കുറവന്‍ കുറത്തി ഒന്നാം ചിത്രം
രാമക്കല്‍മേടിന് മുകളിലെ പാറമേല്‍ സി.ബി ജിനന്‍ എന്ന ശില്പി കൊത്തിസ്ഥാപിച്ച അത്ഭുതശില്പത്തെ അതിന്‍റെ നേര്‍മുന്‍പില്‍പോയിനിന്ന് കാണുക. നിങ്ങള്‍ അസൂയപ്പെട്ടുപോകുന്ന ഹൃദയവിശുദ്ധി കണ്ണുകളിലെഴുതിയ രണ്ട് മുന്‍കാല
മനുഷ്യരുടെ രൂപങ്ങള്‍ !
കുറവന്‍ ഒരു പൂവന്‍കോഴിയെ നെഞ്ചോട് ഒട്ടിച്ച് പിടിച്ച്...
കുറത്തി ഒരു പിഞ്ചുജന്മത്തെ മാറോട് ചേര്‍ത്തും അതിന് മുമ്പ് പിറന്നവനെ കാല്‍ചുവട്ടില്‍ നിര്‍ത്തിയും
കരിമ്പാറമേലിരിപ്പാണ്.
കുറവന്‍ മഹാദൂരങ്ങളിലേക്ക് കാഴ്ചകളൊത്തിരി കണ്ടവന്‍റെ പക്വതയോടെ നോക്കിയിരിക്കുമ്പോള്‍
കുറവന്‍റെ തോളിന് ചെരിഞ്ഞ് ഒരു പെണ്ണിന് മാത്രം കാണാന്‍ കഴിയുന്ന ഏതോ കൌതുകകാഴ്ചയെ
കുസൃതിയോടെ കാണുകയാണ് കൌശലക്കാരിയായ കുറത്തി .
കടലെടുത്തുപോയ് കവിത കോറുവാന്‍
കരളില്‍ ഞാനന്നൊളിപ്പിച്ച താളുകള്‍.
മഹാ ദുരകളില്‍പെട്ടു തിരയെടുത്തുപോയ്
അമ്മയെന്നെ പഠിപ്പിച്ച നേരുകള്‍.
അന്നവും തന്ന് നെറ്റിമേല്‍ ഓമനേ...
എന്ന് ചുംബിച്ചുറക്കിയ രാത്രികള്‍
പുണ്യരാത്രികള്‍ !
കടലെടുത്തുപോയ് !
കുറവന്‍ കുറത്തി രണ്ടാം ചിത്രം
ഒതു വശപ്പാട് പിറകില്‍നിന്ന് അതേ ചിത്രത്തെ ധ്യാനാത്മകമായി നോക്കുക. കടലെടുത്തുപോയ വിലപ്പെട്ടതെന്തോ തിരയുന്നവന്‍റെ നിലക്കാത്ത നിലവിളിക്കാറ്റിനോട് ഒട്ടിച്ചേര്‍ന്നിരുന്ന് .... വരും എന്‍റെ മോന്‍ വരും. അവനെങ്ങനെ വരാതിരിക്കും? അമ്മയല്ലേ നോക്കി നോക്കിയിരിക്കുന്നത് ?
കുറത്തി കരയുകയാണോ .... കാറ്റിനൊപ്പം ചിതറി വീണത് മഴത്തുള്ളി തന്നെയോ ?
അക്കാലത്തും കണ്ണിലൂടെ കരയാന്‍ അനുവാദമില്ലാത്ത പുരുഷനായ കുറവന്‍ കുറത്തിയെ കരയാനനുവദിച്ച് , .....വരില്ല , അവന്‍ വരില്ല ..... അതെനിക്കറിയാം. എങ്കിലും ഈ ജന്മം ഇനിയെങ്ങോട്ടുമില്ല. ഇവിടെത്തന്നെയിരുന്ന് വരാതിരിക്കുന്നവനെ നോക്കി നോക്കിയങ്ങനെ .......
ഹേയ് കാറ്റേ.. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെന്തു വിശേഷം ...
ഹേയ് കാറ്റേ.. ഇപ്പോള്‍ വത്തിക്കാനിലാരാണ് പാപ്പാ .....
ഹേയ് കാറ്റേ.. ജറൂസലത്തെ തെരുവുകളില്‍ ഒരു താടിക്കാരന്‍
ഇപ്പോഴും കഴുതപ്പുറത്ത് സഞ്ചരിക്കുന്നുണ്ടോ .....
ചീകിയൊതുക്കാത്ത മുടിയും ജ്വാലക്കണ്ണുകളുമുള്ള..
അവന്‍റെ പിറകെ കാളികൂളി പിള്ളേര്‍ കൂകിവിളിച്ച് നടപ്പുണ്ടോ...
ഹേയ് കാറ്റേ.. അന്തപ്പുരങ്ങളില്‍ ഇപ്പോഴും തലയണകളുണ്ടോ....
തലേരാത്രിയിലെ തലയണമന്ത്ര വിഷക്കാറ്റേറ്റ്
രാമന്മാര്‍ ഇപ്പോഴും വനവാസത്തിന് പോകാറുണ്ടോ ....
ഹേയ് കാറ്റേ ... രാമക്കല്‍മേട്ടിലെ കാറ്റേ.....

കുറവന്‍ ഒന്നാം ചിത്രം

കുറവന്‍ ചിത്രം 2

ഇതാരുടെ കവിത?
ReplyDeleteഎന്‍റെ തന്നെ. ആ മലമുകളില്‍ ഭൂഖണ്ഡാന്തരകാറ്റേറ്റ് നിന്നപ്പോള്‍ എനിക്ക് തോന്നിയതെല്ലാം, ഒരു പക്ഷേ സമഗ്രതയില്ലാത്തത് എന്നു തോന്നിപ്പോകുന്നവ, എല്ലാം തോന്നിയപോലെ തന്നെ എഴുതിയതാണ്.
ReplyDelete