Thursday, 21 March 2013

ആ മക്കള്‍ക്ക് സ്വപ്നത്തിന്‍റെ നിറമാണ്


            ഉറുമ്പുകല്ലുകളെല്ലാം പിള്ളേര്‍ പെറുക്കിമാറ്റിക്കോണം , ഞാനും ദേവസ്യായും കൂടെ കയ്യാല കെട്ടിക്കേറ്റി നിരപ്പാക്കിത്തരും. ചാച്ചന്‍റെ നിര്‍ദ്ദേശമാണ്. ചാച്ചന്‍റെ ഈ വര്‍ഷത്തെ പുതിയ സംരംഭമാണ് തോട്ടത്തിലെ കിഴക്കാംതൂക്ക് വരക്കെട്ടിന് കയ്യാല കെട്ടി നടുനിലകൃഷികള്‍ ചെയ്യുക എന്നത്. തോട്ടി , വടി , കയര്‍ ഇങ്ങനെയുള്ള സംഭവങ്ങളുമായി പര്‍വ്വതാരോഹണത്തിന് പോകുന്ന വിശേഷാല്‍ മനുഷ്യര്‍ക്കേ അവിടെ കാല് ചവിട്ടി കയറാന്‍ പറ്റൂ. എലികളും പിറകേ പാമ്പുകളും കയറിപ്പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മഴക്കാലത്ത് പുല്ലും പള്ളയും ശടേന്ന് മുളച്ച് പടര്‍ന്ന് ഒരു കാടായി വളരും. വേനല്‍ തുടങ്ങുമ്പോഴേ എല്ലാം ഉണങ്ങി പാറ തെളിയുന്ന സുന്ദരന്‍ വരക്കെട്ട് . ഇന്ന സ്ഥലത്ത് ഇന്നതേ ചെയ്യുകയുള്ളൂ എന്ന് ചാച്ചന്‍ വിചാരിച്ചാല്‍ അല്ലെന്ന് ആരാ പറയുക ? പാപ്പനും അമ്മച്ചിയും മരിച്ചുപോയില്ലേ ?

            ദേവസ്യാമൂപ്പനാണ് അസിസ്റ്റന്‍റ് . തേങ്ങയിടുന്ന ദേവസ്യാമൂപ്പനല്ല. ഇത് മുണ്ടക്കല്‍ ദേവസ്യാമൂപ്പന്‍. കയ്യാലകെട്ട് സൈഡ്പണി മാത്രം. ദൈവത്തിന്‍റെ പണിയാണ് പ്രധാനം. ഒന്നുമില്ലായ്മയില്‍ നിന്ന് ഭയങ്കര സംഭവങ്ങള്‍ ഉണ്ടാക്കും. പാളത്തൊപ്പി, പിച്ചാത്തി, അടക്ക, വെറ്റില, പുകയില എന്നിവയാണ് പ്രധാന ആയുധങ്ങള്‍. ഒറ്റ വെട്ടിന് ഈറ്റക്കമ്പ് മുറിച്ചെടുത്ത് ചുട്ടുപഴുപ്പിച്ച കമ്പി കൊണ്ട് തുളച്ച്, ഒന്നു വലുതും ബാക്കി ചെറുതുമായി, ഏഴു തുളകള്‍ ഇടും. ഒരറ്റം മെഴുകിന് അടയ്ക്കും. പിന്നെ മുണ്ടക്കല്‍ മുറ്റത്തെ പാറപ്പുറത്തിരിക്കും. വൈകുന്നേരങ്ങളിലാണ്. വെളിച്ചമങ്ങുപോയുമില്ലാ, ഇരുളിങ്ങ് വന്നുമില്ലാ സമയത്ത്. ദേവീ....ശ്രീദേവി...യിലാണ് തുടക്കം. അമ്പലനടയിലും കണ്ടില്ല....നിന്നെ അരയാല്‍തറയിലും കണ്ടില്ല...എന്‍റെ തുളസിത്തറയിലിരുന്നില്ല..... വീട്ടുമുറ്റത്തു നിന്നാല്‍ എതിര്‍ മലയായ മുണ്ടക്കല്‍ മലയില്‍ നിന്ന് ഈ ഓടക്കുഴല്‍പാട്ട് ഒഴുകി വരുന്നത് കേള്‍ക്കാം. സംഗീതത്തെ ' ചങ്ങീതം'  എന്നു വിളിക്കുന്ന എന്‍റെ വീട് അപ്പോള്‍ കുരിശുവര ആരംഭിക്കും. കുരിശ് നാക്കുകൊണ്ടും സംഗീതം ചെവി കൊണ്ടും ഞാന്‍ കൈകാര്യം ചെയ്യും. പ്രാണസഖീ.... ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍.......പാടി പരിപാടി അവസാനിപ്പിക്കുന്നതിനു മുമ്പ് ഞാന്‍ ഉറങ്ങിയിട്ടുണ്ടാകും. ദേവസ്യാമൂപ്പന്‍ സൃഷ്ടിക്കുന്ന രണ്ടാമത്തെ വസ്തുവും ചെവിക്കുവേണ്ടിയാണ്. പനയോല കീറിയുണക്കി ത്രികോണേല്‍ കോട്ടി വെടിമരുന്ന് നിറച്ച് ഓലപ്പടക്കം. രൂപെഴുന്നള്ളീരിന്......ന്‍റമ്മോ.....  എന്നു പറഞ്ഞുപോകുന്ന പടക്കങ്ങള്‍ ദേവസ്യാമൂപ്പന്‍റെ സൃഷ്ടികളാണ്. പിന്നെയുള്ളത് വെറും പിച്ചാത്തിപ്രയോഗങ്ങളാണ്. രണ്ട് ചെത്ത് , ഒരു വര , രണ്ട് കുത്ത് ...ചക്കമടലില്‍നിന്ന് കുതിര, ഓലക്കീറില്‍ നിന്ന് പക്ഷികള്‍ , കുടപ്പനക്കൈയില്‍ നിന്ന് പശുമോന്ത അങ്ങനെയുള്ള കൌതുകങ്ങള്‍. കൈയില്‍ തരുമ്പോള്‍ ഒരു വിശേഷാല്‍ ചിരിയുണ്ടാകും മുഖത്ത്. അല്പസമയത്തേക്ക് മാത്രമുള്ള ഈ ചിരി അപ്പോള്‍തന്നെ കണ്ടില്ലെങ്കില്‍ പോയി. കലാകാരന്മാര്‍ അങ്ങനെയാണ് , വല്ലപ്പോഴുമേ ചിരിക്കൂ..

            പൂളു പെറുക്കിക്കോണ്ടു വാ കൊച്ചേ.... ഇനി അതിനും കൂടെ മൂപ്പന്‍ പോണോ.....  കല്ലുകള്‍ കോര്‍ത്തുകെട്ടി അടുക്കി വരുമ്പോള്‍ ചില ജ്യോമെട്രിക് ഷേപ്പുകളില്‍ വിടവുണ്ടാകും .അതടയ്ക്കണമെങ്കില്‍ ആ വിടവിന്‍റെ രൂപവലിപ്പങ്ങളിലുള്ള പൂള്കല്ല് വേണം. ഒരു സമപാര്‍ശ്വത്രികോണത്തിന്‍റെ രൂപത്തിലുള്ള പൂളിനാണ് മൂപ്പന്‍ ഇപ്പോള്‍ വട്ടം ചുറ്റുന്നത്. ഏതു കയ്യാലയ്ക്കും വേണ്ട പൂളുകള്‍ അവിടെത്തന്നെ കാണുമെന്നാണ് കയ്യാലശാസ്ത്രം. ദേ ചിരിച്ചോണ്ട് കിടക്കുന്നു സമപാര്‍ശ്വന്‍ മൂന്ന് കല്ലിനപ്പുറം. എടുത്തുകൊടുത്തു. ചാച്ചനാണെങ്കില്‍ ഏകദേശം ഒത്താല്‍ മതി , ചുറ്റികയ്ക്ക് അടിച്ചുകയറ്റും. മൂപ്പനങ്ങനെയല്ല , പെര്‍ഫക്ട് പൂളുതന്നെ വേണം. ഇതു കറക്ട് പൂളുതന്നെ. ചുറ്റികയ്ക്ക് ഒന്ന് തലോടിയപ്പോള്‍ അവന്‍ അവിടെ എന്നേക്കുമായി സീറ്റിംഗിലായി.

            ചാച്ചന്‍റെ ഇക്കൊല്ലത്തെ പദ്ധതി പൊട്ടുമെന്നു തന്നെയാണ് ഞാന്‍ കരുതിയത്. അവിടെങ്ങും മണ്ണില്ല. അതുതന്നെ കാര്യം. കല്ല് മാത്രമേയുള്ളൂ. എന്നാല്‍ വാനം മാന്തിയ കുഴിയിലേക്ക് കല്ലുകള്‍ കമ്പിക്ക് കുത്തിയിളക്കിയിട്ടപ്പോള്‍ എവിടെനിന്നൊക്കെയാ മണ്ണ് തെളിഞ്ഞുവന്നു. കല്ല് പൊടിഞ്ഞുണ്ടായ പൊടിയാണ്. അല്പസ്വല്പമേയുള്ളൂ. ഓരോ നിര കല്ല് വച്ച് കഴിയുമ്പോള്‍ ചാച്ചന്‍ തൂമ്പയെടുത്ത് കിളയ്ക്കും . കിളയ്ക്കുന്നത് കല്ലിന്‍റെ പുറത്താണ്. പക്ഷേ എവിടെനിന്നോ മണ്ണ് തൂമ്പയോടൊപ്പം കാല്‍ചുവട്ടിലേക്ക് എത്തുന്നുണ്ട്. തൂമ്പക്കൈയ്ക്കകത്തുനിന്നാണോ എന്നുപോലും ഞാന്‍ സംശയിച്ചു. ഓരോ നിര കല്ല് പണിയുമ്പോഴും ആവശ്യമായ മണ്ണ് എവിടെനിന്നോ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത്ര തന്നെ.

            ഒരു ദിവസം ഒരു കയ്യാല പൂര്‍ത്തിയാക്കി നിരപ്പ് വയ്ക്കും ആ കയ്യാലവിരിവിന്‍റെ മുകളിലെ എല്ലാ അനാവശ്യങ്ങളും ...കൊട്ടക്കല്ല്, പാഴ്കല്ല് , ഉറുമ്പുകല്ല് എല്ലാം പെറുക്കിമാറ്റും. മാറ്റുന്നത് പിള്ളേരാണ്. കയ്യാലകെട്ടി തളര്‍ന്ന മൂപ്പനും ചാച്ചനും ഓരോ കല്ലിലിരുന്ന് ഈ കാഴ്ച കണ്ട് മുറുക്കിത്തുപ്പും.

            ജയ് ...ജയ് ..ഉറുമ്പുകല്ല്... ജയ് ..ജയ്.. കൊട്ടക്കല്ല്... ഇങ്ങനെ ജയ് വിളിച്ചുകൊണ്ട് മൂട് തേഞ്ഞ വള്ളിക്കൊട്ടകളില്‍ കല്ല് പെറുക്കി നിറയ്ക്കും പിള്ളേര്‍.  താഴത്തുപറമ്പന്‍റെ സ്വന്തം വക ഏഴും അയല്‍പക്കകുഞ്ഞുങ്ങള്‍ അഞ്ചും ചേര്‍ന്ന് 12 പേര്‍ കല്ലുകളോട് സമരം ചെയ്യും. ഇടതുവശത്തുള്ള ഇടുമാംകുഴി തോട്ടിലേയ്ക്ക് കൊട്ട തോളില്‍ വച്ചല്ല കൊണ്ടുപോകുന്നത്. നാലുപേര്‍ ചേര്‍ന്ന് വലിച്ചും നാലുപേര്‍ പിറകില്‍നിന്ന് ഉന്തിയും നടത്തുന്ന ഒരു ഉപരിതല ഗതാഗത സംവിധാനത്തിലൂടെയാണ് ചെറുകല്ലുകള്‍ നീക്കം ചെയ്യുന്നത്. ബാക്കി നാലു പേര്‍ അവര്‍ക്കു യുക്തമെന്നു തോന്നുന്ന ...പോടാ   പോടാ കല്ലന്‍കുഞ്ഞേ.... തോടേ പോടാ മല്ലന്‍കുഞ്ഞേ... മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടിരിക്കും.

          40 സെന്‍റ് വരുന്ന പാഴ്ഭൂമിയില്‍ 15 ദിവസം കൊണ്ട് 17 കയ്യാലകള്‍ തീര്‍ത്ത് നല്ല വെടിപ്പാക്കി. എല്ലാ കയ്യാലകള്‍ക്കും കയറിയിറങ്ങാന്‍ ചവിട്ടുകല്ലുകളുണ്ട്. അവധിക്കാലമായിരുന്നതിനാല്‍ മണല്‍തരിയുടെ വലിപ്പമുള്ള പൊടിക്കല്ലുകള്‍ പോലും പിള്ളേര്‍ സംഘം പെറുക്കികളഞ്ഞു. പാറ പൊടിഞ്ഞ ധാതുസമൃദ്ധമായ മണ്ണ് എന്തിനും തയ്യാറായി ആകാശത്തിന് താഴെ ഒരുങ്ങിക്കിടന്നു. ഒരു മഴ കാത്ത്, സര്‍വ്വപ്രദായിനിയായ മണ്ണ്, ചമഞ്ഞൊരുങ്ങിയ പെണ്ണിനെപ്പോലെ  ദൂരെ നിന്നും വരാനുള്ള ഒരാള്‍ക്കായി വഴിക്കണ്ണുകള്‍ കൊളുത്തി.

          നാലാം നാള്‍ അയാള്‍ വന്നു. ആകാശത്ത് തിളക്കമുള്ള കൊയ്ത്തരിവാളുകളാണ് ആദ്യം കണ്ടത്. പിന്നെ വന്ന പ്രചണ്ഡ മാരുതനൊപ്പം അയാളും വന്നു. ദാഹാര്‍ത്തയായ ഭൂമിക്കുമേല്‍ അയാള്‍ പാതിരാവ് വരെ പെയ്ത്നിന്നു. ഭൂമി മൃദുലയും തരളിതയും ഉര്‍വ്വരയുമായി.

           ഒരു വെട്ടുകിളത്തൂമ്പാപ്പാട് മണ്ണ് നനഞ്ഞ് മഴയിറങ്ങിയിട്ടുള്ളതായി രാവിലെ ഭൂമിയില്‍ തൂമ്പയെറിഞ്ഞ് താഴത്തുപറമ്പന്‍ അളവെടുത്തു. പിന്നെ ഒച്ചപ്പാടുകളുടെ പെരുന്നാളായിരുന്നു. അടുക്കി സൂക്ഷിച്ചിരുന്ന കപ്പക്കമ്പുകള്‍ ആറു മുട്ട് നീളത്തില്‍ വെട്ടിയൊടിച്ച് വല്ലക്കൊട്ടയില്‍ നിറച്ചു. ഉണങ്ങിമൂടിയിട്ടിരുന്ന ചാണകപ്പൊടി കുട്ടകളില്‍ കയറി. നിലവറ ചവിട്ടി തുറന്നപ്പോള്‍ പ്രതിഷേധവുമായി ഒരു പൊരുന്നക്കോഴി ഒച്ചവച്ചിറങ്ങി പോയി. നിലവറക്കുള്ളില്‍നിന്ന് മുളക്കാച്ചില്‍, മുളച്ചേന , ചേമ്പ് വിത്ത് എന്നിവ പുറത്തുവന്നു. എല്ലാവരും ചേര്‍ന്ന് കയ്യാലപ്പറമ്പിലേക്ക് യാത്ര പോയി.

            നട്ടപ്പോള്‍ നടുവറിഞ്ഞില്ല. പാഴിലകളും കരിയിലയും പുരകെട്ടിന്‍റെ പഴയോലകളും ചേനത്തടത്തില്‍ കൂട്ടിയിട്ടു. കപ്പയുടലുകള്‍ക്കു മുകളില്‍ ഓമനക്കുട്ടന്‍മാരായി രണ്ടു കണ്ണുകള്‍ തുറന്നുവച്ച് കപ്പക്കോലുകള്‍ നിരന്നു. ബാക്കി കണ്ണുകള്‍ മണ്ണിനടിയില്‍ ജീവന്‍റെ രസങ്ങളിലേക്ക് വേര് മുളപ്പിച്ചു.

            കഴിഞ്ഞുപോയത് നാലുനാളോ ആറുനാളോ എന്ന് ഓര്‍മ്മയില്ല. അതിരാവിലെ, കൂട്ടിലെ പശു പോലുമുണരും മുമ്പ് ചാച്ചന്‍ ഒരു കള്ളനെ പോലെ ഇറങ്ങി വരുന്നു , കയ്യാലപറമ്പില്‍നിന്ന് വീട്ടിലേക്കുള്ള വഴിയിലൂടെ. കൌതുകം ഉണ്ടാക്കിത്തരുമ്പോള്‍ ദേവസ്യാമൂപ്പന്‍ ചിരിക്കുന്ന ഇനത്തിലുള്ള ഒരു ചിരി ഒളിപ്പിച്ചിട്ടുണ്ട് ചുണ്ടില്‍. ഞാന്‍ ഒന്നും ചോദിക്കാന്‍ പോയില്ല. ഒതുക്കത്തില്‍ ഉടനെ വച്ചുപിടിച്ചു തോട്ടത്തിലേക്ക് ഞാനും , ഒന്നുമറിയാത്ത മട്ടില്‍ .

           അമ്മേ...... വീണ്ടും വീണ്ടും അമ്മേ..... കൊഴുത്തപച്ചനിറത്തില്‍ അടിയിലകളും ചെഞ്ചുവപ്പില്‍ തളിരിലകളുമായി കപ്പക്കണ്ണന്മാര്‍ അസംബ്ളിക്ക് നിരന്ന് നില്ക്കുന്നു. എന്തൊരു ജീവന്‍. !!......  എന്തൊരു പച്ചപ്പ്!!  കാച്ചില്‍ മുളച്ച് വള്ളി നീട്ടി അറ്റം വളഞ്ഞ് ...എവിടെ താങ്ങുകോല്‍....? എന്ന് ചോദ്യചിഹ്നമായി നില്ക്കുന്നു.   ചേന ! ചേന നട്ടിടത്ത് അമ്മേ എന്താണത് ? ലോകത്തിലെ ഏറ്റവും നല്ല കാഴ്ചയ്ക്ക് മുമ്പില്‍ ഞാനങ്ങനെ അനങ്ങാതെ നിന്നുപോയി. ഭൂമി തുളച്ച് ഉറച്ച നിശ്ചയക്കരുത്തില്‍ പച്ച ഉലക്കകള്‍ ഉയര്‍ന്നുനിനല്ക്കുന്നു . അടിഭാഗേ തത്തമ്മപ്പച്ചയില്‍ വെള്ളക്കലകള്‍ . മുകളില്‍ പൊളിഞ്ഞുവിടര്‍ന്ന കൂമ്പിന്‍റെ നിറം ഞാന്‍ പറയട്ടെ . ......... അതിന് സ്വപ്നങ്ങളുടെ നിറമാണ് !!





Like · · · Promote ·

Thursday, 14 March 2013

പുതിയ ആകാശം , പുതിയ ഭൂമി , കാപ്പി പൂത്തു !!



          കയറുന്തോറും വളരുന്ന ഒരു മരത്തില്‍ മാടത്തയുടെ കൂട് എടുക്കാന്‍ കയറിയതായിരുന്നു. എത്ര കയറിയിട്ടും മാടത്തപ്പൊത്തിലെത്താനാവാതെ വിയര്‍ത്ത് താഴേക്ക് നോക്കിയപ്പോള്‍ കയറിപ്പോന്ന ഉയരങ്ങള്‍ കണ്ട് ഭയപ്പെട്ടുപോയി . എങ്ങനെ ഇറങ്ങും എന്ന് വേവലാതിപ്പെട്ടു.അമിതമായി വിയര്‍ത്തതിനാല്‍ ബോധമണ്ഡലത്തിന് നനവ് പറ്റുകയും ഒരു ഞെട്ടലിനൊപ്പം ആക്രാന്തപ്പെട്ട് ഉറക്കമുണരുകയുമായിരുന്നു .

         ഒരു ശബ്ദം കേള്‍ക്കുന്നുണ്ട്. അമ്മ അടുക്കളയില്‍ തേങ്ങ ചുരണ്ടുന്നതാണ്. തലേന്നു പെയ്ത മഴയുടെ ബാക്കിത്തുള്ളികള്‍ ഇറവാലത്ത് ഒന്നും രണ്ടുമായി വീഴുന്ന സ്വരവും കേള്‍ക്കാം. തല്കാലം എഴുന്നേല്ക്കണ്ട. എഴുന്നേറ്റാല്‍ രണ്ട് അപകടങ്ങളാണ്. ചിലപ്പോള്‍ മൂന്നുമാകാം. ഒന്ന് രാവിലെ പള്ളിയില്‍ പറഞ്ഞുവിടും അമ്മ. രണ്ട് പണിക്കന്‍റെ ഓലിയില്‍ വെള്ളം  കോരാന്‍ പോകണം. മൂന്ന് അര ലിറ്റര്‍ പാല്‍ ചായക്കടയില്‍ കൊടുക്കാന്‍ പോകണം. ഒരു ലിറ്ററെങ്കിലും ഉണ്ടായിരുന്നെങ്കി്ല്‍ നാണമാകില്ലായിരുന്നു.എന്നെ പ്പോലെ ഏഴു പേര്‍ കൂടെ മാടത്തക്കൂട് എടുക്കാന്‍ കയറി ക്ഷീണിച്ച് അടുത്ത മുറികളില്‍ കിടപ്പുണ്ട്. ഇപ്പോള്‍ എഴുന്നേല്ക്കാതിരുന്നാല്‍ അവരിലോരോരുത്തര്‍ എണീറ്റ് ഓരോന്ന് ചെയ്തോളും.

         ഇല്ല...രക്ഷയില്ല. അമ്മ അടുത്തുവരുന്നത് അറിയുന്നുണ്ട്. ഇപ്പോള്‍....ഇപ്പോള്‍തന്നെ എഴുന്നേല്പിക്കും. ദേഹത്ത് തൊടുന്നതിന് മുമ്പ് ചാടിയെഴുന്നേറ്റു. വെള്ളിയാഴ്ചയല്ലേ....പള്ളീല്‍ പോകണ്ടേയമ്മേ....എന്ന അമ്പ് ഒരെണ്ണം അങ്ങോട്ട് തൊടുത്തു.

         പല്ല് തേച്ച്, കട്ടന്‍ കുടിച്ച്, മുടി ചീകി മുറ്റത്തേക്ക് ഇറങ്ങി . അങ്ങനെ ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ എനിക്കെന്തുമാത്രം നഷ്ടം വന്നേനെ.... വെള്ളയാണ് , വെള്ള. ! അങ്ങ് താഴെ മുട്ടന്‍തോട് വരെ . വെണ്മയാണ് വെണ്മ.! മുറ്റത്തിന് തൊട്ടുതാഴെ മുതല്‍ ഈശോമിശിഹായേ..... നിന്‍റെ പൂങ്കാവനം വരെ !. എന്താ മണം... ആഞ്ഞു വലിച്ചു. ഹായ്..... ഹായ്... കാപ്പി പൂത്തു .

         കാപ്പിയായ കാപ്പിയെല്ലാം വെളുത്ത പൂവിട്ടു . ലോകത്തില്‍ ആകെ എത്ര കാപ്പികളുണ്ട് ? എല്ലാം പൂത്ത് പുണ്യമായി നില്പാണ്. ഓടി...ഇടവഴി, ഇടവഴി , കാപ്പികളുടെ ഇടവഴി മലങ്ങനെ വിലങ്ങനെ ഓടി .. ഇടക്ക് ഓട്ടം നിര്‍ത്തി . ഒരു കാപ്പിയെ കെട്ടിപ്പിടിച്ചു .എന്തു ഭയങ്കര രസമാണ് നിന്നെ കാണാന്‍ !

         പെരുന്തേനീച്ചകള്‍ അഥവാ പണ്ട് കൃഷ്ണന്‍കുട്ടിയെ കുത്തിയ കൃഷ്ണന്‍കുട്ടിയീച്ചകള്‍ , കരിഞൊടിയല്‍ , വെള്ളഞൊടിയല്‍ തേനീച്ചകള്‍ , ചെവിക്കുള്ളില്‍ കയറി കുസൃതി കാണിക്കുന്ന ചെറുതേന്‍ പിള്ളേരീച്ചകള്‍ , വരിവരിയായി നടക്കുന്ന മര്യാദനുറുമ്പുകള്‍ , ചുണ്ടത്ത് സൂചിയുള്ള സൂചിമുഖിപ്പക്ഷികള്‍ , വണ്ടുകള്‍ , തങ്കമ്മപ്പറപ്പകള്‍ .........  ഇനിയാരുമില്ലേ ........വരാന്‍ ???

         ഇവരൊക്കെ എങ്ങനറിഞ്ഞു ഈ മഹാസംഭവം ? ഉറങ്ങാന്‍ കിടന്ന ഭൂമിയല്ല രാവിലെ ഉണര്‍ന്ന ഭൂമി . പുത്തന്‍ വെള്ളയുടുപ്പിട്ട്, പുതുമണം തളിച്ച്, പുതിയ ഭൂമി . പുതിയ ഭൂമിയെ കാണാന്‍ ആകാശത്തുള്ള എല്ലാ ഗോപീകൃഷ്ണന്‍മാരും മൂളിപ്പറന്ന് വന്നിട്ടുണ്ട് . എലുകക്കയ്യാലക്കു മേല്‍ വലി്ഞ്ഞുകയറി  നോക്കിയപ്പോളല്ലേ തലകറങ്ങുന്ന കാഴ്ച... മുട്ടന്‍തോടിനുമക്കരെ കോലോത്തു പറമ്പും ചക്കനാല്‍ പറമ്പും കടന്ന് ദാമോദരന്‍ പാറ വരെ വെളുത്ത വെണ്മക്കടല്‍ . ദൂരെ നിന്ന് പോരാ , ഈ കടലിന് ഒത്ത നടുവില്‍ തന്നെ നില്ക്കാനുറച്ച് ഓട്ടം തുടങ്ങി .പൊട്ടന്‍ചക്കപ്ളാവും ഉപ്പൂട്ടില്‍ഓലിയും കഴിഞ്ഞപ്പോള്‍ വഴി തടയുന്നു ഒരാള്‍ . പൂത്തുതളര്‍ന്ന ഒരു കാപ്പിക്കൊമ്പാണ് . കഴിഞ്ഞ കാപ്പിക്കുരു കാലത്ത് ആരോ പിരിച്ചൊടിച്ച  കമ്പാണ് . തായ്ത്തടിയുമായി തോല്‍ബന്ധം മാത്രം മിച്ചം നിന്നിട്ടും യാതൊരു പ്രതിഷേധവും കൂടാതെ നിറയെ പൂത്ത് ആ ക്ഷീണത്തില്‍ വഴിയിലേക്ക ചാഞ്ഞ് വീണ് കിടക്കുന്നു.         നിന്നു .    ബഹുമാനപൂര്‍വം .      എടുത്തുയര്‍ത്തി അപ്പുറം കടന്ന് സാവധാനം താഴ്ത്തി നിലത്തുവച്ചു . ഞാനൊരായിരം കൊല്ലം ജീവിച്ചാലും , ഒടിഞ്ഞ കമ്പേ , നിന്നെ പോലെ ചിരിച്ച് വീണ് കിടക്കാന്‍ ഒരിക്കലും കഴിയില്ല.

        ' ഇത്ര വെളുപ്പ് വെളുപ്പിന്നുണ്ടോ ' എന്ന് പൂക്കളെ കണ്ട് സന്ദേഹിച്ച കവി ആരായിരുന്നു .... ചിലപ്പോള്‍ ഞാന്‍ തന്നെ ആയിരിക്കും . ആരെങ്കിലുമാകട്ടെ... കാപ്പികള്‍ക്കു മുകളില്‍ വലിയ മൂളിപ്പാട്ടുകളുമായി ഉല്ലാസപ്പെരുനാള്‍ ആഘോഷിക്കുന്ന ഈച്ച , പറപ്പ , പക്ഷി മഹാന്മാര്‍ക്കൊപ്പം കാപ്പിച്ചുവട്ടില്‍ ഈ ലോകത്തിലെ വള്ളിനിക്കര്‍ പിള്ളാരെല്ലാം ഓടിക്കളിക്കണം ഇന്ന് . എല്ലാവരും വരീന്‍ . ഇന്ന് പഠിത്തം ഇല്ല . കാപ്പി പൂത്ത അവധിയാണിന്ന് . വെള്ളപെരുന്നാളവധിയാണിന്ന് . ആ മന്ത്രിയും ഈ മന്ത്രിയും മരിക്കുമ്പോള്‍ , അയ്യേ , എന്തിനാണ് അവധി ? ക്രിക്കറ്റ് ജയിക്കുമ്പോഴും, റോക്കറ്റ് വിടുമ്പോഴും അവധി വേണ്ട . ഇന്ന് അവധി വേണം . കാപ്പി പൂത്തു എന്ന് 1 Aമുതല്‍ 10 G വരെയുള്ള എല്ലാ ക്ളാസിലെയും ഹാജര്‍ബുക്കിലെഴുതി അവധി വരയ്ക്കണം . ഓഫീസ്മുറിയിലെ സാറന്മാരുടെ ഹാജര്‍ പുസ്തകത്തിലും കാപ്പി പൂത്ത് നില്ക്കണം . ഒന്നോര്‍ത്ത് നോക്കിയേ.... ഇടമല മുതല് ഇടക്കരമല ,ഈറ്റയ്ക്കല്‍കുന്ന് , മാവടിമല , മുഴയന്മാവ് , മലമേല്‍ , കുരിശുമല , കോതപാറ , ഏലപ്പാറ , വലിയതോവാള, ലോകഭൂലോകം മുഴുവന്‍ പൂത്തു പൂത്തു നില്ക്കുന്നതിനാല്‍ ഇന്ന് പാവം മനസ്സുകള്‍ക്കെല്ലാം അവധിയാണ് . കണ്ണുകൊണ്ട് ഉണ്ണാന്‍......... ഉണ്ട് നിറയ്ക്കാന്‍ .....  മനസ്സും അതിനുള്ളിലെ കൊതിപ്പുരയും !!




Like · · · Promote ·

Tuesday, 12 March 2013

അന്നന്നേപ്പം


          മുന്‍പേ പ്രോഗ്രാം ചെയ്യപ്പെട്ടതാണ് മനുഷ്യശരീരവും. അന്നന്നു ആവശ്യമുള്ള അപ്പം ദഹിക്കുന്നതിനുള്ള ദഹനരസം,   digestive juice ,മാത്രമേ ആ സംവിധാനത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നുള്ളൂ . വേണ്ടതുമാത്രം വേണ്ട അളവില്‍ ഭക്ഷിക്കുമ്പോള്‍ വേണ്ട രസം ഊറിവരുന്നു . ദഹിച്ച് അന്നജം , ധാതുക്കള്‍ ,പ്രൊട്ടീനുകള്‍, കൊഴുപ്പ് ,വൈറ്റമിനുകള്‍ സൃഷ്ടിക്കപ്പെട്ട് , ശരീരത്തില്‍ ആഗിരണം ചെയ്യപ്പെട്ട് , ഊര്‍ജ്ജമായി , ഉന്മേഷമായി , അദ്ധ്വാനമായി , പുഞ്ചിരിയായി , സ്നേഹമായി , നല്‍കലായി , എല്ലാം ചേര്‍ന്ന് ജീവനായി , വ്യക്തിയും വ്യക്തിത്വവുമായി അപ്പം മാറുന്നു .

          സംവിധാനം ചെയ്യപ്പെട്ട പ്രോഗ്രാം അനുവദിക്കുന്ന അളവില്‍ കൊഴുപ്പും ധാതുക്കളും ശേഖരിച്ച് വയ്ക്കുന്നുണ്ട് ശരീരം . അന്നന്നു ആവശ്യമില്ലാത്ത ഭക്ഷണബാക്കികള്‍ പുറന്തള്ളുന്നുണ്ട് ശരീരം .

          വിശാലമായ അര്‍ത്ഥത്തില്‍ ആര്‍ജ്ജിക്കുന്നതെല്ലാം , അനുഭവിക്കാന്‍ കാത്തുകിടക്കുന്നതെല്ലാം അപ്പമാണ് . എന്നും അപ്പവും ആഘോഷങ്ങളും അധികമായിപ്പോയ സിദ്ധാര്‍ത്ഥന്‍റ‍െ ശരീരത്തില്‍ ദഹനരസമല്ല , കയ്പാണ് ഊറിക്കൂടിയത്. അന്നന്നേപ്പത്തിലേക്ക് ധൈര്യമായി ഇറങ്ങിനടന്നു അയാള്‍ . ആധിക്യത്തില്‍നിന്ന് അന്നന്നേപ്പത്തില്‍ എത്താന്‍ ഒരുപാട് ദുരം സഞ്ചരിച്ചു തഥാഗതന്‍ . അയാള്‍ ശരീരത്തിന് അപ്പം നിഷേധിച്ചു . ജലം നിഷേധിച്ചു . കാറ്റും ഈര്‍പ്പവും മാത്രം അനുവദിച്ച് ശരീരത്തിലെ ശേഖരപ്പുരകളൊക്കെ ഒഴിയും വരെ വിശപ്പു ഭക്ഷിച്ച് , പരമമായ സത്യത്തെ അന്വേഷിച്ച്  അലഞ്ഞു . ഒടുവില്‍ ഇരുന്നു . ബോധോദയമുണ്ടായി . വളരെ നിസ്സാരമായി ബോധപ്രകാശം തെളിഞ്ഞ് ബുദ്ധനായി . ഒരു പുഴയോ , പുഴയില്‍ വെറുതെ പുളച്ചുചാടിയ ഒരു മീനോ , മീന്‍ കൊത്തി പറന്ന ഒരു പക്ഷിയോ , തലക്കു മുകളിലെ വൃക്ഷത്തിലെ പുഴയിലേക്ക് ചാഞ്ഞ കൊമ്പിന്‍റെ ഉണങ്ങിയ അഗ്രത്തിലെ വിചിത്രാകൃതിയിലുള്ള പൂപ്പലോ അയാള്‍ക്ക് അത് നിസ്സാരമായി പറഞ്ഞുകൊടുത്തു .

          വളരെ പ്രിയപ്പെട്ട കുറെപേരെ മാത്രം അടുത്തുവിളിച്ച് ഏറെ സ്വകാര്യത നിറഞ്ഞ ഒരു സ്ഥലത്തേക്ക് മാറ്റി നിര്‍ത്തി വേറൊരു ജ്ഞാനി പറഞ്ഞു , ഞാന്‍ ‍ നിങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കാം. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പരിപാലകനേ...അന്നന്നുവേണ്ടുന്നത് മാത്രം ഞങ്ങള്‍ക്കുതരേണമേ...അതു മാത്രം തേടാന്‍പഠിപ്പിക്കണമേ . നാളേക്കും നാളുകളിലേക്കും വേണ്ടതു ശേഖരിക്കാനുള്ള ത്വരയില്‍ ,ദുരയില്‍ ഞങ്ങളെ വേദനിപ്പിച്ചവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ ദുരകളും ക്ഷമിക്കേണമേ....

                                ഭൂമിയുടെ അച്ചുതണ്ടിലേക്ക് ഇറങ്ങിച്ചെന്നു ഈ പ്രാര്‍ത്ഥന !!

Monday, 11 March 2013

പുരകെട്ട്


 നാളെയാണ് പുരകെട്ട്. പുരപ്പുറത്തെ പഴകി ദ്രവിച്ച ഓലമേച്ചില്‍ മാറ്റി പുതിയ പച്ചപ്പനയോല കൊണ്ട് മേയുന്ന പരിപാടിയാണ് പുരകട്ട് . കുഞ്ഞുങ്ങളോട് ഇതൊന്നും മുന്‍കൂട്ടി പറയുന്ന ഇടപാട് ഇല്ല. എന്നാല്‍ പച്ചക്കറികടയില്‍ നിന്ന് കാബേജ്പന്തും മീന്‍കടയില്‍ നിന്ന് തിരണ്ടിമീനും വാങ്ങിയാല്‍ പിറ്റേന്ന് പുരകെട്ടാണെന്ന്   ഏത്   പിള്ളേര്‍ക്കാണ്   അറിയില്ലാത്തത് ?

          തോളിലൊരു തോര്‍ത്ത് മടക്കിയിട്ട് ചാച്ചന്‍ വീണ്ടും പെരിങ്ങുളം സിറ്റിക്ക് പോയത് പുരകെട്ട് വിരുതന്മാരായ ദേവസ്യാമൂപ്പന്‍, മത്തായിമൂപ്പന്‍ , യോഹന്നാന്‍മൂപ്പന്‍ എന്നിവരെ ക്ഷണിക്കാനാണ് എന്ന് കൂട്ടിവായിക്കാനും എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല.

          വലിയവരെപ്പോലെ തന്നെ മുന്നൊരുക്കങ്ങള്‍ കുട്ടികള്‍ക്കുമുണ്ട്. ഒന്നാമത്തേത് നിശ്ചയമാണ്. പുരകെട്ട് ദിനമായ നാളെ സ്കൂളില്‍ പോകുന്നില്ല എന്ന് നിശ്ചയിച്ചു. ഈ നിശ്ചയം അറിഞ്ഞ് അയല്‍ക്കാരനും സഹപാഠിയുമായ വാവല്ലൂര്‍ ജോസും അതേ പോലെ നിശ്ചയിച്ചു.പുര പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പൊടിയും അഴുക്കും ഏല്ക്കാതെ പുസ്തകങ്ങളെല്ലാം അടുക്കി പത്രക്കടലാസിട്ട് മൂടി മേശക്കടിയില്‍ വച്ചു. സ്കൂള്‍ നിക്കറും ഷര്‍ട്ടും രാവിലെ എഴുന്നേല്ക്കുമ്പോള്‍ കിടക്കപ്പായോടൊപ്പം ചുരുട്ടിവയ്ക്കുന്നതിനും തീരുമാനിച്ചു. ആദ്യന്തം അഹോരാത്രം പുരകെട്ടിന് പുരക്ക് ചുറ്റും ഓടിനടന്നും, തട്ടിന്‍പുറത്തും പുരപ്പുറത്തും വലിഞ്ഞുകയറിയും സഹകരിക്കുന്നതിന് നിശ്ചയിച്ചുറച്ച് ഉറങ്ങാന്‍ കിടന്നു.

         പക്ഷേ പുള്ളാരെ ആര് കണക്കിലെടുക്കുന്നു ? പുരകെട്ടാരംഭിച്ചത് ഞാനറിഞ്ഞില്ല. നേരം വെളുക്കുന്നതിനു മുമ്പേ പുരയെല്ലാം വലിച്ചു പൊളിക്കുമെന്ന് തീരെ കരുതിയിരുന്നില്ല. ഭൂമി തകര്‍ന്നു വീഴുന്നതുപോലെയുള്ള ബഹളങ്ങള്‍ കേട്ട് രാവിലെ ഞെട്ടി ഉണരുകയായിരുന്നു. വിരുതന്മാരായ രണ്ട് മൂപ്പന്മാര്‍ പുരപ്പുറത്ത് ,ദൈവമേ , എപ്പോള്‍ വലിഞ്ഞുകയറി ? മൂന്നാം വിരുതനെവിടെ... ഓടി മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ , അമ്മോ , വീട് ഒരു വഷളന്‍ കോമാളിയെപ്പോലെ നില്ക്കുന്നു. മൂടിഅടച്ചിരുന്ന ഉത്തരങ്ങള്‍ , കഴുക്കോലുകള്‍ , പട്ടികകള്‍ എല്ലാം നാണമില്ലാതെ പുറത്ത്... സൂര്യന്‍ ഒരു ലജ്ജയും മറയുമില്ലാതെ താഴത്തുപറമ്പന്‍റെ വീടിനകത്തേയ്ക്ക് നിര്‍ബാധം ഉണ്ടക്കണ്ണെറിഞ്ഞു നോക്കുന്നു....
                                

        സമയമില്ല. തീരെ സമയമില്ല... ഓടിയകത്തു കയറി. കൂത്തു തുടങ്ങിയതറിയാതെ , അന്യഗൃഹജീവികള്‍ പുരപ്പുറത്ത് വലിഞ്ഞു കയറിയതറിയാതെ , വീടിന്‍റെ ഉടുതുണി പാതിയും വലിച്ചു മാറ്റിയതറിയാതെ വളഞ്ഞും ഒടിഞ്ഞും കമിഴ്ന്നും കിടന്നുറങ്ങുന്ന അനിയാനിയത്തിമാരെ 1,2,3,4 എന്ന് എണ്ണി ലഘുവായി  തൊഴിച്ച് എഴുന്നേല്പിച്ചു. എടായെടീ...പുരകെട്ട്... എന്നു പറഞ്ഞുതീരും മുമ്പ് എല്ലാവരും ഓടിപുറത്ത് ചാടി.

       ഇല്ലാ, സമയമില്ല . പുരക്ക് ചുറ്റും ആഘോഷങ്ങളാണ്. സൂക്ഷിച്ച് നടന്നില്ലെങ്കില്‍ മുകളില്‍ നിന്ന് ആഘോഷങ്ങള്‍ തലയില്‍തന്നെ വന്ന് വീഴും. മുകളിലിരിക്കുന്നവര്‍ പഴയോല ചെത്തിയഴിച്ച് പിറകിലേക്കാണ് വീശിയെറിയുന്നത്. പിറകില്‍ കണ്ണില്ലാത്തതിനാല്‍ അതെവിടെ വീഴുന്നു എന്ന് നോക്കേണ്ട ബാദ്ധ്യത അവര്‍ക്കില്ല. കൂര്‍മ്പിച്ച അലകിനെക്കാള്‍ മുനയുള്ള പനയീര്‍ക്കിലി കാലില്‍ തുളച്ചു കയറാതെ നോക്കണം. അങ്ങനെ നാലുപാടുനിന്നുമുള്ള അപകടങ്ങളെ തരണം ചെയ്ത് മുറ്റത്തെല്ലാം തിരഞ്ഞെങ്കിലും ചാച്ചനെ അവിടെങ്ങും കണ്ടില്ല. കൈകള്‍ പിറകോട്ട് പിണച്ചുകെട്ടി ആ കെട്ടിനിടയില്‍ ഒരു വാക്കത്തിയും പിടിച്ച് ഇവിടെ തീര്‍ച്ചയായും കാണേണ്ടതാണ്.

      അപ്പോള്‍ ഇതിലെന്തോ കുഴപ്പമുണ്ട്. ചികഞ്ഞു കണ്ടുപിടിക്കാന്‍ തന്നെ തീരുമാനിച്ച് നില്ക്കുന്പോഴാണ് വീടിന് പിറകിലെ മലയില്‍ നിന്ന് ഓല വെട്ടിയിടുന്ന ഒച്ച കേട്ടത്. ഇതാണ് കുഴപ്പം. പുര കെട്ടണമെങ്കില്‍ പുതിയ ഓല വേണമെന്നും അത് വെട്ടിയിടണമെന്നും ആരെങ്കിലും പറയണോ ?പിന്നെ ഒരോട്ടമായിരുന്നു. കുത്തനെ മലമുകളിലേക്കുള്ള ഓട്ടമായതിനാലും വാവല്ലൂര്‍ ജോസിനൊപ്പം മത്സരിച്ച് ഓടിയതിനാലും  തെല്ലും കിതപ്പ് തോന്നിയില്ല. അവിടെയുണ്ട് ചാച്ചന്‍, പേപ്പ് ചേട്ടന്‍, വേറെ കുറേ പേര്‍.
                    

      അതൊരു കലയാണ് , ഓലവെട്ട് . ശരിക്കറിയാത്തവന്‍ വെട്ടിയാല്‍ ഓലഭാഗം നിലത്തടിച്ചുവീഴും. ഓലമുഴുവന്‍ അടിച്ച് ചിതറി കീറിപ്പോകും. ഇത് വേറൊരു വെട്ടാണ്. പനയോലകാല് പോലും അറിയാതെ ഒരൊറ്റ വെട്ട്. ഓല മുകളിലും കാല് താഴെയുമായി നിലത്ത് കാലു കുത്തിയിറങ്ങും. ഓലയ്ക്ക് ചെറിയ പരിക്ക് പോലുമില്ല. പിന്നെ അത് കീറി ഫസ്റ്റ് ക്വാളിറ്റി കോടിയോല, നെടിയ പീസ് , കുറിയ പീസ് ഇങ്ങനെ തിരിച്ച് ഉരുട്ടിക്കെട്ടി ചുമന്നു കൊണ്ടുവരണം. ഓലക്കെട്ടുകള്‍ ആരുടെയൊക്കെയോ ചുമലിലേറി താഴേക്ക് നടന്നു തുടങ്ങി.പനയോലയുടെ രസ്യന്‍ മണം പറമ്പില്‍ നിറഞ്ഞു.

      ഇല്ല ... സമയമില്ല. തിരികെ ഓടി വീട്ടിലെത്തി. കുരുത്തം , അടുക്കള ഭാഗം പൊളിച്ചിട്ടില്ല. അവിടം പൊളിക്കുമ്പോള്‍ ചില കാഴ്ചകളുണ്ട്. നല്ല ചെമ്പിന്‍റെ നിറമുള്ള ചെമ്പു പാളികള്‍ പോലുള്ള പഴയോല കിട്ടും. മൂന്നാലു കൊല്ലം തീയും പുകയും അടിച്ച് ആ ജൈവപദാര്‍ത്ഥം ഒരു ലോഹമായി മാറിയതാണോ എന്ന് ഞാന്‍ സംശയിക്കുന്നു.

       പഴയോലകള്‍ തരം തിരിക്കണം. ഒരു കേടുപാടുമില്ലാത്ത ഓലകള്‍ മാറ്റിയടുക്കണം. പച്ചയോലയോടൊപ്പം വീണ്ടും പുരപ്പുറത്ത് കയറാനുള്ള യോഗം അവര്‍ക്കാണ്. തോമസുകുട്ടിയും ഞാനും കുടെ തെക്കുവശത്തെ പഴയോലയുടെ ക്വട്ടേഷന്‍ പിടിച്ചു. നല്ലതെല്ലാം പേരച്ചുവട്ടില്‍ അടുക്കി. പൊടിഞ്ഞതും പൊട്ടിയതും പുരക്ക് താഴേക്ക് എറിഞ്ഞടുക്കി. മൂപ്പന്മാര്‍ താഴെയിറങ്ങിയില്ല. സൈക്കിള്‍ യഞ്ജം പോലെയാണ്. എല്ലാം കഴിഞ്ഞേ താഴെയിറങ്ങൂ. കപ്പ, മീന്‍, കട്ടന്‍കാപ്പി എന്നിവ മുകളിലെത്തി. അവിടെത്തന്നെ ഇരുന്ന് അവര്‍ യഞ്ജം ആരംഭിച്ചു. പുരക്കകത്ത് ആര്‍ക്കും പ്രവേശനമില്ല. പിള്ളേര്‍ക്കുള്ള ഭക്ഷണം ഇലുമ്പിച്ചുവട്ടിലാണ് വിളമ്പിയത്. പച്ചപ്പനയോല വിരിച്ച് അതിലിരുന്ന് അപാരസുഖത്തോടെ കഴിച്ചു. വാവല്ലൂര്‍ ജോസും ഞാനും ഒന്നിച്ചിരുന്ന് അങ്ങനെ, പിന്നീട് ജീവിതത്തില്‍ നടത്താനിരുന്ന പല ഔട്ടിംഗുകളുടെയും പിക്നികുകളുടെയും ഉദ്ഘാടനം അവിടെ കുറിച്ചു.താമസിയാതെ തന്നെ
തട്ടിന്‍പുറത്ത് കയറി. അപ്പോഴാണ് അമ്മയുടെ അരക്കത്തരം കണ്ടത്. പുരകെട്ട് വിരുതന്മാരായ മൂന്ന് മൂപ്പന്മാര്‍ക്കും ചാച്ചനും അമ്മ കുടിക്കാന്‍ കൊടുത്തത് കഞ്ഞിവെള്ളം. കട്ടന്‍ കാപ്പി കൊടുത്താല്‍ എന്തു നഷ്ടം വരാനാണ്... കഷ്ടം . തട്ടിന്‍പുറത്ത് മണ്‍കലത്തില്‍ സൂക്ഷിച്ചിരിക്കുന്ന കഞ്ഞിവെള്ളം മൂപ്പന്മാര്‍ ഉത്സാഹത്തോടെയാണ് കുടിക്കുന്നത് എന്നു കണ്ടപ്പോള്‍ എനിക്കും ഉത്സാഹമായി.

        കോടീ... കോടിയോല... കോടിയോലേ.... ഒരു പാട്ടുപോലെയാണ് ദേവസ്യാമൂപ്പന്‍ ആവശ്യങ്ങള്‍ വിളിച്ചുപറയുന്നത്. കോടിയോല കോടിയിലും ബാക്കിയുള്ളവ നിരന്ന പ്രദേശത്തുമാണ് നിരത്തുന്നത്. എല്ലാവരുടെയും കൈയില്‍ ഓല കുത്തിതുളക്കാനുള്ള കൂര്‍മ്പിച്ച അലകായുധം തൂക്കിയിട്ടുണ്ട്.ഓല തുളച്ച് പട്ടികയോട് ചേര്‍ത്ത് നിരത്തികെട്ടണം. ഏറ്റവും അടിഭാഗം മുതലാണ് കെട്ടിത്തുടങ്ങുന്നത്. നാലു പന്തികള്‍ കഴിഞ്ഞാല്‍ ഓല സാധാരണക്കാര്‍ക്ക് സപ്ളൈ ചെയ്യാന്‍ കഴിയില്ല. ഓല ചാണ്ടണം. ഓലേ.. എന്ന വിളി വരുമ്പോള്‍ വിശേഷാല്‍ സ്റ്റൈലില്‍ കെട്ടുകാരന്‍റെ  നേര്‍ക്ക് എറിയണം. ഓല പോകുന്നത് കണ്ടാല്‍ മൂപ്പരുടെ മൂക്കിന് നേരെയാണെന്നേ തോന്നൂ. ശരിക്കും ഓല വലതുവശത്തുകൂടെയാണ് പറന്ന് ചെല്ലുന്നത്. അത് പിടിച്ചെടുക്കുന്നത് കാണുന്നതും മോശമല്ലാത്ത ഒരു കാഴ്ചയാണ്. ഓലേ ... വിളികള്‍ക്കിടയില്‍ കഞ്ഞിവെള്ളം ധാരാളമായി മൂപ്പന്മാര്‍ കുടിക്കുന്നുണ്ട്.അത് കഴിഞ്ഞാല്‍ വര്‍ധ്ധിച്ച ഉത്സാഹത്തോടെ കെട്ടും നടത്തുന്നുണ്ട്. ദേവസ്യാമൂപ്പന്‍ ഒരു കാരണവും കൂടാതെ പുഞ്ചിരിച്ചു തുടങ്ങിയിട്ടുണ്ട്. ഓലേ... എന്നു വിളിച്ചുവരുത്തിയ ഓലയെ  എടാ ഓലേ.. എന്നു വിളിച്ചാണ് ഇപ്പോള്‍ പുരപ്പുറത്ത് നിരത്തുന്നത്.

       എട്ടാം നിര കഴിഞ്ഞാല്‍ പിന്നെ ഓല എറിഞ്ഞുകൊടുക്കുക സാദ്ധ്യമല്ല. പിന്നീടുള്ള ഓലകള്‍ തട്ടിന്‍പുറത്തുനിന്ന് എടുത്തുകൊടുക്കണം. അതിനുള്ള ഓലകള്‍ തട്ടിന്‍പുറത്തേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു. ഇനിയത്തെ അങ്കം തട്ടിന്‍പുറത്താണ് എന്നറിഞ്ഞ് ഞാനും സഹപാഠി ജോസും അവിടെ വലിഞ്ഞുകയറി. അപ്പോഴാണ് തോമസുകുട്ടി ദാഹിച്ച് പരവശനായി ചാച്ചനോട് കഞ്ഞിവെള്ളം വാങ്ങി കുടിക്കുന്നത് കണ്ടത്. കുടി കഴിഞ്ഞ തോമസ് ദേവസ്യാമൂപ്പനെപ്പോലെ ചിരിക്കാനും തുടങ്ങി. ഓലേ... ഓലേ.. എന്നു വിളിച്ച് കൂവാതിരുന്നാല്‍ മതിയായിരുന്നു.

       പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്. രാവിലെ 1,2,3,4 എന്ന് എഴുന്നേല്പിച്ച് വിട്ടതില്‍ 1 . തോമസ്, 3. ലില്ലി , 4. മോളിക്കൊച്ച്. രണ്ടാമന്‍ എവിടെ... 3,4 എന്നിവര്‍ ടെമ്പററി അടുക്കളയായ വിറകുപുരയിലുണ്ടെന്ന് എനിക്കറിയാം. മറ്റവന്‍ ഉരുണ്ടുരുണ്ട് കുറെ നടക്കുകയും പിന്നെ ഓടുകയും  പിന്നെ വീഴുകയും പിന്നെ മുട്ടില്‍ ഇഴഞ്ഞോടുകയും ചെയ്യുന്ന പ്രായത്തിലുള്ള ഒരു വസ്തുവാണ്. പേര് ജോണി എന്ന ജോണിപാപ്പന്‍. വിറകുപുരയിലില്ല. ബോളുപോലെ ഉരുണ്ട് വല്ല ഓലക്കെട്ടിനടിയിലും പെട്ടുപോയോ..ഏതായാലും പിറകോട്ട് കെട്ടിയ കൈയില്‍ വാക്കത്തിയുമായി നില്ക്കുന്ന ചാച്ചനോട് തന്നെ പറയാം എന്നു കരുതി തട്ടിന്‍പുറത്തേക്ക് കയറിയ ഞാന്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ ആദ്യത്തെ അത്ഭുതം കണ്ടു. തട്ടിന്‍പുറത്ത് കയറിയരിക്കുന്നു ബോള്‍. എങ്ങനെ കയറി എന്നത് ഇന്നും എനിക്ക് അറിയില്ല. കഞ്ഞിവെള്ളക്കലത്തെ ലാക്കാക്കി ഉരുണ്ട് നീ്ങ്ങുന്ന അവനെ ചാച്ചന്‍ പിടിച്ച് തോളിലെടുത്ത് വായില്‍ കഞ്ഞിവെള്ളം ഒഴിച്ച് കൊടുത്ത് സന്തോഷിപ്പിച്ചു. എനിക്കും കിട്ടി മുക്കാല്‍ ഗ്ളാസ് . ഓല...ഓലേ.. എന്ന് വായില്‍ വരെ വന്നത് വിഴുങ്ങി. ലവന്‍ കഞ്ഞിവെള്ളം അല്ലാ മറ്റവനാണ് എന്ന് അറിഞ്ഞത് അപ്പോഴാണ്. ഓരോ ബോധങ്ങളേ....

       അന്ന് പച്ചോലയുടെ നല്ല മണവും പുത്തന്‍ ഓലമേലാപ്പിന്‍റെ തണുപ്പും ക്ഷീണവും കാരണം നേരത്തെ കീടന്നു. ഭാവിയില്‍ പുരപ്പുറങ്ങളില്‍ ഇരുവശത്തേക്കും കാല്‍ കവച്ചിരുന്ന് പുര കെട്ടുന്ന ഒരു കെട്ടുവിരുതനാവണനെന്ന് സ്വപ്നം കണ്ട്..... കൂട്ടിപേരപ്പന്‍റെ വലിയതോവാള പോലെയുള്ള ഒരു സ്വപ്ന താവളത്തിലേക്ക് മെല്ലെ വീണുപോയി.



    ------പച്ചോല--------പനയോല-------പഴയോല-------പുരകെട്ട്------അവധി-----പച്ചോല----
4Like · · · Promote ·

Tuesday, 5 March 2013

മണ്ണ്


        മണ്ണിന്‍റെ ഉടയോന്‍ അരചനാണ്. അരചന്‍റെ നീട്ടിയ രണ്ടു കൈകള്‍ക്ക് എത്തിപ്പിടിക്കാവുന്നതിലധികം വിസ്തൃതി മണ്ണിനുള്ളതിനാല്‍ നേരിട്ട് ഭരണം അസാദ്ധ്യമെന്ന് കണ്ട് ഒരു ഭരണസംവിധാനം അരചന്‍ പടച്ചുണ്ടാക്കി.  മണ്ണിനെ അരചന്‍ ദേശങ്ങളായി ഭാഗിച്ചു. ദേശങ്ങളുടെ ഭരണച്ചുമതല ദേശവാഴികള്‍ക്കു നല്‍കി. അവരുടെ നീട്ടിയ കൈകള്‍ക്ക് 175 സെ.മീ. മുതല്‍ 179 സെ.മീ വരെ നീളമുള്ളൂ എന്നതിനാല്‍ ദേശങ്ങളെ നാടുകളായും കരകളായും തിരിച്ച് നാടുവാഴികളെയും കരനായന്‍മാരെയും അവരോധിച്ചു. ഭരിക്കപ്പെടുന്നവന്‍റെ നെഞ്ചത്തു ചവിട്ടാന്‍ ദേശവാഴികള്‍ക്ക് വലിയ ഉള്ളംകാലുകളും അടിയാന്മാരെ അടിച്ചുകൊല്ലാന്‍ കരനായന്മാര്‍ക്ക് വലിയ ഉരുളന്‍ വടികളും അനുവദിച്ചു. കരകളെ വീണ്ടും വിഭജിച്ചു. ഒരുവന് എന്തുമാത്രം കിളച്ചുപണിയാം എന്നത് അവന്‍റെ ഇരുകൈകളിലെ മസിലുകളുടെ ബലവും മക്കളുടെ എണ്ണവും നോക്കി തിട്ടപ്പെടുത്തി ഭൂമി കിളയ്ക്കാന്‍ ഭാഗിച്ചുകൊടുത്തു. മസിലും മനസ്സും മടുത്തപ്പോള്‍ ചിലര്‍ ആ പണി ഉപേക്ഷിച്ചു. എന്നാല്‍ ദീര്‍ഘനാളുകള്‍ ഭക്ഷണം കഴിക്കാതെ മണ്ണിനെ കിളച്ചുമറിക്കാനും നിലാവുള്ള രാത്രികളില്‍ ഉറങ്ങാതെ മക്കളോടും ഭാര്യയോടുമൊപ്പം കുഴിച്ചുവയ്ക്കാനും, താന്‍ പെരുമാറുന്ന മണ്ണിന്‍റെ ഇണക്കവും പിണക്കവും അറിയാവുന്ന ഒരു സ്നേഹബന്ധം ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞ കുറേ പേരെയാണല്ലോ നാം അപ്പന്‍ , വല്യപ്പന്‍ , വല്യപ്പന്‍റെ അപ്പന്‍ എന്നൊക്കെ വിളിച്ചുപോരുന്നത്.

                                             ----- മണ്ണ്-----   മണ്ണ്-------

              വിഭജിക്കപ്പെട്ട ഭൂമിയില്‍ വിയര്‍പ്പും വിശപ്പും വിത്തുകളും വീണ് മുളച്ചു. അവയെ ആദായം എന്നു പേരിട്ട് വിളിച്ചു. ആദായത്തിന്‍റെ ഉടയോന്‍ സുവ്യക്തമായും കിളക്കാരന്‍ അല്ല. ആദായം സമാഹരിക്കാന്‍ ശേഖരന്മാര്‍ അഥവാ കളക്ടര്‍മാര്‍ നിയമിതരായി. അവരുടെ കീഴില്‍ കുറെ ആണ്ടിപ്പണ്ടാരങ്ങളും നിയമിതരായി. ആണ്ടിപ്പണ്ടാരങ്ങള്‍ മണ്ണ് പെറ്റ വിളകളെ കവര്‍ന്നു. കൂടാതെ തലക്കരം, മൊലക്കരം തുടങ്ങിയ കവര്‍ച്ചകളും കവര്‍ന്നു. കവര്‍ച്ചമുതലിന്‍റെ കണക്കെഴുത്തിന് അരചപുരിയില്‍ സര്‍വ്വാധികാര്യക്കാരന്‍ -Chief Secretary-കണക്കുപിള്ള -Accountant- നീട്ടെഴുത്തുപിള്ള -Head Clerk- രായസംപിള്ള -Clerk-തുടങ്ങിയ മേലധികാരപണ്ടാരങ്ങള്‍ ഇരുപ്പാരംഭിച്ചു. അവരുടെ പൊണ്ടാട്ടികള്‍ക്കും കൊളന്തകള്‍ക്കും കുമ്പിടുന്നതിനായി മീനാക്ഷികോവിലുകളും, ചുറ്റുവതിന് ചേലകളും ശാപ്പിടുവതിന് സാമാനങ്ങളും കിടയ്ക്കുന്ന വാണിഭപ്പുരകളും പണിതു. ഇവയ്ക്കെല്ലാം മുകളില്‍ പൊന്നുതമ്പുരാന്‍ ഉറങ്ങിവാണു. ഇടക്കിടെ ഞെട്ടിയെഴുന്നേറ്റ് തൂക്കിക്കൊല്ലാന്‍ വിധിച്ചു.

                                                   ---- മണ്ണ്----മണ്ണ്------


         മേല്‍പറഞ്ഞ എല്ലാവര്‍ക്കും കഴുത്തിനും ആമാശയത്തിനും ഇടയിലായി ഹൃദയം എന്നൊരു സാധനം കണിശമായും ഉണ്ടായിരുന്നു. അതിനാല്‍ കൊല്ലങ്ങളായി രാജ്യത്തിനുവേണ്ടി കിളച്ചവര്‍ക്ക് കുറെ മണ്ണ് സ്വന്തമായി അനുവദിക്കാന്‍ തിരുവുള്ളമായി. കിളച്ചുപാതി എന്ന ആ സൂത്ര പ്രകാരം കിളച്ചികിളച്ചു പണിത മണ്ണിന്‍റെ പാതി കിളച്ചവന് ലഭിച്ചു.

                                                ------മണ്ണ്-----മണ്ണ്------

      കിളച്ചുകിളച്ച് പാതിയിലധികം ജീവന്‍ പോയ ഒരപ്പനും മകനും ഒരു കഷണം ഭൂമിയിലൂടെ ഓടി നടക്കുകയാണ്. ഇന്നലെ വരെ അമര്‍ത്തിചവിട്ടാന്‍ ഭയന്നിരുന്ന ആ മണ്ണില്‍ അപ്പന്‍ സ്നേഹത്താല്‍ , കൊതിയാല്‍ , അഭിമാനത്താല്‍ ആഞ്ഞുചവിട്ടി. ബ്ധും..ബ്ധും..ബ്ധും.. ഓരോ ചവിട്ടിനും മണ്ണ് മറുപടി പറഞ്ഞു,  ഒവ്വ..ഒവ്വ...ഒവ്വ... എന്നെ ചവിട്ടുക, കിളയ്ക്കുക, ഇളക്കുക. , എന്‍റെ ചരിവുകളില്‍ കയ്യാലകള്‍ തീര്‍ത്ത് എന്‍റെ യൌവനം നോക്കിനടത്തുക .  കുഴിച്ചുവയ്ക്കുക , ഞാന്‍ മുളപ്പിക്കാം .അരചനുവേണ്ടിയല്ല നിനക്കുവേണ്ടി മാത്രം മുളപ്പിക്കാം. ഒരു ദിവസം താലൂക്കാ കാര്യാലായത്തില്‍നിന്ന് വന്ന അറിയിപ്പിന്‍ പ്രകാരം അവിടെ പോയിവന്ന അപ്പന്‍റെ കൈവശം മുഷിഞ്ഞ നിറമുള്ള ഒരു കടലാസുണ്ടായിരുന്നു. കരംകെട്ട് രസീത്. 132-ം തണ്ടപ്പേരില്‍ 3 ഏക്ര 38 സെന്‍റ് ഭൂമിക്ക് രാജ്യത്തിന്‍റെ ഖജനാവിലേയ്ക്ക് ഒന്നര ചക്രം കരമടച്ചതിന്‍റെ മഹാകടലാസ്. സുരക്ഷിതമായി തൊപ്പിപ്പാളയുടെ അകത്ത് ഇടത്തെ പാളി വിടര്‍ത്തി അപ്പന്‍ അത് തിരുകിവച്ചു.

                                                 ------മണ്ണ്-----മണ്ണ്-----

       ചക്രം കൈയിലുള്ളവന്‍ മണ്ണ് ചക്രം കൊടുത്ത് വാങ്ങാനാരംഭിച്ചു. ചക്രം കൈയിലില്ലാത്തവന്‍ തേങ്ങ, കുരുമുളക്, പാക്ക് എന്നീ മേലാദായങ്ങള്‍ പറിച്ച് കൊടുത്തും വരും കൊല്ലങ്ങളില്‍ പറിക്കാനുള്ളവ ഒറ്റിയും മണ്ണ് വാങ്ങി. മണ്ണിന്‍റെ നിറമുള്ള വെന്തിങ്ങ മാറ്റി കപ്പൂച്ചിന്‍ ളോഹയുടെ നിറമുള്ള പുതിയ വെന്തിങ്ങകള്‍ വാങ്ങി ധരിച്ചു. എന്നാല്‍ അമ്മയാണേ സത്യം , അരീത്ര വല്യച്ചനാണേ സത്യം കൃഷി ചെയ്യാനും ആദായമെടുക്കാനുമല്ലാതെ അന്ന് ആരും മണ്ണ് വാങ്ങിയിരുന്നില്ല.

                                                       ------മണ്ണ്-----മണ്ണ്------


        മണ്ണുണ്ടോ.... മണ്ണ് !!  എവിടെയെങ്കിലും എന്തു വിലയ്ക്കും മണ്ണ് കിട്ടാനുണ്ടോ...... ഉണ്ടേല്‍ പറ.. എല്ലാം ഞാന്‍ വാങ്ങുന്നു. ഇനി മണ്ണ് ആവശ്യമുള്ളവര്‍ എല്ലാവരും എന്‍റെ അടുക്കല്‍ വന്ന് ഞാന്‍ പറയുന്ന ആറായിരം പൂജ്യങ്ങളുള്ള സംഖ്യ തന്ന് അര സെന്‍റ് വീതം വാങ്ങി കൂര വയ്ക്കട്ടെ.. എനിക്ക് രണ്ട് കൈകളും നീട്ടിയാല്‍ 180 സെ.മീ. മാത്രം നീളമുള്ളൂ എന്നതിനാല്‍ എന്‍റെ ഏജന്‍റുമാര്‍  വസ്തുപോര്‍ക്കുകളായി പാഞ്ഞുനടപ്പുണ്ട് , ഭൂമിയിലും കടലിലും ആകാശത്തും ചന്ദ്രനിലും. അമ്മയാണേ , അരീത്ര വല്യച്ചനാണേ.. സത്യം! കൃഷി ചെയ്യാനല്ല ,ഒരു കാന്താരിച്ചീനി കുഴിച്ചുവയ്ക്കാന്‍ പോലുമല്ല , വിനിമയം ചെയ്യാനാണ് . കച്ചോടം. മനസ്സിലായില്ലേ കച്ചോടം. എന്‍റെ കച്ചോടത്തിന്‍റെ പേരാണ് 'വെരിമച്ച് അണ്‍റിയല്‍ എസ്റ്റേറ്റ്.'

                                                         ------മണ്ണ്-----മണ്ണ്-------

           മകന് പെണ്ണന്വേഷിച്ചതിറങ്ങിയതാണോ.... പേരപ്പാ...  വെറുതെയാ കിട്ടില്ല. പെണ്ണ് വേണേല് സക്കറിയാ ആന്‍റ് മക്കറിയാ റിയല്‍ വാല്യൂ മാട്രിമോണിയല്‍ എസ്റ്റേറ്റില്‍ ചെല്ലണം. ഇന്നാട്ടിലെ പെണ്ണുങ്ങളായ പെണ്ണുങ്ങളെയെല്ലാം അവന്‍ ചോദിച്ച വില കൊടുത്ത് വാങ്ങികൂട്ടിയിരിക്കുകയാ.. അവന്‍ മറിച്ച് വില്ക്കുന്നിടത്ത് ചെന്നാലേ ഇനി പെണ്ണ് കിട്ടൂ... പണ്ട് അവന് മണ്ണ് കച്ചോടമായിരുന്നു. കച്ചോടത്തിന് മണ്ണ് ഇല്ലാതെ വന്നപ്പോള്‍ അവന്‍റെ ബുദ്ധിയില് നിസ്സാരമായി തെളിഞ്ഞ ബുദ്ധിയാ മാട്രിമോണിയല്‍ എസ്റ്റേറ്റ്. കുറച്ചൊന്ന് ആലോചിച്ചാല്‍ പല എസ്റ്റേറ്റുകള്‍ക്കും ഇനിയും സാദ്ധ്യതകളില്ലേ ?

      മരിച്ചുവീഴാന്‍ മണ്ണില്ലാത്ത എല്ലാ മലയാളിയുടെയും ജഡം കുറഞ്ഞ നിരക്കില്‍ തുമ്പയില്‍നിന്ന് ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കാനുള്ള റോക്കറ്റ് സംവിധാനം ആയിരിക്കട്ടെ ഇനി ഭരണത്തില്‍ വരുന്ന സര്‍ക്കാരിന്‍റെ മോഹനവാഗ്ദാനം


    ************THANKS TO ALL READERS********** മണ്ണ് ഒരു വേദന************

Like · · · Promote ·

Friday, 1 March 2013

അമ്മച്ചിപ്ളാവുകള്‍


            നിന്‍റെ പിതാവായ ഉണ്ണൂണ്ണി മത്തായിയുടെ ദൈവമാണ്  ഞാന്‍.
...................!!..............! .എന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന എന്‍റെ ദാസനാകയാല്‍ അവനെ ഞാന്‍ ധാരാളമായി അനുഗ്രഹിച്ചു. മക്കളെയും മലകളെയും ആടുമാടുകളെയും നല്‍കി. അവന്‍റെ കിണറുകളില്‍ വറ്റാത്ത വെള്ളവും  അവന്‍റെ വൃക്ഷങ്ങളില്‍ നിറയെ ഫലങ്ങളും നല്‍കി. അവന്‍റെ മക്കളെയും ഞാന്‍ അനുഗ്രഹിക്കും. അവരുടെ വൃക്ഷങ്ങളെയും ആടുമാടുകളെയും ഞാന്‍ ഫലം കൊണ്ടു മൂടും.

          ഇപ്രകാരം നിറയെ ഫലം ചൂടിനില്ക്കാന്‍ അനുഗ്രഹിക്കപ്പെട്ട ഒരു വൃക്ഷത്തിന്‍റെ ചുവട്ടിലേയ്ക്ക് തോളില്‍ ചുരുളുകളായി മടക്കിയ ചക്കകയറും എളിയില്‍ പിച്ചാത്തിയുമായി ഞാന് നടന്നടുത്തു. സന്തതി പരമ്പരകളിലേക്ക് നീട്ടിയെറിഞ്ഞ ആ അനുഗ്രഹത്തിന്‍റെ അകമേ പെട്ടവനാണ് ഞാനും.

          മധുരം കൊണ്ടും വശ്യഗന്ധം കൊണ്ടും മാലോകരെയും, മൃഗം, പകല്‍പക്ഷികള്‍ , രാപ്പുള്ളുകള്‍ , കടവാതിലുകള്‍ ,നീറ് , ചോണനുറുമ്പ് ആദിയായവരെയും വശീകരിച്ച് വീഴിക്കുന്ന കടവുകര വരിക്കപ്ളാവിന്‍റെ ചുവട്ടിലാണ് ഞാന്‍ നില്ക്കുന്നത്. രാജരാജചോളന്‍ , ഗംഗൈക്കൊണ്ടചോളന്‍ തുടങ്ങിയ അധിരാജപദവിക്കാരെപ്പോലെയാണ് വരിക്കപ്ളാവും. തൊട്ടിടത്തുവശത്ത്  വേരുറപ്പിച്ചിരിക്കുന്ന കോണേപ്ളാവ്, 30 അടി മാറി  മനുഷ്യരെന്നാ ഓര്‍ക്കും എന്നു കരുതി കൊച്ചു കൊച്ച് ഉണ്ടചക്കകള്‍ മാത്രം വിരിയിക്കുന്ന മുണ്ടപ്ളാവ്, വലതുവശത്ത് കടിച്ചോളൂ.. മുറിയില്ല എന്ന മട്ടില്‍ ബലവത്തായ ചുളകളുള്ള വിറകന്‍ പ്ളാവ്. ഈ നാല് പ്ളാപ്പുള്ളികള്‍ക്കുതാഴെ തറവാട്ടുമുറ്റത്തിനടിയില്‍ മിറ്റത്തടിപ്ളാവ്, ... ശ്ശോ എന്‍റെ കുരു കണ്ടോന്നേ .. എനിക്കു തന്നെ നാണമാകുന്നു.. എന്നു പറഞ്ഞുപോകുന്ന നീണ്ടുമെലിഞ്ഞ കുഞ്ഞിക്കുരുവും അങ്ങനെ തന്നെ മെലിഞ്ഞ ചുളകളുമുള്ള കുരുവന്‍പ്ളാവ്. ഈ പ്ളാവുകളുടെയെല്ലാം രാജാവും സ്വയം മഹാരാജാവുമാണ് പ്ളാവ് വരിക്കന്‍ അഥവാ പി. വരിക്കന്‍.

        ഇവര്‍ക്ക് അസോസിയേഷനുണ്ട്. കൈകള്‍ കോര്‍ത്തുപിടിക്കാന്‍ പറ്റാത്തതുകൊണ്ട് ഭൂമിക്കടിയില്‍ വേരുകള്‍ കോര്‍ത്തു കെട്ടിപിടിച്ചിട്ടുണ്ട്. തറവാട്ടുവീടിന്‍റെ അടിഭാഗത്താണ് ഈ അപൂര്‍വ ജോയിന്‍റ്. കൂടാതെ ഇവര്‍ക്ക് രാത്രിരാത്രി സംസാരവുമുണ്ട്. ഏറ്റവും മുകളില്‍ നിന്ന് വരിക്കന്‍ സംസാരമാരംഭിക്കും. ..എടാ മന്ദബുദ്ധികളേ ... ഡിസംബര്‍ ആദ്യം ഡല്‍ഹീന്ന് മറിയാമ്മ വരും . ചക്കയാകുമോടാ അപ്പളത്തേക്ക് ?  ആരും മിണ്ടുന്നില്ല. നാളെയാണ് ഓണം. ഇപ്പോള്‍ കായ്ചാലേ അപ്പോള്‍ പറിക്കാനാവൂ. ഏതായാലും ഡിസംബറില്‍ പഴം തിന്നാവുന്നതുപോലെ ഞാന്‍ രണ്ടെണ്ണം പൊട്ടിച്ചിട്ടുണ്ട്. പി . വരിക്കന്‍ വെളിപ്പെടുത്തി. രണ്ടെണ്ണം നാളെ അക പൊട്ടുന്ന ലക്ഷണമാണെന്ന് കുരുവനും പറഞ്ഞു. ഉപ്പൂറ്റിവേരിന് ഒരു ചൊറിച്ചില് തുടങ്ങിയിട്ടുണ്ട്. തെക്കോട്ട് വീശിയ ഏരത്തിന് ഒരു നിഗളോം നിറവ്യത്യാസോം കാണുന്നുണ്ട്, അക പൊട്ടാനായിരിക്കും , കുരുവന്‍ ലക്ഷണം പറഞ്ഞു. മിറ്റത്തടിയന്‍ സ്വരം താഴ്ത്തി പറഞ്ഞു, ഇന്നലെ ഒറ്റ രാത്രി കൊണ്ട് അറുപതെണ്ണമാണ് എന്‍റെ വയറ്റടീതന്നെ പൊട്ടിയിരിക്കുന്നത്. മനുഷേര് കാണുമല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് തല ചുറ്റുവാ... അതെങ്ങനാ അടിച്ചുവാരുന്നതും, അടുപ്പിലെ ചാരവും ,വെട്ടിക്കൂട്ടുന്നതും , സര്‍വാണിവേസ്റ്റും എല്ലാം എന്‍റെ ചോട്ടിലല്ലേ നിക്ഷേപിക്കുന്നത് ... പിടിച്ചാല്‍ കിട്ടാത്ത അക പൊട്ടലാണേ എനിക്കുവയ്യ..

        ഞാനും രണ്ടെണ്ണം നാളെ കായ്പിക്കും. ഒരു വല്ലാത്ത ആത്മ വിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടെ മുണ്ടപ്ളാവ് പറഞ്ഞത് കേട്ട് രാത്രിയാണെന്ന് പോലും ഓര്‍ക്കാതെ പ്ളാപ്പുള്ളികള്‍ പൊട്ടിച്ചിരിച്ചു. ...അതെന്തിനാടേ.. മറിയാമ്മേടെ ബ്രൌണ്‍ കോട്ടിന് ബട്ടണ്‍സ് ഇടാനാണോ...മുണ്ടമ്മ അതിന് കൃത്യമായ മറുപടി കൊടുത്തു.  മിസ്റ്റര്‍ പി വരിക്കന്‍ നിന്‍റെ പഴത്തിന് പൌരുഷവും മധുരവും ആണെങ്കില്‍ , സ്ത്രീയായ എന്‍റെ പഴത്തിന് മൃദുലതയും ആര്‍ദ്രതയും അതിമധുരവുമാണ്. small is beautiful..ചെക്കന്മാരുടെ കണ്ണ് തെറ്റി എത്താ തുഞ്ചത്ത് ഒരെണ്ണം പഴുത്തു കിടന്നാല്‍ ഈ നാട്ടിലെയും ഇടമലക്കപ്പുറത്തെയും കിളികളും അണ്ണാന്‍ കുട്ടികളും എന്‍റെ കൊമ്പത്ത് ആനിവേഴ്സറി കളിക്കും. നിങ്ങളുടെയോ ?

       മുണ്ടമ്മ പറഞ്ഞത് ശരിയാണ്. മധുരത്തില്‍ പി. വരിക്കനെ തോല്പിക്കും അവള്‍.   തോട്ടത്തിലെ  വരക്കെട്ടുകള്‍ക്കുള്ളില്‍ ആരംഭിച്ച്, കിഴക്കോട്ടൊന്ന് ചരിഞ്ഞ് ഭൂമിക്കടിയിലെ ഉള്‍പ്പാറച്ചാലുകളിലൂടെ ഒഴുകി, ചാട്ടക്കല്ലിനും ചക്കനാകടവിനുമിടയില്‍ മുട്ടന്‍ തോട്ടില്‍ ചെന്നു വീഴുന്ന ഒരു അന്തര്‍ധാരയുണ്ട് ആ മലയില്‍ . പുറമേ കാണാന്‍ പറ്റില്ല. ധാതുസമൃദ്ധമാണ് വെള്ളം. ചെമ്പിന്‍റെ നിറമാണ്. ലോഹാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ ഖനിയുറവയിലേക്ക് വേരിറക്കി അമൂല്യ ധാതുക്കളെ വലിച്ചെടുക്കാന്‍ പറ്റിയ സ്ഥാനത്താണ് വരിക്കന്‍റെയും മുണ്ടപളാവിന്‍റെയും നില്പ്. അതാണ് അവയുടെ ചക്കകള്‍ക്ക് മാത്രം ഇത്ര മധുരം.

       നോക്കുക,നില്ക്കുക, നോക്കിനില്ക്കുക, ആലോചിക്കുക, പുറം ചൊറിയുക, വീണ്ടും ആലോചിക്കുക,തല ചൊറിയുക എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്തു വരുമ്പോഴേക്കും മൈലാടൂര്‍ക്ക് പുറപ്പെട്ടത് എന്തിനാണെന്ന് മിക്കവാറും ഞാന്‍ മറന്ന് പോകാറാണ് പതിവ്. പക്ഷേ ഇക്കുറി കുഞ്ഞമ്മന്‍ ആന്റ് കോ. കമ്പനിയുടെ കയറും കുട്ടിപ്പണിക്കന്‍സ് പിച്ചാത്തിയും മുഖ്യ സംഗതി എന്നെ ഓര്‍മിപ്പിച്ചു. വരിക്കന്‍ മൂത്തു പഴുത്തു നില്ക്കുന്നു. രണ്ട് പഴങ്ങള്‍ എന്നു കരുതിയാണ് വന്നതെങ്കിലും വിശദമായ പഠനത്തില്‍ പഴം ആറ് എന്ന് തിട്ടപ്പെടുത്തി. നീറ് കടിച്ചാല്‍ അതിന്‍റെ പേരില്‍ സ്കൂളില്‍ പോകാതെ ഇരുന്ന് കളയുന്ന സഹോദരന്മാരുടെയിടയില്‍ മരംകയറ്റവരം ചുമ്മാ കിട്ടിയിട്ടുള്ളത് എനിക്കാണ്. കടിക്കുന്നവരെല്ലാം കടിച്ചോട്ടെ.. മുകളിലേക്കുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത് എന്ന് ചിന്തിച്ച് ഞാന്‍ വരിക്കന്‍റെ മേല്‍ കയറിത്തുടങ്ങി. കാണാപാഠം ആണ് വരിക്കന്‍റെ തടിയിലെ മുഴകള്‍ , മുട്ടുകള്‍ , കവലകള്‍. വേണമെങ്കില്‍ കണ്ണു കെട്ടിയും കയറാം. ഇടതുകാലും വലതുകാലും അതാതുവശങ്ങളിലെ മുഴകളില്‍ ചവിട്ടി ഏണിസുഖത്തില്‍ ആറ് കൊതകള്‍ കയറിപ്പോകാം  ഏഴാം ചവിട്ടിന് അല്പം സന്നിഗ്ധാവസ്ഥയുണ്ട്. ഇടതുകാലിന്‍റെ മുകളില്‍ ഇടതുവശത്തുതന്നെ വലതുകാല്‍ ചവിട്ടണം. അവിടെയേ ഒരു മുഴയുള്ളൂ. തീര്‍ന്നു പ്രശ്നം. ആദ്യത്തെ കവലയിലെത്തി. ദ ഫസ്റ്റ് ഹണി പോയിന്‍റ് ഓണ്‍ മി.  പി വരിക്കന്‍. ആ കവലയിലിരുന്ന് നാലുവശത്തുനിന്നുമായി അഞ്ച് മധുരപഴങ്ങള്‍ താഴെ സേഫ് ആയി ലാന്‍റ് ചെയ്യിച്ചു. ഈ സേഫ് ലാന്‍റിംഗിന് ഗ്രൌണ്ട് ഡ്യൂട്ടി ചെയ്തത് അനീത്തി മോളിക്കൊച്ചാണ്.

      ആറാം പഴം അപാരതുഞ്ചത്താണ്. വിട്ടുകള കുഞ്ഞപ്പച്ചാ എന്നു ഞാന്‍ പറഞ്ഞു. പക്ഷേ വായ് തുറന്ന് കിടന്ന് ഉറങ്ങുമ്പോള്‍ അകത്തു കയറിക്കൂടുന്ന കുട്ടിച്ചൈത്താന്മാര്‍ , ഈനാംപേച്ചിബോള് പോലെയുള്ള പാവം ചൈത്താന്മാര്‍ എന്നിവര്‍ എന്നോട് ലെഗിയോനായി പറഞ്ഞു. കയറ് കുഞ്ഞപ്പച്ചാ.. കയറ്.. കുരിശുമലക്ക് പടിഞ്ഞാറ് നിന്നെപ്പോലെ ഉശിരന്‍ പിള്ളാരില്ല. ഞാനങ്ങ് കയറിപ്പോയി. വയര്‍, നെഞ്ച്, താടിയെല്ല്, കൈകള്‍ എന്നിവയാണ് ഇത്തരം അവസരത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. മുഴയോ കൈകമ്പോ ഇല്ലാതെ, പാറേല്‍ കുട്ടിച്ചേട്ടന്‍റെ ശരീരം പോലെ മിനുസമുള്ള തടിയിലൂടെ ഇഞ്ച് കണക്കിന് മുകളിലേക്ക്. താഴെ നില്ക്കുന്ന ബോധക്കേട് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

       ചങ്കിലെന്തോ ഒന്ന് തടഞ്ഞു. വായുവാണ്...  കണ്ണിലെന്തോ ഒന്ന് മങ്ങി, പൊടി കയറിയതാണ്..... തല ഒന്നു ചുറ്റിയോ... ഇല്ല പേടി കയറിയതാണ്...

       ഈ ചെറുക്കന്‍ അപ്പുറം ചെല്ലില്ല എന്ന് കണ്ട് വിറകന്‍ ആക്രാന്തപ്പെട്ട് വിളിച്ചു.. വരിക്കാ....
       മുണ്ടമ്മയ്ക്ക് കണ്ണീര്‍ വന്നു...വരിക്കാ എന്തെങ്കിലും ചെയ്യ്....
       കോണേപ്ളാവും കുരുവനും മിണ്ടാന്‍ വയ്യാതെ അന്തിച്ചുനിന്നു. ഇടമലയില്‍നിന്ന് കുരിശുമലയിലേക്ക് പോയ കാറ്റ് പാതി വഴി പോയി തിരിച്ച് വന്ന് മൂവാണ്ടന്‍ മാവിന്‍റെയും ഈന്തിന്‍റെയും മുകളില്‍ തത്തി നിന്ന് കാര്യങ്ങള്‍ ഗൌരവമാക്കി.

        ചെക്കന്‍ വീണ്ടും കയറുകയാണ്. ഇതിനിടയില്‍ പിച്ചാത്തി താഴെ വീണു. അവസാനം വരിക്കന്‍ പറഞ്ഞു, ഞാന്‍ അതങ്ങു ചെയ്യാം.അങ്ങേര് ചെയ്തു... അങ്ങനെ ഇരുപത്തെട്ടു ശിഖരങ്ങളിലെ 84 പോര്‍മുഖങ്ങളില്‍ നിന്ന് ചുവന്ന നീറന്മാരുടെ പട ഒരേ സമയം പുറപ്പെട്ടു. വേഗം ശരവേഗം.... ആയുധം വയറ്റിലെ ബാഗില്‍ സൂക്ഷിച്ച തീത്തൈലം.

         പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വലതുമുഴ, ഇടതുമുഴ, ആറാം കാല് വയ്ക്കേണ്ട വിശേഷാല്‍ മുഴ ,ഹണിപോയിന്‍റ് ഒന്നും കാണാതറിയാതെ , പാറേല്‍ കുട്ടിച്ചേട്ടന്‍റെ ദേഹത്തൂടെ ശടേന്ന് താഴേക്ക് ഒഴുകിച്ചാടിയ വിയര്‍പ്പുതുള്ളി പോലെ ചെക്കന്‍ ദാ വരിക്കന്‍റെ ചുവട്ടില്‍...  അസോസിയേഷന്‍ പ്ളാവുകള്‍ രഹസ്യമായി വേര് കോര്‍ത്തിട്ടുള്ള അടുക്കളക്കടിയില്‍നിന്ന് ചില തരിപ്പുകള്‍ കേട്ട് ഓടി വന്ന മറിയക്കുട്ടിക്കു മുന്പില്‍ അരയില്‍ മാത്രം വസ്ത്രം, കൈകള്‍ ഇരുവശങ്ങളിലേക്കും വിരിച്ച് , തല വലതുതോളിലേക്ക് ചായ്ച് കിടക്കുന്നു...സ്ത്രീയേ .. ഇതാ നിന്‍റെ മകന്‍.  വ്യാകുലമാതാവിന്‍റെ സിമന്‍റ് പ്രതിമ പോലെ മോളിക്കൊച്ച് കുറ്റിയടിച്ച് നില്ക്കു്ന്നു , സമീപേ.

         ദേഹമാസകലം നീര്‍പടയാളികള്‍ വിളയാടിയ തടിപ്പുകള്‍. ചെവിയില്‍നിന്നും മൂക്കില്‍ നിന്നും അവന്മാര്‍ ഇറങ്ങി വരുന്നു. രണ്ടു കണ്ണ്ിലുമായി കടിച്ചുതൂങ്ങിക്കിടന്ന നാലെണ്ണത്തിനെ മറിയക്കുട്ടി പറിച്ചുമാററി കണ്ണ് തുറന്നു. സഹായത്തിന് വാവല്ലൂര്‍ അമ്മായിയും ഓടി വന്നു. അങ്ങനെ ഒരു ചക്കക്കാലത്ത് , ഉണ്ണൂണ്ണി മത്തായിയെ അനുഗ്രഹിച്ച ദൈവം പിന്‍തലമുറകളിലേക്ക് വീശിയറിഞ്ഞ അനുഗ്രഹത്തിന്‍റെ കയറ് പിടിച്ച് ഒടിയാതെ ,നുറുങ്ങാതെ ഞാന്‍ എഴുന്നേറ്റ് നിന്നു.

        18 വര്‍ഷങ്ങള്‍ക്കുശേഷം വടക്കേ ഇന്ത്യയിലെ ഒരു ധനികനായ വ്യവസായി ടെറസ്സിന് മുകളില് ധാന്യം വിതറി പക്ഷികളെ ക്ഷണിക്കുന്നതു കണ്ടപ്പോള്‍ എനിക്കുമനസ്സിലായി, എത്താകൊമ്പത്തെ പഴങ്ങള്‍ നമുക്കുള്ളതല്ല. അത് ഭൂമിയുടെ മറ്റ് അവകാശികള്‍ക്കുള്ളതാണ്...ഓലേഞ്ഞാലികള്‍ , മൈനകള്‍ , പച്ചിലക്കുടുക്കകള്‍ , മാടത്തകള്‍ , കാക്കകള്‍ , അണ്ണാന്‍കുട്ടികള്‍ , പേരറിയാപ്പറവകള്‍..അങ്ങനെ....


                     ................................പ്ളാവ്...................................

Like · · · Promote ·