Wednesday, 10 July 2013

നിലപ്പുള്ളടി ഒരു പാവമാണ്

ഇത്തിരി വട്ടത്തില്‍ താഴ്നിലം ചേര്‍ന്നു വളരും.  ഒരു മരുന്നു ചെടിയാണ്.

   കണ്ടിട്ടില്ലേ ..... ഒരുപാടു ചവിട്ടി കടന്നു പോയിട്ടും കണ്ടിട്ടില്ല അല്ലേ , പാവത്തിനെ ?

   വളര്‍ച്ച നിശ്ചയമായും മുകളിലേയ്ക്കല്ല. ഞാനമ്മയെ കല്യാണം കഴിച്ചോളാം എന്നു ശഠിക്കുന്ന കുഞ്ഞുമകളെപ്പോലെ മുളപ്പിച്ച മണ്ണിനെത്തന്നെ കെട്ടിപിടിച്ചാണ് നിലം പറ്റി നില്‍പ്.

   ഷര്‍ട്ടിന് ബട്ടണ്‍സ് തയ്ക്കാന്‍ അമ്മ സൂചിയില്‍ കോര്‍ക്കുന്ന നൂലിനെക്കാള്‍ മെലിഞ്ഞ വള്ളിത്തണ്ടുകള്‍ !
അതില്‍ , വര്‍ഷാവസാനപരീക്ഷയുടെ അവസാന ദിവസം ഞാന്‍ നിങ്ങളുടെയും നിങ്ങള്‍ എന്റെയും ഷര്‍ട്ടിനു പുറത്ത് കുടഞ്ഞ മഷിവൃത്തങ്ങള്‍ പോലെ കുഞ്ഞുവട്ടത്തിലുള്ള പച്ചക്കുഞ്ഞിലകള്‍ .

   ഒരു മുക്കുറ്റിയുടെയോ , ഒരു മഷിത്തണ്ടിന്റെയോ മുകളില്‍ ഒരിലയെ എങ്കിലും ഉയര്‍ത്തി പിടിക്കണമെന്ന് നിലപ്പുള്ളടി ഒരിക്കല്‍ പോലും മോഹിച്ചിട്ടില്ല.

   മുലപ്പാല്‍ എന്നു പറഞ്ഞാല്‍ അത് മനുഷ്യന്റെ പാലാണ്. പശുവിന്റെ പാലിന് പശുവിന്‍മുലപ്പാല്‍ എന്നല്ല പശുവിന്‍പാല്‍ എന്നാണ് പറയാറ്. രോഗം ഭേദമാകാന്‍ ആവശ്യമായ നന്മയുടെ അളവനുസരിച്ച് ഈ നന്മച്ചെടിയെ വേരോടെ പറിച്ചരച്ച് , മുലപ്പാലിലോ പശുവിന്‍പാലിലോ ഉള്‍ക്കൊള്ളുക. രോഗിയുടെ മനസ്സ് , ആമാശയം, പിത്താശയം, രക്തഞരമ്പുകള്‍ , നാഡീഞരമ്പുകള്‍ , എന്നിവ ശുദ്ധമാകും. പിന്നെ പ്രഞ്ജയില്‍ വെളിച്ചം പിറക്കും. ഈ പാവം ചെടിയുടെ ജന്മം പോലെ നിര്‍മലമാകും.

   കഴിച്ചങ്ങു കഴിയുമ്പോള്‍ രോഗി കഷ്ടപ്പെട്ട് കണ്ണു തുറന്ന് ചുറ്റും നോക്കും. എത്ര നന്മ നിറഞ്ഞതാണീ ചുറ്റുപാടുകള്‍ എന്ന് ആദ്യമായി കണ്ടറിയും. പിന്നെ നാളുകളായി അടച്ചുവച്ചിരുന്ന വായ് തുറന്ന് ഒരിറ്റ് കഞ്ഞിവെള്ളം കുടിച്ച് , മനം പിരട്ടുന്നില്ലല്ലോ എന്നത്ഭുതപ്പെടും. വീണ്ടും വായ് തുറന്ന് കഞ്ഞിയും ഒരു പപ്പടക്കഷ്ണവും. പിന്നെ കണ്‍തുറന്ന് ഒരു വിളറിയ പുഞ്ചിരി - നിലാവെട്ടം പോലെ.... എത്ര നാളായി ഇങ്ങനെ ഒന്ന് പുഞ്ചിരിച്ചു കണ്ടിട്ട് എന്ന് പറഞ്ഞ് ചുറ്റും നില്ക്കുന്നവരും കണ്ണുനീര്‍ തുടച്ച് പുഞ്ചിരിക്കും.

   അപ്പോള്‍ ... എന്നെ ഏല്പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കി , എനിക്കു സന്തോഷമായി ... എന്ന് അരഞ്ഞു നീരായി ഉള്ളില്‍ കിടന്ന് നിലപ്പുള്ളടി കൃതാര്‍ത്ഥനാകും.

  

       നിലപ്പുള്ളടി പോലെ നിര്‍മ്മലയായ ഒരു ആള്‍ സ്നേഹവട്ടത്തില്‍ നിനക്കുണ്ടായിരുന്നു. അത്രമേല്‍ എളിയ ജന്മം സ്വീകരിക്കയാല്‍ ആള്‍ത്തിരക്കിലോ , പന്തലിലോ , ഉപചാരവേദികളിലോ,  ആടയാഭരണപ്രദര്‍ശനസ്ഥലങ്ങളിലോ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല ആ ആളിനെ.  നിലം ചേര്‍ന്ന് അവര്‍ ജീവിച്ചു. ജീവിക്കാന്‍ എറിഞ്ഞിട്ട സ്ഥലത്ത് അവര്‍ പടര്‍ന്നു. ആ ആളെ  വെറുതെ അങ്ങനെ നോക്കി നിന്നാല്‍ത്തന്നെ ആധികള്‍ മാറും . അവരെ തൊട്ടാലോ മനസ്സ് ശുദ്ധമാകും. ഭക്ഷിച്ചാലോ അനേക നാളുകളായി കൊണ്ടുനടന്നിരുന്ന അവശതകള്‍ ശമിക്കും.

       സ്നേഹമുള്ള ആ കൈകളുടെ താങ്ങില്‍ എഴുന്നേറ്റ് ചാരിയിരുന്ന് , ഒരിറക്ക് കഞ്ഞി കുടിച്ച് , ഒരു കുരുന്നില വട്ടത്തില്‍ ആശ വളര്‍ന്ന് , ഇനിയും ജീവിക്കാന്‍ തീരുമാനിച്ച്  എത്ര വട്ടം തോള്‍സഞ്ചിയുമായി കാണാനഗരങ്ങളിലേയ്ക്ക് ഒട്ടും പരിചയമില്ലാത്ത വഴികളിലൂടെ ,  ചിരപരിചിതനെപ്പോലെ കാലിടറാതെ പുറപ്പെട്ടിട്ടുണ്ട് , സുഹൃത്തേ , നീ ? !!

നിലപ്പുള്ളടിയുടെ പുണ്യം മണക്കുന്ന എളിയ പാഠശാലയിലേയ്ക്ക് അസമയരാത്രികളില്‍ എത്ര മടങ്ങിവരവുകളും !!




       [ അപ്പോള്‍ നിന്നെ വിരുന്നിന് ക്ഷണിച്ചവന്‍ അടുക്കലേയ്ക്ക് വന്നു പറയും, എളിയ സ്നേഹിതാ ... വരൂ , മുന്‍പില്‍ മഹത്തുകള്‍ക്കായി നിരത്തിയിട്ടുള്ള ഇരിപ്പിടത്തില്‍ കയറിയിരിക്കൂ.....]


Tuesday, 25 June 2013

നാഗമ്പടം


            മനുഷ്യരെല്ലാം മൂടിപ്പുതച്ച് ഗര്‍ഭസ്ഥശിശുക്കളെപ്പോലെ ചുരുണ്ടുറങ്ങുന്ന തണുപ്പാര്‍ന്ന നാലുമണിരാവ്. അന്നേരം ഞാന്‍ ഒരു ദീര്‍ഘയാത്രക്കായി തൊടുപുഴ KSRTC ബസ്സ്റ്റാന്‍ഡിലെത്തി പുറപ്പെടാന്‍ ചീറിനില്ക്കുന്ന ബസ്സില്‍ കയറിപ്പറ്റുന്നു. കൈയില്‍ കുടുംബസ്വത്തായികിട്ടിയ എളിമയും, ഒരു ബാഗും ചെറിയ കുടവയറും  നരച്ചെന്നു ഭാര്യ പറയുന്ന കുറച്ചു മുടിയും മാത്രം.

            എന്നിട്ടും എങ്ങനെയോ അയാളെന്നെ തിരിച്ചറിഞ്ഞു , ഞാന്‍ ഒരു വില്ലേജാഫീസറാണെന്ന്. നാലു ദിവസം മുന്‍പാണ് വില്ലേജാഫീസറായി കയറ്റം കിട്ടിയത്. ചില്ലും കാലും പോറിയ കണ്ണട മാറ്റി പുതിയത് വാങ്ങിച്ചുവെന്നല്ലാതെ ഒരു മോടിയും വരുത്തിയിട്ടില്ല. എങ്കിലും ഭവ്യതയോടെ ഒതുങ്ങിയിരുന്ന് അമിതമാകാത്ത ബഹുമാനത്തോടെ അയാള്‍ എന്നോട് ചോദിച്ചു , സാര്‍ എങ്ങോട്ടാണാവോ യാത്ര ? . തന്‍റെ ചോദ്യം അവിവേകമായിപ്പോയോ എന്ന് തീര്‍ച്ചയായും അയാള്‍ സന്ദേഹിച്ചിട്ടുണ്ട്.

         നീളന്‍ വൈപ്പറുകള്‍   ബസ്സിന്‍റെ മുന്‍വശത്തെ   ചില്ലില്‍നിന്ന് മഴച്ചാലുകളെ വടിച്ചുനീക്കി തലയിലൊട്ടും മുടിയില്ലാത്ത, കട്ടിമീശ വച്ച രസികന്‍ രൂപമുള്ള ഡ്രൈവര്‍ക്ക് തിരുവനന്തപുരത്തേക്കുള്ള വഴി തെളിച്ചുകൊടുത്തു. വീണ്ടും ഭവ്യതയോടെ ചോദ്യമെന്നു തോന്നാത്തത്ര ഭവ്യതയില്‍  അയാള്‍ ചോദിച്ചു, കോട്ടയത്തിനാണോ സാര്‍ ..... എങ്കില്‍ നാഗമ്പടത്ത് ചെല്ലുമ്പോള്‍ ഒന്നു പറയണേ..... സാറിനാവുമ്പോള്‍ അവിടൊക്കെ നല്ല പരിചയം കാണുമല്ലോ.... അവിടെയിറങ്ങി തിരുവനന്തപുരത്തിന് ട്രെയിന്‍ പിടിക്കാനാണ്.. അമ്മ അവിടെ R C C യില്‍ ചികിത്സയാണ്.

          അപ്പോള്‍ത്തന്നെ എന്‍റെ വലതുകൈ പോക്കറ്റിലേക്ക് നീണ്ടു. R C C യിലൊക്കെ ചികിത്സിക്കുന്ന ആരെക്കണ്ടാലും 500 രൂപയെങ്കിലും ഒരു നല്ല വില്ലേജാഫീസര്‍ കൊടുക്കണം. എന്നാല്‍ കരിമണ്ണൂര്‍ മാര്‍ക്കറ്റിലെ കുരിശുപള്ളിയില്‍ ഇരുവശത്തേക്കും കൈകള്‍ വീശി നില്ക്കുന്ന യേശുക്രിസ്തുവിന്‍റെ വലതുകൈ അയാളോട് പറഞ്ഞു ,
.. വേണ്ട... മര്യാദയ്ക്ക് അവിടെയിരുന്നോ...   ആ വലതുകൈ നേരെ നീണ്ടുചെല്ലുന്നത് റോഡിന് മറുവശത്തെ ഹംസയുടെ പലചരക്ക് കടയിലേക്കാണ്. ഏപ്രില്‍, മെയ് മാസങ്ങളിലെ പറ്റ് തീര്‍ത്തു പണം കൊടുത്തിട്ടില്ലെന്നും അതിനുള്ള പണമാണ് തിരുവനന്തപുരം യാത്രച്ചെലവിനും ചില ഉദ്ദേശങ്ങള്‍ക്കുമായി പോക്കറ്റില്‍ കിടക്കുന്നതെന്നും.... ആണിപ്പാടുള്ള വലതുകൈ നീട്ടി ആ സുഹൃത്ത് എന്നെ ഓര്‍മ്മിപ്പിച്ചു.

         അപ്പോള്‍ ഞാന്‍ മനുഷ്യനായി. അടുത്തിരുന്ന ഭവ്യനെക്കാള്‍ ഭവ്യതയോടെ ഞാന്‍ പറഞ്ഞു, ഞാന്‍ പോകുന്നത് തിരുവനന്തപുരം. ചേട്ടന് നാഗമ്പടത്ത് ഇറങ്ങണം അല്ലേ.... ഞാനേറ്റു.  അവിടെ ഇറക്കിത്തരാം. ധൈര്യമായിരിക്കൂ... അയാളുടെ ഇടതുകാല്‍ മുട്ടില്‍ സ്നേഹത്തോടെ സ്പര്‍ശിച്ച് ഞാന്‍ ഉറപ്പ് നല്കി.

        അപ്പോള്‍ത്തന്നെ അയാള്‍ ഉറങ്ങാനാരംഭിച്ചു. എത്ര പെട്ടെന്ന് ഒരാള്‍ക്ക് ഉറങ്ങാന്‍ പറ്റുമെന്ന് അത്ര വേഗം ഞാന്‍ മനസ്സിലാക്കിയത് അന്നാണ്. കൈകള്‍ രണ്ടും നഷ്ടപ്പെട്ടുപോകാതെ കാലുകള്‍ക്കിടയില്‍ ഭദ്രമായി വച്ച് , മടിയിലെ ബാഗിന്‍റെ പകുതി ഭാഗം എന്റെ മടിയിലേക്ക് തള്ളി വച്ച് ഊര്‍ന്നുപോകാതിരിക്കാനുള്ള പകുതി ഉത്തരവാദിത്തം എനിക്കും തന്ന് , തല പൂര്‍ണ്ണമായും എന്റെ തോളിലേക്ക് സമര്‍പ്പിച്ച് -- ഒരു വില്ലേജാഫീസറെ ആര്‍ക്കും വിശ്വസിക്കാം - -മിശ്രിതസ്വരങ്ങളില്‍ കൂര്‍ക്കം വലിച്ച് , ഭവ്യന്‍ചേട്ടന്‍   ഹായ് ....   ഉറക്കമായി !

         എന്‍റെ മനസ്സ് , ഓര്‍മ്മ , ബുദ്ധി , കണ്ണുകള്‍ ,ചെവികള്‍ എന്നിവ ഞെട്ടിയുണര്‍ന്നു. ഒരിക്കലും ഒരു കാരണവശാലും പിഴവ് വരാന്‍ പാടില്ല. ഭവ്യന്‍ചേട്ടനെ  നാഗമ്പടത്ത് ഇറക്കേണ്ട കടമ ഇപ്പോള്‍.. എന്‍റേത് മാത്രമാണ്.
എല്ലാ ഷട്ടറും താഴ്ത്തിയിട്ട് മഴയും, എല്ലാ സ്ട്രീറ്റ്ലൈറ്റുകളും കെടുത്തി KSEB യും എന്‍റെ ശത്രുക്കളായി. പിജെ ജോസഫ് മന്ത്രിയുടെ പുറപ്പുഴ വഴി, കൂത്താട്ടുകുളത്ത് ചെന്ന് കുറവിലങ്ങാട്, ഏറ്റുമാനൂര്‍ വഴി നാഗമ്പടം. പക്ഷേ ഈ ബസ് ഇപ്പോള്‍ എവിടെയെത്തിയെന്ന് ഇരുട്ടുമാക്രിക്കുപോലുമറിയില്ല. ഭാര്യയുടെ ചില ദിവസങ്ങളിലെ മൂഡ് പോലെ ഒന്നും മനസ്സിലാക്കാന്‍ വയ്യാതെ കഴുത്ത് ഞെളിച്ച് , മുന്‍പിലെ ചില്ലിലേക്ക് കണ്ണു കൂര്‍പ്പിച്ച്  എപ്പോഴെങ്കിലും വെളിപ്പെട്ടേക്കാവുന്ന ഒരു വിളക്കുകാല്‍ , സന്തോഷ് ബേക്കറി  & കൂള്‍ബാര്‍ , ഒരു സിനിമതീയേറ്റര്‍ .... ഒന്നും വിട്ടു പോകാതിരിക്കാന്‍ കണ്ണു പറിക്കാതെ ഇന്ദ്രിയങ്ങളഞ്ചും കൂര്‍പ്പിച്ച് ഭവ്യന്‍റെ നാഗമ്പടത്തെ നോക്കി നോക്കിയിരുന്നു ...

        അങ്ങനെ നോക്കിനോക്കിയിരിക്കവേ... അയാളുടെ വെള്ളമണല്‍ വിരിച്ച മുറ്റത്തെ ചെമ്പരത്തിചെടിയില്‍ ഒരു പക്ഷി വന്നിരുന്നു. . കുഞ്ഞ് പക്ഷിയാണ്. കൂര്‍ത്ത ഓമനച്ചുണ്ടു കൊണ്ട് മൂന്ന് ചെമ്പരത്തിപ്പൂക്കള്‍ തുളച്ച് തേന്‍ കുടിച്ചു. പിന്നെ പറന്ന് പിച്ചകച്ചോട്ടില്‍ പോയിരുന്നു. ചിറക് നിവര്‍ത്തി വീശി. നിവര്‍ത്തിയും ചിറക് ഒതുക്കിയും പിന്നെയും പിന്നെയും വീശി. ആ വീശലില്‍ മുറ്റത്ത് ഒരു കാറ്റ് പിറന്നു. കൊടിയിലകള്‍ അനങ്ങി. പയ്യാനിക്കൊമ്പിളക്കി, റബ്ബര്‍ മരങ്ങളിലുരസി കാറ്റ് അയാളിരുന്ന തോട്ടിറമ്പിലെ കല്ലിന് വലം വച്ചു നിന്നു. കണ്‍പീലികളെ തലോടി ഉമ്മ വച്ച് അടച്ചു.
അപ്പോള്‍ റബ്ബര്‍ മരങ്ങളില്‍നിന്ന് ഉണങ്ങിയ ചില്ലകള്‍ താഴെ വീണു. തിരികെ പോകുമ്പോള്‍ അതു പെറുക്കിയെടുക്കാം, അമ്മയ്ക്കു കൊടുക്കാം. അടുപ്പിനരികില്‍ വച്ച് അമ്മ അതുണക്കിയെടുത്തോളും എന്ന് ഓര്‍ത്തിരിക്കേ കാലില്‍ എന്തോ കൊത്തി.. നോക്കിയപ്പോള്‍ ഒരു വാഴക്കാവരച്ചിയാണ്. വേറെയും മീനുകളുണ്ട്. കണഞ്ഞോന്‍ , വെളിഞ്ഞൂല്‍, മണലാരോന്‍ , പാറയ്ക്കു് മറഞ്ഞിരിക്കുന്നത് സാക്ഷാല്‍ ആരോന്‍ , ദേയ് കറുത്ത കൊമ്പ് കാട്ടി കല്ലിനടിയിലിരിക്കുന്നത് കൂരിക്കുട്ടന്‍ . വള്ളിനിക്കര്‍ പോക്കറ്റില്‍ ചൂണ്ടക്കൊളുത്തും നൂലുമുണ്ട്. പക്ഷേ  ഇപ്പോള്‍ വേണ്ട.. ഓടിക്കളിക്കട്ടെ. കാലില്‍ കൊത്തട്ടെ... കല്ലിനടിയില്‍ കയറട്ടെ... കല്ലേമുട്ടിയോട് കൂട്ട് കൂടട്ടെ... വേണമെങ്കില്‍ ഈ തെളിനീരിനൊപ്പം ഒഴുകി പൂഞ്ഞാര്‍ ഈരാറ്റുപേട്ട വഴി ഭരണങ്ങാനത്തിന് പൊയ്ക്കോട്ടെ....

        പിന്നെയും വന്ന കാറ്റിനൊപ്പം കണ്ണും പോയി. ചക്കനാല്‍ പറമ്പിലെ 
മരുതി ന്‍റെ കൊമ്പില്‍ ഉണ്ണീശോപൂവ് കായ്ച് കുലകുലയായി തൂങ്ങിയാടുന്നു. തലയില്‍ കെട്ടിയ തോര്‍ത്തഴിച്ച് തളപ്പ് കെട്ടി മരുതില്‍ കയറി പൂ അടര്‍ത്തിയെടുക്കണം. പക്ഷേ ഇപ്പോള്‍ വേണ്ട... ഇപ്പോള്‍ ഈ തോട്ടില്‍ കാല്‍ തൂക്കിയിട്ട് ഇങ്ങനെ... ഇങ്ങനെ.... ഇരുന്നാല്‍ മതി.

         അയ്യോ..... കാലില്‍ ആരാണ് കടിച്ചത്....  ആരോനാണോ.... നീര്‍ക്കോലിയാണോ... അതോ മൂര്‍ .... അതേ മൂര്‍ഖന്‍ തന്നെ. കണ്ണു തുറന്നു നോക്കിയപ്പോള്‍ കടി കഴിഞ്ഞ് ചീറ്റുന്നുമുണ്ട്. കടുത്ത ചീറ്റല്‍ തന്നെ.

          ....... മനുഷ്യനെ ഇപ്പോള്‍ പറ്റിച്ചേനേ ..... ഒരു മാന്യന്‍ നാഗമ്പടത്ത് ഇറക്കാമെന്നേറ്റ മഹാന്‍ ....സുഖമായി ഉറങ്ങുന്നു സ്വപ്നോം കണ്ടോണ്ട് .... പാപി ! ഓ എന്നെ ദൈവം കാത്തു . ആ കാലങ്ങോട്ടു മാറ്റിക്കേ...ഇറങ്ങെട്ടെടോ ഞാന്‍...  -  പറ്റാത്ത കാര്യമൊന്നും ഇനി ഏല്ക്കരുത് കേട്ടോ. ഒറക്കപ്പൂതമേ....

         നോക്കിയപ്പോള്‍ ബസ്സില്‍ ലൈറ്റിട്ടിട്ടുണ്ട്. യാത്രക്കാരില്‍ മുക്കാലും അവിടെയിറങ്ങുന്നു. പിറകില്‍ നീണ്ട നാഗമ്പടം പാലം. കാലില്‍ മറ്റേയാള്‍ ഭവ്യതയോടെ ചവിട്ടിയതിന്റെ നീറ്റലും പിറകെ വന്ന ചീറ്റലും കൈപ്പറ്റി വില്ലേജാഫീസര്‍ ഏറെ ഭവ്യനായി സമാധാനത്തോടെ ഉറങ്ങാന്‍ തീരുമാനിച്ചു.   ഈ ഉറക്കത്തില്‍ മാടത്തയുടെ കൂട് എടുക്കണം, പൊത്തില്‍ കയറിയ ചേരയെ കുടുക്കിട്ട് വലിച്ച് പുറത്തെടുക്കണം, മുട്ടന്‍തോട്ടില്‍ നഞ്ചിട്ട് ഒത്തിരി മീന്‍ പിടിച്ച് ചാരവും തേരകത്തിലയും കൂട്ടി ഉരച്ച് വെളുപ്പിച്ച് അമ്മയ്ക്ക് കൊടുക്കണം, ഒരുപാട് വിറക് പെറുക്കി ചുമന്ന് അമ്മയുടെ വിറക് പുര നിറച്ചു കൊടുക്കണം.......

               പുതിയ കണ്ണടയെടുത്തുവച്ച് കൂടുതല്‍ രസമാര്‍ന്ന കാഴ്ചകള്‍ക്കായി അയാള്‍ കണ്ണടച്ചു പിടിച്ചു.


        **** കാറ്റേ.... ഒരു കരിയിലയാണ് ഞാന്‍ . എന്നെ പറത്തിയടിച്ച ദൂരങ്ങള്‍ നിനക്കോര്‍മ്മയുണ്ടോ.. *******

        

   

  • Abu Iype likes this.
  • Abu Iype പുതിയ കണ്ണടയെടുത്തുവച്ച് കൂടുതല്‍ രസമാര്‍ന്ന കാഴ്ചകള്‍ക്കായി അയാള്‍ കണ്ണടച്ചു പിടിച്ചു...haha...
  • Jose Scaria T S പാതിരാവിലെ വായനക്കാരാ നിനക്ക് നന്ദി
  • Abu Iype never mind...
Facebook © 2013

Tuesday, 4 June 2013

മഴ


       മലയാളത്തിന്‍റെ ആകാശത്തു നിന്ന്  മഴ പെയ്തുതുടങ്ങി.

           ഇരുട്ടുകാനം - മാത്തുപ്പടി റോഡിന് 2 ലക്ഷം രൂപ അനുവദിച്ച ജെയ്നമ്മ മാത്യു എന്ന പഞ്ചായത്ത് മെമ്പറുടെ അഹമ്മതിക്കുന്ന ഫ്ളെക്സ് ബോര്‍ഡിനുമേല്‍ ചെളിവെള്ളമായും,

          വടക്കൂന്ന് തെക്കോട്ട് നോട്ട് മാലകളേറ്റുവാങ്ങി തെക്കെത്തിയപ്പോഴേക്കും ഉടുതുണി തന്നെ നഷ്ടപ്പെട്ട പുഞ്ചിരിക്കുന്ന തൂവെള്ളമഹാന്‍റെ ഫ്ളെക്സ് ചിത്രങ്ങള്‍ക്കു മേല്‍ സഹതാപത്തുള്ളികളായും,

         

          തലയിലും ഒക്കത്തും വറുതിക്കുടങ്ങളും നട്ടെല്ലില്‍ തീരാവേദനയും ചുമന്ന് നീങ്ങുന്ന പാവം വോട്ടര്‍മാരുടെയും വിശ്വാസികളുടെയും മേല്‍ മഴയായും ..... മഴ പെയ്തിറങ്ങി.


          നേരു ചിന്തിച്ചാലും, നേരു പറഞ്ഞാലും, നേരു പ്രവര്‍ത്തിച്ചാലും  എന്‍റെ പേഴ്സിനെന്തു ലാഭം എന്നു ചിന്തിക്കുന്ന എന്‍റെ നാട്ടിനു നേല്‍
നേരിന്‍റെ നൂല്‍മഴയായി നിര്‍ത്താതെ ,   നിര്‍ത്താതെ പെയ്തു വാ കാലവര്‍ഷമേ....


         തെങ്ങോലകളില്‍ വീണ്, തേന്മാവില്‍ വീണ്, കരിമ്പാറമേല്‍ വീണ്, കല്ലോടുരുണ്ട്, കൈത്തോട്ടിലൊഴുകി,
 കുളിരിന്‍റെ ഉത്സാഹമായി, ഭൂമിക്കുമേല്‍ തളിരുകളായി,
 വറുതിയുടെ അറുതിയായ് പെയ്തു വാ
കാലവര്‍ഷമേ......

മലകളില്‍ വീണ്, മരങ്ങള്‍ പിഴുത്, ചങ്കുമാന്തും ജെ.സി.ബി കളങ്ങളില്‍ ഉരുളായി ഉത്ഭവിക്ക കാലവര്‍ഷമേ...


       പാവം പാപ്പച്ചന്‍ചേട്ടന്‍റെ പാവല്‍തടങ്ങളിലേക്ക് , മണ്ണിന് കൂട്ടിരിക്കുന്ന കൃഷിക്കൂട്ടങ്ങളുടെ ചങ്കിന്‍പുറത്തേക്ക്
' ഓ പഞ്ഞം തീര്‍ന്നു , ഇഷ്ടം പോലെ വെള്ളം വന്നേ....'  ആയി     പെയ്തുവാ വര്‍ഷമേഘമേ......

       


Like · · · Promote ·

Friday, 31 May 2013

ഹേയ് രാമാ ഞാന്‍ വന്നു നിന്‍റെ രാമക്കല്‍മേട്ടില്‍





 1.    രാമം

       മുത്തശ്ശി ' പണ്ട് പണ്ട് ' എന്ന് പറഞ്ഞുതുടങ്ങുന്ന കാലത്തിന് ഒരുപാട് മുമ്പും കടലുണ്ടായിരുന്നു. ഉള്‍ക്കടലുകളും മഹാസമുദ്രങ്ങളുമുണ്ടായിരുന്നു. ഉള്‍ക്കടലിന് ഉയരമുള്ള കരിമ്പാറകള്‍ അതിര് നിന്നു. മഹാസമുദ്രങ്ങള്‍ക്കോ മണല്‍ത്തിട്ടകള്‍ എതിര് നിന്നു. ഓങ്ങിയും പിന്‍വാങ്ങിയും തീരത്തെ വിഴുങ്ങിയും കടലിന് ചില കളികളുണ്ട്. ആരേയും അധികം നോവിക്കാതെ, ഭൂമിയുടെ ദഹനക്കേടുകള്‍ക്കൊപ്പം ഏറിയും കുറഞ്ഞും കടല്‍ കരയോട് വഴക്കിട്ട് പോന്നു. പിന്നെ ഇഷ്ടം കൂടി കെട്ടിപ്പുണര്‍ന്നും പൊട്ടിച്ചിരിച്ചും മഹാസന്തോഷത്തില്‍ അങ്ങനെ.....

     മക്കളേ, ഉറങ്ങാതെ ശ്രദ്ധിച്ചുകേള്‍ക്കുക. അങ്ങനെ അങ്ങനെ കടലും കരയും സുഖമായി കഴിയുന്ന ഒരു ദിവസം രാത്രിയില്‍ ലോകം അവസാനിച്ചു. ഒരു വലിയ ഇടിമുഴക്കവും ഞെട്ടലും വിറയലും ഭൂമിയെ തകര്‍ത്തു കളഞ്ഞു. ഭൂമി കുലുങ്ങികുലുങ്ങി വിറച്ചുവീണപ്പോള്‍ മരങ്ങളെല്ലാം മറിഞ്ഞുവീണു. കരിമ്പാറകള്‍ അപ്പാടെ തകിടംമറിഞ്ഞു. പക്ഷികള്‍ പേടിച്ച് ശൂന്യതയിലേക്ക് പറന്നകന്നു. ഭയപ്പെട്ടുപോയ അന്തരീക്ഷം ചകിതമനസ്സോടെ കാറ്റായി പരക്കം പാഞ്ഞു. സൂര്യന്‍ രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ ഭൂമി മരിച്ചേ കിടക്കുന്നു ! കടല്‍ ഒഴിഞ്ഞുപോയിരിക്കുന്നു ! കരിമ്പാറകള്‍ക്കു താഴെ ഭയാനകമായ ഗര്‍ത്തങ്ങള്‍
അവശേഷിപ്പിച്ച് ബംഗ്ളാ ഉള്‍ക്കടല്‍ എവിടെയോ മറഞ്ഞുപോയി !

     ത്രേതായുഗത്തിലെ രാമന്‍ ,  കശ്മലന്‍റെ വിമാനത്തില്‍ കയറിപ്പോയ തന്‍റെ ചങ്കായ സീതയെ അന്വേഷിച്ച് വടക്കൂന്ന് നടന്ന് , അലഞ്ഞ് , തെക്കുനാട്ടില്‍ ഒരു ഭ്രാന്തനെപ്പോലെ എത്തി. ഓര്‍മ്മകള്‍ ഭക്ഷിച്ച് , കണ്ണുനീര്‍ കുടിച്ച് ' കണ്ടോ എന്‍ കരളിനെ കണ്ടോ ' എന്ന് പുലമ്പി ആര്‍ത്തനായി ഈ കരിമ്പാറമേല്‍ കയറി .  മുട്ടോളമെത്തുന്ന വലതുകൈയുയര്‍ത്തി പുരികത്തിന് മേല്‍ വച്ച് , ആകാശത്തെ തുളച്ച് ദൂരേയ്ക്ക് നോട്ടമെറിഞ്ഞ് നിന്നു. രാമപാദമേറ്റ കല്ലായ രാമക്കല്ലും ആരോടും ചേരാന്‍ കൂട്ടാക്കാതെ ചുറ്റും  ആകാശത്തോട് പോരടിച്ച് നില്ക്കുന്ന കല്‍മേടുകളും ചേര്‍ന്ന് രാമക്കല്‍മേടായി.

      കൂട്ടരേ , ചുവന്ന ബസ്സിറങ്ങി ഇന്നലെ  ഈ മല കയറിയവരില്‍ ഒരാള്‍ ഞാന്‍.  

     കാണുക .   മുന്‍വിധി എന്ന മഹാവ്യാധി കണ്ണിനില്ലെങ്കില്‍ കാഴ്ചകള്‍ എത്ര സുവ്യക്തം  .   സുന്ദരം  . നീ കാണുന്നത് നീ കാണേണ്ടതു തന്നെയാണ്. അതു നിനക്കേ കാണാനാവൂ .

     ചെവി കൊടുക്കുക എന്ന മഹത്തായ പ്രയോഗം ശ്രേഷ്ഠമലയാളത്തിലുമുണ്ട്. നീ ഒരു ചെവി മാത്രമായി മാറുക. പിന്നെ കേള്‍ക്കുക . അന്ന് കടല്‍ പിന്‍വാങ്ങിപ്പോയ മഹാദൂരങ്ങളില്‍ നിന്ന് കാറ്റ്   .......  ഓ ............ം ,    ഹൂൂൂൂൂ.....ം , ഹൂ..........മി.........യാരാം?      എന്ന് വിളിച്ച് ഓടിവന്ന് നിന്നെ കെട്ടിപ്പിടിക്കും . ചിലപ്പോള്‍ മറിച്ചിടും . സ്നേഹം മൂത്ത ഒരു നാട്ടുംപുറത്തുകാരനെപ്പോലെ   'എന്നതാ കൊച്ചേട്ടാ കണ്ടിട്ടെത്ര കൊല്ലായി? എന്ന് പറഞ്ഞ് വയറിന്
കൈ ചുരുട്ടി ഇടിക്കും . കാലിനിടയില്‍ കാല്‍ കയറ്റി നിങ്ങളെ മറിച്ചിടും. നിങ്ങള്‍ പരിഭവിക്കാതെ കാറ്റിനോടേറ്റ് ഇരുകൈകളും വിടര്‍ത്തി മറിഞ്ഞുവീഴാതെ,  ഒരിക്കല്‍ കടല്‍ അതിരിട്ടു നിന്നിരുന്ന കരിമ്പാറക്കലേയ്ക്ക് നീങ്ങും .ഇന്നിവിടെ രണ്ട് സംസ്ഥാനങ്ങള്‍ അതിരിടുന്നു.  കടല്‍ പിന്‍വാങ്ങിയ ലോകങ്ങളിലേക്ക് നോക്കിയങ്ങനെ നില്ക്കുമ്പോള്‍  പിറകില്‍നിന്നാരോ പറയും , അത് .... അക്കാണുന്നത് തേനി ... അപ്പുറം കോവൈ ... തേവാരം , അതിനപ്പുറം ഉത്തമപാളയം . പിന്നെയുമപ്പുറം ബോഡിനായ്ക്കന്നൂര്‍ .  തീര്‍ന്നില്ല , തീരുന്നില്ല ഊരുകള്‍ , ചിദംബരങ്ങള്‍ !!



    നിങ്ങള്‍ അതൊന്നും കേള്‍ക്കുന്നേയില്ല. ഹും .. ഹും... ഹും.. എന്ന ഹുംകാരത്തിന് ചെവി കൊടുത്ത് അനങ്ങാതെ നിന്ന് മുന്‍ പിന്‍ മറന്ന് , അഴലും അരിശവും വിട്ട്, ഒരു ചെവി മാത്രമായി മാറുമ്പോള്‍ കാറ്റ് പറയുന്നത് വ്യക്തമാകുന്നു. ഈന്തപ്പനകളുടെ ലബനോന്‍ നാട്ടില്‍നിന്ന് ഖലീല്‍ ജിബ്രാന്‍ എയ്തു വിട്ടൊരു പാട്ടാണ് ഇപ്പോള്‍ കാറ്റ് കൊണ്ടുവരുന്നത്.


         Where are you my beloved? Are you in that little
         Paradise , watering the flowers who look upon you
         As infants look upon the breast of their mothers

        Oh companion of my soul , where are you? Are you
        Praying in the temple? or calling Nature in the
        Field ,  haven of your dreams ...

       Recall you the hour , I bade you farewell
       And the maritime kiss you placed on my lips.
       That kiss taught me that joining of lips in Love
       Reveals heavenly secrets which the tongue cannot utter !!

   കാറ്റ് നിങ്ങളെ മറിച്ചിട്ട് ചുംബിച്ച്  കാതില്‍ രഹസ്യപ്പെട്ടു
     നാവിനുരിയാടാന്‍ വയ്യാത്ത രഹസ്യങ്ങള്‍ അങ്ങനെ കേട്ടുകേട്ടു നില്ക്കുമ്പോള്‍ നിങ്ങളുടെ വലതുവശേ , ആഗ്രാവാലാ ജിത്തു അഗര്‍വാളി്ന്‍റെ ചെവിയില്‍ കാറ്റ് പറയുന്നത് മറ്റൊന്നാണല്ലോ. ഓരോ അരിമണിയിലും നിന്‍റെ പേര് കൊത്തിയിരിക്കുന്നു . അത് ഭക്ഷിക്കേണ്ടന്‍റെ പേര് എഴുതിയ അരിമണികള്‍. അദ്ധ്വാനം കൊണ്ട് ഭക്ഷണത്തില്‍ അര്‍ഹതപ്പെട്ട പേര് എഴുതുന്ന ഇന്‍ഡ്യന്‍ കര്‍ഷകന്‍റെ പാട്ട്. ജീവിതം ആനന്ദിക്കാനും മരണം പരമാനന്ദിക്കാനുമുള്ളതാണെന്ന് പാടിയ കബീര്‍ദാസിന്‍റെയും പാട്ടുകള്‍ അവന് കാറ്റ് കൊണ്ടുവന്ന് രഹസ്യമായി കൊടുത്തു.
   


3Like · · · Promote ·

കുറവനും കുറത്തിയമ്മയും





  കുറവന്‍ കുറത്തി ഒന്നാം ചിത്രം

രാമക്കല്‍മേടിന് മുകളിലെ പാറമേല്‍ സി.ബി ജിനന്‍ എന്ന ശില്പി കൊത്തിസ്ഥാപിച്ച അത്ഭുതശില്പത്തെ അതിന്‍റെ നേര്‍മുന്‍പില്‍പോയിനിന്ന് കാണുക. നിങ്ങള്‍ അസൂയപ്പെട്ടുപോകുന്ന ഹൃദയവിശുദ്ധി കണ്ണുകളിലെഴുതിയ രണ്ട് മുന്‍കാല
മനുഷ്യരുടെ രൂപങ്ങള്‍ !

   കുറവന്‍ ഒരു പൂവന്‍കോഴിയെ നെഞ്ചോട് ഒട്ടിച്ച് പിടിച്ച്...
   കുറത്തി ഒരു പിഞ്ചുജന്മത്തെ മാറോട് ചേര്‍ത്തും അതിന് മുമ്പ് പിറന്നവനെ കാല്‍ചുവട്ടില്‍ നിര്‍ത്തിയും
   കരിമ്പാറമേലിരിപ്പാണ്.
   കുറവന്‍ മഹാദൂരങ്ങളിലേക്ക് കാഴ്ചകളൊത്തിരി കണ്ടവന്‍റെ പക്വതയോടെ നോക്കിയിരിക്കുമ്പോള്‍
   കുറവന്‍റെ തോളിന് ചെരിഞ്ഞ് ഒരു പെണ്ണിന് മാത്രം കാണാന്‍ കഴിയുന്ന ഏതോ കൌതുകകാഴ്ചയെ
   കുസൃതിയോടെ കാണുകയാണ് കൌശലക്കാരിയായ കുറത്തി .


                               കടലെടുത്തുപോയ് കവിത കോറുവാന്‍
                               കരളില്‍ ഞാനന്നൊളിപ്പിച്ച താളുകള്‍.

                               മഹാ ദുരകളില്‍പെട്ടു തിരയെടുത്തുപോയ്
                               അമ്മയെന്നെ പഠിപ്പിച്ച നേരുകള്‍.
                               അന്നവും തന്ന് നെറ്റിമേല്‍ ഓമനേ...
                               എന്ന് ചുംബിച്ചുറക്കിയ രാത്രികള്‍

                               പുണ്യരാത്രികള്‍ !
                               കടലെടുത്തുപോയ് !

  

    കുറവന്‍ കുറത്തി രണ്ടാം ചിത്രം

    ഒതു വശപ്പാട് പിറകില്‍നിന്ന് അതേ ചിത്രത്തെ ധ്യാനാത്മകമായി നോക്കുക. കടലെടുത്തുപോയ വിലപ്പെട്ടതെന്തോ തിരയുന്നവന്‍റെ നിലക്കാത്ത നിലവിളിക്കാറ്റിനോട് ഒട്ടിച്ചേര്‍ന്നിരുന്ന്   .... വരും എന്‍റെ മോന്‍ വരും. അവനെങ്ങനെ വരാതിരിക്കും? അമ്മയല്ലേ നോക്കി നോക്കിയിരിക്കുന്നത് ?

   കുറത്തി കരയുകയാണോ  .... കാറ്റിനൊപ്പം ചിതറി വീണത് മഴത്തുള്ളി തന്നെയോ ?

   അക്കാലത്തും കണ്ണിലൂടെ കരയാന്‍ അനുവാദമില്ലാത്ത പുരുഷനായ കുറവന്‍ കുറത്തിയെ കരയാനനുവദിച്ച് , .....വരില്ല , അവന്‍ വരില്ല ..... അതെനിക്കറിയാം. എങ്കിലും ഈ ജന്മം ഇനിയെങ്ങോട്ടുമില്ല. ഇവിടെത്തന്നെയിരുന്ന് വരാതിരിക്കുന്നവനെ നോക്കി നോക്കിയങ്ങനെ .......

                              ഹേയ് കാറ്റേ.. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെന്തു വിശേഷം ...
                              ഹേയ് കാറ്റേ.. ഇപ്പോള്‍ വത്തിക്കാനിലാരാണ് പാപ്പാ .....
                              ഹേയ് കാറ്റേ.. ജറൂസലത്തെ തെരുവുകളില്‍ ഒരു താടിക്കാരന്‍
                              ഇപ്പോഴും    കഴുതപ്പുറത്ത് സഞ്ചരിക്കുന്നുണ്ടോ .....
                              ചീകിയൊതുക്കാത്ത മുടിയും ജ്വാലക്കണ്ണുകളുമുള്ള..
                              അവന്‍റെ  പിറകെ കാളികൂളി പിള്ളേര്‍ കൂകിവിളിച്ച് നടപ്പുണ്ടോ...
                              ഹേയ് കാറ്റേ.. അന്തപ്പുരങ്ങളില്‍ ഇപ്പോഴും തലയണകളുണ്ടോ....
                              തലേരാത്രിയിലെ തലയണമന്ത്ര വിഷക്കാറ്റേറ്റ്
                              രാമന്മാര്‍ ഇപ്പോഴും വനവാസത്തിന് പോകാറുണ്ടോ ....

                              ഹേയ് കാറ്റേ ... രാമക്കല്‍മേട്ടിലെ കാറ്റേ.....


കുറവന്‍ ഒന്നാം ചിത്രം

കുറവന്‍ ചിത്രം 2
Like · · · Promote ·

Tuesday, 28 May 2013

കിളിയാര്‍കണ്ടം - കിളിയും പുഴയും വയലും


     ഒന്നാം തുള്ളി പറഞ്ഞു,
          ' പിറകേ വരുന്നവരേ , നമുക്കല്‍പ സമയം ഇവിടെ നില്‍ക്കാം. ചുറ്റും നോക്കൂ എന്ത് രസമാണീ ഭംഗികള്‍! '

ചുറ്റുഭംഗികള്‍ കണ്ട് ഒഴുകാന്‍ മറന്ന പുഴ അവിടെ തത്തിക്കളിച്ചു. മഹാഗൌരവത്തില്‍ വളര്‍ന്നേ നില്ക്കുന്ന ഏറെ ഉയരമുള്ള ഒരു വൃക്ഷത്തിന്‍റെ ഇരുവശത്തുമായി പുഴയങ്ങനെ സ്വയം മറന്ന് ഓളം തല്ലി നിന്നു. പിറകെ പിറകെ വന്ന തുള്ളിക്കൂട്ടങ്ങളും ഒഴുകാന്‍ കൂട്ടാക്കാതെ തള്ളിക്കയറിയപ്പോള്‍ അതൊരു ചെറിയ ജലാശയമായി. 

         അത്ര മേല്‍ വലിയ ആ വൃക്ഷത്തില്‍  വളര്‍ന്നു പടര്‍ന്നു കയറിയ കാട്ടുവള്ളികള്‍ വൃക്ഷാഗ്രത്തിലെത്തി,പിന്നെ അവിടെനിന്നും താഴേക്ക് തൂക്കിയിട്ട വള്ളികള്‍ക്കുള്ളില്‍ ധ്യാനത്തിലമര്‍ന്ന ഒരു മഹാമുനിയുടെ ഭാവമാര്‍ന്നു , ആ വൃക്ഷം. അങ്ങനെ പിറന്ന ജലാശയത്തിന് മുകളിലൂടെ കിളികള്‍ മെനക്കെടാതെ പറന്നു നടന്നു.

          കാഴ്ചകള്‍ കണ്ടു തൃപ്തിയും നിര്‍വൃതിയുമടഞ്ഞ തുള്ളികള്‍ വീണ്ടും പുഴയായി താഴേക്ക് ചെറിയൊരു സമതലത്തിലൂടെ ഒഴുകി ഇരുവശവും നെല്‍വയലുകളെ പെറ്റിട്ടു.

          ' കിളിയാര്‍കണ്ടം '  ഇവിടല്ലേ ചേച്ചിക്ക് ഇറങ്ങേണ്ടത് ? കണ്ടക്ടര്‍ സൌമ്യനായി ചോദിച്ചു. ഭാരമുള്ള ഒരു ബാഗു കൈയില്‍ തൂക്കിപ്പിടിച്ച് , മൂന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടിയെ മുന്നില്‍ നടത്തി ആ സ്ത്രീ അവിടെ ഇറങ്ങി.

            അവരുടെ ആരാണ് അവിടെ ഉണ്ടായിരിക്കുക എന്ന് അയാള്‍ അത്ഭുതപ്പെട്ടു. ഈയിടെയായി അയാള്‍ അങ്ങനെയാണ്. കാണുന്നതെല്ലാം അത്ഭുതങ്ങളാണ്. ആ വിദൂരപട്ടണത്തിലേക്കുള്ള ബസിലെ യാത്രക്കാരുടെയിടയില്‍,  ഇടക്കിറങ്ങുന്ന ചായക്കടയില്‍, കടത്തിണ്ണയില്‍ പത്രം വായിച്ചു പൊട്ടിച്ചിരിക്കുന്നവരുടെയിടയില്‍ ഒക്കെ  കാണുന്ന നീണ്ട മൂക്കുള്ള ഒരാള്‍, പൊക്കമുള്ള ഒരു ഇരുനിറക്കാരന്‍, പശുവിനോട് ദേഷ്യപ്പെടുന്ന ഒരു സ്ത്രീ ......... തന്‍റെ അടുത്ത ബന്ധുക്കളില്‍ പെട്ടവരാണ് അവരെന്ന് അയാള്‍ ഉറപ്പിക്കും. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കുടുംബചരിത്രം വായിക്കുമ്പോള്‍ ചില പേജുകള്‍ക്കിടയില്‍വച്ച് കാണാതെ പോകുന്ന ചില നല്ല മനുഷ്യര്‍ ഇവിടെയെവിടെയൊക്കെയോ ആണ് കുടിയേറിയിട്ടുള്ളത് എന്ന് അയാള്‍ കേട്ടിട്ടുണ്ട്.

           ഇപ്പോള്‍ അയാള്‍ക്ക് ഏറ്റവും സംശയം ഈ കണ്ടക്ടറെയാണ്. ആ കണ്ണ് , ആ പുരികം, ആ താടിയെല്ലുകള്‍, വിശേഷിച്ചു കാരണങ്ങളൊന്നുമില്ലാതെ അയാള്‍ തനിക്കു നല്കുന്ന പുഞ്ചിരിയുടെ, ഇണക്കത്തിന്‍റെ സൌജന്യങ്ങള്‍ ..... 

           ഇല്ല. ഇപ്പോള്‍ ചോദിക്കുന്നില്ല.  താങ്കള്‍ മാറാമറ്റത്തിലെ.....  പണ്ട് എഴുകുംവയലിന് കുടിയേറിയ അവിരാച്ചന്‍റെ മകന്‍റെ മകനല്ലേന്ന്......   ചോദിക്കാത്ത ചോദ്യമായി, ഒരിക്കലും തൊടുക്കാത്ത അമ്പായി ആവനാഴിയില്‍ കിടക്കട്ടെ. ചോദ്യവും ഉത്തരവും അറിയാവുന്ന അദ്ധ്യാപകനെപ്പോലെ ഗൌരവത്തില്‍ കണ്ണടക്കുള്ളിലൂടെ അയാള്‍ ആ കണ്ടക്ടറെ ഒന്നുകൂടെ പാളിനോക്കി. കൂട്ടുപുരികത്തിനു താഴെ , നീണ്ട മൂക്കിനു താഴെ ചുണ്ടിന്‍റെ ഇടംകോണില്‍ ഒളിച്ചിരിക്കുന്ന ഈ പുഞ്ചിരിയും കൌശലവും എനിക്കെന്നേ മനസ്സിലായി. പ്രിയ കണ്ടക്ടറേ , നീ പിടിക്കപ്പെട്ടിരിക്കുന്നു...  ഗഹനമായ ഒരു സംതൃപ്തിയോടെ അയാള്‍ ഒന്ന് ഇളകിയിരുന്നു.

           പേഴ്സ് എടുക്കാന്‍ മറന്നുപോയ ഒരു ദിവസം,  എഴുന്നേറ്റാല്‍ വീഴും, തല ചുറ്റി വീഴും എന്നുറപ്പായ രക്തസമ്മര്‍ദ്ദത്തിന്‍റ മറ്റൊരു ദിവസം ,ബസിന്‍റെ കമ്പിയില്‍ മുറുക്കെപ്പിടിച്ച് ,
              --- കുഞ്ഞ്ഞേ  , നീ മാറാമറ്റത്തിലെ ----  എന്നു ചോദിച്ചാലോ എന്ന് പലവട്ടം ആഞ്ഞിട്ടും അയാളത് വേണ്ടെന്ന് വച്ചു.



Monday, 27 May 2013

ഇവന്‍ മരണശിക്ഷക്ക് അര്‍ഹനാണ്


                  ഇവന്‍ മരണശിക്ഷക്ക് അര്‍ഹനാണ്


         നീതിവിസ്താരത്തിന്‍റെ ഒന്നാം ചോദ്യത്തിന് വായ് തുറന്നപ്പോള്‍ പീലാത്തോസിന്‍റെ തൊണ്ടയില്‍ ചൂണ്ട പോലെ എന്തോ ഉടക്കി. എങ്കിലും അവന്‍ ചോദിച്ചു.
.........നീ ആരാണ്..... എവിടെ നിന്ന് വരുന്നു......

ഏസോവിന്‍റെ തോട്ടത്തിലെ പ്രശാന്തിയിലേക്കും ഔന്നത്യമുള്ള മരങ്ങളിലെ കിളിഹൃദയങ്ങളിലേക്കും വെറുതെ നോക്കിനിന്നതല്ലാതെ അവന്‍ മറുപടി പറഞ്ഞില്ല.
.......ഇവര്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ നീ ചെയ്തിട്ടുണ്ടോ.....

കൊട്ടാരത്തിന്‍റെ കൂറ്റന്‍ ഗെയ്റ്റിന് പുറത്ത് താന്‍ തൊട്ടുസുഖപ്പെടുത്തിയവരുടെ ഹൃദയവിശുദ്ധിയിലേക്ക് പുഞ്ചിരിയെറിഞ്ഞു നിന്നതല്ലാതെ പീലാത്തോസിന് നേരെ ഒരു നോട്ടം പോലും അവന്‍ അനുവദിച്ചില്ല.

മൌനമെന്ന മഹാസാഗരത്തിലെ തുള്ളികള്‍ മാത്രമായ അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവന്‍ മൌനത്തിന്‍റെ മഹാസാഗരത്തെ മറുപടിയായി നല്‍കി.

    ഏസോവിന്‍റെ കിളികള്‍ക്കൊപ്പം,  വഞ്ചിക്കപ്പെട്ട അന്ധവൃദ്ധനും പിതാവായ അബ്രാഹമും തന്‍റെ പിതാവായ മഹാമൌനവും തോട്ടത്തിലെ നിലാവെണ്മയില്‍ ഉലാത്തുന്നത് ദൂരമിഴികള്‍ കൊണ്ട് കണ്ടുനിന്നപ്പോഴാണ് അടുത്ത ചോദ്യം ....
       നീ രാജാവാണോ.... നിന്‍റെ രാജ്യം എവിടെയാണ്......


    അവന്‍ മൌനം വെടിഞ്ഞു. എന്‍റെ രാജ്യം ഐഹികമല്ല. ഏസോവിന്‍റെ തോട്ടത്തിലേക്ക് കൈകളും കണ്‍കളും ചൂണ്ടി അവന്‍ പറഞ്ഞു. അതാണ് എന്‍റെ രാജ്യം. മനസ്സുകളുടെ നേരാണ് എന്‍റെ ധനം. കേട്ടുനിന്ന പുണ്യാത്മാക്കള്‍ വീണുകിട്ടിയ ദൈവദൂഷണത്തില്‍ സംതൃപ്തരായി. ആബേലച്ചന്‍റെ അറക്കവാള്‍ ശബ്ദിച്ചു.

     എത്തീ വിലാപയാത്ര.. കാല്‍വരിക്കുന്നിന്‍ മുകള്‍പരപ്പില്‍.......

   പിന്നീട് അവന്‍ തല താഴ്ത്തി കിളികളെയും പുഴകളെയും കണ്ടു. വ്യാകുലങ്ങളുടെ അമ്മയെ കണ്ടു. പുസ്തകത്തില്‍നിന്ന് ഇറങ്ങിപ്പോയവന്‍റെ പ്രശാന്തിയിലേക്ക് തന്‍റെ ആത്മാവിനെ സമര്‍പ്പിച്ചു.

    


ഇസ്രായേല്‍... ഗാസാ മുനമ്പ്....മിസൈലുകള്‍... ഗോലാന്‍ കുന്നുകള്‍

Like · · · Promote ·