Tuesday, 7 January 2014

നക്ഷത്രകാര്യലയം..Office Of The Director Of Stars



ആകാശം ഡയറക്ടര്‍ ഇന്ന് ഒരു സ്റ്റാഫ് മീറ്റിംഗ് വിളിച്ചു. സര്‍വ്വ കുരുത്തംകെട്ടോന്മാര്‍ക്കും ആവശ്യത്തിന് കിട്ടിയിട്ടുണ്ട്. നക്ഷത്രക്കണ്ണന്മാരും അവരുടെ വഷളന്‍ സൂപ്രണ്ടും കുറച്ചായിട്ട് നല്ല ഒഴപ്പായിരുന്നു താനും.

അച്ചടക്കം, കൃത്യനിഷ്ഠ, കൃത്യത... ആകാശത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്. തോന്നുമ്പോള്‍ എഴുന്നേറ്റ് സഞ്ചാരം തുടങ്ങിയാല്‍ ആകാശത്ത് എന്തു സംഭവിക്കും സൂപ്രണ്ടേ... ഇയാളോട് ചോദിച്ച എന്നെ വേണം...
തകരും... ഇടിച്ചുതകരും മൊത്തം. മനസിലായോ.. സൂര്യനെ കണ്ടുപഠിക്ക്. മഴയാകാം, മഞ്ഞാകാം, കാറ്റാകാം വെയിലാകാം,വെള്ളിയാഴ്ചയാകാം, രാഹുകാലമാകാം, അദ്ദേഹം മുടങ്ങാറില്ല, സമയം തെറ്റാറുമില്ല.

നിങ്ങള്‍ക്ക് മഴയുള്ളപ്പോള്‍ , മഴക്കാറുള്ളപ്പോള്‍, കാറ്റുള്ളപ്പോള്‍ ഒക്കെ അവധി തന്നിരിക്കുകയാണെന്ന് മറക്കരുത്. തന്നവന് എടുക്കാനുമറിയാം.
പകല്‍ മുഴുവന്‍ സൂര്യന്‍ ഒറ്റക്ക് ഭൂമിയിലേക്ക് വെട്ടം വിടുന്നുണ്ട്. നിങ്ങള്‍ കോടാലിക്കോടി എണ്ണങ്ങളെല്ലാം കൂടെ രാത്രിയിലെ കാര്യം നോക്കിയിട്ട് പകുതി ദിവസം... എടോ സൂപ്രണ്ടേ.... തന്നെ പല ദിവസവും ആഫീസില്‍ കാണുന്നില്ലല്ലോ... മോന്തായം വളഞ്ഞാല്‍ ഇത്രേ വരാനുള്ളൂ... മോന്തായത്തിന് വെളിവില്ലേലത്തെ കാര്യം അതിലേറെ കഷ്ടമാ. ഒന്നുകൂടെ നോക്കിയിട്ട് രക്ഷയില്ലേല്‍ എല്ലാത്തിനേം കൂടെ തൂത്ത്കൂട്ടി വാരി വല്ല മണ്ണ് ഫില്ലിംങ് കുഴിയിലും മൂടും.

എല്ലാത്തിനും കാരണം ആ വയസന്‍ അമ്പിളിസൂപ്രണ്ടാണ്. മൂന്ന് ദിവസം വൃത്തിയായി ആഫീസില്‍ വന്നാല്‍ പിന്നെ വൃത്തിയും നിഷ്ഠയും വെട്ടവും ഉന്മേഷവുമൊക്കെ സര്‍ക്കാര് കാര്യം പോലെ തന്നെ. കുറേ നാളത്തേക്ക് കാണാതെയും പോകും. കുടുംബപ്രശ്നങ്ങളായിരിക്കും. നന്നായിട്ട് ചെലുത്തുമെന്നും കേള്‍ക്കുന്നു. ചില ദിവസങ്ങളില്‍ പട്ടാപ്പകല്‍ ഓഫായി മങ്ങി ആകാശക്കോണില്‍ കിടക്കുന്നത് ആഫീസ് പെണ്ണുങ്ങളുടെ കെട്ടിയോന്മാര്‍ കണ്ടിട്ടുണ്ടത്രേ.

ഇന്നത്തെ മീറ്റിംഗിന് അമ്പിളിസൂപ്രണ്ടിനെ ഏതോ ഷാപ്പീന്ന് ചെവിക്ക് പിടിച്ചിറക്കി കൊണ്ടുവരികയായിരുന്നു പോലും. റിട്ടയറാകാറായി. അയാളിനി നന്നാകൂന്ന് എത്സമ്മ ഹെഡ് കരുതുന്നില്ല.

നന്നായിട്ട് കിട്ടിയെന്ന് ഓരോന്നിന്‍റെ മുഖത്ത് നോക്കിയാലറിയാം. നക്ഷത്രമ്മകള്‍ക്ക് ഇന്ന് അനക്കമേയില്ല. കണ്ണുതെറ്റിയാല്‍ ചിമ്മ്ണ ചിമ്മ്ണ പരിപാടിയുമില്ല. അമ്മാവന്‍ സുപ്രന്‍ ഇളിഞ്ചന്‍ കിറിയുമായി പടിഞ്ഞാറാകാശം ചേര്‍ന്ന് നില്പുണ്ട്. പണി , മങ്ങിയ ചിരി മാത്രം.

വിശ്വാസം വന്നില്ലേ.... വീടിന് പുറത്തേക്കിറങ്ങി ആകാശത്തോട്ട് നോക്കിക്കേ.. കപ്യാരുടെ കൊന്നത്തെങ്ങിന്‍റെ നേര്‍മുകളില്‍ പൊട്ടുതുളാപ്പന്‍. ഒരു മൂന്നേകാല്‍ കോല് തെക്ക് മാറി മുഴക്കോല്‍ മുക്കണ്ണന്മാര്‍. ചേര്‍ന്ന് അഞ്ചുകുഞ്ഞും തള്ളയും. എല്ലാം അച്ചടക്കത്തില്‍.

കുരുത്തംകെട്ട റോസ്മരിയ ടൈപ്പിസ്റ്റ് ഇന്ന് ലീവായിരുന്നു. അല്ലെങ്കില്‍ തീര്‍ച്ചയായും പറഞ്ഞേനെ.....

കുറെ നാളായിട്ട് ഭൂമി നിറയെ നക്ഷത്രങ്ങളാ, അതങ്ങോട്ട് അഴിച്ചുമാറ്റിയിട്ട് പോരേന്ന് ഞങ്ങളു വിചാരിച്ചു ഷാറേ...

Wednesday, 1 January 2014

ജഠരേ ശയനം

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വീണ്ടുമൊരു കിടപ്പ്. അവിടെ മാത്രമല്ല, പലയിടങ്ങളിലും രണ്ടാമതൊന്നു പോയി ഉറങ്ങാന്‍ തോന്നുക സ്വാഭാവികം.

തോന്നണം മനുഷ്യര്‍ക്ക്. പരിചയിച്ച ഇടങ്ങള്‍, സ്നേഹിച്ച ഹൃദയങ്ങള്‍, ചില നാട്ടുവഴികള്‍... അവിടേക്കെല്ലാം ഒരു പിന്‍വിളി കാന്‍സര്‍ കയറാത്ത മനസ്സുകളുടെ ലക്ഷണമാണ്.

വിറ്റൊഴിഞ്ഞുപോയി കൊല്ലം മുപ്പത്തഞ്ചു കഴിഞ്ഞാലും മലമുകളിലെ ആ വീട്ടിലേക്ക് ഒരു നടത്തം കൊതിക്കാത്തവര്‍ ആരുണ്ട്? അന്ന് ഇളയിരുപ്പിരുന്ന ഓരോ മരച്ചുവട്ടിലും, മനുഷ്യമുഖത്തെയെന്നപോലെ നിങ്ങളോര്‍ത്തെടുക്കുന്ന രൂപമുള്ള ചില കല്ലുകളിലും കൃത്യമായി ദാഹം വന്നിരുന്ന തോട്ടിറമ്പിലും ഇരുന്ന് വിശ്രമിച്ച്....

ഇന്നിപ്പോള്‍ റോഡ് വെട്ടിയിട്ടുണ്ട്. ചില കടുംക്രിയകളിലൂടെ നിങ്ങളുടെ ബൊലേറോ അവിടെ കയറുകയും ചെയ്യും. ഷുഗറുണ്ട് , സമ്മര്‍ദ്ദമുണ്ട്, ശ്വാസകോശഭക്ഷണമായ ഇന്‍ഹേലര്‍ പോക്കറ്റിലുണ്ടെന്നൊക്കെ പറയാന്‍ സമയം തരാതെ ദേ .. പോയല്ലോ നിങ്ങളുടെ സുപ്രധാന അവയവങ്ങളായ ചങ്കും മനസ്സും മുന്നോട്ട്. വെയില്‍കൊള്ളിച്ച്, വിയര്‍പ്പിച്ച് കിതപ്പിച്ച് , നിങ്ങളെ മുകളിലെത്തിക്കും. ഇരുമൂലകളുകളുടെയും കല്‍ക്കെട്ടിടിഞ്ഞ മുറ്റത്തും, ഉണങ്ങിദ്രവിച്ച് തീര്‍ന്നിട്ടും നിങ്ങളുടെ വരവിനായി ഉള്ളിലെ മരിക്കാത്ത വേരില്‍നിന്നൊരു മുള വളര്‍ത്തിനില്ക്കുന്ന പേരമരച്ചുവട്ടിലും, വള്ളിയാംതടത്തില്‍ നിന്ന് കൊണ്ടുവന്നു നട്ട ചെത്തിയുടെ കുഴിമാടത്തിലും അങ്ങനെ നില്ക്കുമ്പോള്‍  നിങ്ങള്‍ ഞെട്ടുന്നു. സെല്‍ഫോണ്‍ ശബ്ദിച്ചതാണ്. ഇതിനുമുമ്പൊരിക്കലും ഫോണ്‍ബെല്ല് കേട്ട് ഞെട്ടിയിട്ടില്ല നിങ്ങള്‍.

ജീവിതത്തിന്‍റെ വിധിക്കുഴികളില്‍ മുങ്ങി ഒരുപാട് ദൂരെയെവിടെയെങ്കിലും പൊങ്ങി അവിടെ ജീവിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഈ ഗര്‍ഭപാത്രയാത്രയുടെ പൂതികള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ശക്തമായിരിക്കും.

പുറമേ തന്‍റേടിയായ ഒരു ഇളാമ്മ എന്‍റെ ചെറുപ്പകാലത്ത് ഇങ്ങനെ വീട്ടില്‍ വന്ന് ഒരുമാസമൊക്കെ താമസിക്കുമായിരുന്നു. വല്യമ്മയുടെ ബന്ധുവാണെന്നല്ലാതെ എലിക്കുളത്താണോ, പേരാവൂരാണോ താമസമെന്നൊന്നും എനിക്കറിയില്ല. ഒരു പ്രായത്തില്‍ കെട്ടിച്ചുവിട്ടതാണെന്നും ഇപ്പോള്‍ കെട്ടിയോനില്ലെന്നും അത് മിക്കവാറും ഇളാമ്മയുടെ നാക്കിന്‍റെയോ , കൈയുടെയോ അടി കൊണ്ട് ഇല്ലായ്മ പെട്ടതാണെന്നും ഞാന്‍ ഊഹിച്ചുപോയിട്ടുണ്ട്. എന്തായാലും രാത്രിയില്‍ ചൂണ്ടയിടാന്‍ പോകും, കള്ള് എത്ര വേണമെങ്കിലും കുടിക്കും, മോനേ....ന്ന് അവസാനിക്കുന്ന വാക്കുകളുടെ അറ്റത്ത് തീ കൊളുത്തും.

എങ്കിലും, എങ്കിലും ആ മനസ്സില്‍ കാന്‍സറിന് കയറിക്കൂടാന്‍ പറ്റാഞ്ഞതിനാല്‍ എലിക്കുളങ്ങളും പെരിങ്ങുളങ്ങളും ഇടക്കരകളും ഒക്കെയുള്ള വീട്ടിലേക്കുള്ള വഴിയിലൂടെ ആണ്ടിലൊരിക്കല്‍ ഇളാമ്മ വരും. മുഴുവന്‍ സമയവും ഭയങ്കര കത്തികളെറിയും, ചക്ക വെട്ടിപ്പെറുക്കുന്ന സമയത്ത് സൂപ്പര്‍ ഏറുകള്‍ വീഴും.

ചക്കക്കാലത്തെ ഈ ഇളാമ്മക്കഥകള്‍ കേട്ടുകേട്ടാണ് കണ്ണടച്ചിരുന്നും കാഴ്ചകള്‍ കാണാന്‍ ഞാന്‍ പഠിച്ചത്. കുറ്റാക്കുറ്റിരുട്ടത്ത് ഒരു ചൂണ്ടയും അഞ്ച് ബാറ്ററി ടോര്‍ച്ചുമായി ഇളാമ്മ ആറ്റിലേക്ക് പോകുന്നു. ആനവലിപ്പമുള്ള കല്ലുകള്‍ക്കിടയിലെ ഒരു ചെറുകല്ലിലിരുന്ന് ബ്ളൂം എന്ന് ചൂണ്ടയിടുന്നു. പേരാവൂരിന്‍റെ ആകാശം മുഴുവന്‍ ഇരുണ്ടുകിടക്കുന്ന ആ രാത്രിയില്‍ വന്നുപെട്ടേക്കാവുന്ന ഏതൊരാപത്തിനെയും തടുക്കാന്‍ നാവില്‍ മിസൈലുകള്‍ കരുതിവയ്ക്കുന്നു.

ഈ ഇളാമ്മ വീട്ടില്‍നിന്ന് തിരിച്ചുപോകുമ്പോള്‍ അടുത്ത ഇളയിരിപ്പുസ്ഥലത്തേക്കുള്ള വണ്ടിക്കൂലി എന്‍റെ അപ്പന്‍ കൊടുക്കണം. അപ്പനാണെങ്കില്‍ കൈവിരലുകള്‍ക്കിടയില്‍ വലിയ ഓട്ടയുള്ളതിനാല്‍ കൈക്കാശ് എപ്പോഴും കാണുകയുമില്ല. കാശ് കൊടുത്തപ്പോഴത്തെ മുഖഭാവം പഠിച്ചിട്ടോ, അതോ പോയ വഴിയില്‍ മരണപ്പെട്ടിട്ടോ എന്തോ ഹൈസ്കൂള്‍ കാലത്തിനുശേഷം ഈ ഇളാമ്മ വന്നിട്ടില്ല.

ഹേയ്... അപ്പനോടുള്ള അതൃപ്തിയാണെങ്കില്‍ അതപ്പത്തന്നെ പറഞ്ഞേനെ. നിന്‍റവളുടെ അമ്മായപ്പന്‍റേന്ന് വാങ്ങുമെടാ ഞാന്‍ കാശ്.....

( ഇങ്ങനെയും അപ്പന് വിളിക്കാം, പഠിച്ചോളൂ...)

Friday, 6 December 2013

നക്ഷത്രമായ ഇടയന്‍



വ്യാകുലങ്ങളുടെ അമ്മ അപ്പോള്‍ അടിവയറ്റില്‍ കൈ രണ്ടും താങ്ങി, തീക്കളമായിപ്പോയ മിഴികളെ രണ്ടിറ്റ് കണ്ണീരു കൊണ്ട് കെടുത്തി , പാതയോരത്തെ പുല്ലിലേക്ക് വശം കുത്തി ഇരുന്നു.

ജോസഫ് , ജോസഫ് എന്നിങ്ങനെ തൊണ്ടയില്‍ വാക്കുകള്‍ തികട്ടി വന്നു. വേണ്ട, അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ട, അബ്രാഹമിന്‍റെയും ഇസഹാക്കിന്‍റെയും വെട്ടം എനിക്കും തുണ എന്നൊരു ചിന്തയെ പറഞ്ഞുവിട്ട് തൊണ്ടയെ അവള്‍ നിശബ്ദമാക്കി.

പഴംതുണിക്കെട്ടുകള്‍ക്കും,  അതു ചുമക്കുന്ന ഊശാംതാടിക്കാരനും , കൂടെയുള്ള പൂര്‍ണ്ണവയറിനും സത്രത്തില്‍ ഇടം കിട്ടാതെ പോയി. അക്കാലത്ത് അഗസ്റ്റസ് സീസറിന്‍റെ കാലം തൊട്ടേ വാതിലുകള്‍ക്ക് അകമേ നിന്ന്  ഓടാമ്പലുകള്‍ പണിതുവച്ചിരുന്നു.

മുട്ടി നീരു വച്ച മൂന്നാം വിരലിനെക്കാള്‍, കൊട്ടിയടയുന്ന വാതിലുകളുടെ പുച്ഛമാണ് അയാളെ കൂടുതല്‍ വേദനിപ്പിച്ചത്. അല്ല... പുരുഷനേയല്ല ഞാന്‍... എന്ന് ജോസഫ് ഉറപ്പിച്ചു. ഒരു തീപ്പൊരിയുടെ ഊര്‍ജ്ജം പോലും ഇനി ബാക്കിയില്ല എന്നുറപ്പിക്കുമ്പോഴും അവള്‍ ഒന്നുമേ പറയുന്നില്ലല്ലോ എന്നും കണ്ണുകളില്‍ മറിയം തനിക്കെതിരായി ഒന്നും എഴുതിയിട്ടില്ലല്ലോ എന്നും അവന്‍ അത്ഭുതപ്പെട്ടു.

വീണുപോയവളുടെ മുഖത്തേക്ക് തോല്‍ക്കുടത്തില്‍ നിന്ന് വെള്ളം തളിക്കുമ്പോഴാണ് ആദ്യം ആടുകളും പിറകെ ഇടയനായി അയാളും വന്നത്.



ഇടയന് ഒരു രാജ്യത്തും കണക്കുകള്‍ ചേര്‍ക്കേണ്ടതില്ലായിരുന്നു. തിരക്ക് തീരെയില്ലായിരുന്നു. ആടുകളുടെ കണ്ണുകള്‍ പോലെ തന്നെ ആകാശത്തോളം തുറന്നുകിടന്നിരുന്നു, ഇടയന്‍റെ മനസും അയാളുടെ തൊഴുത്തുകളും.

വരിക എന്ന് പറഞ്ഞപ്പോള്‍ അവന്‍റെ വായില്‍ നിന്ന് ചൂടുനീരാവി പറന്നു. ഇളംചൂടു പാല്‍ കറന്ന് കൈപകര്‍ന്നപ്പോള്‍ കൂടെ ഓരോ പുഞ്ചിരിയും അവന്‍ ചേര്‍ത്തു. ഇരുവരും ചേര്‍ന്ന് താങ്ങിയെടുത്ത്,  അകലെ നിന്ന് കണ്ടാല്‍ പൂര്‍വപിതാക്കന്മാരുടെ രൂപങ്ങളെന്ന് തോന്നിപ്പിക്കുന്ന ചില പാറകള്‍ക്കിടയിലൂടെ അവര്‍ മറിയത്തെയും കൊണ്ട് അവന്‍റെ തൊഴുത്തിലേക്ക് നടന്നു. ആടുകള്‍ പിറകെ മേഞ്ഞ് വന്നുകൊണ്ടിരുന്നു.

അവന്‍റെ ആട്ടിന്‍പറ്റങ്ങള്‍ക്ക് കണക്കില്ലായിരുന്നു. പ്രീതമായത് മാത്രം ചെയ്യുന്ന അവനെ അനുഗ്രഹിച്ച് അനുഗ്രഹിച്ച് യഹോവയുടെ കൈകള്‍ തളര്‍ന്നു തുടങ്ങിയെന്നുതന്നെ പറയാം.ബസ്ലഹത്തിന്‍റെ കിഴക്കേ ചെരുവിലെ പുല്‍സമൃദ്ധിയില്‍ നൂറ് സങ്കേതങ്ങളിലായി അവന് അയ്യായിരത്തിലധികം ആടുകളുണ്ട്. അവയെ ഒക്കെ പോറ്റാന്‍ അവന് കീഴില്‍ കുറെ ഇടയകുടുംബങ്ങളുണ്ട്. അവന്‍റെ ബന്ധുക്കളാണധികവും.

അപ്പോള്‍ രാവിറങ്ങിത്തുടങ്ങി. താന്‍ തന്നെ കൂട്ടിയാല്‍ കൂടില്ല എന്ന് ശലേമോന് തോന്നിത്തുടങ്ങി. കിഴക്കേ ചെരുവിലേക്ക് ഇറങ്ങിനിന്ന് ഉറക്കെയൊന്ന് കൂവിയാല്‍ മിര്‍ഖാസും മക്കളും കേള്‍ക്കാനിടയുണ്ട്. തോലങ്കി പുതച്ച്, തലയില്‍ തൊപ്പിയിറക്കിവച്ച്, വടിയെടുക്കാനാഞ്ഞപ്പോഴാണ് അകത്തുനിന്ന് ഒരു ഞരക്കവും ജോസഫ് എന്ന് അമര്‍ത്തിയ വിലാപവും പുറത്ത് വന്നത്. ഏറെ നേരം കാതോര്‍ത്തിട്ടും കേള്‍ക്കേണ്ടതായ സ്വരം മാത്രം കേള്‍ക്കാഞ്ഞ് ആയിരം കുഞ്ഞാടുകളുടെ പ്രസവം താങ്ങിയ ശലേമോന്‍ മനസ്സുറച്ച് ചാക്കുമറ നീക്കി ഉള്ളിലേക്ക് കടന്നു.

മുറിയില്‍ വെളിച്ചം പിറന്നിരുന്നു. അവിടെ ചെറിയവന്‍ കിടക്കുന്നു, നിശബ്ദം. വലതുകാല്‍മുട്ടില്‍ കൈകള്‍ ചേര്‍ത്ത് കടലുകളെ ശാന്തമാക്കുന്നത്ര ശ്രമപ്പെട്ടതെന്തോ ചെയ്യുന്നവനെപ്പോലെ ജോസഫ് കുനിഞ്ഞിരുപ്പുണ്ട്. അയാളുടെ ഭാര്യ.... അവള്‍ കിടക്കുകയാണ്, ബലിക്കല്ലിലേക്ക് ചോര വീഴ്ത്തിയ ബലിമൃഗത്തെപ്പോലെ വിളറിയും ഞരങ്ങിയും. അടുത്തു ചെന്ന് അയാള്‍ ജോസഫിന്‍റെ തോളില്‍ സ്പര്‍ശിച്ചു. അനക്കമില്ല. തല കുലുക്കിയെങ്കിലും വീണ്ടും ആ തല കുനിഞ്ഞുവീണു.

ശലേമോന് പേടിയായി. ഒരു തുണ , അത് തീര്‍ച്ചയായും ഇപ്പോള്‍ തന്നെ വേണം. തനിക്കുതന്നെയാവില്ല. ഗോത്രങ്ങളുടെ പിതാക്കളെ മനസ്സില്‍ വിളിച്ച് അയാള്‍ ഇരുളിലേക്ക്  ഇറങ്ങിയോടി. പലതും വേണം. വെളിച്ചം, ഭക്ഷണം, പാല്‍, തുണികള്‍,അതിനെല്ലാം മുമ്പൊരു പെണ്‍തുണ വേണം. ആ അമ്മയുടെ കിടപ്പ്.. അതയാളെ വീണ്ടും ഭയചകിതനാക്കി. തട്ടിവീണും, മുറിവേറ്റും, മരങ്ങളില്‍ നെഞ്ഞടിച്ചും ഭ്രാന്തനായി ഓടിക്കൊണ്ടിരിക്കെ അയാള്‍ക്ക് പെട്ടെന്ന് തോന്നി. വഴിയിലാകെ ഒരു വെളിച്ചമുണ്ട് എന്ന്.

കൂരിരുളിലും അയാള്‍ കാണുന്നു, പോകും വഴിയിലെ നനഞ്ഞ പൂഴിമണ്ണ്, കല്ലുകള്‍ , വഴിക്കരയിലെ പുല്ല്, വലിയ മരങ്ങള്‍, എല്ലാം കാണാം. ഒരു വെളിച്ചം അയാളുടെ കൂടെയുണ്ട്. അതിന്‍റെ പ്രഹേളികയില്‍ അയാളില്‍ നിന്ന് ചിന്തകള്‍ പഞ്ഞിയുടുപ്പിട്ട് പറന്നുപോയി. യുക്തിയും ശക്തിയും ഇല്ലാത്ത ഒരു പൈതലിനെപ്പോലെ മലഞ്ചെരിവിലെ മിര്‍ഖാസിന്‍റെ വീട്ടില്‍ അയാള്‍ ചെന്നു കയറി.

വീട്ടിലൊരു ഉണ്ണി പിറന്നു. നിങ്ങളെല്ലാവരും വന്ന് കാണുക. നമുക്കൊരു പിറവിപ്പാട്ട് പാടണം. അത്രയും പറഞ്ഞപ്പോഴേക്കും കൈയിലൊരു വിളക്കുമായി മിര്‍ഖാസിന്‍റെ ഭാര്യ ഇറങ്ങിവന്നു. ആ പ്രകാശത്തില്‍ ശലേമോന്‍റെ തൊപ്പിയിലും വസ്ത്രത്തിലും പറ്റിച്ചേര്‍ന്നിരുന്ന മഞ്ഞുതുള്ളികളും അയാളുടെ നെറ്റിത്തടത്തില്‍ ആ ബസ്ലഹം മഞ്ഞിലും പൊടിഞ്ഞ വിയര്‍പ്പുതുള്ളികളും നക്ഷത്രങ്ങളായി. 


Monday, 2 December 2013

നനവ്

നീണ്ടുനിവര്‍ന്നു കിടന്ന ഒരു മല നീണ്ടുനിവര്‍ന്നു കിടന്ന മറ്റൊരു മലയോട് ചേരുന്ന അതീവഗോപ്യമാം ഇടം. അവിടെ കുറെ കാട്ടുപനകള്‍ വളര്‍ന്നുനിന്നിരുന്നു. കാടിന്‍റെ അഹങ്കാരത്തോളം വലിയ ഒരു കരിമ്പാറയുടെ കടക്കല്‍ ഭൂമി പിച്ച നടന്ന അന്നേ ഒരു നനവുണ്ടായിരുന്നു.

അവിടെ നിന്നാണ് അരുംപൈതലിന്‍റെ പിഞ്ചുഭാവമുള്ള ഒന്നാംതുള്ളി ഉരുണ്ടുകൂടിയത്. വീണുകിടന്ന കാട്ടിലകളുടെ അടിയില്‍നിന്ന് കുഞ്ഞുമുഖം നീട്ടി അവന്‍ ഭൂമിയെ നോക്കി. നോക്കിനോക്കിനില്ക്കെ അവന്‍ താഴേക്ക് വീണുപോയി. ആ വീഴ്ച കണ്ട് പിറകേ വന്ന രണ്ടാംതുള്ളിക്ക് തലചുറ്റാന്‍ പോലും നേരം കിട്ടാതെ വീഴാനേ സാധിച്ചുള്ളു. പിന്നെ വന്നത് അനുസ്യൂതമായ വീഴ്ചകളും ഗ്ല ഗ്ല എന്ന ഒഴുക്കുമാണ്.




അതിലും നിര്‍മലമായ ഒരു വസ്തു ഭൂമിയില്‍ അപ്പോള്‍ വേറെ ഉണ്ടായിരുന്നില്ല. പക്ഷങ്ങളിലെ അഴുക്ക് ഒഴുക്കിക്കളയാന്‍ പക്ഷികളും മേനി തണുപ്പിക്കാന്‍ മൃഗങ്ങളും അവിടേക്ക് വന്നു. എല്ലാ തിന്മകളും വാങ്ങി വരവ് വച്ച് പുഴ ഒഴുകി മുന്നേറി.

എല്ലാ വിദ്യാലയങ്ങള്‍ക്കും സമീപേ പുഴ ശാന്തമായി നിന്നു. കൂട്ടമായി പൊതിച്ചോറുണ്ണാന്‍ വന്ന കിടാങ്ങളില്‍നിന്ന് പുതിയ പൊട്ടിച്ചിരികള്‍ പഠിച്ച് പുഴ പിന്നെയും ഒഴുകി.

ഒഴുകുക പുഴ നീ  കാലാന്ത്യത്തോളം. നാളെ വിവാഹിതനാവുന്ന എന്‍റെ മകന് പിറക്കും മകനുടെ പേരായിരം പേരമക്കളുടെ പള്ളിക്കൂടപ്പിന്‍വാതില്‍ ചേര്‍ന്ന് പുതിയ പൊട്ടിച്ചിരികള്‍ പഠിച്ച് .....




ഒഴുകുക എന്നതിലും വലിയ കഥയില്ല പുഴയേ...

അത്രയും ഒഴുക്കുള്ള കവിതയുമില്ല സഖേ..

Saturday, 30 November 2013

നാടിന്‍റെ മകന്‍

ജോലി ചെയ്തിരുന്ന ആഫീസിനു പിറകിലെ ആളനക്കം കുറഞ്ഞ തിണ്ണയില്‍ അവരഞ്ചുപേരെ പെറ്റിട്ടിരുന്നു. കണ്ണ് തുറന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരാണ്‍കുഞ്ഞിനെ പൊക്കി വീട്ടില്‍ കൊണ്ടുവന്നു. അന്നത്തെ രാത്രിയുടെ പേര് പട്ടിരാത്രി എന്നാണ്. നാടിന്‍റെ മകന്‍റെ ആഗമനവിവരം നാടു മുഴുവന്‍ തുളഞ്ഞുകീറിച്ചെന്നു. എന്‍റെ ചെവികളിരണ്ടും പട്ടിയും ഭാര്യയും കൂടെ കുത്തിക്കീറി.



ഉച്ചക്ക് മറ്റാരുമില്ലാത്തതിനാല്‍ ഞാന്‍ തന്നെ വന്ന് ഭക്ഷണം കൊടുത്തു. സന്ധ്യക്ക് അടുത്തിരുത്തിയും ഭാര്യ കാണാതെ മടിയിലുറക്കിയും വളര്‍ത്തി പട്ടിയാക്കി കുരപ്പിച്ചു. ഒന്നാം കുര ഒരു കോഴിയോടായിരുന്നു. ആരെന്തു പറഞ്ഞാലും വേണ്ടില്ല, ആഗസ്റ്റ് 15-ല്‍ ഒട്ടും കുറയാത്ത ഒരു സംഭവമായിരുന്നു എനിക്കാ കുര.

പേപ്പട്ടിവിഷബാധയുടെ വാക്സിനെടുത്തുകഴിഞ്ഞപ്പോള്‍ അവന് ഐ.ഡി കാര്‍ഡ് കിട്ടി. പേര് N.D അഥവാ നാടന്‍ ഡോഗ്.ജനനം ഫെബ്രു.2013.

തീവ്രസ്നേഹം കൊണ്ട് ഭാര്യയെപ്പോലും കൈയിലെടുത്ത ആ വാലാട്ടി ഈ പട്ടിമാസത്തില്‍ നിര്‍ദയം വീടുവിട്ടുപോയി. ഞാന്‍ വൈകുന്നേരങ്ങളില്‍ , രാവിലെകളില്‍ പട്ടിയെപ്പോലെ അന്വേഷിച്ച് നടന്നു, ആ നാടിന്‍റെ മകനെ.

ഇന്ന് തിരികെ ലഭിച്ചു. ഒരു സ്ഥലത്ത് ചെന്ന് കൂട്ടിവരികയായിരുന്നു. ചെവിക്കുതാഴെ ഒരു നല്ല മുറിവ് പഴുത്ത് കുഴിഞ്ഞത്, ദേഹത്ത് പലദേശങ്ങളില്‍ നാടിന്‍റെ മറ്റ് മക്കളുടെ വിളയാട്ടമുദ്രകള്‍.

ചോറ്, പാല്, ബിസ്കറ്റ്, ഹൈഡ്രജന്‍ പെറോക്സൈഡ് ലായനി, ബെറ്റാഡിന്‍ ഓയിന്‍റ്മെന്‍റ്, cetradoxil 250mg ആന്‍റിബയോട്ടിക് എന്നിവയുടെ അകമ്പടിയോടെ ഞങ്ങള്‍ ഇന്ന് വീണ്ടും വിവാഹിതരായി. അഭേദ്യവും ലോകപ്രശസ്തവുമായ യജമാനസ്നേഹം തുടരുന്നതാണ് അടുത്ത കൊല്ലത്തെ പട്ടിമാസം വരെ ഏതായാലും.
Like 

Thursday, 28 November 2013

കല്‍പനകള്‍ ലംഘിച്ചവന്‍

ദിനമാറും  ഒരു തോര്‍ത്തുടുത്ത് സഹ്യപര്‍വതം കൊത്തിക്കിളയ്ക്കും, കുഴിച്ചുവയ്ക്കും, മുളപ്പിക്കും. ഏഴാംദിനം ഞായറാഴ്ച മുണ്ടുടുത്ത് മുകളറ്റത്ത് ഊരിമാറ്റാവുന്ന ബക്കിള്‍സുള്ള ഷര്‍ട്ടിട്ട് പള്ളിയില്‍പോകും, ഒരു സുറിയാനികുര്‍ബാനയുടെ മുമ്പില്‍ ഭയപ്പെട്ടുനില്ക്കും, കുര്‍ബാന കഴിഞ്ഞിറങ്ങുന്ന അച്ചന് സ്തുതി ചൊല്ലി തിരിച്ചും പോരും.

തിരിച്ച് വരുന്ന വഴി തെറി പറയരുത് എന്ന ആദ്യകല്‍പന ഇപ്രകാരം ലംഘിക്കും. വട്ടക്കുന്നന്‍റെ ഇറച്ചിക്കടേന്ന് രണ്ടു റാത്തല്‍ കാളേനെ പശള തീരെയില്ലാതെ വാങ്ങിക്കുന്നു. തേക്കെലേല്‍ പൊതിഞ്ഞ് കുടപ്പനക്കൈയിന്‍റെ നാര് കൊണ്ട് ഭേഷായിട്ട് കെട്ടി കൈയിലോട്ട് കൊടുക്കുന്നേരം, നാല് എട്ടണാത്തുട്ട് തട്ടേലോട്ട് ഇട്ടേച്ച് ചുമ്മാ അങ്ങ് പറയും ... ഊമ്പിയ (തെറിയാണേ) കെട്ടാണോടാ കെട്ടിയേക്ക്ണത്. ഇതും തൂക്കിപിടിച്ച് മൈലൊന്ന് നടക്കാനുള്ളതാ. വീട്ടിച്ചെന്നിട്ടുവേണം ഇതൊന്നനത്താന്‍....

അപ്പോള്‍ വേഷം മുണ്ടാണ്, ഊരിമാറ്റാവുന്ന ബക്കിള്‍സുള്ള ഷര്‍ട്ടാണ്. വീട്ടിലെത്തി ഇറച്ചി ഏല്പിച്ച് കഴിഞ്ഞാല്‍ വേഷം അപ്പാടെ മാറുന്നു. അരക്കുതാഴെ ചുട്ടിത്തോര്‍ത്ത് , മോളില്‍ വെന്തിങ്ങ, മണ്ടയ്ക്ക് പാളത്തൊപ്പി. പിന്നെ പ്രമാണം മനപൂര്‍വം ലംഘിക്കാന്‍ വേണ്ടി പുറത്തേക്കിറങ്ങുകയായി. ചുറ്റിനടക്കും. കപ്പ നട്ടിടത്ത് എലിശല്യം ഉണ്ടോ, കാച്ചിലിന്‍റെ മടിയന്‍ വള്ളികള്‍ മുകളിലേക്ക് കയറാതെ വളഞ്ഞ് കിടപ്പുണ്ടോ, എന്നൊക്കെ പരിശോധിക്കും. വീണുകിടക്കുന്ന കശുവണ്ടി കണ്ടാല്‍ കുനിഞ്ഞെടുക്കും. കാല് തട്ടി മാറുന്ന കരിയില വെളിപ്പെടുത്തുന്ന കാപ്പിക്കുരുപരിപ്പുകള്‍.. അതും കുനിഞ്ഞെടുക്കും.

കയ്യാലകള്‍ സ്പര്‍ശനത്തിന് കൊതിയുള്ളവരാണ്. മനപൂര്‍വം രണ്ടു കല്ല് ഇളക്കി നിലത്തിട്ടിട്ടുണ്ടാവും. ആ കയ്യാലേല്‍ ചാരി നിന്ന് ഇളകിയ കല്ലുകള്‍ യഥാസ്ഥാനത്ത് ഉറപ്പിച്ച്,മണ്ണിനും മരത്തിനും ഉടയോന്‍റെ വാട അടിക്കാന്‍ അവസരം കൊടുത്ത് തിരികെ വീട്ടിലെത്തുമ്പോഴേക്കും കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന കല്‍പന ദേണ്ടെ ലംഘിച്ച് കിടക്കുന്നു, ഇറച്ചി വെന്തും കിടക്കുന്നു.

പാളത്തൊപ്പിയക്ക് അറ ആറാണ്. ഒരറയില്‍ ഒരിക്കല്‍ ഒരു ഭയങ്കരന്‍ നൂറു രൂപായെ ഞാന്‍ കണ്ടിട്ടുണ്ട്. തടി വിറ്റപ്പോള്‍ കിട്ടിയതാണ്. വേറൊരറയില്‍ ചില റവന്യൂ രേഖകളുണ്ട്. മുറുക്കാനുള്ള വകകള്‍ സൂക്ഷിക്കുന്ന ഇടങ്ങളുണ്ട്. വൈകിട്ട് മൂന്നു മണിക്ക് മൂന്ന് വായിക്കോട്ട വിട്ടിട്ട് ഒരു സാധനം തൊപ്പിക്കകത്തു നിന്ന് എടുക്കും. പിച്ചാത്തിമുനകൊണ്ട് ലേശം തോണ്ടി നാക്കേല്‍ വയ്ക്കും. കറുപ്പാണ്, മൂന്നാമത്തെ കല്‍പനയുടെ മുട്ടന്‍ ലംഘനവുമാണ്.

വൈദ്യരാണ്.പുരക്ക് ചുറ്റും മരുന്ന്ചെടികളുണ്ട്. കണ്ണുവ്യാധികള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ വൈദ്യര്‍ രണ്ടോ മൂന്നോ തവണ മുറ്റത്തെ ചില സ്ഥലങ്ങളില്‍ കുനിഞ്ഞുനിവരുമ്പോള്‍ കൈയില്‍ കിട്ടുന്ന പച്ചിലകള്‍ തേനിലോ മുലപ്പാലിലോ അരച്ച് സേവിച്ചാല്‍ ശമിച്ചൊടുങ്ങും. അതിന്‍റെ വരുമാനം ഈ ലോകത്തിനുള്ളതല്ല. പരലോകത്തേക്കുള്ളതാണ്. കാശു വാങ്ങാറില്ല തന്നെ. രോഗിയുടെ അഭിമാനത്തിന്മേലുള്ള ഈ കളിയിലും എനിക്ക് പേരറിയാത്ത ഒരു കല്പന ലംഘിച്ചിട്ടുണ്ട്.

ദിവസവും രണ്ട് മുറുക്ക്, ഒരുവട്ടം കറുപ്പ് എന്നീ ദിനഉത്സവങ്ങളും, രണ്ടുകിലോ കാളേറച്ചി എന്ന വാരാന്ത്യോത്സവവും, അരുവിത്തുറ എന്ന അരീത്രപ്പള്ളിയില്‍ മേടമാസത്തിലെ പെരുനാളിന് ഈരാറ്റുപേട്ട പാലത്തിലുണ്ടാക്കുന്ന തിക്ക്, തിരക്ക് , വെടിക്കെട്ട് എന്നീ വാര്‍ഷികോത്സവവും കൂടാതെ ഒരുത്സവം കൂടെ എന്‍റെ വല്ല്യപ്പനുണ്ട്.

പള്ളിയിലെ വാര്‍ഷികധ്യാനം നടത്തുന്ന കപ്പൂച്ചിനച്ചന്‍റെ മുമ്പില്‍ പോയിരുന്ന് പൊട്ടിക്കരയും. മുമ്പിലെ മേശമേല്‍ വച്ചിട്ടുള്ള തലയോട്ടി ചൂണ്ടി ആ കിളക്കാരനെ കപ്പൂച്ചിന്‍ ഭയപ്പെടുത്തും. ലംഘിക്കപ്പെട്ട കല്‍പനകളോര്‍ത്ത് നിലവിളിക്കുമ്പോള്‍ കൂടെ തീര്‍ച്ചയായും കുറെ കയ്യാലകള്‍ , നടുനിലകൃഷികള്‍, കൂമ്പിലകള്‍, കാപ്പികള്‍, കവുങ്ങുകള്‍ ഒക്കെ കരഞ്ഞിട്ടുണ്ടാവണം.

പിന്നെ വന്ന് ഇറയത്തെ ചാരുകസേരയില്‍  അകത്തെ ചൂടിനെ പാളവിശറിയാല്‍ സമാശ്വസിപ്പിച്ച്  നീണ്ടുനിവര്‍ന്ന് കിടന്ന് ..........

ഇപ്പോള്‍ കിടപ്പ് മണ്ണിനടിയിലാണ്. അതങ്ങനെയാണ് വേണ്ടത്. അടിത്തറകള്‍ മണ്ണിനടിയില്‍ ഉറച്ചങ്ങ് കിടക്കട്ടെ.

Friday, 22 November 2013

ഡാക് ഖര്‍... അന്തര്‍ ആനാ മനാ ഹേ..

ബസുകള്‍ കുറവായ ഇടുക്കി ഹൈറേഞ്ചിലേക്ക് സ്ഥിരമായി യാത്ര ചെയ്യാറുണ്ട് ഇപ്പോള്‍. സുരക്ഷിതമായ ഒരു സൈഡ്സീറ്റും, ചെവിയിലേക്ക് നീളുന്ന കറുത്ത വള്ളിയും ഡെഡ്ബോഡി ഇരിപ്പും എന്നും അങ്ങനെ തരപ്പെടുന്നില്ല.

  അങ്ങനെ തരമാകാത്ത ചില രാവിലെകളില്‍ തൊടുപുഴ പോസ്റ്റല്‍ സോര്‍ട്ടിംഗ് ആഫീസിനു പിറക് വശത്ത് ചെന്ന് പതുങ്ങിനില്ക്കും. മെയില്‍ജീപ്പുകളിലാണ് ഹൈറേഞ്ചിലെ കടുക്കാസിറ്റി, ആത്മാവ് സിറ്റി, ബാലന്‍പിള്ളസിറ്റി തുടങ്ങിയ മുട്ടന്‍സിറ്റികളിലേക്ക് കത്തുചാക്കുകള്‍ യാത്രചെയ്യുന്നത്.

  ഈ വി.ഐ.പി യാത്രക്കാര്‍ കയറിയതിനുശേഷമുള്ള ഇടങ്ങളില്‍ ഡ്രൈവര്‍ക്കിഷ്ടമുള്ള കുറെ പേരെ കയറ്റും. കയറിയാല്‍, പിറകില്‍ തേങ്ങാക്കൊല്ലി പോലെ കയര്‍ കെട്ടിതിരിച്ച സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള കത്തുചാക്കുകളെ കാണുകയോ തൊട്ടുനോക്കുകയോ ചെയ്യാന്‍ ഇടക്ക് സാധിക്കും. 

  സാദാകത്തുകളുടെ ചാക്കിന് ചാക്കിന്‍റെ നിറം തന്നെയാണ്. കഴുത്തില്‍ കെട്ട്, കെട്ടിന് ചുറ്റും മെഴുക്സീല്‍, അതില്‍ ചേര്‍ത്ത അഡ്രസ് ടാഗില്‍ എഴുതപ്പെട്ടിരിക്കുന്നു, തങ്കമണി പോസ്റ്റാഫീസ്.... സ്പീട്പോസ്റ്റ് കെട്ടിന്‍റെ ചാക്കിന്  ചാക്കിന്‍റെ നിറമില്ല . കൂടാതെ പോമറേനിയനെപ്പോലെ ചെറുതുമാണ്.



യാത്രയില്‍ കൊതി നിയന്ത്രിക്കാന്‍ പറ്റാതെ പൊറുതിമുട്ടുമ്പോള്‍ തിരിഞ്ഞുനോക്കും. അപ്പോള്‍ ചില അടക്കം പറച്ചിലുകള്‍ കേള്‍ക്കാം. ചാക്കുകളുടെ വര്‍ത്തമാനപിറുക്കലുകളാണ്.  തേന്‍തുള്ളി ഇറ്റ് വീഴുന്ന സ്നേഹറാകലുകളെ ഒളിപ്പിച്ച ഇന്‍ലന്‍റ്, കടലോളം വരുന്ന കണ്ണീരക്ഷരങ്ങളുടെ നീലക്കവര്‍, പുരക്കും ജീവിതത്തിനും ശൂഭനിറങ്ങള്‍ ചാര്‍ത്തുന്ന നിയമന ഉത്തരവുകള്‍, ന്‍റെ കുഞ്ഞിപ്പെങ്ങളേ നിനക്ക് ഫീസ് കൊടുക്കാനും അമ്മക്ക് മരുന്ന് വാങ്ങാനുമായ് അരവിന്ദ് അയക്കുന്നത് എന്ന കുറിപ്പ് വീണ മണിയാര്‍ഡര്‍ എന്ന ദീര്‍ഘചതുരം... എല്ലാം കാറ്റും തണുപ്പും കയറാതെ പൊതിഞ്ഞ് ഹൈറേഞ്ചിലെത്തിച്ചിരുന്ന ഏതോ ഒരു കാലത്തെക്കുറിച്ചുള്ള വീമ്പുപറച്ചിലുകളാണ്.

  സുവിശേഷമാസികകള്‍, യൂണിയന്‍കൈമുട്ടിന്‍റെ ചിത്രം ഇടിച്ചുകേറ്റിയിരിക്കുന്ന സര്‍വീസ് മാസികകള്‍,ജപ്തിക്കും ആത്മഹത്യക്കുമുള്ള നോട്ടീസുകള്‍ എന്നിവയിലേക്ക് നോക്കി മൌനത്തിലായിപ്പോകുന്ന നീണ്ട മണിക്കൂറുകളാണ് ഇപ്പഴിപ്പോള്‍ കൂടുതല്‍.