Saturday 26 October 2013

പുരുഷോത്തമന്‍

അല്ല പുരുഷോത്തമാ,

സ്വകാര്യഭൂമിയില്‍ നിന്ന് നിന്നെ പൊക്കിയെടുത്തപ്പോള്‍ തന്നെ
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത് അവരെ
നിശബ്ദരാക്കാമായിരുന്നില്ലേ?

തലേ സന്ധ്യയിലെ തീനും കുടിക്കും ശേഷം , കൂടെ നിന്ന്
ഇന്നത്തെ സ്വകാര്യസഞ്ചാരങ്ങളുടെ ഭൂമിയറിഞ്ഞ്,
നിഷ്കരുണം മറുവശം ചേര്‍ന്ന ആ ഷെയറുകാരനെ
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത് ......

ചുറ്റി വളഞ്ഞ് അടി വീണപ്പോഴും,
മുഖവും താടിരോമങ്ങളും മാന്തിയെടുത്തപ്പോഴും,
ലോഹമുനകള്‍ നിന്‍റെ മര്‍മ്മങ്ങള്‍ തിരഞ്ഞ് ചോരയെടുത്തപ്പോഴും
നല്ല അഗ് മാര്‍ക് വഞ്ചനയിലൂടെ കൂടപ്പിറപ്പുകള്‍
ഇങ്ങനെ ഒറ്റിയൊഴിഞ്ഞതിന്‍റെ സമസ്യ പൂരിപ്പിച്ച്
നീ കണക്ക് തെറ്റിക്കയായിരുന്നോ?

'എന്തെടീ മേരീ.. പോടീ ' വിശേഷങ്ങളില്‍,
നിന്‍റെ കൊച്ചു വര്‍ത്താനങ്ങളില്‍,
സ്വര്‍ഗരാജ്യം പണിത പെണ്ണാളുകള്‍
പുരുഷോത്തമാ, നിനക്കെന്തു പറ്റി... എന്ന്
മൂക്കില്‍ വിരല്‍ വച്ചപ്പോഴെങ്കിലും
ആകെയുലഞ്ഞു മഹാഗിരിയായുണര്‍ന്ന്
നിന്‍റെ അനവധി കൈയിലിരിപ്പുകളില്‍ ഒന്നെടുത്ത്.....

ഹെന്‍റെ പുരുഷോത്തമാ, നിന്‍റെ കൈവെള്ളപൂവിലേക്ക്
ആണി ചേര്‍ത്തപ്പോള്‍....----------,,... ....വേണ്ട ചുറ്റികയെടുത്തപ്പോഴെങ്കിലും
ഒരു വിരല്‍തുമ്പുകൊണ്ട് തൊട്ട്
നിനക്ക് അവരെ 'സുഖ'പ്പെടുത്താമായിരുന്നു - തീര്‍ച്ച.



{ഇവന്‍റെ പേര് ഇന്ന് യേശു എന്നല്ല. . കോടി പേരിട്ട് സംഘം ചേര്‍ന്ന് പതിയിരുന്ന് വെട്ടിവീഴ്ത്തപ്പെടുന്നവരുടെയെല്ലാം പേര് യേശു എന്നുമാവാം}


ഇതിപ്പോള്‍ മാരകമുറിവുകളേറ്റ്,
ഒരു ശരീരം പോലുമല്ലാതെ
ആകാശത്തില്‍ നിത്യനിലവിളിയായ്
എന്തു കാര്യം.... എനിക്കു മനസ്സിലാവുന്നില്ല.

അല്ല പുരുഷോത്തമാ,
ഇന്നിപ്പോള്‍
നിന്‍റെ വിശ്വസ്ത ചതിയന്മാര്‍
നിന്നെ വിറ്റോന്മാര്‍
അരക്കു കെട്ടുള്ളോര്‍
തലക്കു കെട്ടുള്ളോര്‍
നിന്‍റെ ഗ്രൂപ്പുകാര്‍
എല്ലാം നിന്നെ വിറ്റു വെള്ളിക്കാശാക്കുന്നല്ലോ
മനുഷ്യോത്തമാ...

ഉത്തമം മദ്ധ്യമാര്‍ഗ്ഗം

Thursday 24 October 2013

നടക്കാവ് വൃക്ഷങ്ങള്‍

കാല്‍ക്കുലേറ്ററില്‍ കണക്കുകൂട്ടി വേശ്യയോട് മൂന്ന് രൂപാ തിരികെ തട്ടിപ്പറിച്ചവനും
ഇരുട്ടത്ത് ഒളിച്ചുകടത്തിയ ജീവനെ മുണ്ടിട്ട് മറച്ച് വേണാടിന് വന്നിറങ്ങിയവനും
ഹൈടെക് മോഷ്ടാവിനും, കൈവെട്ടുതൊഴിലാളിക്കും, പലിശമുതലാളിക്കും,
പഴുത്ത് പുഴുത്ത ചാനല്‍ ചര്‍ച്ചാവിരുതനുള്‍പ്പെടെയുള്ള എല്ലാ വഴിപോക്കര്‍ക്കും
എഗ്രിമെന്‍റ് വയ്ക്കാതെ, ചോദിക്കാതെ പറയാതെ, നല്ല തണലങ്ങ് നല്‍കി
നടക്കാവ് വൃക്ഷങ്ങള്‍ നിരന്ന് നിന്ന് പട്ടണത്തെ
 തിരു അനന്തപുരമാക്കി.

നടക്കാവ് വൃക്ഷങ്ങളുടെ നീതിക്ക് എന്താ മാര്‍ജിന്‍ ???
എന്നൊന്ന് അത്ഭുതപ്പെടാമോ അത്ഭുതമേ...



വിശന്ന്, തണല്‍ കുടിച്ച് കിടന്ന ഒരു വെളുത്ത പട്ടിക്കുഞ്ഞിനെ
ഒറ്റ തൊഴിക്ക് വൃത്തിയാക്കിയ കോര്‍പറേഷന്‍ നീല സാറിനും,

കണ്‍പുരികങ്ങളും നരച്ച, ഓര്‍മക്കും കൂനു പിടിച്ച വൃദ്ധയെ
വെള്ളനാട് കഴിഞ്ഞിട്ട് നേരമെത്രയായ് തള്ളേ... എന്ന് തത്തി-
ച്ചിറക്കിയ കിളിയേമാനും,

അറിയാതെ ഒന്ന് സ്പര്‍ശിച്ച് പോയതിന് പട്ടികുരിശേറിമകനേ ...ന്ന് വിളിച്ച
ചാരിത്ര്യത്തിന്‍റെ അംബാനിമുതലാളിച്ചിക്കും,

ഒക്കെ,

നടക്കാവ് വൃക്ഷങ്ങളുടെ തണുത്ത മാര്‍ജിനില്‍ നിന്നിട്ടു പോലും
അയ്യേ.. എന്താ മാര്‍ജിന്‍ ???

പൂജ്യത്തിനും താഴേക്ക് പൂജ്യപ്പെടൂ പൂജ്യമേ..

Tuesday 8 October 2013

അമ്മച്ചിയുടെ പ്ളാവ്




എടത്തിയാനേ.... ങാഹാ വലത്തിയാനേ..


ഞാനുള്‍പ്പെടെ എട്ടെണ്ണത്തിനെ വളര്‍ത്തി ലോകത്തിലെ വിവിധ ഇടങ്ങളിലേക്ക്
 പറഞ്ഞുവിട്ട അമ്മച്ചിപ്ളാവുകള്‍.. ഇമ്മാതിരി അഞ്ചെണ്ണം പറമ്പിലുണ്ടായിരുന്നു
അഞ്ചിനും അഞ്ച് രുചികള്‍.... .,
    



നേതാവ് പ്ളാവ് വരിക്കന്‍ അഥവാ മി. പി വരിക്കന്‍.......    

 ഞങ്ങളുടെ കുടുംബത്തീന്ന് മരിച്ചുപോയ എല്ലാവരും ചക്കപ്പഴക്കാലത്ത് വരിക്കന്‍റെ

 ചുവട്ടില്‍ വരുന്നുവെന്ന് ഞാന്‍ വിശ്വസിക്കും. .

എടത്തിയാനേ...

ഒരു ദിവസം ആന വന്ന് എല്ലാവരെയും വലിച്ചുകൊണ്ടുപോയി. വരിക്കനൊഴിച്ച്.



 വരിക്കനെ വെട്ടാന്‍ അമ്മ സമ്മതിച്ചില്ല.
 ഒരുപാട് വച്ചുവിളമ്പിയ ആ പ്ളാപ്പുള്ളികളുടെ വില, വച്ചുവിളമ്പുന്ന അമ്മയ്ക്കറിയാം.

വരിക്കന്‍ ഇന്നും പഴുത്തുനില്ക്കുന്നു.

പകല്‍പക്ഷികള്‍, മൃഗങ്ങള്‍, രാപ്പുള്ളുകള്‍, ചോണനുറുമ്പുകള്‍ എല്ലാവര്‍ക്കും വച്ചുവിളമ്പി...



 വെറുതെ വല്ലപ്പോഴും ചെല്ലുന്ന എനിക്കും വിളമ്പി....

ഇനിയൊരു വലത്തിയാനേ.... ദിവസം വരെ മാത്രം

Tuesday 1 October 2013

ഭൂമിയെ അവകാശമാക്കിയവന്‍റെ കണ്ണട

അതീവസൌമ്യനായി സ്വന്തം കണ്ണടയോട് അദ്ദേഹം പിന്നെയും കലഹിച്ചുകൊണ്ടിരുന്നു.

അതിന്‍റെ ഈര്‍ക്കില്‍രൂപിയായ രണ്ടു കൈകളിലും മുറുകെ പിടിച്ച്,
അതിന്‍റെ രണ്ടു വട്ടമുഖങ്ങളോടും അദ്ദേഹം പിറുപിറുത്തതെല്ലാം ക്ഷമയോടെ കേട്ടിട്ട് കണ്ണട പറഞ്ഞു,

" എന്തായാലും പറ്റില്ല.  ഫസ്റ്റ്ക്ളാസ് കംപാര്‍ട്മെന്‍റില്‍ ഇരിക്കുമ്പോഴെങ്കിലും ഈ കണ്ണാടിച്ചരട് അഴിച്ചുമാറ്റൂ. അല്ലെങ്കില്‍ ആരെങ്കിലും പിടിച്ച് പുറത്താക്കും. ഇപ്പോള്‍ പുസ്തകം വായിച്ചില്ലെങ്കില്‍ എന്താണ് കുഴപ്പം? എന്നെ എടുത്ത് പോക്കറ്റില്‍ ഒളിപ്പിക്കൂ.."

ഒളിപ്പിച്ചില്ല. എടുത്ത് മൂക്കില്‍ സ്ഥാപിച്ചിട്ട് ട്രെയിനിന്‍റെ ഉലച്ചിലില്‍ താഴെ വീഴാതിരിക്കാന്‍ തലയ്ക്കു പിറകിലൂടെ ആ ചരടും വലിച്ചിട്ടു.

പുസ്തകം തുറന്നു.
ഇരു കവിളുകളിലും അടി ഉറപ്പാക്കുന്ന മഹാവചനങ്ങള്‍ ഉള്ളിലുള്ള പുസ്തകം. എല്ലാ പുസ്തകങ്ങളോടും ചെയ്യുന്നതുപോലെ ചുംബിച്ച്, നെഞ്ചോട് ചേര്‍ത്ത് , അതിനെ പിളര്‍ന്നു.

ഒരു വാചകം വായിച്ച് ഭൂമിയെ ഇന്‍ഹെറിറ്റ് ചെയ്യാനെന്ന പോലെ എഴുന്നേറ്റ് നിന്നു,

അറിയാതെ.

പിന്നെ ഇരുന്നു, അതും അറിയാതെ.

വീണ്ടും അത് തന്നെ വായിച്ച് അഴിക്ക് പുറത്തെ ദക്ഷിണാഫ്രിക്കയിലേക്ക് നോക്കി.

വീണ്ടും എഴുന്നേറ്റു.

അകക്കണ്ണാല്‍ ഇന്ത്യയിലേക്ക് നോക്കി ആ ഉപഭൂഖണ്ഡത്തെ അവകാശപ്പെടുത്തുവാന്‍ എത്രമാത്രം എളിമപ്പെടണമെന്ന് കൈവിരലുകള്‍ മടക്കിയും നിവര്‍ത്തും കണക്കെടുത്തു.

വീണ്ടും ഇരുന്നു. അപ്രകാരം ആറു തവണ എഴുന്നേറ്റതും ഇരുന്നതും താനറിഞ്ഞല്ലെങ്കിലെന്തേ ചുറ്റും ഇരുന്നവരുടെ കണ്ണുകള്‍ കുന്തങ്ങളായി.

മിസ്റ്റര്‍,  വാട് ആര്‍ യു ഡൂയിംഗ് ... എന്നൊക്കെ ചോദിച്ചു. കറുത്ത കിറുക്ക് എന്നര്‍ത്ഥം വരുന്ന തെറികള്‍ പറഞ്ഞു.

ടക്, ടക്, ടക് എന്ന് ബൂട്സുകള്‍ അടുത്തുവന്നു.

ആദ്യം സഞ്ചിയും പിന്നാലെ മിസ്റ്റര്‍ ഗാന്ധിയും ചവിട്ട് വാങ്ങി പുറത്തേക്ക് വീണു.

രണ്ടാമതും ചവിട്ടുന്നതിനു മുമ്പ് അവര്‍ ആ എളിയവനെ അടിക്കകുയും മി. ഗാന്ധി, ഇന്‍ഡ്യന്‍ എന്ന് ആക്ഷേപിക്കുകയും ചെയ്തു.

ഉയര്‍ന്നുനിന്ന ബൂട്സിനും എളിയവനുമിടയില്‍ അപ്പോള്‍ പുസ്തകത്തില്‍ നിന്ന് മത്തായി 5.39, ലൂക്കാ 6.29 എന്നിവര്‍ ചാടിയിറങ്ങി എന്തോ പറഞ്ഞു.

അതീവസൌമ്യനായി അവരെ അനുനയിപ്പിച്ച് പുസ്തകത്തിലേക്ക് തന്നെ തിരികെ കയറ്റി ഇരുത്തിയിട്ട് സാമ്രാജ്യത്വത്തിന്‍റെ ബൂട്സിന് കേട് പറ്റിയോ എന്ന് പരിശോധിക്കുന്നതിനിടയില്‍ രണ്ടാമത്തെ ചവിട്ടും സ്വീകരിച്ചു.

അന്ന് ആദ്യമായി വായിച്ചുകൊണ്ടിരുന്ന വാക്കുകളുടെ അര്‍ത്ഥം കണ്ണടക്ക് മനസ്സിലായിതുടങ്ങി.

അവസാനം വരെ ആ മുഖത്തോട് പറ്റിച്ചേര്‍ന്നിരുന്ന് അവന്‍ അവകാശമാക്കിയ ഭൂമികളെല്ലാം വായിച്ച് ആ വട്ടക്കണ്ണടയും അവനെപ്പോലെ പേരുകേട്ട എളിയവനായി.

BLESSED ARE THE MEEK FOR THEY SHALL INHERIT THE EARTH