Wednesday 1 January 2014

ജഠരേ ശയനം

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വീണ്ടുമൊരു കിടപ്പ്. അവിടെ മാത്രമല്ല, പലയിടങ്ങളിലും രണ്ടാമതൊന്നു പോയി ഉറങ്ങാന്‍ തോന്നുക സ്വാഭാവികം.

തോന്നണം മനുഷ്യര്‍ക്ക്. പരിചയിച്ച ഇടങ്ങള്‍, സ്നേഹിച്ച ഹൃദയങ്ങള്‍, ചില നാട്ടുവഴികള്‍... അവിടേക്കെല്ലാം ഒരു പിന്‍വിളി കാന്‍സര്‍ കയറാത്ത മനസ്സുകളുടെ ലക്ഷണമാണ്.

വിറ്റൊഴിഞ്ഞുപോയി കൊല്ലം മുപ്പത്തഞ്ചു കഴിഞ്ഞാലും മലമുകളിലെ ആ വീട്ടിലേക്ക് ഒരു നടത്തം കൊതിക്കാത്തവര്‍ ആരുണ്ട്? അന്ന് ഇളയിരുപ്പിരുന്ന ഓരോ മരച്ചുവട്ടിലും, മനുഷ്യമുഖത്തെയെന്നപോലെ നിങ്ങളോര്‍ത്തെടുക്കുന്ന രൂപമുള്ള ചില കല്ലുകളിലും കൃത്യമായി ദാഹം വന്നിരുന്ന തോട്ടിറമ്പിലും ഇരുന്ന് വിശ്രമിച്ച്....

ഇന്നിപ്പോള്‍ റോഡ് വെട്ടിയിട്ടുണ്ട്. ചില കടുംക്രിയകളിലൂടെ നിങ്ങളുടെ ബൊലേറോ അവിടെ കയറുകയും ചെയ്യും. ഷുഗറുണ്ട് , സമ്മര്‍ദ്ദമുണ്ട്, ശ്വാസകോശഭക്ഷണമായ ഇന്‍ഹേലര്‍ പോക്കറ്റിലുണ്ടെന്നൊക്കെ പറയാന്‍ സമയം തരാതെ ദേ .. പോയല്ലോ നിങ്ങളുടെ സുപ്രധാന അവയവങ്ങളായ ചങ്കും മനസ്സും മുന്നോട്ട്. വെയില്‍കൊള്ളിച്ച്, വിയര്‍പ്പിച്ച് കിതപ്പിച്ച് , നിങ്ങളെ മുകളിലെത്തിക്കും. ഇരുമൂലകളുകളുടെയും കല്‍ക്കെട്ടിടിഞ്ഞ മുറ്റത്തും, ഉണങ്ങിദ്രവിച്ച് തീര്‍ന്നിട്ടും നിങ്ങളുടെ വരവിനായി ഉള്ളിലെ മരിക്കാത്ത വേരില്‍നിന്നൊരു മുള വളര്‍ത്തിനില്ക്കുന്ന പേരമരച്ചുവട്ടിലും, വള്ളിയാംതടത്തില്‍ നിന്ന് കൊണ്ടുവന്നു നട്ട ചെത്തിയുടെ കുഴിമാടത്തിലും അങ്ങനെ നില്ക്കുമ്പോള്‍  നിങ്ങള്‍ ഞെട്ടുന്നു. സെല്‍ഫോണ്‍ ശബ്ദിച്ചതാണ്. ഇതിനുമുമ്പൊരിക്കലും ഫോണ്‍ബെല്ല് കേട്ട് ഞെട്ടിയിട്ടില്ല നിങ്ങള്‍.

ജീവിതത്തിന്‍റെ വിധിക്കുഴികളില്‍ മുങ്ങി ഒരുപാട് ദൂരെയെവിടെയെങ്കിലും പൊങ്ങി അവിടെ ജീവിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഈ ഗര്‍ഭപാത്രയാത്രയുടെ പൂതികള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ശക്തമായിരിക്കും.

പുറമേ തന്‍റേടിയായ ഒരു ഇളാമ്മ എന്‍റെ ചെറുപ്പകാലത്ത് ഇങ്ങനെ വീട്ടില്‍ വന്ന് ഒരുമാസമൊക്കെ താമസിക്കുമായിരുന്നു. വല്യമ്മയുടെ ബന്ധുവാണെന്നല്ലാതെ എലിക്കുളത്താണോ, പേരാവൂരാണോ താമസമെന്നൊന്നും എനിക്കറിയില്ല. ഒരു പ്രായത്തില്‍ കെട്ടിച്ചുവിട്ടതാണെന്നും ഇപ്പോള്‍ കെട്ടിയോനില്ലെന്നും അത് മിക്കവാറും ഇളാമ്മയുടെ നാക്കിന്‍റെയോ , കൈയുടെയോ അടി കൊണ്ട് ഇല്ലായ്മ പെട്ടതാണെന്നും ഞാന്‍ ഊഹിച്ചുപോയിട്ടുണ്ട്. എന്തായാലും രാത്രിയില്‍ ചൂണ്ടയിടാന്‍ പോകും, കള്ള് എത്ര വേണമെങ്കിലും കുടിക്കും, മോനേ....ന്ന് അവസാനിക്കുന്ന വാക്കുകളുടെ അറ്റത്ത് തീ കൊളുത്തും.

എങ്കിലും, എങ്കിലും ആ മനസ്സില്‍ കാന്‍സറിന് കയറിക്കൂടാന്‍ പറ്റാഞ്ഞതിനാല്‍ എലിക്കുളങ്ങളും പെരിങ്ങുളങ്ങളും ഇടക്കരകളും ഒക്കെയുള്ള വീട്ടിലേക്കുള്ള വഴിയിലൂടെ ആണ്ടിലൊരിക്കല്‍ ഇളാമ്മ വരും. മുഴുവന്‍ സമയവും ഭയങ്കര കത്തികളെറിയും, ചക്ക വെട്ടിപ്പെറുക്കുന്ന സമയത്ത് സൂപ്പര്‍ ഏറുകള്‍ വീഴും.

ചക്കക്കാലത്തെ ഈ ഇളാമ്മക്കഥകള്‍ കേട്ടുകേട്ടാണ് കണ്ണടച്ചിരുന്നും കാഴ്ചകള്‍ കാണാന്‍ ഞാന്‍ പഠിച്ചത്. കുറ്റാക്കുറ്റിരുട്ടത്ത് ഒരു ചൂണ്ടയും അഞ്ച് ബാറ്ററി ടോര്‍ച്ചുമായി ഇളാമ്മ ആറ്റിലേക്ക് പോകുന്നു. ആനവലിപ്പമുള്ള കല്ലുകള്‍ക്കിടയിലെ ഒരു ചെറുകല്ലിലിരുന്ന് ബ്ളൂം എന്ന് ചൂണ്ടയിടുന്നു. പേരാവൂരിന്‍റെ ആകാശം മുഴുവന്‍ ഇരുണ്ടുകിടക്കുന്ന ആ രാത്രിയില്‍ വന്നുപെട്ടേക്കാവുന്ന ഏതൊരാപത്തിനെയും തടുക്കാന്‍ നാവില്‍ മിസൈലുകള്‍ കരുതിവയ്ക്കുന്നു.

ഈ ഇളാമ്മ വീട്ടില്‍നിന്ന് തിരിച്ചുപോകുമ്പോള്‍ അടുത്ത ഇളയിരിപ്പുസ്ഥലത്തേക്കുള്ള വണ്ടിക്കൂലി എന്‍റെ അപ്പന്‍ കൊടുക്കണം. അപ്പനാണെങ്കില്‍ കൈവിരലുകള്‍ക്കിടയില്‍ വലിയ ഓട്ടയുള്ളതിനാല്‍ കൈക്കാശ് എപ്പോഴും കാണുകയുമില്ല. കാശ് കൊടുത്തപ്പോഴത്തെ മുഖഭാവം പഠിച്ചിട്ടോ, അതോ പോയ വഴിയില്‍ മരണപ്പെട്ടിട്ടോ എന്തോ ഹൈസ്കൂള്‍ കാലത്തിനുശേഷം ഈ ഇളാമ്മ വന്നിട്ടില്ല.

ഹേയ്... അപ്പനോടുള്ള അതൃപ്തിയാണെങ്കില്‍ അതപ്പത്തന്നെ പറഞ്ഞേനെ. നിന്‍റവളുടെ അമ്മായപ്പന്‍റേന്ന് വാങ്ങുമെടാ ഞാന്‍ കാശ്.....

( ഇങ്ങനെയും അപ്പന് വിളിക്കാം, പഠിച്ചോളൂ...)

2 comments:

  1. എങ്ങനെയും അപ്പന് വിളിച്ചാ മതീല്ലോ?

    ReplyDelete
  2. അപ്പോൾ അപ്പനിട്ടും പണിതു അല്ലേ ഭായ്

    ReplyDelete