Friday 19 September 2014

ആ ചുവന്ന പക്ഷി

ചെറിയ ഒരു പക്ഷിയെ അറിയില്ലേ ...
ചിറകിന്‍റടിഭാഗം കൊതിപ്പിക്കുന്ന ചുവപ്പുനിറം. കൊക്കിന്‍റെ വശങ്ങളിലും ആ നിറം കേറിയിറങ്ങിയിട്ടുണ്ട്. ചിറകിന് കാട്ടുപക്ഷികളുടെ ചാരനിറം തന്നെ . ചെമ്പരത്തിയില്‍ രാവിലെ വന്നിരുന്ന് ചില മോഷണങ്ങളൊക്കെ ഇയാള്‍ നടത്താറുണ്ട്.
ഇയാള്‍ , പല ത്യാഗകഥകളിലും പറയാറുള്ളതുപോലെ, പണ്ടേ ചുവപ്പനായിരുന്നില്ല. ആഗ്നേയമായ ഒരു ത്യാഗത്തിന്‍റെ ചൂടുള്ള പ്രതിഫലമായാണ് ഈ നിറം ഇയാള്‍ക്ക് കിട്ടിയത്.
മരം കോച്ചുമല്ലോ കൊടും തണുപ്പത്ത്. അങ്ങനെ കോച്ചിപ്പോയ ഒരു മരത്തിന്‍റെ അടിക്കൊമ്പില്‍ കാലിറുക്കിപ്പിടിച്ച്, കൊക്ക് ചിറകിനടിയില്‍ പൂഴ്ത്തി , ചിറക് പടര്‍ത്തി ഒരു പുതപ്പാക്കി കാട്ടുപക്ഷിയൊന്ന് ഉറങ്ങുകയായിരുന്നു.
അല്ല, ഉറങ്ങുകയായിരുന്നില്ല. ചിറകിനടിയില്‍ പൂഴ്ത്തിവച്ച തലയിലെ ഒരു കണ്ണ് തുറന്ന് വച്ച് അത് മരച്ചുവട്ടിലേക്ക് സസൂക്ഷ്മം നോക്കിയിരിക്കുകയായിരുന്നു. മരച്ചുവട്ടില്‍ അന്നു സന്ധ്യയോടെ ഒരു മനുഷ്യനും അയാളുടെ ഭാര്യയും വന്നിരുന്ന് തീയ് കൂട്ടി ഭക്ഷണമുണ്ടാക്കുന്നതും, ഒരു തുണിക്കെട്ടില്‍ നിന്ന് പൂപോലുള്ള ഒരു കുഞ്ഞിനെയെടുത്ത് സ്ത്രീ മുലയൂട്ടുന്നതും പക്ഷി കണ്ടിരുന്നു. ആ കാഴ്ചയില്‍ പക്ഷിക്ക് സ്നേഹം വരികയും, തനിയെ കിട്ടിയാല്‍ പൈതലിനടുത്ത് പോയിരിക്കണമെന്നും ചിറക് പഞ്ഞി പോലാക്കി തലോടണമെന്നും ഒരു പാട്ടൊന്നു പാടണമെന്നും പക്ഷിയുടെയുള്ളില്‍ നനവൂറിയിരുന്നു.
താനിരിക്കുന്ന കൊമ്പിന്‍റെ അടിയിലത്തെ കൊമ്പില്‍ തൊട്ടില്‍
കെട്ടി അതില്‍ കുഞ്ഞിനെ തുണികൊണ്ട് പൊതിഞ്ഞ് ഉറക്കികിടത്തി തണുപ്പിനെ ചെറുക്കാന്‍ ഒരു തീക്കുണ്ഡം കൂട്ടി, മനുഷ്യര്‍ രണ്ടുപേരും ഉറങ്ങിയിട്ട് സമയം കുറേയായി. പക്ഷിക്ക് എന്തുകൊണ്ടോ ഉറക്കം വന്നില്ല. പറന്നുപോകണമെന്നും കുഞ്ഞിന്‍റെ തൊട്ടിക്കുള്ളില്‍ കയറി, ചിറക് പഞ്ഞിപോലെ വിടര്‍ത്തി ഒരു പുതപ്പായ് പൊതിയണമെന്നും വീണ്ടും പക്ഷിക്ക് തോന്നി. മഞ്ഞുപോലെ മരവിച്ച ചിറകിനെ അനക്കാന്‍ നോക്കിയിട്ട് അവന് പക്ഷേ കഴിഞ്ഞില്ല.
പക്ഷേ, ചിറകിനടിയിലെ തുറന്നിരുന്ന കണ്ണ് രാവിലൊരുനേരം തീയ് കെട്ടുപോയതും, തൊട്ടിക്കുള്ളില്‍ തണുത്തുവിറക്കുന്ന പൂമ്പൈതലിന്‍റെ ചില അനക്കങ്ങളും, ഉവ്വ്, ഞരക്കങ്ങളും അറിയുന്നുണ്ടായിരുന്നു.
പക്ഷി താഴേക്ക് പറന്നു. പക്ഷേ ചിറകുകള്‍ നിവരാഞ്ഞതിനാല്‍ ഒരു മരക്കൊമ്പ് ഒടിഞ്ഞുവീണതുപോലെ അവന്‍ നിലത്തു വീഴുകയായിരുന്നു. ചാടിയും തത്തിയും തീക്കൂനക്കടുത്തെത്തി. ചുണ്ടിനാല്‍ പരതിയപ്പോള്‍ കെടാതെ കിടക്കുന്ന ഒരു കനല്‍ അവന്‍ കണ്ടു. ചൂടുചാരം കൊക്കും കാലും കൊണ്ട് മാറ്റിയപ്പോള്‍ അവന്‍റെ ചിറകുകളിലെ മരവിപ്പ് മാറി. ചിറക് വിരുത്തി വീശി , വീശി, പിന്നെയും വീശി അവനാ കനലിനെ ജ്വലിപ്പിച്ചു. പിന്നെ പറന്ന് തൊട്ടിലിലിരുന്ന് അകത്തേക്ക് നോക്കി. വലിയ ഒരു കരച്ചിലിനെ പുറത്തേക്ക് വിടാന്‍ പോലും കഴിയാതെ വിതുമ്പുന്നുണ്ട് ഉണ്ണി എന്ന് കണ്ട് പക്ഷി വേഗം തിരികെ പറന്നു. തീക്കൂനക്കുമേല്‍ പറന്നുനിന്ന് അവന്‍റെ ചിറകുകളതിനെ വീശിയുണര്‍ത്തി. വലിയ തീജ്വാലയായി ഉയര്‍ന്നു കത്തിയിട്ടും അവനത് തുടര്‍ന്നു. കുഞ്ഞ് ചൂടേറ്റ് സമാധാനമായി ഉറങ്ങിയെന്ന് അവനുറപ്പോയപ്പോഴേക്കും ...


അവന്‍റെ കൊച്ച്പക്ഷിദേഹത്തിന്‍റെ അടിഭാഗമെല്ലാം ചുവന്ന് തീയ് പോലെ പഴുത്ത്.... കാലങ്ങളിലേക്ക് അവന്‍റെ കൂട്ടില്‍ വിരിയേണ്ട മുട്ടകളിലും ചുവപ്പ് പടര്‍ന്ന് ... അവനിങ്ങനെ ഒരു കഥയായി പഴുത്തു.