Sunday 17 February 2013

പൂവാംകുരുന്നില , മുയല്‍ചെവിയന്‍


നാല്പത്തിരുകോല്‍ വിസ്തൃതിയില്‍ പന
യോല മേഞ്ഞ് . തറയെല്ലാം കൊത്തിയ കരിങ്കല്ലിന് . നിരയോ ചിന്തേരിട്ട് മിനുക്കി കൊത്തിപ്പൊഴിച്ച തേക്കിന്‍പലക . മച്ചോ പലകമേലാപ്പ് തന്നെ . കണക്കില്ലാതെ മരങ്ങള്‍ വളര്‍ന്നിരുന്ന ഇടക്കര , മലമേല്‍ പറമ്പുകളില്‍ വെട്ടിവീഴ്ത്തി അറുത്ത് ചുമന്ന് കൊണ്ടുവന്ന് , ഉത്തരം കിട്ടാത്ത വലിപ്പത്തിലുള്ള ഉത്തരങ്ങളിലും ചീലാന്തികളിലും ചേര്‍ത്ത് ......
അപ്രകാരമെല്ലാമുള്ള താഴത്തുപറമ്പില്‍ തറവാടിന്‍റെ - ചിരട്ടക്കരിയും മുട്ടവെള്ളയും ഒരു രഹസ്യ അനുപാതത്തില്‍ സിമിന്‍റിനോട് ചേര്‍ത്ത് മിനുക്കി കറുപ്പിച്ച ,ഐസ് പോലെ തണുത്ത - നെടിയ തിണ്ണയില്‍ തെക്കുഭാഗത്ത് തുണി കെട്ടിയ നീളന്‍ ചാരുകസേരയില്‍ കണ്ണുവൈദ്യര്‍ വര്‍ക്കിപേരപ്പന്‍ മഹാഗൌരവത്തില്‍ അങ്ങനെ കിടപ്പുണ്ടാകും . പിറകില്‍ ഇളംതിണ്ണയില്‍ അതേ ഗാംഭീര്യത്തില്‍ തീക്കണ്ണുകളും ദേഹം നിറയെ ചാരനിറത്തില്‍ വളര്‍ന്നുതൂങ്ങിയ രോമങ്ങളോടും കൂടെ ചെടയന്‍ പട്ടിയും അപ്രകാരം തന്നെ കിടപ്പുണ്ടാകും .ഇവര്‍ രണ്ടുപേരാണ് കണക്കില്‍പെട്ടവര്‍ .

        പുറത്ത് വെളുത്തത് , കറുത്തത് , പുള്ളിയുള്ളത് , ചുമന്ന അങ്കവാലുള്ളത് എന്നിങ്ങനെയുള്ള കോഴിക്കൂട്ടങ്ങള്‍ . പശുക്കള്‍ അവറ്റകളുടെ കിടാങ്ങള്‍ . അകത്ത് പൂച്ചകള്‍ അവയുടെ മക്കള്‍ , ഇവരെല്ലാം ഓടിച്ചിട്ട് പിടിച്ച് തിന്നിട്ടും തീരാത്ത എലികള്‍ , മറിയക്കുട്ടി , അതിന്‍റെ മക്കള്‍ അങ്ങനെ....ഇതിന്‍റെയൊക്കെ കണക്ക് ആര്‍ക്കറിയാം ? ആ.. ഈ കണക്കില്ലാത്ത പടയില്‍ ഒരുവനാണ് ഞാന്‍ . തെക്കുവശത്തെ ചാരുകസേരയില്‍ ഇരുന്ന് നാട്ടുകാരെ മുഴുവന്‍ കണ്ണില്‍ മരുന്നെഴുതി കരയിക്കുന്നത് എന്‍റെ വല്യപ്പന്‍ .പാപ്പന്‍ എന്നു വിളിക്കും വീട്ടുകാര്‍ .

       ആറാറുകൂട്ടം പച്ചിലകള്‍ , അങ്ങാടികള്‍ എന്നിവ ഏഴേഴുതവണ കഴുകി, ഉപ്പും മുളകും കണ്ടിട്ടില്ലാത്ത അരകല്ലില്‍ ഇടിച്ചരച്ച് ആറു കരിക്കിന്‍റെ ഇളനീര്‍ ചേര്‍ത്ത് വിശേഷാല്‍ വിറകടുപ്പില്‍ വറ്റിച്ച് കുഴമ്പാക്കി കുപ്പിയിലാക്കി പ്രാര്‍ത്ഥനാമുറിയിലെ തടിയലമാരയില്‍ നാട്ടിനാട്ടി വച്ചിരിക്കുന്നത് ഇളനീര്‍കുഴമ്പ് . താഴെ തട്ടുകളില്‍ എല്ലാം ആട്ടിന്‍പിട്ട പോലത്തെ ഗുളികകളാണ്. വിവിധ വ്യാധികള്‍ക്ക് തേനിലോ മുലപ്പാലിലോ ചേര്‍ത്ത് കണ്ണില്‍ തേയ്ക്കാനുള്ളതാണ് . ഇളനീര്‍കുഴമ്പ് lതേക്കുകയല്ല എഴുതുകയാണ് ചെയ്യുന്നത് . വൈദ്യര്‍ നേരിട്ടാണ് അത് ചെയ്യുന്നത് . പണ്ഡിതനാകട്ടെ പാമരനാകട്ടെ , പുരാതനാകട്ടെ പുതുക്രിസ്ത്യനാകട്ടെ , വൈദികനാകട്ടെ കന്യാസ്ത്രിയാകട്ടെ , തൊടുകേല്‍ കുഞ്ഞാകട്ടെ  കരയും , കരഞ്ഞുപോകും. വാ... വൂ... ഈ... തുടങ്ങിയ സ്വരങ്ങള്‍ കേള്‍പ്പിച്ച് വ്യാധി അനുസരണയോടെ കണ്ണില്‍നിന്ന് ഇറങ്ങി വൈദ്യരെ വന്ദിച്ച് ഓടിക്കളയും . എല്ലാം കഴിയുമ്പോള്‍ ഒരു കഷണം തുണി നല്കപ്പെടും . അതുകൊണ്ടു കണ്ണീര്‍ ,കുഴമ്പിന്‍ബാക്കി എല്ലാം തൂത്ത്, പൈസ കൊടുത്തോ കൊടുക്കാതെയോ നടയിറങ്ങിപ്പോകാം .വൈദ്യരോ , ചെടയന്‍പട്ടിയോ ഒന്നും മിണ്ടുകയില്ല.

       കയറിവരുന്നവനെ ആദ്യം പരിശോധിക്കുന്നത് ചെടയനാണ് . വെറുതെ കുരച്ച് എനര്‍ജി കളയുന്നപരിപാടിയില്ല . ഇരുവശത്തുമുള്ള ക്രോട്ടണ്‍ചെടികളുടെ നടുവിലൂടെ നട കയറി മൂവാണ്ടന്‍റെ ചുവട്ടില്‍ രോഗി ആദ്യത്തെ കാല് വയ്ക്കുമ്പോള്‍ ഒരു മുറുമ്മല് . ചെടയന്‍ എഴുന്നേറ്റ് വിശ്വരൂപത്തിലങ്ങനെ നില്ക്കും . എന്തിനാണ് കുര ? ചെടയന്‍ പിന്നെ ആഗതന്‍റെ കണ്ണ് പരിശോധിക്കും . ചുവന്ന് പഴുത്ത് വീങ്ങിയ കണ്ണാണെങ്കില്‍ ഒന്നും മിണ്ടാതെ ചെടയന്‍ അവിടെ കിടക്കും. അത് അനുവാദമാണ് . രോഗിക്ക് ചീഫ് ഫസിഷ്യന്‍ വര്‍ക്കിയെ സമീപിക്കാം . കണ്ണ് ശരിയല്ലെങ്കില്‍ പള്ളിവികാരിയും ഓടും . ഒരിക്കല്‍ പട്ടരുമഠം അച്ചന്‍ അങ്ങനെ ഓടിയതാണ്.

      അപ്രകാരമുള്ള ചെടയന്‍ മൂന്നു ദിവസം ഭക്ഷണം കഴിക്കാതെ , വെള്ളം കുടിക്കാതെ , കോഴികളെ ഓടിക്കാതെ ,ഇരുകണ്ണുകളും നിറയെ കരഞ്ഞ് കിടപ്പായി പോയത് വൈദ്യരുടെ ഇളയ മകള്‍ മറിയാമ്മ മഠത്തില്‍ പോയപ്പോഴാണ് . എട്ട് മൈല്‍ ദൂരത്തിലുള്ള പനച്ചിപ്പാറ എസ്.എം.വി സ്കൂളില്‍ നിന്ന് വൈകിട്ട് മറിയാമ്മ നടന്നെത്തുന്ന സമയം മനസ്സിലാക്കി എന്നും മുട്ടന്‍തോട് വരെ ചെന്ന് മറിയാമ്മയെ സ്വീകരിച്ച് കൂട്ടിക്കൊണ്ടുവന്നതാണ് കഴിഞ്ഞ 6 വര്‍ഷം .ഒരു ദിവസം ആങ്ങളമാര്‍ ചുമക്കുന്ന പെട്ടികള്‍ക്കു പിന്‍പേ മൌനമായി ഇറങ്ങിപ്പോയി .

      ആ മറിയാമ്മ ആദ്യത്തെ ഒഴിവിന് വീട്ടില്‍ വന്നപ്പോള്‍ ഡല്‍ഹിയില്‍നിന്ന് ഒരു കുടവയറന്‍ അപ്പൂപ്പനെ വാങ്ങിക്കൊണ്ടുവന്നു.
മുഖത്ത് നീണ്ട താടി , സ്ഥിരം ചിരി . കഴുത്തില്‍ സ്പ്രിംഗ് ഘടിപ്പിച്ചിട്ടുണ്ട് .തലയില്‍ ഒന്നു തൊട്ടാല്‍ താടിയിളക്കി ചിരിച്ച് ഇരുവശത്തേക്കും തിരിഞ്ഞ് കുറേനേരം തലയാട്ടും . ആ രസികനാണ് എനിക്കീ ജീവിതത്തില്‍ കിട്ടിയ ആദ്യത്തെ സമ്മാനം.

      ആടലോടകം, മുയല്‍ചെവിയന്‍ ഇവ സമാസമം വേരോടെ ഇടിച്ചുപിഴിഞ്ഞ് അമുക്കിരം , മരമഞ്ഞള്‍തോല്‍ , കയ്യൂന്നീര് , നെല്ലിക്കാനീര് , നെയ്യ് ഇവ സമം കൂട്ടിച്ചേര്‍ത്ത് ......കുറിപ്പടയാണ്. രോഗിക്ക് കൊടുത്തുവിടേണ്ട കുറിപ്പട . വൈദ്യര്‍ ഡിക്റ്റേറ്റ് ചെയ്ത് ചിന്നമ്മ കുറിച്ചെടുക്കുകയാണ് . വഴിയേ പോകുന്നതും വേലിയിലിരിക്കുന്നതുമായ എല്ലാ വയ്യാവേലികളും വിളക്കുവച്ച് വളിച്ച് കേറ്റി , അടിവാങ്ങുന്ന ഒരു ദൈവകുരുത്തം ചിന്നമ്മ എന്ന എന്‍പെങ്ങള്‍ക്കുണ്ട് . ആ കുരുത്തം നാവിലിരുന്ന് ചൊറിഞ്ഞ് സഹിക്കവയ്യാതായപ്പോള്‍ വളരെ നിഷ്കളങ്കമായി ചിന്നമ്മ ചോദിച്ചു " പാപ്പാ പൂവന്‍കുറുന്തല വേണ്ടേ ?" തീര്‍ന്നു .ഒരു മരുന്ന് കൂട്ടിന്‍റെ രഹസ്യമാണ് പുറത്തായത് . രോഗിയുടെ വിശ്വാസം പോയതുതന്നെ . വൈദ്യര്‍ പാപ്പന്‍ ചെടയനെപ്പോലെ ചാടിക്കുടഞ്ഞെണീറ്റു . ചെടയന്‍റെ രണ്ടു തീകണ്ണുകള്‍ കടം വാങ്ങി അതിലൂടെ രൂക്ഷമായി നോക്കി .ഉചിതസമയത്തു വേണ്ടതു ചെയ്യാനറ്യാവുന്ന ചിന്നമ്മ അകത്തേക്ക് മുങ്ങി നിലവറ ഭാഗത്തുമറഞ്ഞു . ദേഷ്യപ്പെട്ടു തിരിഞ്ഞ വൈദ്യര്‍
തിണ്ണയില്‍ ചുമ്മാ ഇരുന്ന എന്നെ പിടിച്ച് കിഴുക്കി . ബോധക്കുറവിനാല്‍ കൈയിലിരുന്ന താടിയപ്പൂപ്പനെ വീശി കൊടുത്തു വൈദ്യരുടെ തിരുനെറ്റിക്ക് ഒന്ന് . നെല്ലിക്ക വലുപ്പത്തില്‍ മുഴച്ചുവന്നു . കടുക്ക , ജാതിക്ക , ഇലവര്‍ങതോല്‍ ഇവ സമാസമം കാടിവെള്ളത്തില്‍ അരച്ചിട്ടാല്‍ മുഴ ശമിക്കും എന്ന് പറയാനോങ്ങിയ എന്നെ , തന്‍റെ തീറ്റപാത്രത്തില്‍ കേറി കൊത്തിയ കോഴിയെ ചെടയന്‍പട്ടി കടിച്ചുകുടഞ്ഞപോലെ വൈദ്യര്‍ പാപ്പന്‍ അടിച്ച് കിഴുക്കി വീഴിച്ച് ........

     അന്ന് ഞാനും അനേകം പെരിങ്ങുളംകാരെപ്പോലെ , ആ ഇളംതിണ്ണയിലിരുന്ന് മുറ്റത്തെ മണ്ണിലേക്ക് കരഞ്ഞിട്ടു...കണ്ണീര്‍ .
3Like ·  · 

No comments:

Post a Comment