Tuesday 7 January 2014

നക്ഷത്രകാര്യലയം..Office Of The Director Of Stars



ആകാശം ഡയറക്ടര്‍ ഇന്ന് ഒരു സ്റ്റാഫ് മീറ്റിംഗ് വിളിച്ചു. സര്‍വ്വ കുരുത്തംകെട്ടോന്മാര്‍ക്കും ആവശ്യത്തിന് കിട്ടിയിട്ടുണ്ട്. നക്ഷത്രക്കണ്ണന്മാരും അവരുടെ വഷളന്‍ സൂപ്രണ്ടും കുറച്ചായിട്ട് നല്ല ഒഴപ്പായിരുന്നു താനും.

അച്ചടക്കം, കൃത്യനിഷ്ഠ, കൃത്യത... ആകാശത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്. തോന്നുമ്പോള്‍ എഴുന്നേറ്റ് സഞ്ചാരം തുടങ്ങിയാല്‍ ആകാശത്ത് എന്തു സംഭവിക്കും സൂപ്രണ്ടേ... ഇയാളോട് ചോദിച്ച എന്നെ വേണം...
തകരും... ഇടിച്ചുതകരും മൊത്തം. മനസിലായോ.. സൂര്യനെ കണ്ടുപഠിക്ക്. മഴയാകാം, മഞ്ഞാകാം, കാറ്റാകാം വെയിലാകാം,വെള്ളിയാഴ്ചയാകാം, രാഹുകാലമാകാം, അദ്ദേഹം മുടങ്ങാറില്ല, സമയം തെറ്റാറുമില്ല.

നിങ്ങള്‍ക്ക് മഴയുള്ളപ്പോള്‍ , മഴക്കാറുള്ളപ്പോള്‍, കാറ്റുള്ളപ്പോള്‍ ഒക്കെ അവധി തന്നിരിക്കുകയാണെന്ന് മറക്കരുത്. തന്നവന് എടുക്കാനുമറിയാം.
പകല്‍ മുഴുവന്‍ സൂര്യന്‍ ഒറ്റക്ക് ഭൂമിയിലേക്ക് വെട്ടം വിടുന്നുണ്ട്. നിങ്ങള്‍ കോടാലിക്കോടി എണ്ണങ്ങളെല്ലാം കൂടെ രാത്രിയിലെ കാര്യം നോക്കിയിട്ട് പകുതി ദിവസം... എടോ സൂപ്രണ്ടേ.... തന്നെ പല ദിവസവും ആഫീസില്‍ കാണുന്നില്ലല്ലോ... മോന്തായം വളഞ്ഞാല്‍ ഇത്രേ വരാനുള്ളൂ... മോന്തായത്തിന് വെളിവില്ലേലത്തെ കാര്യം അതിലേറെ കഷ്ടമാ. ഒന്നുകൂടെ നോക്കിയിട്ട് രക്ഷയില്ലേല്‍ എല്ലാത്തിനേം കൂടെ തൂത്ത്കൂട്ടി വാരി വല്ല മണ്ണ് ഫില്ലിംങ് കുഴിയിലും മൂടും.

എല്ലാത്തിനും കാരണം ആ വയസന്‍ അമ്പിളിസൂപ്രണ്ടാണ്. മൂന്ന് ദിവസം വൃത്തിയായി ആഫീസില്‍ വന്നാല്‍ പിന്നെ വൃത്തിയും നിഷ്ഠയും വെട്ടവും ഉന്മേഷവുമൊക്കെ സര്‍ക്കാര് കാര്യം പോലെ തന്നെ. കുറേ നാളത്തേക്ക് കാണാതെയും പോകും. കുടുംബപ്രശ്നങ്ങളായിരിക്കും. നന്നായിട്ട് ചെലുത്തുമെന്നും കേള്‍ക്കുന്നു. ചില ദിവസങ്ങളില്‍ പട്ടാപ്പകല്‍ ഓഫായി മങ്ങി ആകാശക്കോണില്‍ കിടക്കുന്നത് ആഫീസ് പെണ്ണുങ്ങളുടെ കെട്ടിയോന്മാര്‍ കണ്ടിട്ടുണ്ടത്രേ.

ഇന്നത്തെ മീറ്റിംഗിന് അമ്പിളിസൂപ്രണ്ടിനെ ഏതോ ഷാപ്പീന്ന് ചെവിക്ക് പിടിച്ചിറക്കി കൊണ്ടുവരികയായിരുന്നു പോലും. റിട്ടയറാകാറായി. അയാളിനി നന്നാകൂന്ന് എത്സമ്മ ഹെഡ് കരുതുന്നില്ല.

നന്നായിട്ട് കിട്ടിയെന്ന് ഓരോന്നിന്‍റെ മുഖത്ത് നോക്കിയാലറിയാം. നക്ഷത്രമ്മകള്‍ക്ക് ഇന്ന് അനക്കമേയില്ല. കണ്ണുതെറ്റിയാല്‍ ചിമ്മ്ണ ചിമ്മ്ണ പരിപാടിയുമില്ല. അമ്മാവന്‍ സുപ്രന്‍ ഇളിഞ്ചന്‍ കിറിയുമായി പടിഞ്ഞാറാകാശം ചേര്‍ന്ന് നില്പുണ്ട്. പണി , മങ്ങിയ ചിരി മാത്രം.

വിശ്വാസം വന്നില്ലേ.... വീടിന് പുറത്തേക്കിറങ്ങി ആകാശത്തോട്ട് നോക്കിക്കേ.. കപ്യാരുടെ കൊന്നത്തെങ്ങിന്‍റെ നേര്‍മുകളില്‍ പൊട്ടുതുളാപ്പന്‍. ഒരു മൂന്നേകാല്‍ കോല് തെക്ക് മാറി മുഴക്കോല്‍ മുക്കണ്ണന്മാര്‍. ചേര്‍ന്ന് അഞ്ചുകുഞ്ഞും തള്ളയും. എല്ലാം അച്ചടക്കത്തില്‍.

കുരുത്തംകെട്ട റോസ്മരിയ ടൈപ്പിസ്റ്റ് ഇന്ന് ലീവായിരുന്നു. അല്ലെങ്കില്‍ തീര്‍ച്ചയായും പറഞ്ഞേനെ.....

കുറെ നാളായിട്ട് ഭൂമി നിറയെ നക്ഷത്രങ്ങളാ, അതങ്ങോട്ട് അഴിച്ചുമാറ്റിയിട്ട് പോരേന്ന് ഞങ്ങളു വിചാരിച്ചു ഷാറേ...

8 comments:

  1. ഹ ഹ ഹ രസകരമായിട്ടുണ്ട്.ആകാശം മുട്ടുന്ന ഈ ആപ്പീസ്.

    ReplyDelete
  2. ഞാനും പട്ടിച്ചനും കൂടെ നടത്തിയ നൈറ്റ് വാക്കില്‍ കണ്ട ആകാശമാണ്. ഇത്ര സ്വസ്ഥമായ ആകാശത്തെ അടുത്തിടെയൊന്നും കണ്ടിരുന്നില്ല. നന്ദി ഷരഫ് സാര്‍.

    ReplyDelete
  3. അല്ലീലും സൂര്യൻ ചേട്ടൻ പണ്ടേ നല്ല കൃത്യ നിഷ്ഠത ഉള്ള ആളാണ്‌ .. ഞാനും അദ്ദേഹത്തെ കണ്ടാ പഠിക്കുന്നത് . അദ്ദേഹം ജനലീക്കൂടെ വെളിച്ചമായി വന്നെന്റെ കാലിൽ തൊടുമ്പോ ഞാൻ എഴുന്നേൽക്കും ...

    ReplyDelete
  4. എഴുന്നേറ്റല്ലോ, സന്തോഷം. എന്നാലിനി വാ പോകാം...

    ReplyDelete
  5. കൃത്യം നിഷ്ഠ

    ReplyDelete
  6. ആപ്പീസ് വിശേഷം ജോറായി..അല്ല ഇവരാരും കൈക്കൂലി ഒന്നും വാങ്ങുകേലേ..

    ReplyDelete
  7. ഇക്കണ്ട കോടിക്കെല്ലാം കൊടുക്കണമെങ്കില്‍ കൈ എത്ര വേണം.. ഹാഹ..

    ReplyDelete