Tuesday, 5 March 2013

മണ്ണ്


        മണ്ണിന്‍റെ ഉടയോന്‍ അരചനാണ്. അരചന്‍റെ നീട്ടിയ രണ്ടു കൈകള്‍ക്ക് എത്തിപ്പിടിക്കാവുന്നതിലധികം വിസ്തൃതി മണ്ണിനുള്ളതിനാല്‍ നേരിട്ട് ഭരണം അസാദ്ധ്യമെന്ന് കണ്ട് ഒരു ഭരണസംവിധാനം അരചന്‍ പടച്ചുണ്ടാക്കി.  മണ്ണിനെ അരചന്‍ ദേശങ്ങളായി ഭാഗിച്ചു. ദേശങ്ങളുടെ ഭരണച്ചുമതല ദേശവാഴികള്‍ക്കു നല്‍കി. അവരുടെ നീട്ടിയ കൈകള്‍ക്ക് 175 സെ.മീ. മുതല്‍ 179 സെ.മീ വരെ നീളമുള്ളൂ എന്നതിനാല്‍ ദേശങ്ങളെ നാടുകളായും കരകളായും തിരിച്ച് നാടുവാഴികളെയും കരനായന്‍മാരെയും അവരോധിച്ചു. ഭരിക്കപ്പെടുന്നവന്‍റെ നെഞ്ചത്തു ചവിട്ടാന്‍ ദേശവാഴികള്‍ക്ക് വലിയ ഉള്ളംകാലുകളും അടിയാന്മാരെ അടിച്ചുകൊല്ലാന്‍ കരനായന്മാര്‍ക്ക് വലിയ ഉരുളന്‍ വടികളും അനുവദിച്ചു. കരകളെ വീണ്ടും വിഭജിച്ചു. ഒരുവന് എന്തുമാത്രം കിളച്ചുപണിയാം എന്നത് അവന്‍റെ ഇരുകൈകളിലെ മസിലുകളുടെ ബലവും മക്കളുടെ എണ്ണവും നോക്കി തിട്ടപ്പെടുത്തി ഭൂമി കിളയ്ക്കാന്‍ ഭാഗിച്ചുകൊടുത്തു. മസിലും മനസ്സും മടുത്തപ്പോള്‍ ചിലര്‍ ആ പണി ഉപേക്ഷിച്ചു. എന്നാല്‍ ദീര്‍ഘനാളുകള്‍ ഭക്ഷണം കഴിക്കാതെ മണ്ണിനെ കിളച്ചുമറിക്കാനും നിലാവുള്ള രാത്രികളില്‍ ഉറങ്ങാതെ മക്കളോടും ഭാര്യയോടുമൊപ്പം കുഴിച്ചുവയ്ക്കാനും, താന്‍ പെരുമാറുന്ന മണ്ണിന്‍റെ ഇണക്കവും പിണക്കവും അറിയാവുന്ന ഒരു സ്നേഹബന്ധം ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞ കുറേ പേരെയാണല്ലോ നാം അപ്പന്‍ , വല്യപ്പന്‍ , വല്യപ്പന്‍റെ അപ്പന്‍ എന്നൊക്കെ വിളിച്ചുപോരുന്നത്.

                                             ----- മണ്ണ്-----   മണ്ണ്-------

              വിഭജിക്കപ്പെട്ട ഭൂമിയില്‍ വിയര്‍പ്പും വിശപ്പും വിത്തുകളും വീണ് മുളച്ചു. അവയെ ആദായം എന്നു പേരിട്ട് വിളിച്ചു. ആദായത്തിന്‍റെ ഉടയോന്‍ സുവ്യക്തമായും കിളക്കാരന്‍ അല്ല. ആദായം സമാഹരിക്കാന്‍ ശേഖരന്മാര്‍ അഥവാ കളക്ടര്‍മാര്‍ നിയമിതരായി. അവരുടെ കീഴില്‍ കുറെ ആണ്ടിപ്പണ്ടാരങ്ങളും നിയമിതരായി. ആണ്ടിപ്പണ്ടാരങ്ങള്‍ മണ്ണ് പെറ്റ വിളകളെ കവര്‍ന്നു. കൂടാതെ തലക്കരം, മൊലക്കരം തുടങ്ങിയ കവര്‍ച്ചകളും കവര്‍ന്നു. കവര്‍ച്ചമുതലിന്‍റെ കണക്കെഴുത്തിന് അരചപുരിയില്‍ സര്‍വ്വാധികാര്യക്കാരന്‍ -Chief Secretary-കണക്കുപിള്ള -Accountant- നീട്ടെഴുത്തുപിള്ള -Head Clerk- രായസംപിള്ള -Clerk-തുടങ്ങിയ മേലധികാരപണ്ടാരങ്ങള്‍ ഇരുപ്പാരംഭിച്ചു. അവരുടെ പൊണ്ടാട്ടികള്‍ക്കും കൊളന്തകള്‍ക്കും കുമ്പിടുന്നതിനായി മീനാക്ഷികോവിലുകളും, ചുറ്റുവതിന് ചേലകളും ശാപ്പിടുവതിന് സാമാനങ്ങളും കിടയ്ക്കുന്ന വാണിഭപ്പുരകളും പണിതു. ഇവയ്ക്കെല്ലാം മുകളില്‍ പൊന്നുതമ്പുരാന്‍ ഉറങ്ങിവാണു. ഇടക്കിടെ ഞെട്ടിയെഴുന്നേറ്റ് തൂക്കിക്കൊല്ലാന്‍ വിധിച്ചു.

                                                   ---- മണ്ണ്----മണ്ണ്------


         മേല്‍പറഞ്ഞ എല്ലാവര്‍ക്കും കഴുത്തിനും ആമാശയത്തിനും ഇടയിലായി ഹൃദയം എന്നൊരു സാധനം കണിശമായും ഉണ്ടായിരുന്നു. അതിനാല്‍ കൊല്ലങ്ങളായി രാജ്യത്തിനുവേണ്ടി കിളച്ചവര്‍ക്ക് കുറെ മണ്ണ് സ്വന്തമായി അനുവദിക്കാന്‍ തിരുവുള്ളമായി. കിളച്ചുപാതി എന്ന ആ സൂത്ര പ്രകാരം കിളച്ചികിളച്ചു പണിത മണ്ണിന്‍റെ പാതി കിളച്ചവന് ലഭിച്ചു.

                                                ------മണ്ണ്-----മണ്ണ്------

      കിളച്ചുകിളച്ച് പാതിയിലധികം ജീവന്‍ പോയ ഒരപ്പനും മകനും ഒരു കഷണം ഭൂമിയിലൂടെ ഓടി നടക്കുകയാണ്. ഇന്നലെ വരെ അമര്‍ത്തിചവിട്ടാന്‍ ഭയന്നിരുന്ന ആ മണ്ണില്‍ അപ്പന്‍ സ്നേഹത്താല്‍ , കൊതിയാല്‍ , അഭിമാനത്താല്‍ ആഞ്ഞുചവിട്ടി. ബ്ധും..ബ്ധും..ബ്ധും.. ഓരോ ചവിട്ടിനും മണ്ണ് മറുപടി പറഞ്ഞു,  ഒവ്വ..ഒവ്വ...ഒവ്വ... എന്നെ ചവിട്ടുക, കിളയ്ക്കുക, ഇളക്കുക. , എന്‍റെ ചരിവുകളില്‍ കയ്യാലകള്‍ തീര്‍ത്ത് എന്‍റെ യൌവനം നോക്കിനടത്തുക .  കുഴിച്ചുവയ്ക്കുക , ഞാന്‍ മുളപ്പിക്കാം .അരചനുവേണ്ടിയല്ല നിനക്കുവേണ്ടി മാത്രം മുളപ്പിക്കാം. ഒരു ദിവസം താലൂക്കാ കാര്യാലായത്തില്‍നിന്ന് വന്ന അറിയിപ്പിന്‍ പ്രകാരം അവിടെ പോയിവന്ന അപ്പന്‍റെ കൈവശം മുഷിഞ്ഞ നിറമുള്ള ഒരു കടലാസുണ്ടായിരുന്നു. കരംകെട്ട് രസീത്. 132-ം തണ്ടപ്പേരില്‍ 3 ഏക്ര 38 സെന്‍റ് ഭൂമിക്ക് രാജ്യത്തിന്‍റെ ഖജനാവിലേയ്ക്ക് ഒന്നര ചക്രം കരമടച്ചതിന്‍റെ മഹാകടലാസ്. സുരക്ഷിതമായി തൊപ്പിപ്പാളയുടെ അകത്ത് ഇടത്തെ പാളി വിടര്‍ത്തി അപ്പന്‍ അത് തിരുകിവച്ചു.

                                                 ------മണ്ണ്-----മണ്ണ്-----

       ചക്രം കൈയിലുള്ളവന്‍ മണ്ണ് ചക്രം കൊടുത്ത് വാങ്ങാനാരംഭിച്ചു. ചക്രം കൈയിലില്ലാത്തവന്‍ തേങ്ങ, കുരുമുളക്, പാക്ക് എന്നീ മേലാദായങ്ങള്‍ പറിച്ച് കൊടുത്തും വരും കൊല്ലങ്ങളില്‍ പറിക്കാനുള്ളവ ഒറ്റിയും മണ്ണ് വാങ്ങി. മണ്ണിന്‍റെ നിറമുള്ള വെന്തിങ്ങ മാറ്റി കപ്പൂച്ചിന്‍ ളോഹയുടെ നിറമുള്ള പുതിയ വെന്തിങ്ങകള്‍ വാങ്ങി ധരിച്ചു. എന്നാല്‍ അമ്മയാണേ സത്യം , അരീത്ര വല്യച്ചനാണേ സത്യം കൃഷി ചെയ്യാനും ആദായമെടുക്കാനുമല്ലാതെ അന്ന് ആരും മണ്ണ് വാങ്ങിയിരുന്നില്ല.

                                                       ------മണ്ണ്-----മണ്ണ്------


        മണ്ണുണ്ടോ.... മണ്ണ് !!  എവിടെയെങ്കിലും എന്തു വിലയ്ക്കും മണ്ണ് കിട്ടാനുണ്ടോ...... ഉണ്ടേല്‍ പറ.. എല്ലാം ഞാന്‍ വാങ്ങുന്നു. ഇനി മണ്ണ് ആവശ്യമുള്ളവര്‍ എല്ലാവരും എന്‍റെ അടുക്കല്‍ വന്ന് ഞാന്‍ പറയുന്ന ആറായിരം പൂജ്യങ്ങളുള്ള സംഖ്യ തന്ന് അര സെന്‍റ് വീതം വാങ്ങി കൂര വയ്ക്കട്ടെ.. എനിക്ക് രണ്ട് കൈകളും നീട്ടിയാല്‍ 180 സെ.മീ. മാത്രം നീളമുള്ളൂ എന്നതിനാല്‍ എന്‍റെ ഏജന്‍റുമാര്‍  വസ്തുപോര്‍ക്കുകളായി പാഞ്ഞുനടപ്പുണ്ട് , ഭൂമിയിലും കടലിലും ആകാശത്തും ചന്ദ്രനിലും. അമ്മയാണേ , അരീത്ര വല്യച്ചനാണേ.. സത്യം! കൃഷി ചെയ്യാനല്ല ,ഒരു കാന്താരിച്ചീനി കുഴിച്ചുവയ്ക്കാന്‍ പോലുമല്ല , വിനിമയം ചെയ്യാനാണ് . കച്ചോടം. മനസ്സിലായില്ലേ കച്ചോടം. എന്‍റെ കച്ചോടത്തിന്‍റെ പേരാണ് 'വെരിമച്ച് അണ്‍റിയല്‍ എസ്റ്റേറ്റ്.'

                                                         ------മണ്ണ്-----മണ്ണ്-------

           മകന് പെണ്ണന്വേഷിച്ചതിറങ്ങിയതാണോ.... പേരപ്പാ...  വെറുതെയാ കിട്ടില്ല. പെണ്ണ് വേണേല് സക്കറിയാ ആന്‍റ് മക്കറിയാ റിയല്‍ വാല്യൂ മാട്രിമോണിയല്‍ എസ്റ്റേറ്റില്‍ ചെല്ലണം. ഇന്നാട്ടിലെ പെണ്ണുങ്ങളായ പെണ്ണുങ്ങളെയെല്ലാം അവന്‍ ചോദിച്ച വില കൊടുത്ത് വാങ്ങികൂട്ടിയിരിക്കുകയാ.. അവന്‍ മറിച്ച് വില്ക്കുന്നിടത്ത് ചെന്നാലേ ഇനി പെണ്ണ് കിട്ടൂ... പണ്ട് അവന് മണ്ണ് കച്ചോടമായിരുന്നു. കച്ചോടത്തിന് മണ്ണ് ഇല്ലാതെ വന്നപ്പോള്‍ അവന്‍റെ ബുദ്ധിയില് നിസ്സാരമായി തെളിഞ്ഞ ബുദ്ധിയാ മാട്രിമോണിയല്‍ എസ്റ്റേറ്റ്. കുറച്ചൊന്ന് ആലോചിച്ചാല്‍ പല എസ്റ്റേറ്റുകള്‍ക്കും ഇനിയും സാദ്ധ്യതകളില്ലേ ?

      മരിച്ചുവീഴാന്‍ മണ്ണില്ലാത്ത എല്ലാ മലയാളിയുടെയും ജഡം കുറഞ്ഞ നിരക്കില്‍ തുമ്പയില്‍നിന്ന് ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കാനുള്ള റോക്കറ്റ് സംവിധാനം ആയിരിക്കട്ടെ ഇനി ഭരണത്തില്‍ വരുന്ന സര്‍ക്കാരിന്‍റെ മോഹനവാഗ്ദാനം


    ************THANKS TO ALL READERS********** മണ്ണ് ഒരു വേദന************

Like · · · Promote ·

No comments:

Post a Comment