Friday 29 March 2013

പുസ്തകത്തില്‍ ഇല്ലാത്തവന്‍


            വ്യാകുലങ്ങളുടെ അമ്മയ്ക്ക് വെച്ചടി വെച്ചടി കേറ്റമായിരുന്നു . താന്തോന്നിയത് ചെയ്തും, വായില്‍തോന്നിയത് വിളിച്ചുപറഞ്ഞും ഒറ്റപ്പുത്രന്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കൊപ്പം ശത്രുക്കളെ നേടിയെടുത്തു. നീണ്ട താടിരോമങ്ങള്‍ക്കുള്ളിലും ദുഷ്ടത നിറഞ്ഞ കണ്‍കളിലും അവര്‍ മേരിക്കായി തിളക്കമുള്ള വ്യാകുലങ്ങള്‍ കരുതിവച്ചു. നിലത്തിഴയുന്ന മേലങ്കിയുടെ അകത്തും യാക്കോബിന്‍റെ കിണര്‍ പോലെ ആഴത്തില്‍ ഇരുള്‍ നിറഞ്ഞ ഹൃദയത്തിലും മകനായി ആയുധങ്ങളും കുരുക്കുകളും സൂക്ഷിച്ചു.

           ഉദിച്ചുവെങ്കിലും അന്ന് സൂര്യന്‍ തെളിഞ്ഞില്ല. അകിട് നിറഞ്ഞ് നിന്ന പശുക്കളെ ആരും കറന്നില്ല. തലേദിവസത്തെ ചാരം നീക്കി അടുക്കളയില്‍ തീയ് കൊളുത്തിയില്ല. കാരണം അന്ന് സങ്കടങ്ങളുടെ വെള്ളിയാഴ്ചയായിരുന്നു. ഘനപ്പെട്ട മനസ്സോടെ ചെക്കന്‍ വെറും വയറായി പള്ളിയിലേക്ക് പോയി. അന്ന് പള്ളിയില്‍ കുര്‍ബാന ഇല്ല. ചങ്കു പറിക്കുന്ന വിലാപങ്ങളുടെ നടപടികളാണ്കറുത്ത പുണ്യ വസ്ത്രങ്ങളണിഞ്ഞ വൈദികനും അനുചരന്മാരും അന്ന് നടപ്പാക്കുന്നത്.

          എന്‍ജനമേ ചൊല്‍ക, ഞാനെന്തു ചെയ്തു
          കുരിശെന്‍റെ തോളിലേറ്റാന്‍ ?
          പൂന്തേന്‍ തുളുമ്പുന്ന നാട്ടില്‍ ഞാന്‍ നിങ്ങളെ
          ആശയോടാനയിച്ചു.

ആബേലച്ചന്‍റെ അറക്കമില്ല് പ്രവര്‍ത്തിച്ച് തുടങ്ങി. ഓരോ വിശ്വാസിയുടെയും ചങ്ക് ആ മില്ലില്‍ കയറ്റി അറുത്ത് കീറിയെടുക്കുന്ന ദിവസമാണ്. ഗാഗുല്‍ത്താ മലയില്‍നിന്നുള്ള ഉത്തരമില്ലാത്ത ചോദ്യങ്ങളില്‍ കുഴങ്ങി പരവശരായി നില്പാണ് വിശ്വാസികള്‍.

          മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായ്,
          മുന്തിരിച്ചാറൊരുക്കിവച്ചു,
          എങ്കിലുമീ കയ്പുനീരല്ലേ....... അവന്‍റെ തിരുമുറിവുകള്‍ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കുന്ന വിശ്വാസികള്‍ക്കു മുന്‍പില്‍ ഇതാ ഒന്നാം സ്ഥലം.

        ഒന്നാം സ്ഥലത്തുതന്നെ അവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു. എന്താണ് അവന്‍ ചെയ്ത കുറ്റം.... . അല്ലെങ്കില്‍ എന്താണ് അവന്‍ ചെയ്യാത്തകുറ്റം....... പരമ്പരാഗതമായി ചെറുപ്രായക്കാര്‍ക്കു മക്കളുണ്ടാകാ ത്ത ഒരു ഗോത്രത്തില്‍ ജനിച്ചു എന്നതാണോ.... കാടുകളുടെയും പക്ഷികളുടെയും കാറ്റിന്‍റെയും പുഴകളുടെയും കൂട്ടുകാരനായ, കൃഷിക്കാരനും ദേഹം മുഴുവന്‍ രോമമുള്ളവനുമായ ഏസോവ് കാട്ടില്‍ പോയി വിശന്നു വന്നപ്പോള്‍, ചുമ്മാ വീട്ടിലിരിപ്പുകാരനും ശരീരത്തില്‍ രോമമില്ലാത്തവനും കുത്സിതബുദ്ധിക്കാരനും അമ്മയ്ക്ക് പ്രിയപ്പെട്ടവനുമായ മറ്റേ മകന്‍ യാക്കോബ് ജേഷ്ഠന്‍റെ വിശപ്പില്‍ കുരുക്കെറിഞ്ഞ് ഒരു പാത്രം പായസത്തിന് മൂപ്പവകാശവും... പിന്നീട് അതേ അമ്മയുടെ ആശീര്‍വാദത്തോടെ ആടിനെ കൊന്ന് ദേഹത്ത് ആട്ടിന്‍രോമങ്ങള്‍ വച്ചുകെട്ടി ആട്ടിറച്ചിപ്പാത്രവുമായി അന്ധനും വൃദ്ധനുമായ അപ്പന്‍റെ അടുക്കലെത്തി വഞ്ചിച്ച് , അപ്പന്‍റെ പ്രിയപ്പെട്ട മകനായ ഏസോവിനുള്ള അനുഗ്രഹങ്ങളും ആശീര്‍വാദവും തട്ടിയെടുത്തു. ഏസോവു തന്നെയോ ? എന്ന് മൂന്ന് പ്രാവശ്യം ഇടറി ചോദിച്ച അപ്പന്‍ ഇസഹാക്കിനെ മൂന്ന് പ്രാവശ്യവും അതേ എന്ന വാക്കിനാല്‍ വഞ്ചിച്ചു. തുടര്‍ന്ന് വഞ്ചനകളുടെ, കൂട്ടക്കൊലപാതകങ്ങളുടെ, സംഘടിതമായ കൊള്ളയുടെ അദ്ധ്യായങ്ങളിലൂടെ വള‍ര്‍ന്ന് തന്‍റെ ദേശത്തും തനിക്കുചുറ്റിലും ആയുധങ്ങളെയും ശത്രുക്കളെയും ആശങ്കകളെയും വളര്‍ത്തിയ ഇസ്രായേല്‍ എന്ന മറുപേരിലറിയപ്പെടുന്ന യാക്കോബിന്‍റെ ഗോത്രത്തില്‍ പിറന്നു എന്നത് ഒരു കുറ്റം തന്നെയല്ലേ......

          അപ്പാ എനിക്കായി ഇനി അനുഗ്രഹം ഒന്നും ബാക്കിയില്ലേ എന്ന് അനുജനാല്‍ വഞ്ചിക്കപ്പെട്ട ഏസോവ് കരഞ്ഞുചോദിച്ചപ്പോള്‍ ഇല്ലല്ലോ മകനേ... നിനക്ക് തരാനുള്ളത് വാര്‍ദ്ധക്യത്തില്‍ വഞ്ചിക്കപ്പെട്ടവന്‍റെ അശാന്തി മാത്രം മകനേ.... എന്ന വാക്കുകള്‍ കേട്ട് പുറത്തിറങ്ങി നടന്ന് ,നടന്ന് പുസ്തകത്തില്‍ നിന്ന് പുറത്തേക്ക് നടന്ന് പോയവന്‍റെ കൂടെ കാറ്റും, കിളികളും പുഴയും മേഘങ്ങളും പൂവും പുഞ്ചിരികളും നേര്‍മനസ്സും പുസ്തകത്തില്‍നിന്ന് ഇറങ്ങിപ്പോയി.

         നൂറ്റാണ്ടുകളായി ഹൃദയം കഠിനമാക്കിയവരുടെ ഗോത്രത്തില്‍ പിറന്നത് തെറ്റാണ്. സ്വന്തം അമ്മാവനൊപ്പം വര്‍ഷങ്ങള്‍ ജീവിച്ച് സേവിച്ച് പൂജ്യമാക്കി തകര്‍ത്ത് അവന്‍റെ ആടുമാടുകളെയും സ്ത്രീകളെയും സമ്പത്തും കവര്‍ന്ന് വഞ്ചനയുടെ ഒന്നാം പാഠം ജയിച്ച് വന്ന യാക്കോബ് ജീവിതകാലം മുഴുവന്‍ ഒരു ഭീരുവിന്‍റെ കപടനയങ്ങള്‍ തുടര്‍ന്നുപോന്നു. ഏറ്റം വിശുദ്ധമായ പരിഛേദനകര്‍മ്മത്തെ പോലും വഞ്ചനക്കുള്ള ആയുധമാക്കി. ഒരു വിജാതീയഗ്രാമത്തിലെ പുരുഷന്മാര്‍ മുഴുവനും പരിഛേദനം നടത്തി തളര്‍ന്ന് ഉറങ്ങിക്കിടന്ന രാത്രിയില്‍ ഇസ്രായേല്‍ ആ ഗ്രാമത്തെ ആക്രമിച്ച് കൂട്ടക്കൊലയുടെ ആഘോഷം നടത്തി. എല്ലാ അകൃത്യങ്ങള്‍ക്കും കൂട്ടിന് യഹോവയുണ്ടെന്ന് വ്യാജമായി പഠിപ്പിച്ചു. ഏറ്റവും നികൃഷ്ടമായ വഞ്ചന പഠിക്കണമെങ്കില്‍ ഇസ്രായേലിന്‍റെ പാഠശാലകളില്‍ പോയി പഠിക്കുവിന്‍.... ഏറ്റവും കഠിനമായ വസ്തു കാണണമെങ്കില്‍ ഇസ്രായേലിന്‍റെ മേലങ്കിക്കുള്ളിലെ ചീഞ്ഞ ഹൃദയത്തിലേക്ക് നോക്കുവിന്‍!

         ആശാരിയുടെ മകന്‍ ആ ഗോത്രത്തില്‍ ജനിച്ചുവെങ്കിലും സമയം കിട്ടിയപ്പോഴെല്ലാം ഏസോവിന്‍റെ ഭൂമിയിലേക്ക് പ്രാര്‍ത്ഥിക്കുവാനായി പോയി. ഏസോവിന്‍റെ തോട്ടത്തിലെ കാറ്റിനെ ശ്വസിക്കുകയും കിളികളുടെ നിര്‍മ്മലത പഠിക്കുകയും ഉയരമുള്ള വൃക്ഷങ്ങളുടെ ആഢ്യത്വം ആവാഹിക്കുകയും ചെയ്തു .സമയം കിട്ടിയപ്പോളെല്ലാം പായസക്കച്ചവടം മുതലുള്ള വഞ്ചനയുടെ ആകെത്തുകയായ ഹൃദയകാഠിന്യത്തെ പുകഴ്ത്തിപറഞ്ഞു. അവരുടെ പിതാക്കന്മാരെ അണലികള്‍ എന്നുവിളിച്ച് ബഹുമാനിച്ചു. അറിയാതെ പോലും ഒരു നന്മ ചെയ്യാതിരിക്കാന്‍ കര്‍ക്കശനിയമങ്ങളെ കൂട്ടു പിടിച്ച ഹൃദയകാഠിന്യക്കാരുടെ മുമ്പില്‍ ആറു ദിവസം നന്മ ചെയ്തും പ്രാര്‍ത്ഥിച്ചും കഴിഞ്ഞുപോന്നവന്‍ പ്രകോപിതമായ ഏഴാം ദിനം നന്മ മാത്രം ചെയ്ത് ഓടിനടന്നു.

         യഹൂദര്‍ തങ്ങളുടെ ചൂലുകള്‍ കൊണ്ട് അടിച്ചുകൂട്ടി ദൂരെ വാരിയെറിഞ്ഞ ചപ്പുചവറുകളായ കുഷ്ഠരോഗികള്‍, വേശ്യകള്‍, അവരുടെ മക്കള്‍, മുടന്തര്‍, രോഗികള്‍, അങ്കിയില്ലാത്തവര്‍ എന്നിവരോടൊപ്പം അവന്‍ കാറ്റു കൊണ്ടു, കഥ പറഞ്ഞു, ഭക്ഷണം കഴിച്ചു, ദീനം മാറ്റി, കൂടെയുറങ്ങി, ദേവാലയത്തില്‍ കയറി, വാചാലനായി, അവിടെങ്ങും ദൈവമില്ല എന്നു കണ്ട് അക്രമാസക്തനായി, ബലിപീഠത്തില്‍ കച്ചവടലാഭങ്ങള്‍ എണ്ണികണക്കാക്കുന്നവരെ മര്‍ദ്ദിച്ചു.

         ആബേലച്ചന് എന്തു പറ്റി.... ഇത്രയൊക്കെ കുറ്റം പോരേ.... ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തു.... എന്ന് അറക്കവാളിന് അറക്കുന്നത് എന്തിനാണ്....

          മാലാഖമാര്‍ക്കെല്ലാം ആനന്ദമേകുന്ന മാനത്തെ പൂനിലാവേ,
          ആരറിഞ്ഞാഴത്തിലല തല്ലി നില്ക്കുന്ന നിന്‍മനോവേദന.....

          അങ്കികള്‍ അങ്കികളോട് ചേര്‍ന്നുനിന്ന് ദുഷ്ടതയുടെ മുട്ടക്ക് ചൂട് പകര്‍ന്നു. നീണ്ട ക്രൂരമുഖങ്ങളിലെ താടികള്‍ കൂടിയാലോചിച്ചു. കഠിനഹൃദയത്തിന്‍റെ ഹയര്‍പരീക്ഷകള്‍ പാസ്സായ പുണ്യവാളന്മാര്‍ ഏസോവിന്‍റ തോട്ടത്തിലെ കിളിയെ എറിഞ്ഞുവീഴ്ത്താന്‍ തീരുമാനിച്ചു. പീലാത്തോസ് നീതിയുടെ പീഠത്തിലിരുന്നപ്പോള്‍ അവര്‍ കോറസ്സായി പറഞ്ഞു,

        ഇവന്‍ ഞങ്ങളുടെ പള്ളി തകര്‍ത്ത് മൂന്ന് നാള്‍ കൊണ്ട് വേറെ പണിയുമെന്ന് പറഞ്ഞു.
        സാബത്തില്‍ വേശ്യയുടെ കാളയെ കിണറ്റില്‍നിന്നെടുത്ത് കഞ്ഞിവെള്ളം കൊടുത്തു.
        അന്ധന്‍ മക്കാവൂസിന്‍റെ കണ്ണില്‍ മരുന്നെഴുതികണ്ണു തുറന്ന് സൃഷ്ടിയെ പരിഹസിച്ചു.
        തെറ്റ് എന്തെന്ന് അറിയുന്നതിനും മക്കള്‍ക്ക് കാണിച്ചുകൊടുക്കുന്നതിനുമായി ഞങ്ങള്‍
        പോറ്റിയിരുന്ന മഗ്ദലനായിലെ മറിയത്തെ ഇവന്‍ വഴി തെറ്റിച്ചു.
        അറക്കുവാന്‍ ബലിപീഠത്തിലേക്ക് കൊണ്ടുവന്ന ബലിമൃഗങ്ങള്‍ക്ക് ഇവന്‍ ഉമ്മ കൊടുത്തു
        നികൃഷ്ടരായ കുഷ്ഠരോഗികള്‍ക്കൊപ്പം താമസിച്ചും കുഷ്ഠത്തെ ഇല്ലാതാക്കിയും
        ഞങ്ങളെ അവന്‍ നിരാശരാക്കി.


                  ഇവന്‍ മരണശിക്ഷക്ക് അര്‍ഹനാണ്


         നീതിവിസ്താരത്തിന്‍റെ ഒന്നാം ചോദ്യത്തിന് വായ് തുറന്നപ്പോള്‍ പീലാത്തോസിന്‍റെ തൊണ്ടയില്‍ ചൂണ്ട പോലെ എന്തോ ഉടക്കി. എങ്കിലും അവന്‍ ചോദിച്ചു.
.........നീ ആരാണ്..... എവിടെ നിന്ന് വരുന്നു......

ഏസോവിന്‍റെ തോട്ടത്തിലെ പ്രശാന്തിയിലേക്കും ഔന്നത്യമുള്ള മരങ്ങളിലെ കിളിഹൃദയങ്ങളിലേക്കും വെറുതെ നോക്കിനിന്നതല്ലാതെ അവന്‍ മറുപടി പറഞ്ഞില്ല.
.......ഇവര്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ നീ ചെയ്തിട്ടുണ്ടോ.....

കൊട്ടാരത്തിന്‍റെ കൂറ്റന്‍ ഗെയ്റ്റിന് പുറത്ത് താന്‍ തൊട്ടുസുഖപ്പെടുത്തിയവരുടെ ഹൃദയവിശുദ്ധിയിലേക്ക് പുഞ്ചിരിയെറിഞ്ഞു നിന്നതല്ലാതെ പീലാത്തോസിന് നേരെ ഒരു നോട്ടം പോലും അവന്‍ അനുവദിച്ചില്ല.

മൌനമെന്ന മഹാസാഗരത്തിലെ തുള്ളികള്‍ മാത്രമായ അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവന്‍ മൌനത്തിന്‍റെ മഹാസാഗരത്തെ മറുപടിയായി നല്‍കി.

    ഏസോവിന്‍റെ കിളികള്‍ക്കൊപ്പം,  വഞ്ചിക്കപ്പെട്ട അന്ധവൃദ്ധനും പിതാവായ അബ്രാഹമും തന്‍റെ പിതാവായ മഹാമൌനവും തോട്ടത്തിലെ നിലാവെണ്മയില്‍ ഉലാത്തുന്നത് ദൂരമിഴികള്‍ കൊണ്ട് കണ്ടുനിന്നപ്പോഴാണ് അടുത്ത ചോദ്യം ....
       നീ രാജാവാണോ.... നിന്‍റെ രാജ്യം എവിടെയാണ്......


    അവന്‍ മൌനം വെടിഞ്ഞു. എന്‍റെ രാജ്യം ഐഹികമല്ല. ഏസോവിന്‍റെ തോട്ടത്തിലേക്ക് കൈകളും കണ്‍കളും ചൂണ്ടി അവന്‍ പറഞ്ഞു. അതാണ് എന്‍റെ രാജ്യം. മനസ്സുകളുടെ നേരാണ് എന്‍റെ ധനം. കേട്ടുനിന്ന പുണ്യാത്മാക്കള്‍ വീണുകിട്ടിയ ദൈവദൂഷണത്തില്‍ സംതൃപ്തരായി. ആബേലച്ചന്‍റെ അറക്കവാള്‍ ശബ്ദിച്ചു.

     എത്തീ വിലാപയാത്ര.. കാല്‍വരിക്കുന്നിന്‍ മുകള്‍പരപ്പില്‍.......

   പിന്നീട് അവന്‍ തല താഴ്ത്തി കിളികളെയും പുഴകളെയും കണ്ടു. വ്യാകുലങ്ങളുടെ അമ്മയെ കണ്ടു. പുസ്തകത്തില്‍നിന്ന് ഇറങ്ങിപ്പോയവന്‍റെ പ്രശാന്തിയിലേക്ക് തന്‍റെ ആത്മാവിനെ സമര്‍പ്പിച്ചു.

       ആബേലച്ചന്‍ അറുത്ത് മുറിച്ചിട്ട ചങ്ക്, കരള്‍ എന്നിവയുടെ പുറത്ത് കപ്യാര്‍ കുഞ്ഞേട്ടന്‍ മരമണിയടിച്ച് ചെക്കന് തല ചുറ്റുന്ന പീഡാസഹനങ്ങള്‍ സമ്മാനിച്ചു .കയ്പുനീര്‍ കുടിച്ച് ബാക്കിയായ ജീവന്‍ കൈയിലെടുത്ത് ചെക്കന്‍ വീട്ടിലേക്ക്. ഉയരമുള്ള മരങ്ങളില്‍ ഏസോവിന്‍റെ കിളികളെ തിരഞ്ഞ്......


ഇസ്രായേല്‍... ഗാസാ മുനമ്പ്....മിസൈലുകള്‍... ഗോലാന്‍ കുന്നുകള്‍

Like · · · Promote ·

Sunday 24 March 2013

ആയിരം പൂര്‍ണ്ണചന്ദ്രന്മാര്‍ , വഴിച്ചൂട്ട്


ഉദ്ദേശം രണ്ടര മാസം മുമ്പ് ആരംഭിച്ച  'വീട്ടിലേക്കുള്ള വഴി' വീട്ടിലെത്തിയതില്‍ എനിക്കുള്ള സന്തോഷം നിങ്ങള്‍ ഉദ്ദേശിക്കുന്നതിലും വളരെ കൂടുതലാണ് . 1000 പേജ് കാഴ്ചകള്‍ പിന്നിട്ട മുലപ്പാല്‍ ബേബിയെ സ്വന്തം കുഞ്ഞിനെ പോലെ കൈയിലെടുത്ത് തളരാതെ , വരളാതെ...... എടുത്ത് പൊക്കിയെറിഞ്ഞ് വളര്‍ത്തിയ എല്ലാവര്‍ക്കും മുന്‍പില്‍ ഞാന്‍ എന്നെത്തന്നെ എറിഞ്ഞുടക്കുന്നു.
                 പല സ്നേഹിതരും മലയാളം ഫോണ്ട് ഉചിതമല്ലാത്തതിനാല്‍ വായന ദുരിതമാണെന്ന് സങ്കടം പറഞ്ഞിരുന്നു.അവര്‍ google search ചെയ്ത് meera font (malayalam) download ചെയ്ത് install ചെയ്ത്  പരീക്ഷീച്ചുനോക്കൂ.

               കൊടിയ വേനലില്‍ വീട്ടുകിണര്‍ പറ്റി, ദൂരെ ഓലിക്കല്‍ കുളിക്കാന്‍ പോയിരിക്കുമ്പോള്‍, പറഞ്ഞുവിടുന്ന ഒതുക്കിയ ശബ്ദത്തിലുള്ള നുണദൂഷണങ്ങള്‍ പോലെ രുചികരമാകണം എന്‍റെ എഴുത്ത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഉചിതമായ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്ത് വായന എളുപ്പമാക്കൂ. ഈ നുണക്കൂട്ടം നമുക്ക് വളര്‍ത്താം. ഇരുവശവും കമുകിന്‍തൈകളും നടുക്കൊരു വലരിത്തോടും, കരയിലൂടെ നിങ്ങളുടെ വീട്ടിലേക്കുള്ള വഴിയും.

വഴിച്ചൂട്ട്  :joseperingulam.blogspot.in

നഗരത്തിന് പുറത്തെ കഴുതക്കുട്ടി


  നിങ്ങള്‍ നഗരത്തിന് പുറത്ത് ചെല്ലുക ,
ഒരു കഴുതയെയും അതിന്‍റെ കുട്ടിയെയും കാണുക ,
കൂട്ടിവരിക ,
ആരെങ്കിലും ചോദിച്ചാല്‍ , കഴുതക്കിടാവിനെ
യജമാനന് ആവശ്യമുണ്ടെന്ന് പറയുക



നന്ദി യജമാനനേ....
നഗരത്തിന് പുറത്തെ കഴുതയുടെ
മകന്‍കഴുതയെ നിനക്ക് ആവശ്യമുണ്ടല്ലോ
ഓശാന...നന..നനന...


ചലോ...
നഗരകവാടങ്ങള്‍ തുറക്കട്ടെ !
മഹത്വത്തിന്‍റെ രാജാവ്
എന്‍റെ പുറത്തേക്ക് കയറട്ടെ !


കാണുക,
ഓടിവന്ന ഒരു ബാലന്‍ നിനക്കായി വിരിച്ച മേലങ്കി ,
ചവിട്ടി കടന്നുപോവുക.
എന്‍റെ പാവം ചങ്ക് തന്നെയാണ് അവനും
ആര്‍ത്തുവിളിക്കുന്ന കൂട്ടുകാര്‍ക്കും .


നീ തൊട്ട കഴുത
ആയിരത്തൊന്നുകോടി വര്‍ഷങ്ങള്‍ക്കു ശേഷവും
മണ്ണിന്‍റെ കാണാപ്പാളികളിലെവിടെയെങ്കിലും
പഞ്ചഭൂതരേണുക്കളായി ചുമ്മാ കിടക്കുമ്പോഴും,


സൂക്ഷിക്കും
ദേവസ്പര്‍ശത്തിന്‍റെ ഈ രോമാഞ്ചം .

             എന്ന് ,
                   നീ പെറുക്കിയെടുത്ത
                   നഗരത്തിന് പുറത്തെ സ്വന്തം കഴുതക്കുട്ടി...

Like · · · Promote ·

മാമ്മിയെളാമ്മ , മാവടി പി .ഒ

by Jose Scaria T S (Notes) on Saturday, January 19, 2013 at 2:11pm

          ഇപ്രകാരം മരിച്ച വിശ്വാസികളുടെ കൈകടത്തലുകളുള്ള മാവടിമലയുടെ മദ്ധ്യഭാഗത്താണ് ഏക്കറേക്കര്‍ ഭൂസ്വത്തുള്ള കരോട്ടുതെക്കേല്‍ കുടുംബം കുടിപാര്‍ക്കുന്നത്.അവിടേക്കാണ് എട്ടാം സന്താനമായ മാമ്മിയെ താഴത്തുപറമ്പന്‍ കെട്ടിച്ചയച്ചത്. എന്‍റെ വല്യപ്പന്‍ വരുംതലമുറക്ക് ഉല്‍സാഹജനകമായ ഒരു കര്‍മ്മമാണ് ചെയ്തു വച്ചത്. എല്ലാ അവധിക്കാലത്തും വളരെ ഉല്‍സാഹത്തോടെ ആ മല കയറി കുഞ്ഞളാമ്മയെ കാണാന്‍ പോകും. നേരെ അടുക്കളയിലെത്തി'ഞാന്‍ വന്നു'  റിപ്പോര്‍ട്ട് ചെയ്ത് അല്പസമയത്തിനകം എത്തുന്ന കൂവയടയും കാപ്പിയും ഉള്‍ക്കൊണ്ട് ചുവന്ന അരഭിത്തിയിലിരിക്കും. ചിറ്റപ്പന്‍റെ അടുക്കി വച്ചിരിക്കുന്ന പത്രമാസികകള്‍ തലോടും. കുഞ്ഞപ്പച്ചാ എന്ന വിളി കേട്ട് വീണ്ടും അടുക്കളയിലെത്തുന്ന എന്‍റെ അടുത്തിരുന്ന് വാക്കിനാല്‍ മധുരം വിളമ്പി,പല തവികളാല്‍ ചോറ്, മോര്,കറികള്‍ വിളമ്പി എന്നെ നിറയ്ക്കും.   പിന്നെ,    ' ചിറ്റപ്പാ , ഞാന്‍ പോണു' പറഞ്ഞിറങ്ങിയ അനവധി അവധിക്കാലങ്ങള്‍.

           അങ്ങനെയിരിക്കെയാണ് എല്ലാ കുരിശുവിശ്വാസികള്‍ക്കുമായി ഒരു ചിന്തന്‍ബൈഠക് വികാരി ഇടപാടക്കിയത്. പുരുഷവിശ്വാസികള്‍ക്ക് റബ്ബര്‍മരം കീറി കറയെടുത്ത്, ഉറച്ചടിച്ച്, കുളിച്ചും, സ്ത്രീകള്‍ക്ക് അടുക്കളജോലിയും ശിശു,പശു പരിപാലനവും കഴിഞ്ഞ് വേണമെങ്കില്‍ കുളിച്ചും,  ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് സൌകര്യപ്രദമായ സമയം വൈകിട്ട് 4 മുതല്‍ 6.30 വരെയാണ്.

           കുഞ്ഞളാമ്മ ദിവസവും കുളിച്ച് നീലം മുക്കി  വെളുപ്പിച്ച ചട്ടയും മുണ്ടും  അണിഞ്ഞ് ഇടതുകൈ ശരീരത്തോട് ചേര്‍ത്തും,  നല്ല ഈടുള്ള വലതുകൈ കാര്യമായി എടുത്തുവീശിയും
'മാമ്മി പള്ളീലോട്ടാ'... എന്നു പോലും ചോദിക്കാന്‍ ആര്‍ക്കും ധൈര്യം കൊടുക്കാതെയും മലയിറങ്ങി ധ്യാനിച്ച് തിരികെ വന്നു, രണ്ടു ദിവസം.

           മൂന്നാം ദിവസം വൈകിട്ട് 6.15 ന് മഴ ചാറി. എന്തോന്ന് മയ ? പള്ളീല്‍ കഴിഞ്ഞ് വലതുകൈയ്ക്ക് പതിവ്ഡ്യൂട്ടികള്‍ നല്‍കി മുരിക്കല്‍ ചേടത്തിയോടൊപ്പം കുഞ്ഞളാമ്മ വീട്ടിലേക്ക് തിരിച്ചു. മുരിക്കലെത്തിയപ്പോള്‍ ചേടത്തി പിരിഞ്ഞു. രണ്ടാം കയ്യാലയുടെ കുത്തുകല്ല് കയറിയപ്പോള്‍ ആരോ ഒന്നു വിളിച്ചോ  ?

                                   മാമ്മീ....

          സുറിയാനിവരക്കു പുറത്ത് പോകാന്‍ നിവൃത്തിയില്ലാത്ത മരിച്ച വിശ്വാസികള്‍ മാവടിയുടെ ആകാശത്തു കളിച്ചു നടക്കുന്നുണ്ടെന്ന കഥകളിലൊന്നും തെന്നിവീഴുന്ന ആളല്ല അവിടെ നില്‍ക്കുന്നത്.

          അപ്പോള്‍ വീണ്ടും    ....മാമ്മീ....

          ആരടാ  ???   തിരിഞ്ഞുനോക്കാതെ ഘനപ്പെട്ടു. അക്ഷരമില്ല.ഗ്ങും..എന്നൊരു സ്വരം മാത്രം.
ജനിച്ച തറവാട്ടില്‍നിന്ന് പകര്‍ന്നുകിട്ടിയ എല്ലാ പ്രതാപങ്ങളോടെയും തിരിഞ്ഞുനിന്നു, എന്‍റെ എളാമ്മ. അതിലേറെ മോഹനമായി വലതുകൈ മുന്‍പോട്ട് ഭൂമിക്ക് സമാന്തരമായി നീ്ട്ടി, ചൂണ്ടുവിരല്‍ ഒരു കുന്തമായി ശവക്കോട്ടയിലേക്ക് ചൂണ്ടി ..നിനക്ക് കിടക്കാന്‍ അവിടെ സ്ഥലം, നീ പോക...  എന്ന് ആജ്ഞാപിച്ചു. നിതാന്തമൌനം..... ചുറ്റും നിന്ന മരങ്ങളും ഇലകളും ശാന്തപ്രശാന്തം....... ര് ര് ര് ര് ര്.... ഒരു ശബ്ദം.  ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് ഒരു സാധനം ഇഴഞ്ഞുനീങ്ങി. മരിച്ചിട്ടും നിര്‍ഭാഗ്യം പിന്‍തുടരുന്ന ആ ആത്മാവ് ചേരപ്പാമ്പിന്‍റെ രൂപത്തില്‍ രക്ഷപെട്ടുപോയി.


          ഒന്നും സംഭവിക്കാതെ കുഞ്ഞളാമ്മ മൂന്നാം കയ്യാല കയറി. ഇടതുവലതു കാല്‍വിരല്‍ തുമ്പുകളില്‍നിന്നും പുറപ്പെട്ട ഒരു വല്ലായ്മ വിറയലായി വളര്‍ന്നെങ്കിലും'  വേണമെങ്കില്‍ വാടീ, എന്‍റെ കൂടെ'  എന്ന് സ്വന്തം ശരീരത്തോട് ഇടഞ്ഞ് കുഞ്ഞളാമ്മ നടന്നുതുങ്ങി.

          മാവടിമലയിലെ മറ്റൊരു മഹാപുരുഷനാണ് കാപ്പിത്തോട്ടത്തില്‍ കുട്ടപ്പന്‍. എന്നാല്‍  കതിനാകുട്ടപ്പന്‍ചേട്ടന്‍ എന്നാണ് ചായക്കടപ്പറ്റു പുസ്തകത്തില്‍പോലും പേര്. പള്ളിയിലെ വെടിക്കാരനും തന്മൂലം എന്‍റെ ജീവന്‍റെ  ശത്രുവുമാണ് അദ്ദേഹം. പാട്ടുകുര്‍ബാനയുടെ ചങ്കായ ഭാഗം എന്‍റെ ചങ്കിന് തന്നെയാണ് കൊള്ളുന്നത്....ഇതെന്‍റെ ശരീരമാകുന്നു... എന്ന് അച്ചന്‍ പറയുന്നതും കുട്ടപ്പന്‍ ഭൂമിയെയും, എന്‍റെ ഇളംചങ്കിനെയും കുലുക്കിമറിക്കുന്നതും ഒപ്പം കഴിയും. ഈശോയേ, നിനക്കു രക്തമില്ലായിരുന്നുവെങ്കില്‍ ഇനിയുള്ള മൂന്ന് കതിന എങ്കിലും ഒഴിവായേനെ. യുദ്ധത്തിന്‍റെ അവസാനം , അള്‍ത്താരയിലേക്ക് നോക്കി ഒരു പാവം പൈതല്‍ ഇങ്ങനെ പറയും,  ഈശോയെ , നീ സത്യമായും വി. കുര്‍ബാന സ്ഥാപിക്കേണ്ടിയിരുന്നില്ല.

          കാപ്പിത്തോട്ടം കുട്ടപ്പന്‍റെ റോഡേ നടന്നുള്ള രൂപെഴുന്നള്ളീര് വെടി, പക്ഷേ എത്രയോ രസകരം.

                                  ചെല്ലപ്പന്‍ കൊട്ടുമ്പോള്‍ തങ്കപ്പന്‍ കൊട്ടേണ്ട,
                                  തങ്കപ്പന്‍ കൊട്ടുമ്പോള്‍ ചെല്ലപ്പ ന്‍കൊട്ടേണ്ട

എന്ന താളത്തില്‍ കൊട്ടിക്കേറ്റുന്ന ചെണ്ടക്കാരുടെ ചേര്‍ന്നുചേര്‍ന്നാണ് പെരുന്നാളുകളി‍ല്‍ എന്‍റെ  സ്ഥാനം.കാപ്പിത്തോട്ടം അപ്പോള്‍ അര ഫര്‍ലോംഗ് ദൂരത്തില്‍ വെടി വച്ച് വച്ച് മുന്നേറുന്നു. എനിക്കെന്തു നഷ്ടം ? ആയിരം വിശ്വാസികളെയും പത്ത് രൂപക്കൂട് വിശുദ്ധരെയും പുണ്യവസ്ത്രങ്ങളണിഞ്ഞ വികാരിയച്ചനെയും'  വാ പിറകേ'   എന്ന് പള്ളിയിലേക്ക് ആനയിക്കുന്ന കുട്ടപ്പന്‍റെ സ്ഥാനം ഇവര്‍ക്കു മുകളിലോ താഴെയോ  ?

         ഇടുക്കി ടൈംസിന്‍റെ ഉടയോനും എത്രയും നല്ലവനായ കുട്ടിപ്പേരപ്പന്‍റെ മകനും ഒരു ജന്മത്തിന്‍റെ പകുതിയില്‍ താഴെ മാത്രം വിനിയോഗിച്ച് ആമസോണ്‍ കാടുകളുടെ വിസ്തൃതിയുള്ള വീരകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവനുമായ ജോസുകുട്ടിസാറും,  കാപ്പിത്തോട്ടത്തില്‍ കുട്ടപ്പനും ഒ രിക്കല്‍ കണ്ടുമുട്ടി.വളരെ മിതമായി മാത്രം സംസാരിക്കാതിരിക്കുന്ന സാറിനോട്, രണ്ടു മിനിറ്റ് മാത്രം സംസാരിച്ച കാപ്പിത്തോട്ടം സാഷ്ടാംഗം കുമ്പിട്ട്,' ഗുരുവേ,  അടിയന്‍റെ വെടി ഒരു വെടിയേയല്ല സാര്‍ര്‍ര്‍.,അങ്ങയുടേത് വെടിവെടി....'.എന്ന് കീഴ്പ്പെട്ട് പറഞ്ഞത് ഞാന്‍ കേട്ടില്ല.എന്നാല്‍ പെരിങ്ങുളം കേട്ടു.

         രണ്ടാമത് പറഞ്ഞ കതിനാവെടിവെടിയാണ് മാവടി രണ്ടാം കയ്യാലക്കലെ ചേരപ്പാമ്പ് കഥയെ വല്ലാതെ വളച്ചൊടിച്ചത്. ഇപ്രകാരമാണ് ആ ഒടിവ്.ധ്യാനപ്രസംഗത്തിലുടനീളം ബീഡി വലിക്കരുത് എന്ന് പറഞ്ഞ് ബോറാക്കിയ പ്രാസംഗികനോടുള്ള ദേഷ്യം തീര്‍ക്കാന്‍.പള്ളി കഴിഞ്ഞയുടന്‍ എന്‍റെ ചിറ്റപ്പന്‍, കുറ്റിയാനിക്കല്‍ ആശാന്‍റെ കടയില്‍ പോയി ഒരു കെട്ട് തെറുപ്പ് ബീഡിയും,  ധ്യാനം കഴിഞ്ഞതിലുള്ള സന്തോഷത്തിനായി കാജാബീഡിയും വാങ്ങി, മഴയാണല്ലോ എന്ന് മനസ്സില്‍ കണ്ട് ധൃതിയില്‍ മല കയറുകയായിരുന്നു. മുരിക്കന്‍റെ വീട് കഴിഞ്ഞപ്പോള്‍ കണ്ടു,കണ്ടപ്പോഴേ വിളിച്ചു, മാമ്മീ....ശ്വാസം കിട്ടാഞ്ഞതിനാല്‍ അത്രയേ പറ്റിയുള്ളൂ. ചെവി ആട്ടാതിരിക്കുക, പാദങ്ങള്‍ നിലത്ത് ചവിട്ടിയുറപ്പിക്കുക എന്നീ സൂചനകള്‍ കണ്ട ചിറ്റപ്പന്‍, നിലത്ത് കുനിഞ്ഞിരുന്നു .കുന്തം പോലൊരു വിരല്‍ കൊണ്ട് കിടക്കാനുള്ള സ്ഥലം ചൂണ്ടിക്കാണിച്ചത് കണ്ടപ്പോള്‍, സന്തോഷം, സങ്കടം ഇതില്‍ ഏതാണ് ഇപ്പോള്‍ യോജിച്ചത് എന്ന് നിശ്ചയിക്കാന്‍ വയ്യാതെ കുഴങ്ങി.' ഇത്ര നേരം ഇതെവിടെയായിരുന്നു'  എന്ന് കാലിനടിയില്‍ നിന്ന് ഇഴഞ്ഞുപോയ പാമ്പിനെ നോക്കി ചിറ്റപ്പന്‍ വേവലാതിപ്പെടുന്നതോടെ കര്‍ട്ടന്‍. അന്ന് ഏഴില്‍ പഠിക്കുന്ന ഞാന്‍ ഇടുക്കി ടൈംസിലെ ഈ വാര്‍ത്ത കണ്ട്  ഞെട്ടിയടിമുടി പൂത്തു പോയി.

      എന്‍റെ അവധിക്കാലങ്ങളെ, തൊട്ടും, അടുത്തുനിന്നും, അപ്പം ചുട്ടുതന്നും ആഘോഷമാക്കിയ മാമ്മിയെളാമ്മക്കും ,പുറപ്പന്താനത്തു പേരമ്മക്കും ഓരോ ഉമ്മ. അല്ല പിന്നെ...പരിമിതമായ ഗതാഗതസൌകര്യം മാത്രമുള്ള അക്കാലത്ത് പാപ്പന് ഈ പെണ്‍പുലികളെ ദൂരസ്ഥലങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനയക്കാന്‍ സാധിച്ചില്ല. വിട്ടിരുന്നെങ്കില്‍ കുഞ്ഞളാമ്മ ഇന്ന് കേരളം ഭരിച്ചേനെ. ഈ മാവടിപ്പുലിയെ മാലോകരെല്ലാം അറിഞ്ഞേനേം.


---------------------മാമ്മിയെളാമ്മ ,  മാവടി  പി.ഒ ------------------------------------






Next week: FOUR THE PEOPLE.  God said to Archangel Michael, split it into four. One house cannot bear it, Thus born Johny, the son of skaria; Sabu, the son o Mathai; Tomy, the son of Kunjeppu and Josekutty, the son of Mammy.
11Like · · · Promote ·

തോമാ സാര്‍


മൂന്ന് പുസ്തകങ്ങള്‍,ഒരു കണ്ണാടി,ഒരു കാപ്പിപ്പത്തല്‍ എന്നിവ ധരിച്ച് കൃശഗാത്രനായ തോമാസാര്‍ VI-A യിലേക്ക് ഭീമാകാരനായി കടന്നുവന്നു.വായ് എന്നുള്ള അനുഗ്രഹം രാവിലെ ഉമിക്കരിയിട്ട് തേക്കുന്നതിനും ഉണക്കുകപ്പ ,ചോര്‍, കട്ടന്‍കാപ്പി എന്നിവ കടത്തിവിടുന്നതിനും മാത്രമുള്ള സംവിധാനമാകയാല്‍, ഒരു കേട്ടെഴുത്ത് ഉടന്‍ ഈ ക്ളാസില്‍ സംഭവിക്കും എന്ന് മൂക്കിലൂടെ അദ്ദേഹം അറിയിച്ചു.സെബസ്ത്യാനോസ് പുണ്യാളന്‍റെ രൂപെഴുന്നള്ളീരിന്‍റെ അവസാനദിവസം ഇടക്കരമലക്കുപോകുന്ന രൂപം എഴുന്നള്ളി എട്ടുമണിയോടെ കുടയുരുട്ടികവലയില്‍ തിരിച്ച് എത്തുമ്പോള്‍ പള്ളിയിലുള്ള എല്ലാ രൂപങ്ങളും അനുസരണയോടെ ഇറങ്ങി മാതാവിന്‍റെ നേതൃത്വത്തില്‍ പെരിങ്ങുളം റോഡേ നെട്ടാനെട്ടം നടന്ന് സംയുക്തമായി കുടയുരുട്ടിയില്‍ കൂട്ടിമുട്ടും.അപ്പോള്‍ പൊട്ടുന്ന ഗുണ്‍ടു ചേര്‍ന്ന മാലപ്പടക്കവും,  തുടര്‍ന്ന് കുഞ്ഞേപ്പുപേരപ്പന്‍റെ പ്രത്യേക മാദ്ധ്യസ്ഥത്താല്‍ നടക്കുന്ന ഉള്ളാടസമുദായക്കാരുടെ കോല്‍കളിയും അല്പസമയത്തിനകം ഈ ക്ളാസില്‍ സംഭവിക്കും എന്ന് ഞാന്‍ ഒഴിച്ച് എല്ലാവര്‍ക്കും ഉറപ്പായി.

                                                                                                  പിതാവേ, ഇംഗ്ളീഷിന്‍റെ പുസ്തകമാണല്ലോ തുറക്കുന്നത്.ഇങ്ങേര് സയന്‍സും പഠിപ്പിക്കുന്നുണ്ടല്ലോ. അതിനകത്തു  നിന്ന് ദ്രവണാന്കം, ക്വഥനാന്കം കണക്കുകളാണ് തന്നിരുന്നതെന്കില്‍ ഇന്നാ അമ്മേ ചട്ടി എന്ന സ്പീഡില്‍ ഉത്തരം എറിഞ്ഞിടാമായിരുന്നു.വരുന്നത് വരട്ടെ. Alone,Right, Sadness, Farmer, Ion, Elephant, Clever, allow, Join, Valley . 10 വാക്കേ ഉള്ളൂ.കേട്ടു.എഴുതി. താമസമൊന്നുമില്ല. കടലാസ് കൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് വാവല്ലൂര്‍ ജോസ് കിഴക്കേല്‍സണ്ണിയെയും,  സണ്ണി മുളങ്ങാച്ചേരി ടോമിയെയും, ടോമി എന്നെയും തോണ്ടിയത്. Valley ആണ് കുഴപ്പക്കാരന്‍. അവന്‍റെ കിടപ്പ് മുളങ്ങാച്ചേരിക്ക് വെളിപ്പെടുത്തിക്കൊടുത്തു. കിഴക്കേല്‍ വരെ എത്തിയപ്പോഴേക്കും സ്റ്റോപ്പ് റൈറ്റിംഗ് എന്നൊരു ആഞ്ജ പുറപ്പെട്ടതിനാല്‍ വാവല്ലൂര്‍ ജോസിന് അടി ഉറപ്പാക്കി എല്ലാവരും പേപ്പര്‍ കൊടുത്തു.

                                                                                                  10-ല്‍ 9 മാര്‍ക്കോടെ പതിവുപോലെ സ്കറിയ മകന്‍ ജോസ് ഒന്നാമതെത്തി.പക്ഷേ, തെറ്റിപ്പോയ കുഞ്ഞാട് ഏതാണ്? പൂജ്യക്കാരനേക്കാള്‍ സങ്കടത്തോടെ,  9-നെയും ഉപേക്ഷിച്ച് 1-നെ തേടി.കാരണം മനസിലായി,  ഇന്നലെ ക്ളാസില്‍ വന്നിരുന്നില്ല. സാര്‍ നേരെ എന്‍റെ അടുക്കല്‍ വന്ന് ഇന്നലെ വരാത്തതെന്ത് എന്ന് ചോദിച്ചാല്‍ ആ മഹാരഹസ്യം വെളിപ്പെടുത്താമെന്നും കരുതിയതാണ്. അമ്മച്ചി പനിച്ചു കിടക്കുകയാണ്. ചാച്ചന്‍ വെള്ളമുണ്ടക്കു പോയിരിക്കുകയാണ്. ചുക്കും മുളകും വെന്ത വെള്ളവും വായുഗുളികയും എടുത്തുകൊടുത്തും കോണേപ്ളാവിന്‍റെ ചുവട്ടില്‍ മാത്രം ഉള്ള വാതക്കൊടിയില പറിച്ചുകൊടുത്തും ശുശ്രൂഷിച്ചുകൂടിയതാണ് ഇന്നലെ. കിണറിനും വിറകുപുരക്കുമിടയില്‍ നില്ക്കുന്ന കത്തിരിചുണ്ടക്ക് പുറകിലാണ് അമ്മച്ചിക്ക് കുളിക്കാന്‍ വെള്ളം ചൂടാക്കുന്നത്.ചെമ്പുകലത്തില്‍ വെള്ളം തിളച്ചു വരുമ്പോഴേക്കും വാതക്കൊടിയില ഇടണം. ഇല പറിച്ച്,  കോണേപ്ളാവിന്‍റെ തടിയിലിരുന്ന്..... രീരീരീരീ..... പാടുന്ന പാട്ടുസംഘത്തിലെ മൂന്ന് ഇരുട്ടുമാക്രികളെ പിടിച്ച് മടിക്കുത്തില്‍ താമസിപ്പിച്ച്, പറമ്പില്‍കണ്ട ഒരു തേങ്ങ കാലിനുരുട്ടി, വരിക്കപ്ളാവിലെ ചക്കകളില്‍ മൂത്തത്, പഴുത്തത് എന്നിവയുടെ നിലവാരം മനസ്സിലാക്കി, മനസ്സില്‍ കുറിച്ച്, വരുമ്പോഴേക്കും വെള്ളവും അമ്മച്ചിയും തിളച്ചു നില്ക്കുകയായിരിക്കും.

                                                                                               ' കൊണം വന്ന കുഞ്ഞേ, നീ എപ്പം പോയതാ ഇല പറിക്കാന്‍'  ? പിണക്കമില്ല. കൊണം വരാത്ത കുഞ്ഞേ എന്നല്ല വിളിച്ചത്. വളരെ പോസിറ്റീവാണ് അമ്മച്ചി. ഇല ഊര്‍ത്തൂര്‍ത്തിട്ടു. ഇനിയാണ് കളി. ഇലകള്‍ വെള്ളത്തില്‍ സര്‍ക്കസ് തുടങേങിക്കഴിഞ്ഞു. കീഴോട്ട് പോകുന്നു, മേലോട്ട് വരുന്നു. നടുക്ക് തുളയുള്ള ചൊറി പിടിച്ച ഒരുത്തന്‍ മേലെ വന്ന് കുറെ നേരം തത്തിക്കളിച്ചു നിന്നു. Conduction, Convection, Radiation  എന്നിങ്ങനെ മൂന്ന് തരത്തിലാണ് പദാര്‍ത്ഥങ്ങളില്‍ ചൂട് പകരുന്നത്. തോമാസാര്‍ പഠിപ്പിച്ചതാണ്. അതില്‍ രണ്ടാമത്തേതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്രകാരമെല്ലാമുള്ള ശാസ്ത്രീയസംഭവങ്ങള്‍ ഇന്നലെ  വീട്ടില്‍ നടന്നുകൊണ്ടിരുന്നപ്പോഴായിരിക്കണം,  എന്‍റെ അസാന്നിദ്ധ്യത്തില്‍ IRON എന്ന വാക്ക് മഹാനായ തോമസ് പഠിപ്പിച്ചത്. ചിന്നമ്മയുടെ രസതന്ത്രം 10 -ാം ക്ളാസ് പുസ്തകത്തിലെ atoms, ion, isotopes വായിച്ച് വേണ്ടാത്തത് പഠിച്ചതിന്‍റെ ഭവിഷ്യത്ത്. അയണ്‍ എന്നു കേട്ട പാടെ അയറണ്‍ എന്ന് എഴുതാന്‍ തോന്നിയില്ല. കഷ്ടം.

                                                                                                 10-ല്‍ 0, 1, 2, ഇങ്ങനെ 8 വരെ മാര്‍ക്ക് കിട്ടിയ എല്ലാവര്‍ക്കും  മാപ്പു കൊടുത്ത്,  സ്കറിയയുടെ മകന്‍ ജോസിനെ,  SSLC  ബുക്കില്‍ മാത്രം തോമസ് എന്നു പേരുള്ള തോമാസാറിന്‍റെ പത്തല്‍ ക്ളാസിന്‍റെ മുന്‍ഭാഗത്തേക്ക് ക്ഷണിച്ചു. " നീ ഇത് തെറ്റിക്കാന്‍ പാടുണ്ടോ " ?? മൂക്ക് ഒഴിവാക്കി വായിലൂടെ അദ്ദേഹം ചോദിച്ചു. എന്നു വച്ചാല്‍ ഞാന്‍ എല്ലാം പഠിക്കണം, ഒരു തെറ്റും വരാന്‍ പാടില്ല. കപ്പലുമാക്കല്‍ കെ.ജെ ജോസഫ് റിട്ടയര്‍ ചെയ്താല്‍ കോട്ടയം ഭരിക്കാന്‍ വേറെ കളക്ടറില്ല. അത് നീ ആയിരിക്കണം. ഇമ്മാതിരി നല്ല വിചാരങ്ങളും ആഗ്രഹങ്ങളും ആണ് പത്തലിന്‍റെ രംഗപ്രവേശനത്തിന് കാരണം . അതും അപ്പുറവും ഞാനറിയുന്നു.

                                                                                                പറയണോ ? ഞാന്‍ ഇന്നലെ ക്ളാസില്‍  വന്നില്ല. അമ്മച്ചിക്ക് പനിയാണ്. വേണ്ട. സ്വന്തം ചേട്ടന്‍റെ മകന്‍,  അതും തറവാട്ടില്‍ താമസം.പത്തല്‍ധാരിയുടെ വയ്യാത്ത അമ്മ കിടക്കുന്ന നടുക്കത്തേ മുറിയുടെ ഇടത്ത് മേശക്ക് മുകളില്‍ പുസ്തകങ്ങളും മേശക്കടിയില്‍ ഉറക്കവുമായിക്കഴിയുന്ന, തീരാരോഗിയെപ്പോലുള്ള എനിക്ക് ഇന്നലെ എന്താണ് സംഭവിച്ചത് എന്നു വേണമെന്കില്‍ ഇങ്ങോട്ടു ചോദിക്കട്ടെ. ഇല്ല.വെളിപ്പെടുത്തിന്നില്ല. തെറ്റ് എന്കില്‍ തെറ്റ്. തല്ല് എന്കില്‍ തല്ല്. തറവാട്ടിന്‍റെ അന്തസ് കളഞ്ഞുള്ള വിട്ടുവീഴ്ചയ്ക്ക് ഞാനില്ല.പത്തല്‍ ചില ആംഗ്യങ്ങള്‍ കാണിച്ചു. ഇടതുകൈ എന്നെന്നേക്കുമായി ഞാന്‍ മനസ്സാ ഉപേക്ഷിച്ചു.അങ്ങേര്‍ക്കതു നീട്ടി വച്ചു കൊടുത്തു. തല ഇടത്തേക്ക് ചരിച്ചു പിടിച്ചു. സ്കൂളിന്‍റെ പിറകിലെ ആലഞ്ചേരി പാലത്തിന്‍റെ കൈവരിയില്‍ ഒരു കാക്കയിരിപ്പുണ്ട്. ആ കാക്കയെ മാത്രം നോക്കി. കണ്ണു പറിച്ചില്ല.പാലത്തിനടിയില്‍ മീനച്ചിലാര്‍ ഒഴുകുന്നു, ഒരു സാന്ത്വനഗീതം പോലെ...അവിടെ ചെവിയും ഉറപ്പിച്ചു.

                                                                                                മാതാവിന്‍റെ നേതൃത്വത്തില്‍ കൊച്ചുത്രേസ്യാമ്മ, അന്തോനീസ്പുണ്യാളല്‍, യൌസേപ്പ് പിതാവ് തുടങ്ങിയ രൂപങ്ങള്‍ ഇതാ കുടയുരുട്ടിയിലെത്തുന്നു. ഇടക്കരക്കു പോയ സെബസ്ത്യാനോസ്,  അനേകം ഉള്ളാട സ്നേഹിതരുടെ ഉല്‍സാഹത്തില്‍ പരിക്കേല്‍ക്കാതെ  തിരിച്ചെത്തിക്കഴിഞ്ഞു. വെട്ടുകല്ലേല്‍ തൊമ്മന്‍ചേട്ടന്‍ ഒരു പാറക്ക് പിറകിലേക്കോടുന്നു. പടക്കത്തിന് തീ കൊടുക്കാനാണ്. കൊളുത്തി. ഒന്ന് I, രണ്ട്  R, രണ്ട്  R, രണ്ട്  R, ( തോമസേ, രണ്ട് കഴിഞ്ഞാല്‍ മൂന്നാണ് ) കുറെയെണ്ണം കഴിഞ്ഞപ്പോള്‍ മൂന്ന് O , നാല് N എന്ന് അദ്ദേഹം കാര്യങ്ങള്‍ അവസാനിപ്പിച്ചു. പക്ഷേ ഞാന്‍ അവസാനിപ്പിച്ചില്ല. കരയാന്‍ എന്‍റെ പട്ടി വരും (മനോഗതം ) ഈ കൈ ഇനി എനിക്കു വേണ്ടാ. (മനോഗതം )
                        
               


                                                                                                  പാറക്കു പിറകില്‍നിന്ന് വെട്ടുകല്ലന്‍ തിരിച്ചുവന്നു. മാതാവും അന്തോനീസാദിപുണ്യരും  കൂട്ടുകൂടി കിഴക്കുപുറംകാരുടെ വീടിന്‍റെ മുന്പിലൂടെ തിരിച്ചു പള്ളിയിലേക്ക്. ഈ കൈ ഇനി എനിക്കു വേണ്ടാ. കൈ നീട്ടിപിടിച്ച് അവിടെത്തന്നെ നിന്നു. " പോയി ഇരീടാ..."  പോയി ഇരുന്നു. വേണ്ടാത്ത കൈ ഇടതുഭാഗത്ത് ഡസ്കിന് മുകളില്‍ മാറ്റി നിവര്‍ത്തി വച്ചു. കൃദ്ധനായ്,കുറെ കഴിഞ്ഞപ്പോള്‍ നിരാശനായി തോമാസാര്‍ എന്നെത്തന്നെ നോക്കില്ക്കുന്നു. ജോസ് റ്റി എസ്,  കൈ എടുത്ത് മടിയില്‍ വയ്യ്...   കൈ അവിടെത്തന്നെ ഇരുന്നു. വാഴേപീടികയ്ക്കല്‍ രൂപം എത്തുമ്പോള്‍ വാഴേല്‍, ചക്കനാല്‍ കൊച്ചേട്ടന്മാരുടെ മല്‍സരിച്ചുള്ള ഗുണ്ടു പൊട്ടീരുണ്ട്. അപ്പോള്‍ ഈ കൈ ആവശ്യം വരും.

                                                                                                 ലോകത്തിലെ ഏറ്റം ധീരനായ വാവല്ലൂര്‍ ജോസ് എഴുന്നേറ്റ്നിന്നു. ഞാന്‍  ഇന്നലെ വന്നില്ലായിരുന്നു എന്ന് വെളിപ്പെടുത്തി. എന്താണ് വരാഞ്ഞത് എന്ന് അങ്ങേര് ചോദിച്ചില്ല.ഒരേ പാപ്പന്‍റെ പുത്രനും പൌത്രനും തമ്മില്‍ വാശിയില്‍ വലിയ വ്യത്യാസമില്ല. ഇരുവരുടെയും ഭാഗ്യത്തിന് മണിയടിച്ചു. വെളിക്കുവിട്ടു. പക്ഷേ ഈ കൈ എനിക്കു വേണ്ടാ. അപ്പോഴാണ്  തോമാസാര്‍ കുളിര്‍കാറ്റു പോലെ അടുത്തുവന്നത്.  കുഞ്ഞപ്പച്ചാ.... എന്നു വിളിച്ചു. കൈ എടുത്തു മടിയില്‍തന്നു.മതി.മതിയേ മതി.

                                                                                               പോട്ടെ. നമ്മുടെ കുഞ്ഞിപ്പാപ്പനല്ലേ.. കോട്ടയത്തിന് കളക്ടറു വേണ്ടേ...ക്ഷമിച്ചു. ക്ഷമിച്ച ഉടനെ ഇറങ്ങി ഓടി സ്കൂളിന് പിറകില്‍ മരച്ചുവട്ടില്‍ നിരയായി നിന്ന് മൂത്രം ഒഴിക്കുന്ന ഭാവി കളക്ടറുമാരുടെയിടയില്‍, റ്റി. കെ മാത്യു എന്ന കുടുംബക്കാരന്‍റെ അടുത്ത് ഞാനും പോയി നിന്നു.
15Like · · · Promote ·
  • Thomas Thazha Kunjappacha... Thomasarine enikkum marakkan mela. Orazhcha panichu kidannalum, abcd padichu. Namasthe saar!!! Even I want to try writing on him.
  • Jose Scaria T S എല്ലാ താഴത്തുവീട്ടില്‍കാരും വായിച്ച് അഭിപ്രായം അറിയിക്കണം.മുമ്പ് അയച്ച സഹ്യന്‍റെ മകനും വായിച്ചാലും.
  • Thomas Thazha Is this photos yours? The above story is not only on Thomasar. It speaks a lot on your contemporary Peringulam and all the outstanding contemporaries. Good account, nice story and of course, a touching history. But too long. But if we break it into many parts, it does not matter. Congrats. U r really a great writer.
  • Mathew Kurian chirichu chirichu niranjozhukunna ente kannu thudachu kondu parayatte, jose ninte bhavanayum ormayum bhazhayum avathrana seshiyum aparam!!!!!!! salute to your beautifull and humourous naration...Congtrats...Swargiya Thomasarineyum orkunnu...
  • Jose Scaria T S Thanks everybody. photo is not mine.but the size,helplessness,nicker,shirt...yes its me
  • Thomas Thazha Excellent story. I need to read it many times to get the real taste. Now I read it as I wait for my flight back to India. It gives me a lot of warmth in going back. But one comment, Alenchery palam is there, but where is the meenachil Aaaar?
  • Rijo Cyriac Ennalum ente photoykku thanne pani thannu... thakarthu... superb...
  • Elsamma Mathew Wonderfull.real story ethrayum rasakaramayi ezhuthuvan sadhicha kunjeppacha enium ezhuthuka njangal oke onnu chirikkette.congrats. U r a great wonderful writer. Waiting for next.
  • George Mathew Oru Basheer touch. Very good.Pl.keep writing.
  • Jose Scaria T S ആഞ്ചലോയുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടത്.സാഹിത്യകോലാഹലങ്ങള്‍ക്ക് അകത്ത് വളര്‍ന്ന താങ്കള്‍ തുടര്‍ന്നും എന്നെ വായിക്കണമെന്ന് ആഗ്രഹിക്കുന്നു.
Facebook © 2013