Friday 22 November 2013

യോഹന്നാന്‍

ചിരിക്കുമ്പോള്‍ മാത്രമേ ചിരിക്കുന്നതായി യോഹന്നാന് തോന്നിയിരുന്നുള്ളൂ. എന്നാല്‍ ഞാന്‍ കാണുമ്പോഴെല്ലാം അയാള്‍ക്കൊരു ചിരിയുണ്ട്.

അന്ധനാണ്. പുറംകാഴ്ചയുടെ ഇന്ദ്രിയവുമായി ബന്ധപ്പെട്ട പേശികള്‍ എപ്പോഴും അമിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മുഖമൊരല്പം വലിഞ്ഞുമുറുകി ചിറികള്‍ ഇത്തിരി തുറന്ന് ചിരിച്ചങ്ങനെയിരിക്കുകയാണ്. അകംനന്മയും അകക്കാഴ്ചയും അധികംവരുന്നത് ആ ചിരിയിലൂടെ അറിയാതെ ലീക്കാകുന്നുമുണ്ട്.

പ്രശസ്തമായ പാലാ കോളജിന്‍റെ പിറകിലുള്ള C.R ഹോസ്റ്റല്‍ 17-ം നമ്പര്‍ മുറിയില്‍ കാഴ്ചയില്ലാത്ത മറ്റൊരാളോടൊപ്പമാണ് യോഹന്നാന്‍റെ താമസം. കോളജിന്‍റെയും ഹോസ്റ്റലിന്‍റെയും ഏതു ഭാഗത്തും ആരുടെയും സഹായമില്ലാതെ പോകും. ചവിട്ടുരീതിയുടെ പ്രത്യേകത കൊണ്ട് പരിചയക്കാരെ പെട്ടെന്ന് തിരിച്ചറിയും.

ഇതേ ഹോസ്റ്റലില്‍ 72-ലാണ് എന്‍റെ പുര. പുരേലൊഴിച്ച് ബാക്കിയെവിടെയും സ്വസ്ഥമായി ഞാനിരിക്കും. പുര ഞെളിപിരി കൊള്ളാനും ഉറങ്ങാനുമുള്ളതാണ്. ഏറ്റവും സന്തോഷത്തോടെ ഞാനിരിക്കാറുള്ള ഒരു മുറി യോഹന്നാന്‍റേതാണ്. അവിടെ എനിക്ക് ആത്മവിശ്വാസം കൂടും. എന്‍റെ ഭംഗിക്കുറവ്, മോശം വസ്ത്രങ്ങള്‍, മണ്ടന്‍ ചേഷ്ടകള്‍  ആരും കാണുന്നില്ല എന്നുറപ്പോയതിനാല്‍  പറന്നാണ് അവിടെ ചെന്നു കയറുന്നത്.

ഞാന്‍ ആ മുറിയില്‍ പോകുന്നത് വെറുതെയല്ല. വായനക്കാരനാണ് ഞാന്‍ അവിടെ. വായിച്ചുകൊടുത്താല്‍ അതേ സ്പീഡില്‍ ബ്റെയില്‍ ലിപിയിലേക്ക് കേള്‍ക്കുന്നതെല്ലാം യോഹന്നാന്‍ കുത്തിട്ട് കുത്തിട്ട് കേറ്റും. മറ്റ് വിദ്യാര്‍ത്ഥികളുടെ നോട്ട്സ് ആണ് ഇങ്ങനെ ചെയ്യുന്നത്. പാഠപുസ്പകങ്ങള്‍ അന്ന് ആ ലിപിയില്‍ കിട്ടാത്തതിനാല്‍ വായിച്ച് റെക്കാഡ് ചെയ്താലേ പുസ്തകം മനസ്സിലാക്കാന്‍ പറ്റൂ. ഇപ്പണിയും സന്തോഷമായിട്ട് ചെയ്തുകൊടുക്കും. ഈ മഹനീയപണിയായതിനാല്‍ തെണ്ടിക്കുറ്റത്തിന് വാര്‍ഡന് എന്നെ  പിടി കൂടുക നടപ്പില്ല.

മലയാളവും ഇംഗ്ളീഷുമൊക്കെ എന്‍റെയും സുഹൃത്തുക്കളുടെയും സ്വരത്തില്‍ അങ്ങനെ റെക്കോഡ് ചെയ്യപ്പെട്ടുകേറി. രാത്രികളില്‍  ഞാനില്ലാത്തപ്പോഴും എന്റെ സ്വരം അവിടെ ഉണ്ട്.

ആദ്യറെക്കോഡിംഗിന്‍റെ പിറ്റേന്ന് അസ്ഥികൂടം മാത്രമായ എന്‍റെ രണ്ട് തോളസ്ഥികളിലും പിടിച്ചകൊണ്ട് യോഹന്നാന്‍ പറഞ്ഞു. നല്ല സ്വരം. അര്‍ത്ഥം അറിഞ്ഞാണ് വായന. അതുകൊണ്ട് അര്‍ത്ഥം മനസിലാക്കാന്‍ എനിക്കും വളരെയെളുപ്പം. സ്പീഡും എനിക്ക് പറ്റിയതാണ്. ഇനിയും വരണം .സഹായിക്കണം.

ഓര്‍മ്മയിലെ ആദ്യത്തെ ലൈക്കും കമന്‍റും.  ഇന്നും മധുരം.

ആ മുറിയിലേക്ക് കാല്‍ എത്ര മാര്‍ജാരമായി വച്ചാലും കൃത്യമായി യോഹന്നാന്‍ വിളിക്കും, ജോസേ വാ.. ഒരിക്കല്‍ മെസ്സിലേക്ക് പോകുന്ന അയാളുടെ വഴിയില്‍ ഭിത്തിയോട് ചേര്‍ന്ന് അനങ്ങാതെ ഞാന്‍ നിന്ന് നോക്കി. വന്ന യോഹന്നാന്‍ നിന്നു, എന്‍റെ അടുത്ത് കൃത്യം. തോളിലാണ് പിടിച്ചത്. വാ കള്ളാ ഇന്ന് ഇഡ്ഡലിയാണ് എന്ന് ക്ഷണിച്ചു. ചെവി കൊണ്ടും മൂക്കു കൊണ്ടും യോഹന്നാന്‍ പിടികൂടും.

വെള്ളിയാഴ്ചകളില്‍ പാലാ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ഞങ്ങള്‍ യോഹന്നാനെ എത്തിക്കും. പള്ളിക്കത്തോടിനുള്ള സെന്‍റ് ജോസഫില്‍ കയറ്റി കണ്ടക്റ്റര്‍ക്ക് ഏല്പിച്ചുകൊടുത്ത് പോരും. ഇന്ന് യോഹന്നാന്‍ എവിടെയോ... നന്നായി പഠിക്കുന്ന അയാള്‍ നല്ല നിലയിലായിരിക്കണം.
ഇല്ല. ഞാന്‍ കഥകളേ ഓര്‍ക്കന്നുള്ളൂ. മുഖം ഓര്‍ക്കുമോ, ഉറപ്പില്ല. പക്ഷേ ഏതെങ്കിലും ഒരക്ഷാംശത്തില്‍ അടുത്തുവന്നാല്‍ യോഹന്നാന്‍ എന്‍റെ കോളറില്‍ പിടിക്കുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഉണ്ട് എനിക്ക് മണം ഇപ്പോഴും .

2 comments:

  1. അക്ഷരത്തെറ്റ്പോലുള്ള ചില ജീവിതങ്ങള്‍ .നല്ല കുറിപ്പ്,നല്ല മനസ്സ് .യോഹന്നാന്‍ എന്റെയും ചുമലില്‍ തൊട്ടു

    ReplyDelete
  2. യോഹന്നാന്‍ എനിക്ക് 32 വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു സ്നേഹ ഓര്‍മ്മ

    ReplyDelete