Sunday, 24 March 2013

തോമാ സാര്‍


മൂന്ന് പുസ്തകങ്ങള്‍,ഒരു കണ്ണാടി,ഒരു കാപ്പിപ്പത്തല്‍ എന്നിവ ധരിച്ച് കൃശഗാത്രനായ തോമാസാര്‍ VI-A യിലേക്ക് ഭീമാകാരനായി കടന്നുവന്നു.വായ് എന്നുള്ള അനുഗ്രഹം രാവിലെ ഉമിക്കരിയിട്ട് തേക്കുന്നതിനും ഉണക്കുകപ്പ ,ചോര്‍, കട്ടന്‍കാപ്പി എന്നിവ കടത്തിവിടുന്നതിനും മാത്രമുള്ള സംവിധാനമാകയാല്‍, ഒരു കേട്ടെഴുത്ത് ഉടന്‍ ഈ ക്ളാസില്‍ സംഭവിക്കും എന്ന് മൂക്കിലൂടെ അദ്ദേഹം അറിയിച്ചു.സെബസ്ത്യാനോസ് പുണ്യാളന്‍റെ രൂപെഴുന്നള്ളീരിന്‍റെ അവസാനദിവസം ഇടക്കരമലക്കുപോകുന്ന രൂപം എഴുന്നള്ളി എട്ടുമണിയോടെ കുടയുരുട്ടികവലയില്‍ തിരിച്ച് എത്തുമ്പോള്‍ പള്ളിയിലുള്ള എല്ലാ രൂപങ്ങളും അനുസരണയോടെ ഇറങ്ങി മാതാവിന്‍റെ നേതൃത്വത്തില്‍ പെരിങ്ങുളം റോഡേ നെട്ടാനെട്ടം നടന്ന് സംയുക്തമായി കുടയുരുട്ടിയില്‍ കൂട്ടിമുട്ടും.അപ്പോള്‍ പൊട്ടുന്ന ഗുണ്‍ടു ചേര്‍ന്ന മാലപ്പടക്കവും,  തുടര്‍ന്ന് കുഞ്ഞേപ്പുപേരപ്പന്‍റെ പ്രത്യേക മാദ്ധ്യസ്ഥത്താല്‍ നടക്കുന്ന ഉള്ളാടസമുദായക്കാരുടെ കോല്‍കളിയും അല്പസമയത്തിനകം ഈ ക്ളാസില്‍ സംഭവിക്കും എന്ന് ഞാന്‍ ഒഴിച്ച് എല്ലാവര്‍ക്കും ഉറപ്പായി.

                                                                                                  പിതാവേ, ഇംഗ്ളീഷിന്‍റെ പുസ്തകമാണല്ലോ തുറക്കുന്നത്.ഇങ്ങേര് സയന്‍സും പഠിപ്പിക്കുന്നുണ്ടല്ലോ. അതിനകത്തു  നിന്ന് ദ്രവണാന്കം, ക്വഥനാന്കം കണക്കുകളാണ് തന്നിരുന്നതെന്കില്‍ ഇന്നാ അമ്മേ ചട്ടി എന്ന സ്പീഡില്‍ ഉത്തരം എറിഞ്ഞിടാമായിരുന്നു.വരുന്നത് വരട്ടെ. Alone,Right, Sadness, Farmer, Ion, Elephant, Clever, allow, Join, Valley . 10 വാക്കേ ഉള്ളൂ.കേട്ടു.എഴുതി. താമസമൊന്നുമില്ല. കടലാസ് കൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് വാവല്ലൂര്‍ ജോസ് കിഴക്കേല്‍സണ്ണിയെയും,  സണ്ണി മുളങ്ങാച്ചേരി ടോമിയെയും, ടോമി എന്നെയും തോണ്ടിയത്. Valley ആണ് കുഴപ്പക്കാരന്‍. അവന്‍റെ കിടപ്പ് മുളങ്ങാച്ചേരിക്ക് വെളിപ്പെടുത്തിക്കൊടുത്തു. കിഴക്കേല്‍ വരെ എത്തിയപ്പോഴേക്കും സ്റ്റോപ്പ് റൈറ്റിംഗ് എന്നൊരു ആഞ്ജ പുറപ്പെട്ടതിനാല്‍ വാവല്ലൂര്‍ ജോസിന് അടി ഉറപ്പാക്കി എല്ലാവരും പേപ്പര്‍ കൊടുത്തു.

                                                                                                  10-ല്‍ 9 മാര്‍ക്കോടെ പതിവുപോലെ സ്കറിയ മകന്‍ ജോസ് ഒന്നാമതെത്തി.പക്ഷേ, തെറ്റിപ്പോയ കുഞ്ഞാട് ഏതാണ്? പൂജ്യക്കാരനേക്കാള്‍ സങ്കടത്തോടെ,  9-നെയും ഉപേക്ഷിച്ച് 1-നെ തേടി.കാരണം മനസിലായി,  ഇന്നലെ ക്ളാസില്‍ വന്നിരുന്നില്ല. സാര്‍ നേരെ എന്‍റെ അടുക്കല്‍ വന്ന് ഇന്നലെ വരാത്തതെന്ത് എന്ന് ചോദിച്ചാല്‍ ആ മഹാരഹസ്യം വെളിപ്പെടുത്താമെന്നും കരുതിയതാണ്. അമ്മച്ചി പനിച്ചു കിടക്കുകയാണ്. ചാച്ചന്‍ വെള്ളമുണ്ടക്കു പോയിരിക്കുകയാണ്. ചുക്കും മുളകും വെന്ത വെള്ളവും വായുഗുളികയും എടുത്തുകൊടുത്തും കോണേപ്ളാവിന്‍റെ ചുവട്ടില്‍ മാത്രം ഉള്ള വാതക്കൊടിയില പറിച്ചുകൊടുത്തും ശുശ്രൂഷിച്ചുകൂടിയതാണ് ഇന്നലെ. കിണറിനും വിറകുപുരക്കുമിടയില്‍ നില്ക്കുന്ന കത്തിരിചുണ്ടക്ക് പുറകിലാണ് അമ്മച്ചിക്ക് കുളിക്കാന്‍ വെള്ളം ചൂടാക്കുന്നത്.ചെമ്പുകലത്തില്‍ വെള്ളം തിളച്ചു വരുമ്പോഴേക്കും വാതക്കൊടിയില ഇടണം. ഇല പറിച്ച്,  കോണേപ്ളാവിന്‍റെ തടിയിലിരുന്ന്..... രീരീരീരീ..... പാടുന്ന പാട്ടുസംഘത്തിലെ മൂന്ന് ഇരുട്ടുമാക്രികളെ പിടിച്ച് മടിക്കുത്തില്‍ താമസിപ്പിച്ച്, പറമ്പില്‍കണ്ട ഒരു തേങ്ങ കാലിനുരുട്ടി, വരിക്കപ്ളാവിലെ ചക്കകളില്‍ മൂത്തത്, പഴുത്തത് എന്നിവയുടെ നിലവാരം മനസ്സിലാക്കി, മനസ്സില്‍ കുറിച്ച്, വരുമ്പോഴേക്കും വെള്ളവും അമ്മച്ചിയും തിളച്ചു നില്ക്കുകയായിരിക്കും.

                                                                                               ' കൊണം വന്ന കുഞ്ഞേ, നീ എപ്പം പോയതാ ഇല പറിക്കാന്‍'  ? പിണക്കമില്ല. കൊണം വരാത്ത കുഞ്ഞേ എന്നല്ല വിളിച്ചത്. വളരെ പോസിറ്റീവാണ് അമ്മച്ചി. ഇല ഊര്‍ത്തൂര്‍ത്തിട്ടു. ഇനിയാണ് കളി. ഇലകള്‍ വെള്ളത്തില്‍ സര്‍ക്കസ് തുടങേങിക്കഴിഞ്ഞു. കീഴോട്ട് പോകുന്നു, മേലോട്ട് വരുന്നു. നടുക്ക് തുളയുള്ള ചൊറി പിടിച്ച ഒരുത്തന്‍ മേലെ വന്ന് കുറെ നേരം തത്തിക്കളിച്ചു നിന്നു. Conduction, Convection, Radiation  എന്നിങ്ങനെ മൂന്ന് തരത്തിലാണ് പദാര്‍ത്ഥങ്ങളില്‍ ചൂട് പകരുന്നത്. തോമാസാര്‍ പഠിപ്പിച്ചതാണ്. അതില്‍ രണ്ടാമത്തേതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്രകാരമെല്ലാമുള്ള ശാസ്ത്രീയസംഭവങ്ങള്‍ ഇന്നലെ  വീട്ടില്‍ നടന്നുകൊണ്ടിരുന്നപ്പോഴായിരിക്കണം,  എന്‍റെ അസാന്നിദ്ധ്യത്തില്‍ IRON എന്ന വാക്ക് മഹാനായ തോമസ് പഠിപ്പിച്ചത്. ചിന്നമ്മയുടെ രസതന്ത്രം 10 -ാം ക്ളാസ് പുസ്തകത്തിലെ atoms, ion, isotopes വായിച്ച് വേണ്ടാത്തത് പഠിച്ചതിന്‍റെ ഭവിഷ്യത്ത്. അയണ്‍ എന്നു കേട്ട പാടെ അയറണ്‍ എന്ന് എഴുതാന്‍ തോന്നിയില്ല. കഷ്ടം.

                                                                                                 10-ല്‍ 0, 1, 2, ഇങ്ങനെ 8 വരെ മാര്‍ക്ക് കിട്ടിയ എല്ലാവര്‍ക്കും  മാപ്പു കൊടുത്ത്,  സ്കറിയയുടെ മകന്‍ ജോസിനെ,  SSLC  ബുക്കില്‍ മാത്രം തോമസ് എന്നു പേരുള്ള തോമാസാറിന്‍റെ പത്തല്‍ ക്ളാസിന്‍റെ മുന്‍ഭാഗത്തേക്ക് ക്ഷണിച്ചു. " നീ ഇത് തെറ്റിക്കാന്‍ പാടുണ്ടോ " ?? മൂക്ക് ഒഴിവാക്കി വായിലൂടെ അദ്ദേഹം ചോദിച്ചു. എന്നു വച്ചാല്‍ ഞാന്‍ എല്ലാം പഠിക്കണം, ഒരു തെറ്റും വരാന്‍ പാടില്ല. കപ്പലുമാക്കല്‍ കെ.ജെ ജോസഫ് റിട്ടയര്‍ ചെയ്താല്‍ കോട്ടയം ഭരിക്കാന്‍ വേറെ കളക്ടറില്ല. അത് നീ ആയിരിക്കണം. ഇമ്മാതിരി നല്ല വിചാരങ്ങളും ആഗ്രഹങ്ങളും ആണ് പത്തലിന്‍റെ രംഗപ്രവേശനത്തിന് കാരണം . അതും അപ്പുറവും ഞാനറിയുന്നു.

                                                                                                പറയണോ ? ഞാന്‍ ഇന്നലെ ക്ളാസില്‍  വന്നില്ല. അമ്മച്ചിക്ക് പനിയാണ്. വേണ്ട. സ്വന്തം ചേട്ടന്‍റെ മകന്‍,  അതും തറവാട്ടില്‍ താമസം.പത്തല്‍ധാരിയുടെ വയ്യാത്ത അമ്മ കിടക്കുന്ന നടുക്കത്തേ മുറിയുടെ ഇടത്ത് മേശക്ക് മുകളില്‍ പുസ്തകങ്ങളും മേശക്കടിയില്‍ ഉറക്കവുമായിക്കഴിയുന്ന, തീരാരോഗിയെപ്പോലുള്ള എനിക്ക് ഇന്നലെ എന്താണ് സംഭവിച്ചത് എന്നു വേണമെന്കില്‍ ഇങ്ങോട്ടു ചോദിക്കട്ടെ. ഇല്ല.വെളിപ്പെടുത്തിന്നില്ല. തെറ്റ് എന്കില്‍ തെറ്റ്. തല്ല് എന്കില്‍ തല്ല്. തറവാട്ടിന്‍റെ അന്തസ് കളഞ്ഞുള്ള വിട്ടുവീഴ്ചയ്ക്ക് ഞാനില്ല.പത്തല്‍ ചില ആംഗ്യങ്ങള്‍ കാണിച്ചു. ഇടതുകൈ എന്നെന്നേക്കുമായി ഞാന്‍ മനസ്സാ ഉപേക്ഷിച്ചു.അങ്ങേര്‍ക്കതു നീട്ടി വച്ചു കൊടുത്തു. തല ഇടത്തേക്ക് ചരിച്ചു പിടിച്ചു. സ്കൂളിന്‍റെ പിറകിലെ ആലഞ്ചേരി പാലത്തിന്‍റെ കൈവരിയില്‍ ഒരു കാക്കയിരിപ്പുണ്ട്. ആ കാക്കയെ മാത്രം നോക്കി. കണ്ണു പറിച്ചില്ല.പാലത്തിനടിയില്‍ മീനച്ചിലാര്‍ ഒഴുകുന്നു, ഒരു സാന്ത്വനഗീതം പോലെ...അവിടെ ചെവിയും ഉറപ്പിച്ചു.

                                                                                                മാതാവിന്‍റെ നേതൃത്വത്തില്‍ കൊച്ചുത്രേസ്യാമ്മ, അന്തോനീസ്പുണ്യാളല്‍, യൌസേപ്പ് പിതാവ് തുടങ്ങിയ രൂപങ്ങള്‍ ഇതാ കുടയുരുട്ടിയിലെത്തുന്നു. ഇടക്കരക്കു പോയ സെബസ്ത്യാനോസ്,  അനേകം ഉള്ളാട സ്നേഹിതരുടെ ഉല്‍സാഹത്തില്‍ പരിക്കേല്‍ക്കാതെ  തിരിച്ചെത്തിക്കഴിഞ്ഞു. വെട്ടുകല്ലേല്‍ തൊമ്മന്‍ചേട്ടന്‍ ഒരു പാറക്ക് പിറകിലേക്കോടുന്നു. പടക്കത്തിന് തീ കൊടുക്കാനാണ്. കൊളുത്തി. ഒന്ന് I, രണ്ട്  R, രണ്ട്  R, രണ്ട്  R, ( തോമസേ, രണ്ട് കഴിഞ്ഞാല്‍ മൂന്നാണ് ) കുറെയെണ്ണം കഴിഞ്ഞപ്പോള്‍ മൂന്ന് O , നാല് N എന്ന് അദ്ദേഹം കാര്യങ്ങള്‍ അവസാനിപ്പിച്ചു. പക്ഷേ ഞാന്‍ അവസാനിപ്പിച്ചില്ല. കരയാന്‍ എന്‍റെ പട്ടി വരും (മനോഗതം ) ഈ കൈ ഇനി എനിക്കു വേണ്ടാ. (മനോഗതം )
                        
               


                                                                                                  പാറക്കു പിറകില്‍നിന്ന് വെട്ടുകല്ലന്‍ തിരിച്ചുവന്നു. മാതാവും അന്തോനീസാദിപുണ്യരും  കൂട്ടുകൂടി കിഴക്കുപുറംകാരുടെ വീടിന്‍റെ മുന്പിലൂടെ തിരിച്ചു പള്ളിയിലേക്ക്. ഈ കൈ ഇനി എനിക്കു വേണ്ടാ. കൈ നീട്ടിപിടിച്ച് അവിടെത്തന്നെ നിന്നു. " പോയി ഇരീടാ..."  പോയി ഇരുന്നു. വേണ്ടാത്ത കൈ ഇടതുഭാഗത്ത് ഡസ്കിന് മുകളില്‍ മാറ്റി നിവര്‍ത്തി വച്ചു. കൃദ്ധനായ്,കുറെ കഴിഞ്ഞപ്പോള്‍ നിരാശനായി തോമാസാര്‍ എന്നെത്തന്നെ നോക്കില്ക്കുന്നു. ജോസ് റ്റി എസ്,  കൈ എടുത്ത് മടിയില്‍ വയ്യ്...   കൈ അവിടെത്തന്നെ ഇരുന്നു. വാഴേപീടികയ്ക്കല്‍ രൂപം എത്തുമ്പോള്‍ വാഴേല്‍, ചക്കനാല്‍ കൊച്ചേട്ടന്മാരുടെ മല്‍സരിച്ചുള്ള ഗുണ്ടു പൊട്ടീരുണ്ട്. അപ്പോള്‍ ഈ കൈ ആവശ്യം വരും.

                                                                                                 ലോകത്തിലെ ഏറ്റം ധീരനായ വാവല്ലൂര്‍ ജോസ് എഴുന്നേറ്റ്നിന്നു. ഞാന്‍  ഇന്നലെ വന്നില്ലായിരുന്നു എന്ന് വെളിപ്പെടുത്തി. എന്താണ് വരാഞ്ഞത് എന്ന് അങ്ങേര് ചോദിച്ചില്ല.ഒരേ പാപ്പന്‍റെ പുത്രനും പൌത്രനും തമ്മില്‍ വാശിയില്‍ വലിയ വ്യത്യാസമില്ല. ഇരുവരുടെയും ഭാഗ്യത്തിന് മണിയടിച്ചു. വെളിക്കുവിട്ടു. പക്ഷേ ഈ കൈ എനിക്കു വേണ്ടാ. അപ്പോഴാണ്  തോമാസാര്‍ കുളിര്‍കാറ്റു പോലെ അടുത്തുവന്നത്.  കുഞ്ഞപ്പച്ചാ.... എന്നു വിളിച്ചു. കൈ എടുത്തു മടിയില്‍തന്നു.മതി.മതിയേ മതി.

                                                                                               പോട്ടെ. നമ്മുടെ കുഞ്ഞിപ്പാപ്പനല്ലേ.. കോട്ടയത്തിന് കളക്ടറു വേണ്ടേ...ക്ഷമിച്ചു. ക്ഷമിച്ച ഉടനെ ഇറങ്ങി ഓടി സ്കൂളിന് പിറകില്‍ മരച്ചുവട്ടില്‍ നിരയായി നിന്ന് മൂത്രം ഒഴിക്കുന്ന ഭാവി കളക്ടറുമാരുടെയിടയില്‍, റ്റി. കെ മാത്യു എന്ന കുടുംബക്കാരന്‍റെ അടുത്ത് ഞാനും പോയി നിന്നു.
15Like · · · Promote ·
  • Thomas Thazha Kunjappacha... Thomasarine enikkum marakkan mela. Orazhcha panichu kidannalum, abcd padichu. Namasthe saar!!! Even I want to try writing on him.
  • Jose Scaria T S എല്ലാ താഴത്തുവീട്ടില്‍കാരും വായിച്ച് അഭിപ്രായം അറിയിക്കണം.മുമ്പ് അയച്ച സഹ്യന്‍റെ മകനും വായിച്ചാലും.
  • Thomas Thazha Is this photos yours? The above story is not only on Thomasar. It speaks a lot on your contemporary Peringulam and all the outstanding contemporaries. Good account, nice story and of course, a touching history. But too long. But if we break it into many parts, it does not matter. Congrats. U r really a great writer.
  • Mathew Kurian chirichu chirichu niranjozhukunna ente kannu thudachu kondu parayatte, jose ninte bhavanayum ormayum bhazhayum avathrana seshiyum aparam!!!!!!! salute to your beautifull and humourous naration...Congtrats...Swargiya Thomasarineyum orkunnu...
  • Jose Scaria T S Thanks everybody. photo is not mine.but the size,helplessness,nicker,shirt...yes its me
  • Thomas Thazha Excellent story. I need to read it many times to get the real taste. Now I read it as I wait for my flight back to India. It gives me a lot of warmth in going back. But one comment, Alenchery palam is there, but where is the meenachil Aaaar?
  • Rijo Cyriac Ennalum ente photoykku thanne pani thannu... thakarthu... superb...
  • Elsamma Mathew Wonderfull.real story ethrayum rasakaramayi ezhuthuvan sadhicha kunjeppacha enium ezhuthuka njangal oke onnu chirikkette.congrats. U r a great wonderful writer. Waiting for next.
  • George Mathew Oru Basheer touch. Very good.Pl.keep writing.
  • Jose Scaria T S ആഞ്ചലോയുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടത്.സാഹിത്യകോലാഹലങ്ങള്‍ക്ക് അകത്ത് വളര്‍ന്ന താങ്കള്‍ തുടര്‍ന്നും എന്നെ വായിക്കണമെന്ന് ആഗ്രഹിക്കുന്നു.
Facebook © 2013

No comments:

Post a Comment