Friday 5 April 2013

മന്നവന്‍ചോല - ഭാഗം 1

(പെരിങ്ങുളം കുടിയേറ്റകഥയായ കതിനാവെടിവെടിയുടെ തുടര്‍കഥ
      കാണിയക്കാട്ടില്‍ വര്‍ക്കി ഇട്ടന്‍റെ നേതൃത്വത്തില്‍ ഇടമറ്റത്തുനിന്ന് പുറപ്പെട്ട ആറു കുടുംബങ്ങള്‍ പൂഞ്ഞാറ്റില്‍ കൊട്ടാരത്തിന്‍റെ പര്യമ്പുറം മുതല്‍ കിഴക്കോട്ട് , കുനിഞ്ഞ് അടിക്കാടി വെട്ടിയും മലമ്പാമ്പ് , മൂര്‍ഖന്‍പാമ്പ് തുടങ്ങിയ ചെറുകീടങ്ങളെ ചുമ്മാ തോണ്ടിയെറിഞ്ഞും മുന്നേറി മഹാവിപിനമായിരുന്ന പെരിങ്ങുളം കണ്ടുപിടിച്ച കഥ മുമ്പ് ചൊല്ലികേള്‍പിച്ചിട്ടുള്ളതാണ്.

      അവരുടെ പിറകെ 212 കുടുംബങ്ങള്‍ കൂടെ ഈ മലമ്പ്രദേശം കൈയേറി. കപ്പയും കട്ടന്‍കാപ്പിയും അകത്തുചെന്നാല്‍ കരിമ്പാറയോടും ഒന്ന് മുട്ടിനോക്കുന്ന കരുത്തുമായി അവര്‍ക്കു മക്കള്‍ പിറന്നു. എന്നടാ ഉവ്വേ, പെസഹാപ്പം മുറിച്ചോ... എന്നടാ ഉവ്വേ നോമ്പുവീടലിന് പന്നിയെ കൊന്നോ.......... എന്നിങ്ങനെ ലോഹ്യം ചോദിക്കുമെങ്കിലും ഓരോരുത്തരും മനസ്സില്‍ ഓരോ കരിന്തേളിനെയും വളര്‍ത്തിയിരുന്നു. മണ്ണിനോടുള്ള ആര്‍ത്തി കാരണം സ്വന്തം പെണ്ണിന് ആവശ്യത്തിന് മുണ്ടും നേര്യതുകളും പോലും ഈ ഭൂവുടമകള്‍ വാങ്ങിച്ചിരുന്നില്ല. ഈനാംപേച്ചിയും മറ്റേ കൂട്ടുകാരനും പോലെ ആര്‍ത്തിക്ക് കൂട്ടായി അരക്കത്തരം എല്ലാ വീട്ടിലും കെട്ടിപ്പുണര്‍ന്നുനിന്നു.

      കുറച്ചു കൂലിപ്പണിക്കാരും കുറെ ചുമട്ടുകാരും ഗോത്രവര്‍ഗ്ഗക്കാരുമൊഴികെ ഭൂമി വെട്ടിച്ചുട്ടെടുത്ത എല്ലാ ഭൂപ്രഭുക്കളും തമ്മില്‍ ഭൂമി സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായി. ചിലത് രണ്ടു പൊട്ടിച്ചപ്പോള്‍ തീര്‍ന്നു. ചിലത് പെണ്ണുങ്ങളുടെ കരച്ചിലിലും കഴുക്കോല്‍ ചുണ്ടിയുള്ള ഭീഷണിയിലും തീര്‍ന്നു. കുറെയേറെ തര്‍ക്കങ്ങളില്‍ ഇടപെട്ട് അവയെല്ലാം പരിഹരിച്ചും അവതാ പറഞ്ഞും മലകള്‍ കയറിയിറങ്ങി , സമയത്ത് ഭക്ഷണവും വെള്ളവും ചെലുത്താതെ , പള്ളിവികാരി ജോസഫ് മുളങ്ങാടന്‍റെ ശരീരം ശോഷിച്ചുവന്നു. താമസിയാതെ പെരിങ്ങുളം വികാരിയുടെ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമെന്നും അയാള്‍ തന്‍റെ ജനത്തോട് ചേരുമെന്നും പാലാ അരമനയില്‍ വൈദികര്‍ രഹസ്യമായി തമാശ പറഞ്ഞു.

     ഇരുപത്തേഴു തര്‍ക്കങ്ങള്‍ പാലാ സബ്കോടതിയില്‍ കേസ്കെട്ടുകളായി. എല്ലാ അവധിക്കും കാണിയക്കാടനും ചക്കുങ്കനും തോട്ടപ്പുഴുക്കാട്ടിലൂടെ പാലായ്ക്ക് നടന്നു. കൊല്ലന്‍കുമാരന്‍ രണ്ടുപേര്‍ക്കും നീളമുള്ള കഠാരകള്‍ പണിതുകൊടുത്തിരുന്നു. അത് എളിയില്‍ തിരുകിയിട്ടും ഭയം വിട്ടു മാറാതെയും, കിടന്നാല്‍ ഉറക്കം വരാതെയും, പരസ്പരം മുടിഞ്ഞുപോകാന്‍ പ്രാര്‍ത്ഥിച്ച് മെഴുകുതിരിക്കൂടുകള്‍ കത്തിച്ചിട്ട് ഫലം കാണാതെയും രണ്ടുപേരും പള്ളിയില്‍ ഓരോ പെരുന്നാളുകള്‍ ഏറ്റുകഴിച്ചു.

     താഴത്തുപറമ്പന്‍റെ ആറു പുരയിടങ്ങളിലെ അടക്കയും തേങ്ങയും ആദായങ്ങളും നേരെ പാലായ്ക്ക് കൃത്യമായി പോയിത്തുടങ്ങി. കേളുവക്കീലിന്‍റെ കുമ്പയും സ്വര്‍ണ്ണവാച്ചും തിളങ്ങിവന്നു. അയാളുടെ മക്കള്‍ തിരോന്തരത്ത് കോണ്‍വെന്‍റ് സ്കൂളില്‍ പഠനം തുടങ്ങി. കീഴ്തോട്ടംകാരനെ മര്യാദ പഠിപ്പിച്ചിട്ടേ ഇനി വെളിക്കിറങ്ങുന്നുള്ളൂ എന്ന് തീരുമാനിച്ച കാര്‍ന്നോരുടെ മക്കള്‍ തരി പൊന്നില്ലാതെ, നല്ലതൊന്നും ചുറ്റാനില്ലാതെ  നന്മനിറഞ്ഞ മറിയവും പരിശുദ്ധ മറിയവും ഭക്ഷിച്ചു കഴിഞ്ഞുകൂടി.

    വെട്ടിച്ചുടാത്ത മാവടിമലയുടെ അടിഭാഗേ പള്ളിയും സെമിത്തേരിയും സ്ഥാപിച്ചുകഴിഞ്ഞതോടെ മാവടിമലയിലേക്കും കോടാലികള്‍ കയറി. രാവിലെ മുതല്‍ മരങ്ങള്‍ വീണുതുടങ്ങി. വെയില്‍ ചായുമ്പോള്‍ മരങ്ങളെ തീയ് ചുട്ടുതിന്നു. അങ്ങനെ ആദ്യം വെട്ടിച്ചുട്ട് മാവടിയില്‍ കയറിയവരാണ് വള്ളിയാംപാടം ആഗസ്തിയുടെയും മാടപ്പറമ്പില്‍പൈലോയുടെയും കുടുംബങ്ങള്‍. ഇരുവരും ഒന്നിച്ചാണ് വെട്ടിയതും ചുട്ടതും. ഈ പോക്കണംകെട്ട കാഴ്ച കണ്ട് കാണിയക്കാടനും ചക്കുങ്കനും കൊന്നക്കാടനും കാര്‍ക്കിച്ച് തുപ്പി. എന്നാല്‍ പള്ളിസെമിത്തേരിയില്‍ വിശ്രമത്തിന് കിടത്തിയിരുന്ന മരിച്ച വിശ്വാസികള്‍ ഈ കാഴ്ച കണ്ട് കോള്‍മയിരിട്ടു. മോന്തിക്ക് വെട്ടിച്ചുട്ട ഭൂമിയിലൂടെ അവര്‍ തീയ് കാഞ്ഞുനടന്നു.

     ആഗസ്തിയുടെ തെറതിയും പൈലോയുടെ അന്നച്ചേടത്തിയും എന്‍റേത്, നിന്‍റേത് വ്യത്യാസമില്ലാതെ വെട്ടിച്ചുട്ട ഭൂമിയില്‍ ഓടിനടന്ന് ചക്കക്കുരു കുഴിച്ചുവച്ചു. കത്രിക്ക, ചതുരപ്പയര്‍, പതിനെട്ടുമണിപയര്‍, വെണ്ട, ഇഞ്ചി, കാച്ചില്‍ എല്ലാം ഒന്നിച്ചോടിനടന്നാണ് നട്ടത്. വലിയ നീളന്‍തൂമ്പ മണ്ണില്‍ ആഞ്ഞിറക്കി ഉടല്‍ എടുത്ത് കപ്പക്കോല്‍ നാട്ടി കപ്പക്ക് പണിതത് ആണുങ്ങളാണ്. മനസ്സുകൊണ്ട് നിശ്ചയിച്ചിരുന്ന അതിരിന്‍റെ അപ്പുറത്തും ഇപ്പുറത്തുമായി അവര്‍ കപ്പ നട്ടു. എനിക്ക് എന്‍റവളും മക്കളും എന്ന് ഓരോരുത്തരും മനസ്സില്‍ വെട്ടം കത്തിച്ചു.

     മുളങ്ങാടന്‍റെ ഡയറിയില്‍ പുതിയൊരു തര്‍ക്കം കൂടെ എഴുതിച്ചേര്‍ത്തു. അതിരിലെ പ്ളാവിന്‍തൈ കേസ്. മൂന്നാം തവണയാണ് അച്ചന്‍ പൈലോന്‍റെ വീട്ടില്‍ ഒത്തുതീര്‍പ്പിന് ചെല്ലുന്നത്. മുളങ്ങാടന്‍ പറഞ്ഞുതോറ്റു. .....എന്‍റെ പൈലോ, നീയിങ്ങനെ പറയാതെ... ഞാന്‍ നിങ്ങടെ വികാരിയല്ലേ......ആ പ്ളാവും ഈ പ്ളാവും ഇക്കാണുന്ന പ്ളാവെല്ലാം നിേന്‍റം അവന്‍റേം കെട്ടിയോള്‍മാര് ഒന്നിച്ച് നട്ടതല്ലേ...ഇതെല്ലാം മുളപ്പിച്ചത് ദൈവമല്ലേ...  ഇതിലെല്ലാം ചക്ക തൂക്കുന്നതും അവനല്ലേ... . .പൈലോ നാളെ നമ്മളെല്ലാം പരലോകത്തേക്ക് പോകാനുള്ളതാണെന്ന് മറക്കരുത്. ഒരു പ്ളാവിന്‍തൈക്കുവേണ്ടി ഇങ്ങനെ വാശി പിടിക്കരുത്. വള്ളിയാംപാടത്തിന്‍റെ കെട്ടിയോള് മരിച്ചും പോയി. അവന്‍റേത് ദുര്‍വാശി തന്നെയാണ്. എന്നാലും നീയതങ്ങു സമ്മതിച്ചുകൊട്... ആ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശത്തിന് പൈലോ ഒരു മറുപടി പറഞ്ഞു. ഞെട്ടിയെഴുന്നേറ്റ അച്ചന്‍ പിന്നെ ആ വീട്ടില്‍ കയറിയിട്ടില്ല.

     ഭാഷകളും ധാരണകളും ഹൃദയവും ഭിന്നിച്ചുപോയ ആ നാടിനുമേല്‍ നാടുനോക്കന്‍മല മറിഞ്ഞുവീഴുമോ എന്ന് മുളങ്ങാടന്‍ ഭയപ്പെട്ടു. വെട്ടിച്ചുട്ട മലകളില്‍നിന്ന് പുകമണത്തിനൊപ്പം ഗന്ധകത്തിന്‍റെ ഗന്ധവും പുറപ്പെടുന്നുണ്ടെന്ന് ആ വൃദ്ധന്‍ ശങ്കിച്ചുതുടങ്ങി. അന്നച്ചേടത്തി പലതവണ കരഞ്ഞുപറഞ്ഞിട്ടും ആ കുടുംബവഴക്കില്‍ ഇടപെടാന്‍ അച്ചന്‍ പിന്നെ പോയില്ല. കടുത്ത ഉപവാസത്തിലേക്കും കണ്ണീരിലേക്കും പ്രവേശിച്ച അന്നച്ചേടത്തിയുടെ കണ്ണുകള്‍ക്ക് ദിവസം തോറും ആഴം കൂടി. ആഴങ്ങളില്‍ പേരറിയാത്ത ഭയങ്ങള്‍ ഇഴഞ്ഞുനടന്നു. അന്നച്ചേടത്തിയുടെ വെട്ടിച്ചുട്ട ചങ്കിലേക്ക് ഒരു വല്ലാത്ത ശൂന്യത കുടിയേറി. രണ്ടു വര്‍ഷത്തിനിടയില്‍ മൂന്ന് തവണ കുര്‍ബാനമദ്ധ്യേ മുളങ്ങാടന്‍ തല ചുറ്റി കുര്‍ബാന മുടക്കി.

     അച്ചോ...... എന്ന് അലറിവിളിച്ച് വികാരിയുടെ കതകില്‍ ആഞ്ഞുമുട്ടി കപ്യാര് കുഞ്ഞേട്ടന്‍ പള്ളിവരാന്തയില്‍ ബോധം കെട്ടുവീണു. അഞ്ചരമണിയടിക്കാന്‍ വീട്ടില്‍നിന്നിറങ്ങിയ ആ പാവത്തിന്‍റെ മുന്‍പില്‍ നെഞ്ചില്‍ വെട്ടേറ്റ് രക്തമൊഴുക്കി , വായ് വികൃതമായി പൊളിച്ച് വള്ളിയാംപാടം ആഗസ്തി എവിടെനിന്നാ വന്ന് വീഴുകയായിരുന്നു. പിന്നെ ഉരുണ്ടുരുണ്ട് താഴേക്ക് പോയി. പിറകെ വാക്കത്തിയുമായെത്തിയ പൈലോന്‍ ഒന്നുകൂടെ വെട്ടി. മുഖ്യശത്രുവിനെ വലിച്ചിഴച്ച് തര്‍ക്കപ്ളാവിന്‍റെ ചുവട്ടിലെത്തിച്ചു. പൊക്കിയെടുത്ത് ഒന്നാം കവലയ്ക്ക് വിലങ്ങിവച്ചു.

     കപ്യാരുടെ വിലാപം കേട്ട് വാതില്‍ തുറന്ന അച്ചന്‍ മുറിയിലേക്കും മൂക്കിലേക്കും അടിച്ചുകയറുന്നത് ഗന്ധകത്തിന്‍റെ ശാപഗന്ധമാണെന്ന് അറിഞ്ഞ് ഞെട്ടി പിറകോട്ട് മാറി. കൈയില്‍ അമര്‍ത്തിപിടിച്ച കൊന്തയും ലൈറ്റുമായി പെരിങ്ങുളത്തെ ആദ്യത്തെ കൊലപാതകത്തിലേക്ക് വിഭ്രാന്തിയോടെ നോക്കിനിന്നു , പ്രാര്‍ത്ഥനകളൊന്നും വരാതെ തുറന്ന വായുമായ് ഫാ. മുളങ്ങാടന്‍.
    
     ആ പ്ളാവിന്‍ചുവട്ടില്‍ വച്ചുതന്നെ വള്ളിയാംപാടനെ പോലീസും ഡോക്ടരും തഹസീല്‍ദാരും ചേര്‍ന്ന് വെട്ടിപ്പൊളിച്ച് പരിശോധിച്ചു. ഒരു കരിന്തേളിന്‍റെ ആകൃതിയില്‍ ഹൃദയത്തോട് ചേര്‍ന്ന് രക്തം കട്ട പിടിച്ചിട്ടുള്ളതായി മഹസ്സറില്‍ രേഖപ്പെടുത്തി. പനയോലയില്‍ പൊതിഞ്ഞ് അയാളെ ചുമന്നുകൊണ്ടുപോയി കുഴിച്ചിട്ടത് മണ്ണു സംബന്ധിച്ച് യാതോരു തര്‍ക്കങ്ങളുമില്ലാത്ത കുറെ ചുമട്ടുകാരായിരുന്നു.

     വള്ളിയാംപാടത്തിന്‍റെ മൂന്നു മക്കളും പൈലോന്‍റെ രണ്ടു പെണ്മക്കളും ഒന്നിച്ചു കെട്ടിപിടിച്ച് കരഞ്ഞു നോക്കി നില്ക്കെ, മൂന്ന് നിക്കറുപോലീസുകാര്‍ പൈലോനെയും ഭാര്യ അന്നച്ചേടത്തിയെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുപയോഗിച്ച ആയുധം വര്‍ഷങ്ങളായി തേച്ച് മൂര്‍ച്ചകൂട്ടി അടുക്കളയില്‍ സൂക്ഷിച്ചിരുന്നു എന്നതാണ് ശ്രീമതി അന്ന പൈലോയുടെ മേലുള്ള ചാര്‍ജ്. ഒരുപാട് ആഴങ്ങളില്‍ എന്നോ എഴുതിവച്ച വെളിപാടുകള്‍ എല്ലാം ശരിയായി വന്നതിന്‍റെ ക്രൂരവിസ്മയം നിറഞ്ഞ കണ്ണുകളുമായി, രണ്ടു പെണ്മക്കളെ പിന്നിലുപേക്ഷിച്ച് നടന്നുപോകുന്ന അന്നച്ചേടത്തിയെ കണ്ണീരോടെ പെരിങ്ങുളം യാത്രയാക്കി. കുരിശുമലക്കപ്പുറത്തുനിന്നു വന്ന ഒരു തുലാമഴ.... വേണ്ട, ഇന്നങ്ങോട്ടു പോകണ്ട.......  എന്ന് ഇടി മുഴക്കി തിരികെ പറന്നു. വെളിപാട് പുസ്തകത്തിലെ കടലില്‍നിന്ന് ഉയര്‍ന്നുവന്ന ഹീനമൃഗത്തെപ്പോലെ പൈലോന്‍ നടന്നുപോയപ്പോള്‍ അവന്‍ വെട്ടിച്ചുട്ട ഭൂമിയിലേക്കു നോക്കുവാന്‍ പോലും ഭയപ്പെട്ട് മരിച്ച വിശ്വാസികള്‍ ശവക്കോട്ടയില്‍ കണ്ണുപൊത്തിനിന്നു.

     പനിച്ചുകിടന്ന ഫാ. മുളങ്ങാടന്‍ അതിഭയങ്കരമായ പേമാരി പെയ്യുന്നതും ആകാശം ധൂളികളായി പൊടിഞ്ഞുവീഴുന്നതും ദുസ്വപ്നം കണ്ടു. വന്യമായ ഭയത്തിന്‍റെ കരിമ്പടത്തിനുള്ളിലേക്ക് അയാള്‍ മുഖം വലിച്ചു
    


    http://joseperingulam.blogspot.in/2013/html04/2. മന്നവന്‍ ചോല 2-ം ഭാഗം
)http://joseperingulam.blogspot.in/2013/04/blog-post_6549.html കതിനാവെടിവെടി


     

5 comments:

  1. Good story of strongly built men and women who were in war with the woods, rain, animals and in love with the nature.They fought among themselves for funny things and minute minutes.

    ReplyDelete
  2. ഭൂമിയില്‍ നടന്നിട്ടുള്ള എല്ലാ കയ്യേറ്റങ്ങളും മണ്ണിനും പെണ്ണിനും വേണ്ടിയായിരുന്നു. വിഡ്ഡികള്‍..തമ്മില്‍ തല്ലുന്നവര്‍ ചാകാന്‍ അര്‍ഹരായവര്‍ തന്നെ.

    നല്ല ഭാഷ..അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. Thanks for the encouraging words. Welcome to veettilekkulla vazhi and the veedu itself

      Delete
  3. അതിമനോഹരമായ ശൈലിയില്‍ ഭൂമിയെ തൊട്ടറിഞ്ഞ മനുഷ്യരെയും ഭൂമിക്ക് വേണ്ടി സഹോദരങ്ങളെ കൊല ചെയ്ത മനുഷ്യരെയും വരച്ചു കാട്ടി...അഭിനന്ദനങ്ങള്‍ :)

    ReplyDelete
  4. നന്ദി ഡെയ്സി, ഈ അറിഞ്ഞുവായനയ്ക്ക്

    ReplyDelete