മുന്‍പേ പ്രോഗ്രാം ചെയ്യപ്പെട്ടതാണ് മനുഷ്യശരീരവും. അന്നന്നു ആവശ്യമുള്ള അപ്പം ദഹിക്കുന്നതിനുള്ള ദഹനരസം, digestive juice ,മാത്രമേ ആ സംവിധാനത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നുള്ളൂ . വേണ്ടതുമാത്രം വേണ്ട അളവില്‍ ഭക്ഷിക്കുമ്പോള്‍ വേണ്ട രസം ഊറിവരുന്നു . ദഹിച്ച് അന്നജം , ധാതുക്കള്‍ ,പ്രൊട്ടീനുകള്‍, കൊഴുപ്പ് ,വൈറ്റമിനുകള്‍ സൃഷ്ടിക്കപ്പെട്ട് , ശരീരത്തില്‍ ആഗിരണം ചെയ്യപ്പെട്ട് , ഊര്‍ജ്ജമായി , ഉന്മേഷമായി , അദ്ധ്വാനമായി , പുഞ്ചിരിയായി , സ്നേഹമായി , നല്‍കലായി , എല്ലാം ചേര്‍ന്ന് ജീവനായി , വ്യക്തിയും വ്യക്തിത്വവുമായി അപ്പം മാറുന്നു .
സംവിധാനം ചെയ്യപ്പെട്ട പ്രോഗ്രാം അനുവദിക്കുന്ന അളവില്‍ കൊഴുപ്പും ധാതുക്കളും ശേഖരിച്ച് വയ്ക്കുന്നുണ്ട് ശരീരം . അന്നന്നു ആവശ്യമില്ലാത്ത ഭക്ഷണബാക്കികള്‍ പുറന്തള്ളുന്നുണ്ട് ശരീരം .
വിശാലമായ അര്‍ത്ഥത്തില്‍ ആര്‍ജ്ജിക്കുന്നതെല്ലാം , അനുഭവിക്കാന്‍ കാത്തുകിടക്കുന്നതെല്ലാം അപ്പമാണ് . എന്നും അപ്പവും ആഘോഷങ്ങളും അധികമായിപ്പോയ സിദ്ധാര്‍ത്ഥന്‍റെ ശരീരത്തില്‍ ദഹനരസമല്ല , കയ്പാണ് ഊറിക്കൂടിയത്. അന്നന്നേപ്പത്തിലേക്ക് ധൈര്യമായി ഇറങ്ങിനടന്നു അയാള്‍ . ആധിക്യത്തില്‍നിന്ന് അന്നന്നേപ്പത്തില്‍ എത്താന്‍ ഒരുപാട് ദുരം സഞ്ചരിച്ചു തഥാഗതന്‍ . അയാള്‍ ശരീരത്തിന് അപ്പം നിഷേധിച്ചു . ജലം നിഷേധിച്ചു . കാറ്റും ഈര്‍പ്പവും മാത്രം അനുവദിച്ച് ശരീരത്തിലെ ശേഖരപ്പുരകളൊക്കെ ഒഴിയും വരെ വിശപ്പു ഭക്ഷിച്ച് , പരമമായ സത്യത്തെ അന്വേഷിച്ച് അലഞ്ഞു . ഒടുവില്‍ ഇരുന്നു . ബോധോദയമുണ്ടായി . വളരെ നിസ്സാരമായി ബോധപ്രകാശം തെളിഞ്ഞ് ബുദ്ധനായി . ഒരു പുഴയോ , പുഴയില്‍ വെറുതെ പുളച്ചുചാടിയ ഒരു മീനോ , മീന്‍ കൊത്തി പറന്ന ഒരു പക്ഷിയോ , തലക്കു മുകളിലെ വൃക്ഷത്തിലെ പുഴയിലേക്ക് ചാഞ്ഞ കൊമ്പിന്‍റെ ഉണങ്ങിയ അഗ്രത്തിലെ വിചിത്രാകൃതിയിലുള്ള പൂപ്പലോ അയാള്‍ക്ക് അത് നിസ്സാരമായി പറഞ്ഞുകൊടുത്തു .
വളരെ പ്രിയപ്പെട്ട കുറെപേരെ മാത്രം അടുത്തുവിളിച്ച് ഏറെ സ്വകാര്യത നിറഞ്ഞ ഒരു സ്ഥലത്തേക്ക് മാറ്റി നിര്‍ത്തി വേറൊരു ജ്ഞാനി പറഞ്ഞു , ഞാന്‍ നിങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കാം. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പരിപാലകനേ...അന്നന്നുവേണ്ടുന്നത് മാത്രം ഞങ്ങള്‍ക്കുതരേണമേ...അതു മാത്രം തേടാന്‍പഠിപ്പിക്കണമേ . നാളേക്കും നാളുകളിലേക്കും വേണ്ടതു ശേഖരിക്കാനുള്ള ത്വരയില്‍ ,ദുരയില്‍ ഞങ്ങളെ വേദനിപ്പിച്ചവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ ദുരകളും ക്ഷമിക്കേണമേ....
ഭൂമിയുടെ അച്ചുതണ്ടിലേക്ക് ഇറങ്ങിച്ചെന്നു ഈ പ്രാര്‍ത്ഥന !!
No comments:
Post a Comment