Sunday 31 May 2015

തലകീഴ്മരണം




ഈ ചാക്കോച്ചേട്ടന്മാരുടെ മുറ്റത്ത് പൂവും പുണ്ണാക്കുമൊക്കെ കുറവായിരിക്കും. നാലു വശവും റബ്ബറ് വച്ച് മുഴുവന്‍ ചോല ആക്കി വച്ച മുറ്റത്തെവിടെ പൂവുണ്ടാകാനാ..?

അല്പസ്വല്പം വെട്ടോം വെയിലും വീഴുന്നിടത്ത് അമ്മേടെ പയറ്പാവല് കൊലുമ്പല്, അപ്പന്‍റെ ആടലോടകം, തിപ്പലി, കണ്ണില്‍ പിഴിഞ്ഞൊഴിക്കുന്ന ഒരുജാതി വെള്ളപ്പൂ വിരിയുന്ന വള്ളി...

ഇതിന്നിടയിലും ,മുറ്റത്തിന്‍റെ ചില അവഗണനാമൂലകളിലും ചെത്തി, മെലിഞ്ഞ ഒന്ന് രണ്ട് റോസ, ഒരു ചെമ്പരത്തി. 

ഈ ചെമ്പരത്തി എല്ലാ വിധ അടിച്ചമര്‍ത്തലുകളെയും അതിജീവിക്കാന്‍ കരുത്തുള്ള ഉള്ളെഴുത്തുള്ളയാളായിരുന്നു. അതങ്ങ് വളര്‍ന്ന് പട്ടിക്കൂടിനെ മൂടി, പൂത്ത് ചുവന്ന് , രാവിലെ പൂവെണ്ണം എടുക്കാന്‍ ചെല്ലുന്ന എന്‍റെ കണക്കെല്ലാം തെറ്റിച്ച് , പലജാതി ചെറുപക്ഷികളെ വരുത്തിയൂട്ടി...

എന്നാല്‍ എന്‍റെ വീടിന് മുന്‍വശം റബറല്ലാ , കാപ്പിയാകുന്നു. ഈ കാപ്പികള്‍ക്കേതായാലും ഒരു നൂറിന്‍റെ തികവ് ഉറപ്പാണ്. ആറാംക്ളാസേഴാംക്ളാസിലൊക്കെ പഠിക്കുന്ന പിള്ളേരുടെ തലപ്പൊക്കത്തീന്ന് ഭൂമിക്ക് സമാന്തരമായി വളരുന്ന ധാരാളം കൊമ്പുകളുള്ളതില്‍ എല്ലാത്തിലും വലിഞ്ഞുകയറാനും സാമൂഹ്യപാഠം ഉറക്കെ വായിച്ചുപഠിക്കാനുമ്മാത്രം പിള്ളേരൊന്നും ആ വീട്ടില് മുളച്ചിട്ടുമില്ല.

സാമൂഹ്യപാഠം, ബയോളജി ഈ രണ്ടു ചോലകള്‍ വെട്ടിക്കഴിഞ്ഞും ഇഷ്ടം പോലെ സമയം ഉണ്ട്. ബാക്കിയുള്ള പാഠങ്ങള്‍ എന്‍റെ സുഹൃത്തുക്കളും എപ്പോഴും എന്‍റെ കൂടെനടപ്പുകാരുമാണ്. അങ്ങനെ ഇഷ്ടം പോലെയുള്ള സമയത്ത് പുസ്തകം താഴേക്കിട്ട്, തല താഴേക്കിട്ട് കാല്‍മുട്ടുകള്‍ മടക്കി കാപ്പിയില്‍ പിണച്ചുകെട്ടി തലേംകുത്തി തൂങ്ങി കിടക്കാറുണ്ടായിരുന്നു. കൈകള്‍ സ്വസ്ഥമായി മാറത്ത് കെട്ടിവയ്ക്കും. കുറേനേരമങ്ങനെ കിടക്കാം. അമ്പടാ മഗല്ലാ.... നിന്‍റെ കടല് യാത്രകളുടെ അഹങ്കാരം തീര്‍ക്കാനീ കിടപ്പ് മതിയോ എന്നും, നിനക്ക് സൂക്ഷിച്ച് നടക്കാരുന്നില്ലേ... മഞ്ഞല്ലേ... ലൂസിഗ്രേ...., എന്നും, അടികൊള്ളാന്‍ വേണ്ടിത്തന്നെ എന്തിനിങ്ങനെ പാവമായിപ്പോയെടോ നീയെന്‍റെ അങ്കിള്‍ ടോം എന്നും ആലോചിക്കാനൊക്കെ സമയം ആ കിടപ്പില്‍ കിട്ടും.

ഈ കിടപ്പുമായി ബന്ധപ്പെട്ട് ഞാനൊരിക്കലൊരു സ്വപ്നം കണ്ടിരുന്നു.

ലോകാവസാനമാണ്. എല്ലാവരും ആരുടെയോ ആജ്ഞക്ക് വഴങ്ങി, കീഴടങ്ങിയവനെപ്പോലെ കുനിഞ്ഞ തലയുമായി കാപ്പിത്തോട്ടത്തിലേക്ക് ലൈന്‍ലൈനായി വന്ന് കാപ്പിയില്‍ കയറി തലകീഴായിതൂങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ഞാനും വരുന്നു. അമ്മയും അനിയന്‍മാരുമുണ്ട്. അനിയന്മാരെ കാപ്പിയില്‍ കയറാനും തലകീഴായി തൂങ്ങാനും അമ്മ സഹായിക്കുന്നു. ഞാന്‍ തനിയെ ഒരു കാപ്പിയില്‍ കയറി, അനായാസമായി തൂങ്ങിക്കിടന്നു, അമ്മ ദൂരെയൊരു കാപ്പിയില്‍ കയറി. ഇല്ല അമ്മയുടെ അടുത്തേക്ക് പോകാനൊന്നും അനുവാദമില്ല.





 മരവിച്ച മുഖങ്ങളങ്ങനെ നിരനിരയായി കിടക്കുന്നത് കണ്ടു. ആരാണ് അങ്ങനെ കിടന്ന് മരിക്കാന്‍ അവരോടൊക്കെ പറഞ്ഞത്?  ആരും പറഞ്ഞിട്ടുണ്ടാവില്ല. കാരണം എന്നോടാരും പറഞ്ഞിട്ടില്ല. എന്‍റെ ഉള്ളിലങ്ങനെ  തോന്നി തന്നെയിറങ്ങിവന്നതാണ്.

ആ കിടപ്പില്‍ എന്‍റെ ക്ളാസിലെ ബന്നിയും ജോസും കൃഷ്ണന്‍കുട്ടിയും കൂടെ ഒന്നിച്ചിറങ്ങിവരുന്ന തലകീഴ്കാഴ്ച കണ്ടു. കൃഷ്ണന്‍കുട്ടിയുടെ കൈയിലെപ്പോഴും കാണുന്ന ചെക്കുട്ട, സകതേമ്പര്‍ , നായ്ക്കോണി കളിയുടെ കമ്പും കോലും ഇപ്പോഴില്ല.

നടയിറങ്ങി കാപ്പിത്തോട്ടത്തിലേക്ക് വരുന്നത് അവളാണ്, അവളെന്‍റെ ക്ളാസിലെ മേഴ്സി ഫ്രാന്‍സീസാണ്. അവളെന്‍റെ അടുത്തെങ്ങും തൂങ്ങല്ലേ... അമ്മയുടെ അടുത്ത് തൂങ്ങിക്കോട്ടെ.

അപ്പോഴാണ് ബന്നി ചോദിക്കുന്നത്, അവനെല്ലാ സംശയവും എന്നോടാണ് ചോദിക്കാറ്... ഇങ്ങനെയിങ്ങനെ കിടന്ന് നമ്മളെപ്പഴാ ജോസേ മരിക്കുന്നേ..?

മരണമെന്നു പറയുന്നത് ചലനമില്ലായ്മയും സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാനുള്ള ക്രൂരമായ അനുവാദമില്ലായ്മയുമാണെന്ന് ഭീതിദമായ ആ സ്വപ്നത്തിലൂടെ അറിഞ്ഞ് എത്ര നേരമാ കിടന്നത്!!

എപ്പോഴാണ് മരിച്ചതെന്നോ, എപ്പോഴാണ് മരണം ഒരു സ്വപ്നം മാത്രമായിരുന്നു എന്നറിഞ്ഞതെന്നോ.... ഇല്ല, വളരെക്കാലമായില്ലേ,  ഓര്‍മ്മയില്ല.