Wednesday 23 January 2013

കതിനാ വെടിവെടി


               കാണ്യക്കാട്ടില്‍ വര്‍ക്കി ഇട്ടന്‍, ചക്കുമ്മേല്‍ കുഞ്ഞേപ്പ്, താഴത്തുപറമ്പില്‍ കുഞ്ഞൂഞ്ഞ് മത്തായി, വള്ളിയാംപാടത്തില്‍ ആഗസ്തി അന്ത്രപ്പേര്‍ എന്നിവര്‍ ഇടമറ്റം പ്രദേശത്ത് നിന്ന് ഓരോ വാക്കത്തിയുമായി  പൂഞ്ഞാറ്റില്‍ കൊട്ടാരത്തിന്‍റെ പര്യമ്പുറം വരെ നേരെ നടന്ന് വന്നു.  അവിടെ നിന്ന്    കുനിഞ്ഞ്     അടിക്കാട് വെട്ടിയും, മലമ്പാമ്പ്, മൂര്‍ഖന്‍പാമ്പ് എന്നീ ചെറുകീടങ്ങളെ ചുമ്മാ തോണ്ടിയെറിഞ്ഞും,  എലി പടിച്ചു നടന്ന കുറെ പാവങ്ങളെ വാക്കത്തി, കുരിശ് എന്നിവ കാട്ടി ഭീഷണിപ്പെടുത്തിയും,  കുനിഞ്ഞ് കുനിഞ്ഞ് മുന്നേറി. അങ്ങനെ വരവെ ,തല ഒരു മലയില്‍ മുട്ടിയപ്പോള്‍ വലത്തോട്ടുതിരിഞ്ഞു വെട്ടിയും,  അവിടെയും തല മുട്ടിയപ്പോള്‍ ഇടത്തോട്ടു തിരിഞ്ഞും,  വീണ്ടും മുട്ടിയപ്പോള്‍ നിവര്‍ന്ന്നിന്ന് ചുറ്റും നോക്കിയും, മൂന്നേമുക്കാല്‍വശവും മലകളാല്‍ചുറ്റപ്പെട്ട പെരുംകുളം എന്ന പ്രദേശം കണ്ടുപിടിച്ചു.   അതാണല്ലോ സത്യം.

                  അന്ന് ഇടതുവശത്തെ മലയായ മാവടിമലയില്‍ ധാരാളമായി വെള്ളമുണ്ടായിരുന്നു.എല്ലാ കല്ലിനടിയലും ഉറവ പൊട്ടിയൊഴുകിയിരുന്നു. മരങ്ങള്‍ ധാരാളമായി വളര്‍ന്നുനില്ക്കുന്നതും വലിയ മരങ്ങളില്‍ പുലികള്‍ കായ്ച് കിടക്കുന്നതും കാണാം. അപ്പുലികളെല്ലാം ചേര്‍ന്ന് ഇണയെയും ഇരയെയും കാത്ത്  രാത്രി പുലിയിടുക്ക് എന്ന സ്ഥലത്ത് എത്താറുണ്ടായിരുന്നു.

                 പെരിങ്ങുളം കണ്ടുപിടിച്ച് കാലങ്ങള്‍ കഴിഞ്ഞിട്ടും കുരിശിന്‍റെ മക്കളൊന്നും മാവടിക്കാട്   വെട്ടിയില്ല.    ഇടമല, മുഴയന്മാവ്,ഇടക്കരമല, ഈറ്റയ്ക്കല്‍കുന്ന് എന്നീപ്രദേശങ്ങളാണ് ആദ്യം വെട്ടിചുട്ടത്. അവിടെയുണ്ടായിരുന്നതും, ഓടാനുള്ള  ബുദ്ധി കാണിച്ചതുമായ കാട്ടുജീവികള്‍, ആദിവാസികള്‍, എന്നിവര്‍ മാവടിമലയില്‍ ഓടിയൊളിച്ചു. എതിര്‍ത്തുനിന്നവരെ  തങ്ങള്‍ കണ്ടുപരിചയിച്ച പതിനെട്ടന്മാരുടെ നാട്ടുനടപ്പനുസരിച്ച് അടിച്ചും ഒടിച്ചും ചാക്കില്‍ കെട്ടിയും  മീനച്ചിലാറേ ഒ ഴുക്കിയും വെടിപ്പാക്കി.

              എന്‍റെ അമ്മ എന്നെ കൈയിലോട്ടെടുത്ത് ഉദ്ദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ കണ്ണു തുറന്നത്.  പക്ഷേ, ഞാന്‍ കണ്ണു തുറന്നപ്പോള്‍ മാവടിയില്‍ തെങ്ങുണ്ട്, റബ്ബറുണ്ട്, കിഴക്കന്‍, മുരിക്കന്‍, എംബ്രായന്‍ ,ഇടയോടി എന്നീ കുരിശുവിശ്വാസികളും കുറെ കടുത്തമാരുമുണ്ട്. എന്നാല്‍ വെള്ളമില്ല. ഓരോ കല്ലിനടിയിലും കരിഞ്ഞുണങ്ങിയ പാടുണ്ട്.എന്താ കാര്യം ?   പറയാം, പക്ഷേ വിശ്വസിക്കണം. ഒരച്ചനാണ് കാരണം.

              ആദ്യം കുനിഞ്ഞുകുനിഞ്ഞു വന്നവരും, പിന്നീട് അല്ലാതെ വന്നവരും കൂടെ  ഇല്ലി,ഈറ്റ,പനമ്പ്,ഈറ്റയില എന്നിവ സമാസമം  ചേര്‍ത്ത്, കഷ്ടപ്പെട്ട് വെട്ടിച്ചുട്ടെടുത്ത ഭൂമിയൊന്നും പളിളു വയ്ക്കാന്‍ തരില്ല എന്നര്‍ത്ഥം വരുന്ന '' വെട്ടിചുട്ട ഭൂമി ഇച്ചിരെ പുളിക്കും''  എന്ന ന്യായം പറഞ്ഞുകൊണ്ട്, മാവടിമലയുടെ കീഴേ അറ്റ ത്ത് ഒരു കുശനാപ്പ് കെട്ടി,  കുരിശ് വച്ച്,  പള്ളി എന്ന്പേരിട്ടു. പിന്നെ രണ്ടാം കുശനാപ്പിന് പള്ളിക്കൂടം  എന്നും പേരിട്ട അന്നു വൈകിട്ട് അതിലൊരുത്തന്‍ മരണപ്പെട്ടു. പള്ളികുശനാപ്പില്‍നിന്നും സൂക്ഷം 70 കോല്‍ തെക്കുകിഴക്കായി മണ്ണുമാന്തി  അവനെ കുഴിച്ചിട്ട് അവിടെ ഒരു കുരിശ് സ്ഥാപിച്ചു.  പിന്നീട് ഭക്ഷണകൂടുതലിനാലും കുറവിനാലും,  മലമ്പനി, ജ്വരം ആദികളാലും കുരിശുകളുടെ എണ്ണം കൂടി അതൊരു ശവക്കോട്ടയായി മാറുകയും ചെയ്തു.

              സത്യമായും അന്ന് മരിച്ച വിശ്വാസികള്‍ക്കും ജീവിച്ചിരിക്കുന്ന വിശ്വാസികള്‍ക്കും തുല്യമായ സ്ഥാനവും അവകാശങ്ങളും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ആയതിന്‍റെയെല്ലാം വെളിച്ചത്തിലും, വേറെ വെളിച്ചം ഇവന്മാര്‍ക്ക് ആവശ്യമില്ലാത്തതിലാലും,ടി ശവക്കോട്ടനിവാസികള്‍ രാത്രി രാത്രി താഴേക്കിറങ്ങി ആറ്റില്‍ മീന്‍പീടിത്തം, തവള,ഞണ്ട് പിടിത്തം,....ആഗ്വായ്, കൂഗ്വായ്... ആഘോഷങ്ങള്‍ എന്നിവ നിര്‍ബാധം നടത്തിപ്പോന്നിരുന്നതുമാണ്.ഇ തിനു പുറമേ, സമയം തെറ്റി കുളിക്കാന്‍ വരുന്നവരെ തേച്ച് കുളിപ്പിച്ച് ഒന്നൊന്നര മൈല്‍ താഴെ പുലിയിടുക്ക്, ഒറവക്കയം ഭാഗങ്ങളി്ല്‍ വഴി ചുറ്റിച്ച് കയറ്റിവിടുകയും ഇങ്ങനെയൊക്കെ ചെയ്തുവരുന്ന ധീരന്മാരെ,  മറ്റ് മരിച്ച വിശ്വാസികള്‍ അസ്ഥിമാലയിട്ട് സ്വീകരിച്ച്,  ആസ്ഥാനചൈത്താന്‍പട്ടം നല്കി ആദരിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടോ പള്ളിയുടെ രണ്ടാമത്തെ വികാരിക്ക് ഈ കളി അത്ര രസിച്ചില്ല.

               തമ്പുരാനേ , കേട്ടാല്‍ ഞെട്ടുന്നതും, ചങ്ക് തുളച്ചു കയറുന്നതും,കണ്ണിലിരുട്ടുകയറ്റുന്നതുമായ സുറിയാനിപദങ്ങളും, ബാറൈക്മോര്‍ പാട്ടുകളും , പോരാഞ്ഞ് ആനാന്‍ വെള്ളം,കുന്തിരിക്കപ്പൊഹ എന്നീ കടുത്ത വസ്തുക്കളുമായി പടിഞ്ഞാറ് പുലിയിടുക്ക് മുതല്‍ കിഴക്ക് നെടുങ്ങനാല്‍കുഞ്ഞേട്ടന്‍റെ പാക്കട്ടിവരെ അച്ചനും കപ്യാരും ചേര്‍ന്ന് ഒരു വര വരച്ചു. പൊട്ടിത്തുടങ്ങിയ  കതിനാപറമ്പില്‍ പെട്ടുപോയ  പെണ്‍പട്ടിയെപ്പോലെ മരിച്ച വിശ്വാസികള്‍ ശവക്കോട്ടയില്‍ കിടുങ്ങിവിറച്ചു. ഒരാലംബമില്ലാതെ അവറ്റകള്‍ പരവശരായി കോട്ടക്കുള്ളില്‍ കിടന്ന് അലറി. പിന്നെ അടങ്ങി.

               അന്നു മുതല്‍ വരക്ക് താഴേക്ക് അവറ്റകള്‍ക്ക് പ്രവേശനമില്ല .ആറ്റിലെ കളികള്‍ പൂര്‍വാധികം ഭംഗിയോടെ ജീവിച്ചിരിക്കുന്ന വിശ്വാസികള്‍ ഏറ്റെടുത്തു .അസ്ഥിമാലയിട്ട ആസ്ഥാനചൈത്താന്‍പട്ടക്കാര്‍ കൂടിയാലോചിച്ചു. ശാസ്ത്രപുസ്തകങ്ങള്‍ പഠിച്ചു.ദൈവത്തിന്‍റെ ഗുണങ്ങളായ സര്‍വ്വവ്യാപി, സര്‍വ്വഞ്ജത, സര്‍വ്വശക്തി എന്നിവ തങ്ങള്‍ക്കും കുറേശെയുണ്ടെന്ന് മനസ്സിലാക്കി.അസൂയ മൂത്ത മാടപ്പള്ളി പൈലോ, ചക്കനാന്‍റെ കൊലകൊലാ കൊലച്ചുനിന്ന തൈത്തെങ്ങിന് മണ്ണെണ്ണയൊഴിച്ചത് പോലീസുകാര്‍ക്ക് അറിയില്ല. തങ്ങള്‍ക്കറിയാം.അത് സര്‍വ്വഞ്ജത. പള്ളിത്താഴെ കുളിക്കുന്നവനെ ഒറവക്കയത്തില്‍ പൊക്കുന്നത് സര്‍വ്വവ്യാപിയായതിനാലാണ്.  സര്‍വ്വശക്തി അന്ന് പരീക്ഷിക്കാനും സുറിയാനിവരയ്ക്ക് പ്രതികാരം ചെയ്യാനും തീരുമാനിച്ചു. എല്ലാവരും അവരവരുടെ കുഴിയിലിറങ്ങി മാവടിമലയിലേക്ക് ചെരിഞ്ഞുകിടക്കണം, സര്‍വ്വശക്തിയോടെ വാ കൊണ്ട് അകത്തേക്ക് ആഞ്ഞ് വലിക്കണം എന്ന് നിര്‍ദ്ദേശം പുറപ്പെട്ടു.

            അന്നു രാത്രി മാവടിമലയിലെ വെള്ളമെല്ലാം ഊറ്റിയെടുത്ത് തെക്കേല്‍ കൊച്ചേട്ടന്‍റെ കിണറിനടിയിലൂടെ , മീനച്ചിലാറ്റിലേക്ക്.. മരിച്ച വിശ്വാസികള്‍ ഒഴുക്കി കളഞ്ഞു .മാവടിയുടെ ഉറവക്കണ്ണുകള്‍ കരിഞ്ഞുണങ്ങി.....




അടുത്ത ആഴ്ച ,,,, മാമ്മിയെളാമ്മ കഥകള്‍,, കതിനാവെടിവെടി രണ്ടാം ഭാഗം.

10Like · · · Promote ·

8 comments:

  1. ഇതിത്തിരി കടന്ന കയ്യായിപ്പോയി

    ReplyDelete
  2. ചില ബാധകള്‍ക്ക് കടുത്ത പ്രയോഗം വേണം. നന്ദി ഡോ. ഷറഫുദ്ദീന്‍

    ReplyDelete
  3. ഓരോ കുടിയേറ്റ ഗ്രാമത്തിനും പറയാൻ ഉണ്ടാവില്ലേ കണ്ണീരിന്റെ, വിയർപ്പിന്റെ സ്നേഹത്തിന്റെ ചതിയുടെ പകയുടെ ഒക്കെ കഥകൾ....കാത്തിരിക്കുന്നു അവക്കൊക്കെ വേണ്ടി....സസ്നേഹം ഷെബിൻ ..

    ReplyDelete
  4. wow i really enjoyed it jose sir/ keep it up and go ahead

    ReplyDelete
  5. എല്ലാ ജനവാസദേശങ്ങള്‍ക്കും ഈ ഈറ്റുനോവ്കഥയുണ്ട്. ഒരുപാട് ഒരുപാടുകളുടെ ആവേശം നിറഞ്ഞ കഥയാണ് അവിടെ ശ്രദ്ധിച്ചാല്‍ കേള്‍ക്കാവുന്നത്. കസ്തൂരികളൊന്നും വന്നാല്‍ ഒരു ഗ്രാമവും പിറകോട്ട് കാട് വഴിയെ നടക്കില്ല. ആ നടപ്പ് നടക്കില്ല.

    ReplyDelete
  6. നന്ദി ടോം ജോര്‍ജ്

    ReplyDelete
  7. സരസമായ അവതരണം. കൊള്ളാം

    ReplyDelete
  8. നന്ദി ഫൈസല്‍, വരവിനും വായനക്കും വിലയുരുത്തലിനും

    ReplyDelete