Tuesday 1 April 2014

പക്ഷിയാകാശം

പക്ഷിയാകാശത്ത്
ഗോദറേജ് പൂട്ടുകളുടെ പീടികയില്ല.
അവരെന്തു പൂട്ടിവയ്ക്കാനാണ്...
ഭക്ഷണക്കടകളില്ല.
തേടിവച്ചിരിക്കുന്നിടത്ത് പോയി തിന്നാറില്ല,
വേണ്ടത് തേടിത്തിന്നും.
ദേവാലയക്കെട്ടുകളില്ല.
ആകാശത്തിലെ പക്ഷികളെ നോക്കുവിനെന്നും
ഈ കുരുവികളിലൊന്നിന്‍റെ വിശുദ്ധിയിലേക്ക്
വളരുവിനെന്നുമാണ് ദേവാലയംപറഞ്ഞിട്ടുള്ളത്
ദേവാലയത്തിനെന്തിനാണ് ഇനിയൊരു ദേവാലയം...
കമ്പിസിമന്‍റ് കടകളില്ല..
പക്ഷിവീടിനോട് മുട്ടുവാന്‍
കടവീടുകള്‍ക്ക് എന്ന് ആവുമെന്നാണ്...
പിന്നെ ഒന്നുണ്ട്
മഞ്ഞിന്‍റെ വീട്
മഞ്ഞിന്‍റെ പീടിക
മഞ്ഞിന്‍റെ ദേവാലയം
ശാരികേ ഓമലേ , തെക്ക് തെക്കൊരു നാട്ടിലേക്ക്
ഞാനന്ന് മുട്ട പൊട്ടിച്ച് പോയപ്പോള്‍
കടലെറിഞ്ഞുതന്ന ഒരു പാട്ട്
എന്‍റെ ചുണ്ടിലിരിക്കുന്നുണ്ട്, പാടട്ടേ....
ചോദിച്ചപ്പോള്‍ തന്നെ മുട്ടിയിരുന്ന് കൂട്ടു കൂടിയവളോട്
കൊക്കിലൂടെ ദേശങ്ങളും ദൂരങ്ങളും തുറന്ന്
കടലുകള്‍ തുറന്ന്, മേഘവീട് തുറന്ന്,
താരമുറ്റം തൂത്ത്
താഴെക്കൊമ്പിലിറങ്ങി, കാട് തുറന്ന്
കരളാമവളുടെ കരള്‍ തുറന്ന്
കാട്ടിലൊരു തരിപ്പുണര്‍ത്തി,
കാനമുരിക്കില്‍ ചെമപ്പുണര്‍ത്തി,
പാട്ടിന്‍റെ അറുതി പാടാനായ് ഓമലാളുടെ
തോളിലേക്ക് കയറുമ്പോള്‍
പീടികയും വീടും ദേവാലയവും ഝടുതി തുറന്ന്,
ഒരു വെളുത്ത വിരിയായ് മഞ്ഞിറങ്ങും
അപ്പോള്‍ കാടിന് മുകളിലെ പുണ്യാകാശത്ത്
വിശുദ്ധരല്ലോ പറന്ന് പറന്ന്...
Like 

5 comments:


  1. കമ്പിസിമന്‍റ് കടകളില്ല..
    പക്ഷിവീടിനോട് മുട്ടുവാന്‍
    കടവീടുകള്‍ക്ക് എന്ന് ആവുമെന്നാണ്...

    ReplyDelete
  2. പാടിയും ചൂടുപകർന്നും മുട്ടിയുരുമ്മിയിരിക്കുമ്പോൾ വീടുകളും പീടികളും ദേവാലയങ്ങളും തുറന്ന് വെളുത്ത വിരിയായ് മഞ്ഞിറങ്ങട്ടെ. വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാത്തവർക്ക് അവർ തന്നെ പരസ്പരം പുതപ്പാണല്ലോ. ആ പുതപ്പിനുള്ളിലെ ചൂടിലാണല്ലോ പുതിയ മുട്ടകൾ വിരിയുന്നത്. അവരുടെ പാട്ടാണല്ലോ കാടുണർത്തുന്നതും കാനമുരിക്കിന്റെ ചെമപ്പുണർത്തുന്നതും..

    നല്ല കവിത.

    ReplyDelete
  3. തേടിവച്ചിരിക്കുന്നിടത്ത് പോയി തിന്നാറില്ല,
    വേണ്ടത് തേടിത്തിന്നും.

    ReplyDelete
  4. നന്ദി ഡോ. ഷറഫുദ്ദീന്‍... നമ്മുടെ ഭ്രാന്തിനും കൂത്തിനും ആകാശത്തില്‍ മറുപടിയുണ്ട്. നമ്മുടെ തകര്‍ച്ചക്കും ഉത്ക്കണ്ഠക്കും ആകാശത്തില്‍ ബദല്‍ പാഠങ്ങളുണ്ട്...

    ReplyDelete
  5. വായനക്കും പ്രോത്സാഹനത്തിനും അതിലുപരി ഈ സഹയാത്രക്കും കൂട്ടിനും നന്ദി. വിഡ്ഡിമാന്‍, ബിലാത്തിപട്ടണം..

    ReplyDelete