Friday 24 May 2013

തൊടുപുഴ - കമ്പംമെട്ട് KSRTC ഉപ്പുതോട് വഴി 5.15AM




                       ആ സ്ത്രീ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍‍ എളുപ്പം എണ്ണിത്തീര്‍ക്കാവുന്ന തുകയ്ക്ക് നൈറ്റ് ഷിഫ്റ്റ് ചെയ്ത് മടങ്ങുന്ന  നേഴ്സാണ്. അവര്‍ക്കിറങ്ങാന്‍ വേണ്ടിയാണ് ബസ്സ് എന്നും ഇവിടെ നിര്‍ത്താറുള്ളത് . ബസ്സിന്‍റെ മുന്‍വാതിലിലൂടെ ചവിട്ടുപടികളിലോ റോഡിലോ നോക്കാതെ , മരങ്ങള്‍ നിറഞ്ഞ എതിര്‍വശത്തെ മലയിലെ, ഉണ്ണിയുറങ്ങുന്ന തൊട്ടില്‍ കെട്ടിയ പുരയ്ക്കലേക്ക് നോക്കി, ജൈവികമായ ഒരു ധൃതിയില്‍ അവര്‍ ബദ്ധപ്പെട്ടിറങ്ങുമ്പോഴൊക്കെ അയാള്‍ പ്രാര്‍ത്ഥിക്കും .... ദൈവമേ, വീഴിക്കല്ലേ .....

                      ഇതേ സമയം തബലയുടെ ആകൃതിയില്‍ റോസ് നിറത്തിലുള്ള പാത്രത്തില്‍ സൊസൈറ്റിയിലേക്കുള്ള പാലുമായി ഉയരമുള്ള ഒരു താടിക്കാരന്‍ പിന്‍വാതിലിലൂടെ കയറിക്കഴിഞ്ഞിട്ടുണ്ടാകും. രണ്ട് വാതിലുകളും അടയുന്ന ശബ്ദം കേള്‍ക്കുന്നതോടെ കുത്തനെ കയറി ഒരു കൊടുംവളവ് തിരിഞ്ഞ്, അനുഭൂതി നിറഞ്ഞ അകംകാഴ്ചകള്‍ക്ക് കൊടിയേറ്റി, ബസ് മഞ്ഞിന്‍റെ നാരകക്കാനങ്ങളിലേക്കും ഈട്ടിത്തോപ്പുകളിലേക്കും പ്രവേശിക്കുന്നു.   അപ്പോള്‍ അയാള്‍ വീണ്ടും പ്രാര്‍ത്ഥിക്കും ... ദൈവമേ , ജോലി ചെയ്യുന്ന ആഫീസ് ഒരുപാട് ദൂരെയായിരിക്കട്ടെ ....ഉടനെയെങ്ങും എനിക്കവിടെയെത്തേണ്ട .

                    പുലരാന്‍ അല്പംകൂടെ സമയം ബാക്കിനില്‍ക്കുന്ന ഒരു പുലര്‍കാലത്താണ് അയാള്‍ ആ ബസില്‍ ഒരു മാസം മുമ്പ് ആദ്യമായി കയറിയത്. കയറി ഏതെങ്കിലും ഒരു സൈഡ്സീറ്റില്‍ ഇരുന്ന് ടിക്കറ്റെടുത്ത് കാശു കൊടുക്കുന്നതു വരെ മാത്രമേ അയാളുടെ ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും പുറംലോകവുമായി ബന്ധമുള്ളൂ. ടിക്കറ്റും പണബാക്കിയും പോക്കറ്റിലേക്കിടുന്നതോടെ അയാള്‍ ആന്‍റിന അഴിച്ച് ലോകവുമായുള്ള ബന്ധം ഡിസ്കണക്റ്റ് ചെയ്യും. പിന്നെ ഉള്ളിലെ വിവിധ ഡ്രൈവുകളില്‍ രഹസ്യമായി  സൂക്ഷിച്ചിട്ടുള്ള വിസ്മയലോകങ്ങളില്‍ ഒന്നു തുറന്ന് അതിലൂടെ നടന്നും നീന്തിയും, മലര്‍ന്നും കമിഴ്ന്നും പറന്നും, മരച്ചുവട്ടിലുറങ്ങിയും,ഒരു പാട്ടങ്ങു പാടിയും, തനിയെ സംസാരിച്ചും,  നീലച്ചിറകുള്ള പക്ഷിപ്പെണ്ണിനെ ഞാവല്‍മരത്തിനു മറഞ്ഞുനിന്ന് .........

                   എന്നാല്‍ അന്ന്, ആദ്യമായി കയറിയ അന്ന് , നീളം കുറഞ്ഞ ആ കട്ട് ചെയ്സ്  KSRTC ബസിന്‍റെ കണ്ടക്റ്റര്‍, അയാള്‍ കയറിയ ഉടനെ തോളില്‍നിന്ന് ബാഗ് വാങ്ങി ഒരു സീറ്റില്‍ വച്ചു. സ്നേഹപൂര്‍വം പുഞ്ചിരിച്ചു.  ഇയാള്‍ .. ചേന്നാട്ടെ .... പേരമ്മയുടെ മകളുടെ ഭര്‍ത്താവിന്‍റെ ...... പേരു മറന്നുപോയ മിസ്റ്റര്‍ ..... അല്ല . ആരുമല്ല. ഒരു കണ്ടക്റ്റര്‍ മാത്രം. അങ്ങനെയാണ് ആ കണ്ടക്റ്റരുടെ പതിവ്. നിര്‍ഭാഗ്യവാന്മാരുടെ ബസിലേക്ക് ആദ്യമായി ബാഗ് തൂക്കി കയറിവരുന്ന പുതിയ നിര്‍ഭാഗ്യവാനെ അത്ര സ്നേഹത്തേടെയാണ് ആ കണ്ടക്റ്റരും പഴമക്കാരായ മറ്റ് നിര്‍ഭാഗ്യയാത്രികരും സ്വീകരിക്കുന്നത്. ഉണ്മയിലേക്ക് എവിടെനിന്നോ ഓടിക്കയറിയ നീറുകളുടെ കടിയേറ്റ് , പാതിമയക്കം ഞെട്ടിയുപേക്ഷിച്ച് പതിവ് നിര്‍ഭാഗ്യവാന്മാര്‍ ചാടിയെണീറ്റു. ഓരോരുത്തരായി അയാളെ മാറി മാറി ആശ്ളേഷിച്ചു.

                   മുന്നിലും പിന്നിലും വശങ്ങളിലുമുള്ള സീറ്റുകളില്‍ ആവേശത്തോടെ വന്നിരുന്ന് അവര്‍ ചോദിച്ചു, എങ്ങനെ കയറിപ്പറ്റി ഈ ബസില്‍ ? അയാള്‍ വിനീതനായി പറഞ്ഞു , ഒരു പ്രൊമോഷന്‍ കിട്ടിയതാണ്. ' കഷ്ടമായിപ്പോയി '  എന്ന് അവരെല്ലാവരും ചേര്‍ന്ന് പറഞ്ഞതിനു മുമ്പില്‍ ഒരു ചോദ്യചിഹ്നം മാത്രം വച്ച് അയാള്‍ മിണ്ടാതിരുന്നു. ബഹു. സര്‍ക്കാരിന്‍റെ മുമ്പിലും, അലക്കി കഞ്ഞിമുക്കിതേച്ച വടിവേല്‍ വേഷങ്ങളുടെ സമസ്തഭാഗത്തും കുമ്പിട്ട് നാട്ടിലൊരു ഇരിപ്പിടം തരപ്പെടുത്താഞ്ഞത് കഷ്ടമായിപ്പോയി എന്ന് പല തവണ അയാളോട് ഭാര്യയും പറഞ്ഞിട്ടുണ്ട്.      


(ഞാന്‍ ഇനി കുറെ നാള്‍ ബസ് യാത്രയിലായതിനാല്‍ കാഴ്ചക്കുറിപ്പുകള്‍ ഇനിയും എഴുതും. വായിച്ചാലും മിത്രമേ....)
Unlike · · · Promote ·

No comments:

Post a Comment