എന്‍റെ രാജ്യം ക്ഷേമരാഷ്ട്രമായതിനാലാണ് ഈ കഥ ഉണ്ടായതുതന്നെ. വയസ്സായിപ്പോയതിന്‍റെ പെന്‍ഷന്‍ , ഭര്‍ത്താവ് മരിച്ചുപേക്ഷിച്ചുപോയതിന്‍റെ പെന്‍ഷന്‍, മനസ്സിനും ശരീരത്തിനും വൈകല്യം ബാധിച്ചതിന്‍റെ പെന്‍ഷന്‍ എന്നിവ എത്രയോ കാലമായി പോസ്റ്റ്മാന്‍ കുഞ്ഞാപ്പു വീട്ടില്‍ കൊണ്ടുചെന്നു കൊടുക്കുകയായിരുന്നു. ഓണത്തിന്, ക്രിസ്മസിന്, ആണ്ടറുതിക്ക് കുഞ്ഞാപ്പു മുറ്റത്തുവന്നു ബഹളം വയ്ക്കും ,
ഛ പട്ടീ.... ഫോ പട്ടീ....
പട്ടി പോയ്ക്കഴിഞ്ഞാല്‍ കുഞ്ഞാപ്പു വിളിക്കും , അമ്മച്ചിയേ....യ് !
ഊര്‍ന്നുപോകാതെ ഒരുകൈ കൊണ്ട് കണ്ണടയിലും , മുട്ട് തെറ്റിപ്പോകാതെ മറ്റേ കൈകൊണ്ട് വലതുകാല്‍മുട്ടിലും മുറുകെ പിടിച്ച് അമ്മച്ചി വാതില്‍ക്കലെത്തും.
മരിച്ചങ്ങുചെല്ലുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ കാണുന്ന അതേ സന്തോഷത്തില്‍ അമ്മച്ചി പറയും,
നീ വന്നോ കുഞ്ഞാപ്പൂ....
5 നൂറും 2 അന്‍പതും നോട്ടുകള്‍ എണ്ണിക്കൊടുത്തിട്ട് കുഞ്ഞാപ്പു നിഷ്കളങ്കനായി മണിയോര്‍ഡര്‍ ഫാറം നീട്ടും. ച വരച്ചാട്ടെ അമ്മച്ചിയേയ്...
ഓ.... അത് നീയങ്ങു വരച്ചോ.. പിന്നേയ്... നാലുവശത്തും കള്ളനോട്ടം നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി ആദ്യത്തെ പാപം ചെയ്യുമ്പോലെ രഹസ്യമായി ഒരു അന്‍പതു രൂപാ അമ്മച്ചി കുഞ്ഞാപ്പുവിന് നല്‍കും.
....ഇത് നിനക്കിരിക്കട്ടെ.
എത്രയോ വര്‍ഷമായി കളിക്കുന്ന ഈ കളി, ആറ് നൂറ് രൂപാ കൊടുക്കാതെ ഒരു നൂറിനെ രണ്ട് അന്‍പതാക്കി കൊടുത്ത് ഒരമ്പത് തിരികെ സന്തോഷമായി വാങ്ങുന്ന കളി എന്‍റെ ക്ഷേമരാജ്യത്തില്‍ അവസാനിക്കുകയാണ്.
പോഷ്ടാഫീസ് ഒരു മോശം ആഫീസാകയാല്‍, ആ വഴി ഇനി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തുകൂടായെന്ന് ഉന്നതങ്ങളില്‍ വെട്ടം കത്തി. പൊതുമേഖലാബാങ്കുകളുടെ വഴിയോരത്തെ പെട്ടിക്കട ബ്രാഞ്ചുകളില്‍ ഒരു സൂത്രം കുത്തിക്കയറ്റി കാശെടുക്കുന്ന ആധുനികരീതികളിലേക്ക് വയസ്സരെയും ഭര്‍ത്താവ് മരിച്ചുപേക്ഷിച്ചവരെയും കട്ടിലിലെ കിടപ്പുരോഗികളെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചു പുറപ്പെട്ടതായിരുന്നു ഇന്നലെ ഞാനും.
ആദ്യത്തെ വീട്ടില്‍ ചെന്നുകയറിയപ്പോഴേ ഒരു മുത്തച്ഛന്‍ പറഞ്ഞു , പോടാ എരപ്പാളീ... പെന്‍ഷന്‍റെ കാര്യം പറഞ്ഞ് കുഞ്ഞാപ്പുവല്ലാതെ ആരും ഈ പടി കടന്നേക്കരുത് ..... പിന്നെ മുട്ടന്‍ വടി ഓങ്ങി.. അടി കൊള്ളുന്നത് ഞാനാണെങ്കിലും അതിന്‍റെ മോശം ഭരണകൂടത്തിനായതിനാല്‍ ഞാന്‍ ഒഴിഞ്ഞുമാറി. സന്ധ്യ വരെ അലഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ രണ്ടുപേര്‍ കാലഘട്ടത്തിനൊത്ത് ഉയരാനും 12 പേര്‍ മുട്ടന്‍ വടി എടുക്കാനും തയ്യാറായി.
തളര്‍ന്ന് , കൃത്യം ആറര സന്ധ്യക്ക് മത്തായിസിറ്റിയിലെ ഒരു ചായക്കടയില്‍ കയറിയിരുന്ന് .... ചേട്ടാ ചായ... പറഞ്ഞ് മേശപ്പുറത്തേക്ക് കമിഴ്ന്ന് വീണു. ചായയും അഞ്ചുരൂപാ മാത്രം വിലയുള്ള മുഴുത്ത കമ്പിളിനാരങ്ങ വലിപ്പമുള്ള ഒരു ബോണ്ടയും തിന്ന് സന്തുഷ്ടനായി. യഥാര്‍ത്ഥക്ഷേമം രുചിച്ച് പത്തു രൂപാ കൊടുത്തിറങ്ങുമ്പോള്‍ മനസ്സില്‍ പറഞ്ഞു. ഈ രുചികള്‍ക്ക് 15 രൂപയെങ്കിലും വാങ്ങാമായിരുന്നു.
