Saturday 23 February 2013

അയാള്‍ തന്നെ ഇയാള്‍


     കുട്ടിപ്പേരപ്പന്‍ വന്നു . വലിയതോവാളയില്‍നിന്ന് അമ്മച്ചിക്കുള്ള രണ്ട് കാഴ്ചക്കുലകളും തോളില്‍ ചുമന്ന് എഴുകുംമൈല്‍ വരെ നടന്നുവന്നു . പിന്നെ പള്ളിയില്‍ കയറി കണ്ണടച്ച് കൈ കൂപ്പി പ്രാര്‍ത്ഥിച്ച് തൃപ്തിയായപ്പോള്‍ കണ്ണു തുറന്ന് ,കണ്ണ് തുടച്ച് ,പൌര്‍ണ്ണമി ബസ്സില്‍ കയറി ഏലപ്പാറയിലിറങ്ങി . PTMS - ല്‍ വാഗമണ്ണിലിറങ്ങി , ആ മഹത്തായ മല നടന്നു കീഴടക്കി, മലമേല്‍ മലയിറങ്ങി, ഇടക്കര വഴി കുട്ടിപ്പേരപ്പന്‍ വന്നു. വഴിയിലെല്ലാം വളരെ ഉറക്കെ കുശലങ്ങള്‍ ഘോഷിച്ചും... ഓഹ്ഹ്ഹ്... എന്ന സ്വരം പുറപ്പെടുവിക്കുന്ന ചിരിചിരിച്ച്... ഊം.. എന്ന ബ്രേക്കിലവസാനിപ്പിച്ച് ,എല്ലാ വഴിപോക്കരെയും സ്നേഹിച്ച് രസിപ്പിച്ച് അന്നും കുട്ടിപ്പേരപ്പന്‍ വന്നു. അതോടൊപ്പം എന്‍റെ മനസ്സില്‍ ഒരു തത്വശാസ്ത്രവും വിരിഞ്ഞു. ഭൂമിയിലുള്ള വസ്തുക്കളെ രണ്ടായി തിരിക്കാം. കരിങ്കല്ല് ,കട്ടിയിരുമ്പ് , കുപ്പിച്ചില്ല് , ജ്യോമട്രി , പൂഞ്ഞാറ്റിലെ ഹെഡ്മാസ്റ്റര്‍ എന്നിങ്ങനെയുള്ള കഠോരന്മാര്‍ ഒരു വിഭാഗം. പഞ്ഞി, പക്ഷിക്കുഞ്ഞ്, വെള്ളയപ്പം , ചുണ്ടില്ലാന്‍പഴം, അവധിക്കാലം, കുട്ടിപ്പേരപ്പന്‍ തുടങ്ങിയ രസികന്മാരുടെ രണ്ടാം വിഭാഗവും .

      വരുന്നത് കാണാന്‍ മാത്രമാണ്. അമ്മച്ചിയെ. വിശ്വാസികള്‍ക്കുള്ള ചെറിയ കുര്‍ബാനപ്പുസ്തകം തുറന്ന് വിശ്രമമില്ലാതെ കുര്‍ബാന ചൊല്ലിചൊല്ലിയിരിക്കുന്ന അമ്മച്ചിയെ മുറിക്കകത്ത് ചെന്ന് കാണും. സ്വരം താഴ്ത്തിയാണ് സംസാരമെല്ലാം. എനിക്കറിയാം, എഴുകുംമൈല്‍പള്ളിയില്‍ പറഞ്ഞതിന്‍റെ ബാക്കി സങ്കടങ്ങളാണ്. പിന്നെ എന്നെയാണ് പേരപ്പന്‍ കാണുന്നത്. വന്നയാളുടെ ഫ്രീക്വന്‍സി നന്നായറിയാവുന്ന ഞാന്‍ കൈയില്‍ പിടിച്ച് മുറ്റത്തിന് താഴെ കാപ്പിത്തോട്ടത്തിലെ ഇലകള്‍ക്കിടയില്‍ വളരെ വിദഗ്ധമായി ഒളിച്ചിരിക്കുന്ന ചുണ്ടങ്ങാപക്ഷിക്കൂട്, ചാച്ചന്‍ എലികത്രികയില്‍ ഓലേഞ്ഞാലിയെ പിടിച്ച സ്ഥലം, അതിന്‍റെ ഭാര്യ മുറ്റത്തിനു താഴെയുള്ള കടപ്ളാവില്‍ വന്നിരുന്ന് കരഞ്ഞതിന്‍റെ കഥ, തേങ്ങയിടാന്‍ വന്ന ദേവസ്യാമൂപ്പന്‍ അവസാനത്തെ തെങ്ങില്‍നിന്ന് എനിക്ക് കരിക്കിട്ട് തന്നത്, അതിന് ചാച്ചന്‍ ദേഷ്യപ്പെട്ടത്, മറുപടിയായി ഇടതുതോളിന് മുകളിലൂടെ ഒരു കണ്ണടച്ച് ദേവസ്യാമൂപ്പന്‍ എനിക്ക് തന്ന രഹസ്യചിരി. ഒക്കെ കേട്ടിരിക്കുന്നതിനിടയില്‍ പേരപ്പന്‍ കുനിഞ്ഞ് ഒരു കല്ലിനടിയില്‍ നോക്കുന്നു. എടാ..ഈ കല്ലിനടിയില്‍ അന്ന് ഒരു പാറപ്പല്ലിയുണ്ടായിരുന്നു. അന്ന് എന്ന് പറഞ്ഞാല്‍ ഇരുപത്തഞ്ച് കൊല്ലം മുന്‍പാണ്. അതിന്‍റെ മക്കളുടെ മക്കളുടെ പല തലമുറ കഴിഞ്ഞുള്ള മകള്‍ ആ കല്ലിനടിയില്‍ തന്നെയുണ്ടെന്നും കഴിഞ്ഞാഴ്ച പല്ലിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞ് മുട്ടക്കഷ്ണങ്ങള്‍ കല്ലിന്‍ചുവട്ടില്‍ കണ്ടതും ഞാന്‍ പറഞ്ഞു. തെളിവിനായി വലതുകൈചൂണ്ടുവിരലിന് കരിയില കിള്ളിമാറ്റി ഒരു മുട്ടത്തോടും കാണിച്ചുകൊടുത്തു. പേരപ്പന് ഒരു ഇഷ്ടം വന്നു എന്നോട്. എടുത്ത് തോളില്‍ വച്ചു. നമുക്ക് തോട്ടത്തില്‍ പോകാം എന്ന് എന്‍റെ അതിമോദത്തിന് ഇങ്ങോട്ട് പറഞ്ഞു. തറവാട്ടുപറമ്പില്‍ നിന്ന് രണ്ടു പറമ്പ് അകലെയുള്ള താഴത്തുപറമ്പില്‍ സ്ഥലമാണ് തോട്ടം. പാറയും വരക്കെട്ടും മണ്ണും വലിയ കല്ലുകളും. കല്ലുകളുടെ കണക്കെടുപ്പ് സാദ്ധ്യമല്ല. അത്രക്കുണ്ട് . എല്ലാ കല്ലുകള്‍ക്കടിയിലും പൊത്തുണ്ട്. പാറകളും അതിനടിയില്‍ ഗുഹകളും മഹാരഹസ്യങ്ങളുമുണ്ട്. ഞാന്‍ കണ്ടിട്ടില്ലാത്ത തരം എലികള്‍, കീരി, കൂരന്‍, മലയണ്ണാന്‍ , മരപ്പട്ടി, രണ്ടുമൂന്ന് തുലാം ഭാരമുള്ള പാമ്പുകള്‍ , ഏറ്റവും മുകളിലെ വരക്കെട്ടിനോട് ചേര്‍ന്ന ഉള്‍ക്കാട്ടിനുള്ളില്‍ വേറൊരു സാധനവും ഉണ്ട്. അത് പേരപ്പനോട് പറയണ്ട. രാത്രിയില്‍ വെളുത്ത സാരി ചുറ്റി ചാട്ടക്കല്ലില്‍ കുളിക്കാന്‍ പോകും ആ സാധനം. പകല്‍ നനഞ്ഞ സാരി മരങ്ങളുടെ മുകളില്‍ ഉണങ്ങാനിട്ട് , മറുസാരി ഇല്ലാത്തതിനാല്‍ പകല്‍ മുഴുവന്‍ ആ കാട്ടില്‍ നാണിച്ച് ഒളിച്ചിരിക്കുന്ന ഒരു സാധനം. പിന്നെ മൂന്ന് വരിക്കപ്ളാവുകളുണ്ട്. ഒരെണ്ണത്തിന്‍റെ പഴത്തിന് തീചുവപ്പാണ് നിറം.

              തോട്ടത്തിന്‍റെ ചുവട്ടില്‍ വരെ ചെന്ന കുട്ടിപേരപ്പന്‍ അവിടെത്തന്നെ നിന്ന് ആ പറമ്പ് മുഴുവന്‍ മനസ്സു കൊണ്ട് അളന്നു.
കാലുകള്‍ പിറകോട്ട് നടന്നതിനാല്‍ മുന്‍പോട്ട് പോകാനാവാതെ , തോട്ടത്തില്‍ കയറാനാകാതെ പേരപ്പന്‍ തിരികെ നടന്നു. മനസ്സൊരു വഴി, കാല് വേറൊരു വഴി എന്നത് എന്‍റെ ജീവിതത്തിലും ഇങ്ങനെ തന്നെയാണ് പേരപ്പാ. കുറെയേറെ വിസ്മയങ്ങള്‍ കൂടെ കാണിക്കാനുണ്ടായിരുന്നെങ്കിലും അതിന് അവസരം കിട്ടാത്തതിനാല്‍ ഞാനും കൂടെ തിരികെ പോന്നു. പോരും വഴി എന്നെ വീണ്ടും തോളിലെടുത്തു. മാവ്,കമുക്,റബ്ബര്‍ എന്നീ മരങ്ങളില്‍ ഡിമ്മന്ന് കയറിയിറങ്ങുന്ന എന്നെ എന്തിനാണ് തോളിലെടുത്തത് എന്ന് എനിക്ക് മനസ്സിലായില്ല.കുരിശുമലയുടെ അപ്പുറെയുള്ള രാജ്യങ്ങളില്‍ നോവറുതിക്ക് ഇടങ്ങളുണ്ടെന്ന് സ്വപ്നങ്ങളിലൂടെ അറിഞ്ഞ് ,ഇടമലയില്‍നിന്ന് കുരിശുമലയിലേക്ക് വീശുന്ന കാറ്റിനൊപ്പം പോയ മനസ്സിന് പിറകേ ഒരിക്കല്‍ എന്നെപ്പോലെ നീയും പോകും എന്ന് പുറപ്പാട് ദിനാശംസകള്‍ പറയാനാണ് തോളിലെടുത്തത് എന്ന് വളരെ കാലങ്ങള്‍ക്കു ശേഷമാണ് മനസ്സിലായത് പേരപ്പാ...


            അന്ന് താങ്കള്‍ കണ്ട പാറപ്പല്ലികളെ എന്നേ ഞാനും കണ്ടുകഴിഞ്ഞു. നോവറുതിക്കുള്ള ഇടങ്ങള്‍ തേടിയുള്ള നോവുന്ന യാത്രകളോടൊപ്പം ജന്മത്തിന്‍റെ പാതിമിച്ചവും കഴിഞ്ഞു പോയി . ഇതിനിടയില്‍ ഒരു സൂത്രം ഞാന്‍ കണ്ടുപിടിച്ചു.  അയാള്‍ തന്നെ ഇയാള്‍..എന്ന ഞാന്‍..



                         xxxxxxxxxoooooxxxxxxxxoooooxxxxxxxxxx















Like · · · Promote ·

Sunday 17 February 2013

പൂവാംകുരുന്നില , മുയല്‍ചെവിയന്‍


നാല്പത്തിരുകോല്‍ വിസ്തൃതിയില്‍ പന
യോല മേഞ്ഞ് . തറയെല്ലാം കൊത്തിയ കരിങ്കല്ലിന് . നിരയോ ചിന്തേരിട്ട് മിനുക്കി കൊത്തിപ്പൊഴിച്ച തേക്കിന്‍പലക . മച്ചോ പലകമേലാപ്പ് തന്നെ . കണക്കില്ലാതെ മരങ്ങള്‍ വളര്‍ന്നിരുന്ന ഇടക്കര , മലമേല്‍ പറമ്പുകളില്‍ വെട്ടിവീഴ്ത്തി അറുത്ത് ചുമന്ന് കൊണ്ടുവന്ന് , ഉത്തരം കിട്ടാത്ത വലിപ്പത്തിലുള്ള ഉത്തരങ്ങളിലും ചീലാന്തികളിലും ചേര്‍ത്ത് ......
അപ്രകാരമെല്ലാമുള്ള താഴത്തുപറമ്പില്‍ തറവാടിന്‍റെ - ചിരട്ടക്കരിയും മുട്ടവെള്ളയും ഒരു രഹസ്യ അനുപാതത്തില്‍ സിമിന്‍റിനോട് ചേര്‍ത്ത് മിനുക്കി കറുപ്പിച്ച ,ഐസ് പോലെ തണുത്ത - നെടിയ തിണ്ണയില്‍ തെക്കുഭാഗത്ത് തുണി കെട്ടിയ നീളന്‍ ചാരുകസേരയില്‍ കണ്ണുവൈദ്യര്‍ വര്‍ക്കിപേരപ്പന്‍ മഹാഗൌരവത്തില്‍ അങ്ങനെ കിടപ്പുണ്ടാകും . പിറകില്‍ ഇളംതിണ്ണയില്‍ അതേ ഗാംഭീര്യത്തില്‍ തീക്കണ്ണുകളും ദേഹം നിറയെ ചാരനിറത്തില്‍ വളര്‍ന്നുതൂങ്ങിയ രോമങ്ങളോടും കൂടെ ചെടയന്‍ പട്ടിയും അപ്രകാരം തന്നെ കിടപ്പുണ്ടാകും .ഇവര്‍ രണ്ടുപേരാണ് കണക്കില്‍പെട്ടവര്‍ .

        പുറത്ത് വെളുത്തത് , കറുത്തത് , പുള്ളിയുള്ളത് , ചുമന്ന അങ്കവാലുള്ളത് എന്നിങ്ങനെയുള്ള കോഴിക്കൂട്ടങ്ങള്‍ . പശുക്കള്‍ അവറ്റകളുടെ കിടാങ്ങള്‍ . അകത്ത് പൂച്ചകള്‍ അവയുടെ മക്കള്‍ , ഇവരെല്ലാം ഓടിച്ചിട്ട് പിടിച്ച് തിന്നിട്ടും തീരാത്ത എലികള്‍ , മറിയക്കുട്ടി , അതിന്‍റെ മക്കള്‍ അങ്ങനെ....ഇതിന്‍റെയൊക്കെ കണക്ക് ആര്‍ക്കറിയാം ? ആ.. ഈ കണക്കില്ലാത്ത പടയില്‍ ഒരുവനാണ് ഞാന്‍ . തെക്കുവശത്തെ ചാരുകസേരയില്‍ ഇരുന്ന് നാട്ടുകാരെ മുഴുവന്‍ കണ്ണില്‍ മരുന്നെഴുതി കരയിക്കുന്നത് എന്‍റെ വല്യപ്പന്‍ .പാപ്പന്‍ എന്നു വിളിക്കും വീട്ടുകാര്‍ .

       ആറാറുകൂട്ടം പച്ചിലകള്‍ , അങ്ങാടികള്‍ എന്നിവ ഏഴേഴുതവണ കഴുകി, ഉപ്പും മുളകും കണ്ടിട്ടില്ലാത്ത അരകല്ലില്‍ ഇടിച്ചരച്ച് ആറു കരിക്കിന്‍റെ ഇളനീര്‍ ചേര്‍ത്ത് വിശേഷാല്‍ വിറകടുപ്പില്‍ വറ്റിച്ച് കുഴമ്പാക്കി കുപ്പിയിലാക്കി പ്രാര്‍ത്ഥനാമുറിയിലെ തടിയലമാരയില്‍ നാട്ടിനാട്ടി വച്ചിരിക്കുന്നത് ഇളനീര്‍കുഴമ്പ് . താഴെ തട്ടുകളില്‍ എല്ലാം ആട്ടിന്‍പിട്ട പോലത്തെ ഗുളികകളാണ്. വിവിധ വ്യാധികള്‍ക്ക് തേനിലോ മുലപ്പാലിലോ ചേര്‍ത്ത് കണ്ണില്‍ തേയ്ക്കാനുള്ളതാണ് . ഇളനീര്‍കുഴമ്പ് lതേക്കുകയല്ല എഴുതുകയാണ് ചെയ്യുന്നത് . വൈദ്യര്‍ നേരിട്ടാണ് അത് ചെയ്യുന്നത് . പണ്ഡിതനാകട്ടെ പാമരനാകട്ടെ , പുരാതനാകട്ടെ പുതുക്രിസ്ത്യനാകട്ടെ , വൈദികനാകട്ടെ കന്യാസ്ത്രിയാകട്ടെ , തൊടുകേല്‍ കുഞ്ഞാകട്ടെ  കരയും , കരഞ്ഞുപോകും. വാ... വൂ... ഈ... തുടങ്ങിയ സ്വരങ്ങള്‍ കേള്‍പ്പിച്ച് വ്യാധി അനുസരണയോടെ കണ്ണില്‍നിന്ന് ഇറങ്ങി വൈദ്യരെ വന്ദിച്ച് ഓടിക്കളയും . എല്ലാം കഴിയുമ്പോള്‍ ഒരു കഷണം തുണി നല്കപ്പെടും . അതുകൊണ്ടു കണ്ണീര്‍ ,കുഴമ്പിന്‍ബാക്കി എല്ലാം തൂത്ത്, പൈസ കൊടുത്തോ കൊടുക്കാതെയോ നടയിറങ്ങിപ്പോകാം .വൈദ്യരോ , ചെടയന്‍പട്ടിയോ ഒന്നും മിണ്ടുകയില്ല.

       കയറിവരുന്നവനെ ആദ്യം പരിശോധിക്കുന്നത് ചെടയനാണ് . വെറുതെ കുരച്ച് എനര്‍ജി കളയുന്നപരിപാടിയില്ല . ഇരുവശത്തുമുള്ള ക്രോട്ടണ്‍ചെടികളുടെ നടുവിലൂടെ നട കയറി മൂവാണ്ടന്‍റെ ചുവട്ടില്‍ രോഗി ആദ്യത്തെ കാല് വയ്ക്കുമ്പോള്‍ ഒരു മുറുമ്മല് . ചെടയന്‍ എഴുന്നേറ്റ് വിശ്വരൂപത്തിലങ്ങനെ നില്ക്കും . എന്തിനാണ് കുര ? ചെടയന്‍ പിന്നെ ആഗതന്‍റെ കണ്ണ് പരിശോധിക്കും . ചുവന്ന് പഴുത്ത് വീങ്ങിയ കണ്ണാണെങ്കില്‍ ഒന്നും മിണ്ടാതെ ചെടയന്‍ അവിടെ കിടക്കും. അത് അനുവാദമാണ് . രോഗിക്ക് ചീഫ് ഫസിഷ്യന്‍ വര്‍ക്കിയെ സമീപിക്കാം . കണ്ണ് ശരിയല്ലെങ്കില്‍ പള്ളിവികാരിയും ഓടും . ഒരിക്കല്‍ പട്ടരുമഠം അച്ചന്‍ അങ്ങനെ ഓടിയതാണ്.

      അപ്രകാരമുള്ള ചെടയന്‍ മൂന്നു ദിവസം ഭക്ഷണം കഴിക്കാതെ , വെള്ളം കുടിക്കാതെ , കോഴികളെ ഓടിക്കാതെ ,ഇരുകണ്ണുകളും നിറയെ കരഞ്ഞ് കിടപ്പായി പോയത് വൈദ്യരുടെ ഇളയ മകള്‍ മറിയാമ്മ മഠത്തില്‍ പോയപ്പോഴാണ് . എട്ട് മൈല്‍ ദൂരത്തിലുള്ള പനച്ചിപ്പാറ എസ്.എം.വി സ്കൂളില്‍ നിന്ന് വൈകിട്ട് മറിയാമ്മ നടന്നെത്തുന്ന സമയം മനസ്സിലാക്കി എന്നും മുട്ടന്‍തോട് വരെ ചെന്ന് മറിയാമ്മയെ സ്വീകരിച്ച് കൂട്ടിക്കൊണ്ടുവന്നതാണ് കഴിഞ്ഞ 6 വര്‍ഷം .ഒരു ദിവസം ആങ്ങളമാര്‍ ചുമക്കുന്ന പെട്ടികള്‍ക്കു പിന്‍പേ മൌനമായി ഇറങ്ങിപ്പോയി .

      ആ മറിയാമ്മ ആദ്യത്തെ ഒഴിവിന് വീട്ടില്‍ വന്നപ്പോള്‍ ഡല്‍ഹിയില്‍നിന്ന് ഒരു കുടവയറന്‍ അപ്പൂപ്പനെ വാങ്ങിക്കൊണ്ടുവന്നു.
മുഖത്ത് നീണ്ട താടി , സ്ഥിരം ചിരി . കഴുത്തില്‍ സ്പ്രിംഗ് ഘടിപ്പിച്ചിട്ടുണ്ട് .തലയില്‍ ഒന്നു തൊട്ടാല്‍ താടിയിളക്കി ചിരിച്ച് ഇരുവശത്തേക്കും തിരിഞ്ഞ് കുറേനേരം തലയാട്ടും . ആ രസികനാണ് എനിക്കീ ജീവിതത്തില്‍ കിട്ടിയ ആദ്യത്തെ സമ്മാനം.

      ആടലോടകം, മുയല്‍ചെവിയന്‍ ഇവ സമാസമം വേരോടെ ഇടിച്ചുപിഴിഞ്ഞ് അമുക്കിരം , മരമഞ്ഞള്‍തോല്‍ , കയ്യൂന്നീര് , നെല്ലിക്കാനീര് , നെയ്യ് ഇവ സമം കൂട്ടിച്ചേര്‍ത്ത് ......കുറിപ്പടയാണ്. രോഗിക്ക് കൊടുത്തുവിടേണ്ട കുറിപ്പട . വൈദ്യര്‍ ഡിക്റ്റേറ്റ് ചെയ്ത് ചിന്നമ്മ കുറിച്ചെടുക്കുകയാണ് . വഴിയേ പോകുന്നതും വേലിയിലിരിക്കുന്നതുമായ എല്ലാ വയ്യാവേലികളും വിളക്കുവച്ച് വളിച്ച് കേറ്റി , അടിവാങ്ങുന്ന ഒരു ദൈവകുരുത്തം ചിന്നമ്മ എന്ന എന്‍പെങ്ങള്‍ക്കുണ്ട് . ആ കുരുത്തം നാവിലിരുന്ന് ചൊറിഞ്ഞ് സഹിക്കവയ്യാതായപ്പോള്‍ വളരെ നിഷ്കളങ്കമായി ചിന്നമ്മ ചോദിച്ചു " പാപ്പാ പൂവന്‍കുറുന്തല വേണ്ടേ ?" തീര്‍ന്നു .ഒരു മരുന്ന് കൂട്ടിന്‍റെ രഹസ്യമാണ് പുറത്തായത് . രോഗിയുടെ വിശ്വാസം പോയതുതന്നെ . വൈദ്യര്‍ പാപ്പന്‍ ചെടയനെപ്പോലെ ചാടിക്കുടഞ്ഞെണീറ്റു . ചെടയന്‍റെ രണ്ടു തീകണ്ണുകള്‍ കടം വാങ്ങി അതിലൂടെ രൂക്ഷമായി നോക്കി .ഉചിതസമയത്തു വേണ്ടതു ചെയ്യാനറ്യാവുന്ന ചിന്നമ്മ അകത്തേക്ക് മുങ്ങി നിലവറ ഭാഗത്തുമറഞ്ഞു . ദേഷ്യപ്പെട്ടു തിരിഞ്ഞ വൈദ്യര്‍
തിണ്ണയില്‍ ചുമ്മാ ഇരുന്ന എന്നെ പിടിച്ച് കിഴുക്കി . ബോധക്കുറവിനാല്‍ കൈയിലിരുന്ന താടിയപ്പൂപ്പനെ വീശി കൊടുത്തു വൈദ്യരുടെ തിരുനെറ്റിക്ക് ഒന്ന് . നെല്ലിക്ക വലുപ്പത്തില്‍ മുഴച്ചുവന്നു . കടുക്ക , ജാതിക്ക , ഇലവര്‍ങതോല്‍ ഇവ സമാസമം കാടിവെള്ളത്തില്‍ അരച്ചിട്ടാല്‍ മുഴ ശമിക്കും എന്ന് പറയാനോങ്ങിയ എന്നെ , തന്‍റെ തീറ്റപാത്രത്തില്‍ കേറി കൊത്തിയ കോഴിയെ ചെടയന്‍പട്ടി കടിച്ചുകുടഞ്ഞപോലെ വൈദ്യര്‍ പാപ്പന്‍ അടിച്ച് കിഴുക്കി വീഴിച്ച് ........

     അന്ന് ഞാനും അനേകം പെരിങ്ങുളംകാരെപ്പോലെ , ആ ഇളംതിണ്ണയിലിരുന്ന് മുറ്റത്തെ മണ്ണിലേക്ക് കരഞ്ഞിട്ടു...കണ്ണീര്‍ .
3Like ·  · 

Friday 15 February 2013

അടുക്കളയ്ക്കും ഉരല്‍പ്പുരക്കും ഇടയില്‍

  അടുക്കളക്കും ഉരല്‍പ്പുരക്കുമിടയില്‍ പ്രത്യേകിച്ചൊന്നുമില്ല . ആര്‍ദ്രം എന്നു പറയാവുന്നത് മലമുകളില്‍നിന്ന് ഒരു കുഴലിലൂടെ എപ്പോഴും വന്നു വീണ് വെള്ളം നിറഞ്ഞുകിടക്കുന്ന  സിമന്‍റുടാങ്കാണ് .

 ഉരല്‍പ്പുരയിലും സമീപേയുള്ള നിലവറയിലും നിറയെ മാരകായുധങ്ങള്‍ . ഉലക്ക 2 എണ്ണം, തൂമ്പ രണ്ടിനം കുറെയെണ്ണം , കമ്പി , അലവാങ്ക് , മുളച്ചുതുടങ്ങിയ കാച്ചില്‍ , ചേന , മൂടച്ചക്കക്കുരു, സമയാസമയങ്ങളില്‍ കോഴിപ്പെണ്ണുങ്ങള്‍ ഇട്ടുവച്ചേച്ചു പോകുന്ന മുട്ടകള്‍ , ഒരിക്കല്‍ മാത്രം ഒരു ചേരപ്പാമ്പ് . അത്രയേ ഉള്ളൂ .

                       എങ്കിലും എന്‍റെ ജീവിത്തിന്‍റെ പവര്‍ഹൌസാണ് ആ പ്രദേശം എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം .

          ആഗ്രാ കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷന്‍ ! ഒരു സ്ഥലത്തും മുറുകെപ്പിടിക്കാതെ കൈയിലോ പോക്കറ്റിലോ ഭാരങ്ങളേതുമില്ലാതെ കൈ വീശി മാത്രം നടക്കാറുള്ളതിനാല്‍ എല്ലാ കാറ്റത്തും കരിയില പോലെ ഞാന്‍ പറന്നുപോകാറുണ്ട് .

 അപ്രകാരം 1994-ലെ ഒരു കാറ്റില്‍ പറന്നുവീണത് കേരളാ എക്സ്പ്രസിന്‍റെ S-7 കോച്ചില്‍. കൂടെ ഭാര്യ ,മകള്‍ മൂന്നര വയസ്, മകന്‍ രണ്ടേകാല്‍ വയസ് .പെട്ടികള്‍ , ബാഗുകള്‍ ,  അനേകം അനുബന്ധങ്ങള്‍ . വിശദീകരണം തീരെ ആവശ്യമില്ലാത്ത രണ്ടു ദിവസത്തെ കഠിനയാത്രക്കുശേഷം രണ്ടുപേരുടെയും കൈവശം ഓരോ സന്തതിയും പെട്ടിബാഗ്ചുമടുകളുമായി കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ വാതില്ക്കലെത്തിയ ഞങ്ങളെ എതിരേറ്റത് ഭ്രാന്തു പിടിച്ച ഒരു ജനക്കൂട്ടമാണ്. ഒരു രസ്യന്‍ ചവിട്ടിക്കൊലയില്‍ നിന്ന് രക്ഷപെടാന്‍ മക്കളെ , മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതെ  ഭ്രാന്തന്‍ ജനത്തിന് മുകളിലൂടെ പുറത്ത് അപരിചിതരുടെ കൈകളിലേക്ക് എറിഞ്ഞിട്ടു . എവിടെയോ പോകാന്‍ സ്റ്റേഷനിലെത്തിയ ഒരു പട്ടാളക്കാരന്‍ വിദഗ്ധമായി അവരെ പിടിച്ചെടുത്തു . ഭയങ്കരമായ ഇഷ്ടത്തോടും ചാരിതാര്‍ത്ഥ്യത്തോടും പിന്നെയും എന്തൊക്കെയോടും കൂടെ മക്കളെയും കൊണ്ട് കാത്തുനില്ക്കുന്ന അവന്‍റെ അടുത്ത് ഒരു യുദ്ധം കഴിഞ്ഞ് ഞങ്ങള്‍ എത്തുന്നു . ഈശ്വരന്‍ നിങ്ങളെ രക്ഷിച്ചു എന്നാണ് പട്ടാളം അപ്പോള്‍ പറഞ്ഞത് . AK 47 അല്ല . മസിലല്ല , ക്യാ കര്‍രേ ...ഭായീ... അല്ല .

 ഈശ്വരന്‍ . അടുക്കളക്കും ഉരല്‍പ്പുരക്കും ഇടയില്‍ നിന്ന് അമ്മമാര്‍ അദൃശ്യമായ തോട്ടി കൊണ്ട് സ്വര്‍ഗ്ഗത്തെ പിടിച്ച്  നിത്യമായി കുലുക്കിക്കൊണ്ടിരിക്കുന്നതിനാല്‍ പൊറുതി നഷ്ടപ്പെട്ട ഈശ്വരന്‍ . പല അവസരത്തിലും പല മക്കളെയുമോര്‍ത്ത് മൌനമായി അമ്മ ആ ഇടനാഴിയില്‍ നില്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .

        മസ്തിഷ്കജ്വരങ്ങളുടെ നാട്ടില്‍നിന്ന് പെരിങ്ങുളത്തേക്കുള്ള യാത്രയില്‍ കൂടെ പോന്ന ഒരു രോഗി ഗോഹട്ടിയില്‍വച്ച് എന്‍റെ മടിയില്‍ മരിക്കുന്നു . ആശുപത്രി ,പോലീസ്, ശവസംസ്കാരം , അറിയിപ്പുകള്‍ എല്ലാം കഴിഞ്ഞ് കഴുകന്‍ കണ്ണുകള്‍ക്ക് പേരു കേട്ട ആസാം പോലീസില്‍നിന്നു പോലും അത്ഭുതകരമായ സഹകരണം സ്വീകരിച്ച് പോറലുകളില്ലാതെ വീട്ടില്‍ എത്തുന്നു .മരിച്ചവന്‍റെ ആത്മാവാണ് എല്ലാ സഹായവും ചെയ്തത് എന്നു കരുതിപ്പോന്നു . എന്നാല്‍ അടുക്കളക്കും ഉരല്‍പുരക്കുമിടയിലുള്ള ആ ഇരുണ്ട ഇടനാഴിയാണ് അന്നും എന്‍റെ പവര്‍ഹൌസ് ആയത് എന്ന് വിശ്വസിക്കാനാണ് ഏറെയിഷ്ടം .

        ഇന്ന് നിര്‍മ്മിക്കുന്ന ആധുനികവീടുകളില്‍ ഒരു കൊച്ചുമുറി പ്രാര്‍ത്ഥനാമുറിയാണ് . ഉരല്‍പുരയില്ലാത്തതിനാല്‍ ആ വീടുകളില്‍ അടുക്കളയില്‍ നിന്ന് ഉരല്‍പുരയിലേക്ക് ഒരു ഇടനാഴി ഇല്ലല്ലോ .
Like ·  · 

Wednesday 13 February 2013

ഒരു 916 സുവര്‍ണ്ണ വസ്തു


 ഈശ്വരതുല്യന്‍ മോഹന്‍ലാല്‍ , ബഹുമാന്യയായ രേവതി , പൂജ്യബഹുമാന്യനായ അറ്റ്ലസ് രാമചന്ദ്രജീ ,   സകലസിനിമാക്കാരേ , എനിക്ക് ഉണക്കുകപ്പ വിറ്റ് 2000 രൂപ ഇന്നലെ  കിട്ടി. എന്നെ കൈപിടിച്ച് നടത്തേണമേ. ശീല പോലും വാങ്ങി ശീലമില്ലാത്ത എന്നെ, ഉണ്ണിയെ കൈയിലെടുത്ത യൌസേപ്പിനെപ്പോലെ , തോളില്‍ വഹിച്ച് എനിക്ക് യുക്തമായ പ്രോഡക്ട് ഏതെന്ന് പറഞ്ഞ്  തന്ന് , തിരഞ്ഞടുത്തു സഹായിച്ചും പണിക്കുറവ് , കാരറ്റ് കൂടുതല്‍ ,  BIS , ഹാള്‍മാര്‍ക്ക് , 916 , ISO മഹത്വങ്ങള്‍ ചാര്‍ത്തിയും , ഉയര്‍ത്തി നാട്ടിയും , എന്നെയും കുടുംബത്തെയും സ്വന്തം പോലെ കരുതികാപ്പാക്കണമേ . തികയാത്ത പണത്തിന് പണയം വയ്ക്കാന്‍ ഇടപാടാക്കി തരണേ.. വീട്ടില്‍ ചുമ്മാ വച്ചിട്ടെന്തു കാര്യം  ?

              വൈകിട്ടോ... ?  വൈകിട്ടൊരു പരിപാടിയുമില്ല സാര്‍ . കുളിച്ച് പിഴിഞ്ഞ് ഉണക്കാനിട്ട് , അടുക്കള തൂത്ത് പാത്രം കഴുകിവരും ഭാര്യയെ കാത്ത് , തഴപ്പായ്  വിരിച്ച് അന്തിപ്രാര്‍ത്ഥന ചൊല്ലി......പോയോ സാര്‍...... സാര്‍....        ന്നാ പോ... 

              ആഗ്രഹിച്ചിട്ടും നേടാനാവാത്ത ജീവിതത്തെ കഥാപാത്രങ്ങളിലൂടെ കണ്ട് തൃപ്തിയടഞ്ഞും , മറന്ന ചിരികളെ ചാരിയിരുന്ന് കണ്ട് ചിരിച്ചും നിങ്ങളെയൊക്കെ പരിചയമായിപ്പോയി . ഇഷ്ടപ്പെട്ടുപോയി . പക്ഷേ ആ പേരില്‍ കച്ചോടം വേണ്ടാ . വേണ്ടതു തേടിത്തിന്നോളാം , വാരിച്ചുറ്റിക്കോളാം . കാരുണ്യാലോട്ടറി ഒഴിച്ചുള്ള എല്ലാ 916 പരസ്യങ്ങളും എനിക്ക് ഞാന്‍ നിരോധിച്ചിരിക്കുന്നു.
ശേഖരാ... ആ കൈ ഞാനിങ്ങെടുത്തു.....!!
1Like ·  · Share
  • Anish George likes this.
  • Thomas Thazha wow, Vaikittentha Paripady?
  • Mathew Kurian Prathikarana seshi nashtapedatha manushyar innum jeevikunnu...havooo...
    6 hours ago · Like

Tuesday 12 February 2013

പാഠം ഒന്ന്


 നൂറ് കിളികള്‍ , വില്ലില്‍ ചേര്‍ത്ത അമ്പാകൃതിയില്‍ , പറക്കുകയായിരുന്നു. ആകാശം അവര്‍ക്കു തോറ്റുതോറ്റു കൊടുത്തു. പറക്കവേ , പനിച്ച രണ്ടു പക്ഷികള്‍ മരക്കൊമ്പിലിറങ്ങി. ചെറുചുള്ളികള്‍, പച്ചില, പഞ്ഞി കൊത്തിയെടുത്തു. അവന്‍റെ മാസ്റ്റര്‍പ്ളാനില്‍ നെടുകെയും കുറുകെയും വിരിച്ച് കൂട് ചമച്ച് ,നൂറാം കിളികളെ മറന്ന്, ഏകശരീരത്തിന്‍റെ പനിച്ചൂടില്‍, ... ഇന്നലെ മാത്രം കണ്ട കനവുകള്‍ക്കുമേല്‍ അട ഇരുന്ന്, അവയെ തിരിച്ചിട്ട്,മറിച്ചിട്ട്, പനി പകര്‍ന്ന് പകര്‍ന്ന് ,അനങ്ങുന്ന ആഹ്ളാദങ്ങളാക്കി. ചിറകു മുളപ്പിച്ച് , ആശ ജനിപ്പിച്ച് , ആകാശം കൊതിപ്പിച്ച് , കൂടെ പറത്തി പറത്തി നൂറ് കിളികളാക്കി .

          വില്ലില്‍ ചേര്‍ത്ത അമ്പാകൃതിയില്‍ വീണ്ടും ദിക്കിന്‍റെ വക്കുകളിലേക്കും തിരിച്ചും പറന്ന് പറന്ന് തളര്‍ന്നപ്പോള്‍ , കണ്ണുകളില്‍ ആകാശത്തിന്‍റെ നിറം വന്നു കയറിയപ്പോള്‍ , ഏകനായി ഒരു മരക്കൊമ്പില്‍ താഴ്ന്നിരുന്നു. പിന്‍പിലാക്കിക്കൊണ്ട് അമ്പാകൃതിയില്‍ 98 കിളികള്‍ പറന്നു മുന്‍പോട്ട് .

          ഇപ്പോള്‍ ചിറകില്ല , കൊക്കില്ല , പാട്ടില്ല . ഇറുകിപ്പിടിക്കുന്ന വിരലുകള്‍ മാത്രം . എത്ര ഇറുകിപ്പിടിച്ചിട്ടും മണ്ണ് താഴേക്ക് വിളിച്ചുകൊണ്ടിരുന്നു. 99-ാം കിളിയുമൊത്ത് പറന്നേ നടന്ന നാളുകളില്‍ കൊത്തിത്തിന്നും കൊക്കുരുമ്മിയും രസിച്ച മാവിന്‍തോട്ടത്തില്‍ ഒരിക്കല്‍കൂടെ പോകാനാവില്ല . അവിടെ അവനോട് തനിയെ ഒരിക്കല്‍ പോകണമെന്ന് പറയാന്‍ ആലോചിച്ചുറപ്പിച്ചു. ഒന്നും ചെയ്യാനില്ലാതെ , ഒന്നും ചെയ്യാനാവാതെ , ഒന്നും ചെയ്യാനറിയാതെ അടുത്ത കൊമ്പില്‍ വൃഥാ നോക്കിയിരുന്ന 99-ാമനും ഒരു ചിറകൊച്ചയുടെ ഞെട്ടല്‍ സമ്മാനിച്ച് പോകവേ പാഠം ഒന്ന് .


         ജനിക്കുമ്പോള്‍ രണ്ടാളുണ്ട് . ജീവിക്കുമ്പോള്‍ നൂറാളുണ് . മരണം ആര്‍ക്കും കൂട്ടിരിക്കാനും , കൂട്ടു വരാനും പറ്റാത്ത കര്‍മ്മമേ...


Like ·  · 

T S No. 32 പെരിങ്ങുളം


 ബുദ്ധിക്കും ശക്തിക്കും ജീവന്‍ടോണ്‍ , മീനച്ചില്‍ ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബേങ്ക് ക്ളിപ്തം നം.1217 , ലൈഫ്ബോയ് എവിടെ ഉണ്ടോ അവിടെ ആരോഗ്യവും ഉണ്ട്  എന്നതുപോലുള്ള ബോര്‍ഡെഴുത്തുകളെ എനിക്ക് പണ്ടേ ഇഷ്ടമാണ് . എവിടെപ്പോയാലും ഇത്തരം ഭാഷാസൃഷ്ടിപ്പുകളെ എനിക്ക് ഒട്ടും അവഗണിക്കാന്‍ കഴിയില്ല.

  മുകളില്‍ പറഞ്ഞിരിക്കുന്ന ബോര്‍ഡെഴുത്തുകള്‍ വെറും പാവങ്ങളാണ് , ദിവസവും പള്ളിയില്‍ പോകുന്ന ചില വെന്തിങ്ങാച്ചേട്ടന്മാരെപ്പോലെ . എന്നാല്‍ ഇംഗ്ളീഷ് , മലയാളം എന്നീ ഭാഷാവിഷയങ്ങളും ഗണിതം എന്ന കഠോരവിഷയവും ചേര്‍ന്ന ഒരു ബോര്‍ഡിനെ നോക്കി അത്യാദരവോടെ ഞാന്‍ പലപ്പോഴും നിന്നിട്ടുണ്ട്. അതാണ്  TS No. 32 പെരിങ്ങുളം  എന്ന പെരിങ്ങുളം കള്ളുഷാപ്പിന്‍റെ ബോര്‍ഡ്. മാന്യനാണ് ഈ ബോര്‍ഡ്. വെളുത്ത കുമ്മായം തേച്ചതും ആവശ്യത്തിന് വിടവുകള്‍ അനുവദിച്ചിട്ടുള്ളതുമായ നിരത്തിയടിച്ച പലകഭിത്തിയില്‍ കറുത്ത അക്ഷരത്തില്‍ കള്ള് എന്നും അതിന്‍റെ താഴെ TS No. 32 എന്ന ഐഡി നമ്പരും ബഹുമാനം തോന്നുന്ന രീതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

  T S NO.27 കല്ലേക്കുളം, T S No.29 മാവടി , T S No. 31 ചട്ടമ്പിക്കവല എന്നീ ബഹുമാന്യരെ കണ്ടപ്പോള്‍ സാര്‍വലൌകികമായ ഒരു കാഴ്ചപ്പാടിലേക്ക് ഞാന്‍ വളര്‍ന്നു. ലോകത്ത് എല്ലായിടത്തും , പാലായില്‍പോലും , ഷാപ്പുകള്‍ക്ക് വെളുത്ത കുമ്മായപലകയും  കള്ള് എന്ന കറുത്ത അക്ഷരവും, ഒരു സംഖ്യയും  ആ സംഖ്യക്കു പിറകില്‍ എന്‍റെ പേരിന്‍റെ ഇനിഷ്യലായ T S -ഉം ,പലകവിടവിലൂടെ കാണാവുന്ന വെളുത്തുപതഞ്ഞ കുപ്പികളും, കുപ്പിക്കിരിക്കാന്‍ സര്‍ക്കസ് ബാലന്‍സുള്ള ഡസ്കും, അതിനു പിറകില്‍ തൊടുകേല്‍ കുഞ്ഞും കൂട്ടുകാരും ഉറപ്പാണ്.

  ദൈവം സങ്കീര്‍ത്തകന്‍റെ പുസ്തകം 128-3 ലാണ് ഞങ്ങളുടെ കുടുംബകാര്യം എഴുതിവച്ചിട്ടുള്ളത്. അതിപ്രകാരമാണ്.  ' നിന്‍റെ മക്കള്‍ നിന്‍റെ മേശക്കു ചുറ്റും സൈത്തുമുളകള്‍ പോലെയും...., എന്നാണ്.  താഴത്തുപറമ്പന്‍റെ എല്ലാ വീട്ടിലും മൊളകള്‍ക്ക് ഒരു കുറവുമില്ല. എട്ടു മുളയുള്ള എന്‍റെ വീട്ടിലെ മൂന്നാം മുളയായ എനിക്കാണ് വാഴേപീടിക ഡ്യൂട്ടി . റബ്ബര്‍ഷീറ്റ്, ഒട്ടുപാല്‍ ,പാക്ക് എന്നിവ ചുമന്നങ്ങോട്ടും അരി ,പത്തല്‍മുളക് (ആ പാവം പത്തലല്ല ,വറ്റലാണ് എന്ന് എത്ര കൊല്ലം കഴിഞ്ഞാണ് ഞാനറിഞ്ഞത്) വാരസോപ്പ് , ഉപ്പ് ,ചകിരിക്കയര്‍, കായം,  സൂചി, നൂല് തുടങ്ങിയ വ്യഞ്ജനങ്ങള്‍ ഇങ്ങോട്ടും ചുമക്കുന്ന സൈത്തുമുളയാകുന്നു ഞാന്‍ . ഈ യാത്രകളിലാണ് ഞാന്‍ ഇതുവരെ കേട്ടിട്ടുള്ളതില്‍ ഏറ്റവും ഉച്ചത്തിലുള്ള കുടുംബപ്രാര്‍ത്ഥന കേട്ടത് . അത് ചൊല്ലുന്നതും കുടുംബാംഗങ്ങളെക്കൊണ്ട് ചൊല്ലിക്കുന്നതും ദേഹം മുഴുവന്‍ രോമമുള്ള ഏറത്തേല്‍ പാപ്പച്ചേട്ടനാണ്.

   കൃശനായ ഞാന്‍ അടിയിലും വ്യഞ്ജനങ്ങള്‍ നിറഞ്ഞ ചാക്ക് മുകളിലുമായി വാഴേപീടികയില്‍നിന്ന് ഇറങ്ങി 'ICDP സബ്സെന്‍റര്‍ പെരിങ്ങുളം' എന്ന ബോര്‍ഡ് വായിച്ച് തൃപ്തനായി ഇനി പെരിങ്ങുളത്ത് TS No. 32 എന്ന ബോര്‍ഡും സെന്‍റ് അഗസ്റ്റിന്‍സ് യു.പി സ്കൂള്‍ എന്ന ലാസ്റ്റ് ബോര്‍ഡും മാത്രമേയുള്ളൂ എന്ന് മനസ്സില്‍ എഴുതി വായിച്ചും , മെറ്റല്‍ , പന്നിക്കാഷ്ഠം എന്നിവ ശ്രദ്ധയോടെ വേര്‍തിരിച്ച് കാല്‍ വച്ചും നമ്പര്‍ ഷാപ്പിന് മുമ്പിലെത്തുന്നതിനു മുമ്പേ കേട്ടു -എടാ അലവലാതികളേ. !! - തൊടുകേല്‍ കുഞ്ഞാണ്- വര്‍ക്കിപേരപ്പന്‍റെ ഇളനീര്‍ കൊഴമ്പു കണ്ണില്‍ തേച്ചു ആ മുറ്റത്തു നീന്നു കരയാത്ത ഒറ്റ ഒരുത്തനുണ്ടോടാ പെരിങ്ങുളത്ത് ?  ഒണ്ടെങ്കില്‍ പറയെടാ. ആ കിടിലന്‍ കുടിയന്‍ പിടിച്ചുകുലുക്കുന്നത് എന്‍റെ കുടുംബവൃക്ഷത്തെയാണ് . എന്‍റെ വല്യപ്പനെയാണ് കള്ളില്‍ കുളിപ്പിച്ച് രംഗത്ത് അവതരിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്. ആ രംഗത്തേക്ക് ഏതായാലും വെട്ടപ്പെടാന്‍ കൊള്ളില്ല. കാലേ , തിരിയാം , നമുക്ക് ഇവിടെ തിരിയാം . കുന്നത്തുപോതിയില്‍ കടയുടെ ഇടയിലൂടെ ആറ്റില് ‍ ചാടാം കാലേ .സാന്‍റോ കുട്ടന്‍റെ വീടിന് പിറകിലൂടെ ഒതുങ്ങി ആറ്റിലേക്കിറങ്ങുമ്പോഴാണ് ' തോമാസാറിന്‍റെ അടി കൊള്ളാത്തവരുടെ കണക്കെടുപ്പ് ' കുഞ്ഞ് ആരംഭിക്കുന്നത് കേട്ടത്.ഏതായാലും എന്നെ ശരിക്കും അറിയാവുന്ന ദൈവം ആര്‍ക്കും എന്നെ വെളിപ്പെടുത്തികൊടുത്തില്ല. 

   ആറ് കടന്ന് അക്കരെ കയറിയപ്പോള്‍ എനിക്ക് ശ്വാസവും നേര്‍ബുദ്ധിയും വീണു. അമ്പതുനോമ്പുകാലമാണ് .കുടിയന്മാരായ കുടിയന്മാരില്‍ ക്രിസ്ത്യന്‍ കുടിയന്മാര്‍ മുറിക്കാനോ ലംഘിക്കാനോ വയ്യാത്ത കഠിന നോമ്പില്‍ പ്രവേശിക്കുന്ന കാലം .ഏറത്തേല്‍ പാപ്പച്ചേട്ടന്‍റെ നേതൃത്വത്തില്‍ പതിവു പോലെ അവര്‍ കൂട്ടുചേര്‍ന്ന് ഷാപ്പില്‍ വരും . എന്തതിശയമേ , ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ..കയ്യടിച്ചു പാടും . ഞങ്ങള്‍ തന്‍ മുന്നിലിരിക്കുമീ സൂത്രം നിന്‍റെ സമ്മാനമല്ലയോ... എന്ന് പതഞ്ഞ കുപ്പികളിലേക്ക് പാളിനോക്കാന്‍ പോലും ധൈര്യപ്പെടാതെ സങ്കടപ്പെടും. പിന്നെ അവര്‍ കൂട്ടമായി എഴുന്നേറ്റ് നിന്ന് നന്മ നിറഞ്ഞ മറിയമേ , നിനക്ക് സ്വസ്തി ഒറ്റ സ്വരത്തില്‍ ചൊല്ലും. ഏറ്റവും മുതിര്‍ന്ന ഓടക്കല്‍ കുട്ടിച്ചേട്ടന് ആദ്യവും പിന്നെ പരസ്പരവും സ്തുതി ചൊല്ലി കെട്ടിപ്പുണര്‍ന്ന് പിരിയും.

   അപ്പോള്‍ കള്ളെന്തു ചെയ്യും ? കള്ള് ഉള്ളാടച്ചേട്ടന്മാര്‍ , ചോകോച്ചേട്ടന്മാര്‍ , തൊടുകേല്‍ കുഞ്ഞ് എന്നിവര്‍ മാത്രം കുടിക്കും . മിച്ചമുള്ളത് പാനി , വിനാഗിരി എന്നിവയാക്കി രൂപാന്തരപ്പെടുത്തി വില്ക്കും. സന്ഥ്യക്കു മുന്പേ വീട്ടിലെത്തും . മക്കളെ നിരത്തി മുട്ടില്‍ നിര്‍ത്തി പിന്‍പില്‍ അന്നച്ചേടത്തിയെ നിര്‍ത്തി , ഏറ്റവും മുന്‍പില്‍ പാപ്പച്ചേട്ടന്‍ കൈ വിരിച്ച് പിടിച്ച്  ..ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവായേ ...നിന്‍റെ നാമം... നിന്‍റെ രാജ്യം വരണം.. എല്ലാ പെരിങ്ങുളംകാര്‍ക്കും വേണ്ടി അത്ര ഉറക്കെ ഉറക്കെ...  ആ സ്വരത്തിലെ നിലവിളി.. ആ നിലവിളിയിലെ പ്രാര്‍ത്ഥന... ആ പ്രാര്‍ത്ഥനയിലെ ഏകാഗ്രത.. ആ ഏകാഗ്രതയുടെ കൂര്‍ത്ത അഗ്രം കൊള്ളേണ്ടിടത്ത് കൊള്ളും . മേഘവിരി വകഞ്ഞുമാറ്റി , അസൂയപ്പെട്ട്, ക്രോവേന്മാര്‍, സ്രാപ്പേന്മാര്‍ എന്നീ സ്ഥിരം സ്വര്‍ഗ്ഗീയസ്തുതിപ്പുകാര്‍ ഭൂമിയില്‍ പെരിങ്ങുളത്തേക്ക് നോക്കും. ഏറത്തേല്‍ പാപ്പച്ചേട്ടന്‍റെ സങ്കടവിളികള്‍ സ്തുതിപ്പുകള്‍ എല്ലാം നീണ്ട താടിയില്‍ വിരലോടിച്ച് തല കുലുക്കി ദൈവം സ്വീകരിക്കും, കുറിച്ചു വയ്ക്കും.

    ഈ കൂട്ടായ്മയില്‍ ചേരാത്ത ഏകകുരിശാണ് തൊടുകേല്‍ കുഞ്ഞ്. രാവിലെ റബ്ബര്‍ വെട്ടും. പിന്നെ മൌനമായി ദീപികപത്രം വായിക്കും. ഉച്ച കഴിയുമ്പോള്‍ അന്നത്തെ ഒട്ടുപാലും പിന്നെ കിട്ടുന്നതെന്തും എടുത്ത് മാവടിയില്‍ നിന്ന് നേരെ ഷാപ്പിന്‍റെ പര്യമ്പുറത്തേക്കുള്ള ഇടവഴി പിടിക്കും. ഒരു കുപ്പി കള്ള് മാത്രം വാങ്ങി ഒരു ഗ്ളാസ് മാത്രം ഒഴിച്ച് ദീര്‍ഘനേരം അതി്‍ല്‍ സൂക്ഷിച്ചുനോക്കിയിരിക്കും. അതി്ന്‍റെ രഹസ്യം ആര്‍ക്കും പിടികിട്ടിയിട്ടില്ല. പനയുടെ കഷ്ടപ്പാട് ഓര്‍ത്ത് അല്പസമയത്തെ ഉപകാരസ്മരണ ചെയ്യുന്നതാണ് എന്നാണ് ഇമ്മിണി സയന്‍സ് പഠിച്ച എന്‍റെ പക്ഷം. വേരുകളിലൂടെ ശേഖരിച്ച് പനന്തടിക്കുള്ളിലൂടെ കയറ്റി ഈ സാധനം മുകളിലെത്തിക്കുന്ന കഷ്ടപ്പാടിനെ ഓര്‍ത്ത് ധ്യാനിച്ച്...കാട്ടിലെവിടെയോ മുള പൊട്ടി മുളച്ച ഏണിക്കുഞ്ഞ് വളര്‍ന്ന് മുട്ടന്‍ ഏണിയായി , അതിലൂടെ ചെത്ത് ഗോപി കയറിച്ചെന്ന് , ചെത്തി,  വീഴാതെ ഇറക്കി.....ഈശ്വരാ എല്ലാ കുടിയന്മാരും ഇങ്ങനെ അല്പസമയം മൌനമായി ഇരിക്കേണ്ടതു തന്നെയാണ്. അപാരം.   പിന്നെ അദ്ദേഹം ദയയില്ലാതെ കുടിക്കും. രാവിലെ പത്രത്തില്‍ വായിച്ച കൊല, പിടിച്ചുപറി, അന്യായം തുടങ്ങിയ സാമൂഹ്യദ്രോഹങ്ങള്‍ ചെയ്തവരെ ന്യായമായി അരംഭിച്ച് അന്യായവും പിന്നീട് അതിദീനവുമായ സ്വരത്തില്‍ തെറി വിളിക്കും. കള്ളിന്‍റെയെന്നപോലെ കുഞ്ഞിന്‍റെയും മൂപ്പ് പരുവമറിയാവുന്ന മാനേജര്‍ മൂപ്പധികമാവുന്നതിനു മുമ്പ് TS No. 32 എന്ന ബോര്‍ഡിനു പുറത്തെ റോഡിലേക്ക് തത്തിച്ചിറക്കും. ഫിന്നെ പത്രവാര്‍ത്തകളല്ല, പെരിങ്ങുളം ലോകത്തിലെ അനീതികളാണ് തൊടുകേല്‍ കോടതി വിസ്തരിക്കുക. അതാണ് ഞാന്‍ കേട്ടത്. അപ്പന്‍ വര്‍ക്കിയെയും മകന്‍ തോമാസാറിനെയും ഇന്ന് കുളിപ്പിച്ചെടുക്കും. ആ ഭാഷ, ആ ശരീരചലനങ്ങള്‍ കണ്ടുനില്ക്കാനും കേട്ടുനില്ക്കാനും സാന്‍റോകുട്ടപ്പനു മാത്രമേ സാധിക്കൂ. സഹിയാതെ വരുമ്പോള്‍ കുട്ടപ്പന്‍ ഒരു കമ്യൂണിസ്റ്റ് കമ്പ് ഒടിച്ചെടുത്ത് ഇല കളഞ്ഞ് കുഞ്ഞിനെ സമീപിക്കും. ഒറ്റ അടി. കെട്ട കുട്ടപ്പന്‍റെ കൈയില്‍ നിന്ന് രണ്ടാമതൊന്ന് വാങ്ങാന്‍ തറവാടിയായ കുഞ്ഞിനെ അഭിമാനം സമ്മതിക്കില്ല.
ഝടുതിയില്‍ മാവടിക്ക് വിട കൊള്ളും. എല്ലാ ദിവസവും കുഞ്ഞ് കൃത്യമായി തൊടുകയില്‍ വീട്ടില്‍ എത്താറുണ്ടെങ്കിലും ഉടുമുണ്ടിന് ചില ദിവസങ്ങളില്‍ ആ കൃത്യത ഇല്ല.

   അമ്പതുനോമ്പു കഴിഞ്ഢാല്‍ ആദ്യം വരുന്ന പെരുനാള്‍ വി. യൌസേപ്പിന്‍റേതാണ്. പിറന്ന നാട്ടിലും തൊഴിലെടുത്ത നാട്ടിലും നില്ക്കാനാവാതെ അലഞ്ഞുപായേണ്ടിവന്ന ആ നിസ്സഹായപുണ്യവാളനെ മേല്‍ഗുണങ്ങളെല്ലാമുള്ള പെരിങ്ങുളംകാര്‍ക്ക് ഏറെ ഇഷ്ടമാണ്. കതിന, ഊത്ത്, ചെണ്ട, പടക്കം സഹിതമുള്ള രൂപെഴുന്നള്ളീരും പാട്ടുകുര്‍ബാനയും അന്ന് നടപ്പാകും. ഞാന്‍ വിശുദ്ധനെന്ന് കരുതിപ്പോരുന്ന ഏറത്തേല്‍ പാപ്പച്ചേട്ടന്‍റെ തലയില്‍ ആ നാളുകളില്‍ ഒരു  മാലാഖ കയറി. പാപ്പേ നിന്നില്‍ ബാവാ സംപ്രീതനാണ്. ഇത്തവണ യൌസേപ്പിന്‍റെ രൂപം പെരുന്നാളിന് നീയാണ് ചുമക്കേണ്ത്. രൂപത്തിന്‍റെ വലതുഭാഗത്ത് മുന്‍പിലായി നീ പിടിക്കണം. പറഞ്ഞ ഉടനെ അപ്രത്യക്ഷനാവുന്ന തരം മാലാഖയല്ല ഇത് . തന്നേം പിന്നേം ഇത് തന്നെ പറഞ്ഞ് നിന്നു. ദൈവത്തെയും പ്രാര്‍ത്ഥനകളെയും ഇഷ്ടമാണെമ്കിലും ഒരു കുടിയനായ താന്‍ ഈ കര്‍മ്മത്തിന് പറ്റില്ല എന്ന് പാപ്പേട്ടനും തീരുമാനിച്ചു.പൂസ് വീട്ടുപോകുന്നതുപോലെ മാലാഖ വീട്ടുപോകാത്തതിനാല്‍ മുന്‍തീരുമാനം മാറ്റി. പിന്നെ കള്ള് തൊട്ടിട്ടില്ല പാപ്പേട്ടന്‍. നോമ്പിന്‍റെ 51-ാം ദിവസം പെരിങ്ങുളം മുതല്‍ അടിവാരം വരെ നടന്ന ഉരുളല്‍, നിരങ്ങല്‍, പ്രസംഗം, അധിക പ്രസംഗം, അടി,ഒടി, കുടി ,തെറി, പോലീസ് എന്നീസ്ഥിരം കൃത്യങ്ങളിലൊന്നും പാപ്പേട്ടന്‍ പങ്കെടുത്തില്ല. ഒരു നല്ല മുണ്ടും ഷര്‍ട്ടും ചുവന്ന കരയുള്ള തോര്‍ത്തും വാങ്ങി. ചെരുപ്പ് ഇടുന്ന സ്വഭാവമില്ലെങ്കിലും ഒരു റബ്ബര്‍ ചെരുപ്പ് വാങ്ങി. മുടിവെട്ടി എല്ലാ ദിവസവും ക്ഷൌരം ചെയ്തു. രാവിലെ പള്ളിയില്‍ പോയി. തോമാസാറിനെ കണ്ട് മുണ്ടഴിച്ച് ബഹുമാനിച്ചു. എന്‍റെ പാപ്പേട്ടന്‍ ഒരു വിശുദ്ധന്‍ മാത്രമല്ല, മാന്യനുമായി.

 കാപ്പിത്തോട്ടം കുട്ടപ്പന്‍ കതിനാകുറ്റികള്‍ നിറച്ചു, വരകുകാലാ കുഞ്ഞേട്ടന്‍ ഹാര്‍മോണിയത്തില്‍ ..സകലേശാ ..പാടി,
കൊടിയേറി. മുളങ്ങാടനച്ചന്‍ വിശുദ്ധ വസ്ത്രങ്ങളണിഞ്ഞു. അള്‍ത്താരയും പെരിങ്ങുളവും മുഖരിതമായി.

  ഏറത്തേല്‍ പാപ്പച്ചേട്ടന്‍റെ അന്നച്ചേടത്തിക്ക് അന്ന് വഴക്കോട് വഴക്കാണ്. മുണ്ട് തേച്ചത് ശരിയായിട്ടില്ല, ഷര്‍ട്ട് ചുളുങ്ങിയിട്ടുണ്ട്, തോര്‍ത്തിന് നീലം കൂടുതലാണ്...തുടങ്ങി അന്ന് പള്ളിയി്ല്‍ നടക്കുന്നത് പെരുന്നാളാണെന്നും അന്നയുടെ അപ്പന്‍റെ അടിയന്തിരം അല്ലെന്നും പല തവണ അന്നക്ക് ബോദ്ധ്യപ്പെട്ടു.

  11 മണിക്ക് അരംഭിക്കുന്ന ഘോഷയാത്രക്ക് വേണ്ടി 9 മണിക്കുതന്നെ പാപ്പേട്ടന്‍ പുറപ്പെട്ടു. നമ്പര്‍ ഷാപ്പിനു മുന്‍പിലുടെ പതറാതെ നടന്നു.പെട്ടെന്നാണ് കണ്ടത്, നടുറോഡില്‍ കിടക്കുന്നു,തൊടുകേല്‍ കുഞ്ഞ്. ഉടുമുണ്ട് എന്തുകൊണ്ടഓ അദ്ദേഹത്തിനൊപ്പം ഇല്ല. ദൈവമേ, ഇന്നത്തേപ്പോലൊരു ദിവസം ഇക്കോലം നടുറോഡില്‍ കിടക്കുന്നത് ശരിയല്ല എന്ന് കണ്ട് ഒരു കമ്യൂണിസ്റ്റ് വടി ഒടിച്ച് പാപ്പേട്ടന്‍ അവനെ നേരിട്ടു. സ്വര്‍ണ്ണമാനിന്‍റെ പിറകേ പോയ ലക്ഷ്മണനെപ്പോലെ കുഞ്ഞിനൊപ്പം   ഷാപ്പിനുള്ളിലേക്ക് സ്വയം
ആവാഹിക്കപ്പെട്ടു, പാപ്പച്ചേട്ടന്‍.

  ഒന്നാം കതിന മുഴങ്ങി. കതിനാപറമ്പിലെ തെങ്ങോലകള്‍ കുതിച്ച് ചാടി. ഊത്തുകാര്‍ നിരന്നു. പുക്കിളിനു ചുറ്റിവളഞ്ഞ് സ്വര്‍ണ്ണമാലയുമായി ചെണ്ടക്കാര്‍ പള്ളിക്കു മുന്‍പില്‍ 64-ാം നടക്കു മുകളില്‍ അഭിമുഖമായി നിന്നു വേല തുടങ്ങി. രൂപത്തിന് പിന്നില്‍ രൂപങ്ങള്‍ ഇറങ്ങി . പാപ്പച്ചേട്ടനെവിടെ ? പുത്തന്‍ മുണ്ട്, തേച്ച ഷര്‍ട്ട്, ചെങ്കരതോര്‍ത്ത് ധരിച്ച പാപ്പച്ചേട്ടനെവിടെ?  ഞാന്‍ വട്ടം കറങ്ങിനോക്കി ,കണ്ടില്ല. രണ്ടാമത്തെ കതിനാവെടി, ഒപ്പം കൂട്ടമണി, മാവടിമലയിലെയും എതിര്‍മലയിയെയും മരങ്ങളായ മരങ്ങളും ഇലകളും ചലനമറ്റുനിന്നു. അവന്‍റെ എഴുന്നള്ളത്താണ് .

  എഴുന്നള്ളുന്ന രൂപത്തിനൊപ്പം പ്രാര്‍ത്ഥനകള്‍ പിറന്നു പറക്കുകയാണ്. വടയ്ക്കാത്തുപറമ്പിലെ മാലപ്പടക്കം കഴിഞ്ഞ് രൂപം  
TS No. 32 നു മുമ്പിലൂടെ....പെട്ടെന്ന് അടച്ചിട്ട ഷാപ്പിന്‍റെ വാതില്‍ തൊഴിച്ചുതുറന്ന് ഒരു പിച്ചാത്തിയും പാപ്പന്‍ചേട്ടനും റോഡിലേക്ക്. ആയിരത്തോളം വരുന്ന ജനക്കൂട്ടത്തേയും വിശുദ്ധ വസ്തുക്കളെയും വെല്ലുവിളിച്ച് നേര്‍ക്കുനേര്‍ നിന്നു.രൂപങ്ങള്‍ നിന്നു. വിശുദ്ധ വസ്ത്രങ്ങള്‍ക്കുള്ളില്‍ മുളങ്ങാടനച്ചന്‍ നിന്നു. റോഡിനു താഴെ ഒഴുകാന്‍ മറന്ന് മീനച്ചിലാറും നിന്നു.

  വേണ്ട , പാപ്പച്ചേട്ടാ വേണ്ട . ഒച്ചയില്ലാതെ ഞാന്‍ കരഞ്ഞു പറഞ്ഞു. മാവടിമലയിലെയും എതിര്‍മലയിലെയും മരങ്ങളായ മരങ്ങള്‍ സഹിക്കുമോ ? ഇലകള്‍ സഹിക്കുമോ ? പുഴ സഹിക്കുമോ ? വേണ്ട പാപ്പച്ചേട്ടാ വേണ്ട. എന്നാല്‍ കൈയില്‍ പിച്ചാത്തി പിടിച്ച് നിന്ന് പാപ്പച്ചേട്ടന്‍ കരയുകയാണ്. രണ്ടു കണ്ണില്‍നിന്നും  വലരിത്തോട് പോലെ കണ്ണീര്‍ . ഞാന്‍ സമ്മതിക്കില്ല. ഈ രൂപെഴുന്നള്ളീര് എനിക്ക് സമ്മതിക്കാനൊക്കത്തില്ല. തൊടുകേല്‍ കുഞ്ഞ് എന്നെ പറ്റിച്ചതാണ്. രൂപം ഞാനെടുക്കാം, ഞാന്‍ തന്നെയെടുക്കാം.

  രൂപങ്ങള്‍ അനങ്ങി. വിശുദ്ധ വസ്ത്രത്തിനുള്ളില്‍ മുളങ്ങാടനച്ചന്‍ അനങ്ങി. പുഴയും, മരങ്ങളായ മരങ്ങളും അനങ്ങിയില്ല. ആരോ പിടിച്ച് ഇടത്തേക്ക് തള്ളി. പാപ്പച്ചേട്ടന്‍ തോട്ടിലേക്ക് മറിഞ്ഞുവീഴുന്നതു ഞാന്‍ കാണുന്നു. മകന്‍ സണ്ണി അപ്പന്‍റെ പറിഞ്ഞുപോയ മുണ്ടുമായി തോട്ടിലേക്ക് ചാടുന്നു. കൂടെ എന്‍റെ മനസ്സും ചാടുന്നു.ന്തൊക്കെയാണെങ്കിലും എന്‍റെ പാപ്പച്ചേട്ടന്‍ വിശുദ്ധനാണ് . ഏകാഗ്രതയുടെ കൂര്‍ത്ത അഗ്രം കൊണ്ട് സ്വര്‍ഗ്ഗം കുത്തിത്തുറക്കുന്നവനാണ്. 

  പെരിങ്ങുളത്ത് പിറ്റേന്ന് പിറന്ന പുലരിയിലേക്ക് പള്ളിവികാരി റവ.ഫാ.ജോസഫ് മുളങ്ങാടന്‍ ഉണര്‍ന്നു. പള്ളിയിലേക്ക് പോകാനായി കനത്ത താക്കോല്‍കൂട്ടം എടുത്ത് മുറിക്ക് പുറത്തിറങ്ങി. ഒരു കാഴ്ചയാണ് കണ്ടത്. പള്ളിമുറിവരാന്ത നിറയെ രൂപങ്ങള്‍. പുലരിവെളിച്ചത്തില്‍ അച്ചന്‍റെ പ്രായം ചെന്ന കണ്ണുകളിലേക്ക് അവര്‍ തെളിഞ്ഞുവന്നു . T S No. 32-ല്‍ നോമ്പാചരിക്കുന്ന എല്ലാ ഭക്തരും നിരന്ന് മുട്ടിന്മേല്‍ നില്ക്കുന്നു. സാഷ്ടാംഗമായി കമിഴ്ന്നു കിടക്കുന്നത് പാപ്പച്ചേട്ടന്‍ . എഴുന്നേറ്റ് വരുന്നത് തൊടുകേ ല്‍ കുഞ്ഞ് . ഞാനാണ് തെറ്റ് ചെയ്തതെന്നും രസത്തിന് പാപ്പേട്ടന്‍റെ പുറത്ത് കള്ള് ഒഴിക്കുകയായിരുന്നുവെന്നും പാപ്പച്ചേട്ടന്‍ കുടിച്ചിരുന്നില്ലെന്നും രൂപം പിടിക്കാന്‍ കഴിയില്ല എന്നു വന്നപ്പോള്‍ അക്രമാസക്തനായ പാപ്പേട്ടനെ ഷാപ്പില്‍ അടച്ചിട്ട് രക്ഷിക്കാന്‍ നോക്കിയെന്നും ആഘോഷങ്ങള്‍ അടുത്തുവന്നപ്പോള്‍ ആ വിശുദ്ധന്‍ മതിമറന്ന്  ചവിട്ടിത്തുറന്ന് പുറത്ത് ചാടിയെന്നും ....കുഞ്ഞുമൊഴി.

  കഥ കേട്ട് ഫാ.മുളങ്ങാടന്‍ അനങ്ങാതെ നിന്നു. മരങ്ങളായ മരങ്ങളും ഇലകളും അനങ്ങാതെ നിന്നു. സ്വര്‍ഗ്ഗത്തിന്‍റെ വെളുത്ത വിരി വകഞ്ഞു മാറ്റി അസൂയയോടെ ക്രോവേന്മാരും സ്രാപ്പേന്മാരും എന്‍റെ വിശുദ്ധനായ പാപ്പച്ചേട്ടനെയും നോമ്പിന്‍മക്കളെയും
നോക്കിനോക്കി, നോക്കിനിന്നേ പോയി.
10Like ·  · 
  • Thomas Thazha The Best from the Great writer, Jose Peringulam. It is simply superb. Feel like going back to several years. I really salute your great writing skills, memories, minute observations and great values. Yes TS is great and his numbers are marvelous!!!
  • Mathew Kurian Jose... inthinte mukalil eniku onnum parayanilla...simply superb...I simply enjoy each words of it...my wishes for you to keep moving your mind and pen...Thanks and congrats ..