Thursday, 26 September 2013

പൂത്ത മകന്‍

എന്തോ
എനിക്കിന്ന് എല്ലാവരോടും ഇഷ്ടം തോന്നുകയാണ്.
കാരണം എന്‍റെ മാവിന്‍ തൈ പൂത്തു.അത്രതന്നെ. 
ഒറ്റ പൂങ്കുല മാത്രം.
എങ്കിലെന്തേ ഞാനൊരച്ഛനായി.

വഴിക്കോണിലേക്ക് എറിഞ്ഞിടുമ്പോള്‍ ആര്‍ക്കും തോന്നുന്ന അഹങ്കാരം, ഒന്നും നഷ്ടപ്പെടാനില്ലാത്തവന്‍റെ അഹങ്കാരം, ആ അഹങ്കാരത്തിന് മുള വന്ന് കിടക്കുകയായിരുന്നു ഞാന്‍ ആദ്യം അവനെ കാണുമ്പോള്‍.. .

ആകെയുള്ള രണ്ടു കുഞ്ഞിവേരുകള്‍ ഇളക്കിയെടുത്ത് മുറ്റത്തേക്ക് നട്ടതും , സര്‍വ്വ കുണ്ടാമണ്ടികളും വലിച്ചോണ്ടുവന്നോളും എന്ന് തുണി ഉണങ്ങാനിടുന്ന സ്വരം പരിഭവിച്ചതും..

ഇന്നിപ്പോള്‍ ആറു കൊല്ലമായില്ലേ..

എന്തായാലും ഞാനിന്ന് ഒരച്ഛനായി. പൂഹോയ്... അച്ഛനായി..
                           
ആദ്യത്തെ കിക്കിന് ബൈക്ക് സ്റ്റാര്‍ട്ടായതും എന്നും എടുക്കാന്‍ മറക്കുന്ന മൊബൈലും കണ്ണടയും ഇന്നും മറന്നതും, തീരെ പരിഭവിക്കാതെ സ്വതിരക്കിനിടയിലും ഭാര്യ അവറ്റകളെ പെറുക്കി തന്നതും,

എല്ലാം എന്‍റെ പൂത്ത മകന്‍റെ ശുഭതുടക്കങ്ങള്‍, ഭാഗ്യോദയങ്ങള്‍. .!:::

Tuesday, 17 September 2013

ഓണപ്പിറ്റേന്ന്...


ഓണമൊഴിയുന്നു.

 നരലോകയാഥാര്‍ത്ഥ്യങ്ങള്‍ മറന്ന് ബോധംകെട്ടാടിയ നരന്മാരുടെ പോക്കറ്റുകള്‍ കാലിയായ വിവരമറിഞ്ഞ് റോഡിലേക്കിറക്കികെട്ടിയ ചായ്പുകള്‍ കച്ചോടക്കാര്‍ പിന്‍വലിച്ചു. 

വാങ്ങിവച്ച സാധനങ്ങളില്‍, കടം വാങ്ങിയ  തീയതി  തെറ്റുമ്പോള്‍ തലയിലിടാന്‍ ആ തോര്‍ത്ത് ഉപയോഗിക്കാമെന്നത് ലാഭം.

 ഓണമോ  ക്രിസ്മസോ ചെറിയ പെരുനാളോ എന്തുമാകട്ടെ ഉള്ളതാണ് ഓണം. നിലമറന്നാല്‍ നിലതെറ്റുകയേ വഴിയുള്ളൂ.

 പറഞ്ഞത് തെറ്റിയോ...

 ഇണങ്ങുകയോ പിണങ്ങുകയോ ആവാം.

Friday, 6 September 2013

അപ്പൂപ്പനല്ല ധര്‍മ്മക്കാരന്‍!!! !!!!!..

അമ്മയുടെ തോളിലിരുന്ന് വലിയ വിസ്മയക്കണ്ണുകള്‍ വിടര്‍ത്തി, പൂക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മാത്രമറിയാവുന്ന ഒരു പുഞ്ചിരിയും പത്തുപൈസയും ഉരി അരിയും പെണ്‍കുട്ടി അപ്പൂപ്പന് കൊടുത്തു. അമ്മയും കൊടുത്തു ദാഹം തീരെ കഞ്ഞിവെള്ളം.
         

കുഞ്ഞ്തലയില്‍ കൈവച്ച് അനുഗ്രഹിച്ച് ഒരു കൈകൊണ്ട് വടികുത്തി, മറ്റേ കൈകൊണ്ട് കിണറ്റ്തറയില്‍ കൈ ഊന്നി അപ്പൂപ്പന്‍ സാവധാനം നടയിറിങ്ങി പോ യി . ആരു വന്നാലും പെരുമ്പറ ഒരുക്കുന്ന കൈസറും മൌനമായി എഴുന്നേറ്റ് നിന്ന് അപ്പൂപ്പന്‍ മറയും വരെ ബഹുമാനം പ്രകടിപ്പിച്ചു.


ഒരു കരച്ചില്‍ മാത്രം കൂടെ കൊണ്ടുവരാനേ ഭൂമിയിലേക്ക് വന്നപ്പോള്‍ സാറിനും എനിക്കും കഴിഞ്ഞിട്ടുള്ളൂ. പിന്നെ തന്നതെല്ലാം രണ്ട് അമ്മമാര്‍ ചേര്‍ന്നാണ്. അമ്മയും പിന്നെ ഭൂമിയമ്മയും.


അരിമണിയും കായ്മധുരവും വിശറിക്കാറ്റും ചൂടും കുളിരും പുതപ്പും അരുമനെറ്റിമേലുമ്മയും
തന്നത് അവരാണ്.  


ഒരമ്മ കപ്പ മുളപ്പിച്ച് വളര്‍ത്തി,കാന്താരിയില്‍ മുളകുണര്‍ത്തി. മറ്റേ അമ്മ അതിനെ ചെണ്ടക്കപ്പയും കാന്താരിക്കറിയുമാക്കി. ഒന്നാമത്തെ അമ്മയെ അമ്മയെന്ന് വിളിക്കാന്‍ ഞാന്‍ പക്ഷേ മറക്കുന്നു.


അപ്പോള്‍ അതൊന്നും പിറന്നുവന്നവന്‍റേതല്ല. ലഭിച്ചപ്പോള്‍ കൈ നീട്ടി വാങ്ങിവാങ്ങി കൂട്ടികൂട്ടി വച്ചതാണ്. ഒന്നും സ്വന്തമല്ലാത്തതിനാല്‍  മറ്റാരുടെയോ കൂടെയാണ്. അത് വാങ്ങാനാണ് അപ്പൂപ്പന്‍ വന്നത്.
           

അങ്ങനെ നല്കുന്നത് കടമയാണ് , ധര്‍മ്മമാണ്. മുലപ്പാല്‍ തൊട്ട് വാങ്ങികുടിച്ചുവന്നതുകൊണ്ട് ധര്‍മ്മത്തിന്‍റെ കണക്കുപുസ്തകം മുലപ്പാല്‍ദിനങ്ങളില്‍തന്നെ ഓപ്പണ്‍ ചെയ്യപ്പെട്ടു.


ഈ ധര്‍മ്മബോധം ഉണര്‍ത്താനായിരിക്കില്ലേ ഒരു വലിയ മുളവടി ഒരപ്പൂപ്പന്‍റെ കൈയില്‍ പിടിച്ച് നമ്മുടെ മുറ്റത്ത് വരുന്നത് ? കൃത്യമായ കാലയളവുകളില്‍ എന്‍റെ ബാല്യകാലത്തെ മുറ്റത്ത് ഒരു കുമരനപ്പൂപ്പനും ഒരു പാണ്ഡിയപ്പൂപ്പനും വന്നിരുന്നു. അരിയും പുഴുക്കും ചൂടുകാപ്പിയും വലിയവര്‍ കൊടുത്തിരുന്നത് സ്നേഹത്തോടെയാണെന്ന് ചെറിയവര്‍ എളുപ്പം മനസ്സിലാക്കിവച്ചു.


ധര്‍മ്മക്കാര്‍ വിശാലമനസ്കരാണ്. അതുകൊണ്ടാണ് അവര്‍ നമ്മുടെ വീട്ടുമുറ്റത്തേക്ക് വരുന്നത്. യഥാര്‍ത്ഥത്തില്‍ ധര്‍മ്മം എന്ന കടമ അപ്പൂപ്പന്‍ താമസിക്കുന്നിടത്തു ചെന്ന് നമ്മള്‍ നടപ്പാക്കേണ്ടതാണല്ലോ.


അതുകൊണ്ടായിരിക്കാം, വീട്ടില്‍ വരുന്ന അതിഥിയെക്കാള്‍ പൂജ്യസ്ഥാനം ധര്‍മ്മചിന്ത ഉണര്‍ത്താന്‍ വരുന്ന ഭിക്ഷാംദേഹിക്ക് ഭാരതം നല്കിയിരുന്നത്.


20 കൊല്ലങ്ങള്‍ക്കു മുമ്പ് ,ഇടുക്കി ജില്ലയില്‍ ഞാന്‍ താമസിച്ചിരുന്ന മലമുകളില്‍ ഒരപ്പൂപ്പന്‍ എന്‍റെ മകളുടെ തലയില്‍ കൈവച്ച് അമര്‍ത്തി, കണ്ണടച്ച് , മുഖത്തെ മാംസപേശികളും കൈകളിലെ ഞരമ്പുകളും വലിഞ്ഞുമുറുകി മകള്‍ക്കുള്ള അനുഗ്രഹമായി രൂപം മാറുന്ന കാഴ്ച ..... അത് ധനമായി സൂക്ഷിക്കുന്നു , ഇന്നും ഞാന്‍.. . 

Friday, 30 August 2013

രുചി @ മത്തായിസിറ്റി

    എന്‍റെ രാജ്യം ക്ഷേമരാഷ്ട്രമായതിനാലാണ് ഈ കഥ ഉണ്ടായതുതന്നെ. വയസ്സായിപ്പോയതിന്‍റെ പെന്‍ഷന്‍ , ഭര്‍ത്താവ് മരിച്ചുപേക്ഷിച്ചുപോയതിന്‍റെ പെന്‍ഷന്‍, മനസ്സിനും ശരീരത്തിനും വൈകല്യം ബാധിച്ചതിന്‍റെ പെന്‍ഷന്‍ എന്നിവ എത്രയോ കാലമായി പോസ്റ്റ്മാന്‍ കുഞ്ഞാപ്പു വീട്ടില്‍ കൊണ്ടുചെന്നു കൊടുക്കുകയായിരുന്നു. ഓണത്തിന്, ക്രിസ്മസിന്, ആണ്ടറുതിക്ക് കുഞ്ഞാപ്പു മുറ്റത്തുവന്നു ബഹളം വയ്ക്കും ,

         ഛ പട്ടീ.... ഫോ  പട്ടീ....

     പട്ടി  പോയ്ക്കഴിഞ്ഞാല്‍ കുഞ്ഞാപ്പു വിളിക്കും ,   അമ്മച്ചിയേ....യ്  !    

     ഊര്‍ന്നുപോകാതെ ഒരുകൈ കൊണ്ട് കണ്ണടയിലും , മുട്ട് തെറ്റിപ്പോകാതെ മറ്റേ കൈകൊണ്ട് വലതുകാല്‍മുട്ടിലും മുറുകെ പിടിച്ച് അമ്മച്ചി വാതില്‍ക്കലെത്തും.

     മരിച്ചങ്ങുചെല്ലുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ കാണുന്ന അതേ സന്തോഷത്തില്‍ അമ്മച്ചി പറയും,

                      നീ വന്നോ കുഞ്ഞാപ്പൂ....

     5 നൂറും 2 അന്‍പതും നോട്ടുകള്‍ എണ്ണിക്കൊടുത്തിട്ട് കുഞ്ഞാപ്പു നിഷ്കളങ്കനായി മണിയോര്‍ഡര്‍ ഫാറം നീട്ടും. ച വരച്ചാട്ടെ അമ്മച്ചിയേയ്...  

ഓ.... അത് നീയങ്ങു വരച്ചോ.. പിന്നേയ്... നാലുവശത്തും കള്ളനോട്ടം നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി ആദ്യത്തെ പാപം ചെയ്യുമ്പോലെ രഹസ്യമായി ഒരു അന്‍പതു രൂപാ അമ്മച്ചി കുഞ്ഞാപ്പുവിന് നല്‍കും.

           ....ഇത് നിനക്കിരിക്കട്ടെ.

     എത്രയോ വര്‍ഷമായി കളിക്കുന്ന ഈ കളി, ആറ് നൂറ് രൂപാ കൊടുക്കാതെ ഒരു നൂറിനെ രണ്ട് അന്‍പതാക്കി കൊടുത്ത് ഒരമ്പത് തിരികെ സന്തോഷമായി വാങ്ങുന്ന കളി എന്‍റെ ക്ഷേമരാജ്യത്തില്‍ അവസാനിക്കുകയാണ്.

      പോഷ്ടാഫീസ് ഒരു മോശം ആഫീസാകയാല്‍, ആ വഴി ഇനി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തുകൂടായെന്ന് ഉന്നതങ്ങളില്‍ വെട്ടം കത്തി. പൊതുമേഖലാബാങ്കുകളുടെ വഴിയോരത്തെ പെട്ടിക്കട ബ്രാഞ്ചുകളില്‍ ഒരു സൂത്രം കുത്തിക്കയറ്റി കാശെടുക്കുന്ന ആധുനികരീതികളിലേക്ക് വയസ്സരെയും ഭര്‍ത്താവ് മരിച്ചുപേക്ഷിച്ചവരെയും കട്ടിലിലെ കിടപ്പുരോഗികളെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചു പുറപ്പെട്ടതായിരുന്നു ഇന്നലെ ഞാനും. 

                   
      ആദ്യത്തെ വീട്ടില്‍ ചെന്നുകയറിയപ്പോഴേ ഒരു മുത്തച്ഛന്‍ പറഞ്ഞു ,     പോടാ എരപ്പാളീ... പെന്‍ഷന്‍റെ കാര്യം പറഞ്ഞ് കുഞ്ഞാപ്പുവല്ലാതെ ആരും ഈ പടി കടന്നേക്കരുത് ..... പിന്നെ മുട്ടന്‍ വടി ഓങ്ങി.. അടി കൊള്ളുന്നത് ഞാനാണെങ്കിലും അതിന്‍റെ മോശം ഭരണകൂടത്തിനായതിനാല്‍ ഞാന്‍ ഒഴിഞ്ഞുമാറി. സന്ധ്യ വരെ അലഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ രണ്ടുപേര്‍ കാലഘട്ടത്തിനൊത്ത് ഉയരാനും 12 പേര്‍ മുട്ടന്‍ വടി എടുക്കാനും തയ്യാറായി.

      തളര്‍ന്ന് , കൃത്യം ആറര സന്ധ്യക്ക് മത്തായിസിറ്റിയിലെ ഒരു ചായക്കടയില്‍ കയറിയിരുന്ന് .... ചേട്ടാ ചായ... പറഞ്ഞ് മേശപ്പുറത്തേക്ക് കമിഴ്ന്ന് വീണു. ചായയും അഞ്ചുരൂപാ മാത്രം വിലയുള്ള മുഴുത്ത കമ്പിളിനാരങ്ങ വലിപ്പമുള്ള ഒരു  ബോണ്ടയും തിന്ന്  സന്തുഷ്ടനായി. യഥാര്‍ത്ഥക്ഷേമം രുചിച്ച്  പത്തു രൂപാ കൊടുത്തിറങ്ങുമ്പോള്‍ മനസ്സില്‍ പറഞ്ഞു.  ഈ രുചികള്‍ക്ക് 15 രൂപയെങ്കിലും വാങ്ങാമായിരുന്നു.

Sunday, 11 August 2013

അഞ്ചു സുന്ദരിമാര്‍

                                        

  അഹിംസയുടെ ആചാര്യന്‍റെ ജയന്തിദിനം. കുരുത്തക്കേടുകള്‍ക്കും മെക്കിട്ടുകേറലിനും തണ്ട്, തന്‍റേടം എന്നിവയ്ക്കും കോട്ടയം ജില്ലയില്‍ ലൈസന്‍സുള്ള ഏകസ്ഥാപനമായ പൂഞ്ഞാര്‍ സെന്‍റ് ആന്‍റണീസ് ഹൈസ്കൂള്‍ മുറ്റം . സാക്ഷാല്‍ മുന്‍വശം.

     10 എ- യിലെ മക്കള്‍ 23 വാക്കത്തികളും അനുസാരികളുമായിട്ടാണ് അന്ന് സ്കൂളില്‍ വന്നു കയറിയത്. ഗെയ്റ്റ്കാലിന് മുകളിലേക്ക് ഇടതുകൈ   പൊക്കിവച്ച്, വലതുകാല്‍തുടയില്‍ മസിലുളള വലംകൈയടിച്ച് പേടിയില്ലാക്കണ്ണുകള്‍ കറക്കി, അവന്മാര്‍ അങ്ങനെ നിന്നു. 10 എ-യില്‍ പെട്ടുപോയതിനാല്‍ ഞാനും നിന്നു, ഏറ്റവും പിറകില്‍, ഭയപ്പെട്ട്.

    10 ബി-യില്‍ കുറെ പേര്‍ വന്നിട്ടുണ്ട്.എണ്ണം കുറവായതിനാല്‍ അവരാരും പുറത്തേക്കിറങ്ങിയില്ല. 12 പേരും 10 വാക്കത്തികളും അവര്‍ക്കിപ്പോഴുണ്ട്. ഇനി ആ ക്ളാസിലേക്ക് വരുന്ന ആയുധങ്ങളുടെ കണക്കെടുപ്പിനാണ് എ- ക്കാര്‍ കൂട്ടം കൂടി നില്ക്കുന്നത്. 
10 ബി-യിലെ കണക്ക് അറിഞ്ഞിട്ടുവേണം സ്കൂളിന്‍റെ അയല്ക്കാരനായ 10 എ-യിലെ ജയിംസിന് വീട്ടില്‍ നിന്ന്  ആയുധങ്ങളെത്തിച്ച് കണക്ക്  ഒപ്പിക്കാന്‍...!!! !,

  എന്‍റെ ചങ്ക്അടച്ചിരിക്കുകയാണ്. മങ്ങിയ ആകാശത്തിലെ സൂര്യനും പേടി തട്ടിയിട്ടുണ്ട്. പണ്ട് നാലാം ക്ളാസില്‍ വച്ച് ഞാന്‍ വിഴുങ്ങിയ വെള്ളംചീറ്റ്കുപ്പിയുടെ റബ്ബറടപ്പ് ഇതുവരെ പുറത്തുപോയിട്ടില്ല. ശരീരത്തില്‍ എവിടെയോ ഒളിച്ചിരിക്കുന്ന ആ സാധനം ജീവിതത്തിലെ മര്‍മ്മപ്രധാന നിമിഷങ്ങളില്‍ എന്‍റെ ചങ്കില്‍ ഓടിയെത്തി അടഞ്ഞിരിക്കും. ശ്വാസം കിട്ടാതെ വരും, വാക്കുകള്‍ മുറിഞ്ഞുപോകും....


    India is My Country. All Indians( except X-B) are my brothers and sisters..... കഴിഞ്ഞ്, പതിവ് വിരട്ടലുകള്‍ കഴിഞ്ഞ്,ജനഗണമന കഴിഞ്ഞ് ഹെഡ്മാസ്റ്റര്‍ മൈക്കിലൂടെ ആ വര്‍ഷത്തെ സേവനവാരം, അഞ്ചു ദിവസം നീളുന്ന സേവനവാരം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. 

   തൂമ്പ,വാക്കത്തി,കൊച്ചരിവാള്‍,ചൂല് , കൊട്ട, പാട്ട്, കുളി, കൂത്താട്ടം, ചെണ്ടക്കപ്പ, മുളക്ചമ്മന്തി, ചെറുപയര്‍ പുഴുക്ക്, കട്ടന്‍കാപ്പി എന്നീ കോലാഹലങ്ങളോടെ തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ചുനാള്‍സേവനവാരം അടിച്ചുതകര്‍ത്തു. ക്ളാസ്മുറികള്‍, ബഞ്ച്, ഡസ്ക്, മൂത്രപ്പുരകള്‍, ടാര്‍റോഡുകള്‍, മണ്‍ വഴിവക്കുകള്‍, എല്ലാം വൃത്തിയാക്കി. ചിലത് തേച്ച്കഴുകി. വേറെ ചിലത് വെട്ടിത്തെളിച്ചും വാരിക്കൂട്ടിയും കത്തിച്ചും നിര്‍മ്മലമാക്കി. കപ്പയും പയറും വെണ്ടയും നട്ട് ഉത്പാദനമേഖലയില്‍ കുതിച്ച് ചാടി.

   തിരികെ വീട്ടിലേക്ക്..... സേവനവാരത്തിനും ചെണ്ടക്കപ്പയ്ക്കും ഹെഡ്മാസ്റ്റര്‍ക്കും ബഡാഹിന്ദിസാര്‍ , ചോട്ടാഹിന്ദിസാര്‍, വയറന്‍കുര്യാക്കോ, പാക്കാന്‍ജോസഫ് എന്നീ മഹാന്മാര്‍ക്കും ജയ് വിളിച്ച് അഞ്ച് ദിവസവും നടന്ന് പോന്നു.  ആ പോക്കില്‍ വഴിയോരത്തുള്ള എല്ലാ പറമ്പിലും കയറി. പേരക്ക, മാങ്ങ, ചാമ്പങ്ങ, ജാതിക്ക, വാളന്‍പുളി, എന്തിന് വാളന്‍പുളിയില പോലും തിന്ന് തീര്‍ത്തു. തെങ്ങനാല്‍ കുട്ടിച്ചേട്ടന്‍ കല്ലും തെറിയും അവസാനം ജാതിക്കയും പറിച്ചെറിഞ്ഞ് ഓടിച്ചു . 

   വേദനകളെല്ലാം കാറ്റും കാലവും മീനച്ചിലാറും ചേര്‍ന്ന് ഒഴുക്കിക്കളഞ്ഞു. ഓര്‍മ്മകളോ , വെറുതെയിരിക്കുമ്പോഴെല്ലാം പൂക്കാലം തീര്‍ത്തു.

     സേവനവാരം ഇന്നില്ല. വാക്കത്തി പോയിട്ട് ഒരു സേഫ്റ്റിപിന്‍ പോലും എക്സ്ട്രാ ചുമക്കാന്‍ 
കുട്ടികള്‍ തയ്യാറല്ല. ഡേര്‍ട്ടി സ്റ്റഫ് ! ഓണത്തിന് ഒരു ഗ്ളാസ് പായസത്തിന് കുട്ടിയൊന്നിന് 200 രൂപാ സ്കൂളില്‍ മുന്‍കൂര്‍ അടക്കണം.  

     സ്കൂള്‍മുറ്റം തെളിക്കാന്‍ , തൊട്ടാവാടി പറിക്കാന്‍ സ്കൂളില്‍ ആന്‍റിമാരുണ്ട്. പൂച്ചെടി നടാന്‍ പൂക്കളെ നോക്കാന്‍ സ്കൂളില്‍ മീനിയല്‍ സ്റ്റാഫുണ്ട്. ഡോണ്ട് ടച്ച് ദ പ്ളാന്‍റ്സ്, ഡോണ്ട് ഗെറ്റ് ഡേര്‍ട്ടി... ഡോണ്ട് പ്ളക്ക് ഫ്ളവേഴ്സ്, ഡോണ്ട് ഗോ നിയര്‍ , ഡോണ്ട് സ്മെല്‍ ദെം. അല്ലേലും ഡോണാമോള്‍ക്ക് പൂമ്പൊടി അലര്‍ജിയാണ് , ദോസ് നേച്ചുറല്‍ ഫ്ളവേഴ്സ്........


Wednesday, 10 July 2013

നിലപ്പുള്ളടി ഒരു പാവമാണ്

ഇത്തിരി വട്ടത്തില്‍ താഴ്നിലം ചേര്‍ന്നു വളരും.  ഒരു മരുന്നു ചെടിയാണ്.

   കണ്ടിട്ടില്ലേ ..... ഒരുപാടു ചവിട്ടി കടന്നു പോയിട്ടും കണ്ടിട്ടില്ല അല്ലേ , പാവത്തിനെ ?

   വളര്‍ച്ച നിശ്ചയമായും മുകളിലേയ്ക്കല്ല. ഞാനമ്മയെ കല്യാണം കഴിച്ചോളാം എന്നു ശഠിക്കുന്ന കുഞ്ഞുമകളെപ്പോലെ മുളപ്പിച്ച മണ്ണിനെത്തന്നെ കെട്ടിപിടിച്ചാണ് നിലം പറ്റി നില്‍പ്.

   ഷര്‍ട്ടിന് ബട്ടണ്‍സ് തയ്ക്കാന്‍ അമ്മ സൂചിയില്‍ കോര്‍ക്കുന്ന നൂലിനെക്കാള്‍ മെലിഞ്ഞ വള്ളിത്തണ്ടുകള്‍ !
അതില്‍ , വര്‍ഷാവസാനപരീക്ഷയുടെ അവസാന ദിവസം ഞാന്‍ നിങ്ങളുടെയും നിങ്ങള്‍ എന്റെയും ഷര്‍ട്ടിനു പുറത്ത് കുടഞ്ഞ മഷിവൃത്തങ്ങള്‍ പോലെ കുഞ്ഞുവട്ടത്തിലുള്ള പച്ചക്കുഞ്ഞിലകള്‍ .

   ഒരു മുക്കുറ്റിയുടെയോ , ഒരു മഷിത്തണ്ടിന്റെയോ മുകളില്‍ ഒരിലയെ എങ്കിലും ഉയര്‍ത്തി പിടിക്കണമെന്ന് നിലപ്പുള്ളടി ഒരിക്കല്‍ പോലും മോഹിച്ചിട്ടില്ല.

   മുലപ്പാല്‍ എന്നു പറഞ്ഞാല്‍ അത് മനുഷ്യന്റെ പാലാണ്. പശുവിന്റെ പാലിന് പശുവിന്‍മുലപ്പാല്‍ എന്നല്ല പശുവിന്‍പാല്‍ എന്നാണ് പറയാറ്. രോഗം ഭേദമാകാന്‍ ആവശ്യമായ നന്മയുടെ അളവനുസരിച്ച് ഈ നന്മച്ചെടിയെ വേരോടെ പറിച്ചരച്ച് , മുലപ്പാലിലോ പശുവിന്‍പാലിലോ ഉള്‍ക്കൊള്ളുക. രോഗിയുടെ മനസ്സ് , ആമാശയം, പിത്താശയം, രക്തഞരമ്പുകള്‍ , നാഡീഞരമ്പുകള്‍ , എന്നിവ ശുദ്ധമാകും. പിന്നെ പ്രഞ്ജയില്‍ വെളിച്ചം പിറക്കും. ഈ പാവം ചെടിയുടെ ജന്മം പോലെ നിര്‍മലമാകും.

   കഴിച്ചങ്ങു കഴിയുമ്പോള്‍ രോഗി കഷ്ടപ്പെട്ട് കണ്ണു തുറന്ന് ചുറ്റും നോക്കും. എത്ര നന്മ നിറഞ്ഞതാണീ ചുറ്റുപാടുകള്‍ എന്ന് ആദ്യമായി കണ്ടറിയും. പിന്നെ നാളുകളായി അടച്ചുവച്ചിരുന്ന വായ് തുറന്ന് ഒരിറ്റ് കഞ്ഞിവെള്ളം കുടിച്ച് , മനം പിരട്ടുന്നില്ലല്ലോ എന്നത്ഭുതപ്പെടും. വീണ്ടും വായ് തുറന്ന് കഞ്ഞിയും ഒരു പപ്പടക്കഷ്ണവും. പിന്നെ കണ്‍തുറന്ന് ഒരു വിളറിയ പുഞ്ചിരി - നിലാവെട്ടം പോലെ.... എത്ര നാളായി ഇങ്ങനെ ഒന്ന് പുഞ്ചിരിച്ചു കണ്ടിട്ട് എന്ന് പറഞ്ഞ് ചുറ്റും നില്ക്കുന്നവരും കണ്ണുനീര്‍ തുടച്ച് പുഞ്ചിരിക്കും.

   അപ്പോള്‍ ... എന്നെ ഏല്പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കി , എനിക്കു സന്തോഷമായി ... എന്ന് അരഞ്ഞു നീരായി ഉള്ളില്‍ കിടന്ന് നിലപ്പുള്ളടി കൃതാര്‍ത്ഥനാകും.

  

       നിലപ്പുള്ളടി പോലെ നിര്‍മ്മലയായ ഒരു ആള്‍ സ്നേഹവട്ടത്തില്‍ നിനക്കുണ്ടായിരുന്നു. അത്രമേല്‍ എളിയ ജന്മം സ്വീകരിക്കയാല്‍ ആള്‍ത്തിരക്കിലോ , പന്തലിലോ , ഉപചാരവേദികളിലോ,  ആടയാഭരണപ്രദര്‍ശനസ്ഥലങ്ങളിലോ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല ആ ആളിനെ.  നിലം ചേര്‍ന്ന് അവര്‍ ജീവിച്ചു. ജീവിക്കാന്‍ എറിഞ്ഞിട്ട സ്ഥലത്ത് അവര്‍ പടര്‍ന്നു. ആ ആളെ  വെറുതെ അങ്ങനെ നോക്കി നിന്നാല്‍ത്തന്നെ ആധികള്‍ മാറും . അവരെ തൊട്ടാലോ മനസ്സ് ശുദ്ധമാകും. ഭക്ഷിച്ചാലോ അനേക നാളുകളായി കൊണ്ടുനടന്നിരുന്ന അവശതകള്‍ ശമിക്കും.

       സ്നേഹമുള്ള ആ കൈകളുടെ താങ്ങില്‍ എഴുന്നേറ്റ് ചാരിയിരുന്ന് , ഒരിറക്ക് കഞ്ഞി കുടിച്ച് , ഒരു കുരുന്നില വട്ടത്തില്‍ ആശ വളര്‍ന്ന് , ഇനിയും ജീവിക്കാന്‍ തീരുമാനിച്ച്  എത്ര വട്ടം തോള്‍സഞ്ചിയുമായി കാണാനഗരങ്ങളിലേയ്ക്ക് ഒട്ടും പരിചയമില്ലാത്ത വഴികളിലൂടെ ,  ചിരപരിചിതനെപ്പോലെ കാലിടറാതെ പുറപ്പെട്ടിട്ടുണ്ട് , സുഹൃത്തേ , നീ ? !!

നിലപ്പുള്ളടിയുടെ പുണ്യം മണക്കുന്ന എളിയ പാഠശാലയിലേയ്ക്ക് അസമയരാത്രികളില്‍ എത്ര മടങ്ങിവരവുകളും !!




       [ അപ്പോള്‍ നിന്നെ വിരുന്നിന് ക്ഷണിച്ചവന്‍ അടുക്കലേയ്ക്ക് വന്നു പറയും, എളിയ സ്നേഹിതാ ... വരൂ , മുന്‍പില്‍ മഹത്തുകള്‍ക്കായി നിരത്തിയിട്ടുള്ള ഇരിപ്പിടത്തില്‍ കയറിയിരിക്കൂ.....]


Tuesday, 25 June 2013

നാഗമ്പടം


            മനുഷ്യരെല്ലാം മൂടിപ്പുതച്ച് ഗര്‍ഭസ്ഥശിശുക്കളെപ്പോലെ ചുരുണ്ടുറങ്ങുന്ന തണുപ്പാര്‍ന്ന നാലുമണിരാവ്. അന്നേരം ഞാന്‍ ഒരു ദീര്‍ഘയാത്രക്കായി തൊടുപുഴ KSRTC ബസ്സ്റ്റാന്‍ഡിലെത്തി പുറപ്പെടാന്‍ ചീറിനില്ക്കുന്ന ബസ്സില്‍ കയറിപ്പറ്റുന്നു. കൈയില്‍ കുടുംബസ്വത്തായികിട്ടിയ എളിമയും, ഒരു ബാഗും ചെറിയ കുടവയറും  നരച്ചെന്നു ഭാര്യ പറയുന്ന കുറച്ചു മുടിയും മാത്രം.

            എന്നിട്ടും എങ്ങനെയോ അയാളെന്നെ തിരിച്ചറിഞ്ഞു , ഞാന്‍ ഒരു വില്ലേജാഫീസറാണെന്ന്. നാലു ദിവസം മുന്‍പാണ് വില്ലേജാഫീസറായി കയറ്റം കിട്ടിയത്. ചില്ലും കാലും പോറിയ കണ്ണട മാറ്റി പുതിയത് വാങ്ങിച്ചുവെന്നല്ലാതെ ഒരു മോടിയും വരുത്തിയിട്ടില്ല. എങ്കിലും ഭവ്യതയോടെ ഒതുങ്ങിയിരുന്ന് അമിതമാകാത്ത ബഹുമാനത്തോടെ അയാള്‍ എന്നോട് ചോദിച്ചു , സാര്‍ എങ്ങോട്ടാണാവോ യാത്ര ? . തന്‍റെ ചോദ്യം അവിവേകമായിപ്പോയോ എന്ന് തീര്‍ച്ചയായും അയാള്‍ സന്ദേഹിച്ചിട്ടുണ്ട്.

         നീളന്‍ വൈപ്പറുകള്‍   ബസ്സിന്‍റെ മുന്‍വശത്തെ   ചില്ലില്‍നിന്ന് മഴച്ചാലുകളെ വടിച്ചുനീക്കി തലയിലൊട്ടും മുടിയില്ലാത്ത, കട്ടിമീശ വച്ച രസികന്‍ രൂപമുള്ള ഡ്രൈവര്‍ക്ക് തിരുവനന്തപുരത്തേക്കുള്ള വഴി തെളിച്ചുകൊടുത്തു. വീണ്ടും ഭവ്യതയോടെ ചോദ്യമെന്നു തോന്നാത്തത്ര ഭവ്യതയില്‍  അയാള്‍ ചോദിച്ചു, കോട്ടയത്തിനാണോ സാര്‍ ..... എങ്കില്‍ നാഗമ്പടത്ത് ചെല്ലുമ്പോള്‍ ഒന്നു പറയണേ..... സാറിനാവുമ്പോള്‍ അവിടൊക്കെ നല്ല പരിചയം കാണുമല്ലോ.... അവിടെയിറങ്ങി തിരുവനന്തപുരത്തിന് ട്രെയിന്‍ പിടിക്കാനാണ്.. അമ്മ അവിടെ R C C യില്‍ ചികിത്സയാണ്.

          അപ്പോള്‍ത്തന്നെ എന്‍റെ വലതുകൈ പോക്കറ്റിലേക്ക് നീണ്ടു. R C C യിലൊക്കെ ചികിത്സിക്കുന്ന ആരെക്കണ്ടാലും 500 രൂപയെങ്കിലും ഒരു നല്ല വില്ലേജാഫീസര്‍ കൊടുക്കണം. എന്നാല്‍ കരിമണ്ണൂര്‍ മാര്‍ക്കറ്റിലെ കുരിശുപള്ളിയില്‍ ഇരുവശത്തേക്കും കൈകള്‍ വീശി നില്ക്കുന്ന യേശുക്രിസ്തുവിന്‍റെ വലതുകൈ അയാളോട് പറഞ്ഞു ,
.. വേണ്ട... മര്യാദയ്ക്ക് അവിടെയിരുന്നോ...   ആ വലതുകൈ നേരെ നീണ്ടുചെല്ലുന്നത് റോഡിന് മറുവശത്തെ ഹംസയുടെ പലചരക്ക് കടയിലേക്കാണ്. ഏപ്രില്‍, മെയ് മാസങ്ങളിലെ പറ്റ് തീര്‍ത്തു പണം കൊടുത്തിട്ടില്ലെന്നും അതിനുള്ള പണമാണ് തിരുവനന്തപുരം യാത്രച്ചെലവിനും ചില ഉദ്ദേശങ്ങള്‍ക്കുമായി പോക്കറ്റില്‍ കിടക്കുന്നതെന്നും.... ആണിപ്പാടുള്ള വലതുകൈ നീട്ടി ആ സുഹൃത്ത് എന്നെ ഓര്‍മ്മിപ്പിച്ചു.

         അപ്പോള്‍ ഞാന്‍ മനുഷ്യനായി. അടുത്തിരുന്ന ഭവ്യനെക്കാള്‍ ഭവ്യതയോടെ ഞാന്‍ പറഞ്ഞു, ഞാന്‍ പോകുന്നത് തിരുവനന്തപുരം. ചേട്ടന് നാഗമ്പടത്ത് ഇറങ്ങണം അല്ലേ.... ഞാനേറ്റു.  അവിടെ ഇറക്കിത്തരാം. ധൈര്യമായിരിക്കൂ... അയാളുടെ ഇടതുകാല്‍ മുട്ടില്‍ സ്നേഹത്തോടെ സ്പര്‍ശിച്ച് ഞാന്‍ ഉറപ്പ് നല്കി.

        അപ്പോള്‍ത്തന്നെ അയാള്‍ ഉറങ്ങാനാരംഭിച്ചു. എത്ര പെട്ടെന്ന് ഒരാള്‍ക്ക് ഉറങ്ങാന്‍ പറ്റുമെന്ന് അത്ര വേഗം ഞാന്‍ മനസ്സിലാക്കിയത് അന്നാണ്. കൈകള്‍ രണ്ടും നഷ്ടപ്പെട്ടുപോകാതെ കാലുകള്‍ക്കിടയില്‍ ഭദ്രമായി വച്ച് , മടിയിലെ ബാഗിന്‍റെ പകുതി ഭാഗം എന്റെ മടിയിലേക്ക് തള്ളി വച്ച് ഊര്‍ന്നുപോകാതിരിക്കാനുള്ള പകുതി ഉത്തരവാദിത്തം എനിക്കും തന്ന് , തല പൂര്‍ണ്ണമായും എന്റെ തോളിലേക്ക് സമര്‍പ്പിച്ച് -- ഒരു വില്ലേജാഫീസറെ ആര്‍ക്കും വിശ്വസിക്കാം - -മിശ്രിതസ്വരങ്ങളില്‍ കൂര്‍ക്കം വലിച്ച് , ഭവ്യന്‍ചേട്ടന്‍   ഹായ് ....   ഉറക്കമായി !

         എന്‍റെ മനസ്സ് , ഓര്‍മ്മ , ബുദ്ധി , കണ്ണുകള്‍ ,ചെവികള്‍ എന്നിവ ഞെട്ടിയുണര്‍ന്നു. ഒരിക്കലും ഒരു കാരണവശാലും പിഴവ് വരാന്‍ പാടില്ല. ഭവ്യന്‍ചേട്ടനെ  നാഗമ്പടത്ത് ഇറക്കേണ്ട കടമ ഇപ്പോള്‍.. എന്‍റേത് മാത്രമാണ്.
എല്ലാ ഷട്ടറും താഴ്ത്തിയിട്ട് മഴയും, എല്ലാ സ്ട്രീറ്റ്ലൈറ്റുകളും കെടുത്തി KSEB യും എന്‍റെ ശത്രുക്കളായി. പിജെ ജോസഫ് മന്ത്രിയുടെ പുറപ്പുഴ വഴി, കൂത്താട്ടുകുളത്ത് ചെന്ന് കുറവിലങ്ങാട്, ഏറ്റുമാനൂര്‍ വഴി നാഗമ്പടം. പക്ഷേ ഈ ബസ് ഇപ്പോള്‍ എവിടെയെത്തിയെന്ന് ഇരുട്ടുമാക്രിക്കുപോലുമറിയില്ല. ഭാര്യയുടെ ചില ദിവസങ്ങളിലെ മൂഡ് പോലെ ഒന്നും മനസ്സിലാക്കാന്‍ വയ്യാതെ കഴുത്ത് ഞെളിച്ച് , മുന്‍പിലെ ചില്ലിലേക്ക് കണ്ണു കൂര്‍പ്പിച്ച്  എപ്പോഴെങ്കിലും വെളിപ്പെട്ടേക്കാവുന്ന ഒരു വിളക്കുകാല്‍ , സന്തോഷ് ബേക്കറി  & കൂള്‍ബാര്‍ , ഒരു സിനിമതീയേറ്റര്‍ .... ഒന്നും വിട്ടു പോകാതിരിക്കാന്‍ കണ്ണു പറിക്കാതെ ഇന്ദ്രിയങ്ങളഞ്ചും കൂര്‍പ്പിച്ച് ഭവ്യന്‍റെ നാഗമ്പടത്തെ നോക്കി നോക്കിയിരുന്നു ...

        അങ്ങനെ നോക്കിനോക്കിയിരിക്കവേ... അയാളുടെ വെള്ളമണല്‍ വിരിച്ച മുറ്റത്തെ ചെമ്പരത്തിചെടിയില്‍ ഒരു പക്ഷി വന്നിരുന്നു. . കുഞ്ഞ് പക്ഷിയാണ്. കൂര്‍ത്ത ഓമനച്ചുണ്ടു കൊണ്ട് മൂന്ന് ചെമ്പരത്തിപ്പൂക്കള്‍ തുളച്ച് തേന്‍ കുടിച്ചു. പിന്നെ പറന്ന് പിച്ചകച്ചോട്ടില്‍ പോയിരുന്നു. ചിറക് നിവര്‍ത്തി വീശി. നിവര്‍ത്തിയും ചിറക് ഒതുക്കിയും പിന്നെയും പിന്നെയും വീശി. ആ വീശലില്‍ മുറ്റത്ത് ഒരു കാറ്റ് പിറന്നു. കൊടിയിലകള്‍ അനങ്ങി. പയ്യാനിക്കൊമ്പിളക്കി, റബ്ബര്‍ മരങ്ങളിലുരസി കാറ്റ് അയാളിരുന്ന തോട്ടിറമ്പിലെ കല്ലിന് വലം വച്ചു നിന്നു. കണ്‍പീലികളെ തലോടി ഉമ്മ വച്ച് അടച്ചു.
അപ്പോള്‍ റബ്ബര്‍ മരങ്ങളില്‍നിന്ന് ഉണങ്ങിയ ചില്ലകള്‍ താഴെ വീണു. തിരികെ പോകുമ്പോള്‍ അതു പെറുക്കിയെടുക്കാം, അമ്മയ്ക്കു കൊടുക്കാം. അടുപ്പിനരികില്‍ വച്ച് അമ്മ അതുണക്കിയെടുത്തോളും എന്ന് ഓര്‍ത്തിരിക്കേ കാലില്‍ എന്തോ കൊത്തി.. നോക്കിയപ്പോള്‍ ഒരു വാഴക്കാവരച്ചിയാണ്. വേറെയും മീനുകളുണ്ട്. കണഞ്ഞോന്‍ , വെളിഞ്ഞൂല്‍, മണലാരോന്‍ , പാറയ്ക്കു് മറഞ്ഞിരിക്കുന്നത് സാക്ഷാല്‍ ആരോന്‍ , ദേയ് കറുത്ത കൊമ്പ് കാട്ടി കല്ലിനടിയിലിരിക്കുന്നത് കൂരിക്കുട്ടന്‍ . വള്ളിനിക്കര്‍ പോക്കറ്റില്‍ ചൂണ്ടക്കൊളുത്തും നൂലുമുണ്ട്. പക്ഷേ  ഇപ്പോള്‍ വേണ്ട.. ഓടിക്കളിക്കട്ടെ. കാലില്‍ കൊത്തട്ടെ... കല്ലിനടിയില്‍ കയറട്ടെ... കല്ലേമുട്ടിയോട് കൂട്ട് കൂടട്ടെ... വേണമെങ്കില്‍ ഈ തെളിനീരിനൊപ്പം ഒഴുകി പൂഞ്ഞാര്‍ ഈരാറ്റുപേട്ട വഴി ഭരണങ്ങാനത്തിന് പൊയ്ക്കോട്ടെ....

        പിന്നെയും വന്ന കാറ്റിനൊപ്പം കണ്ണും പോയി. ചക്കനാല്‍ പറമ്പിലെ 
മരുതി ന്‍റെ കൊമ്പില്‍ ഉണ്ണീശോപൂവ് കായ്ച് കുലകുലയായി തൂങ്ങിയാടുന്നു. തലയില്‍ കെട്ടിയ തോര്‍ത്തഴിച്ച് തളപ്പ് കെട്ടി മരുതില്‍ കയറി പൂ അടര്‍ത്തിയെടുക്കണം. പക്ഷേ ഇപ്പോള്‍ വേണ്ട... ഇപ്പോള്‍ ഈ തോട്ടില്‍ കാല്‍ തൂക്കിയിട്ട് ഇങ്ങനെ... ഇങ്ങനെ.... ഇരുന്നാല്‍ മതി.

         അയ്യോ..... കാലില്‍ ആരാണ് കടിച്ചത്....  ആരോനാണോ.... നീര്‍ക്കോലിയാണോ... അതോ മൂര്‍ .... അതേ മൂര്‍ഖന്‍ തന്നെ. കണ്ണു തുറന്നു നോക്കിയപ്പോള്‍ കടി കഴിഞ്ഞ് ചീറ്റുന്നുമുണ്ട്. കടുത്ത ചീറ്റല്‍ തന്നെ.

          ....... മനുഷ്യനെ ഇപ്പോള്‍ പറ്റിച്ചേനേ ..... ഒരു മാന്യന്‍ നാഗമ്പടത്ത് ഇറക്കാമെന്നേറ്റ മഹാന്‍ ....സുഖമായി ഉറങ്ങുന്നു സ്വപ്നോം കണ്ടോണ്ട് .... പാപി ! ഓ എന്നെ ദൈവം കാത്തു . ആ കാലങ്ങോട്ടു മാറ്റിക്കേ...ഇറങ്ങെട്ടെടോ ഞാന്‍...  -  പറ്റാത്ത കാര്യമൊന്നും ഇനി ഏല്ക്കരുത് കേട്ടോ. ഒറക്കപ്പൂതമേ....

         നോക്കിയപ്പോള്‍ ബസ്സില്‍ ലൈറ്റിട്ടിട്ടുണ്ട്. യാത്രക്കാരില്‍ മുക്കാലും അവിടെയിറങ്ങുന്നു. പിറകില്‍ നീണ്ട നാഗമ്പടം പാലം. കാലില്‍ മറ്റേയാള്‍ ഭവ്യതയോടെ ചവിട്ടിയതിന്റെ നീറ്റലും പിറകെ വന്ന ചീറ്റലും കൈപ്പറ്റി വില്ലേജാഫീസര്‍ ഏറെ ഭവ്യനായി സമാധാനത്തോടെ ഉറങ്ങാന്‍ തീരുമാനിച്ചു.   ഈ ഉറക്കത്തില്‍ മാടത്തയുടെ കൂട് എടുക്കണം, പൊത്തില്‍ കയറിയ ചേരയെ കുടുക്കിട്ട് വലിച്ച് പുറത്തെടുക്കണം, മുട്ടന്‍തോട്ടില്‍ നഞ്ചിട്ട് ഒത്തിരി മീന്‍ പിടിച്ച് ചാരവും തേരകത്തിലയും കൂട്ടി ഉരച്ച് വെളുപ്പിച്ച് അമ്മയ്ക്ക് കൊടുക്കണം, ഒരുപാട് വിറക് പെറുക്കി ചുമന്ന് അമ്മയുടെ വിറക് പുര നിറച്ചു കൊടുക്കണം.......

               പുതിയ കണ്ണടയെടുത്തുവച്ച് കൂടുതല്‍ രസമാര്‍ന്ന കാഴ്ചകള്‍ക്കായി അയാള്‍ കണ്ണടച്ചു പിടിച്ചു.


        **** കാറ്റേ.... ഒരു കരിയിലയാണ് ഞാന്‍ . എന്നെ പറത്തിയടിച്ച ദൂരങ്ങള്‍ നിനക്കോര്‍മ്മയുണ്ടോ.. *******

        

   

  • Abu Iype likes this.
  • Abu Iype പുതിയ കണ്ണടയെടുത്തുവച്ച് കൂടുതല്‍ രസമാര്‍ന്ന കാഴ്ചകള്‍ക്കായി അയാള്‍ കണ്ണടച്ചു പിടിച്ചു...haha...
  • Jose Scaria T S പാതിരാവിലെ വായനക്കാരാ നിനക്ക് നന്ദി
  • Abu Iype never mind...
Facebook © 2013