Monday, 13 November 2017

എമ്മാവൂസിലേക്ക് പോയ ശിഷ്യന്‍
----------------------------------------------------------

പാലത്തുങ്കലെ ചായക്കടച്ചായ്പില്‍ വച്ച് അശോകനെ ആരോ കുത്തിക്കൊന്നതിന്‍റെ മൂന്നാം പക്കം വലിയൊരു മഴയ്ക്കകത്തൂടെ ഞാന്‍ നടന്നു പോവുകയായിരുന്നു. സ്കൂള്‍ വിട്ടതേ ഉള്ളുവെങ്കിലും രാത്രി ആയിരുന്നു. ആകാശവും ഭൂമിയും കറുത്തിരുന്നു. ആകാശത്തില്‍നിന്ന് മഴയും തീയും ഭയവും ഇറങ്ങിവന്ന് ഭൂമിയിലെ ഒരു റബ്ബര്‍തോട്ടത്തെ വളഞ്ഞു.

ആ റബ്ബര്‍തോട്ടത്തിലൂടെയാണ് ഭീകരമായ ഇടിശബ്ദത്തിനിടയിലും ഞാന്‍ തിരക്കൊന്നുമില്ലാതെ നടന്നുകൊണ്ടിരുന്നത്..

എനിക്ക് പേടിക്കാതിരിക്കാന്‍ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. തലയ്ക്കു മുകളില്‍ പിടിച്ചിരുന്ന കുട ആ പെരുമഴയോട് തോറ്റുപോയിരുന്നെങ്കിലും അതിനെ പരമാവധി താഴ്ത്തിപ്പിടിച്ച് മുന്നില്‍ കാറ്റത്ത് വളഞ്ഞുപിരിയുന്ന റബ്ബര്‍ക്കൊമ്പുകളെയും കയ്യാലകള്‍ കയ്യാലകള്‍ നിറഞ്ഞ് ഒഴുകിയടുക്കുന്ന മലവെള്ളത്തെയും കാണാതെ ഞാനെന്നെ കാത്തു. കണ്ടുഭയക്കാന്‍ ഞാനെന്നെ അനുവദിച്ചില്ല. കാണാതിരിക്കുക എന്നൊരു രക്ഷയേ എനിക്കുണ്ടായിരുന്നുള്ളൂ...

ആ മഴയില്‍ ഞാന്‍ തീരെ തനിച്ചായിരുന്നു. ചുവന്ന വെള്ളവും അലറുന്ന കാറ്റും തകരുന്ന മരങ്ങളും പേടിപ്പിക്കുന്ന ഇരമ്പലോടെ അതിരും മറന്ന് പറമ്പുകളിലേക്ക് കയറിയൊഴുകുന്ന തോടും ഭൂമിയുടെ ആള്‍ക്കാരാണ്. മനുഷ്യനും മൃഗവും ഒക്കെയായി ഞാന്‍ മാത്രമേ ഉള്ളൂവെന്ന് ഓര്‍ത്ത് എന്തിനാണെന്നെ പേടിപ്പിക്കുന്നത് ?

അപ്പോള്‍ താഴ്ത്തിപ്പിടിച്ച കുടയ്ക്കു മുമ്പില്‍ വലിയ ഒരു കരച്ചില്‍ കേട്ടു. പുസ്തകവും കുടയും എന്റെ ജീവനും താഴെപ്പോയി. മിച്ചം വന്ന ഞാന്‍ മഴയത്ത് ഉറക്കെ കരഞ്ഞുകൊണ്ട് രണ്ടുകൈയുമുയര്‍ത്തി വേണ്ടാ... എന്നെ കൊല്ലാന്‍ വരണ്ടാ.... എന്ന്..അതൊരു പശുവായിരുന്നു... അതിനോട് പറഞ്ഞു. അത് മഴയത്ത് പൊറുതി മുട്ടി നില്ക്കുകയാണെന്നും എന്നോട് എന്തോ സഹായം ചോദിക്കുകയാണെന്നും ഞാന്‍ സാവധാനം മനസ്സിലാക്കി. പുസ്തകക്കെട്ടിന് മുകളില്‍ കുട വച്ചിട്ട് ഞാന്‍ കെട്ടുപിണഞ്ഞുനിന്ന ആ പശുവിന്‍റെ കയര്‍ ഒരു വിധം മരത്തില്‍നിന്ന് അഴിച്ചെടുത്തു. അത് അതിന്‍റെ വീട്ടിലേക്ക് ഓടിപ്പോകുന്നത് നോക്കിനിന്ന എന്നോട് ആ മരം, അല്ല
അവിടെ നിന്ന എല്ലാ മരങ്ങളും ചേര്‍ന്ന് പറഞ്ഞു,

ഓടിക്കോ, ഓടിമാറിക്കോ...

മുകളിലെ പെരുംകയ്യാല തകര്‍ത്ത് ചുവന്ന മലവെള്ളം താഴേക്ക് വരുന്നതു കണ്ട് ഞാനോടി. കുറെയേറെ നേരം ഓടി.
ഓടിയ ഓട്ടത്തില്‍ എന്റെ കുടയും പുസ്തകവും വഴിയും കാണാതെ പോയി. എതിലെയാണ് ഇനി വീട്ടിലേക്ക് നടക്കേണ്ടത് എന്നറിയാതെ എല്ലായിടത്തേക്കും നോക്കി.

ആ വലിയ താന്നിമരം എവിടെ ? അതു കണ്ടാല്‍ വീടിന്‍റെ ദിശയറിയാം. പക്ഷേ ആകാശം വലിയൊരു രാത്രി ആയിരുന്നു.



തോറ്റ് ഞാനൊരു കറുത്ത പാറയോട് ദേഹം മുട്ടിച്ചുനിന്നു. ഉറക്കെ അമ്മേ, ചാച്ചാ എന്ന് കരയാന്‍ നോക്കിയപ്പോള്‍ എന്റെ ഒച്ചയും പോയത് ഞാനറിഞ്ഞു.

അവിടെയിരുന്ന് ഞാന്‍ തനിയെ പറഞ്ഞു, 

ഞാനൊരു ചെറിയ കുഞ്ഞല്ലേ.. ചെറിയ കുഞ്ഞല്ലേ...

അല്പം കഴിഞ്ഞ് എന്റെ തല കുമ്പിട്ടുപോയി. അപ്പോഴും ഞാന്‍ എന്തോ പറയുന്നുണ്ടായിരുന്നു.

അപ്പോള്‍ ആ മഴയില്‍ നിന്ന് ഒരാള്‍ വന്ന് എന്നെ തോളിലെടുത്തു. നടന്നു. എതിര്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.



മുഖത്തെ മഴവെള്ളവും കണ്ണീരും മണ്ണും കാരണം എനിക്കയാളെ കാണാമായിരുന്നില്ല. ഞാനയാളോട് ചോദിച്ചു,

ചേട്ടനാരാ...?

അയാള്‍ വലിയ കൈ കൊണ്ട് എന്റെ മുഖം മൂന്നുതവണ തുടച്ചെടുത്തു. അപ്പോള്‍ ഞാനയാളെ കണ്ടു.

അശോകനെ കുത്തിയ.. അല്ല അങ്ങനെ പറയുന്ന ആശാന്‍തൊമ്മച്ചന്‍.

ചേട്ടനാണോ കുത്തിക്കൊന്നത് ?

എന്നെ തോളത്തുവച്ച് ഒന്നമര്‍ത്തിയതല്ലാതെ ആശാനൊന്നും പറഞ്ഞില്ല.

നെതാ...നെത് കണ്ടോ... മോന്‍റെ പറമ്പിലേക്കുള്ള കുത്തുകല്ലാ.... ഇനി പൊയ്ക്കോ...

പിറകീന്ന് വീണ്ടും പറഞ്ഞു... രണ്ടുദിവസമായി ഞാനീ തോട്ടത്തിലൊളിച്ചിരിക്കുവാ... ഒന്നും തിന്നാനില്ല എന്ന് ചാച്ചനോട് പറയണം.



ഞാന്‍ പറഞ്ഞില്ല. കാരണം തിണ്ണയില്‍ ചെന്ന് എങ്ങനെയോ വീണ ഞാന്‍ എഴുന്നേറ്റത് ആഴ്ച ഒന്നു കഴിഞ്ഞാണ്. അപ്പോഴേക്കും ആശാനെ പോലീസ് പിടിച്ചിരുന്നു.

( ഈ നാളുകളില്‍ ജറുസലത്ത് നടന്നതൊന്നും നീ മാത്രമറിഞ്ഞില്ലേ...
പിന്നീട് അവന്‍ അപ്പമെടുത്ത് വാഴ്ത്തി മുറിച്ച് അവര്‍ക്ക് നല്കിയപ്പോഴാണ് ഒപ്പം നടന്നത് യേശുവാണെന്ന് അവര്‍ അറിഞ്ഞത് )

3 comments:

  1. സുന്ദരൻ കഥ.അഭിനന്ദനങ്ങൾ!!!

    ReplyDelete
  2. നന്ദി സുഹൃത്തേ...

    ReplyDelete
  3. ഇനിയും എഴുതിക്കോളൂൂ.

    ReplyDelete