Wednesday 30 January 2013

അയാള്‍ അവിടെ എന്തു ചെയ്യുകയായിരുന്നു ?


        പുലരിത്തണുപ്പിനെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെപോലെ അവഗണിച്ച് 2013 റിപ്പബ്ളിക് ശനിയാഴ്ച ഒരു യാത്ര പോയി, മൂന്നു പേര്‍. ഞാന്‍, ജോര്‍ജുകുട്ടി ജോസഫ്, ജയ്സണ്‍ റ്റി. എസ് . ഒരേ കുടുംബത്തില്‍ പിറന്നോര്‍.

       അയാള്‍  1879-ല്‍ കുടുംബപിതാവ് ഉണ്ണൂണ്ണി മത്തായിയുടെ മൂത്ത മകന്‍ കുര്യന്‍റെ മൂന്നാമത്തെ മകനായി ഇടമറ്റം എന്ന നിരന്ന ഭൂമിയില്‍ ജനിച്ചു. 1947-ല്‍ 68-ാമത്തെ വയസ്സില്‍ പേരിലുള്ള വീടും വസ്തുവും മകള്‍ക്കു നല്‍കി മൂവായിരത്തിലധികം അടി ഉയരത്തില്‍ വാഗമണ്‍മലയില്‍ നാടുനോക്കന്‍ പുല്‍മേട്ടിലേക്ക് കയറി.  വിപുലമായ തോതില്‍ കാലി വളര്‍ത്തല്‍ ആരംഭിക്കാനുള്ള മഹാസാഹസികതയെ ആശങ്കകളില്ലാതെ ഏറ്റെടുത്തു. അതിന്‍റെ പ്രചോദനം എന്തായിരുന്നു ? പ്രചോദനം എന്താണെങ്കിലും ആ മഹാസാഹസികതയുടെ പേര് കുഞ്ഞമ്മന്‍ എന്നാണ്. ആ സാഹസികതയുടെ അനുജന്‍റെ പൌത്രരായി  അഭിമാനത്തോടെ ജനിച്ച ഞങ്ങള്‍ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരമന്വേഷിച്ചാണ് പോയത്. 66 വര്‍ഷം മുന്‍പ് ആ വാഗമണ്‍ തണുപ്പിലും വിജനതയിലും എങ്ങനെ ജീവിച്ചു, എന്തിന് അങ്ങനെ ജീവിച്ചു ,ഇന്ന് അങ്ങനെ ജീവിക്കാന്‍ പറ്റുമോ ??? പുറപ്പെടുമ്പോള്‍ ഈ മൂന്ന് ചോദ്യങ്ങളും ജോര്‍ജുകുട്ടിയുടെ കൈവശം കപ്പയും മീന്‍കറിയും ജയ്സന്‍റെ പോക്കറ്റില്‍ ഒരു കാമറയും മാത്രം.

        ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ മാടത്താനിയില്‍ വണ്ടി ചാരി.  കയറാനുള്ള മേല്‍മലകല്‍ കണ്ട് സഹജവാസനയോടെ മൂന്ന് പേരും ഏറെ സന്തോഷിച്ചു. കുത്തനെ  കയറി മലമേലെത്തി. പിതാക്കന്മാരുടെ മണ്ണാണ്.ചാച്ചന്‍, കുഞ്ഞേപ്പ് പേരപ്പന്‍, മത്തായിപേരപ്പന്‍, തോമാസാര്‍, ഇവരുടെയോല്ലാം വലിയേട്ടന്‍ കൊച്ച് എന്ന വല്യച്ചാച്ചന്‍ എന്നിവര്‍ പാഞ്ഞുനടന്നിരുന്ന മണ്ണ്. അന്നത്തെ അയല്‍ക്കാരും സുഹൃത്തുക്കളും ഇന്നും അവിടെയുണ്ട്. ജയ്സണ്‍ ഒപ്പിയ അവരുടെ ചിത്രങ്ങള്‍ കാണുക.താഴത്തുവീടന്മാര്‍ ചുമ്മാ വിറ്റുപോന്ന മണ്ണ് കൂടുതലും വാങ്ങിയ തയ്യില്‍ കുട്ടിച്ചന്‍ചേട്ടന്‍, മത്തായിപേരപ്പന്‍റെ മണ്ണ് വാങ്ങി നല്ലൊരു വീട് വച്ച്, ജീപ്പ് വാങ്ങി സമൃദ്ധിയില്‍ ജീവിക്കുന്ന ഇടമറ്റം കുഞ്ഞേട്ടന്‍. അസാധാരണമായ ഓര്‍മ്മശക്തിയോടെ ' നീ കറിയായുടെ രണ്ടാമത്തെ മകനല്ലേ 'എന്ന് എന്നോടും തുടര്‍ന്ന് പേരെടുത്ത് എണ്ണം പറഞ്ഞ് എല്ലാവരോടും കുശലങ്ങള്‍. എന്‍റെ പഴയകാല ഓര്‍മ്മകളിലുള്ള  ഇടവഴിക്കുമുകളിലെ തോമാസാറിന്‍റെ കൊച്ചുവീട് ഇന്നും കൊച്ചുവീട് തന്നെ. മുറ്റത്ത് കാര്‍, പിറകിലെ കുഞ്ഞികിണറ്റില്‍ ഉറവവെള്ളം.

      ഇവരൊക്കെ വന്നുകൂടിയവരില്‍ പോകാതെ മടിച്ച് നില്‍ക്കുന്നവരാണ്. മലമേല്‍ മലയുടെ യഥാര്‍ത്ഥ അവകാശികള്‍ ആ മലയ്ക്കൊപ്പം പിറന്ന ഗോത്ര വംശജര്‍ തന്നെ. മാലോകരില്‍ മുക്കാലേ മുണ്ടാണി ജനങ്ങളെയും അറിയുന്ന ഇടക്കരപ്പുലി ജോര്‍ജുകുട്ടി പെട്ടെന്ന് പുലിയായി. അത് കൊച്ച് രാമന്‍, അത് കോന്നന്‍, അത് ഇരവി, ഇത് തന്ക, മറ്റേത് കടുത്ത. കുഞ്ഞേപ്പ് നാനാന്‍ ഒരു കൊച്ചുരാജാവായി  വാണ രാജ്യം. യുവരാജാവ് ജോര്‍ജുകുട്ടി മോതിരവിരല്‍ കൊണ്ടു ചൂണ്ടിയ ഒരു വീട്ടി ലേക്ക് ഞങ്ങള്‍ കയറി.ഇടക്കര വാണ സുപരിചിതനായ ഇരവിയുടെ മകന്‍ പീതാംബരന്‍റെ വീട് . അതീവ ഹൃദ്യമായി ചിരിക്കാനറിയാവുന്ന രണ്ട് പല്ലുകളാണ് ഞങ്ങളെ സ്വീകരിച്ചത്. പീതാംബരപല്ലുകള്‍. കുഞ്ഞേപ്പ് നാനാന്‍, മത്തായിനാനാന്‍, തോമാനാനാന്‍, വല്യനാനാന്‍, ഇടക്കെങ്ങോ കുരിശുമല കയറി മുന്‍പേ പോയ ചാക്കോനാനാന്‍, കുട്ടിനാനാന്‍ എല്ലാവരും ഞങ്ങളുടെ സംസാരത്തില്‍ വന്നുപോയി.

      ഇറങ്ങിയപ്പോള്‍ ഇരുചെവികളിലും മൊബൈല്‍ ഹെഡ്ഫോണുമായി പീതാംബരന്‍ മകന്‍ ഷിബു കൂടെയിറങ്ങി. എന്തിനുള്ള പു റപ്പാടാ എന്ന ചോദ്യത്തിന് നിങ്ങളെ മലമുകളില്‍ എത്തിക്കാം എന്ന് തിരിമൊഴി. മൂന്ന് കാരണങ്ങളാല്‍ താന്‍ മുന്‍പേ നടക്കാമെന്ന് അവന്‍ പറഞ്ഞു. ഒന്ന് രക്ത അണലി, എവിടെയും ഏത് പുല്ലിനടിയിലും സന്നദ്ധനായി കിടപ്പുണ്ടാകും. രണ്ട് കാട്ടുപന്നി . കണ്ടാല്‍ കുഴപ്പമില്ല, കണ്ടുമുട്ടിയാല്‍ ചേതം വരും. മൂന്ന്, വഴി.. ആളുയരത്തില്‍ പുല്ലിനടിയിലെ വഴി ദൈവം സഹായിച്ച് അവനെന്കിലും അറിയാം.

      ഒന്നര കി. മീറ്റര്‍ ഉയരത്തിലേക്ക് വടി കുത്തിയും അല്ലാതെയും. അതിനിടയില്‍ ആരോ ഉപേക്ഷിച്ചുപോയ പുരിടത്തില്‍നിന്ന് കന്പിളി നാരങ്ങയും കരിക്ക് സല്‍ക്കാരവും ഷിബു വക. അവസാനം വാഗമണ്ണില്‍നിന്ന് മലകളുടെ നാഭീദേശത്തൂടെ ഭൂമാഫിയ വെട്ടിയിറക്കിയ അനേകറോഡുകളില്‍ ഒന്നിലെത്തിച്ച് , സംസ്കൃതനാടകങ്ങളിലെ സൂത്രധാരനെപ്പോലെ , കുനിഞ്ഞ് വന്ദിച്ച് പിന്‍പോട്ട് അടിവച്ച് , പുല്ലുകള്‍ക്കിടയിലേക്ക് ഷിബു കാഴ്ചയല്ലാതായി. 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ മലന്താഴെ നിന്ന് അവന്‍ കൂവിചോദിച്ചു,എല്ലാം O.K ആണോ ? ഞങ്ങള്‍ ഒന്നിച്ച് കൂവിപറഞ്ഞു, എല്ലാം O.K,O.K,O.K.  തടങ്ങളില്‍നിന്നും തീരങ്ങളില്‍നിന്നും തീരെ അപ്രത്യക്ഷമായി,മലകളില്‍ മാത്രം ഇന്നും കാണപ്പെടുന്ന ' നേരും നെറിക്കും ' സത്യവ്രതന്‍ എന്നു പേരിടാതെ ഷിബു എന്ന് പേരിട്ടത് എന്തിനാണ് പീതാംബരാ...

     എന്‍പിതാമഹന്‍ കാറ്റുകൊണ്ട മണ്ണിലേക്ക് ഒരു കാറ്റിനൊപ്പം ഞങ്ങള്‍ കടന്നുകയറി. ആശ്രമം ഉടമസ്ഥര്‍ കെട്ടിയുയര്‍ത്തിയ എലുകക്കയ്യാല കവച്ച് കടന്നു. ആരാ ചോദിക്കാന്‍ , ഇതെന്‍റെ അപ്പന്‍റെ അപ്പന്‍റെ സഹോദരന്‍റെ സ്ഥലം . വഴിപോക്കര്‍ക്ക് എല്ലാം ഭക്ഷണവും മോരുംവെള്ളവും നല്‍കിയോന്‍റെ മണ്ണ്. അനേകം പശുക്കള്‍ക്ക് ആല പണിതവന്‍റെ ആലയം. അടി മൂവായിരത്തിനും മേലെ, ഭൂമിയുടെ ആരും കണ്ടിട്ടില്ലാത്ത കന്യാമേഖലകളിലിരുന്നും, കിടന്നും, ആരും കണ്ടിട്ടില്ലാത്ത പുലരിക്കാഴ്ചകളും  ആരും കണ്ടിട്ടില്ലാത്ത രക്തസന്ധ്യകളും കണ്ട പാതിമൌനിയായ എളിയവന്‍റെ മണ്ണ്. എല്ലാ പ്രഭാതത്തിലും പ്രകൃതിയുടെ അതിവിശുദ്ധമായ കുര്‍ബാനക്കു കൂടിയവന്‍.  കിഴക്കിന്‍റെ കൂദാശമേശക്കു മേല്‍ വലിയൊരു അപ്പം ഉയര്‍ന്നു വരുന്നു. മേശക്കുതാഴെ പന്തീരായിരം മലമടക്കുകളില്‍നിന്ന് കോടമഞ്ഞിന്‍ പുതപ്പഴിച്ച് കുന്തിരിക്കപ്പുക ഉയര്‍ന്നുയര്‍ന്ന്....., കിഴക്കന്‍, വടക്കന്‍, പടിഞ്ഞാറന്‍, തെക്കന്‍ കാറ്റുകള്‍ നാടുനോക്കന്‍മലയില്‍ ഒന്നിച്ച് സമ്മേളിക്കുന്പോള്‍ കാറ്റാടിമരങ്ങളും കോതപ്പുല്‍തലപ്പുകളും തലകുനിച്ച് ജഗത്പൊരുളിന് സ്വസ്തി ചൊല്ലി നിന്നു.. വെള്ളതലപ്പാവിട്ട കാറ്റാടികന്യാസ്ത്രികള്‍ നിരന്ന് നിന്ന് ഒരായിരം ആമേന്‍ മൂളുന്നു. വരുംനാളെകളിലും മൂളാനായി  ചില്ലകളില്‍ ആമേന്‍ കരുതിവയ്ക്കുന്നു. കൂദാശമേശക്കുതാഴെ പരന്നുപരന്നേ കിടക്കുന്ന പച്ചപ്പുല്‍മൊട്ടക്കുന്നുകളിലൊന്നിന്‍റെ ചെരിവില്‍ ഒന്നാം പശു എഴുന്നേറ്റ് പുല്ലെടുത്തു. പിന്നെ അവ കൂട്ടംകൂട്ടമായി എഴുന്നേറ്റ്, പുല്‍മേടുകളില്‍ നിഴലും വെളിച്ചവും ചെലുത്തികളിക്കുന്ന പെരിയോര്‍ കലാകാരന്‍റെ ബ്ളാക്ക് ആന്‍റ് വൈറ്റ് ഭംഗികളാകുന്നു. ആമേന്‍ ഇന്നും എന്നേക്കും...

       അന്വേഷിച്ചിറങ്ങിയ ഒരു ഉത്തരവും എനിക്ക് കിട്ടിയില്ല. എന്തിനാണ് ആ പ്രായത്തില്‍ പശുക്കളുടെ തോഴനായി മനുഷ്യവാസമില്ലാത്ത കോടമഞ്ഞിന്‍കാട്ടില്‍ പണ്ട്പണ്ട് അയാള്‍ എത്തിയത് ? കൂട്ടിന് വന്ന പെണ്ണാള്‍ ഇരുന്നും കിടന്നും ചുരുണ്ടുകൂടിയും ആലോചിച്ചിട്ടും ഒന്നും മനസ്സിലാക്കാന്‍ കഴിയാതെ പോയത് ആ ജീവാഹുതിയുടെ നീതിശാസ്ത്രമാണ്. വിഭ്രമത്തിന്‍റെ നാളുകളില്‍,  മനസ്സുറഞ്ഞുപോയ തണുപ്പില്‍ അവര്‍ പുരക്ക് തീയിട്ട് കുളിരകറ്റി പോലും...പശുക്കളൊക്കെ പല വഴി പാഞ്ഞു പോയി പോലും....

       നിങ്ങഴുടെ വീടുകളില്‍ ചകിരി കൊണ്ടല്ല , ചണം കൊണ്ടല്ല , പിന്നെ മറ്റെന്തോ കൊണ്ടോ തീര്‍ത്ത കയറുകളില്ലായിരുന്നോ ?
കറുത്ത മിനുസമുള്ള കയര്‍.  തറവാട്ടു വരിക്കപ്ളാവില്‍നിന്ന് ചക്കയിറക്കാന്‍ മാത്രം ഉപയോഗിച്ചിരുന്നതും ആ കര്‍മ്മത്തിനുശേഷം ഭവ്യതയോടെ ചുരുളായി മടക്കി ചാച്ചന്‍ സൂക്ഷിക്കാറുള്ളതുമായ ഒരു കയര്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. കുഞ്ഞമ്മന്‍പാപ്പന്‍ ഒഴിവ് സമയങ്ങളില്‍ കൈ കൊണ്ട് ഉണ്ടാക്കി ഓരോ വീട്ടിലേക്കും നല്‍കിയതാണ്.ആ കയര്‍തൊട്ടിലിലായിരിക്കും മക്കളേ നിങ്ങളൊക്കെ ആടിയുറങ്ങിയത്. മുരുത്തോന്‍മരത്തിന്‍റെ തോല്‍ വെട്ടിയെടുത്ത് , അതിന്‍റെ ആറ് നേര്‍ത്ത അടുക്കുകള്‍ പൊളിച്ച് കീറി,ചീകി, നീട്ടിനീട്ടി എടുത്ത്,  കോര്‍ത്ത് കോര്‍ത്ത്, പിണച്ച് പിണച്ച് ആ കൈകള്‍ എല്ലാ വീട്ടിലേക്കും നീണ്ടു ചെന്നു.

     ആ കണ്ണുകളും നാടുനോക്കന്‍ മലയുടെ മുകളില്‍ നിന്ന് എല്ലാ വീട്ടിലേക്കും നീണ്ടു ചെന്നു. ആ മലയുടെ മുകളില്‍ നിന്നും ജയ്സണ്‍ എടുത്ത കടവുകര തറവാട് വീട് പ്രദേശത്തിന്‍റെ ചിത്രം കു റെ സമയം നോക്കിയിരുന്നാല്‍ ഇത് മനസ്സിലാകും. താഴേ മലമേല്‍ കരയില്‍ കുഞ്ഞേപ്പ്, മത്തായി, തോമസ്, സ്കറിയ, ഇവരുടെ മൂത്ത ജേ ഷ്ഠന്‍ കൊച്ച് , ഇവരുടെയോല്ലാം പെണ്ണാളുകള്‍, മക്കള്‍...പ്രഹരത്തിന്‍റെ നാളുകളില്‍ ഒരു തിരുഹൃദയചിത്രം മാത്രമെടുത്ത് ദൈവം കൂട്ടിയോജിപ്പിച്ചവളെയും കൂട്ടി കുരിശുമലക്കപ്പുറത്തേക്കു പോയ മറ്റുള്ളവര്‍. അവര്‍ തീര്‍ച്ചയായും ഈ യാത്രയില്‍ മോരും അനുഗ്രവും ആയിരം കൊല്ലത്തേക്കുള്ള മനസ്സുറപ്പും ഈ സന്നിധിയില്‍ നിന്ന് വാങ്ങിയിരിക്കണം.

      അതു മാത്രമോ ? നാടുനോക്കനു താഴെ ലോകം തിരക്കിട്ട മനസ്സോടെ എല്ലാം , അന്യന് അവകാശപ്പെട്ട മണ്ണും ആദായങ്ങളും പോലും , വാരിക്കൂട്ടാന്‍ വ്യഗ്രതപ്പെട്ടപ്പോള്‍,  അയാള്‍ ആ പര്‍ണ്ണശാലയിലിരുന്ന് എല്ലാം ഉപേക്ഷിക്കാന്‍ പഠിക്കുകയായിരുന്നോ ?
മനസ്സിലെ മരക്കുരങ്ങനെ മുരുത്തോന്‍ ചാട്ടയ്ക്ക് അടിച്ച് മെരുക്കുകയായിരുന്നോ ? 1947 -ല്‍ വാഗമണ്ണില്‍ കയറിയ അയാളില്‍ അതിനുമുന്‍പേ ഗാന്ധിജി കയറിയിരുന്നോ ? രണ്ടു കൈകളിലുമായി നീണ്ടുനില്ക്കുന്ന പത്ത് വിരലുകളുടെ മഹാമഹത്വം എങ്ങനെയും അയാള്‍ തിരിച്ചറിഞ്ഞിരുന്നു. മുരുത്തോന്‍റെ അടുക്കുകള്‍ പൊളിച്ച് കയറുണ്ടാക്കി, കാട്ടുകമ്പുകള്‍ വെട്ടി,കെട്ടി ആല ഉണ്ടാക്കി , പശുക്കളെ പാലിച്ച്, പശുക്കള്‍ അയാളെ പാലിച്ച് , പുറംമാര്‍ക്കറ്റിന് കയറി വരാനുള്ള പഴുതടച്ച്.....അയാള്‍ അവിടെ എന്തു ചെയ്യുകയായിരുന്നു ? ഇപ്പോള്‍ എനിക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.

      കൂടെ ആയിരിക്കാന്‍ ധൈര്യപ്പെട്ട ഏകമനുഷ്യജീവി 1964-ല്‍ മരിച്ചതിനുശേഷം ഇപ്പോള്‍ എന്‍റെ കൂടെ നില്ക്കുന്ന ജോര്‍ജുകുട്ടിയുടെ വീട്ടിലാണ് 11 കൊല്ലം കൂടെ ജീവിച്ച് മരിച്ചത്. പുഞ്ചിരിക്കുന്ന , മൃദുലനായ , എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഋഷിയെപ്പോലെയാണ് ജോര്‍ജുകുട്ടി പാപ്പനെ കണ്ടിട്ടുള്ളത്. മനസ്സിലെ മരക്കുരങ്ങന്‍ കീഴടങ്ങിയിരുന്നതുകൊണ്ട് ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം. ശക്തി ക്ഷയിച്ചപ്പോഴും ഒരു കുഞ്ഞിത്തൂമ്പയുമായി നിലത്ത്  നിരങ്ങിയും കഴിവത് ചെയ്തിരുന്നുവെന്ന് ജോര്‍ജുകുട്ടി സാക്ഷിക്കുന്നു.

      എനിക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.എല്ലാം മനസ്സിലാക്കാനുള്ള സാത്വികത എനിക്കില്ല. സാരമില്ല.വാഗമണ്ണിന്‍റെ ഒടിവുകളിലും മടക്കുകളിലും നൂറ്റാണ്ടുകളായി കാറ്റ് പരതുന്നത്,  അതിന് ഇനിയും എന്തൊക്കെയോ മനസ്സിലാകാനുള്ളതുകൊണ്ടു തന്നെയാണല്ലോ.....





മലമേല്‍ പള്ളിയില്‍

കടവുകര തറവാട് ദൃശ്യം.ഇടത്ത് പെരിങ്ങുളം ടവര്‍,വലത് ഇടമല CSI Church. നടുവില്‍ വീട്സ്പോട്ട്

ആ കാണുന്നത് കുറ്റിക്കാട്ട് പറമ്പ് etc.

തയ്യില്‍ കുട്ടിച്ചന്‍ ചേട്ടന്‍

പുഞ്ചിരിക്കുന്ന രണ്ട് പല്ലുകള്‍ എതിരേറ്റു.

SHIBU the great.

Endless... Scene from Nadunokkan

Peringulam THARAVADU area. Scene from NADUNOKKAN

ഇടമറ്റം കുഞ്ഞേട്ടന്‍. മത്തായിപേരപ്പന്‍റെ വീട്ടിലെ താമസക്കാരന്‍

കുഞ്ഞമ്മന്‍ പാപ്പന്‍, മലകളുടെ രാജാവ്.
6Like · · · Promote ·
Face

1 comment:

  1. Every human being has hundreds of separate people living under his skin. The talent of a writer is his ability to give them their separate names, identities, personalities and have them relate to other characters living with him like a mother singing lullabies...
    Salute to you sir...

    ReplyDelete