Saturday 6 April 2013

മന്നവന്‍ചോല ഭാഗം-2


അക്ഷരങ്ങളുടെപിതാവേ, പര്‍വതങ്ങളുടെ തമ്പുരാനേ, സമുദ്രങ്ങളുടെ പാലകാ, കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട് സൂക്ഷിക്കുന്നവനേ, ഭയത്തെ സൃഷ്ടിച്ചവനേ, നേര്‍മനസ്സുകളില്‍ പാലൊഴുക്കുന്നവനേ, ചാട്ടയെടുത്തവനേ, ചെറൂബുകളെ വെട്ടുകിളികളെപോലെ വിന്യസിച്ചവനേ,

തമ്പുരാനേ...

എന്‍റെ കൈകളില്‍ നിയന്ത്രിക്കാനാവാത്ത ഒരു വിറയിലിട്ടു തന്നത് ഞാനറിഞ്ഞു.

എന്‍റെ പേനയില്‍ രൌദ്രവും ദുഖവുമായി നീ നിറഞ്ഞു.

മന്നവന്‍ചോലയുടെ അനിവാര്യമായ രണ്ടാം ഭാഗത്തേക്ക് നീ എന്നെ സ്നാനപ്പെടുത്തി.


                                        മന്നവന്‍ചോല -ഭാഗം 2


   ഭൂമിയുടെ ഉടയോന്‍ ശക്തിയുടെ വലതുകാല്‍ പെരിങ്ങുളത്തിനുമേല്‍ ഉറപ്പിച്ചു. രണ്ടുരാത്രിയും ഒരു പകലും അവന്‍ ആകാശത്തുനിന്നും രൌദ്രം പെയ്തു.

   ദേവസൈന്യം നാടുനോക്കനു മുകളില്‍ പറന്നിറങ്ങി. തിളങ്ങുന്ന വാളുയര്‍ത്തി മുന്‍പില്‍ റപ്പായേലും ഇരുവശവും കോട്ടപോലെ മുഖ്യദൂതരും പറന്നുനിന്ന് മൂന്ന് ശ്രേണികളായി സൈന്യത്തെ വിഭജിച്ചു. അവസാനം ആകാശത്തുനിന്ന് മന്നവന്‍ തന്‍റെ വലതുകാല്‍ ഭൂമിയിലേക്ക് ഇറക്കിവച്ചു.

   ഒരു ചൂണ്ടുവിരല്‍ നിര്‍ദ്ദേശത്തില്‍ പെരിങ്ങുളത്തിന്‍റെ ആകാശത്തിനുമേല്‍ ചെറൂബുകള്‍ വെട്ടുകിളികളെ പോലെ പറന്നിറങ്ങി. മൂന്നരമണി സമയത്ത് ആകാശം അപ്പാടെ ഇരുണ്ടുപോയി. വരിക്കപ്ളാവില്‍ നിന്ന് ഞെട്ടിപ്പറന്ന ഒരു പുള്ള് താഴത്തുപറമ്പന്‍റെ മുറ്റത്തെ തെങ്ങിലിടിച്ചുവീണ് ഒന്ന് പിടയാന്‍ മിനക്കെടാതെ നിശ്ചലനായി.

   ആകാശത്തിന്‍റെ കിഴക്ക് കുരിശുമല മുതല്‍ പടിഞ്ഞാറ് വരെ ചങ്ങലകള്‍ വലിച്ചുമാറ്റുന്നതുപോലെ പേടിപ്പെടുത്തുന്ന ഒരു സ്വരം മുഴങ്ങിയൊഴിഞ്ഞു. ആദ്യത്തെ ഇടിയില്‍തന്നെ പെരിങ്ങുളം ഞടുങ്ങിവിറച്ചു. കഠോരശബ്ദങ്ങള്‍ക്കുമേല്‍ കടലാസുകള്‍പോലെ മരങ്ങളെ പറിച്ചെറിഞ്ഞ്, ചങ്ങല പൊട്ടിച്ച കൊടുങ്കാറ്റ് പെരിങ്ങുളത്തെ ചുഴറ്റിയും തകര്‍ത്തും താണ്ഡവമാരംഭിച്ചു.

   ഇടിയിലും കൊടുങ്കാറ്റിലും പേമാരിയിലും സഹ്യന്‍റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണു. ദുരമൂര്‍ത്ത ആര്‍ത്തിയുടെ ദുര്‍ഫലങ്ങള്‍ കഴുകിത്തുടച്ച് , "വെട്ടിച്ചുട്ട ഭൂമി ഇച്ചിരെ പുളിക്കും" മനസ്സുകളില്‍ കൊടിയ ശിക്ഷയുടെ വാള്‍മുന കയറ്റി മന്നവന്‍ചോലയില്‍ പ്രചണ്ഡവാതങ്ങളുടെ തമ്പുരാന്‍ കാറ്റുകൊള്ളാനിറങ്ങി. കാറ്റിനെയും മഹാമാരിയെയും അവന്‍ മുന്നില്‍ നിന്ന് നയിച്ചു. നാലു മലകളിലും ചാട്ടപോലെ ആഞ്ഞടിച്ചു. പെരിങ്ങുളം ഒരു വലിയ അലര്‍ച്ചയായി. മുഴക്കമായി.

   നാലു മലകളില്‍നിന്നും അലറിയിറങ്ങിയ ഉരുള്‍വെള്ളം ഉന്മാദവും രൌദ്രവും രാക്ഷസവും ചവിട്ടിയാടി. പുഴ എവിടെയെന്നറിയുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

   ഒഴുകിത്തുടങ്ങിയ മലഞ്ചരക്കുകടയ്ക്കുള്ളില്‍ ശേഖരിച്ചിരുന്ന അടക്ക, കുരുമുളക് ചാക്കുകളെയും റബ്ബര്‍ഷീറ്റ് അടുക്കുകളെയും കെട്ടിപ്പിടിച്ചുകിടന്ന ചക്കുങ്കല്‍ ജോണിയേട്ടനെ ഓടിക്കൂടിയ ആള്‍ക്കാര്‍ ബലമായി പിടിച്ചിറക്കി കെട്ടിയിട്ടു. വിറകുപുരകള്‍, തൊഴുത്തുകള്‍, പശുക്കള്‍, മരങ്ങള്‍, മുളങ്കൂട്ടങ്ങള്‍ എല്ലാം തടസ്സമില്ലാതെ ഒഴുകിപ്പോയി.

   ഒരു വീട് അങ്ങനെ തന്നെ ഒഴുകിപോകുന്നു.ഉത്തരത്തില്‍ കെട്ടിയ തൊട്ടിലില്‍ കാലിട്ടടിക്കുന്ന വിലാപമായി ഒരു കുഞ്ഞ്. തോട്ടിലേക്ക് എടുത്ത് ചാടാന്‍ ഒരുമ്പെട്ട വടക്കാത്ത് ബേബിയെയും ജനം പിടിച്ചുനിര്‍ത്തി.

   മന്നവാ..... നിന്‍റെ ചോല... !!!

   അവസാനം കുടയുരുട്ടി മലകളുടെ രണ്ടു ശൃംഗങ്ങള്‍ പൊട്ടിയടര്‍ന്നുവീണു. നിലക്കാത്ത ജലപ്രവാഹത്തോടൊപ്പം പെരിങ്ങുളത്തിന്‍റെ എല്ലാ ഭയങ്ങള്‍ക്കും ദുരന്തകാഴ്ചകള്‍ക്കും മേല്‍ ഇരുള്‍ വീണു.

   പിന്നീട് ആകാശത്തുനിന്ന് ഒരു വെള്ളിചാട്ടയിറങ്ങി നാടുനോക്കന്‍റെ കിഴക്കന്‍ചെരിവിലെ മലയെ ആഞ്ഞടിച്ചു. അടികൊണ്ട ഭൂമി വിറഞ്ഞുപിടഞ്ഞു. 50 ഏക്കറോളം വരുന്ന മണ്ണ് അടിയിലെ പാറ മാത്രം അവശേഷിപ്പിച്ച് താഴേക്ക് നിരങ്ങിയിറങ്ങി. അങ്ങനെ അവന്‍ വെള്ളൂര്‍മാരിയെ സൃഷ്ടിച്ചു. ഇപ്പോഴുള്ളവര്‍ക്കും ഇനി പിറക്കാനുള്ളവര്‍ക്കും പൊള്ളുന്ന പാഠമായി ആ ചാട്ട പെരിങ്ങുളത്തിനുമേല്‍ അവന്‍ ചാപ്പ കുത്തി സ്ഥാപിച്ചു.

   പുളയുന്ന വെള്ളിച്ചാട്ട പോലുള്ള വെള്ളച്ചാട്ടമായി , ചുട്ട ഓര്‍മ്മപ്പെടുത്തലിന്‍റെ പാഠപുസ്തകമായി വെള്ളൂര്‍മാരി പെരിങ്ങുളത്തിന്‍റെ സമതലത്തിലേക്ക് ഒഴുകിയിറങ്ങി.

   അവസാനിപ്പിക്കാന്‍ കൂട്ടാക്കാതെ 60 മണിക്കൂറുകള്‍ തുടര്‍ച്ചയായി അലറിയ ആകാശത്തെയും ഭൂമിയെയും ഭയന്ന മനുഷ്യര്‍ ഛിന്നഭിന്നമായിപ്പോയി. അപ്പന്‍റെയോ അമ്മയുടെയോ സംരക്ഷണം മതിയാവില്ല എന്നു കണ്ട് കുഞ്ഞുങ്ങള്‍ ഭയപ്പെട്ട് വീടുവിട്ടോടി പാറയിടുക്കിലും വെളിമ്പ്രദേശങ്ങളിലും ബോധമറ്റുകിടന്നു. മൂന്നു ദിവസം കൊണ്ട് ആളുകള്‍ വീടുകളിലേക്കോ വീടിരുന്ന പ്രദേശത്തേക്കോ തിരികെ വന്നു. തിരികെ വരാത്തവരെ മന്നവന്‍ തന്‍റെ സൈന്യത്തോടൊപ്പം കൊണ്ടുപോയി എന്ന് നാട് സാവധാനം അറിഞ്ഞു.

    നാലാം ദിവസം താഴത്തുപറമ്പന്‍റേതുള്‍പ്പെടെ 22 കേസുകള്‍ കോടതിക്കുപുറത്ത് അരുവിത്തുറ പള്ളിമുറ്റത്ത് തീര്‍പ്പായി. നിര്‍ദ്ധനരായ മൂന്ന് സ്ത്രീകള്‍ക്ക് പള്ളിവക സ്കൂളില്‍ ചെറിയ ജോലി മാനേജര്‍ നല്‍കി. കാണിയക്കാടന്‍, ചക്കുങ്കന്‍, കൊന്നക്കാടന്‍ തുടങ്ങി 23 ഭൂവുടമകള്‍ ഭൂരഹിതരായ പാവങ്ങള്‍ക്ക് 10 സെന്‍റ് വീതം സ്ഥലവും കിടപ്പാടവും നല്‍കി. ഒരു പനിയോടെ യാത്രയായ ഫാ. മുളങ്ങാടന്‍റെ ശവസംസ്കാരം പാലാ ളാലം പള്ളിയില്‍ നടന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ പിറ്റേന്ന് കേരളത്തില്‍ അധികാരത്തില്‍ വന്നു.


             ==============  എന്‍റെ പേനയും മഷിയും ഇനി നീ എടുത്തുകൊള്‍ക.===============




Like · · · Promote ·

2 comments:

  1. ആറ്റികുറുക്കിയ വാക്കുകള്‍ . നല്ല ശൈലി.

    ReplyDelete
  2. നന്ദി ഫൈസലേ.... സ്നേഹവും കൂട്ടും

    ReplyDelete