലോ
ഓശാന...നന..നനന...


ചലോ...
നഗരകവാടങ്ങള്‍ തുറക്കട്ടെ !
മഹത്വത്തിന്‍റെ രാജാവ്
എന്‍റെ പുറത്തേക്ക് കയറട്ടെ !


കാണുക,
ഓടിവന്ന ഒരു ബാലന്‍ നിനക്കായി വിരിച്ച മേലങ്കി ,
ചവിട്ടി കടന്നുപോവുക.
എന്‍റെ പാവം ചങ്ക് തന്നെയാണ് അവനും
ആര്‍ത്തുവിളിക്കുന്ന കൂട്ടുകാര്‍ക്കും .


നീ തൊട്ട കഴുത
ആയിരത്തൊന്നുകോടി വര്‍ഷങ്ങള്‍ക്കു ശേഷവും
മണ്ണിന്‍റെ കാണാപ്പാളികളിലെവിടെയെങ്കിലും
പഞ്ചഭൂതരേണുക്കളായി ചുമ്മാ കിടക്കുമ്പോഴും,


സൂക്ഷിക്കും
ദേവസ്പര്‍ശത്തിന്‍റെ ഈ രോമാഞ്ചം .

             എന്ന് ,
                   നീ പെറുക്കിയെടുത്ത
                   നഗരത്തിന് പുറത്തെ സ്വന്തം കഴുതക്കുട്ടി...

Like · · · Promote ·

No comments:

Post a Comment