Friday 31 May 2013

ഹേയ് രാമാ ഞാന്‍ വന്നു നിന്‍റെ രാമക്കല്‍മേട്ടില്‍





 1.    രാമം

       മുത്തശ്ശി ' പണ്ട് പണ്ട് ' എന്ന് പറഞ്ഞുതുടങ്ങുന്ന കാലത്തിന് ഒരുപാട് മുമ്പും കടലുണ്ടായിരുന്നു. ഉള്‍ക്കടലുകളും മഹാസമുദ്രങ്ങളുമുണ്ടായിരുന്നു. ഉള്‍ക്കടലിന് ഉയരമുള്ള കരിമ്പാറകള്‍ അതിര് നിന്നു. മഹാസമുദ്രങ്ങള്‍ക്കോ മണല്‍ത്തിട്ടകള്‍ എതിര് നിന്നു. ഓങ്ങിയും പിന്‍വാങ്ങിയും തീരത്തെ വിഴുങ്ങിയും കടലിന് ചില കളികളുണ്ട്. ആരേയും അധികം നോവിക്കാതെ, ഭൂമിയുടെ ദഹനക്കേടുകള്‍ക്കൊപ്പം ഏറിയും കുറഞ്ഞും കടല്‍ കരയോട് വഴക്കിട്ട് പോന്നു. പിന്നെ ഇഷ്ടം കൂടി കെട്ടിപ്പുണര്‍ന്നും പൊട്ടിച്ചിരിച്ചും മഹാസന്തോഷത്തില്‍ അങ്ങനെ.....

     മക്കളേ, ഉറങ്ങാതെ ശ്രദ്ധിച്ചുകേള്‍ക്കുക. അങ്ങനെ അങ്ങനെ കടലും കരയും സുഖമായി കഴിയുന്ന ഒരു ദിവസം രാത്രിയില്‍ ലോകം അവസാനിച്ചു. ഒരു വലിയ ഇടിമുഴക്കവും ഞെട്ടലും വിറയലും ഭൂമിയെ തകര്‍ത്തു കളഞ്ഞു. ഭൂമി കുലുങ്ങികുലുങ്ങി വിറച്ചുവീണപ്പോള്‍ മരങ്ങളെല്ലാം മറിഞ്ഞുവീണു. കരിമ്പാറകള്‍ അപ്പാടെ തകിടംമറിഞ്ഞു. പക്ഷികള്‍ പേടിച്ച് ശൂന്യതയിലേക്ക് പറന്നകന്നു. ഭയപ്പെട്ടുപോയ അന്തരീക്ഷം ചകിതമനസ്സോടെ കാറ്റായി പരക്കം പാഞ്ഞു. സൂര്യന്‍ രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ ഭൂമി മരിച്ചേ കിടക്കുന്നു ! കടല്‍ ഒഴിഞ്ഞുപോയിരിക്കുന്നു ! കരിമ്പാറകള്‍ക്കു താഴെ ഭയാനകമായ ഗര്‍ത്തങ്ങള്‍
അവശേഷിപ്പിച്ച് ബംഗ്ളാ ഉള്‍ക്കടല്‍ എവിടെയോ മറഞ്ഞുപോയി !

     ത്രേതായുഗത്തിലെ രാമന്‍ ,  കശ്മലന്‍റെ വിമാനത്തില്‍ കയറിപ്പോയ തന്‍റെ ചങ്കായ സീതയെ അന്വേഷിച്ച് വടക്കൂന്ന് നടന്ന് , അലഞ്ഞ് , തെക്കുനാട്ടില്‍ ഒരു ഭ്രാന്തനെപ്പോലെ എത്തി. ഓര്‍മ്മകള്‍ ഭക്ഷിച്ച് , കണ്ണുനീര്‍ കുടിച്ച് ' കണ്ടോ എന്‍ കരളിനെ കണ്ടോ ' എന്ന് പുലമ്പി ആര്‍ത്തനായി ഈ കരിമ്പാറമേല്‍ കയറി .  മുട്ടോളമെത്തുന്ന വലതുകൈയുയര്‍ത്തി പുരികത്തിന് മേല്‍ വച്ച് , ആകാശത്തെ തുളച്ച് ദൂരേയ്ക്ക് നോട്ടമെറിഞ്ഞ് നിന്നു. രാമപാദമേറ്റ കല്ലായ രാമക്കല്ലും ആരോടും ചേരാന്‍ കൂട്ടാക്കാതെ ചുറ്റും  ആകാശത്തോട് പോരടിച്ച് നില്ക്കുന്ന കല്‍മേടുകളും ചേര്‍ന്ന് രാമക്കല്‍മേടായി.

      കൂട്ടരേ , ചുവന്ന ബസ്സിറങ്ങി ഇന്നലെ  ഈ മല കയറിയവരില്‍ ഒരാള്‍ ഞാന്‍.  

     കാണുക .   മുന്‍വിധി എന്ന മഹാവ്യാധി കണ്ണിനില്ലെങ്കില്‍ കാഴ്ചകള്‍ എത്ര സുവ്യക്തം  .   സുന്ദരം  . നീ കാണുന്നത് നീ കാണേണ്ടതു തന്നെയാണ്. അതു നിനക്കേ കാണാനാവൂ .

     ചെവി കൊടുക്കുക എന്ന മഹത്തായ പ്രയോഗം ശ്രേഷ്ഠമലയാളത്തിലുമുണ്ട്. നീ ഒരു ചെവി മാത്രമായി മാറുക. പിന്നെ കേള്‍ക്കുക . അന്ന് കടല്‍ പിന്‍വാങ്ങിപ്പോയ മഹാദൂരങ്ങളില്‍ നിന്ന് കാറ്റ്   .......  ഓ ............ം ,    ഹൂൂൂൂൂ.....ം , ഹൂ..........മി.........യാരാം?      എന്ന് വിളിച്ച് ഓടിവന്ന് നിന്നെ കെട്ടിപ്പിടിക്കും . ചിലപ്പോള്‍ മറിച്ചിടും . സ്നേഹം മൂത്ത ഒരു നാട്ടുംപുറത്തുകാരനെപ്പോലെ   'എന്നതാ കൊച്ചേട്ടാ കണ്ടിട്ടെത്ര കൊല്ലായി? എന്ന് പറഞ്ഞ് വയറിന്
കൈ ചുരുട്ടി ഇടിക്കും . കാലിനിടയില്‍ കാല്‍ കയറ്റി നിങ്ങളെ മറിച്ചിടും. നിങ്ങള്‍ പരിഭവിക്കാതെ കാറ്റിനോടേറ്റ് ഇരുകൈകളും വിടര്‍ത്തി മറിഞ്ഞുവീഴാതെ,  ഒരിക്കല്‍ കടല്‍ അതിരിട്ടു നിന്നിരുന്ന കരിമ്പാറക്കലേയ്ക്ക് നീങ്ങും .ഇന്നിവിടെ രണ്ട് സംസ്ഥാനങ്ങള്‍ അതിരിടുന്നു.  കടല്‍ പിന്‍വാങ്ങിയ ലോകങ്ങളിലേക്ക് നോക്കിയങ്ങനെ നില്ക്കുമ്പോള്‍  പിറകില്‍നിന്നാരോ പറയും , അത് .... അക്കാണുന്നത് തേനി ... അപ്പുറം കോവൈ ... തേവാരം , അതിനപ്പുറം ഉത്തമപാളയം . പിന്നെയുമപ്പുറം ബോഡിനായ്ക്കന്നൂര്‍ .  തീര്‍ന്നില്ല , തീരുന്നില്ല ഊരുകള്‍ , ചിദംബരങ്ങള്‍ !!



    നിങ്ങള്‍ അതൊന്നും കേള്‍ക്കുന്നേയില്ല. ഹും .. ഹും... ഹും.. എന്ന ഹുംകാരത്തിന് ചെവി കൊടുത്ത് അനങ്ങാതെ നിന്ന് മുന്‍ പിന്‍ മറന്ന് , അഴലും അരിശവും വിട്ട്, ഒരു ചെവി മാത്രമായി മാറുമ്പോള്‍ കാറ്റ് പറയുന്നത് വ്യക്തമാകുന്നു. ഈന്തപ്പനകളുടെ ലബനോന്‍ നാട്ടില്‍നിന്ന് ഖലീല്‍ ജിബ്രാന്‍ എയ്തു വിട്ടൊരു പാട്ടാണ് ഇപ്പോള്‍ കാറ്റ് കൊണ്ടുവരുന്നത്.


         Where are you my beloved? Are you in that little
         Paradise , watering the flowers who look upon you
         As infants look upon the breast of their mothers

        Oh companion of my soul , where are you? Are you
        Praying in the temple? or calling Nature in the
        Field ,  haven of your dreams ...

       Recall you the hour , I bade you farewell
       And the maritime kiss you placed on my lips.
       That kiss taught me that joining of lips in Love
       Reveals heavenly secrets which the tongue cannot utter !!

   കാറ്റ് നിങ്ങളെ മറിച്ചിട്ട് ചുംബിച്ച്  കാതില്‍ രഹസ്യപ്പെട്ടു
     നാവിനുരിയാടാന്‍ വയ്യാത്ത രഹസ്യങ്ങള്‍ അങ്ങനെ കേട്ടുകേട്ടു നില്ക്കുമ്പോള്‍ നിങ്ങളുടെ വലതുവശേ , ആഗ്രാവാലാ ജിത്തു അഗര്‍വാളി്ന്‍റെ ചെവിയില്‍ കാറ്റ് പറയുന്നത് മറ്റൊന്നാണല്ലോ. ഓരോ അരിമണിയിലും നിന്‍റെ പേര് കൊത്തിയിരിക്കുന്നു . അത് ഭക്ഷിക്കേണ്ടന്‍റെ പേര് എഴുതിയ അരിമണികള്‍. അദ്ധ്വാനം കൊണ്ട് ഭക്ഷണത്തില്‍ അര്‍ഹതപ്പെട്ട പേര് എഴുതുന്ന ഇന്‍ഡ്യന്‍ കര്‍ഷകന്‍റെ പാട്ട്. ജീവിതം ആനന്ദിക്കാനും മരണം പരമാനന്ദിക്കാനുമുള്ളതാണെന്ന് പാടിയ കബീര്‍ദാസിന്‍റെയും പാട്ടുകള്‍ അവന് കാറ്റ് കൊണ്ടുവന്ന് രഹസ്യമായി കൊടുത്തു.
   


3Like · · · Promote ·

3 comments:

  1. ഇതിന്‍റെ ബാക്കി ഭാഗം കുറവനും കുറത്തിയമ്മയും എന്ന പോസ്റ്റില്‍ വായിച്ചാലും. ചിത്രത്തിലെ മനോഹരശില്പത്തെയും അതിന്‍റെ ശില്പിയെയും കുറിച്ച് കൂടുതല്‍ അറിയാന്‍...

    ReplyDelete
  2. ഈ മുത്തശ്ശിക്കഥ രാമക്കല്‍മേഡിനെ കുറിച്ചുള്ളതു തന്നെയോ?എന്തൊരു ഭാഷയാണിത്!കുന്നായ കുന്നും മലയും കടന്നുവരുന്ന കാറ്റിനെപോലെ

    ReplyDelete
  3. കണ്ട് നില്ക്കെ പിറക്കുന്നു കഥകള്‍ ഷറഫ്സാര്‍

    ReplyDelete