Friday, 6 December 2013

നക്ഷത്രമായ ഇടയന്‍



വ്യാകുലങ്ങളുടെ അമ്മ അപ്പോള്‍ അടിവയറ്റില്‍ കൈ രണ്ടും താങ്ങി, തീക്കളമായിപ്പോയ മിഴികളെ രണ്ടിറ്റ് കണ്ണീരു കൊണ്ട് കെടുത്തി , പാതയോരത്തെ പുല്ലിലേക്ക് വശം കുത്തി ഇരുന്നു.

ജോസഫ് , ജോസഫ് എന്നിങ്ങനെ തൊണ്ടയില്‍ വാക്കുകള്‍ തികട്ടി വന്നു. വേണ്ട, അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ട, അബ്രാഹമിന്‍റെയും ഇസഹാക്കിന്‍റെയും വെട്ടം എനിക്കും തുണ എന്നൊരു ചിന്തയെ പറഞ്ഞുവിട്ട് തൊണ്ടയെ അവള്‍ നിശബ്ദമാക്കി.

പഴംതുണിക്കെട്ടുകള്‍ക്കും,  അതു ചുമക്കുന്ന ഊശാംതാടിക്കാരനും , കൂടെയുള്ള പൂര്‍ണ്ണവയറിനും സത്രത്തില്‍ ഇടം കിട്ടാതെ പോയി. അക്കാലത്ത് അഗസ്റ്റസ് സീസറിന്‍റെ കാലം തൊട്ടേ വാതിലുകള്‍ക്ക് അകമേ നിന്ന്  ഓടാമ്പലുകള്‍ പണിതുവച്ചിരുന്നു.

മുട്ടി നീരു വച്ച മൂന്നാം വിരലിനെക്കാള്‍, കൊട്ടിയടയുന്ന വാതിലുകളുടെ പുച്ഛമാണ് അയാളെ കൂടുതല്‍ വേദനിപ്പിച്ചത്. അല്ല... പുരുഷനേയല്ല ഞാന്‍... എന്ന് ജോസഫ് ഉറപ്പിച്ചു. ഒരു തീപ്പൊരിയുടെ ഊര്‍ജ്ജം പോലും ഇനി ബാക്കിയില്ല എന്നുറപ്പിക്കുമ്പോഴും അവള്‍ ഒന്നുമേ പറയുന്നില്ലല്ലോ എന്നും കണ്ണുകളില്‍ മറിയം തനിക്കെതിരായി ഒന്നും എഴുതിയിട്ടില്ലല്ലോ എന്നും അവന്‍ അത്ഭുതപ്പെട്ടു.

വീണുപോയവളുടെ മുഖത്തേക്ക് തോല്‍ക്കുടത്തില്‍ നിന്ന് വെള്ളം തളിക്കുമ്പോഴാണ് ആദ്യം ആടുകളും പിറകെ ഇടയനായി അയാളും വന്നത്.



ഇടയന് ഒരു രാജ്യത്തും കണക്കുകള്‍ ചേര്‍ക്കേണ്ടതില്ലായിരുന്നു. തിരക്ക് തീരെയില്ലായിരുന്നു. ആടുകളുടെ കണ്ണുകള്‍ പോലെ തന്നെ ആകാശത്തോളം തുറന്നുകിടന്നിരുന്നു, ഇടയന്‍റെ മനസും അയാളുടെ തൊഴുത്തുകളും.

വരിക എന്ന് പറഞ്ഞപ്പോള്‍ അവന്‍റെ വായില്‍ നിന്ന് ചൂടുനീരാവി പറന്നു. ഇളംചൂടു പാല്‍ കറന്ന് കൈപകര്‍ന്നപ്പോള്‍ കൂടെ ഓരോ പുഞ്ചിരിയും അവന്‍ ചേര്‍ത്തു. ഇരുവരും ചേര്‍ന്ന് താങ്ങിയെടുത്ത്,  അകലെ നിന്ന് കണ്ടാല്‍ പൂര്‍വപിതാക്കന്മാരുടെ രൂപങ്ങളെന്ന് തോന്നിപ്പിക്കുന്ന ചില പാറകള്‍ക്കിടയിലൂടെ അവര്‍ മറിയത്തെയും കൊണ്ട് അവന്‍റെ തൊഴുത്തിലേക്ക് നടന്നു. ആടുകള്‍ പിറകെ മേഞ്ഞ് വന്നുകൊണ്ടിരുന്നു.

അവന്‍റെ ആട്ടിന്‍പറ്റങ്ങള്‍ക്ക് കണക്കില്ലായിരുന്നു. പ്രീതമായത് മാത്രം ചെയ്യുന്ന അവനെ അനുഗ്രഹിച്ച് അനുഗ്രഹിച്ച് യഹോവയുടെ കൈകള്‍ തളര്‍ന്നു തുടങ്ങിയെന്നുതന്നെ പറയാം.ബസ്ലഹത്തിന്‍റെ കിഴക്കേ ചെരുവിലെ പുല്‍സമൃദ്ധിയില്‍ നൂറ് സങ്കേതങ്ങളിലായി അവന് അയ്യായിരത്തിലധികം ആടുകളുണ്ട്. അവയെ ഒക്കെ പോറ്റാന്‍ അവന് കീഴില്‍ കുറെ ഇടയകുടുംബങ്ങളുണ്ട്. അവന്‍റെ ബന്ധുക്കളാണധികവും.

അപ്പോള്‍ രാവിറങ്ങിത്തുടങ്ങി. താന്‍ തന്നെ കൂട്ടിയാല്‍ കൂടില്ല എന്ന് ശലേമോന് തോന്നിത്തുടങ്ങി. കിഴക്കേ ചെരുവിലേക്ക് ഇറങ്ങിനിന്ന് ഉറക്കെയൊന്ന് കൂവിയാല്‍ മിര്‍ഖാസും മക്കളും കേള്‍ക്കാനിടയുണ്ട്. തോലങ്കി പുതച്ച്, തലയില്‍ തൊപ്പിയിറക്കിവച്ച്, വടിയെടുക്കാനാഞ്ഞപ്പോഴാണ് അകത്തുനിന്ന് ഒരു ഞരക്കവും ജോസഫ് എന്ന് അമര്‍ത്തിയ വിലാപവും പുറത്ത് വന്നത്. ഏറെ നേരം കാതോര്‍ത്തിട്ടും കേള്‍ക്കേണ്ടതായ സ്വരം മാത്രം കേള്‍ക്കാഞ്ഞ് ആയിരം കുഞ്ഞാടുകളുടെ പ്രസവം താങ്ങിയ ശലേമോന്‍ മനസ്സുറച്ച് ചാക്കുമറ നീക്കി ഉള്ളിലേക്ക് കടന്നു.

മുറിയില്‍ വെളിച്ചം പിറന്നിരുന്നു. അവിടെ ചെറിയവന്‍ കിടക്കുന്നു, നിശബ്ദം. വലതുകാല്‍മുട്ടില്‍ കൈകള്‍ ചേര്‍ത്ത് കടലുകളെ ശാന്തമാക്കുന്നത്ര ശ്രമപ്പെട്ടതെന്തോ ചെയ്യുന്നവനെപ്പോലെ ജോസഫ് കുനിഞ്ഞിരുപ്പുണ്ട്. അയാളുടെ ഭാര്യ.... അവള്‍ കിടക്കുകയാണ്, ബലിക്കല്ലിലേക്ക് ചോര വീഴ്ത്തിയ ബലിമൃഗത്തെപ്പോലെ വിളറിയും ഞരങ്ങിയും. അടുത്തു ചെന്ന് അയാള്‍ ജോസഫിന്‍റെ തോളില്‍ സ്പര്‍ശിച്ചു. അനക്കമില്ല. തല കുലുക്കിയെങ്കിലും വീണ്ടും ആ തല കുനിഞ്ഞുവീണു.

ശലേമോന് പേടിയായി. ഒരു തുണ , അത് തീര്‍ച്ചയായും ഇപ്പോള്‍ തന്നെ വേണം. തനിക്കുതന്നെയാവില്ല. ഗോത്രങ്ങളുടെ പിതാക്കളെ മനസ്സില്‍ വിളിച്ച് അയാള്‍ ഇരുളിലേക്ക്  ഇറങ്ങിയോടി. പലതും വേണം. വെളിച്ചം, ഭക്ഷണം, പാല്‍, തുണികള്‍,അതിനെല്ലാം മുമ്പൊരു പെണ്‍തുണ വേണം. ആ അമ്മയുടെ കിടപ്പ്.. അതയാളെ വീണ്ടും ഭയചകിതനാക്കി. തട്ടിവീണും, മുറിവേറ്റും, മരങ്ങളില്‍ നെഞ്ഞടിച്ചും ഭ്രാന്തനായി ഓടിക്കൊണ്ടിരിക്കെ അയാള്‍ക്ക് പെട്ടെന്ന് തോന്നി. വഴിയിലാകെ ഒരു വെളിച്ചമുണ്ട് എന്ന്.

കൂരിരുളിലും അയാള്‍ കാണുന്നു, പോകും വഴിയിലെ നനഞ്ഞ പൂഴിമണ്ണ്, കല്ലുകള്‍ , വഴിക്കരയിലെ പുല്ല്, വലിയ മരങ്ങള്‍, എല്ലാം കാണാം. ഒരു വെളിച്ചം അയാളുടെ കൂടെയുണ്ട്. അതിന്‍റെ പ്രഹേളികയില്‍ അയാളില്‍ നിന്ന് ചിന്തകള്‍ പഞ്ഞിയുടുപ്പിട്ട് പറന്നുപോയി. യുക്തിയും ശക്തിയും ഇല്ലാത്ത ഒരു പൈതലിനെപ്പോലെ മലഞ്ചെരിവിലെ മിര്‍ഖാസിന്‍റെ വീട്ടില്‍ അയാള്‍ ചെന്നു കയറി.

വീട്ടിലൊരു ഉണ്ണി പിറന്നു. നിങ്ങളെല്ലാവരും വന്ന് കാണുക. നമുക്കൊരു പിറവിപ്പാട്ട് പാടണം. അത്രയും പറഞ്ഞപ്പോഴേക്കും കൈയിലൊരു വിളക്കുമായി മിര്‍ഖാസിന്‍റെ ഭാര്യ ഇറങ്ങിവന്നു. ആ പ്രകാശത്തില്‍ ശലേമോന്‍റെ തൊപ്പിയിലും വസ്ത്രത്തിലും പറ്റിച്ചേര്‍ന്നിരുന്ന മഞ്ഞുതുള്ളികളും അയാളുടെ നെറ്റിത്തടത്തില്‍ ആ ബസ്ലഹം മഞ്ഞിലും പൊടിഞ്ഞ വിയര്‍പ്പുതുള്ളികളും നക്ഷത്രങ്ങളായി. 


Monday, 2 December 2013

നനവ്

നീണ്ടുനിവര്‍ന്നു കിടന്ന ഒരു മല നീണ്ടുനിവര്‍ന്നു കിടന്ന മറ്റൊരു മലയോട് ചേരുന്ന അതീവഗോപ്യമാം ഇടം. അവിടെ കുറെ കാട്ടുപനകള്‍ വളര്‍ന്നുനിന്നിരുന്നു. കാടിന്‍റെ അഹങ്കാരത്തോളം വലിയ ഒരു കരിമ്പാറയുടെ കടക്കല്‍ ഭൂമി പിച്ച നടന്ന അന്നേ ഒരു നനവുണ്ടായിരുന്നു.

അവിടെ നിന്നാണ് അരുംപൈതലിന്‍റെ പിഞ്ചുഭാവമുള്ള ഒന്നാംതുള്ളി ഉരുണ്ടുകൂടിയത്. വീണുകിടന്ന കാട്ടിലകളുടെ അടിയില്‍നിന്ന് കുഞ്ഞുമുഖം നീട്ടി അവന്‍ ഭൂമിയെ നോക്കി. നോക്കിനോക്കിനില്ക്കെ അവന്‍ താഴേക്ക് വീണുപോയി. ആ വീഴ്ച കണ്ട് പിറകേ വന്ന രണ്ടാംതുള്ളിക്ക് തലചുറ്റാന്‍ പോലും നേരം കിട്ടാതെ വീഴാനേ സാധിച്ചുള്ളു. പിന്നെ വന്നത് അനുസ്യൂതമായ വീഴ്ചകളും ഗ്ല ഗ്ല എന്ന ഒഴുക്കുമാണ്.




അതിലും നിര്‍മലമായ ഒരു വസ്തു ഭൂമിയില്‍ അപ്പോള്‍ വേറെ ഉണ്ടായിരുന്നില്ല. പക്ഷങ്ങളിലെ അഴുക്ക് ഒഴുക്കിക്കളയാന്‍ പക്ഷികളും മേനി തണുപ്പിക്കാന്‍ മൃഗങ്ങളും അവിടേക്ക് വന്നു. എല്ലാ തിന്മകളും വാങ്ങി വരവ് വച്ച് പുഴ ഒഴുകി മുന്നേറി.

എല്ലാ വിദ്യാലയങ്ങള്‍ക്കും സമീപേ പുഴ ശാന്തമായി നിന്നു. കൂട്ടമായി പൊതിച്ചോറുണ്ണാന്‍ വന്ന കിടാങ്ങളില്‍നിന്ന് പുതിയ പൊട്ടിച്ചിരികള്‍ പഠിച്ച് പുഴ പിന്നെയും ഒഴുകി.

ഒഴുകുക പുഴ നീ  കാലാന്ത്യത്തോളം. നാളെ വിവാഹിതനാവുന്ന എന്‍റെ മകന് പിറക്കും മകനുടെ പേരായിരം പേരമക്കളുടെ പള്ളിക്കൂടപ്പിന്‍വാതില്‍ ചേര്‍ന്ന് പുതിയ പൊട്ടിച്ചിരികള്‍ പഠിച്ച് .....




ഒഴുകുക എന്നതിലും വലിയ കഥയില്ല പുഴയേ...

അത്രയും ഒഴുക്കുള്ള കവിതയുമില്ല സഖേ..

Saturday, 30 November 2013

നാടിന്‍റെ മകന്‍

ജോലി ചെയ്തിരുന്ന ആഫീസിനു പിറകിലെ ആളനക്കം കുറഞ്ഞ തിണ്ണയില്‍ അവരഞ്ചുപേരെ പെറ്റിട്ടിരുന്നു. കണ്ണ് തുറന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരാണ്‍കുഞ്ഞിനെ പൊക്കി വീട്ടില്‍ കൊണ്ടുവന്നു. അന്നത്തെ രാത്രിയുടെ പേര് പട്ടിരാത്രി എന്നാണ്. നാടിന്‍റെ മകന്‍റെ ആഗമനവിവരം നാടു മുഴുവന്‍ തുളഞ്ഞുകീറിച്ചെന്നു. എന്‍റെ ചെവികളിരണ്ടും പട്ടിയും ഭാര്യയും കൂടെ കുത്തിക്കീറി.



ഉച്ചക്ക് മറ്റാരുമില്ലാത്തതിനാല്‍ ഞാന്‍ തന്നെ വന്ന് ഭക്ഷണം കൊടുത്തു. സന്ധ്യക്ക് അടുത്തിരുത്തിയും ഭാര്യ കാണാതെ മടിയിലുറക്കിയും വളര്‍ത്തി പട്ടിയാക്കി കുരപ്പിച്ചു. ഒന്നാം കുര ഒരു കോഴിയോടായിരുന്നു. ആരെന്തു പറഞ്ഞാലും വേണ്ടില്ല, ആഗസ്റ്റ് 15-ല്‍ ഒട്ടും കുറയാത്ത ഒരു സംഭവമായിരുന്നു എനിക്കാ കുര.

പേപ്പട്ടിവിഷബാധയുടെ വാക്സിനെടുത്തുകഴിഞ്ഞപ്പോള്‍ അവന് ഐ.ഡി കാര്‍ഡ് കിട്ടി. പേര് N.D അഥവാ നാടന്‍ ഡോഗ്.ജനനം ഫെബ്രു.2013.

തീവ്രസ്നേഹം കൊണ്ട് ഭാര്യയെപ്പോലും കൈയിലെടുത്ത ആ വാലാട്ടി ഈ പട്ടിമാസത്തില്‍ നിര്‍ദയം വീടുവിട്ടുപോയി. ഞാന്‍ വൈകുന്നേരങ്ങളില്‍ , രാവിലെകളില്‍ പട്ടിയെപ്പോലെ അന്വേഷിച്ച് നടന്നു, ആ നാടിന്‍റെ മകനെ.

ഇന്ന് തിരികെ ലഭിച്ചു. ഒരു സ്ഥലത്ത് ചെന്ന് കൂട്ടിവരികയായിരുന്നു. ചെവിക്കുതാഴെ ഒരു നല്ല മുറിവ് പഴുത്ത് കുഴിഞ്ഞത്, ദേഹത്ത് പലദേശങ്ങളില്‍ നാടിന്‍റെ മറ്റ് മക്കളുടെ വിളയാട്ടമുദ്രകള്‍.

ചോറ്, പാല്, ബിസ്കറ്റ്, ഹൈഡ്രജന്‍ പെറോക്സൈഡ് ലായനി, ബെറ്റാഡിന്‍ ഓയിന്‍റ്മെന്‍റ്, cetradoxil 250mg ആന്‍റിബയോട്ടിക് എന്നിവയുടെ അകമ്പടിയോടെ ഞങ്ങള്‍ ഇന്ന് വീണ്ടും വിവാഹിതരായി. അഭേദ്യവും ലോകപ്രശസ്തവുമായ യജമാനസ്നേഹം തുടരുന്നതാണ് അടുത്ത കൊല്ലത്തെ പട്ടിമാസം വരെ ഏതായാലും.
Like 

Thursday, 28 November 2013

കല്‍പനകള്‍ ലംഘിച്ചവന്‍

ദിനമാറും  ഒരു തോര്‍ത്തുടുത്ത് സഹ്യപര്‍വതം കൊത്തിക്കിളയ്ക്കും, കുഴിച്ചുവയ്ക്കും, മുളപ്പിക്കും. ഏഴാംദിനം ഞായറാഴ്ച മുണ്ടുടുത്ത് മുകളറ്റത്ത് ഊരിമാറ്റാവുന്ന ബക്കിള്‍സുള്ള ഷര്‍ട്ടിട്ട് പള്ളിയില്‍പോകും, ഒരു സുറിയാനികുര്‍ബാനയുടെ മുമ്പില്‍ ഭയപ്പെട്ടുനില്ക്കും, കുര്‍ബാന കഴിഞ്ഞിറങ്ങുന്ന അച്ചന് സ്തുതി ചൊല്ലി തിരിച്ചും പോരും.

തിരിച്ച് വരുന്ന വഴി തെറി പറയരുത് എന്ന ആദ്യകല്‍പന ഇപ്രകാരം ലംഘിക്കും. വട്ടക്കുന്നന്‍റെ ഇറച്ചിക്കടേന്ന് രണ്ടു റാത്തല്‍ കാളേനെ പശള തീരെയില്ലാതെ വാങ്ങിക്കുന്നു. തേക്കെലേല്‍ പൊതിഞ്ഞ് കുടപ്പനക്കൈയിന്‍റെ നാര് കൊണ്ട് ഭേഷായിട്ട് കെട്ടി കൈയിലോട്ട് കൊടുക്കുന്നേരം, നാല് എട്ടണാത്തുട്ട് തട്ടേലോട്ട് ഇട്ടേച്ച് ചുമ്മാ അങ്ങ് പറയും ... ഊമ്പിയ (തെറിയാണേ) കെട്ടാണോടാ കെട്ടിയേക്ക്ണത്. ഇതും തൂക്കിപിടിച്ച് മൈലൊന്ന് നടക്കാനുള്ളതാ. വീട്ടിച്ചെന്നിട്ടുവേണം ഇതൊന്നനത്താന്‍....

അപ്പോള്‍ വേഷം മുണ്ടാണ്, ഊരിമാറ്റാവുന്ന ബക്കിള്‍സുള്ള ഷര്‍ട്ടാണ്. വീട്ടിലെത്തി ഇറച്ചി ഏല്പിച്ച് കഴിഞ്ഞാല്‍ വേഷം അപ്പാടെ മാറുന്നു. അരക്കുതാഴെ ചുട്ടിത്തോര്‍ത്ത് , മോളില്‍ വെന്തിങ്ങ, മണ്ടയ്ക്ക് പാളത്തൊപ്പി. പിന്നെ പ്രമാണം മനപൂര്‍വം ലംഘിക്കാന്‍ വേണ്ടി പുറത്തേക്കിറങ്ങുകയായി. ചുറ്റിനടക്കും. കപ്പ നട്ടിടത്ത് എലിശല്യം ഉണ്ടോ, കാച്ചിലിന്‍റെ മടിയന്‍ വള്ളികള്‍ മുകളിലേക്ക് കയറാതെ വളഞ്ഞ് കിടപ്പുണ്ടോ, എന്നൊക്കെ പരിശോധിക്കും. വീണുകിടക്കുന്ന കശുവണ്ടി കണ്ടാല്‍ കുനിഞ്ഞെടുക്കും. കാല് തട്ടി മാറുന്ന കരിയില വെളിപ്പെടുത്തുന്ന കാപ്പിക്കുരുപരിപ്പുകള്‍.. അതും കുനിഞ്ഞെടുക്കും.

കയ്യാലകള്‍ സ്പര്‍ശനത്തിന് കൊതിയുള്ളവരാണ്. മനപൂര്‍വം രണ്ടു കല്ല് ഇളക്കി നിലത്തിട്ടിട്ടുണ്ടാവും. ആ കയ്യാലേല്‍ ചാരി നിന്ന് ഇളകിയ കല്ലുകള്‍ യഥാസ്ഥാനത്ത് ഉറപ്പിച്ച്,മണ്ണിനും മരത്തിനും ഉടയോന്‍റെ വാട അടിക്കാന്‍ അവസരം കൊടുത്ത് തിരികെ വീട്ടിലെത്തുമ്പോഴേക്കും കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന കല്‍പന ദേണ്ടെ ലംഘിച്ച് കിടക്കുന്നു, ഇറച്ചി വെന്തും കിടക്കുന്നു.

പാളത്തൊപ്പിയക്ക് അറ ആറാണ്. ഒരറയില്‍ ഒരിക്കല്‍ ഒരു ഭയങ്കരന്‍ നൂറു രൂപായെ ഞാന്‍ കണ്ടിട്ടുണ്ട്. തടി വിറ്റപ്പോള്‍ കിട്ടിയതാണ്. വേറൊരറയില്‍ ചില റവന്യൂ രേഖകളുണ്ട്. മുറുക്കാനുള്ള വകകള്‍ സൂക്ഷിക്കുന്ന ഇടങ്ങളുണ്ട്. വൈകിട്ട് മൂന്നു മണിക്ക് മൂന്ന് വായിക്കോട്ട വിട്ടിട്ട് ഒരു സാധനം തൊപ്പിക്കകത്തു നിന്ന് എടുക്കും. പിച്ചാത്തിമുനകൊണ്ട് ലേശം തോണ്ടി നാക്കേല്‍ വയ്ക്കും. കറുപ്പാണ്, മൂന്നാമത്തെ കല്‍പനയുടെ മുട്ടന്‍ ലംഘനവുമാണ്.

വൈദ്യരാണ്.പുരക്ക് ചുറ്റും മരുന്ന്ചെടികളുണ്ട്. കണ്ണുവ്യാധികള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ വൈദ്യര്‍ രണ്ടോ മൂന്നോ തവണ മുറ്റത്തെ ചില സ്ഥലങ്ങളില്‍ കുനിഞ്ഞുനിവരുമ്പോള്‍ കൈയില്‍ കിട്ടുന്ന പച്ചിലകള്‍ തേനിലോ മുലപ്പാലിലോ അരച്ച് സേവിച്ചാല്‍ ശമിച്ചൊടുങ്ങും. അതിന്‍റെ വരുമാനം ഈ ലോകത്തിനുള്ളതല്ല. പരലോകത്തേക്കുള്ളതാണ്. കാശു വാങ്ങാറില്ല തന്നെ. രോഗിയുടെ അഭിമാനത്തിന്മേലുള്ള ഈ കളിയിലും എനിക്ക് പേരറിയാത്ത ഒരു കല്പന ലംഘിച്ചിട്ടുണ്ട്.

ദിവസവും രണ്ട് മുറുക്ക്, ഒരുവട്ടം കറുപ്പ് എന്നീ ദിനഉത്സവങ്ങളും, രണ്ടുകിലോ കാളേറച്ചി എന്ന വാരാന്ത്യോത്സവവും, അരുവിത്തുറ എന്ന അരീത്രപ്പള്ളിയില്‍ മേടമാസത്തിലെ പെരുനാളിന് ഈരാറ്റുപേട്ട പാലത്തിലുണ്ടാക്കുന്ന തിക്ക്, തിരക്ക് , വെടിക്കെട്ട് എന്നീ വാര്‍ഷികോത്സവവും കൂടാതെ ഒരുത്സവം കൂടെ എന്‍റെ വല്ല്യപ്പനുണ്ട്.

പള്ളിയിലെ വാര്‍ഷികധ്യാനം നടത്തുന്ന കപ്പൂച്ചിനച്ചന്‍റെ മുമ്പില്‍ പോയിരുന്ന് പൊട്ടിക്കരയും. മുമ്പിലെ മേശമേല്‍ വച്ചിട്ടുള്ള തലയോട്ടി ചൂണ്ടി ആ കിളക്കാരനെ കപ്പൂച്ചിന്‍ ഭയപ്പെടുത്തും. ലംഘിക്കപ്പെട്ട കല്‍പനകളോര്‍ത്ത് നിലവിളിക്കുമ്പോള്‍ കൂടെ തീര്‍ച്ചയായും കുറെ കയ്യാലകള്‍ , നടുനിലകൃഷികള്‍, കൂമ്പിലകള്‍, കാപ്പികള്‍, കവുങ്ങുകള്‍ ഒക്കെ കരഞ്ഞിട്ടുണ്ടാവണം.

പിന്നെ വന്ന് ഇറയത്തെ ചാരുകസേരയില്‍  അകത്തെ ചൂടിനെ പാളവിശറിയാല്‍ സമാശ്വസിപ്പിച്ച്  നീണ്ടുനിവര്‍ന്ന് കിടന്ന് ..........

ഇപ്പോള്‍ കിടപ്പ് മണ്ണിനടിയിലാണ്. അതങ്ങനെയാണ് വേണ്ടത്. അടിത്തറകള്‍ മണ്ണിനടിയില്‍ ഉറച്ചങ്ങ് കിടക്കട്ടെ.

Friday, 22 November 2013

ഡാക് ഖര്‍... അന്തര്‍ ആനാ മനാ ഹേ..

ബസുകള്‍ കുറവായ ഇടുക്കി ഹൈറേഞ്ചിലേക്ക് സ്ഥിരമായി യാത്ര ചെയ്യാറുണ്ട് ഇപ്പോള്‍. സുരക്ഷിതമായ ഒരു സൈഡ്സീറ്റും, ചെവിയിലേക്ക് നീളുന്ന കറുത്ത വള്ളിയും ഡെഡ്ബോഡി ഇരിപ്പും എന്നും അങ്ങനെ തരപ്പെടുന്നില്ല.

  അങ്ങനെ തരമാകാത്ത ചില രാവിലെകളില്‍ തൊടുപുഴ പോസ്റ്റല്‍ സോര്‍ട്ടിംഗ് ആഫീസിനു പിറക് വശത്ത് ചെന്ന് പതുങ്ങിനില്ക്കും. മെയില്‍ജീപ്പുകളിലാണ് ഹൈറേഞ്ചിലെ കടുക്കാസിറ്റി, ആത്മാവ് സിറ്റി, ബാലന്‍പിള്ളസിറ്റി തുടങ്ങിയ മുട്ടന്‍സിറ്റികളിലേക്ക് കത്തുചാക്കുകള്‍ യാത്രചെയ്യുന്നത്.

  ഈ വി.ഐ.പി യാത്രക്കാര്‍ കയറിയതിനുശേഷമുള്ള ഇടങ്ങളില്‍ ഡ്രൈവര്‍ക്കിഷ്ടമുള്ള കുറെ പേരെ കയറ്റും. കയറിയാല്‍, പിറകില്‍ തേങ്ങാക്കൊല്ലി പോലെ കയര്‍ കെട്ടിതിരിച്ച സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള കത്തുചാക്കുകളെ കാണുകയോ തൊട്ടുനോക്കുകയോ ചെയ്യാന്‍ ഇടക്ക് സാധിക്കും. 

  സാദാകത്തുകളുടെ ചാക്കിന് ചാക്കിന്‍റെ നിറം തന്നെയാണ്. കഴുത്തില്‍ കെട്ട്, കെട്ടിന് ചുറ്റും മെഴുക്സീല്‍, അതില്‍ ചേര്‍ത്ത അഡ്രസ് ടാഗില്‍ എഴുതപ്പെട്ടിരിക്കുന്നു, തങ്കമണി പോസ്റ്റാഫീസ്.... സ്പീട്പോസ്റ്റ് കെട്ടിന്‍റെ ചാക്കിന്  ചാക്കിന്‍റെ നിറമില്ല . കൂടാതെ പോമറേനിയനെപ്പോലെ ചെറുതുമാണ്.



യാത്രയില്‍ കൊതി നിയന്ത്രിക്കാന്‍ പറ്റാതെ പൊറുതിമുട്ടുമ്പോള്‍ തിരിഞ്ഞുനോക്കും. അപ്പോള്‍ ചില അടക്കം പറച്ചിലുകള്‍ കേള്‍ക്കാം. ചാക്കുകളുടെ വര്‍ത്തമാനപിറുക്കലുകളാണ്.  തേന്‍തുള്ളി ഇറ്റ് വീഴുന്ന സ്നേഹറാകലുകളെ ഒളിപ്പിച്ച ഇന്‍ലന്‍റ്, കടലോളം വരുന്ന കണ്ണീരക്ഷരങ്ങളുടെ നീലക്കവര്‍, പുരക്കും ജീവിതത്തിനും ശൂഭനിറങ്ങള്‍ ചാര്‍ത്തുന്ന നിയമന ഉത്തരവുകള്‍, ന്‍റെ കുഞ്ഞിപ്പെങ്ങളേ നിനക്ക് ഫീസ് കൊടുക്കാനും അമ്മക്ക് മരുന്ന് വാങ്ങാനുമായ് അരവിന്ദ് അയക്കുന്നത് എന്ന കുറിപ്പ് വീണ മണിയാര്‍ഡര്‍ എന്ന ദീര്‍ഘചതുരം... എല്ലാം കാറ്റും തണുപ്പും കയറാതെ പൊതിഞ്ഞ് ഹൈറേഞ്ചിലെത്തിച്ചിരുന്ന ഏതോ ഒരു കാലത്തെക്കുറിച്ചുള്ള വീമ്പുപറച്ചിലുകളാണ്.

  സുവിശേഷമാസികകള്‍, യൂണിയന്‍കൈമുട്ടിന്‍റെ ചിത്രം ഇടിച്ചുകേറ്റിയിരിക്കുന്ന സര്‍വീസ് മാസികകള്‍,ജപ്തിക്കും ആത്മഹത്യക്കുമുള്ള നോട്ടീസുകള്‍ എന്നിവയിലേക്ക് നോക്കി മൌനത്തിലായിപ്പോകുന്ന നീണ്ട മണിക്കൂറുകളാണ് ഇപ്പഴിപ്പോള്‍ കൂടുതല്‍.

യോഹന്നാന്‍

ചിരിക്കുമ്പോള്‍ മാത്രമേ ചിരിക്കുന്നതായി യോഹന്നാന് തോന്നിയിരുന്നുള്ളൂ. എന്നാല്‍ ഞാന്‍ കാണുമ്പോഴെല്ലാം അയാള്‍ക്കൊരു ചിരിയുണ്ട്.

അന്ധനാണ്. പുറംകാഴ്ചയുടെ ഇന്ദ്രിയവുമായി ബന്ധപ്പെട്ട പേശികള്‍ എപ്പോഴും അമിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മുഖമൊരല്പം വലിഞ്ഞുമുറുകി ചിറികള്‍ ഇത്തിരി തുറന്ന് ചിരിച്ചങ്ങനെയിരിക്കുകയാണ്. അകംനന്മയും അകക്കാഴ്ചയും അധികംവരുന്നത് ആ ചിരിയിലൂടെ അറിയാതെ ലീക്കാകുന്നുമുണ്ട്.

പ്രശസ്തമായ പാലാ കോളജിന്‍റെ പിറകിലുള്ള C.R ഹോസ്റ്റല്‍ 17-ം നമ്പര്‍ മുറിയില്‍ കാഴ്ചയില്ലാത്ത മറ്റൊരാളോടൊപ്പമാണ് യോഹന്നാന്‍റെ താമസം. കോളജിന്‍റെയും ഹോസ്റ്റലിന്‍റെയും ഏതു ഭാഗത്തും ആരുടെയും സഹായമില്ലാതെ പോകും. ചവിട്ടുരീതിയുടെ പ്രത്യേകത കൊണ്ട് പരിചയക്കാരെ പെട്ടെന്ന് തിരിച്ചറിയും.

ഇതേ ഹോസ്റ്റലില്‍ 72-ലാണ് എന്‍റെ പുര. പുരേലൊഴിച്ച് ബാക്കിയെവിടെയും സ്വസ്ഥമായി ഞാനിരിക്കും. പുര ഞെളിപിരി കൊള്ളാനും ഉറങ്ങാനുമുള്ളതാണ്. ഏറ്റവും സന്തോഷത്തോടെ ഞാനിരിക്കാറുള്ള ഒരു മുറി യോഹന്നാന്‍റേതാണ്. അവിടെ എനിക്ക് ആത്മവിശ്വാസം കൂടും. എന്‍റെ ഭംഗിക്കുറവ്, മോശം വസ്ത്രങ്ങള്‍, മണ്ടന്‍ ചേഷ്ടകള്‍  ആരും കാണുന്നില്ല എന്നുറപ്പോയതിനാല്‍  പറന്നാണ് അവിടെ ചെന്നു കയറുന്നത്.

ഞാന്‍ ആ മുറിയില്‍ പോകുന്നത് വെറുതെയല്ല. വായനക്കാരനാണ് ഞാന്‍ അവിടെ. വായിച്ചുകൊടുത്താല്‍ അതേ സ്പീഡില്‍ ബ്റെയില്‍ ലിപിയിലേക്ക് കേള്‍ക്കുന്നതെല്ലാം യോഹന്നാന്‍ കുത്തിട്ട് കുത്തിട്ട് കേറ്റും. മറ്റ് വിദ്യാര്‍ത്ഥികളുടെ നോട്ട്സ് ആണ് ഇങ്ങനെ ചെയ്യുന്നത്. പാഠപുസ്പകങ്ങള്‍ അന്ന് ആ ലിപിയില്‍ കിട്ടാത്തതിനാല്‍ വായിച്ച് റെക്കാഡ് ചെയ്താലേ പുസ്തകം മനസ്സിലാക്കാന്‍ പറ്റൂ. ഇപ്പണിയും സന്തോഷമായിട്ട് ചെയ്തുകൊടുക്കും. ഈ മഹനീയപണിയായതിനാല്‍ തെണ്ടിക്കുറ്റത്തിന് വാര്‍ഡന് എന്നെ  പിടി കൂടുക നടപ്പില്ല.

മലയാളവും ഇംഗ്ളീഷുമൊക്കെ എന്‍റെയും സുഹൃത്തുക്കളുടെയും സ്വരത്തില്‍ അങ്ങനെ റെക്കോഡ് ചെയ്യപ്പെട്ടുകേറി. രാത്രികളില്‍  ഞാനില്ലാത്തപ്പോഴും എന്റെ സ്വരം അവിടെ ഉണ്ട്.

ആദ്യറെക്കോഡിംഗിന്‍റെ പിറ്റേന്ന് അസ്ഥികൂടം മാത്രമായ എന്‍റെ രണ്ട് തോളസ്ഥികളിലും പിടിച്ചകൊണ്ട് യോഹന്നാന്‍ പറഞ്ഞു. നല്ല സ്വരം. അര്‍ത്ഥം അറിഞ്ഞാണ് വായന. അതുകൊണ്ട് അര്‍ത്ഥം മനസിലാക്കാന്‍ എനിക്കും വളരെയെളുപ്പം. സ്പീഡും എനിക്ക് പറ്റിയതാണ്. ഇനിയും വരണം .സഹായിക്കണം.

ഓര്‍മ്മയിലെ ആദ്യത്തെ ലൈക്കും കമന്‍റും.  ഇന്നും മധുരം.

ആ മുറിയിലേക്ക് കാല്‍ എത്ര മാര്‍ജാരമായി വച്ചാലും കൃത്യമായി യോഹന്നാന്‍ വിളിക്കും, ജോസേ വാ.. ഒരിക്കല്‍ മെസ്സിലേക്ക് പോകുന്ന അയാളുടെ വഴിയില്‍ ഭിത്തിയോട് ചേര്‍ന്ന് അനങ്ങാതെ ഞാന്‍ നിന്ന് നോക്കി. വന്ന യോഹന്നാന്‍ നിന്നു, എന്‍റെ അടുത്ത് കൃത്യം. തോളിലാണ് പിടിച്ചത്. വാ കള്ളാ ഇന്ന് ഇഡ്ഡലിയാണ് എന്ന് ക്ഷണിച്ചു. ചെവി കൊണ്ടും മൂക്കു കൊണ്ടും യോഹന്നാന്‍ പിടികൂടും.

വെള്ളിയാഴ്ചകളില്‍ പാലാ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ഞങ്ങള്‍ യോഹന്നാനെ എത്തിക്കും. പള്ളിക്കത്തോടിനുള്ള സെന്‍റ് ജോസഫില്‍ കയറ്റി കണ്ടക്റ്റര്‍ക്ക് ഏല്പിച്ചുകൊടുത്ത് പോരും. ഇന്ന് യോഹന്നാന്‍ എവിടെയോ... നന്നായി പഠിക്കുന്ന അയാള്‍ നല്ല നിലയിലായിരിക്കണം.
ഇല്ല. ഞാന്‍ കഥകളേ ഓര്‍ക്കന്നുള്ളൂ. മുഖം ഓര്‍ക്കുമോ, ഉറപ്പില്ല. പക്ഷേ ഏതെങ്കിലും ഒരക്ഷാംശത്തില്‍ അടുത്തുവന്നാല്‍ യോഹന്നാന്‍ എന്‍റെ കോളറില്‍ പിടിക്കുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഉണ്ട് എനിക്ക് മണം ഇപ്പോഴും .

Friday, 15 November 2013

എഴുതാം, കുനിഞ്ഞിരുന്നെഴുതാം




അവനാകട്ടെ , കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.

ആരുടെയും തെറ്റിലേക്ക് കണ്ണ് മുഴപ്പിച്ചില്ല.

ആരുടെയും വ്രണിതമനസ്സിലേക്ക് കര്‍ക്കശവിരലുകള്‍ ചൂണ്ടാതെ

 അതിലൊരു വിരലാല്‍ എഴുതിക്കൊണ്ടേയിരുന്നു.





എഴുതാം പൊന്നേ... നമുക്കും എഴുതിക്കൊണ്ടിരിക്കാം

കുനിഞ്ഞെഴുത്തിന് ഏകാഗ്രത കൂടും.
കുനിഞ്ഞെഴുത്തുകാരന്‍റെ ശരീരഭാഷ നോക്കൂ.. ഉള്ളിലേക്കാണ് ആയം.

 ചുറ്റുപാടുകളല്ല, അവനെത്തന്നെയാണ് എഴുതുന്നത്. 

എന്നാലോ ക-യില്‍ ആരംഭിക്കുന്ന കരുണകളാണ് അവന്‍ എഴുതുന്നതൊക്കെയും.




കുനിഞ്ഞെഴുതുന്നവന് വായിക്കുന്ന കണ്ണുകളെയും

 പ്രതികരണങ്ങളെയും നോക്കേണ്ടതില്ല.



 അവയൊന്നും അവന്‍റെ അക്ഷരങ്ങളെ തെറ്റിക്കുന്നുമില്ല.