Monday 2 December 2013

നനവ്

നീണ്ടുനിവര്‍ന്നു കിടന്ന ഒരു മല നീണ്ടുനിവര്‍ന്നു കിടന്ന മറ്റൊരു മലയോട് ചേരുന്ന അതീവഗോപ്യമാം ഇടം. അവിടെ കുറെ കാട്ടുപനകള്‍ വളര്‍ന്നുനിന്നിരുന്നു. കാടിന്‍റെ അഹങ്കാരത്തോളം വലിയ ഒരു കരിമ്പാറയുടെ കടക്കല്‍ ഭൂമി പിച്ച നടന്ന അന്നേ ഒരു നനവുണ്ടായിരുന്നു.

അവിടെ നിന്നാണ് അരുംപൈതലിന്‍റെ പിഞ്ചുഭാവമുള്ള ഒന്നാംതുള്ളി ഉരുണ്ടുകൂടിയത്. വീണുകിടന്ന കാട്ടിലകളുടെ അടിയില്‍നിന്ന് കുഞ്ഞുമുഖം നീട്ടി അവന്‍ ഭൂമിയെ നോക്കി. നോക്കിനോക്കിനില്ക്കെ അവന്‍ താഴേക്ക് വീണുപോയി. ആ വീഴ്ച കണ്ട് പിറകേ വന്ന രണ്ടാംതുള്ളിക്ക് തലചുറ്റാന്‍ പോലും നേരം കിട്ടാതെ വീഴാനേ സാധിച്ചുള്ളു. പിന്നെ വന്നത് അനുസ്യൂതമായ വീഴ്ചകളും ഗ്ല ഗ്ല എന്ന ഒഴുക്കുമാണ്.




അതിലും നിര്‍മലമായ ഒരു വസ്തു ഭൂമിയില്‍ അപ്പോള്‍ വേറെ ഉണ്ടായിരുന്നില്ല. പക്ഷങ്ങളിലെ അഴുക്ക് ഒഴുക്കിക്കളയാന്‍ പക്ഷികളും മേനി തണുപ്പിക്കാന്‍ മൃഗങ്ങളും അവിടേക്ക് വന്നു. എല്ലാ തിന്മകളും വാങ്ങി വരവ് വച്ച് പുഴ ഒഴുകി മുന്നേറി.

എല്ലാ വിദ്യാലയങ്ങള്‍ക്കും സമീപേ പുഴ ശാന്തമായി നിന്നു. കൂട്ടമായി പൊതിച്ചോറുണ്ണാന്‍ വന്ന കിടാങ്ങളില്‍നിന്ന് പുതിയ പൊട്ടിച്ചിരികള്‍ പഠിച്ച് പുഴ പിന്നെയും ഒഴുകി.

ഒഴുകുക പുഴ നീ  കാലാന്ത്യത്തോളം. നാളെ വിവാഹിതനാവുന്ന എന്‍റെ മകന് പിറക്കും മകനുടെ പേരായിരം പേരമക്കളുടെ പള്ളിക്കൂടപ്പിന്‍വാതില്‍ ചേര്‍ന്ന് പുതിയ പൊട്ടിച്ചിരികള്‍ പഠിച്ച് .....




ഒഴുകുക എന്നതിലും വലിയ കഥയില്ല പുഴയേ...

അത്രയും ഒഴുക്കുള്ള കവിതയുമില്ല സഖേ..

2 comments:

  1. പൊതിച്ചോറുണ്ണാന്‍ വന്ന കിടാങ്ങളില്‍നിന്ന് പുതിയ പൊട്ടിച്ചിരികള്‍ പഠിച്ച് പുഴ പിന്നെയും ഒഴുകി.
    ഒഴുകിക്കൊണ്ടേയിരിക്കുക. .... അതിലും വലിയ കഥയില്ല, കവിതയുമില്ല.

    ReplyDelete
  2. ഒവുകുന്ന പുഴക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടാകും ചിലപ്പാഴെങ്കിലും ആ കഥയില്‍ നമ്മളും കഥാപാത്രങ്ങളായേക്കാം

    ReplyDelete