Saturday 17 January 2015

ഗോത്രപ്പുഴയിലെ മീന്‍കണക്കുകള്‍

നിഷ്കളങ്കയായ ഭൂമി. എന്നു പറഞ്ഞാല്‍ അവിടെയുള്ള പാറകളില്‍ പുണ്യപുരുഷന്മാർ, ഇതിഹാസഭീമന്മാർ എന്നിവരുടെയൊന്നും കാല്പാദത്തിന്‍റ ചവിട്ടുപാടുകള്‍ പതിഞ്ഞിട്ടില്ല. പാറക്കുഴികളില്‍ ദേവി കുളിച്ചതിന്‍റെ തിരുശേഷിപ്പുകളില്ല. അത്രേ അർത്ഥമുള്ളൂ.
പാവം ഭൂമിയെന്നും പറയാം. മരങ്ങളെ നട്ടുവളർത്തും, പുല്ലും പൂവും നിരത്തും. മഴ പെയ്യിക്കും , പുഴയൊഴുക്കും, പുഴയില്‍ മീന്‍ വളർത്തും. അത്രേ ഉള്ളൂന്ന്...





കൊന്തുങോ. രമ്പേന്തങ്, മിയാമി എന്നിങ്ങനെ പേരുള്ള മനുഷ്യരും എങ്ങോട്ടൊക്കെ നോക്കിയാലും ഇല്ലിക്കാടുകളും നിറഞ്ഞ പർവ്വതഭൂമിയില്‍ എന്‍റെ നല്ല പ്രായത്തിലാണ് സ്കൂള്‍ മാഷായി ചെന്നെത്തിയത്. 
പണ്ട് അപ്പന്‍ സ്കൂളിലേക്ക് തോളിലെടുത്തുകൊണ്ടുപോയി ഒന്നാം ക്ളാസില്‍ ചേര്‍ത്തപോലെ കൊന്തുങോ എന്ന വിദ്യാർഥിയും, രമ്പേന്തങ് എന്ന ഹെഡ്മാഷും, മിയാമി എന്ന പെണ്‍കുട്ടിയും ചേർന്ന് എന്നെ ആ നാഗാലാന്‍റ് ഗ്രാമജീവിതത്തിലേക്ക് അനായാസമായി അരച്ചുചേർത്തു. മൊഞ്ചുമി, രംബാമോ, അബേമോ എന്നിങ്ങനെ മനുഷ്യരെയും മൊക്കചുങ്, വൊക്കാ, ലക്കൂട്ടി , എന്നിങ്ങനെ മലകളെയും ഞാന്‍ പരിചയിച്ചു.




ചൊവ്വാഴ്ചകള്‍ പണ്ടും എന്നെ മാറ്റിമറിച്ചിട്ടുള്ളതാണ്. ഒന്നാം പീരിയഡ് ആറ് ബി.യില്‍ കണക്കും മൂന്നാം പിരീയഡ് ഏട്ടാം ക്ളാസില്‍ സോളിറ്ററി റീപ്പറും കഴിഞ്ഞ് സ്റ്റാഫ്മുറിയെന്ന ഇല്ലിക്കൊട്ടാരത്തില്‍ ചായയും ക്രാക്ക്ജാക്കും കഴിച്ചിരിക്കുമ്പോഴാണ് ഹെഡ്മാഷ് ഒറ്റസെക്കന്‍റു കൊണ്ട് എന്‍റെ ജീവനെ മാറ്റിമറിച്ചത്.
നാളെ സ്കൂള് പൂട്ടിയിടും. നമ്മുടെ അക്കൂക് ഗ്രാമം മുഴുവന്‍ നാളെ ക്സിങോ നദിയില്‍ മീന്‍ പിടിക്കാന്‍ പോവുകയാ... എന്ന് രമ്പേന്തങ്മാഷ് പറഞ്ഞത് കേട്ട് ഞാന്‍ പെട്ടെന്ന് തന്നെ സമ്മതിച്ചു. ഒരു പന്ത്രണ്ട് മൈലകലെയുള്ള ലക്കൂട്ടിയിലേക്ക് ഇന്ന് തന്നെ ഒറ്റ നടപ്പുനടന്നാല്‍ ഇന്ന് സന്ധ്യക്കും നാളെ പകലും അയ്യോടാ ... ചീട്ട് കളിച്ച് , നാടന്‍ നെല്ലുംവെള്ളം കുടിച്ച് ... അവിടത്തെ സ്കൂളില്‍ മലയാളിസുഹൃത്തുക്കളുണ്ട്.
അതേയ് യൂ ബ്ളഡി ഇന്ത്യന്‍.... താനെങ്ങും പോകുന്നില്ല. യൂ വില്‍ കം വിത്ത് ദ നാഗാസ് ഓഫ് ദിസ് വില്ലേജ് ഫോർ ദ സെറിമോണിയല്‍ ഫിഷിംഗ് ഫെസ്റ്റ്. യു അണ്ടർസ്റ്റാന്‍റ് സ്നേഹമുള്ള ഇഡിയറ്റേ..
ക്സിങോ നദി ബ്രഹ്മപുത്രയുടെ ഒരു കൈവഴിയാണ്. കടലിലേതു പോലെയുള്ള വലിയ മീനുകള്‍ ലോകാരംഭത്തില്‍ അവിടെ താമസം തുടങ്ങിയതാണ്. അവയൊക്കെ പെറ്റുപെരുകി കൈവഴികളിലേക്കും കയറിതാമസം തുടങ്ങിയിട്ടുണ്ടെന്ന് അബേമോ പറഞ്ഞു. അബേമോ അക്കൂക്കിലെ എ. ഖെല്‍ അഥവാ ഒന്നാം കരയുടെ മൂപ്പനാണ്.
ബുധനാഴ്ച രാവിലെ ക്സിങോയിലേക്ക് ഗ്രാമം നടപ്പാരംഭിച്ചു. നടപ്പറിയാവുന്ന കുട്ടികളെല്ലാം മുമ്പേ ഓടി മലയിറങ്ങി. പിറകേ മുതിര്‍ന്നവർ. എല്ലാവർക്കും തോള്‍സഞ്ചിയുണ്ട്. അതെപ്പോഴും അവരുടെ തോളില്‍ തൂങ്ങിയോ അരയില്‍ കെട്ടിയോ അവരുടെ കൂടെയുള്ളതാണ്. അതില് തീപ്പെട്ടി, ഉണങ്ങിയ ചായയിലകള്‍, ഉപ്പ്, അരി തുടങ്ങി അത്രേം മതി ജീവിക്കാന്‍ എന്ന് എന്നെ പഠിപ്പിച്ച അത്രേം സാധനങ്ങള്‍. അരയില്‍ കെട്ടിയ പട്ടയിലെ ഉറയില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും മിന്നല്‍ പോലെ ഊരിയെടുത്ത് വെട്ടാവുന്ന ഡൌ എന്ന കത്തി.
യൂ സീ ഇന്ത്യന്‍ എന്നു തുടങ്ങി പറയാറുള്ള സ്നേഹവാക്കൊന്നും ഉരിയാടാതെ രംബേന്തങ് ഗ്രാമത്തിന്‍റെ തനിക്കാട്ടുഭാഷയായ ലോത്തായില്‍ എനിക്ക് വഴിക്കാഴ്ചകള്‍ കാട്ടിത്തരാന്‍ തുടങ്ങി. സിന്ങ്യൂങാ.. എല്ലാ വാക്കും കേട്ടാലങ്ങനെയിരിക്കും. പൊങിയറോ എന്ന് പറഞ്ഞാല്‍ നമ്മുടെ കപ്പയാണ്, മച്ചി എന്നത് മുളകെന്നും, ഒഹാന്‍ കറിയെന്നും , ന്തോലിയാലാ എന്നു ചോദിച്ചാല്‍ എന്നാ വിശേഷമെന്നും , എല്ലമ്മോനാ എന്ന് പറഞ്ഞാല്‍ വെരിഗുഡ് എന്നും ആ യാത്രയില്‍ ഹെഡ്മാഷ് എന്നെ പഠിപ്പിച്ചു. ഒരു കാട്ടുരാത്രിയിലേക്ക് കുഞ്ഞുമകനെ എറിഞ്ഞിട്ട് ഓടിയൊളിച്ച് അവനെ നിരീക്ഷിച്ചുകൊണ്ടിരുന്ന് ജിവിക്കേണ്ട കാട് എന്തെന്ന് മകനെ പഠിപ്പിച്ച ആഫ്രിക്കന്‍ ഗോത്രവർഗ്ഗക്കാരന്‍റെ അതേ തന്ത്രമാണ് ഹെഡ്മാഷ് പ്രയോഗിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി.
പെട്ടെന്ന് എനിക്ക് ഒരച്ഛന്‍റെ സ്നേഹം മണത്തു. ഹെഡ്മാഷ് എത്രയോ കരുതലുള്ള ഒരു ഗോത്രവർഗ്ഗക്കാരനാണെന്നും ഞാനറിഞ്ഞു.
പിന്നെ കണ്ടത് രണ്ടു മലകളുടെ ഇടയിലൂടെ ചെരിഞ്ഞുതുളഞ്ഞിറങ്ങിയ സൂര്യശോഭയുടെ മേളം. അകലെ, ഉയരെ നീലമലയുടെയും അപ്പുറെ ചിത്രത്തിലൊക്കെ കണ്ടിട്ടുള്ള അതേ വെണ്മയില്‍, അതേ രൂപത്തില്‍ ഒരു വെള്ളിമല. അത് മൌണ്ട് എവറസ്റ്റ് തന്നെയെന്ന് പിന്നില്‍നിന്ന് ആരോ. തിരിഞ്ഞപ്പോള്‍ കണ്ടത് ഗ്രാമമൂപ്പനെയാണ്. ഒരാഗോ, ഒരാഗോ എന്ന് ആ മലയെ ചൂണ്ടി ഊസാന്താടിക്കാരനായ അയാളും എന്നെ പഠിപ്പിച്ചുതുടങ്ങി.
പിന്നെ വനത്തിലേക്കാണ് പ്രവേശിച്ചത്. കട്ടിയായ കാട് ആരേയും പേടിപ്പിച്ചില്ല. എന്നാല്‍ എല്ലാവരും കലപിലകള്‍ നിർത്തി മൌനജാഥയിലെന്നപോലെ നീങ്ങി. കാട് ഒരു രാജ്യമാണെന്നും ആ രാജ്യത്തെ പൌരന്മാരോടുള്ള ആദരവാണ് ആ മൌനനടപ്പിലെന്നും ഞാനൂഹിച്ചു. പക്ഷേ , എനിക്കറിയാമല്ലോ, അപരിചിതമായ ഏതൊരു ചലനത്തിനും മറുപടിയായി ഒരു മുന്നൂറ് ഡൌക്കത്തികള്‍ മിന്നല്‍ വേഗത്തില്‍ ഉയർന്നുവരുമെന്ന്.
മൌനത്തിലായതുകൊണ്ട് ആരു മിണ്ടിയില്ലെന്നെയുള്ളൂ, എല്ലാവരും കണ്ടു, ഞാനും കണ്ടു... താഴെ താഴ്വാരത്തില്‍ വെള്ളിയൊഴുക്കി ക്സിങോ നദി.
നദിയിലെത്തിയ ഉടനേ ഗ്രാമമൂപ്പന്‍ സഞ്ചിയില്‍നിന്ന് ഒരു ചുവന്ന പുതപ്പെടുത്ത് പുതച്ചു. എന്തോ പറഞ്ഞു
ഓഹോഹി .. ഓഹോഹിയാ... ഇയ്യാവോ..
എല്ലാവരും മറുപടി പറഞ്ഞു, ഇയ്യാവോ...
എപ്പോഴാണ് ഇവര്‍ പുഴയുടെ നടുക്കുള്ള കല്ലുകളില്‍ കയറിക്കൂടിയത്? എനിക്കജ്ഞാതമായ മറ്റൊരു ഗോത്രസംജ്ഞ മൂപ്പനില്‍നിന്ന് പുറപ്പെട്ടതോടെ സഞ്ചിയില്‍ നിന്ന് എല്ലാവരും കുറേ വേരുകള്‍ പുറത്തെടുത്തു. അടുത്ത ആജ്ഞയില്‍ മുന്നൂറോളം വരുന്ന ഗ്രാമവാസികള്‍ എല്ലാവരും ഒരേസമയം ആ വിഷവേരിനെ കല്ല് കൊണ്ട് ഇടിച്ചുചതയ്ക്കാന്‍ തുടങ്ങി. എന്നെ കരയിലൊരു കല്ലില്‍ ഇരുത്തിയിരിക്കുകയാണ് ഹെഡ്മാഷ്.




നിമിഷങ്ങള്‍ കൊണ്ട് പുഴയില്‍ നഞ്ച് നിറഞ്ഞു. മീനുകള്‍ പൊന്താന്‍ തുടങ്ങി. വലിയ അനക്കങ്ങളും പുളപ്പുകളും വെള്ളത്തിനടിയില്‍ കണ്ടുതുടങ്ങി. മീനുകളെ അവര്‍ മുളമ്പാത്രത്തില്‍ കോരിയെടുത്തു. ഡൌകള്‍ ഉയർന്നുതാഴുന്നത് കണ്ടു. അത് വലിയ മീനുകളെ വെട്ടിപ്പിടിക്കുന്നതാണ്. മുപ്പത് കിലോ വരെ തൂങ്ങുന്ന വലിയ മീനിനെ രണ്ടുപേര് ചേര്‍ന്ന് കരയിലേക്ക് എടുത്തുകൊണ്ട് വരുന്നതും കണ്ടു.
ഹെഡ്മാഷ് എന്‍റെ അടുത്തേക്ക് വന്നു. കൈയില്‍ പിടിച്ചുവലിച്ചു. പെട്ടെന്നാണ് അയാള്‍ ഒറ്റ ഉന്ത്... ഞാന്‍ പുഴയില്‍ . എല്ലാവരും കൈ കൊട്ടിച്ചിരിക്കുന്നു. അബേമോയാണ് എന്‍റെ രക്ഷക്ക് വന്നത്. അവന്‍ പറഞ്ഞു, ഗ്രാമത്തിലുള്ള എല്ലാവരും ഒരു മീനിനെയെങ്കിലും പിടിക്കണം. അതങ്ങനെയാണ്. അവന്‍ ചൂണ്ടിയ സ്ഥലത്തുനിന്ന് ചത്തുപോയ ഒരു മീനിനെ ഞാനും പൊക്കിയെടുത്തു.
ഉച്ചയോടെ മീന്‍ പിടുത്തം നിര്‍ത്തി. അബേമോ പറഞ്ഞു, ഇനി കണ്ടോളൂ ഞങ്ങളുടെ ഗ്രാമീണനീതിയുടെ നടത്തിപ്പ്. മീനുകളെ ചെറുമീനുകള്‍, വലിയ മീനുകള്‍ എന്നിങ്ങനെ പെട്ടെന്ന് വേർതിരിച്ചു. വലിയ മീനുകളെ പുഴക്കരയിലെ മണലില്‍ ഒരു പ്രത്യേകരീതിയില്‍ നിരത്തി. ഏറ്റവും വലിയ മീന്‍ ഒന്നാമത്. വലിപ്പക്രമത്തില്‍ ബാക്കിയുള്ളവരും. മീന്‍ചുണ്ടെല്ലാം ഒരേ ലെവലില്‍. പെട്ടെന്ന് ഗ്രാമവാസികള്‍ ഒരു ലൈനായി രൂപപ്പെട്ടു. അബേമോ എന്നെയും ഒരു സ്ഥലത്ത് പിടിച്ചുനിർത്തി. അത് പ്രായത്തിന്‍റെ ക്രമത്തിലാണെന്നും അവന്‍ പറഞ്ഞു. ഒന്നാമത് നില്ക്കുന്നത് ഗ്രാമത്തിലെ ഏറ്റവും മൂത്ത ഒരു വയസനാണ്. അതിന് പിറകില്‍ വയസന്മാരങ്ങനെ വന്ന് വന്ന് ചെറുപ്പക്കാര്‍, കുട്ടികള്‍, അങ്ങനെയങ്ങനെ. പ്രായം സംബന്ധിച്ചോ എന്തെങ്കിലും മറ്റ് അവകാശത്തിനോ അവിടെ തർക്കങ്ങളുണ്ടായില്ല.
ഏറ്റവും വലിയ മീനിനെ ഗ്രാമമൂപ്പന്‍ എടുത്ത് പൊക്കി ഒന്നാമത്തെ വയസ്സന്‍റെ അടുത്ത് വന്ന് ബഹുമാനത്തോടെ കൊടുത്തു. ക്രമം വന്നപ്പോള്‍ എനിക്കും കിട്ടി ബഹുമാനവും ഒരു ഏഴ് കിലോ തൂക്കമുള്ള പുഴമീനും. പിന്നെ ചെറുമീനുകളുടെ ഓഹരിയും കിട്ടി.
താല്‍മൂദും ഇതിഹാസങ്ങളും വിശുദ്ധപാദങ്ങളും പതിയാത്ത നാട്ടിലെ നീതിക്കെന്തൊരു ലാളിത്യം, എന്തൊരു കാർക്കശ്യം എന്ന് ചിന്തിക്കേ... ഹെഡ്മാഷ് അടുത്തെത്തി.




യൂ ബ്ളഡി ഇന്ത്യന്‍.. നെക്സ്റ്റ് മന്ത് സെക്കന്‍റ് സാറ്റർഡേ ഏന്‍റ് ദ സണ്‍ഢേ വീ ആർ ഔട്ട് ഇന്‍ ദ ഫോറസ്റ്റ് വിത്ത് ഗണ്‍സ് ഫോര്‍ ഹണ്ഡിംഗ്. ഡീയർ ഹണ്ഡിംഗ്, കുക്കിംഗ് ഈറ്റിംഗ് ഏന്‍റ് സ്ളീപ്പിംഗ് ദേര്‍ വിത്ത് എലിഫന്‍റ്സ് ഏന്‍റ് അദേർസ്.