വ്യാകുലങ്ങളുടെ അമ്മയ്ക്ക് വെച്ചടി വെച്ചടി കേറ്റമായിരുന്നു .
താന്തോന്നിയത് ചെയ്തും, വായില്‍തോന്നിയത് വിളിച്ചുപറഞ്ഞും ഒറ്റപ്പുത്രന്‍
ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കൊപ്പം ശത്രുക്കളെ നേടിയെടുത്തു. നീണ്ട
താടിരോമങ്ങള്‍ക്കുള്ളിലും ദുഷ്ടത നിറഞ്ഞ കണ്‍കളിലും അവര്‍ മേരിക്കായി
തിളക്കമുള്ള വ്യാകുലങ്ങള്‍ കരുതിവച്ചു. നിലത്തിഴയുന്ന മേലങ്കിയുടെ അകത്തും
യാക്കോബിന്‍റെ കിണര്‍ പോലെ ആഴത്തില്‍ ഇരുള്‍ നിറഞ്ഞ ഹൃദയത്തിലും മകനായി
ആയുധങ്ങളും കുരുക്കുകളും സൂക്ഷിച്ചു.
ഉദിച്ചുവെങ്കിലും അന്ന് സൂര്യന്‍ തെളിഞ്ഞില്ല. അകിട് നിറഞ്ഞ് നിന്ന പശുക്കളെ ആരും കറന്നില്ല. തലേദിവസത്തെ ചാരം നീക്കി അടുക്കളയില്‍ തീയ് കൊളുത്തിയില്ല. കാരണം അന്ന് സങ്കടങ്ങളുടെ വെള്ളിയാഴ്ചയായിരുന്നു. ഘനപ്പെട്ട മനസ്സോടെ ചെക്കന്‍ വെറും വയറായി പള്ളിയിലേക്ക് പോയി. അന്ന് പള്ളിയില്‍ കുര്‍ബാന ഇല്ല. ചങ്കു പറിക്കുന്ന വിലാപങ്ങളുടെ നടപടികളാണ്കറുത്ത പുണ്യ വസ്ത്രങ്ങളണിഞ്ഞ വൈദികനും അനുചരന്മാരും അന്ന് നടപ്പാക്കുന്നത്.
എന്‍ജനമേ ചൊല്‍ക, ഞാനെന്തു ചെയ്തു
കുരിശെന്‍റെ തോളിലേറ്റാന്‍ ?
പൂന്തേന്‍ തുളുമ്പുന്ന നാട്ടില്‍ ഞാന്‍ നിങ്ങളെ
ആശയോടാനയിച്ചു.
ആബേലച്ചന്‍റെ അറക്കമില്ല് പ്രവര്‍ത്തിച്ച് തുടങ്ങി. ഓരോ വിശ്വാസിയുടെയും ചങ്ക് ആ മില്ലില്‍ കയറ്റി അറുത്ത് കീറിയെടുക്കുന്ന ദിവസമാണ്. ഗാഗുല്‍ത്താ മലയില്‍നിന്നുള്ള ഉത്തരമില്ലാത്ത ചോദ്യങ്ങളില്‍ കുഴങ്ങി പരവശരായി നില്പാണ് വിശ്വാസികള്‍.
മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായ്,
മുന്തിരിച്ചാറൊരുക്കിവച്ചു,
എങ്കിലുമീ കയ്പുനീരല്ലേ....... അവന്‍റെ തിരുമുറിവുകള്‍ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കുന്ന വിശ്വാസികള്‍ക്കു മുന്‍പില്‍ ഇതാ ഒന്നാം സ്ഥലം.
ഒന്നാം സ്ഥലത്തുതന്നെ അവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു. എന്താണ് അവന്‍ ചെയ്ത കുറ്റം.... . അല്ലെങ്കില്‍ എന്താണ് അവന്‍ ചെയ്യാത്തകുറ്റം....... പരമ്പരാഗതമായി ചെറുപ്രായക്കാര്‍ക്കു മക്കളുണ്ടാകാ ത്ത ഒരു ഗോത്രത്തില്‍ ജനിച്ചു എന്നതാണോ.... കാടുകളുടെയും പക്ഷികളുടെയും കാറ്റിന്‍റെയും പുഴകളുടെയും കൂട്ടുകാരനായ, കൃഷിക്കാരനും ദേഹം മുഴുവന്‍ രോമമുള്ളവനുമായ ഏസോവ് കാട്ടില്‍ പോയി വിശന്നു വന്നപ്പോള്‍, ചുമ്മാ വീട്ടിലിരിപ്പുകാരനും ശരീരത്തില്‍ രോമമില്ലാത്തവനും കുത്സിതബുദ്ധിക്കാരനും അമ്മയ്ക്ക് പ്രിയപ്പെട്ടവനുമായ മറ്റേ മകന്‍ യാക്കോബ് ജേഷ്ഠന്‍റെ വിശപ്പില്‍ കുരുക്കെറിഞ്ഞ് ഒരു പാത്രം പായസത്തിന് മൂപ്പവകാശവും... പിന്നീട് അതേ അമ്മയുടെ ആശീര്‍വാദത്തോടെ ആടിനെ കൊന്ന് ദേഹത്ത് ആട്ടിന്‍രോമങ്ങള്‍ വച്ചുകെട്ടി ആട്ടിറച്ചിപ്പാത്രവുമായി അന്ധനും വൃദ്ധനുമായ അപ്പന്‍റെ അടുക്കലെത്തി വഞ്ചിച്ച് , അപ്പന്‍റെ പ്രിയപ്പെട്ട മകനായ ഏസോവിനുള്ള അനുഗ്രഹങ്ങളും ആശീര്‍വാദവും തട്ടിയെടുത്തു. ഏസോവു തന്നെയോ ? എന്ന് മൂന്ന് പ്രാവശ്യം ഇടറി ചോദിച്ച അപ്പന്‍ ഇസഹാക്കിനെ മൂന്ന് പ്രാവശ്യവും അതേ എന്ന വാക്കിനാല്‍ വഞ്ചിച്ചു. തുടര്‍ന്ന് വഞ്ചനകളുടെ, കൂട്ടക്കൊലപാതകങ്ങളുടെ, സംഘടിതമായ കൊള്ളയുടെ അദ്ധ്യായങ്ങളിലൂടെ വളര്‍ന്ന് തന്‍റെ ദേശത്തും തനിക്കുചുറ്റിലും ആയുധങ്ങളെയും ശത്രുക്കളെയും ആശങ്കകളെയും വളര്‍ത്തിയ ഇസ്രായേല്‍ എന്ന മറുപേരിലറിയപ്പെടുന്ന യാക്കോബിന്‍റെ ഗോത്രത്തില്‍ പിറന്നു എന്നത് ഒരു കുറ്റം തന്നെയല്ലേ......
അപ്പാ എനിക്കായി ഇനി അനുഗ്രഹം ഒന്നും ബാക്കിയില്ലേ എന്ന് അനുജനാല്‍ വഞ്ചിക്കപ്പെട്ട ഏസോവ് കരഞ്ഞുചോദിച്ചപ്പോള്‍ ഇല്ലല്ലോ മകനേ... നിനക്ക് തരാനുള്ളത് വാര്‍ദ്ധക്യത്തില്‍ വഞ്ചിക്കപ്പെട്ടവന്‍റെ അശാന്തി മാത്രം മകനേ.... എന്ന വാക്കുകള്‍ കേട്ട് പുറത്തിറങ്ങി നടന്ന് ,നടന്ന് പുസ്തകത്തില്‍ നിന്ന് പുറത്തേക്ക് നടന്ന് പോയവന്‍റെ കൂടെ കാറ്റും, കിളികളും പുഴയും മേഘങ്ങളും പൂവും പുഞ്ചിരികളും നേര്‍മനസ്സും പുസ്തകത്തില്‍നിന്ന് ഇറങ്ങിപ്പോയി.
നൂറ്റാണ്ടുകളായി ഹൃദയം കഠിനമാക്കിയവരുടെ ഗോത്രത്തില്‍ പിറന്നത് തെറ്റാണ്. സ്വന്തം അമ്മാവനൊപ്പം വര്‍ഷങ്ങള്‍ ജീവിച്ച് സേവിച്ച് പൂജ്യമാക്കി തകര്‍ത്ത് അവന്‍റെ ആടുമാടുകളെയും സ്ത്രീകളെയും സമ്പത്തും കവര്‍ന്ന് വഞ്ചനയുടെ ഒന്നാം പാഠം ജയിച്ച് വന്ന യാക്കോബ് ജീവിതകാലം മുഴുവന്‍ ഒരു ഭീരുവിന്‍റെ കപടനയങ്ങള്‍ തുടര്‍ന്നുപോന്നു. ഏറ്റം വിശുദ്ധമായ പരിഛേദനകര്‍മ്മത്തെ പോലും വഞ്ചനക്കുള്ള ആയുധമാക്കി. ഒരു വിജാതീയഗ്രാമത്തിലെ പുരുഷന്മാര്‍ മുഴുവനും പരിഛേദനം നടത്തി തളര്‍ന്ന് ഉറങ്ങിക്കിടന്ന രാത്രിയില്‍ ഇസ്രായേല്‍ ആ ഗ്രാമത്തെ ആക്രമിച്ച് കൂട്ടക്കൊലയുടെ ആഘോഷം നടത്തി. എല്ലാ അകൃത്യങ്ങള്‍ക്കും കൂട്ടിന് യഹോവയുണ്ടെന്ന് വ്യാജമായി പഠിപ്പിച്ചു. ഏറ്റവും നികൃഷ്ടമായ വഞ്ചന പഠിക്കണമെങ്കില്‍ ഇസ്രായേലിന്‍റെ പാഠശാലകളില്‍ പോയി പഠിക്കുവിന്‍.... ഏറ്റവും കഠിനമായ വസ്തു കാണണമെങ്കില്‍ ഇസ്രായേലിന്‍റെ മേലങ്കിക്കുള്ളിലെ ചീഞ്ഞ ഹൃദയത്തിലേക്ക് നോക്കുവിന്‍!
ആശാരിയുടെ മകന്‍ ആ ഗോത്രത്തില്‍ ജനിച്ചുവെങ്കിലും സമയം കിട്ടിയപ്പോഴെല്ലാം ഏസോവിന്‍റെ ഭൂമിയിലേക്ക് പ്രാര്‍ത്ഥിക്കുവാനായി പോയി. ഏസോവിന്‍റെ തോട്ടത്തിലെ കാറ്റിനെ ശ്വസിക്കുകയും കിളികളുടെ നിര്‍മ്മലത പഠിക്കുകയും ഉയരമുള്ള വൃക്ഷങ്ങളുടെ ആഢ്യത്വം ആവാഹിക്കുകയും ചെയ്തു .സമയം കിട്ടിയപ്പോളെല്ലാം പായസക്കച്ചവടം മുതലുള്ള വഞ്ചനയുടെ ആകെത്തുകയായ ഹൃദയകാഠിന്യത്തെ പുകഴ്ത്തിപറഞ്ഞു. അവരുടെ പിതാക്കന്മാരെ അണലികള്‍ എന്നുവിളിച്ച് ബഹുമാനിച്ചു. അറിയാതെ പോലും ഒരു നന്മ ചെയ്യാതിരിക്കാന്‍ കര്‍ക്കശനിയമങ്ങളെ കൂട്ടു പിടിച്ച ഹൃദയകാഠിന്യക്കാരുടെ മുമ്പില്‍ ആറു ദിവസം നന്മ ചെയ്തും പ്രാര്‍ത്ഥിച്ചും കഴിഞ്ഞുപോന്നവന്‍ പ്രകോപിതമായ ഏഴാം ദിനം നന്മ മാത്രം ചെയ്ത് ഓടിനടന്നു.
യഹൂദര്‍ തങ്ങളുടെ ചൂലുകള്‍ കൊണ്ട് അടിച്ചുകൂട്ടി ദൂരെ വാരിയെറിഞ്ഞ ചപ്പുചവറുകളായ കുഷ്ഠരോഗികള്‍, വേശ്യകള്‍, അവരുടെ മക്കള്‍, മുടന്തര്‍, രോഗികള്‍, അങ്കിയില്ലാത്തവര്‍ എന്നിവരോടൊപ്പം അവന്‍ കാറ്റു കൊണ്ടു, കഥ പറഞ്ഞു, ഭക്ഷണം കഴിച്ചു, ദീനം മാറ്റി, കൂടെയുറങ്ങി, ദേവാലയത്തില്‍ കയറി, വാചാലനായി, അവിടെങ്ങും ദൈവമില്ല എന്നു കണ്ട് അക്രമാസക്തനായി, ബലിപീഠത്തില്‍ കച്ചവടലാഭങ്ങള്‍ എണ്ണികണക്കാക്കുന്നവരെ മര്‍ദ്ദിച്ചു.
ആബേലച്ചന് എന്തു പറ്റി.... ഇത്രയൊക്കെ കുറ്റം പോരേ.... ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തു.... എന്ന് അറക്കവാളിന് അറക്കുന്നത് എന്തിനാണ്....
മാലാഖമാര്‍ക്കെല്ലാം ആനന്ദമേകുന്ന മാനത്തെ പൂനിലാവേ,
ആരറിഞ്ഞാഴത്തിലല തല്ലി നില്ക്കുന്ന നിന്‍മനോവേദന.....
അങ്കികള്‍ അങ്കികളോട് ചേര്‍ന്നുനിന്ന് ദുഷ്ടതയുടെ മുട്ടക്ക് ചൂട് പകര്‍ന്നു. നീണ്ട ക്രൂരമുഖങ്ങളിലെ താടികള്‍ കൂടിയാലോചിച്ചു. കഠിനഹൃദയത്തിന്‍റെ ഹയര്‍പരീക്ഷകള്‍ പാസ്സായ പുണ്യവാളന്മാര്‍ ഏസോവിന്‍റ തോട്ടത്തിലെ കിളിയെ എറിഞ്ഞുവീഴ്ത്താന്‍ തീരുമാനിച്ചു. പീലാത്തോസ് നീതിയുടെ പീഠത്തിലിരുന്നപ്പോള്‍ അവര്‍ കോറസ്സായി പറഞ്ഞു,
ഇവന്‍ ഞങ്ങളുടെ പള്ളി തകര്‍ത്ത് മൂന്ന് നാള്‍ കൊണ്ട് വേറെ പണിയുമെന്ന് പറഞ്ഞു.
സാബത്തില്‍ വേശ്യയുടെ കാളയെ കിണറ്റില്‍നിന്നെടുത്ത് കഞ്ഞിവെള്ളം കൊടുത്തു.
അന്ധന്‍ മക്കാവൂസിന്‍റെ കണ്ണില്‍ മരുന്നെഴുതികണ്ണു തുറന്ന് സൃഷ്ടിയെ പരിഹസിച്ചു.
തെറ്റ് എന്തെന്ന് അറിയുന്നതിനും മക്കള്‍ക്ക് കാണിച്ചുകൊടുക്കുന്നതിനുമായി ഞങ്ങള്‍
പോറ്റിയിരുന്ന മഗ്ദലനായിലെ മറിയത്തെ ഇവന്‍ വഴി തെറ്റിച്ചു.
അറക്കുവാന്‍ ബലിപീഠത്തിലേക്ക് കൊണ്ടുവന്ന ബലിമൃഗങ്ങള്‍ക്ക് ഇവന്‍ ഉമ്മ കൊടുത്തു
നികൃഷ്ടരായ കുഷ്ഠരോഗികള്‍ക്കൊപ്പം താമസിച്ചും കുഷ്ഠത്തെ ഇല്ലാതാക്കിയും
ഞങ്ങളെ അവന്‍ നിരാശരാക്കി.
ഇവന്‍ മരണശിക്ഷക്ക് അര്‍ഹനാണ്
നീതിവിസ്താരത്തിന്‍റെ ഒന്നാം ചോദ്യത്തിന് വായ് തുറന്നപ്പോള്‍ പീലാത്തോസിന്‍റെ തൊണ്ടയില്‍ ചൂണ്ട പോലെ എന്തോ ഉടക്കി. എങ്കിലും അവന്‍ ചോദിച്ചു.
.........നീ ആരാണ്..... എവിടെ നിന്ന് വരുന്നു......
ഏസോവിന്‍റെ തോട്ടത്തിലെ പ്രശാന്തിയിലേക്കും ഔന്നത്യമുള്ള മരങ്ങളിലെ കിളിഹൃദയങ്ങളിലേക്കും വെറുതെ നോക്കിനിന്നതല്ലാതെ അവന്‍ മറുപടി പറഞ്ഞില്ല.
.......ഇവര്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ നീ ചെയ്തിട്ടുണ്ടോ.....
കൊട്ടാരത്തിന്‍റെ കൂറ്റന്‍ ഗെയ്റ്റിന് പുറത്ത് താന്‍ തൊട്ടുസുഖപ്പെടുത്തിയവരുടെ ഹൃദയവിശുദ്ധിയിലേക്ക് പുഞ്ചിരിയെറിഞ്ഞു നിന്നതല്ലാതെ പീലാത്തോസിന് നേരെ ഒരു നോട്ടം പോലും അവന്‍ അനുവദിച്ചില്ല.
മൌനമെന്ന മഹാസാഗരത്തിലെ തുള്ളികള്‍ മാത്രമായ അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവന്‍ മൌനത്തിന്‍റെ മഹാസാഗരത്തെ മറുപടിയായി നല്‍കി.
ഏസോവിന്‍റെ കിളികള്‍ക്കൊപ്പം, വഞ്ചിക്കപ്പെട്ട അന്ധവൃദ്ധനും പിതാവായ അബ്രാഹമും തന്‍റെ പിതാവായ മഹാമൌനവും തോട്ടത്തിലെ നിലാവെണ്മയില്‍ ഉലാത്തുന്നത് ദൂരമിഴികള്‍ കൊണ്ട് കണ്ടുനിന്നപ്പോഴാണ് അടുത്ത ചോദ്യം ....
നീ രാജാവാണോ.... നിന്‍റെ രാജ്യം എവിടെയാണ്......
അവന്‍ മൌനം വെടിഞ്ഞു. എന്‍റെ രാജ്യം ഐഹികമല്ല. ഏസോവിന്‍റെ തോട്ടത്തിലേക്ക് കൈകളും കണ്‍കളും ചൂണ്ടി അവന്‍ പറഞ്ഞു. അതാണ് എന്‍റെ രാജ്യം. മനസ്സുകളുടെ നേരാണ് എന്‍റെ ധനം. കേട്ടുനിന്ന പുണ്യാത്മാക്കള്‍ വീണുകിട്ടിയ ദൈവദൂഷണത്തില്‍ സംതൃപ്തരായി. ആബേലച്ചന്‍റെ അറക്കവാള്‍ ശബ്ദിച്ചു.
എത്തീ വിലാപയാത്ര.. കാല്‍വരിക്കുന്നിന്‍ മുകള്‍പരപ്പില്‍.......
പിന്നീട് അവന്‍ തല താഴ്ത്തി കിളികളെയും പുഴകളെയും കണ്ടു. വ്യാകുലങ്ങളുടെ അമ്മയെ കണ്ടു. പുസ്തകത്തില്‍നിന്ന് ഇറങ്ങിപ്പോയവന്‍റെ പ്രശാന്തിയിലേക്ക് തന്‍റെ ആത്മാവിനെ സമര്‍പ്പിച്ചു.
ആബേലച്ചന്‍ അറുത്ത് മുറിച്ചിട്ട ചങ്ക്, കരള്‍ എന്നിവയുടെ പുറത്ത് കപ്യാര്‍ കുഞ്ഞേട്ടന്‍ മരമണിയടിച്ച് ചെക്കന് തല ചുറ്റുന്ന പീഡാസഹനങ്ങള്‍ സമ്മാനിച്ചു .കയ്പുനീര്‍ കുടിച്ച് ബാക്കിയായ ജീവന്‍ കൈയിലെടുത്ത് ചെക്കന്‍ വീട്ടിലേക്ക്. ഉയരമുള്ള മരങ്ങളില്‍ ഏസോവിന്‍റെ കിളികളെ തിരഞ്ഞ്......

ഇസ്രായേല്‍... ഗാസാ മുനമ്പ്....മിസൈലുകള്‍... ഗോലാന്‍ കുന്നുകള്‍