Friday 19 September 2014

ആ ചുവന്ന പക്ഷി

ചെറിയ ഒരു പക്ഷിയെ അറിയില്ലേ ...
ചിറകിന്‍റടിഭാഗം കൊതിപ്പിക്കുന്ന ചുവപ്പുനിറം. കൊക്കിന്‍റെ വശങ്ങളിലും ആ നിറം കേറിയിറങ്ങിയിട്ടുണ്ട്. ചിറകിന് കാട്ടുപക്ഷികളുടെ ചാരനിറം തന്നെ . ചെമ്പരത്തിയില്‍ രാവിലെ വന്നിരുന്ന് ചില മോഷണങ്ങളൊക്കെ ഇയാള്‍ നടത്താറുണ്ട്.
ഇയാള്‍ , പല ത്യാഗകഥകളിലും പറയാറുള്ളതുപോലെ, പണ്ടേ ചുവപ്പനായിരുന്നില്ല. ആഗ്നേയമായ ഒരു ത്യാഗത്തിന്‍റെ ചൂടുള്ള പ്രതിഫലമായാണ് ഈ നിറം ഇയാള്‍ക്ക് കിട്ടിയത്.
മരം കോച്ചുമല്ലോ കൊടും തണുപ്പത്ത്. അങ്ങനെ കോച്ചിപ്പോയ ഒരു മരത്തിന്‍റെ അടിക്കൊമ്പില്‍ കാലിറുക്കിപ്പിടിച്ച്, കൊക്ക് ചിറകിനടിയില്‍ പൂഴ്ത്തി , ചിറക് പടര്‍ത്തി ഒരു പുതപ്പാക്കി കാട്ടുപക്ഷിയൊന്ന് ഉറങ്ങുകയായിരുന്നു.
അല്ല, ഉറങ്ങുകയായിരുന്നില്ല. ചിറകിനടിയില്‍ പൂഴ്ത്തിവച്ച തലയിലെ ഒരു കണ്ണ് തുറന്ന് വച്ച് അത് മരച്ചുവട്ടിലേക്ക് സസൂക്ഷ്മം നോക്കിയിരിക്കുകയായിരുന്നു. മരച്ചുവട്ടില്‍ അന്നു സന്ധ്യയോടെ ഒരു മനുഷ്യനും അയാളുടെ ഭാര്യയും വന്നിരുന്ന് തീയ് കൂട്ടി ഭക്ഷണമുണ്ടാക്കുന്നതും, ഒരു തുണിക്കെട്ടില്‍ നിന്ന് പൂപോലുള്ള ഒരു കുഞ്ഞിനെയെടുത്ത് സ്ത്രീ മുലയൂട്ടുന്നതും പക്ഷി കണ്ടിരുന്നു. ആ കാഴ്ചയില്‍ പക്ഷിക്ക് സ്നേഹം വരികയും, തനിയെ കിട്ടിയാല്‍ പൈതലിനടുത്ത് പോയിരിക്കണമെന്നും ചിറക് പഞ്ഞി പോലാക്കി തലോടണമെന്നും ഒരു പാട്ടൊന്നു പാടണമെന്നും പക്ഷിയുടെയുള്ളില്‍ നനവൂറിയിരുന്നു.
താനിരിക്കുന്ന കൊമ്പിന്‍റെ അടിയിലത്തെ കൊമ്പില്‍ തൊട്ടില്‍
കെട്ടി അതില്‍ കുഞ്ഞിനെ തുണികൊണ്ട് പൊതിഞ്ഞ് ഉറക്കികിടത്തി തണുപ്പിനെ ചെറുക്കാന്‍ ഒരു തീക്കുണ്ഡം കൂട്ടി, മനുഷ്യര്‍ രണ്ടുപേരും ഉറങ്ങിയിട്ട് സമയം കുറേയായി. പക്ഷിക്ക് എന്തുകൊണ്ടോ ഉറക്കം വന്നില്ല. പറന്നുപോകണമെന്നും കുഞ്ഞിന്‍റെ തൊട്ടിക്കുള്ളില്‍ കയറി, ചിറക് പഞ്ഞിപോലെ വിടര്‍ത്തി ഒരു പുതപ്പായ് പൊതിയണമെന്നും വീണ്ടും പക്ഷിക്ക് തോന്നി. മഞ്ഞുപോലെ മരവിച്ച ചിറകിനെ അനക്കാന്‍ നോക്കിയിട്ട് അവന് പക്ഷേ കഴിഞ്ഞില്ല.
പക്ഷേ, ചിറകിനടിയിലെ തുറന്നിരുന്ന കണ്ണ് രാവിലൊരുനേരം തീയ് കെട്ടുപോയതും, തൊട്ടിക്കുള്ളില്‍ തണുത്തുവിറക്കുന്ന പൂമ്പൈതലിന്‍റെ ചില അനക്കങ്ങളും, ഉവ്വ്, ഞരക്കങ്ങളും അറിയുന്നുണ്ടായിരുന്നു.
പക്ഷി താഴേക്ക് പറന്നു. പക്ഷേ ചിറകുകള്‍ നിവരാഞ്ഞതിനാല്‍ ഒരു മരക്കൊമ്പ് ഒടിഞ്ഞുവീണതുപോലെ അവന്‍ നിലത്തു വീഴുകയായിരുന്നു. ചാടിയും തത്തിയും തീക്കൂനക്കടുത്തെത്തി. ചുണ്ടിനാല്‍ പരതിയപ്പോള്‍ കെടാതെ കിടക്കുന്ന ഒരു കനല്‍ അവന്‍ കണ്ടു. ചൂടുചാരം കൊക്കും കാലും കൊണ്ട് മാറ്റിയപ്പോള്‍ അവന്‍റെ ചിറകുകളിലെ മരവിപ്പ് മാറി. ചിറക് വിരുത്തി വീശി , വീശി, പിന്നെയും വീശി അവനാ കനലിനെ ജ്വലിപ്പിച്ചു. പിന്നെ പറന്ന് തൊട്ടിലിലിരുന്ന് അകത്തേക്ക് നോക്കി. വലിയ ഒരു കരച്ചിലിനെ പുറത്തേക്ക് വിടാന്‍ പോലും കഴിയാതെ വിതുമ്പുന്നുണ്ട് ഉണ്ണി എന്ന് കണ്ട് പക്ഷി വേഗം തിരികെ പറന്നു. തീക്കൂനക്കുമേല്‍ പറന്നുനിന്ന് അവന്‍റെ ചിറകുകളതിനെ വീശിയുണര്‍ത്തി. വലിയ തീജ്വാലയായി ഉയര്‍ന്നു കത്തിയിട്ടും അവനത് തുടര്‍ന്നു. കുഞ്ഞ് ചൂടേറ്റ് സമാധാനമായി ഉറങ്ങിയെന്ന് അവനുറപ്പോയപ്പോഴേക്കും ...


അവന്‍റെ കൊച്ച്പക്ഷിദേഹത്തിന്‍റെ അടിഭാഗമെല്ലാം ചുവന്ന് തീയ് പോലെ പഴുത്ത്.... കാലങ്ങളിലേക്ക് അവന്‍റെ കൂട്ടില്‍ വിരിയേണ്ട മുട്ടകളിലും ചുവപ്പ് പടര്‍ന്ന് ... അവനിങ്ങനെ ഒരു കഥയായി പഴുത്തു.

Friday 2 May 2014

കാണാതെ പോകുന്ന നാണയങ്ങള്‍

ഇല്ലല്ലോ തമ്പുരാനേ എങ്ങും കാണുന്നില്ലല്ലോ.... തേടിയിട്ടും തേടിയിട്ടും ലഭിച്ചുകൊണ്ടിരുന്നത് കാണുന്നില്ല എന്ന ആധി മാത്രമാണ്.
വാങ്ങുന്നതെല്ലാം വിയര്‍പ്പു കൊടുത്തായിരുന്നതിനാല്‍ ആ വീട്ടിലെ ഒരു സാധാരണവസ്തുവല്ല നാണയം. എന്നിട്ടും ആ വീട്ടില്‍ ഒരു ഒറ്റനാണയമുണ്ടായിരുന്നു.
മൂന്നു ദിവസത്തെ യാത്രക്ക് ദൂരമുള്ള പെരുനാള്‍പള്ളിയില്‍ നേര്‍ച്ചയിടാനായി പോകുംമുമ്പേ തേടിത്തുടങ്ങിയതാണ് അവളതിനെ. അവസാനം അവള്‍ ഒരു വിളക്കു കൊളുത്തി, ജനാലകളെല്ലാം തുറന്ന്, കിടക്കയും വിരികളും കുടഞ്ഞ്, ചാരവും വിറകും മറിച്ചിട്ട് ഭിത്തികളും വീടുതന്നെയും കുലുക്കിക്കുടഞ്ഞിട്ട് ഒരു ചൂലെടുത്ത് അടിച്ചുവാരി.
വീടിന്‍റെ ഒരു ഇരുള്‍ മൂലയില്‍ അന്നേരം ചൂലുടക്കി. അവിടെ ഒരു തിളക്കവും കിലുക്കവും അറിഞ്ഞ് വിയര്‍ത്ത നെറ്റിക്കുതാഴെ ചുണ്ടിലൊരു ചിരി വന്നു നിന്നു. കുഞ്ഞുമോനെ അത് കിട്ടി കേട്ടോ എന്നും പറഞ്ഞു.
സ്വന്തം ബാല്യത്തിലെ ഈ ഒരു തിരച്ചില്‍ മനസില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് വെയില്‍ ചാഞ്ഞുവന്ന ഒരു വൈകുന്നേരം പുരുഷാരത്തോട് ഒറ്റനാണയം തിരയേണ്ടതെങ്ങനെയെന്ന് അവന്‍ പറഞ്ഞത്. വിളക്കു കൊളുത്തി അടിച്ചുവാരി അതു കിട്ടുന്നിടം വരെ തിരയണമെന്ന് പറഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ അത് കിട്ടിക്കഴിയുമ്പോഴുള്ള വലിയ സന്തോഷത്തെപ്പറ്റിയും അവന്‍ പറഞ്ഞുപോയി.
നാണയസഞ്ചികളുടെ കെട്ടഴിച്ച് കിലുകിലാരവങ്ങളെ ഭണ്ഡാരത്തിലേക്ക് കുടഞ്ഞിട്ട്, നാടകീയമായി വണങ്ങി, പള്ളിയില്‍ നിന്ന് നിന്ന് ഇറങ്ങിപ്പോയ ധനികരെ അവന്‍ കാണാതെ പോയത് അതുകൊണ്ടാണ്.
അപ്പോള്‍ ഒരു വിധവ ഒറ്റനാണയവുമായിവന്ന് നെറ്റിമേലും കണ്‍പോളയിലും വൈധവ്യം വെന്ത നെഞ്ചിലും ചേര്‍ത്ത്, വിഭോ... എന്ന് വിതുമ്പി അത് ദേവാലയത്തില്‍ സമര്‍പ്പിച്ചു.

 നോക്കുവിന്‍... എന്ന് അടുത്തിരുന്ന ശിഷ്യരെ തോണ്ടിവിളിച്ച് ആ കാഴ്ചയെ ഒരു പഠനവസ്തുവിനെയെന്നപോലെ അവന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു.
.
വാഷിംഗ് മെഷീനുള്ളില്‍ , മേശമേല്‍, മേശക്കടിയില്‍, വാഹനത്തില്‍, തേപ്പുമേശയില്‍, അടുക്കളയില്‍, കുളിമുറിയില്‍, കിണര്‍ക്കരയില്‍ എവിടെയൊക്കെയാണ് നാണയങ്ങള്‍ ഇന്ന് വേണ്ടാതെയും വെറുതെയും കിടക്കുന്നത്...
വിജൃംഭിച്ച ജീവിതത്തിന്നിടയില്‍, വലിയ നേട്ടങ്ങള്‍ക്കിടയില്‍, നിലക്കാത്ത ബിസിനസ് യാത്രകള്‍ക്കിടയില്‍ ഏറ്റം വിലപ്പെട്ടതെന്ന് കരുതി സൂക്ഷിക്കേണ്ടിയിരുന്ന ചില നാണയങ്ങള്‍ കാണാനില്ലെന്ന് അറിയുന്നതുതന്നെ വൈകിയാണ്.
അപ്പോളാണ് നാം മകനേ.... തിരിച്ചുവരൂ... അമ്മയും VI B യിലെ നിന്‍റെ പ്രിയപ്പെട്ട ടീച്ചറും കരഞ്ഞുകൊണ്ട് കാത്തിരിക്കുന്നു എന്ന പരസ്യത്തിന് പണം വീശുന്നത്.
Like · 

Wednesday 16 April 2014

ആണ്ടുകുമ്പസാരം

വാ കീറിയവനേ..
ഞാന്‍ നിലവിട്ട് വാവിട്ടവനാണ്
എന്‍റെ ഇര കീറണമേ.....

വെളിച്ചമായവനേ..
ഞാന്‍ തല്ലിക്കെടുത്തിയവനാണ്
എന്‍റെ കണ്ണ് തുരക്കണമേ...

യൂദാസിന്‍റെ സഞ്ചിയില്‍ നിന്നും
മഗ്ദലനാമ്മയുടെ ശരീരത്തില്‍ നിന്നും
നീ എന്നെ പുറത്താക്കണമേ...

സ്നേഹമായവനേ... പൂമൊട്ടായവനേ..
കുഞ്ഞുങ്ങളെയും പുഞ്ചിരിയെയും
കൊഞ്ചലുകളെയും പെണ്‍കുട്ടികളെയും തീര്‍ത്തവനേ..
ഞാന്‍ ഇരുട്ടില്‍ ഇതുങ്ങളെയെല്ലാം കടിച്ചുതിന്നവനാണ്
ഒരു കുരിശും മൂന്നാണിയും
മൂന്ന് റോമാക്കാരെയും എനിക്ക് അനുവദിച്ച് തരേണമേ
എന്‍റെ വഴിയില്‍ ചുമട്ടുകാരന്‍
ശിമയോനെ നിര്‍ത്തിടല്ലേ...

പറയാന്‍ വിട്ടുപോയ്
കഠോരമായ ചാട്ടകളും തന്നരുളേണമേ..

Friday 4 April 2014

താഴ്ത്തപ്പെട്ട മത്തക്കൊച്ച്

ദൈവത്തിനേറ്റം പ്രിയങ്കരനായ അവന്‍റെ പേര് മത്തക്കൊച്ച് എന്നാണ്.
മത്തക്കൊച്ചിന്‍റെ കൈകാല്‍ നഖങ്ങള്‍ക്കിടയിലെ കറുത്ത മണ്ണ് പുറമേ നിന്ന് കാണാമായിരുന്നു. കിളച്ചും കൂനകൂട്ടിയും കുഴി കുത്തിയും നട്ടുനനച്ചും മൊട്ടിച്ച് വരുന്ന ഇലകളെ സൂക്ഷിച്ചുനോക്കിയും അയാള്‍ ജീവിച്ചു. അയാളുടെ സ്വപ്നങ്ങളില്‍ മണ്ണും മരവും പഴങ്ങളും കേറിക്കിടന്നത് , പക്ഷേ പുറമേ നിന്ന് കാണാമായിരുന്നില്ല.
പെട്ടെന്ന് തുറന്നടയുന്ന ചെറിയ ചിരിയായിരുന്നില്ല മത്തക്കൊച്ചിന്‍റേത്. സ്വയം തൃപ്തിയാകുന്നതുവരെ കയറ്റിറക്കങ്ങളും ചെറിയ ഒച്ചപ്പാടുമുള്ള അവന്‍റെ ചിരി ഭാര്യയായ അന്നക്കൊച്ചിനും മക്കള്‍ക്കും അയാളുടെ നായയ്ക്കും നാട്ടുകാര്‍ക്കും ഇഷ്ടവുമായിരുന്നു.
സന്ധ്യാപ്രാര്‍ത്ഥനയാണെങ്കില്‍ വളരെ ഉച്ചത്തില്‍ ചൊല്ലിയിരുന്നതുമൂലം പുറത്ത് നില്ക്കുന്ന നാട്ടുമാവിനും ചുണ്ടിലാന്‍ വാഴക്കും പൂച്ചെമ്പരത്തിക്കും എന്നും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞുപോന്നു.
മുറ്റത്തിന് താഴെ വലിയൊരു ഈന്ത് നിന്നതിന്‍റെ ചുവട്ടില്‍ വന്നുനിന്ന് ദൈവം മിക്ക ദിവസവും മത്തക്കൊച്ചേ.... എന്ന് വിളിക്കും. ഇറങ്ങിച്ചെല്ലുന്ന അയാള്‍ പൂവാങ്കലെ അമ്മിണി, പലകപ്പയ്യാനിക്കലെ യാക്കോബ്, അംഗന്‍വാടി ടീച്ചര്‍ തെയ്യാമ്മ തുടങ്ങിയവരെ കാണും.മുറ്റത്തിന്‍റെ കരിങ്കല്‍ക്കെട്ടില്‍ പറ്റിപ്പിടിച്ച് വളര്‍ന്നിരുന്ന ചിരവപ്പൈപ്പന്‍ ചെടിയുടെ ഇല പറിച്ച് അതിന്‍റെ ഭംഗി കണ്ട് അതിനെ നോക്കി ചിരിച്ച് നിന്നിരുന്ന ദൈവത്തെ മത്ത ഒരു ദിവസം പോലും കണ്ടില്ല. ചിലപ്പോള്‍ കാണാരൂപിയായിട്ടായിരിക്കും ദൈവം നിന്നത്. അകത്തേക്ക് പോയി രണ്ട് പത്തു രൂപാ, കുറെ അരി, ചിലപ്പോള്‍ തേങ്ങ, അല്ലെങ്കില്‍ ഒരു പിച്ചാത്തിയുമായി വന്ന് ചെത്തിയിടുന്ന നാല് ചക്ക അങ്ങനെ എന്തെങ്കിലും എന്നും കൊടുക്കാന്‍ ആ വീട്ടിലുണ്ടാകും എന്നത് അയാളുടെ ഒരു സന്തോഷമായിരുന്നു. ചിരവപ്പൈപ്പന്‍റെ വിന്യാസങ്ങള്‍ക്കിടയിലൂടെ ഒളികണ്ണായി നിന്ന് ഇതെല്ലാം കണ്ട് സന്തോഷത്തോടെ ദൈവം തിരിച്ചും പോകും.
മത്തക്കൊച്ചിന്‍റെ വീടിനും മുറ്റത്തിനും കിണര്‍ക്കരയിലെ വാഴക്കൂട്ടത്തിനും മുകളിലായ് നല്ലൊരു പ്രകാശം എപ്പോഴും ഉണ്ടായിരുന്നു. അത് ദൈവം അവിടെ വച്ചേച്ച് പോയതുമായിരുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ അത്ര കൂട്ടായിരുന്നു.
അതുകൊണ്ട് മരിച്ചുകിടന്നപ്പോഴും ഒരു ചിരി മത്തക്കൊച്ചിന്‍റെ ചൊടിയില്‍ ഒട്ടിച്ചുവച്ച് ദൈവം അയാളുടെ അടുത്തിരുന്നു. അതുകൊണ്ട് മരിച്ച് രണ്ടാംദിവസം മുതല്‍ അഴുകിത്തുടങ്ങാന്‍ അവന്‍ അയാളെ അനുവദിച്ചു.
ഇനി ചുരുക്കിപ്പറയാം. മത്തക്കൊച്ച് ജീവിച്ചിരുന്നപ്പോള്‍ പ്രവര്‍ത്തിച്ചതും , ദൈവം ചിരവപ്പൈപ്പന്‍റെ ഇലകള്‍ക്കിടയിലൂടെ കണ്ട് ആനന്ദിച്ചതുമല്ലാതെ ഒരത്ഭുതവും മരണശേഷം സംഭവിക്കാന്‍ ദൈവം സമ്മതിച്ചില്ല. അതുകൊണ്ട് ഒരു ഭീമാകാരമായ പള്ളിക്കെട്ടിലെ അള്‍ത്താരയിലിരിപ്പാനോ അവിടെയിരുന്ന് അനേകം ടൂറിസ്റ്റ് ബസുകള്‍ , കന്യാസ്ത്രികള്‍, കാറോസൂസാ കാസ്മീസ് കത്തനാര്‍മാര്‍, അവരുടെ നേതാവായ ബിഷപ്പ്സ്, പാവം വിശ്വാസികള്‍, വിശുദ്ധ വിനിമയങ്ങള്‍, ഒന്നും കണ്ട് സംഭ്രമിക്കുന്നതിനോ, തന്‍റെ നഖങ്ങള്‍ക്കിടയില്‍ അപ്പോഴും ഇരിക്കുന്ന കറുത്ത മണ്ണിനെ നോക്കി ലജ്ജിക്കുന്നതിനോ ദൈവം ആ കൂട്ടുകാരന് ഇടവരുത്തിയില്ല.
എന്തെന്നാല്‍ അവര്‍ അത്രമേല്‍ കൂട്ടായിരുന്നു.....
Like · 

Tuesday 1 April 2014

പക്ഷിയാകാശം

പക്ഷിയാകാശത്ത്
ഗോദറേജ് പൂട്ടുകളുടെ പീടികയില്ല.
അവരെന്തു പൂട്ടിവയ്ക്കാനാണ്...
ഭക്ഷണക്കടകളില്ല.
തേടിവച്ചിരിക്കുന്നിടത്ത് പോയി തിന്നാറില്ല,
വേണ്ടത് തേടിത്തിന്നും.
ദേവാലയക്കെട്ടുകളില്ല.
ആകാശത്തിലെ പക്ഷികളെ നോക്കുവിനെന്നും
ഈ കുരുവികളിലൊന്നിന്‍റെ വിശുദ്ധിയിലേക്ക്
വളരുവിനെന്നുമാണ് ദേവാലയംപറഞ്ഞിട്ടുള്ളത്
ദേവാലയത്തിനെന്തിനാണ് ഇനിയൊരു ദേവാലയം...
കമ്പിസിമന്‍റ് കടകളില്ല..
പക്ഷിവീടിനോട് മുട്ടുവാന്‍
കടവീടുകള്‍ക്ക് എന്ന് ആവുമെന്നാണ്...
പിന്നെ ഒന്നുണ്ട്
മഞ്ഞിന്‍റെ വീട്
മഞ്ഞിന്‍റെ പീടിക
മഞ്ഞിന്‍റെ ദേവാലയം
ശാരികേ ഓമലേ , തെക്ക് തെക്കൊരു നാട്ടിലേക്ക്
ഞാനന്ന് മുട്ട പൊട്ടിച്ച് പോയപ്പോള്‍
കടലെറിഞ്ഞുതന്ന ഒരു പാട്ട്
എന്‍റെ ചുണ്ടിലിരിക്കുന്നുണ്ട്, പാടട്ടേ....
ചോദിച്ചപ്പോള്‍ തന്നെ മുട്ടിയിരുന്ന് കൂട്ടു കൂടിയവളോട്
കൊക്കിലൂടെ ദേശങ്ങളും ദൂരങ്ങളും തുറന്ന്
കടലുകള്‍ തുറന്ന്, മേഘവീട് തുറന്ന്,
താരമുറ്റം തൂത്ത്
താഴെക്കൊമ്പിലിറങ്ങി, കാട് തുറന്ന്
കരളാമവളുടെ കരള്‍ തുറന്ന്
കാട്ടിലൊരു തരിപ്പുണര്‍ത്തി,
കാനമുരിക്കില്‍ ചെമപ്പുണര്‍ത്തി,
പാട്ടിന്‍റെ അറുതി പാടാനായ് ഓമലാളുടെ
തോളിലേക്ക് കയറുമ്പോള്‍
പീടികയും വീടും ദേവാലയവും ഝടുതി തുറന്ന്,
ഒരു വെളുത്ത വിരിയായ് മഞ്ഞിറങ്ങും
അപ്പോള്‍ കാടിന് മുകളിലെ പുണ്യാകാശത്ത്
വിശുദ്ധരല്ലോ പറന്ന് പറന്ന്...
Like 

Saturday 1 March 2014

മയിര് ഒരു തെറിയല്ല, വേദനാസംഹാരിയാണ്

ഈ കപ്യാര് ചെക്കന് എന്താ പറ്റിയത്.... മൂന്നു തവണ ഒറ്റേം പെട്ടേം അടിച്ചു നിര്‍ത്തണ്ട കാര്യമല്ലേ ഉള്ളൂ. 

അടിവാരം തൊമ്മനാണ് മരിച്ചത്. മരിച്ചു എന്ന് പറയേണ്ട കാര്യമുള്ളതല്ല. അടിവാരം തൊമ്മന്‍ ചത്തു എന്നാണ് പറയേണ്ടത്. പിന്നെ പള്ളിയുടെ അള്‍ത്താരേല്‍ നിന്ന് പറയുമ്പോ ഒരിത് വേണമല്ലോ. അതുകൊണ്ട് അടിവാരം കരിപ്പാവീട്ടില്‍ തോമസ് മരിച്ചു, അന്ത്യകര്‍മ്മങ്ങള്‍ മൂന്നുമണിക്ക് എന്നങ്ങു പറഞ്ഞു. അത്യവശ്യമില്ലാത്ത കാര്യത്തിന് വലിയ ഒരു സംഖ്യ ചെലവു വരുത്തിയതുപോലെ ഒരു വിഷമം അതു പറഞ്ഞുകഴിഞ്ഞപ്പോള്‍ മുതല്‍ ... ഇനി അത് ദഹിച്ചുതീരണം.

കപ്യാര് അടി നിര്‍ത്തുന്ന ലക്ഷണം കാണാഞ്ഞ് മുറി തുറന്ന് പുറത്തിറങ്ങി. ചൂരല് കൂടെ എടുക്കണോ.... പള്ളിക്ക് പിറകിലെ മണിമാളികയില്‍ നിന്ന് തൂങ്ങുന്ന കയറില്‍ പിശാച് കയറിവനെപ്പോലെ ഞാന്ന് കിടന്ന് അടിക്കുകയാണ് ജോസുകുട്ടി. യുവശക്തിക്കാര് പിള്ളേരെ ഈ പണിക്കെടുക്കണ്ടാന്ന് പറഞ്ഞതാണ്. കമ്മറ്റിയിലെ കൊണംവരാത്ത ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയതാണ്.

എടാ...   ഏതായാലും വിളിച്ചപ്പോഴേ നിര്‍ത്തി. ഭാഗ്യം. അല്ലെങ്കില്‍ കടുത്ത് വല്ലതും ചെയ്യേണ്ടി വന്നേനെ. 

ചക്കുങ്കല്‍ കുഞ്ഞാപ്പിമുതലാളി മരിച്ച് പള്ളിക്കലോട്ട് എടുത്തപ്പോള്‍ താനായിരുന്നു കറുത്ത വസ്ത്രത്തില്‍ ദുഖിച്ച് ഏറ്റവും മുമ്പില്‍ നീങ്ങിയിരുന്നത്. മാതാവേ.. എന്തൊരാള്‍ക്കൂട്ടമായിരുന്നു. ഇടവകയില്‍നിന്ന് സ്ഥലം മാറിപ്പോയ എല്ലാ വൈദികരും കൂടാതെ വയലില്‍ പിതാവും വന്നിരുന്നു. പിതാവ് പള്ളിമേടയിലിരുന്നതെയുള്ളൂ. മുതലാളിയുടെ ഈട്ടിപ്പെട്ടി പള്ളിനടവഴി കയറുമ്പോള്‍ ...അവന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ കല്ലറ പിളര്‍ന്നൂ...അണയുന്നീശോ, മൃതരാമഖിലര്‍ക്കും... എന്ന് സി. മാര്‍ഗരറ്റിന്‍റെ  വിലാപപ്പാട്ടിനൊപ്പം അതിന്‍റെ ഈണത്തിനൊപ്പിച്ച് പള്ളിമണി ണാം... ണാംണാം.... ണാം എന്ന് കരഞ്ഞ് വിളിച്ചു കേറ്റേണ്ടതാണ്. അന്ന് വയസ്സന്‍ ദേവസ്യ ആയിരുന്നു കപ്യാര്‍. അയാള്‍ അത് അടിച്ചുനശിപ്പിച്ചുകളഞ്ഞു. ചോദിച്ചപ്പോള്‍ കൈയുടെ ഒരത്തിന് വേദനയാണെന്ന് ഒരു കാരണവും പറഞ്ഞു. പള്ളിക്കമ്മറ്റിയൊന്നും കൂടാന്‍ നിന്നില്ല. 50 രൂഫാ മിച്ചം കൊടുത്ത് അന്ന് പറഞ്ഞുവിട്ടു. പിന്നെയെടുത്തതാണ് യുവശക്തിക്കാരന്‍ ജോസുകുട്ടിയെ.

ഈ യുവശക്തിക്കാര് പറഞ്ഞാണ് അറിഞ്ഞത് അടിവാരം തൊമ്മന്‍റെ ഓരോ കാര്യങ്ങള്. ചത്ത തൊമ്മന്‍ പള്ളീല്‍ കേറീട്ടില്ലാന്ന് മാത്രമല്ല, പള്ളിക്ക് മുമ്പില്‍ വന്ന് നിന്ന് തെറിയും പറഞ്ഞിട്ടുണ്ട്. ഇടക്കിടക്ക് അവന് വട്ടിളകും. അന്ന് അടിവാരം മുതല്‍ പാലാ വരെ നല്ല സ്പീഡില്‍ നടക്കും. എത്രയോ ചുവടുകള്‍, അതെത്രയാണെന്ന് തൊമ്മനേ അറിയൂ, വച്ച് കഴിയുമ്പോള്‍ തൊമ്മന്‍  പെട്ടെന്ന് പുറകോട്ട് വെട്ടിത്തിരിഞ്ഞ് കൈ നിശിതമായി ചൂണ്ടി മയിരേ......ന്ന് ഉറക്കെ വിളിക്കും. കല്ലെടുത്തെറിയുന്നതുപോലെ ഭാവിക്കും. പിന്നെ നടക്കും. കല്ലേക്കുളം കഴിഞ്ഞ്, പൂഞ്ഞാര്‍ കഴിഞ്ഞ്, പനച്ചിപ്പാറ കഴിഞ്ഞ്, ഈരാറ്റുപേട്ട കഴിഞ്ഞ് , അമ്പാറ കഴിഞ്ഞ്, ഭരണങ്ങാനം, ഇടപ്പാടി കഴിഞ്ഞ് പാലാ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍റിന്‍റെ കരിങ്കല്‍കെട്ടിലിരുന്ന് വിശ്രമിക്കും. 

പിന്നെ തിരികെ ശാന്തനായി നടന്ന് വന്ന് വൃദ്ധയായ അമ്മയുടെ കൈയില്‍ നിന്ന് രാത്രിഭക്ഷണം കഴിച്ച് പുണ്യപ്പെട്ട മനുഷ്യനാകും. രാവിലെ പെരിങ്ങുളം സിറ്റിയില്‍ വന്ന് എന്നത്തെയും പോലെ ആരാന്‍റെ പണികള്‍ക്ക് വെള്ളം ചേര്‍ക്കാത്ത ആത്മാര്‍ത്ഥതയോടെയിറങ്ങും. ഇതുപോലെ ഒരുപകാരിയെ പെരിങ്ങുളം കണ്ടിട്ടില്ലാത്രേ. ഏതു വീട്ടില്‍ വേണമെങ്കിലും ചക്കയിട്ടു കൊടുക്കും. തേങ്ങ, റബ്ബര്‍ഷീറ്റ് ഒക്കെ ചുമന്ന് കടേലോട്ടും അരിസാമാനങ്ങള്‍ വീട്ടിലോട്ടും എത്തിക്കും. എന്തെങ്കിലും കൊടുത്താ മതി. ഇത്തിരി വിശപ്പിനുള്ളത്, തോളിലൊരു കൊട്ട്, തൊമ്മച്ചാ എന്നൊരു വിളി.. മതി ശാന്തനായിക്കൊള്ളും. പുരകെട്ട് എവിടെയുണ്ടെങ്കിലും തൊമ്മന്‍ അതൊരു ഉത്സവമാക്കും. നാട്ടിലുള്ള മൂര്യൊന്നും പോരാഞ്ഞ് ചനക്കോളുള്ള പശുക്കളെ നടത്തി പൂഞ്ഞാറ്റിലെ ICDP സെന്‍റരില്‍ കൊണ്ടുപോയി കുത്തിവച്ച് ചന കേറ്റുന്ന ഒരു പരിപാടിയുണ്ടിപ്പോള്‍. തൊമ്മന്‍ രണ്ടു പശുവിനെയൊക്കെ ഒന്നിച്ച് കയറേല്‍ പിടിച്ച് നടത്തിക്കൊണ്ടുപോയി സാധിപ്പിച്ച് തിരികെയെത്തിക്കും. 

വീടും പറമ്പും ഭാഗം വച്ചപ്പോള്‍ സഹോദരനും ഭാര്യയും അവളുടെ സഹോദരന്‍ ഒരു പട്ടാളക്കാരനും ചേര്‍ന്ന് തൊമ്മച്ചനെയും അമ്മച്ചിയെയും അടിയേ ഊമ്പിച്ചുകൊടുത്തുപോല്‍. കണ്ട മയിരിനെയൊക്കെ വീട്ടില്‍ കയറ്റരുതെന്ന് ഞാന്‍ പറഞ്ഞതല്ലേ തള്ളേ...ന്ന് അന്ന് ആദ്യമായി തൊമ്മച്ചന്‍ സ്വരമുയര്‍ത്തി. പട്ടാളം പിടിച്ച് വയറ്റത്ത് ബൂട്ട് ചവിട്ടുകയും തല രണ്ടോ മൂന്നോ തവണ തിണ്ണയിലെ തൂണിലിടിക്കുകയും ചെയ്ത് അടിവാരം തൊമ്മനാക്കി തൊഴിച്ച് മുറ്റത്തേക്കിട്ടു. അന്ന് മുതല്‍ എല്ലാ മാസവും ഒരു ദിവസം അടിവാരം മുതല്‍ പാലാ വരെ നടന്ന് പട്ടാളത്തെ മയിരേ...ന്ന് വിളിച്ച് ആ പാവം മനസിന്‍റെ ബാലന്‍സ് നിലനിര്‍ത്തിപ്പോരുകയാണ്.

ഒക്കെ യുവശക്തിക്കാര് പറയുന്നതാണ്. ഭക്തസംഘടനയാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ. ഇവന്മാരുടെയൊന്നും മനസ് പള്ളിയുടെ കൂടെയല്ല. മാര്‍ക്സിസ്റ്റാണെല്ലാം. വേണ്ടാന്ന് പറഞ്ഞിട്ടും കമ്മറ്റിക്കാര് നിര്‍ബന്ധിച്ചിട്ടാണ് അതിലൊരുത്തനെ കപ്യാരായി വച്ചത്. ഏതായാലും പറഞ്ഞപ്പോഴേ മണിയടി നിര്‍ത്തിയേച്ചു. അല്ലായിരുന്നെങ്കില്‍ കട്ടിലിനടീന്ന് കറുത്ത ചൂരല്‍ എടുക്കേണ്ടി വന്നേനെ.എടത്തൂട്ടുകാര്‍, മാര്‍ക്സിസ്റ്റുകാര്,  പാഷണ്ഡതക്കാര് അവര്‍ക്കുള്ളതാണ് ആ വെഞ്ചരിച്ച ചൂരല്‍.

Tuesday 7 January 2014

നക്ഷത്രകാര്യലയം..Office Of The Director Of Stars



ആകാശം ഡയറക്ടര്‍ ഇന്ന് ഒരു സ്റ്റാഫ് മീറ്റിംഗ് വിളിച്ചു. സര്‍വ്വ കുരുത്തംകെട്ടോന്മാര്‍ക്കും ആവശ്യത്തിന് കിട്ടിയിട്ടുണ്ട്. നക്ഷത്രക്കണ്ണന്മാരും അവരുടെ വഷളന്‍ സൂപ്രണ്ടും കുറച്ചായിട്ട് നല്ല ഒഴപ്പായിരുന്നു താനും.

അച്ചടക്കം, കൃത്യനിഷ്ഠ, കൃത്യത... ആകാശത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്. തോന്നുമ്പോള്‍ എഴുന്നേറ്റ് സഞ്ചാരം തുടങ്ങിയാല്‍ ആകാശത്ത് എന്തു സംഭവിക്കും സൂപ്രണ്ടേ... ഇയാളോട് ചോദിച്ച എന്നെ വേണം...
തകരും... ഇടിച്ചുതകരും മൊത്തം. മനസിലായോ.. സൂര്യനെ കണ്ടുപഠിക്ക്. മഴയാകാം, മഞ്ഞാകാം, കാറ്റാകാം വെയിലാകാം,വെള്ളിയാഴ്ചയാകാം, രാഹുകാലമാകാം, അദ്ദേഹം മുടങ്ങാറില്ല, സമയം തെറ്റാറുമില്ല.

നിങ്ങള്‍ക്ക് മഴയുള്ളപ്പോള്‍ , മഴക്കാറുള്ളപ്പോള്‍, കാറ്റുള്ളപ്പോള്‍ ഒക്കെ അവധി തന്നിരിക്കുകയാണെന്ന് മറക്കരുത്. തന്നവന് എടുക്കാനുമറിയാം.
പകല്‍ മുഴുവന്‍ സൂര്യന്‍ ഒറ്റക്ക് ഭൂമിയിലേക്ക് വെട്ടം വിടുന്നുണ്ട്. നിങ്ങള്‍ കോടാലിക്കോടി എണ്ണങ്ങളെല്ലാം കൂടെ രാത്രിയിലെ കാര്യം നോക്കിയിട്ട് പകുതി ദിവസം... എടോ സൂപ്രണ്ടേ.... തന്നെ പല ദിവസവും ആഫീസില്‍ കാണുന്നില്ലല്ലോ... മോന്തായം വളഞ്ഞാല്‍ ഇത്രേ വരാനുള്ളൂ... മോന്തായത്തിന് വെളിവില്ലേലത്തെ കാര്യം അതിലേറെ കഷ്ടമാ. ഒന്നുകൂടെ നോക്കിയിട്ട് രക്ഷയില്ലേല്‍ എല്ലാത്തിനേം കൂടെ തൂത്ത്കൂട്ടി വാരി വല്ല മണ്ണ് ഫില്ലിംങ് കുഴിയിലും മൂടും.

എല്ലാത്തിനും കാരണം ആ വയസന്‍ അമ്പിളിസൂപ്രണ്ടാണ്. മൂന്ന് ദിവസം വൃത്തിയായി ആഫീസില്‍ വന്നാല്‍ പിന്നെ വൃത്തിയും നിഷ്ഠയും വെട്ടവും ഉന്മേഷവുമൊക്കെ സര്‍ക്കാര് കാര്യം പോലെ തന്നെ. കുറേ നാളത്തേക്ക് കാണാതെയും പോകും. കുടുംബപ്രശ്നങ്ങളായിരിക്കും. നന്നായിട്ട് ചെലുത്തുമെന്നും കേള്‍ക്കുന്നു. ചില ദിവസങ്ങളില്‍ പട്ടാപ്പകല്‍ ഓഫായി മങ്ങി ആകാശക്കോണില്‍ കിടക്കുന്നത് ആഫീസ് പെണ്ണുങ്ങളുടെ കെട്ടിയോന്മാര്‍ കണ്ടിട്ടുണ്ടത്രേ.

ഇന്നത്തെ മീറ്റിംഗിന് അമ്പിളിസൂപ്രണ്ടിനെ ഏതോ ഷാപ്പീന്ന് ചെവിക്ക് പിടിച്ചിറക്കി കൊണ്ടുവരികയായിരുന്നു പോലും. റിട്ടയറാകാറായി. അയാളിനി നന്നാകൂന്ന് എത്സമ്മ ഹെഡ് കരുതുന്നില്ല.

നന്നായിട്ട് കിട്ടിയെന്ന് ഓരോന്നിന്‍റെ മുഖത്ത് നോക്കിയാലറിയാം. നക്ഷത്രമ്മകള്‍ക്ക് ഇന്ന് അനക്കമേയില്ല. കണ്ണുതെറ്റിയാല്‍ ചിമ്മ്ണ ചിമ്മ്ണ പരിപാടിയുമില്ല. അമ്മാവന്‍ സുപ്രന്‍ ഇളിഞ്ചന്‍ കിറിയുമായി പടിഞ്ഞാറാകാശം ചേര്‍ന്ന് നില്പുണ്ട്. പണി , മങ്ങിയ ചിരി മാത്രം.

വിശ്വാസം വന്നില്ലേ.... വീടിന് പുറത്തേക്കിറങ്ങി ആകാശത്തോട്ട് നോക്കിക്കേ.. കപ്യാരുടെ കൊന്നത്തെങ്ങിന്‍റെ നേര്‍മുകളില്‍ പൊട്ടുതുളാപ്പന്‍. ഒരു മൂന്നേകാല്‍ കോല് തെക്ക് മാറി മുഴക്കോല്‍ മുക്കണ്ണന്മാര്‍. ചേര്‍ന്ന് അഞ്ചുകുഞ്ഞും തള്ളയും. എല്ലാം അച്ചടക്കത്തില്‍.

കുരുത്തംകെട്ട റോസ്മരിയ ടൈപ്പിസ്റ്റ് ഇന്ന് ലീവായിരുന്നു. അല്ലെങ്കില്‍ തീര്‍ച്ചയായും പറഞ്ഞേനെ.....

കുറെ നാളായിട്ട് ഭൂമി നിറയെ നക്ഷത്രങ്ങളാ, അതങ്ങോട്ട് അഴിച്ചുമാറ്റിയിട്ട് പോരേന്ന് ഞങ്ങളു വിചാരിച്ചു ഷാറേ...

Wednesday 1 January 2014

ജഠരേ ശയനം

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വീണ്ടുമൊരു കിടപ്പ്. അവിടെ മാത്രമല്ല, പലയിടങ്ങളിലും രണ്ടാമതൊന്നു പോയി ഉറങ്ങാന്‍ തോന്നുക സ്വാഭാവികം.

തോന്നണം മനുഷ്യര്‍ക്ക്. പരിചയിച്ച ഇടങ്ങള്‍, സ്നേഹിച്ച ഹൃദയങ്ങള്‍, ചില നാട്ടുവഴികള്‍... അവിടേക്കെല്ലാം ഒരു പിന്‍വിളി കാന്‍സര്‍ കയറാത്ത മനസ്സുകളുടെ ലക്ഷണമാണ്.

വിറ്റൊഴിഞ്ഞുപോയി കൊല്ലം മുപ്പത്തഞ്ചു കഴിഞ്ഞാലും മലമുകളിലെ ആ വീട്ടിലേക്ക് ഒരു നടത്തം കൊതിക്കാത്തവര്‍ ആരുണ്ട്? അന്ന് ഇളയിരുപ്പിരുന്ന ഓരോ മരച്ചുവട്ടിലും, മനുഷ്യമുഖത്തെയെന്നപോലെ നിങ്ങളോര്‍ത്തെടുക്കുന്ന രൂപമുള്ള ചില കല്ലുകളിലും കൃത്യമായി ദാഹം വന്നിരുന്ന തോട്ടിറമ്പിലും ഇരുന്ന് വിശ്രമിച്ച്....

ഇന്നിപ്പോള്‍ റോഡ് വെട്ടിയിട്ടുണ്ട്. ചില കടുംക്രിയകളിലൂടെ നിങ്ങളുടെ ബൊലേറോ അവിടെ കയറുകയും ചെയ്യും. ഷുഗറുണ്ട് , സമ്മര്‍ദ്ദമുണ്ട്, ശ്വാസകോശഭക്ഷണമായ ഇന്‍ഹേലര്‍ പോക്കറ്റിലുണ്ടെന്നൊക്കെ പറയാന്‍ സമയം തരാതെ ദേ .. പോയല്ലോ നിങ്ങളുടെ സുപ്രധാന അവയവങ്ങളായ ചങ്കും മനസ്സും മുന്നോട്ട്. വെയില്‍കൊള്ളിച്ച്, വിയര്‍പ്പിച്ച് കിതപ്പിച്ച് , നിങ്ങളെ മുകളിലെത്തിക്കും. ഇരുമൂലകളുകളുടെയും കല്‍ക്കെട്ടിടിഞ്ഞ മുറ്റത്തും, ഉണങ്ങിദ്രവിച്ച് തീര്‍ന്നിട്ടും നിങ്ങളുടെ വരവിനായി ഉള്ളിലെ മരിക്കാത്ത വേരില്‍നിന്നൊരു മുള വളര്‍ത്തിനില്ക്കുന്ന പേരമരച്ചുവട്ടിലും, വള്ളിയാംതടത്തില്‍ നിന്ന് കൊണ്ടുവന്നു നട്ട ചെത്തിയുടെ കുഴിമാടത്തിലും അങ്ങനെ നില്ക്കുമ്പോള്‍  നിങ്ങള്‍ ഞെട്ടുന്നു. സെല്‍ഫോണ്‍ ശബ്ദിച്ചതാണ്. ഇതിനുമുമ്പൊരിക്കലും ഫോണ്‍ബെല്ല് കേട്ട് ഞെട്ടിയിട്ടില്ല നിങ്ങള്‍.

ജീവിതത്തിന്‍റെ വിധിക്കുഴികളില്‍ മുങ്ങി ഒരുപാട് ദൂരെയെവിടെയെങ്കിലും പൊങ്ങി അവിടെ ജീവിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഈ ഗര്‍ഭപാത്രയാത്രയുടെ പൂതികള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ശക്തമായിരിക്കും.

പുറമേ തന്‍റേടിയായ ഒരു ഇളാമ്മ എന്‍റെ ചെറുപ്പകാലത്ത് ഇങ്ങനെ വീട്ടില്‍ വന്ന് ഒരുമാസമൊക്കെ താമസിക്കുമായിരുന്നു. വല്യമ്മയുടെ ബന്ധുവാണെന്നല്ലാതെ എലിക്കുളത്താണോ, പേരാവൂരാണോ താമസമെന്നൊന്നും എനിക്കറിയില്ല. ഒരു പ്രായത്തില്‍ കെട്ടിച്ചുവിട്ടതാണെന്നും ഇപ്പോള്‍ കെട്ടിയോനില്ലെന്നും അത് മിക്കവാറും ഇളാമ്മയുടെ നാക്കിന്‍റെയോ , കൈയുടെയോ അടി കൊണ്ട് ഇല്ലായ്മ പെട്ടതാണെന്നും ഞാന്‍ ഊഹിച്ചുപോയിട്ടുണ്ട്. എന്തായാലും രാത്രിയില്‍ ചൂണ്ടയിടാന്‍ പോകും, കള്ള് എത്ര വേണമെങ്കിലും കുടിക്കും, മോനേ....ന്ന് അവസാനിക്കുന്ന വാക്കുകളുടെ അറ്റത്ത് തീ കൊളുത്തും.

എങ്കിലും, എങ്കിലും ആ മനസ്സില്‍ കാന്‍സറിന് കയറിക്കൂടാന്‍ പറ്റാഞ്ഞതിനാല്‍ എലിക്കുളങ്ങളും പെരിങ്ങുളങ്ങളും ഇടക്കരകളും ഒക്കെയുള്ള വീട്ടിലേക്കുള്ള വഴിയിലൂടെ ആണ്ടിലൊരിക്കല്‍ ഇളാമ്മ വരും. മുഴുവന്‍ സമയവും ഭയങ്കര കത്തികളെറിയും, ചക്ക വെട്ടിപ്പെറുക്കുന്ന സമയത്ത് സൂപ്പര്‍ ഏറുകള്‍ വീഴും.

ചക്കക്കാലത്തെ ഈ ഇളാമ്മക്കഥകള്‍ കേട്ടുകേട്ടാണ് കണ്ണടച്ചിരുന്നും കാഴ്ചകള്‍ കാണാന്‍ ഞാന്‍ പഠിച്ചത്. കുറ്റാക്കുറ്റിരുട്ടത്ത് ഒരു ചൂണ്ടയും അഞ്ച് ബാറ്ററി ടോര്‍ച്ചുമായി ഇളാമ്മ ആറ്റിലേക്ക് പോകുന്നു. ആനവലിപ്പമുള്ള കല്ലുകള്‍ക്കിടയിലെ ഒരു ചെറുകല്ലിലിരുന്ന് ബ്ളൂം എന്ന് ചൂണ്ടയിടുന്നു. പേരാവൂരിന്‍റെ ആകാശം മുഴുവന്‍ ഇരുണ്ടുകിടക്കുന്ന ആ രാത്രിയില്‍ വന്നുപെട്ടേക്കാവുന്ന ഏതൊരാപത്തിനെയും തടുക്കാന്‍ നാവില്‍ മിസൈലുകള്‍ കരുതിവയ്ക്കുന്നു.

ഈ ഇളാമ്മ വീട്ടില്‍നിന്ന് തിരിച്ചുപോകുമ്പോള്‍ അടുത്ത ഇളയിരിപ്പുസ്ഥലത്തേക്കുള്ള വണ്ടിക്കൂലി എന്‍റെ അപ്പന്‍ കൊടുക്കണം. അപ്പനാണെങ്കില്‍ കൈവിരലുകള്‍ക്കിടയില്‍ വലിയ ഓട്ടയുള്ളതിനാല്‍ കൈക്കാശ് എപ്പോഴും കാണുകയുമില്ല. കാശ് കൊടുത്തപ്പോഴത്തെ മുഖഭാവം പഠിച്ചിട്ടോ, അതോ പോയ വഴിയില്‍ മരണപ്പെട്ടിട്ടോ എന്തോ ഹൈസ്കൂള്‍ കാലത്തിനുശേഷം ഈ ഇളാമ്മ വന്നിട്ടില്ല.

ഹേയ്... അപ്പനോടുള്ള അതൃപ്തിയാണെങ്കില്‍ അതപ്പത്തന്നെ പറഞ്ഞേനെ. നിന്‍റവളുടെ അമ്മായപ്പന്‍റേന്ന് വാങ്ങുമെടാ ഞാന്‍ കാശ്.....

( ഇങ്ങനെയും അപ്പന് വിളിക്കാം, പഠിച്ചോളൂ...)