Wednesday 16 April 2014

ആണ്ടുകുമ്പസാരം

വാ കീറിയവനേ..
ഞാന്‍ നിലവിട്ട് വാവിട്ടവനാണ്
എന്‍റെ ഇര കീറണമേ.....

വെളിച്ചമായവനേ..
ഞാന്‍ തല്ലിക്കെടുത്തിയവനാണ്
എന്‍റെ കണ്ണ് തുരക്കണമേ...

യൂദാസിന്‍റെ സഞ്ചിയില്‍ നിന്നും
മഗ്ദലനാമ്മയുടെ ശരീരത്തില്‍ നിന്നും
നീ എന്നെ പുറത്താക്കണമേ...

സ്നേഹമായവനേ... പൂമൊട്ടായവനേ..
കുഞ്ഞുങ്ങളെയും പുഞ്ചിരിയെയും
കൊഞ്ചലുകളെയും പെണ്‍കുട്ടികളെയും തീര്‍ത്തവനേ..
ഞാന്‍ ഇരുട്ടില്‍ ഇതുങ്ങളെയെല്ലാം കടിച്ചുതിന്നവനാണ്
ഒരു കുരിശും മൂന്നാണിയും
മൂന്ന് റോമാക്കാരെയും എനിക്ക് അനുവദിച്ച് തരേണമേ
എന്‍റെ വഴിയില്‍ ചുമട്ടുകാരന്‍
ശിമയോനെ നിര്‍ത്തിടല്ലേ...

പറയാന്‍ വിട്ടുപോയ്
കഠോരമായ ചാട്ടകളും തന്നരുളേണമേ..

Friday 4 April 2014

താഴ്ത്തപ്പെട്ട മത്തക്കൊച്ച്

ദൈവത്തിനേറ്റം പ്രിയങ്കരനായ അവന്‍റെ പേര് മത്തക്കൊച്ച് എന്നാണ്.
മത്തക്കൊച്ചിന്‍റെ കൈകാല്‍ നഖങ്ങള്‍ക്കിടയിലെ കറുത്ത മണ്ണ് പുറമേ നിന്ന് കാണാമായിരുന്നു. കിളച്ചും കൂനകൂട്ടിയും കുഴി കുത്തിയും നട്ടുനനച്ചും മൊട്ടിച്ച് വരുന്ന ഇലകളെ സൂക്ഷിച്ചുനോക്കിയും അയാള്‍ ജീവിച്ചു. അയാളുടെ സ്വപ്നങ്ങളില്‍ മണ്ണും മരവും പഴങ്ങളും കേറിക്കിടന്നത് , പക്ഷേ പുറമേ നിന്ന് കാണാമായിരുന്നില്ല.
പെട്ടെന്ന് തുറന്നടയുന്ന ചെറിയ ചിരിയായിരുന്നില്ല മത്തക്കൊച്ചിന്‍റേത്. സ്വയം തൃപ്തിയാകുന്നതുവരെ കയറ്റിറക്കങ്ങളും ചെറിയ ഒച്ചപ്പാടുമുള്ള അവന്‍റെ ചിരി ഭാര്യയായ അന്നക്കൊച്ചിനും മക്കള്‍ക്കും അയാളുടെ നായയ്ക്കും നാട്ടുകാര്‍ക്കും ഇഷ്ടവുമായിരുന്നു.
സന്ധ്യാപ്രാര്‍ത്ഥനയാണെങ്കില്‍ വളരെ ഉച്ചത്തില്‍ ചൊല്ലിയിരുന്നതുമൂലം പുറത്ത് നില്ക്കുന്ന നാട്ടുമാവിനും ചുണ്ടിലാന്‍ വാഴക്കും പൂച്ചെമ്പരത്തിക്കും എന്നും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞുപോന്നു.
മുറ്റത്തിന് താഴെ വലിയൊരു ഈന്ത് നിന്നതിന്‍റെ ചുവട്ടില്‍ വന്നുനിന്ന് ദൈവം മിക്ക ദിവസവും മത്തക്കൊച്ചേ.... എന്ന് വിളിക്കും. ഇറങ്ങിച്ചെല്ലുന്ന അയാള്‍ പൂവാങ്കലെ അമ്മിണി, പലകപ്പയ്യാനിക്കലെ യാക്കോബ്, അംഗന്‍വാടി ടീച്ചര്‍ തെയ്യാമ്മ തുടങ്ങിയവരെ കാണും.മുറ്റത്തിന്‍റെ കരിങ്കല്‍ക്കെട്ടില്‍ പറ്റിപ്പിടിച്ച് വളര്‍ന്നിരുന്ന ചിരവപ്പൈപ്പന്‍ ചെടിയുടെ ഇല പറിച്ച് അതിന്‍റെ ഭംഗി കണ്ട് അതിനെ നോക്കി ചിരിച്ച് നിന്നിരുന്ന ദൈവത്തെ മത്ത ഒരു ദിവസം പോലും കണ്ടില്ല. ചിലപ്പോള്‍ കാണാരൂപിയായിട്ടായിരിക്കും ദൈവം നിന്നത്. അകത്തേക്ക് പോയി രണ്ട് പത്തു രൂപാ, കുറെ അരി, ചിലപ്പോള്‍ തേങ്ങ, അല്ലെങ്കില്‍ ഒരു പിച്ചാത്തിയുമായി വന്ന് ചെത്തിയിടുന്ന നാല് ചക്ക അങ്ങനെ എന്തെങ്കിലും എന്നും കൊടുക്കാന്‍ ആ വീട്ടിലുണ്ടാകും എന്നത് അയാളുടെ ഒരു സന്തോഷമായിരുന്നു. ചിരവപ്പൈപ്പന്‍റെ വിന്യാസങ്ങള്‍ക്കിടയിലൂടെ ഒളികണ്ണായി നിന്ന് ഇതെല്ലാം കണ്ട് സന്തോഷത്തോടെ ദൈവം തിരിച്ചും പോകും.
മത്തക്കൊച്ചിന്‍റെ വീടിനും മുറ്റത്തിനും കിണര്‍ക്കരയിലെ വാഴക്കൂട്ടത്തിനും മുകളിലായ് നല്ലൊരു പ്രകാശം എപ്പോഴും ഉണ്ടായിരുന്നു. അത് ദൈവം അവിടെ വച്ചേച്ച് പോയതുമായിരുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ അത്ര കൂട്ടായിരുന്നു.
അതുകൊണ്ട് മരിച്ചുകിടന്നപ്പോഴും ഒരു ചിരി മത്തക്കൊച്ചിന്‍റെ ചൊടിയില്‍ ഒട്ടിച്ചുവച്ച് ദൈവം അയാളുടെ അടുത്തിരുന്നു. അതുകൊണ്ട് മരിച്ച് രണ്ടാംദിവസം മുതല്‍ അഴുകിത്തുടങ്ങാന്‍ അവന്‍ അയാളെ അനുവദിച്ചു.
ഇനി ചുരുക്കിപ്പറയാം. മത്തക്കൊച്ച് ജീവിച്ചിരുന്നപ്പോള്‍ പ്രവര്‍ത്തിച്ചതും , ദൈവം ചിരവപ്പൈപ്പന്‍റെ ഇലകള്‍ക്കിടയിലൂടെ കണ്ട് ആനന്ദിച്ചതുമല്ലാതെ ഒരത്ഭുതവും മരണശേഷം സംഭവിക്കാന്‍ ദൈവം സമ്മതിച്ചില്ല. അതുകൊണ്ട് ഒരു ഭീമാകാരമായ പള്ളിക്കെട്ടിലെ അള്‍ത്താരയിലിരിപ്പാനോ അവിടെയിരുന്ന് അനേകം ടൂറിസ്റ്റ് ബസുകള്‍ , കന്യാസ്ത്രികള്‍, കാറോസൂസാ കാസ്മീസ് കത്തനാര്‍മാര്‍, അവരുടെ നേതാവായ ബിഷപ്പ്സ്, പാവം വിശ്വാസികള്‍, വിശുദ്ധ വിനിമയങ്ങള്‍, ഒന്നും കണ്ട് സംഭ്രമിക്കുന്നതിനോ, തന്‍റെ നഖങ്ങള്‍ക്കിടയില്‍ അപ്പോഴും ഇരിക്കുന്ന കറുത്ത മണ്ണിനെ നോക്കി ലജ്ജിക്കുന്നതിനോ ദൈവം ആ കൂട്ടുകാരന് ഇടവരുത്തിയില്ല.
എന്തെന്നാല്‍ അവര്‍ അത്രമേല്‍ കൂട്ടായിരുന്നു.....
Like · 

Tuesday 1 April 2014

പക്ഷിയാകാശം

പക്ഷിയാകാശത്ത്
ഗോദറേജ് പൂട്ടുകളുടെ പീടികയില്ല.
അവരെന്തു പൂട്ടിവയ്ക്കാനാണ്...
ഭക്ഷണക്കടകളില്ല.
തേടിവച്ചിരിക്കുന്നിടത്ത് പോയി തിന്നാറില്ല,
വേണ്ടത് തേടിത്തിന്നും.
ദേവാലയക്കെട്ടുകളില്ല.
ആകാശത്തിലെ പക്ഷികളെ നോക്കുവിനെന്നും
ഈ കുരുവികളിലൊന്നിന്‍റെ വിശുദ്ധിയിലേക്ക്
വളരുവിനെന്നുമാണ് ദേവാലയംപറഞ്ഞിട്ടുള്ളത്
ദേവാലയത്തിനെന്തിനാണ് ഇനിയൊരു ദേവാലയം...
കമ്പിസിമന്‍റ് കടകളില്ല..
പക്ഷിവീടിനോട് മുട്ടുവാന്‍
കടവീടുകള്‍ക്ക് എന്ന് ആവുമെന്നാണ്...
പിന്നെ ഒന്നുണ്ട്
മഞ്ഞിന്‍റെ വീട്
മഞ്ഞിന്‍റെ പീടിക
മഞ്ഞിന്‍റെ ദേവാലയം
ശാരികേ ഓമലേ , തെക്ക് തെക്കൊരു നാട്ടിലേക്ക്
ഞാനന്ന് മുട്ട പൊട്ടിച്ച് പോയപ്പോള്‍
കടലെറിഞ്ഞുതന്ന ഒരു പാട്ട്
എന്‍റെ ചുണ്ടിലിരിക്കുന്നുണ്ട്, പാടട്ടേ....
ചോദിച്ചപ്പോള്‍ തന്നെ മുട്ടിയിരുന്ന് കൂട്ടു കൂടിയവളോട്
കൊക്കിലൂടെ ദേശങ്ങളും ദൂരങ്ങളും തുറന്ന്
കടലുകള്‍ തുറന്ന്, മേഘവീട് തുറന്ന്,
താരമുറ്റം തൂത്ത്
താഴെക്കൊമ്പിലിറങ്ങി, കാട് തുറന്ന്
കരളാമവളുടെ കരള്‍ തുറന്ന്
കാട്ടിലൊരു തരിപ്പുണര്‍ത്തി,
കാനമുരിക്കില്‍ ചെമപ്പുണര്‍ത്തി,
പാട്ടിന്‍റെ അറുതി പാടാനായ് ഓമലാളുടെ
തോളിലേക്ക് കയറുമ്പോള്‍
പീടികയും വീടും ദേവാലയവും ഝടുതി തുറന്ന്,
ഒരു വെളുത്ത വിരിയായ് മഞ്ഞിറങ്ങും
അപ്പോള്‍ കാടിന് മുകളിലെ പുണ്യാകാശത്ത്
വിശുദ്ധരല്ലോ പറന്ന് പറന്ന്...
Like