Tuesday 28 May 2013

കിളിയാര്‍കണ്ടം - കിളിയും പുഴയും വയലും


     ഒന്നാം തുള്ളി പറഞ്ഞു,
          ' പിറകേ വരുന്നവരേ , നമുക്കല്‍പ സമയം ഇവിടെ നില്‍ക്കാം. ചുറ്റും നോക്കൂ എന്ത് രസമാണീ ഭംഗികള്‍! '

ചുറ്റുഭംഗികള്‍ കണ്ട് ഒഴുകാന്‍ മറന്ന പുഴ അവിടെ തത്തിക്കളിച്ചു. മഹാഗൌരവത്തില്‍ വളര്‍ന്നേ നില്ക്കുന്ന ഏറെ ഉയരമുള്ള ഒരു വൃക്ഷത്തിന്‍റെ ഇരുവശത്തുമായി പുഴയങ്ങനെ സ്വയം മറന്ന് ഓളം തല്ലി നിന്നു. പിറകെ പിറകെ വന്ന തുള്ളിക്കൂട്ടങ്ങളും ഒഴുകാന്‍ കൂട്ടാക്കാതെ തള്ളിക്കയറിയപ്പോള്‍ അതൊരു ചെറിയ ജലാശയമായി. 

         അത്ര മേല്‍ വലിയ ആ വൃക്ഷത്തില്‍  വളര്‍ന്നു പടര്‍ന്നു കയറിയ കാട്ടുവള്ളികള്‍ വൃക്ഷാഗ്രത്തിലെത്തി,പിന്നെ അവിടെനിന്നും താഴേക്ക് തൂക്കിയിട്ട വള്ളികള്‍ക്കുള്ളില്‍ ധ്യാനത്തിലമര്‍ന്ന ഒരു മഹാമുനിയുടെ ഭാവമാര്‍ന്നു , ആ വൃക്ഷം. അങ്ങനെ പിറന്ന ജലാശയത്തിന് മുകളിലൂടെ കിളികള്‍ മെനക്കെടാതെ പറന്നു നടന്നു.

          കാഴ്ചകള്‍ കണ്ടു തൃപ്തിയും നിര്‍വൃതിയുമടഞ്ഞ തുള്ളികള്‍ വീണ്ടും പുഴയായി താഴേക്ക് ചെറിയൊരു സമതലത്തിലൂടെ ഒഴുകി ഇരുവശവും നെല്‍വയലുകളെ പെറ്റിട്ടു.

          ' കിളിയാര്‍കണ്ടം '  ഇവിടല്ലേ ചേച്ചിക്ക് ഇറങ്ങേണ്ടത് ? കണ്ടക്ടര്‍ സൌമ്യനായി ചോദിച്ചു. ഭാരമുള്ള ഒരു ബാഗു കൈയില്‍ തൂക്കിപ്പിടിച്ച് , മൂന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടിയെ മുന്നില്‍ നടത്തി ആ സ്ത്രീ അവിടെ ഇറങ്ങി.

            അവരുടെ ആരാണ് അവിടെ ഉണ്ടായിരിക്കുക എന്ന് അയാള്‍ അത്ഭുതപ്പെട്ടു. ഈയിടെയായി അയാള്‍ അങ്ങനെയാണ്. കാണുന്നതെല്ലാം അത്ഭുതങ്ങളാണ്. ആ വിദൂരപട്ടണത്തിലേക്കുള്ള ബസിലെ യാത്രക്കാരുടെയിടയില്‍,  ഇടക്കിറങ്ങുന്ന ചായക്കടയില്‍, കടത്തിണ്ണയില്‍ പത്രം വായിച്ചു പൊട്ടിച്ചിരിക്കുന്നവരുടെയിടയില്‍ ഒക്കെ  കാണുന്ന നീണ്ട മൂക്കുള്ള ഒരാള്‍, പൊക്കമുള്ള ഒരു ഇരുനിറക്കാരന്‍, പശുവിനോട് ദേഷ്യപ്പെടുന്ന ഒരു സ്ത്രീ ......... തന്‍റെ അടുത്ത ബന്ധുക്കളില്‍ പെട്ടവരാണ് അവരെന്ന് അയാള്‍ ഉറപ്പിക്കും. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കുടുംബചരിത്രം വായിക്കുമ്പോള്‍ ചില പേജുകള്‍ക്കിടയില്‍വച്ച് കാണാതെ പോകുന്ന ചില നല്ല മനുഷ്യര്‍ ഇവിടെയെവിടെയൊക്കെയോ ആണ് കുടിയേറിയിട്ടുള്ളത് എന്ന് അയാള്‍ കേട്ടിട്ടുണ്ട്.

           ഇപ്പോള്‍ അയാള്‍ക്ക് ഏറ്റവും സംശയം ഈ കണ്ടക്ടറെയാണ്. ആ കണ്ണ് , ആ പുരികം, ആ താടിയെല്ലുകള്‍, വിശേഷിച്ചു കാരണങ്ങളൊന്നുമില്ലാതെ അയാള്‍ തനിക്കു നല്കുന്ന പുഞ്ചിരിയുടെ, ഇണക്കത്തിന്‍റെ സൌജന്യങ്ങള്‍ ..... 

           ഇല്ല. ഇപ്പോള്‍ ചോദിക്കുന്നില്ല.  താങ്കള്‍ മാറാമറ്റത്തിലെ.....  പണ്ട് എഴുകുംവയലിന് കുടിയേറിയ അവിരാച്ചന്‍റെ മകന്‍റെ മകനല്ലേന്ന്......   ചോദിക്കാത്ത ചോദ്യമായി, ഒരിക്കലും തൊടുക്കാത്ത അമ്പായി ആവനാഴിയില്‍ കിടക്കട്ടെ. ചോദ്യവും ഉത്തരവും അറിയാവുന്ന അദ്ധ്യാപകനെപ്പോലെ ഗൌരവത്തില്‍ കണ്ണടക്കുള്ളിലൂടെ അയാള്‍ ആ കണ്ടക്ടറെ ഒന്നുകൂടെ പാളിനോക്കി. കൂട്ടുപുരികത്തിനു താഴെ , നീണ്ട മൂക്കിനു താഴെ ചുണ്ടിന്‍റെ ഇടംകോണില്‍ ഒളിച്ചിരിക്കുന്ന ഈ പുഞ്ചിരിയും കൌശലവും എനിക്കെന്നേ മനസ്സിലായി. പ്രിയ കണ്ടക്ടറേ , നീ പിടിക്കപ്പെട്ടിരിക്കുന്നു...  ഗഹനമായ ഒരു സംതൃപ്തിയോടെ അയാള്‍ ഒന്ന് ഇളകിയിരുന്നു.

           പേഴ്സ് എടുക്കാന്‍ മറന്നുപോയ ഒരു ദിവസം,  എഴുന്നേറ്റാല്‍ വീഴും, തല ചുറ്റി വീഴും എന്നുറപ്പായ രക്തസമ്മര്‍ദ്ദത്തിന്‍റ മറ്റൊരു ദിവസം ,ബസിന്‍റെ കമ്പിയില്‍ മുറുക്കെപ്പിടിച്ച് ,
              --- കുഞ്ഞ്ഞേ  , നീ മാറാമറ്റത്തിലെ ----  എന്നു ചോദിച്ചാലോ എന്ന് പലവട്ടം ആഞ്ഞിട്ടും അയാളത് വേണ്ടെന്ന് വച്ചു.



No comments:

Post a Comment