Monday 13 November 2017

എമ്മാവൂസിലേക്ക് പോയ ശിഷ്യന്‍
----------------------------------------------------------

പാലത്തുങ്കലെ ചായക്കടച്ചായ്പില്‍ വച്ച് അശോകനെ ആരോ കുത്തിക്കൊന്നതിന്‍റെ മൂന്നാം പക്കം വലിയൊരു മഴയ്ക്കകത്തൂടെ ഞാന്‍ നടന്നു പോവുകയായിരുന്നു. സ്കൂള്‍ വിട്ടതേ ഉള്ളുവെങ്കിലും രാത്രി ആയിരുന്നു. ആകാശവും ഭൂമിയും കറുത്തിരുന്നു. ആകാശത്തില്‍നിന്ന് മഴയും തീയും ഭയവും ഇറങ്ങിവന്ന് ഭൂമിയിലെ ഒരു റബ്ബര്‍തോട്ടത്തെ വളഞ്ഞു.

ആ റബ്ബര്‍തോട്ടത്തിലൂടെയാണ് ഭീകരമായ ഇടിശബ്ദത്തിനിടയിലും ഞാന്‍ തിരക്കൊന്നുമില്ലാതെ നടന്നുകൊണ്ടിരുന്നത്..

എനിക്ക് പേടിക്കാതിരിക്കാന്‍ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. തലയ്ക്കു മുകളില്‍ പിടിച്ചിരുന്ന കുട ആ പെരുമഴയോട് തോറ്റുപോയിരുന്നെങ്കിലും അതിനെ പരമാവധി താഴ്ത്തിപ്പിടിച്ച് മുന്നില്‍ കാറ്റത്ത് വളഞ്ഞുപിരിയുന്ന റബ്ബര്‍ക്കൊമ്പുകളെയും കയ്യാലകള്‍ കയ്യാലകള്‍ നിറഞ്ഞ് ഒഴുകിയടുക്കുന്ന മലവെള്ളത്തെയും കാണാതെ ഞാനെന്നെ കാത്തു. കണ്ടുഭയക്കാന്‍ ഞാനെന്നെ അനുവദിച്ചില്ല. കാണാതിരിക്കുക എന്നൊരു രക്ഷയേ എനിക്കുണ്ടായിരുന്നുള്ളൂ...

ആ മഴയില്‍ ഞാന്‍ തീരെ തനിച്ചായിരുന്നു. ചുവന്ന വെള്ളവും അലറുന്ന കാറ്റും തകരുന്ന മരങ്ങളും പേടിപ്പിക്കുന്ന ഇരമ്പലോടെ അതിരും മറന്ന് പറമ്പുകളിലേക്ക് കയറിയൊഴുകുന്ന തോടും ഭൂമിയുടെ ആള്‍ക്കാരാണ്. മനുഷ്യനും മൃഗവും ഒക്കെയായി ഞാന്‍ മാത്രമേ ഉള്ളൂവെന്ന് ഓര്‍ത്ത് എന്തിനാണെന്നെ പേടിപ്പിക്കുന്നത് ?

അപ്പോള്‍ താഴ്ത്തിപ്പിടിച്ച കുടയ്ക്കു മുമ്പില്‍ വലിയ ഒരു കരച്ചില്‍ കേട്ടു. പുസ്തകവും കുടയും എന്റെ ജീവനും താഴെപ്പോയി. മിച്ചം വന്ന ഞാന്‍ മഴയത്ത് ഉറക്കെ കരഞ്ഞുകൊണ്ട് രണ്ടുകൈയുമുയര്‍ത്തി വേണ്ടാ... എന്നെ കൊല്ലാന്‍ വരണ്ടാ.... എന്ന്..അതൊരു പശുവായിരുന്നു... അതിനോട് പറഞ്ഞു. അത് മഴയത്ത് പൊറുതി മുട്ടി നില്ക്കുകയാണെന്നും എന്നോട് എന്തോ സഹായം ചോദിക്കുകയാണെന്നും ഞാന്‍ സാവധാനം മനസ്സിലാക്കി. പുസ്തകക്കെട്ടിന് മുകളില്‍ കുട വച്ചിട്ട് ഞാന്‍ കെട്ടുപിണഞ്ഞുനിന്ന ആ പശുവിന്‍റെ കയര്‍ ഒരു വിധം മരത്തില്‍നിന്ന് അഴിച്ചെടുത്തു. അത് അതിന്‍റെ വീട്ടിലേക്ക് ഓടിപ്പോകുന്നത് നോക്കിനിന്ന എന്നോട് ആ മരം, അല്ല
അവിടെ നിന്ന എല്ലാ മരങ്ങളും ചേര്‍ന്ന് പറഞ്ഞു,

ഓടിക്കോ, ഓടിമാറിക്കോ...

മുകളിലെ പെരുംകയ്യാല തകര്‍ത്ത് ചുവന്ന മലവെള്ളം താഴേക്ക് വരുന്നതു കണ്ട് ഞാനോടി. കുറെയേറെ നേരം ഓടി.
ഓടിയ ഓട്ടത്തില്‍ എന്റെ കുടയും പുസ്തകവും വഴിയും കാണാതെ പോയി. എതിലെയാണ് ഇനി വീട്ടിലേക്ക് നടക്കേണ്ടത് എന്നറിയാതെ എല്ലായിടത്തേക്കും നോക്കി.

ആ വലിയ താന്നിമരം എവിടെ ? അതു കണ്ടാല്‍ വീടിന്‍റെ ദിശയറിയാം. പക്ഷേ ആകാശം വലിയൊരു രാത്രി ആയിരുന്നു.



തോറ്റ് ഞാനൊരു കറുത്ത പാറയോട് ദേഹം മുട്ടിച്ചുനിന്നു. ഉറക്കെ അമ്മേ, ചാച്ചാ എന്ന് കരയാന്‍ നോക്കിയപ്പോള്‍ എന്റെ ഒച്ചയും പോയത് ഞാനറിഞ്ഞു.

അവിടെയിരുന്ന് ഞാന്‍ തനിയെ പറഞ്ഞു, 

ഞാനൊരു ചെറിയ കുഞ്ഞല്ലേ.. ചെറിയ കുഞ്ഞല്ലേ...

അല്പം കഴിഞ്ഞ് എന്റെ തല കുമ്പിട്ടുപോയി. അപ്പോഴും ഞാന്‍ എന്തോ പറയുന്നുണ്ടായിരുന്നു.

അപ്പോള്‍ ആ മഴയില്‍ നിന്ന് ഒരാള്‍ വന്ന് എന്നെ തോളിലെടുത്തു. നടന്നു. എതിര്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.



മുഖത്തെ മഴവെള്ളവും കണ്ണീരും മണ്ണും കാരണം എനിക്കയാളെ കാണാമായിരുന്നില്ല. ഞാനയാളോട് ചോദിച്ചു,

ചേട്ടനാരാ...?

അയാള്‍ വലിയ കൈ കൊണ്ട് എന്റെ മുഖം മൂന്നുതവണ തുടച്ചെടുത്തു. അപ്പോള്‍ ഞാനയാളെ കണ്ടു.

അശോകനെ കുത്തിയ.. അല്ല അങ്ങനെ പറയുന്ന ആശാന്‍തൊമ്മച്ചന്‍.

ചേട്ടനാണോ കുത്തിക്കൊന്നത് ?

എന്നെ തോളത്തുവച്ച് ഒന്നമര്‍ത്തിയതല്ലാതെ ആശാനൊന്നും പറഞ്ഞില്ല.

നെതാ...നെത് കണ്ടോ... മോന്‍റെ പറമ്പിലേക്കുള്ള കുത്തുകല്ലാ.... ഇനി പൊയ്ക്കോ...

പിറകീന്ന് വീണ്ടും പറഞ്ഞു... രണ്ടുദിവസമായി ഞാനീ തോട്ടത്തിലൊളിച്ചിരിക്കുവാ... ഒന്നും തിന്നാനില്ല എന്ന് ചാച്ചനോട് പറയണം.



ഞാന്‍ പറഞ്ഞില്ല. കാരണം തിണ്ണയില്‍ ചെന്ന് എങ്ങനെയോ വീണ ഞാന്‍ എഴുന്നേറ്റത് ആഴ്ച ഒന്നു കഴിഞ്ഞാണ്. അപ്പോഴേക്കും ആശാനെ പോലീസ് പിടിച്ചിരുന്നു.

( ഈ നാളുകളില്‍ ജറുസലത്ത് നടന്നതൊന്നും നീ മാത്രമറിഞ്ഞില്ലേ...
പിന്നീട് അവന്‍ അപ്പമെടുത്ത് വാഴ്ത്തി മുറിച്ച് അവര്‍ക്ക് നല്കിയപ്പോഴാണ് ഒപ്പം നടന്നത് യേശുവാണെന്ന് അവര്‍ അറിഞ്ഞത് )
സ്വാര്‍ത്ഥന്‍
-------------------


എന്‍റെ കാശ് കിട്ടീല..

നിങ്ങടെ ടിക്കറ്റും ബാക്കി കാശും ഞാന്‍ തന്നതാ.. പോക്കറ്റില്‍ നല്ലപോലൊന്ന് നോക്ക് ചേട്ടാ...

ബസ്സല്ലേ... അത് ഊങ്ങാമാക്കക്കാരുടെ റബര്‍ത്തോട്ടം കഴിഞ്ഞ് കോണിപ്പാട്ടേ പോസ്റ്റാഫീസ് കഴിഞ്ഞ്, പിന്നെ കൊമ്പനാപറമ്പന്‍റെ റബര്‍ത്തോ...

എന്‍റെ കാശ് കിട്ടീല...

ചേട്ടാ, ഞാന്‍ പറഞ്ഞല്ലോ ചേട്ടന്‍റെ ടിക്കറ്റും.... ചേട്ടാ ചേട്ടന്‍ എളപ്പുങ്കേന്നല്ലേ കേറീത് ? രണ്ട് തൊടുപുഴടിക്കറ്റല്ലേ എടുത്തേ ? 46 രൂവാ. നൂറല്ലേ തന്നേ ? ബാക്കി 54 രൂവായും ടിക്കറ്റുകൂടെ തന്നു ചേട്ടാ ഒന്ന് നോക്ക് ചേട്ടാ.. ചുമ്മാ മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ..

അതാ എനിക്കും പറയാനുള്ളത് വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ.. നിങ്ങള് ടിക്കറ്റ് തന്നു, രൂപാ തന്നു. രണ്ടും ശരിയാ..

പിന്നെ എന്നാ ചേട്ടാ പ്രശ്നം ?

അതോ ടിക്കറ്റിന്‍റെ കൂടെ തന്നത് നാലു രൂപായാ.. ബാക്കി 50 പിന്നെ തരാമെന്നല്ലേ പറഞ്ഞത്..
ശരിയാ.. കൂടെയിരിക്കുന്ന ചേടത്തിയും പറഞ്ഞു.

അപ്പോ ബസ്സ് മേലുകാവ് പമ്പിന്‍റവിടെ ദൈവത്തെക്കണ്ട ആദാമിനെപ്പോലെ സഡന്‍ബ്രേക്കിട്ട് നിന്നു.




ഇതെന്നാടാവേ... വായൂഗുളികക്ക് പോകുവാണേ പറയണേ... ഞങ്ങളിറങ്ങിക്കോളാം... ബ്രേക്കില്‍ കറങ്ങിവീഴാമ്പോയ ഒരു സ്റ്റാന്‍ഡിംഗ് ചേട്ടന്‍ അമറി.

ടിന്‍ ടിന്‍.... രണ്ട് സ്ത്രീകളെ കയറ്റി ബസ് മുന്നോട്ട് ഒരു ചാട്ടം. മുറുക്കെപ്പിടിച്ചിരുന്നതിനാല്‍ ഏതായാലും തലയിടിച്ചില്ല.

എന്‍റെ കാശ് കിട്ടീല...

(മറുപടിയില്ല)

എടോ എന്‍റെ കാശമ്പത് രൂപാ ഇങ്ങോട്ട് താടോ... മലയാളത്തില്‍ ട..യും ഠ..യും...ന്ന് ഒക്കെയുള്ള അക്ഷരങ്ങളുണ്ടെന്ന് ചേട്ടന്‍ കണ്ടക്ടര്‍ക്ക് അറിയിപ്പുകൊടുത്തു.

അപ്പോളേക്കും സുനാമിയോ വെള്ളപ്പൊക്കമോ ലോകാവസാനമോ അങ്ങനെ എന്തോ പ്രശ്നമുള്ള ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി. ഞാന്‍ നോക്കിക്കണ്ടുപിടിച്ചു സ്ഥലം.. മേലുകാവ്..

അവിടെയുള്ള സര്‍വ്വ മനുഷ്യരും ഒഴിഞ്ഞുപോവുകയോ ഓടിരക്ഷപെടുകയോ ആണ്..
ഇടിച്ചിടിച്ചിച്ചും ഒടിച്ചുതകര്‍ത്തും ചവിട്ടിഞെരിച്ചും ഒരു ജനതതി മുഴുവനും അതിനകത്ത് കയറി.

കണ്ടക്ടറും കിളിയും ചേര്‍ന്ന് ഒരുപാട് സ്പോര്‍ട്സിനങ്ങളുടെ പേര് പറഞ്ഞിട്ട് ഇസറ്റിയാനേ...ന്നുള്ള ആനപ്പാപ്പാന്‍ മോഡല്‍ അലര്‍ച്ചകള്‍ നടത്തി. ഒട്ടും തോല്ക്കാതെ ജനതതി അതിനെല്ലാം കഖഗഘ...യിലും ബഫപഭ..യിലും മറുപടി തിമിര്‍ത്തുകൊണ്ടിരുന്നു... എന്‍റെ കാശ് കിട്ടീലാക്കാരന്‍ ഏതായാലും ഈ ദുര്‍ഘടസ്ഥിതിയില്‍ ഒന്നും മിണ്ടാതെ മര്യാദ പാലിച്ചു.

ബസ് മേലുകാവുകയറ്റത്തോട് കരഞ്ഞെതിരിടുകയാണ്.. അത് മുകളില്‍ കാഞ്ഞിരംകവലയില്‍ ചെന്നു. അവിടെ ഭൂമികുലുക്കമാണെന്ന് തോന്നുന്നു. ഒരുപാട് പേരവിടെയും കയറി. പിന്നെ ഇറക്കമാണ്. ഞരങ്ങിയും ചവിട്ടിപ്പിടിച്ചും ഇറക്കമിറങ്ങിക്കോണ്ടിരുന്ന സമയത്ത്..

പൂയ്...

എടാ എന്‍റെ കാശു താടാ... അതേ നിന്‍റെ കാശെനിക്ക് വേണ്ടാ.. എന്‍റെ കാശാ ഞാന്‍ ചോദിക്കുന്നത്..

ചേട്ടാ ഞാന്‍ പലതവണ പറഞ്ഞു. കാശ് തന്നതാ..

നീ നിന്‍റെ കണക്ക് നോക്കടാ...അപ്പോ അറിയാ..

പിന്നേ.. ഈ ബഹളത്തില് ഞാന്‍ കൊറേ കണക്കും.
( ഈ പോയിന്‍റില്‍ വച്ച് എനിക്ക് മനസ്സിലായി. അഭ്യാസം കണ്ടക്ടറുടെ കൈയിലാ)

അപ്പോഴാണ്. ബസ്സിന്‍റെ ബാക്ക് ടയറിന്‍റവിടെ നിന്ന് പുക ഉയരുന്നതായി ആരോ പറഞ്ഞത്... നേരാണോന്ന് ആര്‍ക്കറിയാം . ഒന്നും കാണാന്‍ പറ്റുന്നില്ല. അവനവനെ പോലും ശരിക്ക് കാണത്തില്ല.

പക്ഷേ പെട്ടെന്ന് വണ്ടിക്കകം മുഴുവന്‍ മെക്കാനിക്കുമാര്‍ നിറഞ്ഞു.
അത് ചവിട്ടിയിറങ്ങീതല്ലേ... ലൈനര്‍ ഉരഞ്ഞതാ... അതിപ്പം മാറിക്കോളും...
നല്ല മണം ടയറോ വയറോ ഏതാണ്ട് കരിയുന്നുണ്ട്.

ഇനി ചോദ്യമില്ല. എന്‍റെ അമ്പത്...... ചേട്ടന്‍ യുദ്ധസന്നദ്ധനായി.

അപ്പഴത്തേക്കുംബസ് എങ്ങനെയോ മുട്ടത്ത് എത്തി. ഇനിയും പത്ത് രൂപായുടെ യാത്രകൂടെ ബാക്കിയുണ്ട് തൊടുപുഴയ്ക്ക്. എങ്കിലും ഞാനിറങ്ങി അവിടെ. ഞാനുപേക്ഷിച്ച ബസിന്‍റെ പേര് ഹോളി മേരി. പിന്നെ ഹോളി ഏഞ്ചല്‍സും ശ്രീ അയ്യപ്പനും ചാക്കോച്ചിയും ബിബിന്‍സും കരോട്ടുകുന്നനും വന്നു. ഞാന്‍ കേറിയില്ല.



കുറേ കഴിഞ്ഞപ്പോ മങ്ങിയ ഉജാല മുക്കിയപോലെ വൃദ്ധനായ ഒരു ksrtc വന്നു. ഞാനതില്‍ കയറി. സീറ്റുണ്ട്. ഇരുന്നു. 15 കൊല്ലം മുമ്പ് അടിച്ച പെയിന്‍റ് നാണയം കൊണ്ട് മാന്തി VISHNU, CHANDRAN എന്നൊക്കെ എഴുതിയത് വായിച്ചും ആകാശത്തിലെപോലെ ബസിലും സഞ്ചരിക്കുന്ന വായു ആവശ്യത്തിന് ശ്വസിച്ചും സുഖമായി യാത്ര തുടര്‍ന്നു.

ഈ കാര്യത്തില്‍ ഞാനൊരു സ്വാര്‍ത്ഥനാ... എനിക്ക് സമാധാനം വേണം.