Thursday 14 November 2013

നാലാള്‍ ഒഴിഞ്ഞുപോയ വീട്

           വീടിന്‍റെ ചുറ്റുഭിത്തിയില്‍ പടര്‍ന്നുകയറിയ മുല്ലക്കെട്ടില്‍ സുനുമോളാണത് ആദ്യം കണ്ടത്. നാര്, തൂവല്‍, കരിയിലഞുറുക്കുകള്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയ കുഴിയന്‍വീട്. മുല്ലപ്പച്ച വകഞ്ഞ്മാറ്റി നോക്കിയപ്പോള്‍ ഉള്ളകത്ത് രണ്ട് സംഭ്രമക്കണ്ണുകള്‍. അടക്കാപ്പക്ഷിയമ്മയാണ്. പനിയാണ്.
 മുട്ട പൊള്ളിക്കാനാണ് പനി.     മുട്ടകള്‍ ആകെ രണ്ടാണ്.

          പിന്നെ സ്കൂള്‍ വിട്ടുവന്ന അമ്മ കണ്ടു , ആഫീസും അനന്തരാഫീസും കഴിഞ്ഞുവന്ന അച്ഛനും കണ്ടു. എന്താ കാര്യം?   പൂജ്യം വില..... !

          രാവിലെ ആദ്യം സുനുമോള്‍ നോക്കുന്നത് മുല്ലവീട്ടിലേക്കാണ്. ദിവസം രണ്ടു കഴിഞ്ഞപ്പോള്‍ രാവിലെ നടക്കാന്‍ പോയിവന്ന അച്ഛന്‍ മുല്ലവീടിനോട് സംസാരിച്ചുതുടങ്ങി. വിരിഞ്ഞില്ലേടീ സൂസമ്മേ നിന്‍റെ മൊട്ടകള്... ങ്ങനെ കണ്ണുരുട്ടിനോക്കിയാല്‍ പോരാ.... മുട്ട തിരിച്ചും മറിച്ചുമിടണം , വിരിയണേല്....

         എല്ലാ വട്ടും അച്ഛനും മോള്‍ക്കും ഒരുമിച്ചാണ് വരാറ്... ഇതും അങ്ങനെതന്നെ....എന്ന് പറഞ്ഞ അമ്മ , മോള് വിനോദയാത്രക്ക് പോയ അന്ന് മുല്ലവീട് തുറന്ന് ...വിഷമിക്കണ്ടാട്ടോ, മോള് സ്കൂളീന്ന് ടൂറ് പോയതാ... ഇന്ന് വൈകിട്ട് വരുമ്പോ നിന്നെ കണ്ടിട്ടേ അകത്തോട്ട് കേറൂ.. എന്ന് സമാധാനിപ്പിച്ച് ഒരാഴ്ച പഴക്കമുള്ള ഒരു കുറ്റബോധത്തെ ഒഴുക്കിക്കളഞ്ഞു.

        അച്ചന്‍കിളി അത്ഭുതമറിയാവുന്നവനായിരുന്നു. മുട്ട വിരിഞ്ഞ ദിവസം എവിടെനിന്നോ അവന്‍ പറന്നുവന്നു. മുല്ലപ്പച്ചയില്‍ ഇരുന്നും പറന്നും ശബ്ദമിട്ട് കോലാഹലം കൂട്ടി. കൂടിന് മുകളിലെ ആകാശത്ത് അനങ്ങാതെ ചിറകടിച്ച് നിന്ന് ആഘോഷം പെരുപ്പിച്ചു.

        രണ്ടു കുഞ്ഞിത്തലകള്‍ കൂടി മുല്ലയിലകള്‍ക്കിടയില്‍ ഓമനത്തമായി വിരിഞ്ഞു. ആരു വന്നാലും ആരുപോയാലും അവര്‍ സേര്‍ച്ച് ലൈറ്റ് പോലെ കുഞ്ഞിത്തലകള്‍ കറക്കി കറക്കി നോക്കും.

         സ്കൂള്‍ വിട്ട് വരുമ്പോള്‍ റിക്... റിക്.. എന്ന്  മത്സരിച്ച് സ്വരം പുറപ്പെടുവിച്ച് മോളെ വീഴിക്കാന്‍ പക്ഷിക്കുഞ്ഞുങ്ങള്‍ പഠിച്ചു.



         അമ്മ സ്കൂള്‍ വിട്ടു വരുമ്പോള്‍  ദേ.. അമ്മ വന്നു പിള്ളാരേ.. എന്നാണ് മോള് പക്ഷികളോട് പറയുക. അച്ഛന്‍ വരാന്‍ അനന്തരാഫീസും കൂടെ കഴിയും എന്നും  മോള് പറഞ്ഞ് പക്ഷികള്‍ക്ക് അറിയാം.

         ഒരു കസേരയിട്ട് അച്ഛനും പത്രവും, നിലത്ത് വിരിച്ച മാറ്റില്‍ അമ്മയും ഉത്തരക്കടലാസുകളും, നടുവില്‍ മോളും മുല്ലവീട്ടിലേക്ക് തിരിഞ്ഞ്... അങ്ങനെയാണിപ്പോള്‍ ദിവസം മിക്കതും.

         അങ്ങനെ മുല്ലവീട്ടിലേക്ക് നോക്കിയിരിക്കാറുണ്ടായിരുന്ന വൈകുന്നേരങ്ങളില്‍ ഒരു വൈകുന്നേരമാണ്..... അതും കണ്ടുപിടിച്ചത് സുനുമോള് തന്നെ.   യ്യോ...ന്ന് അച്ഛനും ശ്ശോ...ന്ന് അമ്മയും റബ്ബര്‍മരങ്ങളിലെ കാറ്റിലൊരിത്തിരി ചങ്കില്‍ കയറി കരയാനാവാതെ മോളും നിന്നു.

         എന്തിനാണ് അങ്ങനെയൊക്കെ നില്‍ക്കുന്നത്?   അടുത്ത വര്‍ഷത്തെ മുല്ലപ്പച്ചയിലേക്ക് ഇന്ന് പറന്നുപോയ മക്കള്‍ രണ്ടുപേരും ,  നാരൊന്ന് കൊത്തി,  നാലുവശവും നോക്കി നാണിച്ച് പറന്നുവരുമെന്ന് കാറ്റായ കാറ്റുകളും ഇലയായ ഇലകളും എന്നോട് പറഞ്ഞുവല്ലോ..

12 comments:

  1. അടക്കാമരത്തോളം വലിപ്പമുള്ള വീട് ,നരുകൊത്തി ഇല ചുരുട്ടി വിരുന്നെത്തുന്ന കൂട്ടുകാര്‍.

    .വരൂ വരുമെന്നൊരു നോട്ടം!! ഒത്തനോട്ടം!

    ReplyDelete
  2. ഒന്നിച്ചൊരു യാത്രയില്‍ സുഹൃത്ത് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയായിതുന്നു. എന്‍റെ വീട്ടീന്ന് നാലുപേര്‍ നഷ്ടപ്പെട്ടതു പോലെ വിഷമംതോന്നീന്ന്. ആ വിഷമത്തെക്കുറിച്ച് ആലോചിച്ച് എഴുതി.. നന്ദി ഷറഫ്സാര്‍.

    ReplyDelete
  3. ജോസ് ജീ, നന്നായിട്ടുണ്ട്... (Y)

    ReplyDelete
  4. വരയും വരിയും വന്ന് വായിച്ചതില്‍ വളരെ സന്താഷം .റിയാസ്, വരിക വല്ലപ്പോഴും

    ReplyDelete
  5. വന്നുവായിച്ച് പറഞ്ഞതിന് നന്ദി. സന്തോഷമായി.

    ReplyDelete
  6. നല്ല ശൈലി.. കൂടുത്തൽ പ്രതീക്ഷിക്കുന്നു..

    ReplyDelete
  7. അഭിപ്രായത്തിനും പ്രചോദനത്തിനും നന്ദി

    ReplyDelete
  8. എഴുതിയത് ഇഷ്ടമായി...എഴുത്തിന്റെ ശൈലിയും :)

    ReplyDelete
  9. വന്ന് വായിച്ച് സ്നേഹം പറഞ്ഞതിന് നന്ദി.. ഇനിയും വരിക സുഹൃത്തേ..

    ReplyDelete
  10. എഴുത്ത് കൊള്ളാം. തുടരുക
    ആശംസകള്‍

    ReplyDelete
  11. ബലം നല്‍കുന്ന വാക്കുകളോട് ഇഷ്ടം. ഇനിയും വരണം

    ReplyDelete