ഇവന്‍ മരണശിക്ഷക്ക് അര്‍ഹനാണ്
നീതിവിസ്താരത്തിന്‍റെ ഒന്നാം ചോദ്യത്തിന് വായ് തുറന്നപ്പോള്‍ പീലാത്തോസിന്‍റെ തൊണ്ടയില്‍ ചൂണ്ട പോലെ എന്തോ ഉടക്കി. എങ്കിലും അവന്‍ ചോദിച്ചു.
.........നീ ആരാണ്..... എവിടെ നിന്ന് വരുന്നു......
ഏസോവിന്‍റെ തോട്ടത്തിലെ പ്രശാന്തിയിലേക്കും ഔന്നത്യമുള്ള മരങ്ങളിലെ കിളിഹൃദയങ്ങളിലേക്കും വെറുതെ നോക്കിനിന്നതല്ലാതെ അവന്‍ മറുപടി പറഞ്ഞില്ല.
.......ഇവര്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ നീ ചെയ്തിട്ടുണ്ടോ.....
കൊട്ടാരത്തിന്‍റെ കൂറ്റന്‍ ഗെയ്റ്റിന് പുറത്ത് താന്‍ തൊട്ടുസുഖപ്പെടുത്തിയവരുടെ ഹൃദയവിശുദ്ധിയിലേക്ക് പുഞ്ചിരിയെറിഞ്ഞു നിന്നതല്ലാതെ പീലാത്തോസിന് നേരെ ഒരു നോട്ടം പോലും അവന്‍ അനുവദിച്ചില്ല.
മൌനമെന്ന മഹാസാഗരത്തിലെ തുള്ളികള്‍ മാത്രമായ അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവന്‍ മൌനത്തിന്‍റെ മഹാസാഗരത്തെ മറുപടിയായി നല്‍കി.
ഏസോവിന്‍റെ കിളികള്‍ക്കൊപ്പം, വഞ്ചിക്കപ്പെട്ട അന്ധവൃദ്ധനും പിതാവായ അബ്രാഹമും തന്‍റെ പിതാവായ മഹാമൌനവും തോട്ടത്തിലെ നിലാവെണ്മയില്‍ ഉലാത്തുന്നത് ദൂരമിഴികള്‍ കൊണ്ട് കണ്ടുനിന്നപ്പോഴാണ് അടുത്ത ചോദ്യം ....
നീ രാജാവാണോ.... നിന്‍റെ രാജ്യം എവിടെയാണ്......
അവന്‍ മൌനം വെടിഞ്ഞു. എന്‍റെ രാജ്യം ഐഹികമല്ല. ഏസോവിന്‍റെ തോട്ടത്തിലേക്ക് കൈകളും കണ്‍കളും ചൂണ്ടി അവന്‍ പറഞ്ഞു. അതാണ് എന്‍റെ രാജ്യം. മനസ്സുകളുടെ നേരാണ് എന്‍റെ ധനം. കേട്ടുനിന്ന പുണ്യാത്മാക്കള്‍ വീണുകിട്ടിയ ദൈവദൂഷണത്തില്‍ സംതൃപ്തരായി. ആബേലച്ചന്‍റെ അറക്കവാള്‍ ശബ്ദിച്ചു.
എത്തീ വിലാപയാത്ര.. കാല്‍വരിക്കുന്നിന്‍ മുകള്‍പരപ്പില്‍.......
പിന്നീട് അവന്‍ തല താഴ്ത്തി കിളികളെയും പുഴകളെയും കണ്ടു. വ്യാകുലങ്ങളുടെ അമ്മയെ കണ്ടു. പുസ്തകത്തില്‍നിന്ന് ഇറങ്ങിപ്പോയവന്‍റെ പ്രശാന്തിയിലേക്ക് തന്‍റെ ആത്മാവിനെ സമര്‍പ്പിച്ചു.
ഇസ്രായേല്‍... ഗാസാ മുനമ്പ്....മിസൈലുകള്‍... ഗോലാന്‍ കുന്നുകള്‍
No comments:
Post a Comment