Monday 1 April 2013

തറവാട്ട് സ്പെഷല്‍ മുളകീശോ...!!

        ഏയ് ഇത് അതല്ല. ഇത് വേറെന്തോ സ്വരമാണ്. ചെടയന്‍ പട്ടി കോഴിയെ പുരക്ക് ചുറ്റും ഇട്ട് ഓടിക്കുമ്പോള്‍ ഒരു യുദ്ധത്തിന്‍റെ സ്വരമേ ഉണ്ടാകാറുള്ളൂ.

         ഇത് അതല്ല. പാറ പാറയില്‍ കൂട്ടിയിടിക്കുന്ന സ്വരമാണ്. ഇടയ്ക്ക് മനുഷ്യസ്വരവും കേള്‍ക്കുന്നുണ്ട്. പെരിങ്ങുളത്ത് ഉല്ക്ക വീണതാണോ? എഴുന്നേറ്റ് നോക്കാം. ഇടതുവശം ക്രമീകരിച്ച് സമീകരിച്ച് തുല്യന്മാരെ വെട്ടി cos X -ല്‍ എത്തിച്ച് വലതുവശത്തെ1-sin X.cos X -ല്‍ പണി തുടങ്ങാന്‍ ഓങ്ങുമ്പോഴാണ് ഉല്ക്ക പതിച്ചത്. എഴുന്നേറ്റ് കുത്തിയിരുന്നു. പൂര്‍ണ്ണമായി എഴുന്നേല്ക്കണമെങ്കില്‍ മേശക്കടിയില്‍നിന്ന് പുറത്തുവരണം. മഹാ കോണ്‍സെന്‍ട്രേഷന്‍ ആവശ്യമുള്ള പ്രശ്നങ്ങളെ മേശക്കടിയില്‍ വിരിച്ച പായില്‍ കമിഴ്ന്ന് കിടന്നാണ് പരിഹരിക്കാറുള്ളത്. മുറിയില്‍നിന്ന് പുറത്തുവന്നു. സ്വരം അടുക്കളയില്‍നിന്നാണ്. ഓടിച്ചെന്നു. " അവന്മാര്‍ എല്ലാം ഉണ്ടായപ്പോളേ നാക്കേലോട്ട് അരച്ചുതേച്ചത് ഈ സാധനമാണല്ലോ. ഇന്ന് ഇതുതന്നെ അരച്ചുതേക്കാം. വേറെ എന്നതാ ഇവിടുള്ളത്"      ചാച്ചന്‍ മണ്ണിയത്ത്  ഏറുമാടം കെട്ടി കൃഷിക്ക് പോയിരിക്കുന്നതിനാല്‍ ഈ സ്വരങ്ങള്‍ ചാച്ചനോടല്ല. വീട്ടിലെ ഇല്ലായ്മകളോടാണ്. ഇപ്പോള്‍ അമ്മയുടെ പിറകുവശമാണ് കാഴ്ചയില്‍. വീണ്ടും അതേ സ്വരം , ഉല്ക്ക ഉല്ക്കയില്‍ വീഴുന്നു. അരകല്ലിന്‍റെ പിള്ളക്കല്ല് തള്ളക്കല്ലിനോടിടഞ്ഞ് എക്കച്ചെക്ക.... എക്കച്ചെക്ക എന്ന് ഇടിച്ചിടിച്ച് മുന്നേറുകയാണ്. ഉടുത്തിരിക്കുന്ന അടുക്കിട്ട മുണ്ടിന്‍റെ രസികന്‍ അടുക്ക് തുള്ളിക്കളിക്കുന്നു. സംപൂജ്യങ്ങളില്‍ സംപൂജ്യമായ ഒരു പ്രവൃത്തിയാണ് അമ്മ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തറവാട്ടുസ്പെഷല്‍ പത്തല്‍മുളക് ചമ്മന്തി ജന്മമെടുത്തുകൊണ്ടിരിക്കുകയാണ്. എന്‍റെ അന്തോനിസാറേ......... അതിന്‍റെ ഒച്ചയാണ് കേട്ടത്.
1- cos X എവിടെ?  ഈ മുളകീശോ എവിടെ?

       ചൂടന്‍ചാരത്തിനകത്തോട്ട് കുത്തികയറ്റി ഇടുന്ന അഞ്ചാറ് പത്തല്‍മുളകിനെ ഒന്നിളക്കി മറിച്ചിട്ട് അവന്‍ വിജൃംഭിച്ച് പൊട്ടി, കറുപ്പും ചുവപ്പുമല്ലാത്ത നിറം പ്രാപിക്കുമ്പോള്‍ പുറത്തെടുത്ത് ഉള്ളി , ഉപ്പുകല്ല് , വാളന്‍പുളി എന്നിവ പാകത്തിനിട്ട് അരകല്ലേലോട്ട് വച്ചിട്ട് കുനിഞ്ഞങ്ങ് നിന്ന് കഠിനമായ കോപം, നിരാശ, പിറുപിറുപ്പ് എന്നിവയോടൊപ്പം നന്നായി അരക്കെട്ട് കുലുക്കി അടുക്കിളക്കി അരച്ചടുക്കുന്നതാണ് തറവാട്ട് മുളക് ചമ്മന്തി. അതു വായില്‍ വയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്വരമാണ് ' ഈശോ..!. ചുരുക്കിയാല്‍ മുളകീശോ.

      മനസ്സിലായി... മനസ്സിലായി. മുന്‍പറഞ്ഞ ചേരുവയില്‍നിന്ന് വ്യത്യസ്തമായി അത്യധികം കഠിനമായ കോപം ചേര്‍ത്തതിനാലാണ് പ്രിപ്പറേഷന്‍ ഗ്രൌണ്ടില്‍നിന്ന് പാകത്തിലല്ലാത്ത സ്വരങ്ങള്‍ പുറപ്പെട്ടത്
. ....... ഒരു സാധനം കറി വയ്ക്കാനില്ല. ഈ വാപൊളിയന്‍ കുഞ്ഞുങ്ങളുടെ വായിലോട്ട് ഞാന്‍ എന്നാ........ ങാ.....!!   ഏഴെണ്ണത്തിന് ഒന്നിച്ച് പൊതി കെട്ടുന്ന ഏതെങ്കിലും വീടുണ്ടോ ഈ ഭൂമിയില്?

     പെട്ടെന്നാണ് കോഴിവിലാപം കേട്ടത്. ചട്ടുകാലിയെ ചെടയന്‍ കടിച്ചുപിടിച്ചിരിക്കുകയായിരിക്കും മിക്കവാറും. മുറ്റമടിക്കുന്ന ചൂലുമായി അമ്മയും പിറകെ ഞാനും ഓടി. മോന്തക്ക് കിട്ടിയ ആദ്യത്തെ അടിയില്‍ ചെടയന്‍ ചട്ടുകാലിയെ മോചിതയാക്കി. കള്ളു കുടിച്ചുവന്ന് കൈപ്പടേല്‍ മാത്തുക്കുട്ടി പറയുന്നതുപോലെ ഒരുപാടായിരം കൂട്ടക്ഷരപദങ്ങള്‍ ചൊല്ലി ചട്ടുകാലി ചങ്കത്തടിച്ച് പറന്നുപോയി.

     അമ്മയുടെ വക 'ഊം' എന്നൊരു ചവിട്ട് ഭൂമിക്ക് കിട്ടി. ഭൂമി ഭയപ്പെട്ടുപോയി. ഇനിയും കിട്ടാതിരിക്കാന്‍ ആ പാവം നിന്ന നില്പില്‍ ഒരു പാവക്കൂണിനെ ജനിപ്പിച്ചു. ഇലുമ്പിയുടെ അപ്പുറത്ത് ചേമ്പിന്‍റെ ചുവട്ടില്‍ കുട വിരിച്ചുനിന്നു ആ മഹാന്‍. വേനല്‍മഴ നനഞ്ഞ ദാമോദരന്‍പാറ പോലെ ആശ്വാസത്തിന്‍റെ നീരാവിപുക നിശ്വസിച്ച് അമ്മ ഓടിച്ചെന്നു. മണ്ണിളക്കി കടയോടെ പറിച്ചെടുത്തു. എടുത്തപാടേ മണത്തുനോക്കി. നല്ല ഗ്രേഡ് പാവക്കൂണ്‍. സമീപത്തു നിന്ന രണ്ടു മൊട്ടുകളെ പൂര്‍ണ്ണമായി വിരിയാന്‍ അനുവദിച്ച് തിരിഞ്ഞിറങ്ങാന്‍നേരം ..എന്തേലുമാകട്ടെ... എന്നു പറഞ്ഞ് ചേമ്പിന്‍റെ കൂമ്പ് മൂന്നെണ്ണം നുള്ളിയെടുത്തു. ഈ സമയം കോലോത്തരികില്‍ നിന്ന മാവിന്‍ചുവട്ടീന്ന് നിലത്തുകിടന്ന ഉണ്ണിമാങ്ങ കുറെ ഞാന്‍ പെറുക്കിയെടുത്തു.

     എവിടെനിന്നോ വന്നുകയറിയ ഉത്സാഹത്തില്‍ അമ്മ ഇടതുഭാഗത്തുനിന്ന് നാലു മത്തക്കൂമ്പ്, മാട്ടേല്‍ പിടിച്ചുകയറിയ അപ്പനുമമ്മയുമില്ലാത്ത അനാഥപയര്‍ചെടിയില്‍ നിന്ന് കുറെ പയറിലകൂമ്പ്, ആറ് അച്ചിങ്ങപയര്‍, ഇന്നലെ പറിച്ച ചേനയുടെ ഉപേക്ഷിച്ചിട്ടിരുന്ന തണ്ട്, കുറെ പച്ചക്കാന്താരി എന്നിവയും , വലതുഭാഗത്തുനിന്ന് ഒരു കപ്പക്കോലിന് കുത്തിചാടിച്ച മൂന്ന് കപ്പളങ്ങകള്‍, അടര്‍ത്തിയെടുത്ത മുരിങ്ങയിലത്തണ്ടുകള്‍, വീണുകിടന്ന മുരിങ്ങപ്പൂക്കള്‍, മേലോട്ട് ഉയര്‍ത്തി ഒടിച്ചെടുത്ത വാഴച്ചുണ്ട്, ആരാരുമറിയാതെ നിലംപറ്റി മുളച്ച് നിലം പറ്റി മുന്നേറിക്കൊണ്ടിരുന്ന നാട്ടുപാവലില്‍നിന്ന് കുഞ്ഞികയ്പാര്‍ന്ന‍ പാവയ്ക്കകള്‍, ആ കപ്പക്കോലിന് തന്നെ അടിച്ചുവീഴിച്ച മൂന്ന് അടതാപ്പുംകായ്കള്‍ എന്നിവയുമായി.... എന്നിവയുമായി.. കഷ്ടപ്പെട്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ അലറിയത്.

      അമ്മോ ... നോക്കിയേ.... ചെടയനാലും , അമ്മയാലും , പിന്നെ സകലരാലും , എന്നാലും എന്നും ഓടിക്കപ്പെടുന്ന ചട്ടുകാലി കയ്യാലമാടോട് ചേര്‍ന്ന് കരിയില കൊണ്ടു മറച്ച രഹസ്യസങ്കേതത്തില്‍ ഇട്ട 13 മുട്ടകള്‍. ഒരു മുറം വന്നു. മുറത്തില്‍ മുട്ടകളും മൂന്ന് വീട്ടിലേക്ക് കറി വയ്ക്കാനുള്ള സാമഗ്രികളും നിരത്തി. കറി വയ്ക്കാനൊന്നുമില്ലേ എന്ന് വിലാപമുയര്‍ന്ന അടുക്കളയുടെ 20 മീ. ചുറ്റളവില്‍ , നിന്ന നില്പില്‍, ഇടതുവലതുഭാഗങ്ങളില്‍നിന്നായി ഇത്രയും വസ്തുക്കളെ 'ഞെടഞെടാ' എന്ന് ചൊരിഞ്ഞ മണ്ണിനെ വന്ദിച്ച് അത്യധികം ശാന്തമായ അടുക്കളയിലേക്ക് അതിലേറെ ശാന്തമായ മനസ്സോടെ അമ്മ കയറി. ഉടന്‍ അവിടെ നിന്ന് വെളുത്ത പുക ഉയര്‍ന്നു.

   കുറിപ്പുകള്‍

1. മുളകീശോയില്‍ വാളംപുളിക്ക് പകരം പച്ചമാങ്ങ, ഉപ്പുമാങ്ങ, വറുത്ത ചെമ്മീന്‍ എന്നിവ ചേര്‍ക്കാം.
2. മുളകീശോയ്ക്ക ലഭിച്ച 1-ം റാങ്ക് ഇന്നും ആ കുടുംബത്തില്‍ ടിയാന്‍ നിലനിര്‍ത്തുന്നു. 2-ം സ്ഥാനം മൂടച്ചക്കക്കുരുവിനാണ്.
3. മരവെട്ടിപ്പയര്‍, ചതുരപ്പയര്‍ എന്നിവ ഇപ്പോള്‍ ഭൂമിയിലില്ല.
4. ചേമ്പിന്‍കൂമ്പിന് കെട്ടിട്ട് പുളിയില്‍ വേവിച്ചകറി നല്ല ദൈവാനുഗ്രഹമുള്ള വീടുകളില്‍ ഇന്നും ഉണ്ടാക്കുന്നുണ്ട്.
5. കശുവണ്ടിക്കാലം കഴിഞ്ഞാല്‍ എലിപ്പൊത്തുകളിള്‍ ലവന്മാര്‍ ശേഖരിച്ച കശു മോഷ്ടിക്കാം. ചുട്ട് കാന്താരി, ഉള്ളി, ഉപ്പ് ചേര്‍ത്ത്  അരച്ച് സേവിച്ചാല്‍ ചെറുകിടമോക്ഷപ്രാപ്തിക്ക് മുട്ട് വരില്ല.
6. വറുത്തരച്ച ഇഞ്ചി കറിയുടെയും,  ഇഞ്ചി ഇടിച്ചു പിഴിഞ്ഞനീര് വലിയ കാര്യങ്ങള്‍ക്കുപയോഗിച്ച് മിച്ചം വരുന്ന ചതഞ്ഞവനെ പുളിയും മളക് അരിഞ്ഞ ഉള്ളിയാദികളും ചേര്‍ത്ത് നിര്‍മ്മിക്കുന്ന പുളിയിഞ്ചിയുടെയും സ്വാദ് ശത്രുക്കള്‍ക്ക് വെളിപ്പെടുത്തരുത്.
7. വടുകപ്പുളി,ജോനകനാരങ്ങ, ഒടിച്ചുകുത്തിനാരങ്ങ തുടങ്ങിയ പുളിയന്മാരെ നിങ്ങളുടെ മക്കള്‍ക്ക് ഇച്ചിരെ പുളിക്കും.
8. ശതാവേരി അച്ചാര്‍, ജാതിക്കാചമ്മന്തി എന്നിവയുടെ രഹസ്യങ്ങള്‍ എന്‍റെ അമ്മയോട് ചോദിക്കരുത്.
9. ഈന്തങ്ങപ്പുഴുക്കിന്‍റെ ചേരുവകള്‍ ചേന, ചേമ്പ്, കപ്പ, ഈന്തങ്ങപ്പൊടി, പച്ചമല്ലി, കൂടാതെയുള്ളവ ധൈര്യമുണ്ടെങ്കില്‍ പറയൂ...   കോട്ടാംപ്ളാല എന്ന് പറയേണ്ട. അത് കോരിക്കുടിക്കാന്‍ മാത്രമാണ്.
10.പിഞ്ചിലുമ്പിക്ക,ചതുരപ്പുളി,പിഞ്ച് ചാമ്പങ്ങ,പഴുത്ത ചാമ്പങ്ങ എന്നിവ കൂട്ടാന് കൂട്ടാം.
11 നാട്ടുമാവിന്‍ചോട്ടില്‍ അടി, വഴക്ക്, പ്രണയം എന്നിവ കൂടാതെ പണ്ട് ധാരാളം മാമ്പഴവും വീഴുമായിരുന്നു. ഇതെല്ലാം ഓര്‍ത്തെടുക്കുന്നതിനെ ഗൃഹാതുരത്വം എന്ന വിളിക്കും.( ഓ.എന്‍.വി യുടെ വീട്ടില്‍ നെല്ലി മാത്രമേയുള്ളൂ.) ആ മാമ്പഴം കൊണ്ട് പുളിശ്ശേരി വച്ച് തന്നാല്‍ ഞാന്‍ ആരേയും.........
<photo id="1" />
<p

1 comment:

  1. Very good story of ordinary village people. so nicely written in the language of common people. continue writing.

    ReplyDelete