Friday 22 November 2013

ഡാക് ഖര്‍... അന്തര്‍ ആനാ മനാ ഹേ..

ബസുകള്‍ കുറവായ ഇടുക്കി ഹൈറേഞ്ചിലേക്ക് സ്ഥിരമായി യാത്ര ചെയ്യാറുണ്ട് ഇപ്പോള്‍. സുരക്ഷിതമായ ഒരു സൈഡ്സീറ്റും, ചെവിയിലേക്ക് നീളുന്ന കറുത്ത വള്ളിയും ഡെഡ്ബോഡി ഇരിപ്പും എന്നും അങ്ങനെ തരപ്പെടുന്നില്ല.

  അങ്ങനെ തരമാകാത്ത ചില രാവിലെകളില്‍ തൊടുപുഴ പോസ്റ്റല്‍ സോര്‍ട്ടിംഗ് ആഫീസിനു പിറക് വശത്ത് ചെന്ന് പതുങ്ങിനില്ക്കും. മെയില്‍ജീപ്പുകളിലാണ് ഹൈറേഞ്ചിലെ കടുക്കാസിറ്റി, ആത്മാവ് സിറ്റി, ബാലന്‍പിള്ളസിറ്റി തുടങ്ങിയ മുട്ടന്‍സിറ്റികളിലേക്ക് കത്തുചാക്കുകള്‍ യാത്രചെയ്യുന്നത്.

  ഈ വി.ഐ.പി യാത്രക്കാര്‍ കയറിയതിനുശേഷമുള്ള ഇടങ്ങളില്‍ ഡ്രൈവര്‍ക്കിഷ്ടമുള്ള കുറെ പേരെ കയറ്റും. കയറിയാല്‍, പിറകില്‍ തേങ്ങാക്കൊല്ലി പോലെ കയര്‍ കെട്ടിതിരിച്ച സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള കത്തുചാക്കുകളെ കാണുകയോ തൊട്ടുനോക്കുകയോ ചെയ്യാന്‍ ഇടക്ക് സാധിക്കും. 

  സാദാകത്തുകളുടെ ചാക്കിന് ചാക്കിന്‍റെ നിറം തന്നെയാണ്. കഴുത്തില്‍ കെട്ട്, കെട്ടിന് ചുറ്റും മെഴുക്സീല്‍, അതില്‍ ചേര്‍ത്ത അഡ്രസ് ടാഗില്‍ എഴുതപ്പെട്ടിരിക്കുന്നു, തങ്കമണി പോസ്റ്റാഫീസ്.... സ്പീട്പോസ്റ്റ് കെട്ടിന്‍റെ ചാക്കിന്  ചാക്കിന്‍റെ നിറമില്ല . കൂടാതെ പോമറേനിയനെപ്പോലെ ചെറുതുമാണ്.



യാത്രയില്‍ കൊതി നിയന്ത്രിക്കാന്‍ പറ്റാതെ പൊറുതിമുട്ടുമ്പോള്‍ തിരിഞ്ഞുനോക്കും. അപ്പോള്‍ ചില അടക്കം പറച്ചിലുകള്‍ കേള്‍ക്കാം. ചാക്കുകളുടെ വര്‍ത്തമാനപിറുക്കലുകളാണ്.  തേന്‍തുള്ളി ഇറ്റ് വീഴുന്ന സ്നേഹറാകലുകളെ ഒളിപ്പിച്ച ഇന്‍ലന്‍റ്, കടലോളം വരുന്ന കണ്ണീരക്ഷരങ്ങളുടെ നീലക്കവര്‍, പുരക്കും ജീവിതത്തിനും ശൂഭനിറങ്ങള്‍ ചാര്‍ത്തുന്ന നിയമന ഉത്തരവുകള്‍, ന്‍റെ കുഞ്ഞിപ്പെങ്ങളേ നിനക്ക് ഫീസ് കൊടുക്കാനും അമ്മക്ക് മരുന്ന് വാങ്ങാനുമായ് അരവിന്ദ് അയക്കുന്നത് എന്ന കുറിപ്പ് വീണ മണിയാര്‍ഡര്‍ എന്ന ദീര്‍ഘചതുരം... എല്ലാം കാറ്റും തണുപ്പും കയറാതെ പൊതിഞ്ഞ് ഹൈറേഞ്ചിലെത്തിച്ചിരുന്ന ഏതോ ഒരു കാലത്തെക്കുറിച്ചുള്ള വീമ്പുപറച്ചിലുകളാണ്.

  സുവിശേഷമാസികകള്‍, യൂണിയന്‍കൈമുട്ടിന്‍റെ ചിത്രം ഇടിച്ചുകേറ്റിയിരിക്കുന്ന സര്‍വീസ് മാസികകള്‍,ജപ്തിക്കും ആത്മഹത്യക്കുമുള്ള നോട്ടീസുകള്‍ എന്നിവയിലേക്ക് നോക്കി മൌനത്തിലായിപ്പോകുന്ന നീണ്ട മണിക്കൂറുകളാണ് ഇപ്പഴിപ്പോള്‍ കൂടുതല്‍.

4 comments:

  1. ഒടുവില്‍ തിരിഞ്ഞുനോക്കുമ്പോള്‍ നാമേറ്റവും ഓര്‍ക്കാനിഷ്ടപ്പെടുന്നത് നാമൊന്നിച്ച് ചെയ്ത യാത്രകളായിരിക്കും.ഉള്ളിലേക്കും പുറത്തേക്കും പെയ്ത യാത്രകള്‍

    ReplyDelete
  2. ഈ ബസിന്‍റെ മണിവള്ളി പൊട്ടിപ്പോകട്ടെ. ഇതിങ്ങനെ നിര്‍ത്താതെ വളവ് തിരിഞ്ഞ് മല കയറി ,ഇറങ്ങി......

    ReplyDelete
  3. ഉദ്വേഗഭരിതമായി കാത്തിരുന്ന ആ കാലത്തിന്‍റെ വാതായനവും അടഞ്ഞുപോയല്ലോ!!
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  4. ഞാന്‍ ജനിച്ചുവളര്‍ന്ന കൊച്ചുഗ്രാമത്തില്‍ രണ്ടു ബോര്‍ഡുകളേ ഉണ്ടായിരുന്നുള്ളൂ. കള്ളുഷാപ്പ് ബോര്‍ഡും പോസ്റ്റാഫീസ് ബോര്‍ഡും. രണ്ടിനെക്കുറിച്ചും ഈ ബ്ളോഗില്‍ എഴുതിയിട്ടുണ്ട്. കള്ള് TS No.32 പെരിങ്ങുളം വായിച്ചാലും കൂട്ടുകാരേ..

    ReplyDelete