Wednesday 10 July 2013

നിലപ്പുള്ളടി ഒരു പാവമാണ്

ഇത്തിരി വട്ടത്തില്‍ താഴ്നിലം ചേര്‍ന്നു വളരും.  ഒരു മരുന്നു ചെടിയാണ്.

   കണ്ടിട്ടില്ലേ ..... ഒരുപാടു ചവിട്ടി കടന്നു പോയിട്ടും കണ്ടിട്ടില്ല അല്ലേ , പാവത്തിനെ ?

   വളര്‍ച്ച നിശ്ചയമായും മുകളിലേയ്ക്കല്ല. ഞാനമ്മയെ കല്യാണം കഴിച്ചോളാം എന്നു ശഠിക്കുന്ന കുഞ്ഞുമകളെപ്പോലെ മുളപ്പിച്ച മണ്ണിനെത്തന്നെ കെട്ടിപിടിച്ചാണ് നിലം പറ്റി നില്‍പ്.

   ഷര്‍ട്ടിന് ബട്ടണ്‍സ് തയ്ക്കാന്‍ അമ്മ സൂചിയില്‍ കോര്‍ക്കുന്ന നൂലിനെക്കാള്‍ മെലിഞ്ഞ വള്ളിത്തണ്ടുകള്‍ !
അതില്‍ , വര്‍ഷാവസാനപരീക്ഷയുടെ അവസാന ദിവസം ഞാന്‍ നിങ്ങളുടെയും നിങ്ങള്‍ എന്റെയും ഷര്‍ട്ടിനു പുറത്ത് കുടഞ്ഞ മഷിവൃത്തങ്ങള്‍ പോലെ കുഞ്ഞുവട്ടത്തിലുള്ള പച്ചക്കുഞ്ഞിലകള്‍ .

   ഒരു മുക്കുറ്റിയുടെയോ , ഒരു മഷിത്തണ്ടിന്റെയോ മുകളില്‍ ഒരിലയെ എങ്കിലും ഉയര്‍ത്തി പിടിക്കണമെന്ന് നിലപ്പുള്ളടി ഒരിക്കല്‍ പോലും മോഹിച്ചിട്ടില്ല.

   മുലപ്പാല്‍ എന്നു പറഞ്ഞാല്‍ അത് മനുഷ്യന്റെ പാലാണ്. പശുവിന്റെ പാലിന് പശുവിന്‍മുലപ്പാല്‍ എന്നല്ല പശുവിന്‍പാല്‍ എന്നാണ് പറയാറ്. രോഗം ഭേദമാകാന്‍ ആവശ്യമായ നന്മയുടെ അളവനുസരിച്ച് ഈ നന്മച്ചെടിയെ വേരോടെ പറിച്ചരച്ച് , മുലപ്പാലിലോ പശുവിന്‍പാലിലോ ഉള്‍ക്കൊള്ളുക. രോഗിയുടെ മനസ്സ് , ആമാശയം, പിത്താശയം, രക്തഞരമ്പുകള്‍ , നാഡീഞരമ്പുകള്‍ , എന്നിവ ശുദ്ധമാകും. പിന്നെ പ്രഞ്ജയില്‍ വെളിച്ചം പിറക്കും. ഈ പാവം ചെടിയുടെ ജന്മം പോലെ നിര്‍മലമാകും.

   കഴിച്ചങ്ങു കഴിയുമ്പോള്‍ രോഗി കഷ്ടപ്പെട്ട് കണ്ണു തുറന്ന് ചുറ്റും നോക്കും. എത്ര നന്മ നിറഞ്ഞതാണീ ചുറ്റുപാടുകള്‍ എന്ന് ആദ്യമായി കണ്ടറിയും. പിന്നെ നാളുകളായി അടച്ചുവച്ചിരുന്ന വായ് തുറന്ന് ഒരിറ്റ് കഞ്ഞിവെള്ളം കുടിച്ച് , മനം പിരട്ടുന്നില്ലല്ലോ എന്നത്ഭുതപ്പെടും. വീണ്ടും വായ് തുറന്ന് കഞ്ഞിയും ഒരു പപ്പടക്കഷ്ണവും. പിന്നെ കണ്‍തുറന്ന് ഒരു വിളറിയ പുഞ്ചിരി - നിലാവെട്ടം പോലെ.... എത്ര നാളായി ഇങ്ങനെ ഒന്ന് പുഞ്ചിരിച്ചു കണ്ടിട്ട് എന്ന് പറഞ്ഞ് ചുറ്റും നില്ക്കുന്നവരും കണ്ണുനീര്‍ തുടച്ച് പുഞ്ചിരിക്കും.

   അപ്പോള്‍ ... എന്നെ ഏല്പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കി , എനിക്കു സന്തോഷമായി ... എന്ന് അരഞ്ഞു നീരായി ഉള്ളില്‍ കിടന്ന് നിലപ്പുള്ളടി കൃതാര്‍ത്ഥനാകും.

  

       നിലപ്പുള്ളടി പോലെ നിര്‍മ്മലയായ ഒരു ആള്‍ സ്നേഹവട്ടത്തില്‍ നിനക്കുണ്ടായിരുന്നു. അത്രമേല്‍ എളിയ ജന്മം സ്വീകരിക്കയാല്‍ ആള്‍ത്തിരക്കിലോ , പന്തലിലോ , ഉപചാരവേദികളിലോ,  ആടയാഭരണപ്രദര്‍ശനസ്ഥലങ്ങളിലോ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല ആ ആളിനെ.  നിലം ചേര്‍ന്ന് അവര്‍ ജീവിച്ചു. ജീവിക്കാന്‍ എറിഞ്ഞിട്ട സ്ഥലത്ത് അവര്‍ പടര്‍ന്നു. ആ ആളെ  വെറുതെ അങ്ങനെ നോക്കി നിന്നാല്‍ത്തന്നെ ആധികള്‍ മാറും . അവരെ തൊട്ടാലോ മനസ്സ് ശുദ്ധമാകും. ഭക്ഷിച്ചാലോ അനേക നാളുകളായി കൊണ്ടുനടന്നിരുന്ന അവശതകള്‍ ശമിക്കും.

       സ്നേഹമുള്ള ആ കൈകളുടെ താങ്ങില്‍ എഴുന്നേറ്റ് ചാരിയിരുന്ന് , ഒരിറക്ക് കഞ്ഞി കുടിച്ച് , ഒരു കുരുന്നില വട്ടത്തില്‍ ആശ വളര്‍ന്ന് , ഇനിയും ജീവിക്കാന്‍ തീരുമാനിച്ച്  എത്ര വട്ടം തോള്‍സഞ്ചിയുമായി കാണാനഗരങ്ങളിലേയ്ക്ക് ഒട്ടും പരിചയമില്ലാത്ത വഴികളിലൂടെ ,  ചിരപരിചിതനെപ്പോലെ കാലിടറാതെ പുറപ്പെട്ടിട്ടുണ്ട് , സുഹൃത്തേ , നീ ? !!

നിലപ്പുള്ളടിയുടെ പുണ്യം മണക്കുന്ന എളിയ പാഠശാലയിലേയ്ക്ക് അസമയരാത്രികളില്‍ എത്ര മടങ്ങിവരവുകളും !!




       [ അപ്പോള്‍ നിന്നെ വിരുന്നിന് ക്ഷണിച്ചവന്‍ അടുക്കലേയ്ക്ക് വന്നു പറയും, എളിയ സ്നേഹിതാ ... വരൂ , മുന്‍പില്‍ മഹത്തുകള്‍ക്കായി നിരത്തിയിട്ടുള്ള ഇരിപ്പിടത്തില്‍ കയറിയിരിക്കൂ.....]