Friday 6 December 2013

നക്ഷത്രമായ ഇടയന്‍



വ്യാകുലങ്ങളുടെ അമ്മ അപ്പോള്‍ അടിവയറ്റില്‍ കൈ രണ്ടും താങ്ങി, തീക്കളമായിപ്പോയ മിഴികളെ രണ്ടിറ്റ് കണ്ണീരു കൊണ്ട് കെടുത്തി , പാതയോരത്തെ പുല്ലിലേക്ക് വശം കുത്തി ഇരുന്നു.

ജോസഫ് , ജോസഫ് എന്നിങ്ങനെ തൊണ്ടയില്‍ വാക്കുകള്‍ തികട്ടി വന്നു. വേണ്ട, അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ട, അബ്രാഹമിന്‍റെയും ഇസഹാക്കിന്‍റെയും വെട്ടം എനിക്കും തുണ എന്നൊരു ചിന്തയെ പറഞ്ഞുവിട്ട് തൊണ്ടയെ അവള്‍ നിശബ്ദമാക്കി.

പഴംതുണിക്കെട്ടുകള്‍ക്കും,  അതു ചുമക്കുന്ന ഊശാംതാടിക്കാരനും , കൂടെയുള്ള പൂര്‍ണ്ണവയറിനും സത്രത്തില്‍ ഇടം കിട്ടാതെ പോയി. അക്കാലത്ത് അഗസ്റ്റസ് സീസറിന്‍റെ കാലം തൊട്ടേ വാതിലുകള്‍ക്ക് അകമേ നിന്ന്  ഓടാമ്പലുകള്‍ പണിതുവച്ചിരുന്നു.

മുട്ടി നീരു വച്ച മൂന്നാം വിരലിനെക്കാള്‍, കൊട്ടിയടയുന്ന വാതിലുകളുടെ പുച്ഛമാണ് അയാളെ കൂടുതല്‍ വേദനിപ്പിച്ചത്. അല്ല... പുരുഷനേയല്ല ഞാന്‍... എന്ന് ജോസഫ് ഉറപ്പിച്ചു. ഒരു തീപ്പൊരിയുടെ ഊര്‍ജ്ജം പോലും ഇനി ബാക്കിയില്ല എന്നുറപ്പിക്കുമ്പോഴും അവള്‍ ഒന്നുമേ പറയുന്നില്ലല്ലോ എന്നും കണ്ണുകളില്‍ മറിയം തനിക്കെതിരായി ഒന്നും എഴുതിയിട്ടില്ലല്ലോ എന്നും അവന്‍ അത്ഭുതപ്പെട്ടു.

വീണുപോയവളുടെ മുഖത്തേക്ക് തോല്‍ക്കുടത്തില്‍ നിന്ന് വെള്ളം തളിക്കുമ്പോഴാണ് ആദ്യം ആടുകളും പിറകെ ഇടയനായി അയാളും വന്നത്.



ഇടയന് ഒരു രാജ്യത്തും കണക്കുകള്‍ ചേര്‍ക്കേണ്ടതില്ലായിരുന്നു. തിരക്ക് തീരെയില്ലായിരുന്നു. ആടുകളുടെ കണ്ണുകള്‍ പോലെ തന്നെ ആകാശത്തോളം തുറന്നുകിടന്നിരുന്നു, ഇടയന്‍റെ മനസും അയാളുടെ തൊഴുത്തുകളും.

വരിക എന്ന് പറഞ്ഞപ്പോള്‍ അവന്‍റെ വായില്‍ നിന്ന് ചൂടുനീരാവി പറന്നു. ഇളംചൂടു പാല്‍ കറന്ന് കൈപകര്‍ന്നപ്പോള്‍ കൂടെ ഓരോ പുഞ്ചിരിയും അവന്‍ ചേര്‍ത്തു. ഇരുവരും ചേര്‍ന്ന് താങ്ങിയെടുത്ത്,  അകലെ നിന്ന് കണ്ടാല്‍ പൂര്‍വപിതാക്കന്മാരുടെ രൂപങ്ങളെന്ന് തോന്നിപ്പിക്കുന്ന ചില പാറകള്‍ക്കിടയിലൂടെ അവര്‍ മറിയത്തെയും കൊണ്ട് അവന്‍റെ തൊഴുത്തിലേക്ക് നടന്നു. ആടുകള്‍ പിറകെ മേഞ്ഞ് വന്നുകൊണ്ടിരുന്നു.

അവന്‍റെ ആട്ടിന്‍പറ്റങ്ങള്‍ക്ക് കണക്കില്ലായിരുന്നു. പ്രീതമായത് മാത്രം ചെയ്യുന്ന അവനെ അനുഗ്രഹിച്ച് അനുഗ്രഹിച്ച് യഹോവയുടെ കൈകള്‍ തളര്‍ന്നു തുടങ്ങിയെന്നുതന്നെ പറയാം.ബസ്ലഹത്തിന്‍റെ കിഴക്കേ ചെരുവിലെ പുല്‍സമൃദ്ധിയില്‍ നൂറ് സങ്കേതങ്ങളിലായി അവന് അയ്യായിരത്തിലധികം ആടുകളുണ്ട്. അവയെ ഒക്കെ പോറ്റാന്‍ അവന് കീഴില്‍ കുറെ ഇടയകുടുംബങ്ങളുണ്ട്. അവന്‍റെ ബന്ധുക്കളാണധികവും.

അപ്പോള്‍ രാവിറങ്ങിത്തുടങ്ങി. താന്‍ തന്നെ കൂട്ടിയാല്‍ കൂടില്ല എന്ന് ശലേമോന് തോന്നിത്തുടങ്ങി. കിഴക്കേ ചെരുവിലേക്ക് ഇറങ്ങിനിന്ന് ഉറക്കെയൊന്ന് കൂവിയാല്‍ മിര്‍ഖാസും മക്കളും കേള്‍ക്കാനിടയുണ്ട്. തോലങ്കി പുതച്ച്, തലയില്‍ തൊപ്പിയിറക്കിവച്ച്, വടിയെടുക്കാനാഞ്ഞപ്പോഴാണ് അകത്തുനിന്ന് ഒരു ഞരക്കവും ജോസഫ് എന്ന് അമര്‍ത്തിയ വിലാപവും പുറത്ത് വന്നത്. ഏറെ നേരം കാതോര്‍ത്തിട്ടും കേള്‍ക്കേണ്ടതായ സ്വരം മാത്രം കേള്‍ക്കാഞ്ഞ് ആയിരം കുഞ്ഞാടുകളുടെ പ്രസവം താങ്ങിയ ശലേമോന്‍ മനസ്സുറച്ച് ചാക്കുമറ നീക്കി ഉള്ളിലേക്ക് കടന്നു.

മുറിയില്‍ വെളിച്ചം പിറന്നിരുന്നു. അവിടെ ചെറിയവന്‍ കിടക്കുന്നു, നിശബ്ദം. വലതുകാല്‍മുട്ടില്‍ കൈകള്‍ ചേര്‍ത്ത് കടലുകളെ ശാന്തമാക്കുന്നത്ര ശ്രമപ്പെട്ടതെന്തോ ചെയ്യുന്നവനെപ്പോലെ ജോസഫ് കുനിഞ്ഞിരുപ്പുണ്ട്. അയാളുടെ ഭാര്യ.... അവള്‍ കിടക്കുകയാണ്, ബലിക്കല്ലിലേക്ക് ചോര വീഴ്ത്തിയ ബലിമൃഗത്തെപ്പോലെ വിളറിയും ഞരങ്ങിയും. അടുത്തു ചെന്ന് അയാള്‍ ജോസഫിന്‍റെ തോളില്‍ സ്പര്‍ശിച്ചു. അനക്കമില്ല. തല കുലുക്കിയെങ്കിലും വീണ്ടും ആ തല കുനിഞ്ഞുവീണു.

ശലേമോന് പേടിയായി. ഒരു തുണ , അത് തീര്‍ച്ചയായും ഇപ്പോള്‍ തന്നെ വേണം. തനിക്കുതന്നെയാവില്ല. ഗോത്രങ്ങളുടെ പിതാക്കളെ മനസ്സില്‍ വിളിച്ച് അയാള്‍ ഇരുളിലേക്ക്  ഇറങ്ങിയോടി. പലതും വേണം. വെളിച്ചം, ഭക്ഷണം, പാല്‍, തുണികള്‍,അതിനെല്ലാം മുമ്പൊരു പെണ്‍തുണ വേണം. ആ അമ്മയുടെ കിടപ്പ്.. അതയാളെ വീണ്ടും ഭയചകിതനാക്കി. തട്ടിവീണും, മുറിവേറ്റും, മരങ്ങളില്‍ നെഞ്ഞടിച്ചും ഭ്രാന്തനായി ഓടിക്കൊണ്ടിരിക്കെ അയാള്‍ക്ക് പെട്ടെന്ന് തോന്നി. വഴിയിലാകെ ഒരു വെളിച്ചമുണ്ട് എന്ന്.

കൂരിരുളിലും അയാള്‍ കാണുന്നു, പോകും വഴിയിലെ നനഞ്ഞ പൂഴിമണ്ണ്, കല്ലുകള്‍ , വഴിക്കരയിലെ പുല്ല്, വലിയ മരങ്ങള്‍, എല്ലാം കാണാം. ഒരു വെളിച്ചം അയാളുടെ കൂടെയുണ്ട്. അതിന്‍റെ പ്രഹേളികയില്‍ അയാളില്‍ നിന്ന് ചിന്തകള്‍ പഞ്ഞിയുടുപ്പിട്ട് പറന്നുപോയി. യുക്തിയും ശക്തിയും ഇല്ലാത്ത ഒരു പൈതലിനെപ്പോലെ മലഞ്ചെരിവിലെ മിര്‍ഖാസിന്‍റെ വീട്ടില്‍ അയാള്‍ ചെന്നു കയറി.

വീട്ടിലൊരു ഉണ്ണി പിറന്നു. നിങ്ങളെല്ലാവരും വന്ന് കാണുക. നമുക്കൊരു പിറവിപ്പാട്ട് പാടണം. അത്രയും പറഞ്ഞപ്പോഴേക്കും കൈയിലൊരു വിളക്കുമായി മിര്‍ഖാസിന്‍റെ ഭാര്യ ഇറങ്ങിവന്നു. ആ പ്രകാശത്തില്‍ ശലേമോന്‍റെ തൊപ്പിയിലും വസ്ത്രത്തിലും പറ്റിച്ചേര്‍ന്നിരുന്ന മഞ്ഞുതുള്ളികളും അയാളുടെ നെറ്റിത്തടത്തില്‍ ആ ബസ്ലഹം മഞ്ഞിലും പൊടിഞ്ഞ വിയര്‍പ്പുതുള്ളികളും നക്ഷത്രങ്ങളായി. 


Monday 2 December 2013

നനവ്

നീണ്ടുനിവര്‍ന്നു കിടന്ന ഒരു മല നീണ്ടുനിവര്‍ന്നു കിടന്ന മറ്റൊരു മലയോട് ചേരുന്ന അതീവഗോപ്യമാം ഇടം. അവിടെ കുറെ കാട്ടുപനകള്‍ വളര്‍ന്നുനിന്നിരുന്നു. കാടിന്‍റെ അഹങ്കാരത്തോളം വലിയ ഒരു കരിമ്പാറയുടെ കടക്കല്‍ ഭൂമി പിച്ച നടന്ന അന്നേ ഒരു നനവുണ്ടായിരുന്നു.

അവിടെ നിന്നാണ് അരുംപൈതലിന്‍റെ പിഞ്ചുഭാവമുള്ള ഒന്നാംതുള്ളി ഉരുണ്ടുകൂടിയത്. വീണുകിടന്ന കാട്ടിലകളുടെ അടിയില്‍നിന്ന് കുഞ്ഞുമുഖം നീട്ടി അവന്‍ ഭൂമിയെ നോക്കി. നോക്കിനോക്കിനില്ക്കെ അവന്‍ താഴേക്ക് വീണുപോയി. ആ വീഴ്ച കണ്ട് പിറകേ വന്ന രണ്ടാംതുള്ളിക്ക് തലചുറ്റാന്‍ പോലും നേരം കിട്ടാതെ വീഴാനേ സാധിച്ചുള്ളു. പിന്നെ വന്നത് അനുസ്യൂതമായ വീഴ്ചകളും ഗ്ല ഗ്ല എന്ന ഒഴുക്കുമാണ്.




അതിലും നിര്‍മലമായ ഒരു വസ്തു ഭൂമിയില്‍ അപ്പോള്‍ വേറെ ഉണ്ടായിരുന്നില്ല. പക്ഷങ്ങളിലെ അഴുക്ക് ഒഴുക്കിക്കളയാന്‍ പക്ഷികളും മേനി തണുപ്പിക്കാന്‍ മൃഗങ്ങളും അവിടേക്ക് വന്നു. എല്ലാ തിന്മകളും വാങ്ങി വരവ് വച്ച് പുഴ ഒഴുകി മുന്നേറി.

എല്ലാ വിദ്യാലയങ്ങള്‍ക്കും സമീപേ പുഴ ശാന്തമായി നിന്നു. കൂട്ടമായി പൊതിച്ചോറുണ്ണാന്‍ വന്ന കിടാങ്ങളില്‍നിന്ന് പുതിയ പൊട്ടിച്ചിരികള്‍ പഠിച്ച് പുഴ പിന്നെയും ഒഴുകി.

ഒഴുകുക പുഴ നീ  കാലാന്ത്യത്തോളം. നാളെ വിവാഹിതനാവുന്ന എന്‍റെ മകന് പിറക്കും മകനുടെ പേരായിരം പേരമക്കളുടെ പള്ളിക്കൂടപ്പിന്‍വാതില്‍ ചേര്‍ന്ന് പുതിയ പൊട്ടിച്ചിരികള്‍ പഠിച്ച് .....




ഒഴുകുക എന്നതിലും വലിയ കഥയില്ല പുഴയേ...

അത്രയും ഒഴുക്കുള്ള കവിതയുമില്ല സഖേ..