Thursday 28 November 2013

കല്‍പനകള്‍ ലംഘിച്ചവന്‍

ദിനമാറും  ഒരു തോര്‍ത്തുടുത്ത് സഹ്യപര്‍വതം കൊത്തിക്കിളയ്ക്കും, കുഴിച്ചുവയ്ക്കും, മുളപ്പിക്കും. ഏഴാംദിനം ഞായറാഴ്ച മുണ്ടുടുത്ത് മുകളറ്റത്ത് ഊരിമാറ്റാവുന്ന ബക്കിള്‍സുള്ള ഷര്‍ട്ടിട്ട് പള്ളിയില്‍പോകും, ഒരു സുറിയാനികുര്‍ബാനയുടെ മുമ്പില്‍ ഭയപ്പെട്ടുനില്ക്കും, കുര്‍ബാന കഴിഞ്ഞിറങ്ങുന്ന അച്ചന് സ്തുതി ചൊല്ലി തിരിച്ചും പോരും.

തിരിച്ച് വരുന്ന വഴി തെറി പറയരുത് എന്ന ആദ്യകല്‍പന ഇപ്രകാരം ലംഘിക്കും. വട്ടക്കുന്നന്‍റെ ഇറച്ചിക്കടേന്ന് രണ്ടു റാത്തല്‍ കാളേനെ പശള തീരെയില്ലാതെ വാങ്ങിക്കുന്നു. തേക്കെലേല്‍ പൊതിഞ്ഞ് കുടപ്പനക്കൈയിന്‍റെ നാര് കൊണ്ട് ഭേഷായിട്ട് കെട്ടി കൈയിലോട്ട് കൊടുക്കുന്നേരം, നാല് എട്ടണാത്തുട്ട് തട്ടേലോട്ട് ഇട്ടേച്ച് ചുമ്മാ അങ്ങ് പറയും ... ഊമ്പിയ (തെറിയാണേ) കെട്ടാണോടാ കെട്ടിയേക്ക്ണത്. ഇതും തൂക്കിപിടിച്ച് മൈലൊന്ന് നടക്കാനുള്ളതാ. വീട്ടിച്ചെന്നിട്ടുവേണം ഇതൊന്നനത്താന്‍....

അപ്പോള്‍ വേഷം മുണ്ടാണ്, ഊരിമാറ്റാവുന്ന ബക്കിള്‍സുള്ള ഷര്‍ട്ടാണ്. വീട്ടിലെത്തി ഇറച്ചി ഏല്പിച്ച് കഴിഞ്ഞാല്‍ വേഷം അപ്പാടെ മാറുന്നു. അരക്കുതാഴെ ചുട്ടിത്തോര്‍ത്ത് , മോളില്‍ വെന്തിങ്ങ, മണ്ടയ്ക്ക് പാളത്തൊപ്പി. പിന്നെ പ്രമാണം മനപൂര്‍വം ലംഘിക്കാന്‍ വേണ്ടി പുറത്തേക്കിറങ്ങുകയായി. ചുറ്റിനടക്കും. കപ്പ നട്ടിടത്ത് എലിശല്യം ഉണ്ടോ, കാച്ചിലിന്‍റെ മടിയന്‍ വള്ളികള്‍ മുകളിലേക്ക് കയറാതെ വളഞ്ഞ് കിടപ്പുണ്ടോ, എന്നൊക്കെ പരിശോധിക്കും. വീണുകിടക്കുന്ന കശുവണ്ടി കണ്ടാല്‍ കുനിഞ്ഞെടുക്കും. കാല് തട്ടി മാറുന്ന കരിയില വെളിപ്പെടുത്തുന്ന കാപ്പിക്കുരുപരിപ്പുകള്‍.. അതും കുനിഞ്ഞെടുക്കും.

കയ്യാലകള്‍ സ്പര്‍ശനത്തിന് കൊതിയുള്ളവരാണ്. മനപൂര്‍വം രണ്ടു കല്ല് ഇളക്കി നിലത്തിട്ടിട്ടുണ്ടാവും. ആ കയ്യാലേല്‍ ചാരി നിന്ന് ഇളകിയ കല്ലുകള്‍ യഥാസ്ഥാനത്ത് ഉറപ്പിച്ച്,മണ്ണിനും മരത്തിനും ഉടയോന്‍റെ വാട അടിക്കാന്‍ അവസരം കൊടുത്ത് തിരികെ വീട്ടിലെത്തുമ്പോഴേക്കും കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന കല്‍പന ദേണ്ടെ ലംഘിച്ച് കിടക്കുന്നു, ഇറച്ചി വെന്തും കിടക്കുന്നു.

പാളത്തൊപ്പിയക്ക് അറ ആറാണ്. ഒരറയില്‍ ഒരിക്കല്‍ ഒരു ഭയങ്കരന്‍ നൂറു രൂപായെ ഞാന്‍ കണ്ടിട്ടുണ്ട്. തടി വിറ്റപ്പോള്‍ കിട്ടിയതാണ്. വേറൊരറയില്‍ ചില റവന്യൂ രേഖകളുണ്ട്. മുറുക്കാനുള്ള വകകള്‍ സൂക്ഷിക്കുന്ന ഇടങ്ങളുണ്ട്. വൈകിട്ട് മൂന്നു മണിക്ക് മൂന്ന് വായിക്കോട്ട വിട്ടിട്ട് ഒരു സാധനം തൊപ്പിക്കകത്തു നിന്ന് എടുക്കും. പിച്ചാത്തിമുനകൊണ്ട് ലേശം തോണ്ടി നാക്കേല്‍ വയ്ക്കും. കറുപ്പാണ്, മൂന്നാമത്തെ കല്‍പനയുടെ മുട്ടന്‍ ലംഘനവുമാണ്.

വൈദ്യരാണ്.പുരക്ക് ചുറ്റും മരുന്ന്ചെടികളുണ്ട്. കണ്ണുവ്യാധികള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ വൈദ്യര്‍ രണ്ടോ മൂന്നോ തവണ മുറ്റത്തെ ചില സ്ഥലങ്ങളില്‍ കുനിഞ്ഞുനിവരുമ്പോള്‍ കൈയില്‍ കിട്ടുന്ന പച്ചിലകള്‍ തേനിലോ മുലപ്പാലിലോ അരച്ച് സേവിച്ചാല്‍ ശമിച്ചൊടുങ്ങും. അതിന്‍റെ വരുമാനം ഈ ലോകത്തിനുള്ളതല്ല. പരലോകത്തേക്കുള്ളതാണ്. കാശു വാങ്ങാറില്ല തന്നെ. രോഗിയുടെ അഭിമാനത്തിന്മേലുള്ള ഈ കളിയിലും എനിക്ക് പേരറിയാത്ത ഒരു കല്പന ലംഘിച്ചിട്ടുണ്ട്.

ദിവസവും രണ്ട് മുറുക്ക്, ഒരുവട്ടം കറുപ്പ് എന്നീ ദിനഉത്സവങ്ങളും, രണ്ടുകിലോ കാളേറച്ചി എന്ന വാരാന്ത്യോത്സവവും, അരുവിത്തുറ എന്ന അരീത്രപ്പള്ളിയില്‍ മേടമാസത്തിലെ പെരുനാളിന് ഈരാറ്റുപേട്ട പാലത്തിലുണ്ടാക്കുന്ന തിക്ക്, തിരക്ക് , വെടിക്കെട്ട് എന്നീ വാര്‍ഷികോത്സവവും കൂടാതെ ഒരുത്സവം കൂടെ എന്‍റെ വല്ല്യപ്പനുണ്ട്.

പള്ളിയിലെ വാര്‍ഷികധ്യാനം നടത്തുന്ന കപ്പൂച്ചിനച്ചന്‍റെ മുമ്പില്‍ പോയിരുന്ന് പൊട്ടിക്കരയും. മുമ്പിലെ മേശമേല്‍ വച്ചിട്ടുള്ള തലയോട്ടി ചൂണ്ടി ആ കിളക്കാരനെ കപ്പൂച്ചിന്‍ ഭയപ്പെടുത്തും. ലംഘിക്കപ്പെട്ട കല്‍പനകളോര്‍ത്ത് നിലവിളിക്കുമ്പോള്‍ കൂടെ തീര്‍ച്ചയായും കുറെ കയ്യാലകള്‍ , നടുനിലകൃഷികള്‍, കൂമ്പിലകള്‍, കാപ്പികള്‍, കവുങ്ങുകള്‍ ഒക്കെ കരഞ്ഞിട്ടുണ്ടാവണം.

പിന്നെ വന്ന് ഇറയത്തെ ചാരുകസേരയില്‍  അകത്തെ ചൂടിനെ പാളവിശറിയാല്‍ സമാശ്വസിപ്പിച്ച്  നീണ്ടുനിവര്‍ന്ന് കിടന്ന് ..........

ഇപ്പോള്‍ കിടപ്പ് മണ്ണിനടിയിലാണ്. അതങ്ങനെയാണ് വേണ്ടത്. അടിത്തറകള്‍ മണ്ണിനടിയില്‍ ഉറച്ചങ്ങ് കിടക്കട്ടെ.

3 comments:

  1. അങ്ങനെയൊരു കിടപ്പിന് മുമ്പുള്ള നടപ്പുകള്‍ ആണല്ലോ ബാക്കിയെല്ലാം, നാട്ടുനടപ്പുകള്‍ .വല്യപ്പന്‍ ഉറങ്ങട്ടെ ,ഇത്തരം പ്രമാണലംഘകര്‍ ശാന്തമായുറങ്ങട്ടെ

    ReplyDelete
  2. നന്നായിരിക്കുന്നു രചന
    ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete
  3. ഭൂമിയോട് ചേര്‍ന്ന് ജീവിച്ചവര്‍ എന്നും നിഷ്കളങ്കരായിരുന്നു, ഭൂമിയുടെ തളിരുകളെപ്പോലെ തന്നെ. നന്മയിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു കാന്തികശക്തി ഭൂമിക്കുണ്ടെന്ന്... അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം . നന്ദി തങ്കപ്പന്‍സാര്‍, ഷറഫ്സാര്‍...

    ReplyDelete